യാർ(1), കൊശസ്തലൈയാർ(2), കാഞ്ഞ
കടവിൽ (3)കത്തിരിക്കിടെ,
എരിക്കിൻ പൂങ്കാടു ചൂടി
സ്ഫുരിക്കും ക്ടാവനക്കമായ്
സ്ഥലഭംഗിയിൽ ഭ്രമിതൻ
നിൻ തടമെത്തിനിന്നതേ
ശ്ലഥതീരവിസ്താരം - യാർ
തകരും തറവാടിതും.
സ്വരപ്പൂ, ഇലവ്യഞ്ജനം
നിറയും വൃക്ഷമണ്ഡപം
പൊളിഞ്ഞങ്ങക്കരെപ്പോകാ-
നക്ഷമക്കൂക്കു കേളെടോ.
ഒഴുക്കിൻ പടുതി കഷ്ടം
വംഗസാഗര യാത്രികേ,
കരയ്‌ക്കെന്തൊരാവേഗമാ
ണുരുളൻചാടതിന്മദം.
ഇരിപ്പായൊരാഴം കട്ടി-
ക്കണ്ണടയ്ക്കുൾ വലിഞ്ഞിനി-
പ്രളയപ്പൊങ്കലാകുവാ-
നീ തിള - എന്തൊരോളമേ!
‘കളി’മണ്ണച്ചിൽ കരേറി
തുണ്ടുതുണ്ടായ് നിരക്കുവ-
തപ്പുറം ചെങ്കൽ ചൂളയ്ക്കു,
തീ നീട്ടി സൂര്യനാം കനൽ
നീളും തിരിപോലാളുന്നു
എട്ടുപത്താടുമാടുകൾ
കെടും കൃഷിപ്രദേശത്തി
ലുദിപ്പൂ നഗരാനനം.
വള്ളിനിക്കറിൽ കാഞ്ഞ നാൾ
തന്ന ‘കർപ്പൂരനായകി’(4),
സാർവ്വലൗകീകക്കിളിപ്പാ,-
ട്ടിങ്ങും കേൾക്കുന്നതുണ്ടെടോ.
പുൽച്ചാടിയെ സ്മരിച്ചുകൊ-
ണ്ടിക്കരെ പൊങ്ങുമാലയം
ധ്യാനഭാണ്ഡമഴിച്ചതിൽ
ബാക്കിയായിതു തീരവും.
ലോറിയാം തൂക്കുപാത്രവും
നിറച്ചുമാറ്റു മണ്ണുടൽ
വിളമ്പുമിസ്സദ്യയുണ്ടു
വളർന്നെടോ കിടപ്പിടം.
തീയിലെണ്ണ കോരലിന്റെ
തിണർപ്പിലാളലുണ്ടെടോ,
വിടർന്നൊരേങ്ങലിന്റെ
മടക്കിലുണ്ടതിൻ കൃതി.
യാർ, കൊശസ്തലൈയാർ, നീയും
എനിക്കച്ചൻകോവിലാറ്,
കാണാ സരസ്വതി, പമ്പ,
നിഗംബോധിന്റെയാർദ്രത...
ആറുനോക്കിത്തിരിയും വൻ
കണ്ണോട്ടമേൽക്കുമീവിധം
കിടപ്പതാപ,ത്തൊരല്പം
ചുരുങ്ങിയങ്ങിരിക്ക, യാർ...
---
കുറിപ്പ് :
1. യാർ എന്ന സൗഹൃദ സംബോധന
2. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഒരു നദി
3. ചൂടുള്ള കാലാവസ്ഥ
4. പ്രശസ്തമായ എൽ.ആർ. ഈശ്വരി ഗാനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ