
നീ കൂടെ വേണം
എന്റെ ഹൃദയം മിടിക്കണമെങ്കിൽ.
എന്നെക്കൊണ്ട്
ചില മണ്ടൻ തീരുമാനങ്ങളെടുപ്പിച്ചതാരാണ്?
വാക്ക് പോയ വഴിയിൽനിന്നും
ഇറങ്ങിയോടാൻ പറ്റിയോ?
അതുമില്ല
എന്റെ നിത്യയൗവ്വനമുള്ള
കൈകളിലെ
പച്ചഞരമ്പ്
പായ്ക്ക് ചെയ്യെന്ന്
കല്പിച്ചു
* ‘ഒടുവിൽ ഞാൻ ഒറ്റയാകുന്നു’
എന്ന കവിത
മെല്ലെ മെല്ലെ ചൊല്ലിക്കൊണ്ടിരുന്നു
എന്നിട്ടും
നീയെന്നെ
കണ്ണീരുകൊണ്ടും
നെടുവീർപ്പുകൊണ്ടും
വഴി നടത്തിക്കാൻ നോക്കി
തളിർപ്പുവാക്കുകൾ
വള്ളിയൂഞ്ഞാലായി
തണുപ്പിക്കാനും.
നിന്റെ വഴി
സ്വസ്ഥമല്ലെന്നറിഞ്ഞ്
“എന്തിനെന്നെ
കന്യകാത്വമുള്ള വാക്കുകൾക്കുടമയാക്കി?”
എന്ന്
വ്യാകുലമാതാവായി
മുട്ടുകുത്തി
പേന ഉയർത്തി.
നിന്റെ പിറുപിറുക്കൽ,
സ്വപ്ന പദ്ധതികൾ,
തോന്നലുകൾ
ഒക്കെയും
നേരം നോക്കാതെ
ഞാൻ പകർത്തി.
തീരാത്ത ദുരിതമെന്ന
തീർപ്പിലല്ല,
ഉയിർപ്പും അടക്കവും
അടക്കവും ഉയിർപ്പും
നിത്യവുമാവർത്തിക്കേ
ഒഴുകിപ്പരന്ന മഷിയിൽനിന്ന്
അഗ്‌നിയും ജലവും
കണ്ടെടുത്തവർ
എനിക്കഭിവാദ്യമേകി.
വിയർപ്പിൽ കുതിർന്ന്
കനംവെച്ച
കാതലുള്ള നീ
കൂടെയുള്ളപ്പോൾ
ഏവർക്കും മുഷ്ടിചുരുട്ടി
പ്രത്യഭിവാദ്യം ചെയ്യാൻ
കഴിയുന്നു
എങ്കിലും
എങ്കിലും
എന്നിലെ എന്നെ
സർവ ഋതുക്കളിലും
** ഉർസുലയായി
പാർപ്പിക്കുന്നുണ്ട്
നീ എന്ന
കവിത
1 “ഒടുവിൽ ഞാൻ ഒറ്റയാകുന്നു” - സച്ചിദാനന്ദന്റെ കവിത
2 ഉർസുല - ശക്തിയുടേയും സ്ത്രീത്വത്തിന്റേയും പ്രതീകമായി വിവിധ പുരാണങ്ങളിലും നാടോടിക്കഥകളിലും ഉർസുല എന്ന പേര് കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates