ഒ.രാജേഷ് എഴുതിയ കവിത ‘കുലുക്കി സര്‍ബത്ത്

ഒ.രാജേഷ് എഴുതിയ കവിത ‘കുലുക്കി സര്‍ബത്ത്
Published on
Updated on

പുഴുങ്ങുന്ന വേനൽ കനൽക്കൈകൾ ക്രൂരം

വലിച്ചാഞ്ഞെറിഞ്ഞോരുടൽ വേവി,ലീർപ്പം

തൊടുമ്പോൾ വരൾച്ചുണ്ടകം നീറ്റി ജീവൻ

കൊളുത്തുന്നു നീയെന്നിലുന്മാദസത്തേ...

തണിഞ്ഞുള്ളിലെത്തും നിമേഷത്തിലാദ്യം

അകത്താഴമൊന്നായ് തുറക്കുന്ന ഘോഷം

പിണർമിന്നലാളും സിരാവ്യൂഹ ദംശം

കരൾക്കാമ്പിലാകെത്തിമർക്കും പ്രഹർഷം

കനൽച്ചൂള വേവും പകൽത്തൊണ്ടയിൽ വീ-

ണരിച്ചാഴ്ന്നിറങ്ങും മുനമ്പാർന്ന കാവ്യം

ചുഴിഞ്ഞാഴ്ന്നിറങ്ങുന്നു കോശങ്ങളെല്ലാം

തരിപ്പാർന്നു പൊട്ടിപ്പടർന്നേറിടുന്നു

കരിഞ്ഞോരു ചങ്കിൻ തളിർച്ചില്ലതോറും

ഉയിർപ്പിൻ ഞെരമ്പോട്ടമായ് ധാതുസാരം

ഇരമ്പിക്കുതിക്കുന്നൊരൂർജ്ജപ്രവാഹം

നിറയ്ക്കുന്നതേ വിശ്വപ്രേമസ്വരൂപം

ജലം കൊണ്ടു നാവന്ന, നാളങ്ങൾ പൊള്ളി

പ്പിളർന്നോ? വെയിൽച്ചാട്ടയുള്ളിൽപ്പിടഞ്ഞോ?

തിളയ്ക്കും മരുക്കാട്ടിലേയ്ക്കാദ്യ വർഷം

കടുംകാരമുള്ളിൻ തലപ്പിൽ വിരിഞ്ഞോ?

വരൾച്ചുണ്ടിലീർപ്പം തൊടുമ്പോൾ വിദൂരം

മരുപ്പച്ചയെല്ലാം ചുഴിഞ്ഞാർത്തിടുന്നോ?

പടപ്പാടമെല്ലാം കടും ഗന്ധകപ്പൂ-

മണം ചൂഴ്ന്ന് കുഞ്ഞിൻ ബലിക്കണ്ണിലാഴ്‌ന്നോ?

ഇനിപ്പിറ്റിടുമ്പോൾ ഗൃഹാർദ്രത്വമേതോ

രസക്കൂട്ടിൽ വർണ്ണങ്ങളേഴായ് പിരിഞ്ഞോ?

അതിൻ ലാസ്യതന്ത്രീലയസ്പന്ദനങ്ങൾ

നുരക്കുത്തുകൾ കൂർന്ന് സ്വാദിൽ പുളഞ്ഞോ?

പിഴിഞ്ഞൂറ്റി വീണ്ടും നിലാനാരകപ്പൂം-

പുളിക്കൊത്തു നന്നാറി, കസ്‌കസ് കലക്കി

അടച്ചാഞ്ഞെറിഞ്ഞു മുകൾപ്പാളി പൊട്ടി-

പ്പിളർന്നു, നഭസൊറ്റ ഗ്ലാസിൽ നിറഞ്ഞു,

അതിൽ താരലാവണ്യമെല്ലാം കിനിഞ്ഞു

മുകിൽത്തുണ്ടുകൾ മഞ്ഞുനീരിൽച്ചുഴിഞ്ഞു

വെറും ഞാനതിൽ സർവ്വസത്തെന്ന ദിവ്യ

പ്രബോധത്തിലൂർന്നൂർന്നടങ്ങിപ്പൊലിഞ്ഞു!

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com