കത്തി പഴയതുതന്നെയാ,ണിക്കത്തി
പുത്തനാണെന്നു പറവതനുചിതം.
കുത്തി നോവേല്പിച്ചിതെത്രയോപേരെ,യി-
ക്കത്തിയാൽ ജീവൻ പൊലിഞ്ഞവരെത്രപേർ!
ഉത്തരം കൃത്യമറികയില്ലെങ്കിലും
കൃത്യംനടത്തുവാനിക്കത്തിയുത്തമം!
സ്വാതന്ത്ര്യപൂർവകാലത്തുതൊട്ടീക്കത്തി-
യാതങ്കജാതകത്തിന്നാദികന്ദമാം!
ഒന്നോർത്തുനോക്കിയാൽ വേദകാലംതൊട്ടു-
തന്നെയിക്കത്തിഹാ!തത്ത്വത്തിലില്ലയോ?
സ്വർണക്കലംകൊണ്ടുമൂടിവെച്ചുള്ളൊരാ
സത്യം-‘തിളങ്ങുന്നവായ്ത്തല’യല്ലയോ?
ഇക്കത്തിതൻ പിടിമാറി പലവുരു
തർക്കമി,ല്ലോരോ ചരിത്രഘട്ടങ്ങളിൽ,
ജാതിമതങ്ങളും ഭക്തിയും ദൈവവും
പ്രീതിവളർത്തി വാണോരോരിടങ്ങളിൽ.
കന്മഷമില്ലാത്ത ചോരവാലുന്നൊരീ
കത്തിമാഹാത്മ്യമറിയുന്നപൂരുഷർ
സന്മയൻ ചിന്മയൻ കുന്മയനെങ്കിലും
പാര,മീഭൂമിക്കു മാരകശാപമാം!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക