നട്ടുച്ചവെയിലാണ്
സ്വന്തം കൈപ്പത്തി തണലാക്കിയാണ്
അയാളുടെ നടത്തം
ഉടലാകെ മുളപൊട്ടി ഒഴുകുന്ന ചാലുകൾ
ഉടുതുണിയെ നനയ്ക്കുന്നുണ്ട്
വെയിലിൽ എതിരേ വരുന്ന
പരിചയക്കാരന്റെ ചിരിയിൽ
ഒരു നിശ്വാസം കലർന്നിരിക്കുന്നു.
തല ശിഷ്ടമുള്ള ഉടലിനു
ചെറിയൊരു തണലേകിയിരുന്ന
കാലവും കടന്നുപോയിരിക്കുന്നു.
നിലത്ത് വീണു കുറുകിയ നിഴലിൽ
ശബ്ദമുണ്ടാക്കാതെ ഒരു ചങ്ങല
കാലുകളെ മുറുകെ പിടിച്ചിരിക്കുന്നു.
മറ്റൊരാളിന്റെ നെടുവീർപ്പുകൾ
ഉണങ്ങാനിട്ട പായയിൽ
കിളികൾ കൊത്തിപ്പെറുക്കുന്നു.
തറയിലെ ചൂട്
അവയെ പൊള്ളിക്കുന്നുണ്ടാവുമോ?
വഴിയും കാലവും തെറ്റി
കടന്നുവന്ന ഒരു മഴമേഘം
ഒരു നൊടി നിഴൽ വീഴ്ത്തി മറഞ്ഞുപോകുന്നു.
തിരിച്ചെത്തിയ വെയിലിൽ
ഊണുകഴിഞ്ഞിറങ്ങിയ കുട്ടികൾ
പന്തുതട്ടിക്കളിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക