ബിന്ദു സജീവ് എഴുതിയ കവിത ‘ശാന്തി’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
 ബിന്ദു സജീവ് എഴുതിയ കവിത ‘ശാന്തി’

രു

മരണവീട്ടിലെ

മഴയ്ക്ക് ഞാന്‍ വെറുതെ ശാന്തി എന്നു പേരിട്ടു

ഉള്‍പ്പതിഞ്ഞ

ശബ്ദത്തില്‍

ശാന്തിയും

ആരുടെയൊക്കെയോ

കരച്ചിലിനൊപ്പം കൂടി

ഇടയ്ക്ക് പെട്ടെന്നൊരലര്‍ച്ചയില്‍

ശാന്തി ചിലരുടെ

കരച്ചിലിന് ശമനം വരുത്തും

എടുക്കാന്‍

രാവിലെ വരെ കാക്കണ്ടേ

എന്നൊരു സംസാരത്തിന്റെ

അവസാന വരി

മുറിച്ചുകൊണ്ട്

പെട്ടെന്ന് മൂലയോട്

പൊട്ടിച്ച് ശാന്തി അടുക്കളയിലേക്ക്

ചൊരിഞ്ഞു

ചോറും ചെമ്പില്‍

നിറഞ്ഞ് ഒരു തുമ്പപ്പൂകാലം

വിരിച്ചിട്ടു

കുടം പുളിയിട്ട് വച്ച

കുഞ്ഞിമീനുകളെ

പുഴയിലേക്ക് ഇറക്കിവിട്ടു

അരിക് പൊട്ടിയ തവകള്‍,

ആരെയോ തേടുന്നപോലെ

അടുക്കളയില്‍ ഒഴുകിനടന്നു

കരിപിടിച്ചൊരു അടുപ്പൂതിയെ ശാന്തി

വെളുപ്പിച്ചെടുത്തു

ഇറയത്തെ മതിലിനോട്

ചേര്‍ന്ന് വിടര്‍ന്നുനിന്ന

ഒരു പൂവിനെ ശാന്തി

ചാഞ്ഞുനിന്ന

ഒരു വാഴയിലകൊണ്ട് മറച്ചു

കുത്തിവരഞ്ഞ കലണ്ടറില്‍ ഇടയ്ക്ക്

തെളിഞ്ഞ കടക്കണക്കുകളുടെ

നിറം കെടുത്തി

ഉടുക്കാനാവാതെ മടക്കിവെച്ചൊരു

കോടിത്തുണി നനച്ച്

നശിച്ചൊരു മഴ

എന്ന പതംപറച്ചിലുകളെ

കാറ്റ്‌കൊണ്ട് ആഞ്ഞടിച്ചു

അനാഥയായ ഒരു പൂച്ചയെ മാത്രം

നനയ്ക്കാതെ ശാന്തി

മരണവീട്ടില്‍ നിന്നിറങ്ങി

ചിതയ്ക്ക് വഴിയൊരുക്കി.

 ബിന്ദു സജീവ് എഴുതിയ കവിത ‘ശാന്തി’
രോഷ്നി സ്വപ്ന എഴുതിയ കവിത 'ഗാന്ധിയുടെ പൂച്ച'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com