ജൂൺമഴ മാറി വെയിൽ വരുംനാളൊരു
പൂമരം കാണുവാൻ പോണം
ആഞ്ഞിലിച്ചക്ക പഴുത്തുവീഴാറുള്ള
കാനനപാതയിലൂടെ
ആനത്താരയ്ക്കും
കരടിഗ്രാമത്തിനും
ഊളൻപറമ്പിനും ദൂരെ
മാനുകൾ പ്രേമസീൻ
ഷൂട്ടുചെയ്യാറുള്ള
പാലമരങ്ങളും കണ്ട്
നാലാം വളവിലെ വള്ളിക്കുടിലിലെ
ഗായകന്മാരെയും കേട്ട്
നേരമിരുട്ടി നിലാവുദിക്കും വരെ
തോരാക്കിനാവുണ്ടിരുന്ന്
അമ്പിളിത്തേറ്റ
തെളിയുന്ന കുന്നിന്റെ
തെക്കുകിഴക്കേ
മടക്കിൽ
പൂമരം കാണാതിരിക്കുമോ
കാണുന്നതാമരം
തന്നെയല്ലെങ്കിൽ
ഞാനെങ്ങനീ വന
സഞ്ചാരകാവ്യത്തിൽ
പൂർണ്ണവിരാമം തൊടീക്കും?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ