ഒരു പൂവിനുള്ളിലൂടെ
നടക്കുംപോലെ
ഞാൻ നിന്റെ പ്രേമത്തിലൂടെ നടന്നു
പ്രേമമുണ്ടെങ്കിൽ
ഞാൻ തീയിലൂടെപോലും
ദൃഢമായി നടക്കുമായിരുന്നു
പ്രേമത്തിലായിരുന്നപ്പോൾ
ഞാൻ ദൈവത്തെപോലെയായിരുന്നു
കത്തുന്ന മലകൾ
എന്നേ കണ്ട നിമിഷം
നിർന്നിമേഷരായി നോക്കി നിന്നു...
ഒറ്റ നിമിഷത്തിൽ
വാനം അതിന്റെ ഉച്ചിയിലേക്ക്
മഴ കോരിയൊഴിക്കുകയും
അതിന്റെ താഴ്‌വരകളെ
പൂകൊണ്ട് മൂടുകയും ചെയ്തു
മുടന്തൻ പൂച്ച
എന്റെ പ്രേമവിരൽ തൊട്ടപ്പോൾ
കോരിത്തരിപ്പോടെ
അതിന്റെ വളഞ്ഞ
കാലുകൾ നീർത്തി
എന്റെ വിരലിൽ
നന്ദിയോടെ ചുംബിച്ച്
ഓടിപ്പോയി...
പ്രേമത്തിലായതിൽപ്പിന്നെ
വെട്ടിത്തിളയ്ക്കുന്ന
ചൂടിൽ റെയിൽവേ
ക്രോസ്സിനരികിലെ
നിലത്തിരുന്നു മുലയൂട്ടി-
ക്കൊണ്ടിരുന്ന പെൺകുട്ടി
വിയർത്തു കുളിക്കുകയും
അവളുടെ പൈതൽ
കരഞ്ഞുപിടയുകയും
ചെയ്ത നേരത്ത്...
ഞാൻ മുകിലിന്റെ
വോളിയം ബട്ടണിൽ
പിടിച്ചു തിരിച്ച്
സൂര്യന്റെ ചൂട് കുറച്ചുവെച്ചു...
ഉണങ്ങിക്കരിഞ്ഞുനിന്ന
ഒരു മരം
പെട്ടെന്ന് പച്ചയുടുത്ത്
തളിർത്ത ഇലകളുടെ
കുമ്പിൾ നിറയെ തണൽ നിറച്ച്
അവൾക്കു കുട ചൂടിക്കൊടുത്തു
അതുകൊണ്ടാണ്
ഞാൻ പറയുന്നത്
പ്രണയംകൊണ്ട്
ദൈവപ്പെട്ട മനുഷ്യരെ
ഭൂമി കാത്തിരിക്കുന്നുണ്ട്
അവർ തൊടുമ്പോഴാണ്
വേരുകളുടെ ഉഷ്ണം ശമിക്കുന്നത്...
നിന്നു കത്തുന്ന മലകൾ
ശാന്തരാവുന്നത്...
സമുദ്രം കരകളെ
മൂടാതെ തിരയടക്കി
നിശ്ശബ്ദമായിരിക്കുന്നത്
ഭൂമിയുടെ മുറിവുണങ്ങുന്നത്
പ്രേമമുണ്ടായിരിക്കയാലാണ്
ഭൂമിയിൽ വസന്തമുണ്ടാകുന്നത്
പ്രേമത്തിലൂടെ
നടക്കുമ്പോൾ
നമ്മൾ മരിക്കുന്നില്ല
പ്രേമി അസ്തമിച്ചാലും
പ്രേമം നടന്നുകൊണ്ടേയിരിക്കും
അത് പ്രാണന്റെ
വിളക്ക് കെട്ടുപോയാലും
കെടാത്ത വെളിച്ചവും
ഭൂമിയിലേയും
ആകാശത്തിലേയും
വഴികൾ ഒടുങ്ങിയാലും
അവസാനിക്കാത്ത
പാതയുമാകുന്നു
അതുകൊണ്ട് മാത്രമാണ്
ആയിരം തവണ
മരിച്ചിട്ടും
പൂവിലൂടെ
നടക്കുംപോലെ
ഞാൻ നിന്റെ പ്രേമത്തിലൂടെ
നടന്നുകൊണ്ടേയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക