
ജനല്‍ തുറക്കുമ്പോള്‍ മാത്രം
വെളിപ്പെടുന്നൊരാള്‍
അവധി ദിവസം
മുറി വൃത്തിയാക്കാന്‍ തുടങ്ങി
ഒരു തുള്ളി വെളിച്ചമതാ
കസേരയിലിരുന്ന് ചിരിക്കുന്നു
ജനലടച്ചുവന്നതിനെ ലാളിക്കാമെന്നുവച്ചു
വന്നുനോക്കുമ്പോളതിനെ കാണുന്നില്ല
ജനലടയ്ക്കുമ്പോള്‍ മാത്രം മറയും വെളിച്ചമേ
ജനലടച്ചില്ലേലവിടെത്തന്നിരിക്കുമോ
രാത്രിയായാലും
ഒരു കുഞ്ഞുവെളിച്ചമെങ്കിലുമെപ്പളും
കൂടെ വേണം
അതിനാല്‍ ജനാല തുറന്നു ഞാനിടുന്നു
വെളിച്ചക്കുഞ്ഞിനെ കയ്യിലെടുത്തു ലാളിക്കുന്നു.
ആഴം
ഭാഷ മരിച്ചുപോവാണ്ടിരിക്കാന്‍
സ്വന്തം ഭാഷയിലെ അവസാനത്തെയാളായ വല്യമ്മ
തന്നോടുതന്നെ
നിര്‍ത്താതെ
സംസാരിച്ചുകൊണ്ടിരിക്കുന്നു
ഏതോ നിശ്ശബ്ദജലാശയത്തി-
ന്നാഴത്തിലാണ്ടൊളിച്ചിരിക്കും
വാക്കിന്നനന്തമാം വാചാലത.
ആരും മിണ്ടാത്ത വാക്കു തേടി-
പ്പോവുന്നവനെന്‍ കൂട്ടുകാരന്‍
ആരുമുച്ചരിക്കാത്തതാം ഭാഷതേടി-
യലയുന്നവനെന്‍ കൂട്ടുകാരന്‍
ഒറ്റയ്ക്കുവിടില്ലെന്നു പറഞ്ഞ രണ്ടു കൂട്ടുകാരുടെ ശ്വാസം
തടാകത്തിനടിയില്‍
ഇപ്പോഴും ഊളിയിടുന്നു
നീന്തിമുങ്ങിപ്പൊങ്ങുന്നവന്റെ ജീവനിലേക്ക്
ആന്തലോടെത്തിപ്പിടിക്കുന്നു
കൈകളെ, മുടിയെ.
ഒന്നിച്ചുമുങ്ങാതൊഴുക്കിനെ തോല്പിച്ച്
ആഴം തട്ടിയെടുത്തോണ്ടുപോവും ശ്വാസത്തെ
കൂട്ടിപ്പിടിച്ചു കരയ്ക്കടുപ്പിച്ചവന്‍ കൂട്ടുകാരന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക