രാവിലെ സുഹൃത്ത്
പടിക്കൽ
കറക്കമായിരുന്നു, വൈകീട്ട്
കാണാം എന്നെല്ലാം പറഞ്ഞു
അവന്മാരാണ് ഇവിടം നോക്കുന്നത്
എന്ന് ഗേറ്റിനു പുറത്ത് താമസമായ
രണ്ടു നായ്ക്കളെക്കുറിച്ചു പറഞ്ഞു
അപ്പോഴായിരിക്കണം
സ്വീകരണമുറിക്കു പിന്നിൽ
ചില്ലുമറക്കപ്പുറം ഒരു സ്ത്രീരൂപം
മഞ്ഞിൽ പടുത്തപോലെ
മഞ്ഞുധൂളികളോ
സോറിയാസിസ് ചെതുമ്പലുകളോ
പാറുന്നു
അത് പുഞ്ചിരിക്കുന്നുണ്ട് എന്നു തോന്നി
വക്കും തുമ്പും പൊട്ടി
പഞ്ഞി പാറും നൂലു തുന്നിക്കെട്ടി
ഇപ്പോൾ അഴിഞ്ഞുവീഴും മട്ട്
ഒരാൾ
പേടി തോന്നി
എന്റെ ആജാനുബാഹു സുഹൃത്തിന്റെ വീട്ടിൽ
ആരാണിത്
അയാളുടെ ഭാര്യയെ കണ്ടിട്ടുണ്ട്
അവരല്ല
അമ്മയായിരിക്കുമോ
അമ്മയെക്കുറിച്ച് അയാൾ പറഞ്ഞിട്ടില്ലല്ലോ
അമ്മയാണോ
ഉം
അയാൾ മൂളി
അത് പുറത്തേക്കു കൈ നീട്ടുന്നു.
ലോകം തൊടാൻ
ആഗ്രഹിക്കുന്നുണ്ടോ അത്
സുഹൃത്തിനോട്
‘ഒക്കെ’ പറഞ്ഞു പിരിഞ്ഞു
കൊതി തോന്നി
അവരുടെ മുന്‍പിൽനിന്നു
പുഞ്ചിരിക്കുവാൻ
രണ്ടു വാക്കു മിണ്ടാൻ
തൊങ്കിക്കളിക്കുവാന്‍
മുളയിലേ നുള്ളി
തീനാമ്പ് അടങ്ങി
ന്യായസംഹിതാവിവേകിയായി
കുളി, പല്ലുതേപ്പ് തുടങ്ങിയ
പ്രക്രിയകൾക്കു വഴങ്ങി
സുന്ദരപൗരനായി
മുന്നോട്ടുന്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക