രോഷ്നി സ്വപ്ന എഴുതിയ കവിത 'ഗാന്ധിയുടെ പൂച്ച'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
രോഷ്നി സ്വപ്ന എഴുതിയ കവിത 'ഗാന്ധിയുടെ പൂച്ച'

ഗാന്ധിയുടെ പൂച്ച

1

ആ വലിയ ആള്‍ക്കൂട്ടം നിങ്ങള്‍ക്കോര്‍മ്മയുണ്ടോ?

മെലിഞ്ഞ ആ ശവമഞ്ചം?

അതുവരെ ഇല്ലാതിരുന്ന

നിശ്ശബ്ദത?

അഹിംസയോ

സത്യാഗ്രഹമോ ദണ്ഡിയാത്രയോ

ഉപവാസമോ

ആയിരുന്നില്ല എന്റെ പ്രശ്‌നം

'അതൊരു പൂച്ചയല്ലേ അതിനെന്തു മനസ്സിലാവാന്‍!'

എന്ന നിങ്ങളുടെ അജ്ഞതയായിരുന്നു.

ഗാന്ധി എന്നെ

ദത്തെടുത്ത നിമിഷം മുതല്‍ മേല്‍പ്പറഞ്ഞ

ജീവിതരീതികള്‍ മുഴുവന്‍

ഞാന്‍ പാലിച്ച് തുടങ്ങിയതാണ്

സബര്‍മതിയില്‍ അദൃശ്യമായ നാല് നദികള്‍ ഉണ്ടായിരുന്നു.

ഒന്ന് ഗാന്ധിക്ക്

ഒന്ന് കസ്തൂര്‍ബായ്ക്ക്

മൂന്നാമത്തേത് ശിഷ്യന്മാര്‍ക്ക്

നാലാമത്തേത് ആര്‍ക്കോ!

വേണമെങ്കില്‍ എനിക്ക്

എന്നു പറയാം

ഞാന്‍ മീന്‍ തിന്നുന്നതില്‍ ഗാന്ധിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല

രോഷ്നി സ്വപ്ന എഴുതിയ കവിത 'ഗാന്ധിയുടെ പൂച്ച'
വി.ആര്‍. രാമകൃഷ്ണന്‍ എഴുതിയ കവിത 'വില'

പക്ഷേ,

ചില നേരങ്ങളില്‍

അയാളുടെ

അകാരണമായ മൗനം, അപ്രതീക്ഷിത നിശ്ശബ്ദത, നിശ്ചലത,

വേഗക്കുറവ്...

എന്നെ അലോസരപ്പെടുത്തി.

ഞാനത് ക്ഷമിച്ചു

വാലിന്റെയറ്റം താഴ്ത്തി നടക്കാന്‍ പറഞ്ഞത് മാത്രം അനുസരിക്കാനായില്ല

ഒരു

പൂച്ചയായിത്തന്നെ ജീവിക്കണമെന്ന ആഗ്രഹം

ഞാനുപേക്ഷിച്ചത്

അന്നാണ്

മ്യാവു എന്നുതന്നെയായിരുന്നു എന്റെ പേര്

'ഗാന്ധിയുടെ പൂച്ച'

എന്നറിയപ്പെട്ട അന്നുമുതല്‍ ഞാന്‍

''ഹേ റാം''

എന്നു കരഞ്ഞുതുടങ്ങി.

ബുദ്ധസന്ന്യാസിമാരെപ്പോലെ പെരുവിരലിലേക്ക് കണ്ണുകള്‍ കൂര്‍പ്പിച്ചു ഞാന്‍

നടന്നു.

എപ്പോഴും എന്റെ മനസ്സ് എലികള്‍ക്കൊപ്പമാണ്

എന്ന് 'അഭിനയം'പഠിച്ചു

എന്നിട്ടെന്തായി!

ഗാന്ധി ഉപ്പുസത്യാഗ്രഹത്തിനു പോയ തക്കം നോക്കി

ഞാന്‍ ഉറക്കെ കരഞ്ഞു.

മ്യാവു എന്നതിനു പകരം കുറുക്കന്റെ ഓരി പുറത്തുചാടി

ആശ്രമത്തിലെ എല്ലാ എലികളേയും

വിശപ്പില്ലാഞ്ഞിട്ടു കൂടി

ഞാന്‍ കൊന്നുതള്ളി

കുറ്റബോധം കൊണ്ടായിരുന്നോ എന്നറിയില്ല

എനിക്കത് ഗാന്ധിയോട് പറയണമെന്നുണ്ടായിരുന്നു

'ഒരു മൃഗവും വിശപ്പിനു വേണ്ടിയല്ലാതെ മറ്റൊരു മൃഗത്തെ കൊല്ലില്ല എന്ന്'

'എന്നിട്ടെന്തേ

എന്നെ വെടിവെച്ചവന് വിശപ്പുണ്ടായിട്ടാ?'

മരണശേഷം

ഇങ്ങനെ ഒരു ചോദ്യം

ഗാന്ധി എന്നോട് ചോദിച്ചു

അതൊരു വല്ലാത്ത ചോദ്യമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2

ജയ് ശ്രീറാം എന്നു കരയുന്ന ഒരു പൂച്ചയെ നിങ്ങള്‍

എത്രകാലം സഹിക്കും?

ഭാവിയുടെ ഭാവനയില്‍

ഞാന്‍ ഉണ്ടായിരിക്കില്ല

എന്നെനിക്കന്നേ അറിയാമായിരുന്നു.

അതുകൊണ്ടാണ്

ഗാന്ധിയുടെ അത്താഴത്തില്‍ ഞാന്‍

ഉണക്കമത്സ്യത്തെ ഒളിച്ചുകടത്തിയത്.

പിന്നെ എനിക്ക് ഉറക്കം കിട്ടിയിട്ടില്ല

ക്ഷേത്രമണികള്‍ കൂട്ടത്തോടെ എന്റെ തലച്ചോറില്‍ മുഴങ്ങാന്‍ തുടങ്ങി.

പെരുച്ചാഴികള്‍ എനിക്ക് ചുറ്റും

കോമാളികളെപ്പോലെ ഒച്ചവെച്ചു.

അപ്പോഴും ഗാന്ധി ഒന്നും പറഞ്ഞില്ല.

നിങ്ങള്‍ ഇപ്പോള്‍ വരയ്ക്കുന്ന ഒറ്റവരയും വളവുമായ

ഗാന്ധിയുണ്ടല്ലോ

അതിനേക്കാള്‍ നന്നായി ഗാന്ധിയെ വരയ്ക്കാന്‍

എനിക്ക് കഴിയും

അക്കാലത്ത്

വസീം എന്ന ഒരു ആണ്‍പൂച്ചയും

ക്രിസ്റ്റി എന്ന ഒരു പ്രാവുമായിരുന്നു എന്റെ ചങ്ങാതിമാര്‍.

ഗാന്ധിയുടെ പേനയുടെ

കറുത്ത ടോപ്പ് കൊത്തിക്കൊണ്ടുപോയത് ക്രിസ്റ്റിയായിരുന്നു.

ദണ്ഡിമാര്‍ച്ച് നടന്നപ്പോള്‍

ഒരു ഊഞ്ഞാല്‍പ്പുറത്തിരുന്ന് ഞാനും വസീമും പ്രണയിക്കുകയായിരുന്നു.

ദണ്ഡിയില്‍നിന്നു ഞാന്‍ തിരിഞ്ഞുനടന്നു എന്നായിരുന്നു

കസ്തൂര്‍ബ ഗാന്ധിയോട് പറഞ്ഞത്.

നുണയായിരുന്നു അത്

(പ്രണയം കിട്ടാതെ വരണ്ട പുഴയായിരുന്നു കസ്തൂര്‍ബാ)

വസീമിനെ അവര്‍ വിറകുകൊള്ളിയെപ്പോലെ ദൂരേക്ക് എറിഞ്ഞു ഓടിച്ചു

രോഷ്നി സ്വപ്ന എഴുതിയ കവിത 'ഗാന്ധിയുടെ പൂച്ച'
രതീഷ് പാണ്ടനാട് എഴുതിയ കവിത 'ഗറ്റപ്പ് & സ്റ്റാന്‍ഡപ്പ്'

ഇന്ത്യാ ചരിത്രത്തില്‍

ഓരോ പൊട്ടിത്തെറി നടക്കുമ്പോഴും

എന്റെ വാലില്‍നിന്ന്

ഓരോ രോമം വീതം കാണാതായി.

ഞാനതറിഞ്ഞില്ല.

എന്റെ ഏകാന്തത

കസ്തൂര്‍ബയ്ക്ക്

ഏറെ ഇഷ്ടമായിരുന്നു.

''നോക്ക്

ഞാനും നീയും ഒരുപോലെ...''

എന്റെ ചെവിയില്‍ തലോടിക്കൊണ്ട് അവര്‍ പറഞ്ഞു.

ആ നിമിഷം എനിക്കു പറയാന്‍ തോന്നി

ആള്‍ക്കൂട്ടത്തിലൂടെ

നുഴഞ്ഞു ചെന്ന്

ഗാന്ധിയെ

വെടിവെച്ചത് ഞാനാണ്

എന്ന്...

സത്യമല്ലാത്തൊരു നുണയെ കുമിളയാക്കി

കസ്തൂര്‍ബായുടെ ശ്വാസത്തിലേക്ക്

ചേര്‍ത്ത് പൊട്ടിക്കണമെന്ന്

പക്ഷേ, ഞാനത് ചെയ്തില്ല.

ആ വിലാപയാത്രയുടെ അറ്റത്ത്

ഒരു ചെറിയ ശവമഞ്ചത്തില്‍ ഗാന്ധി

എന്നെയും കൂടെ കൂട്ടിയിരുന്നു

മുഖത്തേക്ക് കുത്തനെ പതിക്കുന്ന ഉച്ചവെയിലില്‍

എന്റെ നാവില്‍നിന്ന്

വെടിപ്പുക ചിതറി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com