വിശാഖ് എസ്. രാജ് എഴുതിയ രണ്ട് കവിതകള്‍

കൊളാറ്ററല്‍ ഡാമേജ്, തല്ലും തലോടലും
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

കൊളാറ്ററല്‍ ഡാമേജ്

ഇത്തവണ 007ന്റെ മിഷന്‍

ഇന്ത്യയിലായിരുന്നു.

അതും എന്റെ നാട്ടില്‍;

മുണ്ടക്കയത്ത്.

ബസ്സ്റ്റാന്റ് മുതല്‍

പൈങ്ങന ജംഗ്ഷന്‍വരെ

എന്തായിരുന്നു ചേസ്!

വില്ലന്റെ (റഷ്യക്കാരന്‍)

കയ്യില്‍ ഒരു റിമോട്ട്.

അതിലൊന്ന് തൊട്ടാല്‍ തീര്‍ന്നു

ബുധനും ശുക്രനും ഭൂമിയും.

വില്ലന്‍ കാറില്‍

പായുകയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ

വളയം പിടിച്ച്

ബോണ്ട് പുറകെ.

ഒരു ഇലക്ട്രിക് പോസ്റ്റ്,

പൂര്‍ണ്ണമായും തകര്‍ന്ന

വഴിയോരക്കച്ചവടങ്ങള്‍,

വികലാംഗരായ ഇരുപതോളം

വണ്ടികളും

അന്‍പതോളം മനുഷ്യരും;

നാട് നടുങ്ങിയ

പത്ത് മിനിറ്റ്.

സ്‌റ്റേറ്റ് ബാങ്കിന് മുന്നില്‍വച്ച്

വില്ലന്‍ പിടിയിലായി.

സൗരയൂഥം കാത്തതിന്

ഞങ്ങള്‍ ബോണ്ടിന്

ആര്‍പ്പു വിളിച്ചു.

ബസ് കയറി ചതഞ്ഞ

ബജ്ജിക്കടക്കാരന്‍ തമിഴന്‍

ബോണ്ടിന്റെ പ്രസിദ്ധമായ

ബി.ജി.എം മൂളിയിട്ടേ ചത്തൊള്ളൂ.

സുന്ദരനായ ചാരനെത്തേടി

അപ്പോഴേക്കും മറ്റൊരു ദൗത്യമെത്തി.

അയാള്‍ നിങ്ങളുടെ നാട്ടിലേക്ക്

പുറപ്പെട്ടു കഴിഞ്ഞു.

തല്ലും തലോടലും

സിനിമ എങ്ങനെയിരുന്നു?

നന്നായെന്നും നിങ്ങളത്

ആസ്വദിച്ചുവെന്നും കരുതട്ടെ.

ഇടവേള നേരത്ത് നിങ്ങള്‍

പോപ്പ്‌കോണ്‍ വാങ്ങിച്ചിരിക്കും.

കൂട്ടുകാര്‍കൂടി പങ്കിട്ടിരിക്കും.

സെല്‍ഫി എടുത്തെന്നുറപ്പ്.

സ്റ്റാറ്റസ് ഇട്ടെന്ന് നൂറുതരം.

പടം കഴിഞ്ഞിറങ്ങിയപ്പോള്‍

ഭോജനശാലയില്‍ കയറി

നാവാവശ്യപ്പെട്ട പ്രകാരം

കഴിച്ചുവെന്നതും നേര്തന്നെ.

വീട്ടില്‍ പോകാന്‍ മടിച്ച്

എവിടേലും വണ്ടിനിര്‍ത്തി

വെടിവട്ടം പറഞ്ഞു

നേരംതള്ളിയെന്നതും ശരിയല്ലേ?

അതേ സമയം

ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക്

നൂറ്റിപ്പത്ത് കി.മീ ദൂരം

യാത്ര ചെയ്യുകയായിരുന്നു ഞാന്‍.

എ സി തണുപ്പോ

മൃദുവായ കസേരകളോ

എനിക്കുണ്ടായില്ല.

കസേരതന്നെ ഉണ്ടായിരുന്നില്ല.

എയ്ഞ്ചല്‍ എന്നുപേരായ ബസില്‍

നരകതുല്യമായ നില്‍പ്പ്.

ബെര്‍ത്തില്‍ ഇടകൊള്ളാഞ്ഞതിനാല്‍

ബാഗ് തോളത്തുനിന്നിറങ്ങിയില്ല.

ഉന്തിയും തള്ളിയും

ഒരുകാലെങ്കിലും കുത്താനുള്ള

സ്വാതന്ത്ര്യം നേടിയെടുത്തു.

ഇടതുവലതു കാലുകള്‍

മാറിമാറി ഭാരം താങ്ങി.

സീറ്റ് ലഭിച്ചവര്‍ എപ്പോള്‍

ഇതിനുള്ളില്‍ കയറിപ്പറ്റിയെന്ന്

കാലുകള്‍ ആശ്ചര്യപ്പെട്ടു.

മുന്നിലിരുന്നവരുടെ ഛര്‍ദ്ദിയെ

ഭയന്ന് അടച്ചിട്ട

ഷട്ടറുകളില്‍തട്ടി

കാറ്റ് മടങ്ങിപ്പോയി.

പുഴുങ്ങാനിട്ട കപ്പക്കഷണങ്ങള്‍പോലെ

ഞങ്ങള്‍ ബസിനുള്ളില്‍

ഇരുന്നും നിന്നും വെന്തു.

ആരും സ്‌റ്റോപ്പുകളില്‍ ഇറങ്ങിയില്ല.

എല്ലായിടത്തുനിന്നും ആള്

കയറുകയും ചെയ്തു.

വണ്ടിയോടിക്കുന്നത് ഹിറ്റ്‌ലറോ

എന്ന് ഞാന്‍ പകച്ചു.

ഒടുവില്‍ മൂന്നുമണിക്കൂറോടി

ഇവിടെ എത്തുമ്പോള്‍

തിയേറ്ററില്‍ നിന്നിറങ്ങിവന്ന തിരക്കില്‍

നിങ്ങളെ കണ്ടു.

പക്ഷപാതിയായ സമയം.

നിങ്ങളെ തലോടുന്നു.

എന്നെയോ, ചാട്ടവാറിനടിക്കുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
പ്രസാദ് രഘുവരന്‍ എഴുതിയ കവിത 'കെണി'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com