രാഖി റാസ് എഴുതിയ കവിത ‘മുല്ല’

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
രാഖി റാസ് എഴുതിയ കവിത ‘മുല്ല’
Published on
Updated on

ഒഴുകീമൂർദ്ധാവിൽ

ഉള്ളി മൂത്തതിൻ ഗന്ധം

വലിച്ചു ജടയാട

വിടർത്തിയമ്മ കൈകൾ

നിർത്തുകെന്നുച്ചം

കയർത്തുകൊണ്ടേ പ്രാണൻ

വലിഞ്ഞമുടിപൊട്ടി-

പ്പറിഞ്ഞു കടന്നുപോയ്.

കനത്തു കണ്ണീരു

കനലായ് കണ്ണിൽ, എന്തു

നശിച്ച മുടിയിതു

തഴച്ചു വളരുന്നു.

ഇരുണ്ടു നീണ്ടും തമ്മി-

ലിടഞ്ഞും കനപ്പെട്ട

മുടിച്ചുരുളിനെ

കൊതിപ്പൂ കാമുകർ

കൊതിച്ചവർക്കൊന്നും

കൊടുത്തതില്ലച്ഛൻ

ലഭിച്ചവരൊട്ടു

കൊതിച്ചതുമില്ല.

കുടഞ്ഞുകെട്ടുമ്പോൾ

പുലരിയെത്തുന്നു

മെടഞ്ഞുകെട്ടിയാൽ

തിരിയുന്നുണ്ടുച്ച

ജലമിറ്റുമ്പോൾ സന്ധ്യ

തുമ്പുകെട്ടിട്ടു വീട്ടു-

നടത്തം കഴിഞ്ഞഴി-

ഞ്ഞുലഞ്ഞെന്നാൽ രാത്രി.

ആർക്കുവേണ്ടിയാ

ണാർത്തി പൂണ്ടവ

മുളയ്ക്കുന്നു? ആരെ-

ത്തേടി നീളുന്നു കൈകൾ

വഴക്ക് മൂക്കുമ്പോൾ

വലിച്ചിഴയ്ക്കാനും

വഴങ്ങിനിൽക്കുമ്പോൾ

വലിച്ചുമൂടാനും.

അരിക്കലത്തിൽനിന്നി-

ഴഞ്ഞിറങ്ങാനും

ചെവിക്കല്ലിനുമേൽ

തടിച്ചുനീറാനും

അവൾക്കു വേണ്ടിയ

ല്ലവൾക്ക് വേണ്ടിയ

ല്ലവൾക്ക് വേണ്ടിയ-

ല്ലവ കിളിർക്കുന്നു

അവൾക്കു വേണ്ടിയ-

ല്ലവൾക്ക് വേണ്ടിയ-

ല്ലവൾക്ക് വേണ്ടിയ-

ല്ലവ വളരുന്നു

ഒരുച്ച നേരത്തായ്

അവൾ നിനയ്ക്കുന്നു

എനിക്ക് വേണ്ടതില്ല

വൾക്ക് പൊള്ളുന്നു

അവൾ കൊതകുത്തി-

യഴിക്കുന്നു മുടി

അറുത്തുമാറ്റുന്നു

മുല്ലപൂക്കുന്നൂ മുറ്റത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com