
ഏറ്റവും മുന്തിയ
ശീതീകരിച്ച ആശുപത്രിയിലെ
ജനറൽവേസ്റ്റ് എന്നെഴുതിയ
പച്ച ഡസ്റ്റ്ബിനടുത്താണ്
നിന്നതെന്ന് ഓർത്തതേ ഇല്ല.
രാത്രി പന്ത്രണ്ടിനുശേഷമുള്ള
അരണ്ടവെളിച്ചമുള്ള വരാന്തകളിലും
ഇടനാഴികളിലും ഏകാന്തതയും
നിശ്ശബ്ദതയും ഇണചേരുന്നുണ്ട്.
ഓർമ്മകളുടെ നാലുവരിപ്പാതയിലൂടെ
മിന്നിമിന്നിപ്പായുന്ന നിലവിളികളിൽ
നട്ടപ്പാതിര നൃത്തം ചെയ്യുന്നു.
എല്ലാ നിലവിളികളും അലർച്ചകളും
മൗനത്തിലേക്കുള്ള ചവിട്ടുപടികളാണ്.
കൈകൂപ്പിയോ ആകാശത്തിലേക്ക് കൈവിടർത്തിയോ
നിശ്ശബ്ദം കരയുന്നത് മുൻ അലർച്ചയുടെ
തുടർചലനമാണ്.
എന്നാലും നഗരം അങ്ങോട്ടുമിങ്ങോട്ടും
ഒഴുകിക്കൊണ്ടിരിക്കുകയും
ആളുകൾ തലകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും
സിഗ്നലിട്ട് ചായയും കാപ്പിയുമായി
റോഡ് മുറിച്ചുകടക്കുകയും ചെയ്യും:
യൂണിഫോം മാറ്റിയപ്പോൾ
സൗന്ദര്യം കൂടിയ ജീവനക്കാർ
അഞ്ചുമണിക്കു ശേഷം ബസിൽ കയറാൻ ഇടംപിടിക്കും.
സന്ധ്യാമേഘം നിറഞ്ഞ നഗരാകാശത്തെ ചുവപ്പിൽ
വരയ്ക്കുകയും ചെയ്യും
എമർജൻസി എക്സിറ്റ് അഥവാ
അടിയന്തരഘട്ടത്തിലുള്ള വഴി
എന്നെഴുതിയ ഒരിടനാഴിയിലൂടെ
നോക്കിയപ്പോൾ
മോർച്ചറി എന്ന
ബോർഡ് കൃത്യമായി വായിച്ചു.
എയർക്കണ്ടീഷൻ മരുഭൂമിയിൽ
അറിയാതെ ചിരിയുടെ ഉറവ പൊട്ടി.
ഏറ്റവും മുന്തിയ ശീതീകരിച്ച
ആശുപത്രിയിലെ ജനറൽവേസ്റ്റ്
എന്നെഴുതിയ പച്ചഡസ്റ്റ്ബിനടുത്താണ് നിന്നിരുന്നത്
എന്ന് ഓർത്തതേയില്ല
എന്നതാണ് പ്രശ്നം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക