ഇലകൾക്കൊക്കെ തണുത്തു;
വേരുകൾക്ക്
ചൂടുസഹിക്കാൻ വയ്യ-
ചൂടോ തണുപ്പോ:
അന്നുണ്ടായ കലഹത്തിലാണ്
ചില്ലകൾ
ഇലകളൊക്കെ കൊഴിച്ചത് -
“മിണ്ടാതിരിക്കൂ” “മിണ്ടാതിരിക്കൂ”
എന്ന് രണ്ടു കൂട്ടരോടും
കാറ്റ്;
വീശിവീശിത്തണുപ്പിക്കാനും
ഊതിച്ചൂടാക്കാനും കാറ്റ്-
വഴിവക്കത്ത് വെച്ചിങ്ങനെ
വഴക്കുകൂടാൻ നാണമാവില്ലേ
എന്ന് ചോദിച്ച്
കിളിക്കൂട്ടം
ഒന്നാകെ പറന്നു:
ഇത്തിരിനേരം വട്ടംചുറ്റി നിന്ന
കാറ്റും ആ ചുഴിയിൽ കൂടെപ്പോയി-
ശരിക്കും
തണുപ്പാണോ ചൂടാണോ:
മരം ആലോചിച്ചു,
ഉടലിൽ
തണുപ്പും ചൂടും മാറിമാറി വരുന്നു;
ഉയിരിൽ ചൂടും തണുപ്പും
മാറിമാറി വരുന്നു:
കൊമ്പായ കൊമ്പൊക്കെ,
വേരായ വേരൊക്കെ
മൂർച്ചയെടുത്തു
നില്‍ക്കുകയാണ്:
ഒരു തീരുമാനം പറയണം,
ഇല്ലെങ്കിൽ
ഇപ്പോൾ ഞരമ്പ് മുറിക്കും-
മരമപ്പോൾ
എന്താണ് ചെയ്യുക;
ഓരോ മുറിവിലും
ഇലമുളപ്പിക്കുകയല്ലാതെ!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ