രത്നങ്ങൾ ഗർഭം പേറിയ
കരിവയറിൽ, കാനന വയറിൽ
ആഭാസക്കൈവിരൽ പലതുകൾ
തേരട്ടകളിഴയുംപോലെ
നിർലജ്ജം ആർത്തുവിളിച്ച്
പേക്കൂത്തുകളാടി രസിക്കെ
അവളാടും തെയ്യം - നെഞ്ചിൽ
ഉമിനീറ്റും വെക്കത്തെയ്യം
പാലൂട്ടിയ മാറിടമേലെ,
ചിതൽ മൂടിയ മസ്തിഷ്‌കങ്ങൾ
ശവരതിയാൽ ഉന്മാദത്തിൻ
കൊടുമുടികൾ തേടിപ്പോകെ,
ഉടയാടകൾ കഴുകൻ ചുണ്ടുകൾ
ആസക്തം കൊത്തിവലിക്കെ
അവളാടും തെയ്യം - നെഞ്ചിൽ
തേൾ കുത്തും നോവിൻ തെയ്യം
നെഞ്ചകത്താളിപ്പടരും
തീച്ചൂടിൽ വേവിച്ചവളോ
കണ്ണീരിൻ തളിക തുളുമ്പിയ
ഉപ്പണിയും വിഭവങ്ങൾ നിത്യം
നിശ്വാസക്കാറ്റു കലർത്തി
ചൂടാറ്റി വിളമ്പുമ്പോഴും
കുറ്റത്തിന്നാഢ്യപ്പെരുമകൾ
കുടചൂടി കലിതുള്ളുമ്പോൾ
ഇടമുറിയാമാരിപ്പെയ്ത്തിൽ
സഹനത്തിൻ തോറ്റം പാടി
അവളാടും തെയ്യം - നെഞ്ചിൽ
കനലെരിയും മൗനത്തെയ്യം
അവളാടും ദേവക്കൂത്തിന്
പുഞ്ചിരിതൻ മധുരിമയില്ല!
അവളാടും ദേവക്കൂത്തിന്
മിഴിവാർന്ന ചിലങ്കകളില്ല!
അവളാടും ദേവക്കൂത്തിന്
കണ്ണഞ്ചും കൊലുസുകളില്ല!
അവളാടും ദേവക്കൂത്തിന്
വ്രതമേകും മഹിമകളില്ല!
അവളാടും ദേവക്കൂത്തിന്
ദ്വൈവർഷം കാക്കലുമില്ല!
അവളാടും ദേവക്കൂത്തിന്
മൂന്നേഴായ് കല്ലുകൾ പാവി-
യലങ്കാരത്തൊങ്ങൽ തൂങ്ങിയ
തലപ്പാവിൻ പൊലിമയുമില്ല!
ജനിതകമാകെയഴികളിലാക്കി
തലമുറ തലമുറയിരുളുപടർത്തി
അഹന്തച്ചെങ്കോലാഞ്ഞു ചുഴറ്റി
ഉദയപ്പൂക്കളെ ഛേദിക്കുമ്പോൾ
അവളാടും തെയ്യം - നെഞ്ചിൽ
ഉമിനീറ്റും വെക്കത്തെയ്യം
അവളാടും തെയ്യം - നെഞ്ചിൽ
തേൾ കുത്തും നോവിൻ തെയ്യം
അവളാടും തെയ്യം - നെഞ്ചിൽ
കനലെരിയും മൗനത്തെയ്യം.
ദേവക്കൂത്ത്: സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യം. കണ്ണൂർ ജില്ലയിലെ തെക്കുമ്പാട് കൂലോം തായക്കാവിൽ, രണ്ടു വർഷത്തിലൊരിക്കലാണ് ഈ തെയ്യം കെട്ടിയാടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക