പി.എം. ഗോവിന്ദനുണ്ണിയുടെ രണ്ടു കവിതകള്‍
1
തൊണ്ട്
കടൽ പിൻവാങ്ങിയ ഒരിടത്ത്
മരിച്ച രൂപത്തിൽ ഒരു ഞണ്ട്
മണ്ണിലേയ്ക്ക് പോകാൻ
മറന്നുപോയപോലെ,
ഞാൻ പൊള്ളയല്ല
എന്ന്
വിളംബരപ്പെടുത്തുംപോലെ.
മാംസമില്ലാത്ത
വെറും തൊണ്ടാണ് അതെന്ന്
ആർക്കാണ് അറിഞ്ഞുകൂടാത്തത്
എങ്കിലും അത് കാണപ്പെടുന്നു
ജീവനുള്ളപോലെ.
അതിന്റെ കാലുകൾക്കിടയിലേയ്ക്ക്
ഞാനെന്റെ നിൽപ്പിനെ
തള്ളവിരലോളം ചുരുക്കി.
അതെന്നെ ഇറുക്കിയ നിമിഷം
ഞാൻ,
സഞ്ചരിക്കുന്ന സമുദ്രത്തെ കണ്ടു
അതെന്റെ കാലു നനക്കാൻ വന്നു
പിടിവിടൂ
ഞാൻ ഞണ്ടിനോട് യാചിച്ചു.
ജീവനില്ലാത്ത ഒരു നിലവിളി
എന്റെ ശിരസ്സു പിളർന്ന് മേഘത്തോളം പാഞ്ഞു
കടൽ പറഞ്ഞു:
ഞാൻ പിൻവാങ്ങിയതായി തോന്നിയപോലെ
ഞണ്ട് മരിച്ചതായി തോന്നിയപോലെ
നിന്റെ യാചനയും നിലവിളിയും
വെറും തോന്നൽ!
ഇല്ലാതായിക്കഴിഞ്ഞ ഞാൻ
ഇപ്പോൾ എവിടെയാണ്?
ഒരു കാല്‍പ്പാടും പതിഞ്ഞിട്ടില്ലാത്ത മണൽ
അത്
ആലസ്യത്തോടെ നോക്കുന്നു
മേഘത്തിൽത്തട്ടിയ എന്റെ നിലവിളി
ചിതറിപ്പരന്ന മാനത്തെ.
2
മാർഗ്ഗം
ഒരു എളുപ്പവഴി
വനഹൃദയത്തിലേക്ക്;
ഏറെ പഴയത്.
വഴുവഴുപ്പുള്ള പാറകളിൽ
വേനൽപ്പുഴകടക്കുംപോലെ
അതു കടക്കാം
തലയടിച്ചുതാഴെ വീഴാം
വീണവർ
ചുവന്ന പൂക്കളായി തീരത്തേക്കു പറക്കും
ചില്ലകളിൽ പൂമ്പാറ്റകളായിരുന്ന്
ജലത്തിലേക്ക് പ്രതിബിംബിക്കും
അവയെത്തിന്നാൻ മത്സ്യങ്ങൾ വരും
അവയിലേയ്ക്ക് കൊഴിഞ്ഞുവീഴാതെ
പൂമ്പാറ്റകൾ പുഴ മുറിച്ചു പറക്കും
ഹതാശരായ മത്സ്യങ്ങൾ
കരകയറി വീർപ്പുമുട്ടും
വഴുപ്പു പാറകളിൽ കിടന്ന്
മാനം കണ്ട് ചാവും
ഏളുപ്പവഴി
വനഹൃദയത്തിലേക്ക്;
ഏറെ പഴയത്.
വഴുപ്പു പാറകളിലൂടെ ഞാനത് കടന്നു
തീരത്തേക്ക് പറന്നുപോകുന്ന
പൂക്കളെ കണ്ടു.
അവയ്ക്ക് ചോരമണം.
എന്റെ ശൂന്യത
ഞാൻ മൂലം ഇല്ലാതായി.
ഇനി ഞാൻ ഇല്ലാതാവുമ്പോൾ
എന്തെല്ലാം ഉണ്ടായിവരും
അസഹ്യവും വഴുപ്പുനിറഞ്ഞതുമായ മഴക്കാലത്ത്
ചുവന്ന പൂമ്പാറ്റകൾക്ക്
കാട്ടിലേയ്ക്കാരു എളുപ്പവഴിയല്ലാതെ!?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ