നിറലോറിയുമായ്
നഗരപ്രാന്തങ്ങളിൽ
അലയുകയാണ്
രാവിലെ മുതൽ.
വഴി തിരിച്ചുവിടുന്നു
ഒരു പൊലീസുകാരൻ,
എത്തേണ്ടതിന്
തൊട്ടുമുന്നിൽ വെച്ച്.
പല വഴികളിൽ കറങ്ങി
എത്താറാകുമ്പോൾ
വീണ്ടും,
വേറൊരു വഴിയേ...
എത്തിച്ചേർന്നപ്പോൾ
നട്ടുച്ചയായി.
ഏതെങ്കിലും മന്ത്രി വന്നിട്ടൊന്നുമാവില്ല,
ഇവിടൊരു
അദൃശ്യനായ
വികൃതിക്കുട്ടിയുണ്ടാവും.
അവൻ
നഗര മദ്ധ്യത്തിൽ
ചമ്രം പടഞ്ഞിരുന്ന്
വണ്ടികളിക്കുന്നതാവും.
കയ്യിൽ കിട്ടിയ
കളിപ്പാട്ടങ്ങളുടെ
തലയ്ക്കുപിടിച്ച്
കയ്യെത്തുന്നിടത്തോളം
പലവഴിയോടിച്ച്,
തുടയരികിൽ പാർക്ക് ചെയ്തത്...
വീണ്ടുമോടിച്ച്...
അമ്മ ഉണ്ണാൻ വിളിച്ചപ്പോൾ
എണീറ്റുപോയിക്കാണും.
ചുമട്ടുതൊഴിലാളികൾ
ലോഡിറക്കുന്നതും നോക്കി
ഞാൻ വിശ്രമിക്കുന്നു...
ഒരു താരാട്ടീണത്തിൽ
ചെറുകാറ്റ് വീശുന്നുണ്ട്.
ഉച്ചയുറക്കമുണർന്ന്
ആ ചെറുക്കൻ വന്ന്
കളി തുടരും മുൻപ്
എനിക്കീ നഗരം വിടണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക