ഡ്രാഗൺ ഫ്രൂട്ടി-
ന്നുൾച്ചുവപ്പിൽ
ബാനർജിപ്പാട്ട്
ചീട്ടെടുക്കും തത്തച്ചുണ്ടിൽ
ബാനർജിപ്പാട്ട്
അമ്മതുപ്പും
വെറ്റേമ്മാനിൽ ബാനർജിപ്പാട്ട്
ചെങ്കരിക്കിൽ
കോവൽപ്പൂവിൽ
ബാനർജിപ്പാട്ട്
താക തെയ്തക താക തെയ്തകതാക തെയ്തക തോം
പാൽമുലയിൽ
പച്ചതേച്ച
പപ്പായച്ചോട്ടിൽ
കാക്ക കൊത്തി-
ക്കൊണ്ടുവന്ന
തെച്ചിക്കമ്മലിൽ
കാട്ടുമൈന
കാവൽനിൽക്കും
മഞ്ചാടിക്കൊമ്പിൽ
ടോർച്ചടിക്കും വെട്ടമായി
ബാനർജിപ്പാട്ട്
കായലിൽ വീശുകാർ വള്ള-
പ്പടിയിൽ കൊട്ടും
ആദിമതാളത്തിലെത്തും
പെരുമീൻപോലെ
ഈർച്ചവാളിൻ
മൂർച്ചയുള്ള
വാക്കുതുള്ളിച്ച്
കാറ്റിനൊപ്പം
കത്തിരാകും
ബാനർജിപ്പാട്ട്
വാഴത്തോട്ടം
കണ്ടുകണ്ട്
ഞാൻ നടക്കുമ്പോൾ
താഴെയായ്
കാന്താരിപോലെ
താരകപ്പെണ്ണ്
കല്ലമാല മുറിച്ചിട്ട
പുല്‍പ്പരപ്പിന്മേൽ
വില്ലുവണ്ടി-
യേറിവന്ന
റൗക്കവെണ്മകൾ
നീലവാനിൽ വെള്ളിമേഘം
ചിന്തയും ചിരിയും
കൂട്ടി, കാർട്ടൂൺ
വരയ്ക്കുന്ന
മാർച്ചിൽ ഉച്ചയ്ക്ക്
പൂത്തുനിൽക്കും
കവുങ്ങിന്റെ
ഇത്തിരിച്ചോട്ടിൽ
ചാറ്റുപോലെ
ചലിക്കുന്നു
ബാനർജിപ്പാട്ട്
പാട്ടിലെല്ലാം
പച്ചമാംസം
മണക്കുന്നുണ്ട്
വേർപ്പു ചിന്തി-
പ്പോയകാലം
തകർക്കുന്നുണ്ട്
ചെണ്ടയിൽ
സഞ്ചാരമാർഗം
പൊലിക്കുന്നുണ്ട്
തൊണ്ടയിൽ
തീയുണ്ട് തേനുണ്ട്
ആർദ്രതയുണ്ട്
കണ്ടുനിൽക്കും
കാഞ്ഞിരത്തിൻ
ചില്ലകൾ തോറും
മിണ്ടിമിണ്ടിയിരിക്കുന്ന
പ്രാക്കളെ നോക്കി
മുന്തിരിപ്പന്ത കെട്ടുന്നു
ബാനർജിക്കൂട്ട്
ചിന്തയിൽ
കൂടൊരുക്കുന്നു
ബാനർജിപ്പാട്ട്
കണ്ണുരണ്ടും
അടയ്ക്കുമ്പോൾ
കുന്നിറങ്ങുന്നു
മഞ്ഞുറഞ്ഞ്
നെഞ്ചുടഞ്ഞ്
നന്തുണിപ്പാട്ട്
കണ്ണടച്ച് കാതടച്ച്
കണ്മണിപ്പാട്ട്
വക്കുടച്ച് ദിക്കിടിച്ച്
ബോബ്മാർലിപ്പാട്ട്
താക തെയ്തക താക തെയ്തക തെയ്തക തോം
താരകപെണ്ണാളേ, വില്ലുവണ്ടി തുടങ്ങിയ ഗ്രാമീണ ഗാനകവിതകൾ പാടിയ,
കൊവിഡ് കാലം അപഹരിച്ച പി.എസ്. ബാനർജിയെ ഓർമ്മിച്ചെഴുതിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക