കൊല്ലമങ്ങറുപതാണ്ടു-
മുന്നമേറെ ചിന്തിക്കുമ്പോൾ
കാഞ്ഞങ്ങാട്ടങ്ങാടിയിത്ര
വളർന്നിട്ടില്ല.
കാഞ്ഞനു1, മല്ലോഹലനും2
കാഞ്ഞിരവും വാണനാട്
കാഞ്ഞിരോട്, കാഞ്ഞങ്ങാട്
എന്നായി പോലും!
കാലമേറെക്കഴിഞ്ഞപ്പോൾ
ഇക്കേരിയൻ നായ്ക്കനാര്
കാഞ്ഞൻനാടിനെയടരിൽ
ജയം ചെയ്ത നാൾ.
ഹൊസദുർഗ്ഗമെന്ന പേരിൽ
മണ്ണിൻ കോട്ട പണിതപ്പോൾ
ചേരിക്കാരായ്3 വന്നണഞ്ഞ
ജനങ്ങളേറെ.
ജനത്തിന്നു ഗുണമേകാൻ
പുതിയോട്ട ചന്തയെന്ന്
പേരുചൊല്ലും വിശേഷത്താൽ
ചന്തയും വന്നു.
നാനാജാതി ജനങ്ങളും
നാലുനാട്ടിൽനിന്നുമേറെ
വിഭവങ്ങൾ ചുമലേറ്റി
ചന്തയിലെത്തും.
വെള്ളരിക്ക, കത്തിരിക്ക
കിളിവാലൻ വെറ്റിലയും
പഴുക്കയും പുകയില-
ച്ചുണ്ണാമ്പു നൂറും.
ചക്ക, മാങ്ങ, തേങ്ങാക്കുല
പച്ചക്കായ,യൊണ്ടാൻപുളി
ചൂടിക്കയർ, കൊരമ്പക-
ളുണക്കമീനും.
അപ്പച്ചട്ടി, മൺകലങ്ങൾ
വട്ടി, കുട്ട, മുറം, കൊമ്മ4
വള, കാങ്കി5, ചിറ്റാടകൾ
ചിരിച്ചുനിൽക്കും
ഉപ്പുതൊട്ടു കർപ്പൂരംവ-
രേയുമുള്ള സാധനങ്ങൾ
ഒപ്പത്തിലുരുമ്മി നിന്ന്
സൊറ പൊട്ടിക്കും.
കാലമേറെ പുതിയതായ്
ശീലങ്ങളും പിടിയറ്റു
കാഞ്ഞിരോട്ടെച്ചന്തയിന്നു
വിസ്മൃതമായി.
ഗതകാലക്കുളിരോട്ടം
കഥചൊല്ലും പുതിയോട്ട-
പ്പെരുഞ്ചന്തപ്പലവഴി
ശിഥിലമായി.
അംബരചുംബികളായി
ബഹുനിലക്കെട്ടിടങ്ങൾ
നാളുതോറും നഗരത്തിൽ
പൊലിച്ചുപൊന്തി!
പരിഷ്‌കാരിപ്പെരുമ്പണം
കുടിച്ചൊരാപ്പെരുഞ്ചെനം
ഇരവും പകലുമില്ലാ-
സജീവമായി!
മുറിക്കുന്നൂപ്പെരുംമര
മുത്തശ്ശന്മാരിടിവെട്ടി-
പ്പതിക്കുന്നു; പാതയോരം
വെടിപ്പാക്കുന്നു!
നശിച്ചല്ലോ നാട്ടുപാത
കാളവണ്ടിക്കുതിരകൾ
നിരത്തിന്മേൽ കാറും
ബസ്സും കുതിരകേറി!
വിയർക്കുന്നൂ സായന്തനം
കട്ടച്ചൂടാം പച്ചച്ചൂടിൽ
പടരുന്നു മൂക്കിൽ കോഴി
കരിഞ്ഞ ഗന്ധം.
1,2. ഇടപ്രഭുക്കന്മാർ
3. ഇക്കേരി രാജാക്കന്മാർക്കൊപ്പം വന്ന ഭൃത്യജനങ്ങൾ
4. നെല്ല് സൂക്ഷിച്ചുവെയ്ക്കുന്ന മുറം
5. തീയ്യ സ്ത്രീകൾ ഉടുത്തിരുന്ന കറുത്ത പുടവ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ