പുരപ്പുറത്തെ മഴ
പായൽച്ചിത്രങ്ങൾ
വരഞ്ഞിട്ടുപോകുന്ന
ചിത്രകാരിയാണ്
പുഴപ്പുറത്തെ മഴ
വന്നാൽ നിൽക്കാതെ
കൈവീശി മറയുന്ന
വിരുന്നുകാരിയാണ്
കടലിലെ മഴ
സ്നേഹം കൂടുമ്പോൾ
ശകാരം ചൊരിയുന്ന
അമ്മപ്പെയ്ത്താണ്
കുടപ്പുറത്തെ മഴ
എവിടെയോ മറന്നുവെച്ച
ഈറനോർമ്മകൾ
തിരികെത്തരുന്നവളാണ്
റോഡിലെ മഴ
കെട്ടിക്കിടന്ന തെറി
തെറിപ്പിച്ചു ചാടിക്കുന്ന
അഴുക്കപ്പെണ്ണാണ്
ഇടവഴിയിലെ മഴ
കാലൊന്ന് വഴുതുമ്പോൾ
കൈനീട്ടിത്തരുന്ന
കനിവുള്ള പെങ്ങളാണ്
രാത്രിയിലെ മഴ
പീഡിപ്പിക്കപ്പെട്ടവളുടെ
അടക്കിയിട്ടുമൊതുങ്ങാത്ത
പൊട്ടിക്കരച്ചിലാണ്
വേനലിലെ മഴ
വേണ്ടാത്ത മണങ്ങളെ
വെറുതേയുണർത്തുന്ന
വേഷംകെട്ടുകാരിയാണ്
തോരാതെ പെയ്യുമവളെ
ശപിക്കും ചിലപ്പോൾ
പെയ്യാതിരുന്നാലവളെ
കൊതിക്കും ചിലപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക