അന്വേഷി എന്ന സംഘടന കടന്നുവന്ന ഇരുപത്തിയഞ്ചു വര്‍ഷങ്ങളെക്കുറിച്ച്

സ്ത്രീസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മുന്‍പെന്നെത്തെക്കാളുമധികം ചര്‍ച്ച ചെയ്യപ്പെടുകയും അവള്‍ക്കുവേണ്ടിയുള്ള സമരങ്ങള്‍ അവള്‍ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്ന കാലമാണിന്ന്.
അന്വേഷി എന്ന സംഘടന കടന്നുവന്ന ഇരുപത്തിയഞ്ചു വര്‍ഷങ്ങളെക്കുറിച്ച്

സ്ത്രീസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മുന്‍പെന്നെത്തെക്കാളുമധികം ചര്‍ച്ച ചെയ്യപ്പെടുകയും അവള്‍ക്കുവേണ്ടിയുള്ള സമരങ്ങള്‍ അവള്‍ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്ന കാലമാണിന്ന്. യാഥാസ്ഥിതികത്വം അതിന്റെ വിരാട് രൂപം പ്രദര്‍ശിപ്പിക്കുന്ന ഈ കാലത്തും സ്ത്രീസമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഗണ്യമായ പിന്തുണ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്ക് മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. സ്ത്രീസമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ ഇന്നുപോലും ദുസൂചനകള്‍ നിറഞ്ഞ വിശേഷണങ്ങളാല്‍ അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ മുന്‍കാലങ്ങളില്‍ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളൂ. കനല്‍വഴികളിലൂടെ നടന്നുവന്ന പ്രസ്ഥാനം എന്നൊക്കെയുള്ള വിശേഷണം അന്വേഷി എന്ന സംഘടനയ്ക്കും ചേരും. 

ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇത്രമേല്‍ മലയാളി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാത്ത കാലത്തുപോലും നാം കേട്ടു പരിചയിച്ചിട്ടുണ്ട് അന്വേഷി എന്ന പേര്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയായി തുടങ്ങിയ ആ സംഘടന ഇപ്പോള്‍ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്കാണ്. 
കേരളത്തില്‍ എണ്‍പതുകളുടെ ഒടുവില്‍ രൂപംകൊണ്ട സ്ത്രീവിമോചന ഗ്രൂപ്പുകളുടെ തുടര്‍ച്ചയിലാണ് 1993-ല്‍ അന്വേഷി പിറക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും നിരന്തരം വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയയായിക്കൊണ്ടിരുന്ന സ്ത്രീയെ, അവളുടെ സവിശേഷ പ്രശ്‌നങ്ങളെ, മുഖ്യധാരാ രാഷ്ട്രീയത്തിന് അഭിസംബോധന ചെയ്യാതെ മുന്നോട്ടു പോകാനാകില്ല എന്നൊരു അവസ്ഥയുണ്ടാക്കിയതില്‍ അന്വേഷിയുടെ പങ്ക് സുപ്രധാനമാണ്. എണ്‍പതുകളുടെ ഒടുവില്‍ കേരളത്തില്‍ പലയിടങ്ങളിലായി രൂപംകൊണ്ട മാനുഷി, പ്രചോദന, ചേതന തുടങ്ങി വിവിധ സംഘങ്ങളോടൊപ്പം സ്ത്രീസമൂഹത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍നിര പോരാളിയായി നിലയുറപ്പിച്ച ബോധനയെ അന്വേഷിയുടെ പ്രാഗ് രൂപം എന്നു വിശേഷിപ്പിക്കാവുന്നതാണ്. മലപ്പുറംകാരി കുഞ്ഞീബി കോഴിക്കോട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍വച്ചു ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെടുന്നതോടെയാണ് ബോധന എന്ന സംഘടന ജനശ്രദ്ധയാകര്‍ഷിക്കുന്നത്. രണ്ട് മക്കളുടെ ഉമ്മയായ കുഞ്ഞീബി അക്കാലത്തു വ്യാപകമായിരുന്ന തലാഖ് സമ്പ്രദായത്തിന്റെ ഇരയായിരുന്നെന്നും കുട്ടികളുമായി ജീവിക്കാന്‍ പാടുപെട്ട അവര്‍ സാമൂഹ്യവിരുദ്ധരൊരുക്കിയ വലക്കണ്ണികളില്‍ കുരുങ്ങി കോഴിക്കോട് നഗരത്തിന്റെ അധോലോകത്തില്‍ വന്നടിഞ്ഞെന്നും മാംസവ്യാപാരത്തിന്റെ (Flesh trade) ഇരയായിത്തീര്‍ന്ന കുഞ്ഞീബി ഒടുവില്‍ അവിടത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസുകാരുടെ ലൈംഗിക പീഡനത്തിന്റേയും ശാരീരികോപദ്രവങ്ങളുടേയും ഫലമായി മരണമടയുകയായിരുന്നെന്നും സമകാലിക മലയാളം വാരികയില്‍ അജിത എഴുതിയ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ സംഭവത്തിലായിരുന്നു അന്ന് അന്വേഷിയുടെ മുന്നോടിയായ ബോധന എന്ന സംഘടന ഇടപെടുന്നത്. അന്ന് ബോധന നടത്തിയ ഇടപെടലിന്റെ ഫലമായി അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ 1990 ഡിസംബറില്‍ നടന്ന സ്ത്രീവിമോചനപ്രസ്ഥാനങ്ങളുടെ നാലാം ദേശീയ സമ്മേളനത്തിനും അന്വേഷിയുടെ ചരിത്രത്തില്‍ പ്രസക്തമായ ഒരിടമുണ്ട്. 
''സമ്മേളനം കഴിഞ്ഞതോടെ ഈ ഗ്രൂപ്പുകള്‍ ഏറെക്കുറെ ഇല്ലാതായി. എങ്കിലും പുതിയ ഭാവങ്ങളോടെ സ്ത്രീവിമോചനപ്രസ്ഥാനം പുനരുജ്ജീവിപ്പിക്കപ്പെട്ടുവെന്നതാണ് ചരിത്രം'' സ്ത്രീവിമോചനപ്രവര്‍ത്തകയായ സാവിത്രി കെ.കെ. പറയുന്നു. 
1990-കളുടെ തുടക്കത്തില്‍ കോഴിക്കോട് തൊണ്ടയാട് പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന നവോദയാ മഹിളാസമാജം കോഴിക്കോട് പട്ടണത്തില്‍ സി.എച്ച് ഫ്‌ലൈഓവറിനു കീഴില്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ഒരു കടമുറിയില്‍ ഒരു തയ്യല്‍ യൂണിറ്റ് നടത്തിയിരുന്നു. ആ ഇടമാണ് പിന്നീട് അന്വേഷി എന്ന സ്ത്രീസംഘടനയുടെ പിറവിക്ക് സാക്ഷ്യം വഹിച്ചത്. അജിതയ്ക്ക് പുറമേ കോഴിക്കോട്ടെ സ്ത്രീപക്ഷ ആക്ടിവിസ്റ്റുകളായ വിജി, ലളിത, സാവിത്രി, അമ്മു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘടന രജിസ്റ്റര്‍ ചെയ്തത്. പീഡനങ്ങള്‍ക്ക് ഇരകളായ സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാനും പരിഹാരം തേടാനും സ്വതന്ത്രമായ ഒരിടം വേണമെന്ന തിരിച്ചറിവാണ് ഇത്തരമൊരു സംഘടന രൂപീകരിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് അന്ന് സംഘടന രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്തവരില്‍ ഒരാളായ സാവിത്രി കെ.കെ. പറയുന്നു. 

''സ്ത്രീപീഡകരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുകയും ബഹിഷ്‌കരിക്കുകയും നിയമത്തിനു മുന്‍പാകെ കൊണ്ടുവരികയും മാത്രമല്ല ചെയ്യേണ്ടത് എന്നു ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇരകളുടെ വേദനകളില്‍ കൂടെ നില്‍ക്കുകയും അവര്‍ക്ക് ആവശ്യമായ പിന്തുണ എല്ലാ നിലയ്ക്കും നല്‍കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ അത്തരമൊരു സംഘടനയ്ക്ക് പൊതുസ്വീകാര്യത ഉണ്ടാകേണ്ടതുണ്ടായിരുന്നു. ആ ഒരു വസ്തുത കണക്കിലെടുത്താണ് ചാരിറ്റബ്ള്‍ സൊസൈറ്റിയായി അന്വേഷി രജിസ്റ്റര്‍ ചെയ്യുന്നത്. ഇന്ന് അതിന് ഒരു എസ്റ്റാബ്ലിഷ്ഡ് സ്വഭാവമുണ്ടെന്നത് നേരാണ്. അത് ഒരു സാധ്യതയും പരിമിതിയുമാണ്. ഒരു സാധ്യത എന്നതിനാണ് ഞാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്'' സാവിത്രി കൂട്ടിച്ചേര്‍ത്തു. 

എളിയ തുടക്കം
വലിയ കുതിപ്പ് 

1995-ല്‍ കോഴിക്കോട് നഗരത്തില്‍ ഒരു ചെറിയ മുറിയില്‍ അന്വേഷി പ്രവര്‍ത്തനമാരംഭിച്ചു. പീഡിതരായ സ്ത്രീകള്‍ക്ക് ആ മുറി വളരെപ്പെട്ടെന്ന് ഒരത്താണിയായി മാറി. ഒരു ബെഞ്ചും ഒരു മേശയും രണ്ടു കസേരകളും മാത്രമാണ് തുടക്കത്തില്‍ ആ മുറിയില്‍ ഉണ്ടായിരുന്നത്. കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് വളന്റിയര്‍മാരുടെ ജോലി ചെയ്തത്. കൗണ്‍സലിംഗും സ്ഥലത്തുപോയി അന്വേഷണവുമെല്ലാം അവര്‍ തന്നെയാണ് ചെയ്തുപോന്നത്. 

അതേ വര്‍ഷം ഒരു ഷെല്‍ഫ് സംഘടനയ്ക്ക് സംഭാവനയായി കിട്ടി. അങ്ങനെ ആ മുറിയില്‍ത്തന്നെ സ്ത്രീകള്‍ക്കായുള്ള ലൈബ്രറിയും പ്രവര്‍ത്തനമാരംഭിച്ചു. സാറാ ജോസഫാണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു പ്രവര്‍ത്തന സമയം. ധാരാളം സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങളുമായി ഓഫീസിലെത്തിത്തുടങ്ങി. ഗാര്‍ഹിക പീഡനങ്ങളുടെ ഇരകളായിരുന്നു അവരിലേറെയുമെന്ന് സാവിത്രി ഓര്‍ക്കുന്നു. ഇര ഒറ്റയ്ക്കല്ലെന്നും സ്ത്രീസമൂഹം അവര്‍ക്കൊപ്പമുണ്ടെന്നും ബോധ്യപ്പെടുത്താനായി ആരോപിതരായവര്‍ താമസിക്കുന്ന ഇടങ്ങളില്‍ അന്വേഷിയുടെ പ്രവര്‍ത്തകരെത്തി ആശയവിനിമയം നടത്തുമായിരുന്നു. എതിര്‍കക്ഷിയെ സമീപിച്ച് കൗണ്‍സലിംഗിനെത്താന്‍ പ്രേരിപ്പിക്കുന്നതും അന്വേഷിയുടെ പ്രവര്‍ത്തകരുടെ ജോലിയായിരുന്നു. ശാസ്ത്രീയമായ രീതിയില്‍ കൗണ്‍സലിംഗ് നടത്താന്‍ വശമുണ്ടായിരുന്നില്ലെങ്കിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും സന്നദ്ധത കാണിക്കുന്നുവെന്നത് ഇരകള്‍ക്ക് ആശ്വാസം നല്‍കി. നടുറോഡില്‍ വെച്ച് ഭാര്യയെ തല്ലിയ ഭര്‍ത്താവിനെ അന്വേഷി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് പൊലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിപ്പിച്ച സംഭവങ്ങള്‍ പോലുള്ള ഇടപെടലുകള്‍ സംഘടന നടത്തി. 
പോരാട്ടങ്ങളെല്ലാം തനിയേ നടത്താമെന്ന കാഴ്ചപ്പാടല്ല അന്വേഷി എന്ന സംഘടനയ്ക്ക് ഉണ്ടായിരുന്നത്. പ്രാദേശികമായി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ചില പരിമിതികളുണ്ടെന്ന തിരിച്ചറിവില്‍നിന്നു രൂപം കൊണ്ടതാണ് കേരളസ്ത്രീവേദി. 1996-ലാണ് സ്ത്രീവേദി രൂപംകൊള്ളുന്നത്. സൂര്യനെല്ലി, വിതുര, ഐസ്‌ക്രീം പാര്‍ലര്‍ കേസുകളില്‍ സംസ്ഥാനതലത്തില്‍ തീവ്രമായ സമരങ്ങള്‍ക്ക് അത് സഹായകമായി. 

''ദിനേനയെന്നോണം അന്വേഷിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കപ്പെടുകയായിരുന്നു. തുടക്കത്തില്‍ സഹായത്തിനായി അന്വേഷിയുടെ ഓഫീസിലെത്തുന്ന സ്ത്രീകള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ട സൗകര്യങ്ങളായിരുന്നു പ്രശ്‌നം. ഒരു ടോയ്ലറ്റ് പോലുമുണ്ടായിരുന്നില്ല. അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉള്ള ഒരു ഓഫീസ് ഉണ്ടായത് കോഴിക്കോട്ട് കളിപ്പൊയ്കയ്ക്കടുത്ത് ഒരു വീട് വാടകയ്‌ക്കെടുത്ത് മാറിയപ്പോഴാണ്'' സാവിത്രി പറയുന്നു. 

പ്രവര്‍ത്തകര്‍ സ്വന്തം കൈയില്‍നിന്നും പണമെടുത്തും ചെറിയ ചെറിയ സംഭാവനകളെ ആശ്രയിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍, പ്രവര്‍ത്തനമേഖല വിപുലമായതോടെ ഈ മാര്‍ഗ്ഗം പര്യാപ്തമല്ലാതെയായി. സര്‍ക്കാരില്‍നിന്നോ മറ്റു സ്ഥാപനങ്ങളില്‍നിന്നോ ഗ്രാന്റുകളോ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികസഹായമോ ഇല്ലാതെ പ്രവര്‍ത്തിക്കാനാകില്ലെന്ന ബോധ്യം അന്വേഷിക്കുണ്ടായി. അങ്ങനെയാണ് യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ), സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് (എസ്.ഡി.ടി.ടി) തുടങ്ങിയ സ്രോതസ്സുകളെ ആശ്രയിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പുവഴിയാണ് യു.എന്‍.എഫ്.പി.എ ഗ്രാന്റ് ലഭ്യമായത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കാന്‍ സഹായകമായി. തുടര്‍ന്നു സംഘടന വിദഗ്ദ്ധരായ കൗണ്‍സലര്‍മാരുടേയും അഭിഭാഷകരുടേയും അനുഭവപരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരുടേയും സേവനം പ്രയോജനപ്പെടുത്തി. കോഴിക്കോട് നഗരത്തില്‍ മാത്രമല്ല, ജില്ലയിലെ ഉള്‍പ്രദേശങ്ങളിലേക്കും കയറിച്ചെന്നു നിയമസാക്ഷരതാ ക്ലാസ്സുകളും ബോധവല്‍ക്കരണ യോഗങ്ങളും സംഘടിപ്പിക്കാനാരംഭിച്ചു. 
2003-ലാണ് എസ്.ഡി.ടി.ടി മൂന്നു വര്‍ഷത്തേക്ക് അന്വേഷിക്ക് ഗ്രാന്റ് ലഭ്യമാക്കുന്നത്. തുടര്‍ന്നു ദയനീയമായ സാഹചര്യങ്ങളില്‍നിന്ന് അഭയമന്വേഷിച്ചെത്തുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ പുനരധിവാസം സാധ്യമാകുന്നതുവരെ താല്‍ക്കാലിക താമസം ഉറപ്പാക്കുന്ന ഷോട്ട് സ്റ്റേ ഹോമുകള്‍ തുടങ്ങി. ലഭ്യമാകുന്ന ഗ്രാന്റുകള്‍ ഉപയോഗിച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് ഇതുവരെ അന്വേഷി നടത്തിപ്പോന്നിട്ടുള്ളത്. കൗമാരക്കാരായ കുട്ടികളുടെ ഇടയില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍, സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ലിംഗപരമായ പീഡനങ്ങളുടെ ഇരകള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് നല്‍കുന്ന പിന്തുണയും സാന്ത്വനവും തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടും. 

ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ
അന്വേഷി ഇടപെടല്‍

സ്ത്രീശാക്തീകരണത്തിനും സ്ത്രീക്ഷേമം ഉറപ്പുവരുത്താനും ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അന്വേഷി നടത്തുമ്പോഴും സ്ത്രീപ്രശ്‌നമടക്കമുള്ള സാമൂഹ്യപ്രശ്‌നങ്ങളുടെ രാഷ്ട്രീയമായ ഉള്ളടക്കം ആ സംഘടന കണ്ടില്ലെന്നു നടിക്കാറില്ല. എന്‍ഡോസള്‍ഫാന്‍, കൂടംകുളം തുടങ്ങിയ വിഷയങ്ങളിലൊക്കെ ജനപക്ഷത്തുനിന്നുള്ള അതിന്റെ നിലപാട് അതു പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുപാട് സമരങ്ങള്‍ അന്വേഷിയും സ്ത്രീവേദിയും നടത്തിയിട്ടുണ്ട്. മുത്തങ്ങയില്‍ ആദിവാസികളുടെ ഭൂസമരത്തിനെ പിന്തുണയ്ക്കുകയും ആക്രമണത്തിനിരയായ ആദിവാസിക്കുടിലുകളില്‍ അന്വേഷിയുടെ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുകയും അവരോട് സംസാരിക്കുകയും ജയിലില്‍ കിടക്കുന്ന ആദിവാസികളെ നേരിട്ടു കാണുകയും അവര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ നിരവധി ഇടപെടലുകള്‍ വേറെയും ചൂണ്ടിക്കാണിക്കാനാകും. ഐസ്‌ക്രീം പാര്‍ലര്‍ കേസാണ് അതിന്റെ ഏറ്റവും ശക്തമായ ഇടപെടലുകളുടെ ഉത്തമോദാഹരണം. 

''ആദ്യമായി ഒരു സ്ത്രീസംഘടന സൈദ്ധാന്തിക സ്ത്രീപക്ഷ ചിന്തകള്‍ക്കപ്പുറം സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രബലമായ ഒരു കൂട്ടുകെട്ടിനെ, രാഷ്ട്രീയവും അധോലോകവും തമ്മിലുള്ള കൂട്ടുകെട്ടിനെ പൊളിക്കാന്‍ രംഗത്തിറങ്ങിയ ചരിത്രം കുറിക്കുകയായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍.'' അന്ന് അതിലെ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അതുകൊണ്ടുതന്നെ ശാരീരികാക്രമണങ്ങളെ വരെ നേരിടേണ്ടി വരികയും ചെയ്ത മാധ്യമപ്രവര്‍ത്തകയായ ദീപ വി.എം. പറയുന്നു. പൊതുമണ്ഡലത്തിന്റെ നാനാതലങ്ങളില്‍ പടരുന്ന അധാര്‍മ്മികതയുടെ ലക്ഷണമൊത്ത ഉദാഹരണമായിരുന്നു അതെന്നും അന്വേഷിയെക്കുറിച്ചു ഡോക്യുമെന്ററി തയ്യാറാക്കിയ ദീപ ചൂണ്ടിക്കാട്ടുന്നു. 

അന്വേഷി ഈ കേസിനുവേണ്ടി വര്‍ഷങ്ങളോളം സാമൂഹ്യരംഗത്തും നിയമരംഗത്തും നിരവധി പോരാട്ടങ്ങള്‍ നടത്തി. കീഴ്ക്കോടതി മുതല്‍ സുപ്രീംകോടതി വരെ അതു നടത്തിയ പോരാട്ടങ്ങള്‍ കുറ്റവാളികള്‍ രാഷ്ട്രീയാധികാര സ്ഥാനങ്ങളിലും പൊലീസിലും ജുഡീഷ്യറിയിലും സ്വാധീനിച്ചുണ്ടാക്കിയ വിധികളിലൂടെ സാങ്കേതികമായി തോറ്റുപോയെങ്കിലും അന്വേഷിയുടെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബ്ബലമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോയില്ലെന്നതാണ് നമുക്കു മനസ്സിലാക്കാനാകുന്നത്. രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു പ്രമുഖ സ്ത്രീപക്ഷ സംഘടനയാണ് അന്വേഷി ഇന്ന്. 

സ്ത്രീജീവിതങ്ങളിലെ
സ്ത്രീവാദ ഇടപെടല്‍

നവോത്ഥാനത്തെക്കുറിച്ച് മേനിപറയാമെന്നതല്ലാതെ നവോത്ഥാനത്തിന്റെ പാരമ്പര്യം നമ്മുടെ ജീവിതങ്ങളില്‍ വായിച്ചെടുക്കുന്നത് ഒട്ടും സാധ്യമല്ലാത്ത ഒരു കാലഘട്ടത്തിലാണ് കേരളമിന്ന്. ആദിവാസിയും ദളിതനും മത്സ്യത്തൊഴിലാളിയും സ്ത്രീസമൂഹവുമെല്ലാം അനുദിനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍, അതിനെതിരെയുള്ള പോരാട്ടങ്ങള്‍ എല്ലാ മേഖലയിലും വ്യത്യസ്ത തീവ്രതയിലാണെങ്കില്‍പ്പോലും നടക്കുന്നുണ്ട്. 1990-കളില്‍ ശക്തിപ്പെട്ട സ്വതന്ത്ര സമ്പദ്വ്യവസ്ഥ മനുഷ്യനെ ഒരു കമ്പോളവസ്തുവാക്കി മാറ്റിയിരിക്കുന്നു. പൗരുഷത്തെ ആഘോഷിക്കുന്ന പുതുകമ്പോള വ്യവസ്ഥയില്‍ പെണ്‍ശരീരം ഒരു ഉപഭോഗവസ്തുവായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ പെരുകുന്നു. സ്ത്രീകളുടെ പദവിയും അധികാരവും പുരുഷനു തുല്യമാകുന്ന അവസ്ഥയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടാല്‍ മാത്രമേ ഈ അവസ്ഥയ്ക്ക് വ്യത്യാസമുണ്ടാകൂ. അന്വേഷി ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കമ്യൂണിറ്റി വര്‍ക്ക് അന്വേഷിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സ്ത്രീകള്‍ക്കായി നിയമസാക്ഷരതാ ക്ലാസ്സുകള്‍ നടത്തുക, സ്ത്രീശാക്തീകരണ സെമിനാറുകള്‍ സംഘടിപ്പിക്കുക, കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുകയും ഇടപെടുകയും ചെയ്യുക എന്നതൊക്കെയാണ് കമ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി അന്വേഷി പ്രവര്‍ത്തകര്‍ നടത്തുന്നത്. 

കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലാണ് പ്രധാനമായും കമ്യൂണിറ്റി വര്‍ക്ക്. തുടക്കം മുതലേ പൊലീസ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും ഇതര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സഹകരണം കമ്യൂണിറ്റി വര്‍ക്കിന് തുടക്കം മുതലേ ലഭിച്ചുപോരുന്നുണ്ടെന്ന് ഈ രംഗത്ത് ഇടപെടുന്ന അന്വേഷി പ്രവര്‍ത്തകയായ എലിസബത്ത് പറയുന്നു: ''തുടക്കത്തില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിയമസാക്ഷരതാ ക്ലാസ്സുകളില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്നത് പല പുരുഷന്മാരേയും സംശയാലുക്കളാക്കിയിരുന്നു. വീട്ടിലെ സ്ത്രീകളെ അന്വേഷി ഇടപെട്ട് പുരുഷന്മാര്‍ക്കെതിരെ തിരിക്കുകയാണെന്നൊക്കെയായിരുന്നു ആരോപണം. ക്ലാസ്സില്‍ പങ്കെടുക്കുന്നതില്‍നിന്നു സ്ത്രീകളെ അവര്‍ വിലക്കുകയും ഈ പരിസരത്ത് വെച്ച് ക്ലാസ്സ് നടത്തരുത് എന്ന് അങ്കണവാടി വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ക്ലാസ്സിനെ ചുറ്റിപ്പറ്റി നടന്ന പുരുഷന്മാരെ ക്ലാസ്സ് എടുക്കുന്നയാള്‍ ക്ലാസ്സിലേക്ക് വിളിച്ചുകയറ്റി സംശയം തീര്‍ത്ത സംഭവങ്ങളുമുണ്ട്.'' തുടക്കത്തില്‍ ആറു ഫീല്‍ഡ് വര്‍ക്കര്‍മാരാണ് ഉണ്ടായിരുന്നത്. കോഴിക്കോട് ജില്ലയില്‍ ആദ്യ നിയമസാക്ഷരതാ ക്ലാസ്സ് നടത്തുന്നത് അഡ്വ. ഭദ്രകുമാരിയും. അന്ന് അവരോടൊപ്പം പോയത് എലിസബത്തും വിക്ടോറിയയുമാണ്.
അന്വേഷിയുടെ സമരവും ഇടപെടലുകളും കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് യു.എന്‍ ഗ്രാന്റ് കിട്ടുന്നതും 2000 ജനുവരി ഒന്നു മുതല്‍ വിമെന്‍സ് സപ്പോര്‍ട്ട് ആന്റ് അഡ്വക്കസി സെന്റര്‍ ആരംഭിക്കുന്നതും. 
അനുദിനം വികസ്വരമായിക്കൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തനമണ്ഡലമാണ് ഇന്ന് അന്വേഷിക്കുള്ളത്. ഷോര്‍ട്ട് സ്റ്റേ ഹോമിനു പുറമേ നിര്‍ഭയ ഹോം, കൗണ്‍സലിംഗ് സെന്റര്‍, ലൈബ്രറി ആന്റ് ഡോക്യുമെന്റേഷന്‍ സെന്റര്‍, തൊഴില്‍ പരിശീലനം, ആരോഗ്യമേഖലയിലെ ഇടപെടലുകള്‍ എന്നിങ്ങനെ അത് നിരന്തരം വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 

സംഘടിത എന്ന പേരില്‍ ഒരു മാസികയും അന്വേഷി പ്രസിദ്ധീകരിക്കുന്നുണ്ട്. ന്യൂസ് ലെറ്ററായിട്ടായിരുന്നു അന്വേഷിയുടെ പ്രസാധനരംഗത്തെ തുടക്കം. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഈ ന്യൂസ് ലെറ്റര്‍ അന്വേഷിയുടെ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചിരുന്നു. 2010-ല്‍ ആര്‍.എന്‍.ഐ രജിസ്‌ട്രേഷനുള്ള സംഘടിത എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ''കഴിഞ്ഞ എട്ടു വര്‍ഷമായി ഒരുലക്കം പോലും മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിച്ചുവരുന്നു. ഒരു ഫെമിനിസ്റ്റ് മാസികയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു നേട്ടമാണിത്'' സംഘടിതയുടെ ഇപ്പോഴത്തെ എഡിറ്റര്‍ ഷീബ കെ.എം. പറയുന്നു. 

''അന്വേഷിയുടെ പ്രാരംഭകാലത്ത് വളരെ വിരളമായേ സ്ത്രീപ്രശ്‌നങ്ങളില്‍ പൊതു ഇടപെടല്‍ നടന്നിരുന്നുള്ളൂ. പൊതുവേ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരോട് ശത്രുതാപരമോ വിദ്വേഷം നിറഞ്ഞതോ ആയ സമീപനമായിരുന്നു ആളുകള്‍ക്ക് ഉണ്ടായിരുന്നത്. കുടുംബങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ടാല്‍ ഇടപെട്ടവരെ പുരുഷന്മാരും ചിലപ്പോള്‍ ആ കുടുംബത്തിലെ സ്ത്രീകള്‍ തന്നെയും വിദ്വേഷത്തോടെയാണ് കണ്ടുവന്നിരുന്നത്. ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. അതിനു കാരണം അന്വേഷിയും അതുപോലുള്ള മറ്റു സംഘടനകളുമൊക്കെ നടത്തിവരുന്ന നിരന്തരമായ ബോധവല്‍ക്കരണങ്ങളും ഇടപെടലുകളുമാണ്. അതുപോലെ ഇന്നു സര്‍ക്കാരുകള്‍ ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ സ്ഥാപിക്കുകയും ഡൊമസ്റ്റിക് വയലന്‍സ് ആക്ട് ആവിഷ്‌കരിക്കുകയും പ്രാബല്യത്തില്‍ വരുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളൊന്നും മുന്‍പില്ലാത്ത കാലത്ത് അന്വേഷി ഇതിനെല്ലാം വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജനക്ഷേമം എന്നതിന് ഒരു സ്ത്രീപക്ഷ രാഷ്ട്രീയമുണ്ട് എന്ന് ഭരണകൂടത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തതില്‍ അന്വേഷിക്ക്, അതു നടത്തിയ പോരാട്ടങ്ങള്‍ക്ക് വലിയ പങ്കുണ്ട്'' ഷീബ കൂട്ടിച്ചേര്‍ക്കുന്നു. 

അന്വേഷിയുടെ പ്രവര്‍ത്തനം
സ്ത്രീസമൂഹത്തെ ശക്തിപ്പെടുത്തി

ബി.ആര്‍.പി ഭാസ്‌കര്‍

സ്ത്രീമുന്നേറ്റം പ്രായേണ സാധ്യമായിക്കൊണ്ടിരുന്ന ഒരു സമൂഹമായിരുന്നു കേരളത്തിലേത്. അതിന് തിരിച്ചടിയേറ്റതാണ് കേരളത്തില്‍ നവോത്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തടസ്സമായിത്തീര്‍ന്നത്. ഈ സാഹചര്യത്തില്‍ അന്വേഷി പോലുള്ള സംഘടനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സ്ത്രീ സമൂഹം ഇന്നു നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കെതിരെ അന്വേഷി ഉയര്‍ത്തിയ പ്രതിരോധം ശ്രദ്ധേയമാണ്. ആ സംഘടന പീഡിതരായ സ്ത്രീകള്‍ക്കുവേണ്ടി നടത്തിയ ഇടപെടലുകള്‍ക്കു ശേഷമാണ് ഇപ്പോള്‍ സ്ത്രീപീഡനമെന്നത് സമൂഹത്തില്‍ ചര്‍ച്ചാവിഷയമാകുന്നു എന്ന അവസ്ഥയിലെത്തിയത്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സ്ത്രീ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ഇങ്ങനെയൊരു അനുകൂലാവസ്ഥ സൃഷ്ടിക്കുന്നതില്‍ അന്വേഷിക്കും മറ്റു സംഘടനകള്‍ക്കും വലിയ പങ്കുണ്ട്. അന്വേഷിയെപ്പോലുള്ള സംഘടനകള്‍ ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്. 

നമ്മുടെ നവോത്ഥാനത്തിനേറ്റ തിരിച്ചടി പ്രധാനമായും മൂന്നു മേഖലകളിലാണ്. ആദിവാസി, ദളിത്, സ്ത്രീ സമൂഹങ്ങളെ വേണ്ടുംവിധം ശാക്തീകരിക്കാനോ അവരുടെ സ്ഥിതി മെച്ചപ്പെടുത്താനോ സാധിച്ചില്ല. കേരളത്തിലെ പുരുഷാധിപത്യം പൊതുവേ ഒരു മൃദുസ്വഭാവമുള്ളതായിരുന്നു. ഒരുതരത്തില്‍ സ്വയംഭരണ സ്വഭാവമുള്ള (autonomous) നമ്മുടെ ജാതികളില്‍ പലതിലും മാതൃദായക്രമമുണ്ടായിരുന്നു. സ്വത്തവകാശം സിദ്ധിച്ചിരുന്നത് അമ്മ വഴിയായിരുന്നു. അതുകൊണ്ടുതന്നെ അത്ര തീവ്രമായ പുരുഷാധിപത്യ നിലപാടുകള്‍ സാദ്ധ്യമായിരുന്നില്ല. ഒരു സംബന്ധക്കാരനെ വേണ്ടെങ്കില്‍ വേണ്ടെന്നു പറയാന്‍ സ്ത്രീക്ക് സാധിച്ചിരുന്നു. എന്നാല്‍, സാമൂഹ്യപരിഷ്‌കരണത്തോടെ കൂടുതല്‍ ജനാധിപത്യ സ്വഭാവത്തിലേക്ക് നാട് പുരോഗമിച്ചെങ്കിലും പാട്രിയാര്‍ക്കി ശക്തിപ്പെട്ടതായി കാണാം. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ജനാധിപത്യ സമൂഹത്തിനുള്ളില്‍ സ്ത്രീകള്‍ കൂടുതല്‍ സംഘടിക്കുകയും തുല്യപദവിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അന്വേഷിയെപ്പോലുള്ള സംഘടനകളുടെ പ്രസക്തി ഇവിടെയാണ്. 

അന്വേഷിയുടെ
അതുല്യ നേതൃത്വം

വി.പി. സുഹറ

വളരെക്കാലമായി അടുത്ത ബന്ധമാണ് അന്വേഷിയുമായും അജിതയുമായുമൊക്കെ ഉള്ളത്. അന്വേഷി എന്ന സംഘടനയുടെ മുന്നോടിയായി ഉണ്ടായിരുന്ന സംഘടനയോടു യോജിച്ച് കോഴിക്കോട്ടെ സ്ത്രീവിമോചനപ്രവര്‍ത്തനങ്ങളില്‍ ശക്തമായി ഇടപെട്ടുപോന്നയാളാണ് ഞാന്‍. പിന്നീട് അന്വേഷിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹ്യപ്രവര്‍ത്തകരോട് സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍, അന്വേഷി എന്ന സംഘടനയുടെ സ്വഭാവം സംബന്ധിച്ച് എനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. ഞാനത് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, ഇതൊന്നുംകൊണ്ട് ആ സംഘടന നടത്തുന്ന ഗുണകരമായ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കാനാകില്ല. ഇപ്പോഴും നിരാശ്രയരായ നിരവധി സ്ത്രീകള്‍ക്ക് ആ സംഘടന ഒരു തണലാകുന്നുണ്ടെന്ന വസ്തുത മറക്കാനും പറ്റില്ല. അജിതയെപ്പോലുള്ള സമാനതകളില്ലാത്ത വ്യക്തിത്വം ആ സംഘടനയ്ക്ക് നേതൃത്വമായി ലഭിച്ചത് അന്വേഷിക്ക് ഗുണകരമായി ഭവിച്ചിട്ടുണ്ട്.
ഇന്ന് മറ്റൊരു വനിതാസംഘടനയുടെ പ്രവര്‍ത്തനങ്ങളുമായാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ആ സംഘടന തലാഖ് പോലുള്ള പ്രശ്‌നങ്ങളില്‍ നടത്തുന്ന ഇടപെടലിന് അന്വേഷിയുടെ നേതൃത്വമെന്ന നിലയില്‍ അജിതയുടെ നല്ല സഹായം ലഭിച്ചിട്ടുണ്ട്. കോടതി കാര്യങ്ങളിലും മറ്റും സാമ്പത്തികമായും സഹായം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭക്കേസില്‍ ആ സംഘടന നടത്തിയ ഇടപെടലുകള്‍ സ്ത്രീകള്‍ അത്ര ദുര്‍ബ്ബലരല്ല എന്ന ധാരണ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തില്ലേ? ഏതായാലും ഇത്തരം സംഘടനകളുടെ പ്രസക്തി കൂടുതല്‍ കൂടുതല്‍ സമൂഹത്തിന് മനസ്സിലായി വരുന്ന സന്ദര്‍ഭത്തിലാണ് നാമിന്ന്. 

നിരാശ്രയരായ സ്ത്രീകള്‍ക്ക്
അഭയം

സാറാ ജോസഫ്

കേരളത്തിലെ സ്ത്രീകള്‍ക്ക് അന്വേഷി അവരുടെ അനിവാര്യമായ ആവശ്യമായിട്ടാണ് ഈ ഇരുപത്തിയഞ്ചു വര്‍ഷവും നിലകൊണ്ടിട്ടുള്ളത്. പ്രാരംഭഘട്ടം മുതല്‍ അതിന്റെ സഹയാത്രികയാണ് ഞാന്‍. പുറന്തള്ളപ്പെടുന്ന സ്ത്രീക്ക് തലയ്ക്ക് മീതെ ഒരു മേല്‍ക്കൂരയും നാലു ചുവരുകളുടെ സംരക്ഷണമില്ലാതെ ഇരുന്ന ഒരു സാഹചര്യത്തില്‍ അതിനുവേണ്ടിയാണ് അന്വേഷി രൂപംകൊള്ളുന്നത്. ഇപ്പോള്‍ ആ സംഘടന പല ശാഖകളായി പടര്‍ന്നു പന്തലിച്ച് വളര്‍ന്നിരിക്കുന്നു. ആ വളര്‍ച്ചയുടെ പിറകില്‍ അജിതയും സഹപ്രവര്‍ത്തകരും സഹിച്ചിട്ടുള്ള വലിയ ത്യാഗങ്ങളും ക്ലേശങ്ങളുമുണ്ട്. സാമൂഹ്യവും രാഷ്ട്രീയവുമായ എതിര്‍പ്പുകള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയെ അതിജീവിച്ചാണ് അന്വേഷി നിലനിന്നത്. അന്വേഷിയുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ സംഘടിത എന്ന സ്ത്രീ മാസികയുടെ പത്രാധിപര്‍ ആയി നാലുവര്‍ഷത്തോളം തുടരാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കുവേണ്ടി വായനശാല രൂപീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷി തുടങ്ങിവെച്ച ലൈബ്രറി ഉദ്ഘാടനം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. അജിതയും ഞാനും പ്രിയസുഹൃത്തുക്കളായിരിക്കെത്തന്നെ ഒരേ ആശയത്തിന്റെ വാഹകരായി സമൂഹത്തിന്റെ പല പ്രശ്‌നങ്ങളിലും കൈകോര്‍ത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ ഞങ്ങള്‍ക്ക് പരസ്പരം ശക്തിപകരുന്നു. 1980-കളില്‍ പട്ടാമ്പിയില്‍നിന്ന് മാനുഷിയും കോഴിക്കോടുനിന്ന് ബോധന (അജിത)യും പോലെയുള്ള സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ തുടങ്ങിവെച്ച ആശയപ്രചരണവും പ്രവര്‍ത്തനങ്ങളുമാണ് ഇന്നത്തെ രീതിയിലുള്ള സ്ത്രീവിമോചന മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടതെന്നു ഞാന്‍ വിശ്വസിക്കുന്നു. പാറപ്പുറത്തു വിതച്ച വിത്തുകളായിത്തീര്‍ന്നില്ല അവയൊന്നും തന്നെ.


അജിതയുടെ പോരാട്ടങ്ങള്‍ 

അന്വേഷി എന്ന സ്ത്രീസംഘടന 25 വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ അതിന് അജിതയെന്ന പോരാളിയാണ് അനിഷേധ്യ നേതൃത്വം നല്‍കിയതെന്ന വസ്തുതയെ കാണാതിരിക്കാനാവില്ല. വസന്തത്തിലെ ഇടിമുഴക്കം കേരളത്തില്‍ സൃഷ്ടിച്ച മാറ്റൊലികള്‍ ഹൃദയസ്പന്ദനമാക്കി മാറ്റിയ സാഹസികരായ ഒരു തലമുറയുടെ പ്രതിനിധിയാണ് അവര്‍. കാലം പോകെ സമരത്തിന്റേയും ഇടപെടലുകളുടേയും രീതികള്‍ക്ക് മാറ്റങ്ങളുണ്ടായെങ്കിലും സമരവീര്യം ഒട്ടും തീവ്രത കുറയാതെ തുടരുന്നു. 

എണ്‍പതുകളുടെ രണ്ടാംപകുതിയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കാന്‍ ബാധ്യസ്ഥമായ, എന്നാല്‍ അവര്‍ അവഗണിച്ചുപോന്ന സ്ത്രീപ്രശ്‌നത്തെ സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും പല ഭാഗങ്ങളിലായി രൂപംകൊണ്ട സ്വതന്ത്ര വനിതാ വിമോചനസംഘങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ബോധന അജിതയുള്‍പ്പെടെ ഉള്ളവരുടെ മേല്‍ക്കൈയിലാണ് രൂപംകൊണ്ടത്. കുഞ്ഞീബി കൊലക്കേസുപോലുള്ള സംഭവങ്ങളില്‍ അതു നടത്തിയ ഇടപെടല്‍ ചരിത്രത്തിലിടം നേടിയിട്ടുണ്ട്. വ്യക്തിപരമായതെല്ലാം രാഷ്ട്രീയമാണ് എന്നും സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങള്‍ പൊതുപ്രശ്‌നങ്ങളാണെന്നുമുള്ള മുദ്രാവാക്യങ്ങള്‍ അന്ന് വൈദ്യുതതരംഗങ്ങള്‍ തന്നെയാണ് സൃഷ്ടിച്ചതെന്നും അജിത ഓര്‍ക്കുന്നു. കുടുംബത്ത് പിറന്ന സ്ത്രീകളാരും ആചാരലംഘനത്തിനു മുതിരില്ലെന്ന് തറവാടികള്‍ ഇക്കാലത്ത് ഉദ്‌ഘോഷിക്കുന്നുണ്ടെങ്കില്‍ അക്കാലത്ത് സ്ത്രീവിമോചന പ്രവര്‍ത്തകരെ കുടുംബം കലക്കികളായാണ് പൊതുസമൂഹം വിലയിരുത്തിയത്. ലൈംഗിക അരാജകത്വം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ആദ്യകാലത്ത് ആരോപണങ്ങളുണ്ടായി. അടിമസമാനമായ കുടുംബബന്ധങ്ങളെ മാറ്റിമറിക്കാനാണ് അജിതയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്ന് അവര്‍ ഭയപ്പെട്ടു. 

യാഥാസ്ഥിതിക പക്ഷത്തുനിന്നു മാത്രമല്ല ഇങ്ങനെ എതിര്‍പ്പുണ്ടായത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വര്‍ധിച്ച ആശങ്കയോടെയാണ് ഇത്തരം ഇടപെടലുകളെ കണ്ടതെന്ന് അജിത വ്യക്തമാക്കുന്നു. ഇടതുപക്ഷ സ്ത്രീസംഘടനകളിലെ പ്രവര്‍ത്തകരെ ഈ ആശയങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതാണ് അവരെ ആശങ്കാകുലരാക്കിയത്. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നുപോരുന്ന ഇത്തരം സംഘടനകളിലെ നേതാക്കള്‍ക്ക് ജനസംഖ്യയിലെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, സോഷ്യലിസം, തുല്യാവകാശങ്ങള്‍ എന്നിവ ബാധകമാകുന്നത് അവര്‍ക്കും സഹിക്കാനാകുന്ന ഒന്നായിരുന്നില്ല. 

ഇന്ന് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കുറേയൊക്കെ മാറ്റമുണ്ടായിട്ടുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളും സ്ത്രീപ്രശ്‌നത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഈയൊരു അവസ്ഥ സംജാതമായതിന് പിറകില്‍ അന്വേഷി പോലുള്ള സംഘടനകള്‍ നടത്തിയ പോരാട്ടങ്ങളുണ്ട്. സ്ത്രീ വിമോചനപ്രവര്‍ത്തകര്‍ അനുഭവിച്ച അപമാനങ്ങളും യാതനകളുമുണ്ട്. അതുപോലെ അജിതയും അജിതയെപ്പോലെ മറ്റനേകം മനുഷ്യരും നടത്തിയ പോരാട്ടങ്ങളുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com