
1
മേദിനി വെണ്ണിലാവ്
എന്നായിരുന്നു
ഞാനവളെ വിളിച്ചിരുന്നത്.
പണ്ട്
അങ്ങ് ദൂരെ
ആ കടവിലിരുന്ന്
അവളെന്നെ
എന്റെ യേശുവേയെന്നും വിളിച്ചു.
അന്ന് കരയിൽ
രാക്കുളിപ്പെരുന്നാളിന്റെ
ബാന്റടി കേട്ടുകൊണ്ട്
ഏഴിലം പാലയുടെ ചുവട്ടിൽ
തായം കളിക്കുകയായിരുന്നു
നമ്മൾ.
നമ്മൾക്ക് ചുറ്റും
ഇരുട്ടിന്റെ പിഞ്ഞാണം
തട്ടിമറിഞ്ഞ
വെളിച്ചത്തിന്റെ തേങ്ങാക്കൊത്തുകൾ.
അരികിൽ
ആരോ വിരിച്ചിട്ട നിഴലിൽ
മാൻകൊമ്പുകളിളക്കി
കാട്ടിലേക്ക് പോകാൻ
ധൃതി കാട്ടുന്ന നിന്റെ
വിരലുകൾ.
കാലുകൾ പൂഴ്‌ത്തിവെച്ച
ആമ്പൽകുളത്തിനടിയിലെ
പള്ളിമുറ്റത്ത് നിന്ന്
മുത്തം നേർന്ന
നിന്റെ വെള്ളിയാഴ്ചകൾപോലൊരു
പിടച്ചിൽ ഇപ്പോളും
എനിക്ക് കാണാം.
ലോകത്തുള്ളവരൊക്കെ കുരിശുവരച്ച് കിടന്നുറങ്ങുമ്പോൾ
അവള് മാത്രം എന്നെ
കുറിച്ചുള്ള
പ്രേമപ്രാർത്ഥനകൾ
ഉരുവിട്ടുകൊണ്ടിരുന്നു.
എന്റെ
പ്രേമം പൊട്ടിയൊലിച്ചു.
മുറിവുകൾ പൂത്തു.
ഭൂമിയിൽ അന്നാദ്യമായി
കുന്തിരിക്കം മണത്തു.
2
ഒരിക്കൽ
ചില്ലുകൂട്ടിലെ
ഏകാന്തതകളെ വെടിഞ്ഞ്
താഴ്‌വരയിലെ
ഒരു സ്ത്രീയുടെ
സ്നേഹം തേടിപ്പോയി.
വാതിലിൽ മുട്ടുമ്പോൾ
എനിക്ക് വിശന്നിരുന്നു.
കാട്ടു വീഞ്ഞും
മുന്തിരിയടയും വിളമ്പുമ്പോൾ
അവരുടെ മുടിക്കെട്ടിൽ
വെണ്ണിലാവിന്റെ വള്ളികൾ
ചുറ്റിയ ഗ്രാമം കണ്ടു.
അതിനുശേഷം
നിലാവുദിച്ചു.
ഞങ്ങൾ ഉടലുകൾ
പങ്കുവെച്ചു.
അവൾ കർത്താവേയെന്ന്
നീട്ടിവിളിച്ചു.
ഞാനുള്ളിൽ
ആർത്തുചിരിച്ചു.
രാത്രിയെ ഞാനന്നാദ്യമായി
കണ്ടു.
ഉറക്കം
ഞങ്ങൾക്കിടയിലേയ്ക്ക്
പായ നീർത്തുമ്പോൾ
പകൽ വരരുതേയെന്ന്
മന്ത്രിച്ചു.
വന്നൂ
ഉദയങ്ങളുടെ മറ്റൊരു കര.
നിദ്രകൾ ഒഴിഞ്ഞ
മറ്റൊരു ശയ്യാതലം.
3
പാപികൾ എറിഞ്ഞ
കല്ലുകൾ മാത്രം
ഞാൻ സൂക്ഷിച്ചുവെച്ചിരുന്നു.
അവയെല്ലാം
സ്ഫടികം പോൽ തിളങ്ങുന്നവയായിരുന്നു.
ആരും കാണാതെ
പള്ളിമുറ്റത്തേയ്ക്കിറങ്ങി
ആ കല്ലുകൾകൊണ്ട്
അമ്മാനമാടിക്കളിക്കുന്നതിനിടയിൽ,
കുട്ടിക്കാലത്ത് മലഞ്ചെരുവിൽ
കാണാതായ
ഒരാട്ടിടയൻ പറഞ്ഞത്
ഞാനപ്പോൾ ഓർത്തു.
“നിന്റെ ഇടതുകരം എനിക്കുതലയണയായിരുന്നെങ്കിൽ!
നിന്റെ വലതുകരം എന്നെ ആലിംഗനം ചെയ്തിരുന്നെങ്കിൽ!”
അന്ന് മുതൽ
സ്നേഹനിരാസങ്ങളുടെയും
കുരിശെനിക്ക് ചുമക്കേണ്ടിവന്നു.
4
മഞ്ഞുകാലത്തിൽ
എന്റെ യൗവ്വനം
ആരംഭിക്കണമെന്ന്
ആരുടേയും
തീരുമാനം ആയിരുന്നില്ല.
എന്നിട്ടും
എനിക്ക് തണുത്തില്ല.
എനിക്ക് കമ്പിളിപ്പുതപ്പ്
തുന്നാൻ ആരും വന്നില്ല.
അങ്ങേ ചെരുവിലെ
മഞ്ഞുകാലമറിയാതെ
ഒന്നുമറിയാതെ
ഒരുവൾ എന്നെ
കാത്തുനിന്നു.
അവളുടെ പൂച്ചകളെ
പോലെയായിരുന്നു
ഞങ്ങളുടെ നാട്ടിലെ
വേനൽ.
ഇടയ്ക്കിടയ്ക്ക്
തൊട്ടുരുമ്മി
ഞങ്ങളുടെ വീടുകളെ
ചുറ്റിപ്പറ്റി നടക്കും.
ഒരിക്കൽ
ഇടവകയിൽവെച്ച്
പ്രേമം പറഞ്ഞപ്പോൾ
അവൾക്ക് നൽകാൻ
എന്റെ പക്കൽ
മുൾക്കിരീടമേ ഉണ്ടായിരുന്നുള്ളു.
കാലങ്ങൾക്കപ്പുറത്ത്
മഞ്ഞുകാലം മാറിയിട്ടും
അവളിപ്പോഴും
എനിക്കുവേണ്ടി
മെഴുകുതിരികൾ
കത്തിച്ചുകൊണ്ടിരുന്നു.
ഉരുകിയുരുകി തീരുന്ന
എല്ലാറ്റിനേയും ഞാനന്നേരം
സ്നേഹമെന്ന് പഴിച്ചു.
5
അന്നുതന്നെയായിരുന്നു
ഭൂമിയിൽ
ഇരുളിന്റെ തിരുമുറിവുകളിൽ
നിന്നും വെളിച്ചമൊലിച്ചത്.
അപ്പോഴെല്ലാം
അൾത്താരയിൽനിന്നും
ഒരു ചെമ്പന്മുടിക്കാരൻ
ഹാർമോണിയം വായിക്കുന്നുണ്ടാവും.
മേദിനി വെണ്ണിലാവിന്റെ
ഉടൽക്കമ്പികളിൽ മീട്ടുന്ന
അതേ രാഗം.
അതേ താളം.
മുറിഞ്ഞുപോയ
ആ പാട്ടാണ്
ഈ ലോകത്തിലെ
ഏറ്റവും പരവശപ്പെട്ട
ഓർമ്മ.
6
എല്ലാം ഉപേക്ഷിക്കേണ്ടിവരുന്ന
കാലത്ത്
മനുഷ്യർ എങ്ങനെയായിരിക്കും
സ്നേഹത്തെ കരുതുകയെന്നത്
എനിക്കൊരുപിടിയുമില്ല.
ചത്തുപോയവരുടെ
ജനവാതിലുകളിലൂടെ
പുറത്തെ കാഴ്ചകൾ കാണുന്നവരുടെ നിക്കപ്പൊറുതിയെക്കുറിച്ചും
എനിക്കറിയില്ല.
എന്നിട്ടും
അവസാനത്തെ കണ്ടുമുട്ടലിൽ
അവളെന്നെ ഒരു
കുഞ്ഞിനെപ്പോലെ
മുലയൂട്ടി.
കുന്നിൻമുകളിൽനിന്നുനോക്കിയാൽ
ഞങ്ങളുടെ വീട്
ഒരു കാലിത്തൊഴുത്തായിട്ടേ
അപ്പോൾ
തോന്നൂ.
നക്ഷത്രക്കുഞ്ഞുങ്ങളേയും
ഒക്കത്ത് വെച്ച് കുറേ സ്ത്രീകൾ
ഇറങ്ങിനടക്കുന്ന
ആ രാത്രിയിൽ
എല്ലാ പുരുഷന്മാരും
മുലകുടിമാറാത്ത
ഒരു കുഞ്ഞാണെന്ന്
എനിക്കപ്പോൾ തോന്നി.
7
രാത്രി വന്നു.
ചന്ദ്രവലയങ്ങൾ
പന്തീരാണ്ട് കാലങ്ങളെ
കുലുക്കിയിട്ടു.
നിശാശലഭങ്ങൾ തുന്നിയ പുതപ്പ് മടക്കിവെച്ച്
എനിക്ക് മടങ്ങേണ്ടിവന്നു.
നൂറ്റാണ്ടുകൾക്ക് പിറകിൽ
വന്നുനിന്ന്
ഞാനത് ഓർത്തു.
നമ്മുടെ ഉടല് കെട്ടടങ്ങിയ
വെളുപ്പാൻ കാലത്ത്
പൊറുതിയവസാനിക്കുമ്പോൾ
നീയെനിക്ക്
പേരറിയാത്ത ഒരുചില്ലയിൽ
നിന്നും ഇറുത്ത് തന്നു,
മുറിവ്പോലെയൊരു
പൂവ്.
മറക്കുമോ?
ഇല്ല?
മറക്കണ്ട...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക