ഇന്ദിരാ അശോക് എഴുതിയ കവിത ‘പ്രച്ഛന്ന’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ഇന്ദിരാ അശോക് എഴുതിയ കവിത ‘പ്രച്ഛന്ന’

റിയാവഴി പുതുവഴി തേടും

അണിലാളിത്യത്തിനുടുപ്പിൽ

ഇഴയിഴയായ് തുന്നിച്ചേർക്കും

കരവിരുതാൽ വർത്തുളനഗരം.

പടികെട്ടിയ പാതാളക്കിണർ,

ദിശതെറ്റി വശംകെട്ടലയും,

പദമായിരം, ആൾക്കൂട്ടം, തീ

നിറമാർന്ന പരുക്കൻ നൂലിൽ.

മിഴിപാടകൾ, പീളയടിഞ്ഞും

തെളി മാഞ്ഞു നുരഞ്ഞ തടാകം.

ഇളനീലക്കല്ല് പതിക്കും

മുടിചൂടിയ ചൂഡാമണിയും.

കറ പുരളും കൂറത്തുണിയവൾ

പകൽ മങ്ങെയുടുത്തു കുടഞ്ഞു

ഒളിമറയിൽ ഞൊറികളൊതുക്കീ

വരവേറ്റു സഭാതലമപ്പോൾ.

വളയും പുരികക്കൊടിയാജ്ഞാ-

ധ്വനി മിന്നിയ മിന്നായത്തെ

കുറുകോന്തല കൊണ്ടു മറച്ചുട -

നൊരു യവനിക മുഖമറ തീർത്തു.

പൊഴിയും പൂ പോലെ, കാറ്റിൻ

മൃദുദോളനമറിയുമ്പോലെ

ചെറുശലഭം മടിയിൽ വീണൊരു

ദലമായ് ചേർന്നുരുമുന്നവളെ

പണ്ടേ താനറിയുന്നിവളെ

ചുണ്ടൂറിയ തേനുമ്മകളാൽ

ഉടലിൻ പൂമ്പൊടിയാൽ, നാളിക

പരതീ ചിരപരിചിതയിവളെ.

പ്രച്ഛന്നമഴിക്കരുതെന്നാ

സ്പർശിനിയിൽ തൊട്ടുതലോടെ

അറിയുന്നു പതംഗവിശേഷം

ചെറുകാടുകൾ ചുറ്റിയ കഥകൾ

വിറയാർന്നിരു ചിറകുകൾ ചേർത്തൂ

വിരൽ കൂമ്പി നമിച്ചതുപോലെ

തല മൂവുരു ചുറ്റി പ്രദക്ഷിണ-

വഴിയേ ജനലഴികൾ കടന്നൂ

ചെറുപൂവുകൾ ചിതറുംപോലെ

കുടയും ജലചായം പോലെ

ഒരുമിച്ചവ ചിറകുകൾ നീർത്തീ

നിറമേഴിൻ യാത്രാമൊഴികൾ

വെളിവായോ നിറുകയിലണിയും

ഇളനീല തിളങ്ങിയ രത്നം

മുടി നീർത്തി മറച്ചവളപ്പോൾ

പതറുന്ന,റിവായോ നിജമെ-

ന്നുഴറീയൊളിയിടവും പരതി.

കണ്ടില്ലവൾ പൂത്തവയൊന്നും

തണ്ടൂറി നിറഞ്ഞ് കവിഞ്ഞോ

ഗന്ധങ്ങൾ പൂത്ത് മറിഞ്ഞോ

മല്ലിപ്പൂപോലെ മണത്തോ

ആളൊഴിയുന്നാഗാരത്തിൽ

ആരൂഢം തെരുവായ് തീരെ

അവളെപ്പോലൊരുവൾ, പണ്ടേ

അറിയുന്നവൾ, അവളാരാവാം

ഇവിടെങ്ങാനിതിലെങ്ങാനവൾ

ഇടവലവും നോക്കാതൊരുവൾ

ഇതൾഭാരംകൊണ്ടു സുഖത്തിൻ

തുലനത്തിൻ ത്രാസ്സു തകർത്തും

മറനീക്കിയ മുഖദീപത്താൽ

ഇതിസാധാരണമെന്നോതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com