ആത്മശിക്ഷ വിധിക്കുന്ന നീതിപാലകര്‍: പൊലീസ് ആത്മഹത്യകളില്‍ ദക്ഷിണേന്ത്യയില്‍ മൂന്നാമത് കേരളം

സംസ്ഥാനത്ത് മാനസിക സമ്മര്‍ദവും ജോലിഭാരം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു.
ആത്മശിക്ഷ വിധിക്കുന്ന നീതിപാലകര്‍: പൊലീസ് ആത്മഹത്യകളില്‍ ദക്ഷിണേന്ത്യയില്‍ മൂന്നാമത് കേരളം

നല്‍ വധക്കേസില്‍ പ്രതിയായിരുന്ന നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ബി. ഹരികുമാറിന്റെ ആത്മഹത്യ പൊലീസുകാര്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ഗൗരവമായ ചര്‍ച്ചയിലേക്ക് വഴിയൊരുക്കുന്നു. കേരളത്തില്‍ വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് ശരാശരി ഇരുപതോളം പൊലീസുകാരെന്നാണ് കണക്കുകള്‍. വ്യക്തിപരമായ വിഷയങ്ങള്‍ കൂടാതെ കടുത്ത ജോലിഭാരം മുതല്‍ അന്യായമായ സ്ഥലംമാറ്റം വരെ പൊലീസുകാരെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം അവരെ വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നു. പൊലീസുകാരുടെ ജീവിതരീതി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വേറെ.

പൊലീസുകാരെ മര്‍ദ്ദകരും മദ്യപരും ക്രിമിനലുകളുമാക്കുന്നതില്‍  ആത്മസംഘര്‍ഷങ്ങള്‍ക്ക് പങ്കുണ്ട്. മനസുലഞ്ഞാല്‍ കൈഞരമ്പ് മുറിക്കുകയും കൈത്തോക്ക് നെറ്റിയില്‍ ചേര്‍ത്ത് വെടിപൊട്ടിക്കുകയും വിഷം കഴിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി അനുഭവങ്ങള്‍ എണ്ണിയെണ്ണി പൊലീസുകാര്‍ പറയുന്നു.

''പൊലീസുകാര്‍ കേസില്‍പ്പെട്ടു കഴിഞ്ഞാല്‍ പ്രതിക്കു ലഭിക്കേണ്ട സാമാന്യ അവകാശങ്ങള്‍പോലും ലഭിക്കില്ല. പ്രതിയായാല്‍പ്പിന്നെ നിയമപരമായും വകുപ്പുതലത്തിലും അയാള്‍ അര്‍ഹിക്കുന്ന നടപടികള്‍ സ്വീകരിക്കുകതന്നെ വേണം. അതു സ്വാഭാവികം. അതേസമയം മുഴുവന്‍ തിന്മകളുടേയും പ്രതീകമാണ് അയാളെന്ന മട്ടില്‍ ഒറ്റപ്പെടുത്തുന്നതും വേട്ടയാടുന്നതും ശരിയല്ല. അതുവരെ അയാള്‍ നിലനിര്‍ത്തിയ നല്ല ബന്ധങ്ങളെല്ലാം ഒറ്റയടിക്ക് ശൂന്യമായി മാറുന്നു. നിയമപരമായ ഉപദേശം പോലും മിക്കപ്പോഴും വകുപ്പില്‍നിന്നോ സഹപ്രവര്‍ത്തകരില്‍നിന്നോ ലഭിക്കുന്നില്ല' സംസ്ഥാന പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ പറയുന്നു. എല്ലാക്കാലത്തും പൊലീസുകാരെ ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാക്കുന്ന ഇടപെടലുകളിലൊന്നു രാഷ്ട്രീയക്കാരില്‍നിന്നാണെന്ന് അദ്ദേഹം പറയുന്നു. ''രാഷ്ട്രീയക്കാര്‍ തരംപോലെ പൊലീസിനെ ഉപയോഗിക്കുന്നു, കുരുക്കില്‍പ്പെട്ടാല്‍ അറിയാത്ത ഭാവം നടിക്കുന്നു. അഥവാ രക്ഷിക്കാന്‍ എന്തെങ്കിലും ശ്രമം നടത്തുന്നുവെങ്കില്‍ത്തന്നെ അത് തനിക്കും പാര്‍ട്ടിക്കും ബുദ്ധിമുട്ടായി മാറാനുള്ള വിദൂര സാധ്യതയുള്ളിടത്തു വച്ച് അവസാനിപ്പിക്കുന്നു'' . 

ഡി.വൈ.എസ്.പി ഹരികുമാര്‍
ഡി.വൈ.എസ്.പി ഹരികുമാര്‍

ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതിനു ശേഷവും തലസ്ഥാനത്തുതന്നെ പൊലീസ് ആത്മഹത്യാശ്രമം ഉണ്ടായി. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി ഇരുപതിനടുത്ത് പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഏകദേശ കണക്ക്. ഇതില്‍ വലിയ ഏറ്റക്കുറച്ചില്‍ ഇല്ല. എന്നാല്‍, 2001 മുതല്‍ 2005 വരെയുള്ള കാലത്ത് ഇതില്‍ ഞെട്ടിക്കുന്ന മാറ്റമുണ്ടായി.

സീനിയര്‍ സിവില്‍ ഓഫിസര്‍ എടി ഷാജി
സീനിയര്‍ സിവില്‍ ഓഫിസര്‍ എടി ഷാജി

''കേരളത്തില്‍ ഏറ്റവുമധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്ത 2001-2005 കാലഘട്ടത്തെ ആരും മറക്കാനിടയില്ല. വ്യക്തിപരമായ വിഷയങ്ങള്‍ക്കുപരി കടുത്ത ജോലിഭാരവും അന്യായമായ സ്ഥലംമാറ്റങ്ങളും മേലുദ്യോഗസ്ഥരുടെ പീഡനങ്ങളുമാണ് ആ കാലത്ത് ആത്മഹത്യാ നിരക്ക് ഉയരുന്നതിനു കാരണമായത്'' പൊലീസ് അസോസിയേഷന്റെ പ്രസിദ്ധീകരണമായ കാവല്‍കൈരളിയുടെ (2018 ജനുവരി) മുഖപ്രസംഗത്തില്‍ പറയുന്നു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സന്തോഷ് കുമാര്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതുള്‍പ്പെടെ 140 പൊലീസുദ്യോഗസ്ഥരാണ് അക്കാലത്ത് ആത്മഹത്യ ചെയ്തതെന്ന് അസോസിയേഷന്‍ നേതാവുമായ ആര്‍.കെ. ജ്യോതിഷ് അതില്‍ പറയുന്നു. പൊലീസ് അസോസിയേഷനുകളുടെ പ്രവര്‍ത്തനത്തിനു വിഘാതം സൃഷ്ടിച്ചതിന്റെ പരിണതഫലങ്ങളില്‍ ഒന്നായി ഇതിനെ കാണാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

പ്രൊബേഷണറി എസ്‌ഐ ടി ഗോപകുമാര്‍
പ്രൊബേഷണറി എസ്‌ഐ ടി ഗോപകുമാര്‍

2002 ജനുവരി അവസാനം മുതല്‍ ഒന്നര വര്‍ഷത്തോളം പൊലീസുദ്യോഗസ്ഥര്‍ മാനസിക സമ്മര്‍ദ്ദങ്ങളിലായിരുന്നുവെന്നു പൊലീസിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഓര്‍ക്കുന്നു. 2003 മെയ് അവസാനം പൊലീസ് തലപ്പത്തുണ്ടായ മാറ്റത്തിനു പിന്നാലെ, പി.കെ. ഹോര്‍മിസ് തരകന്‍ പൊലീസ് മേധാവി ആയതോടെ സമ്മര്‍ദ്ദവും ആത്മഹത്യകളും കുറഞ്ഞുവന്നു. എറണാകുളം ജില്ലയിലെ ഒരു സ്റ്റേഷനില്‍ പ്രൊബേഷണറി എസ്.ഐ ആയിരുന്ന ഗോപകുമാര്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് സമീപകാലത്ത് പൊലീസിലെ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും വകുപ്പിനുള്ളില്‍ വന്‍തോതില്‍ ചര്‍ച്ചയായത്. അടുത്തയിടെ ആത്മഹത്യ ചെയ്ത പൊലീസുദ്യോഗസ്ഥരില്‍ മേലുദ്യോഗസ്ഥരുടെ പീഡനം വെളിപ്പെടുത്തി വിടപറഞ്ഞ ഒരാളും ഗോപകുമാര്‍ ആയിരുന്നു. ചിലരുടെ പേരെടുത്തു പറഞ്ഞ് അദ്ദേഹം കത്തെഴുതി വച്ചിരുന്നു. മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്‍ സുജിത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലമാണ്. 27 വയസ്സുകാരനായ സുജിത്തിന് സ്‌നേഹിച്ച പെണ്‍കുട്ടിയെ നഷ്ടപ്പെടുന്നത് താങ്ങാനായില്ല. 

കൊലയ്ക്ക് കൊടുക്കുന്ന 
കാക്കിജീവിതം

കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.പി. ഷാജി ആത്മഹത്യ ചെയ്യാനിടയായത് മറ്റൊരു ദാരുണസംഭവമാണ്. 2015 നവംബറിലാണ് സംഭവം. നവമാധ്യമങ്ങളുടേയും സൈബര്‍ ലോകത്തേയും ചതിക്കുഴികളേയും കുറിച്ച് പുതുതലമുറയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന നീതിപാലകന്‍ അതേ ചതിക്കുഴിയില്‍ വീണു എന്നാണ് ഇതേക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറയുന്നത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറിയ യാത്രക്കാരിയെ രക്ഷിക്കുന്നതിനിടെ പാളത്തിലേയ്ക്കു വീണ് കാസര്‍ഗോഡ് റെയില്‍വെ പൊലീസിലെ എസ്.സി പി.ഒ. രാജീവന്‍ മരിച്ചതും ദാരുണ സംഭവമായിരുന്നു. ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍ എന്ന സംരംഭത്തിന്റേയും സ്റ്റുഡന്റ്സ് പൊലീസ് പദ്ധതിയുടേയും പ്രാദേശിക ഏകോപനത്തില്‍ ഷാജിക്ക് വലിയ പങ്കുണ്ടായിരുന്നു. മാന്യനായ പൊലീസുദ്യോഗസ്ഥന്‍ എന്നു പേരുകേട്ടയാള്‍, ആര്‍ക്കുമുണ്ടായിരുന്നില്ല എതിരഭിപ്രായം. ഒരു വിദ്യാര്‍ത്ഥിനിക്കു വാട്സാപ്പില്‍ ലഭിച്ച അശ്ലീല ചിത്രം ആ കുട്ടിയുടെ അച്ഛന്‍ ഷാജിക്ക് വാട്സാപ്പില്‍ അയച്ചുകൊടുത്തു. അതിനെക്കുറിച്ചുള്ള തുടരന്വേഷണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥനു ഫോര്‍വേഡ് ചെയ്യുന്നതിനിടെ ഒരു ഗ്രൂപ്പിലേക്ക് ആ ചിത്രം പോയി. അബദ്ധം പറ്റിയതാണെന്ന ഷാജിയുടെ വിശദീകരണം മേലുദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടില്ല. സ്മാര്‍ട്ട് ഫോണിന്റെ ടച്ച് സ്‌ക്രീനില്‍ വിരലോടിച്ച് വാട്സാപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന അബദ്ധമാണെന്ന് അന്നുമിന്നും ഷാജിയുടെ കുടുംബവും കൂടെ ജോലി ചെയ്തവരും ആവര്‍ത്തിക്കുന്നു. സ്വഭാവദൂഷ്യത്തിന്റെ മുന്‍കാല ചരിത്രമില്ലാത്ത ഷാജി മനപ്പൂര്‍വ്വം അങ്ങനെയൊരു ചിത്രം പങ്കുവയ്ക്കില്ല എന്ന വാദവും സ്വീകരിക്കപ്പെട്ടില്ല. സസ്പെന്‍ഷനും അന്വേഷണവുമായിരുന്നു ഫലം. അപമാനഭാരം താങ്ങാനാകാതെ ഷാജി തൂങ്ങിമരിച്ചു. സംസ്‌കാരസമ്പന്നനും സൗമ്യനും നീതിമാനും അഭിമാനിയുമായ ഒരു പൊലീസുദ്യോഗസ്ഥനെ മേലുദ്യോഗസ്ഥര്‍ കൊലയ്ക്കു കൊടുത്തു എന്നാണ് പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അന്നു പ്രമേയത്തില്‍ കുറ്റപ്പെടുത്തിയത്. 

ഏതെങ്കിലും തരത്തില്‍ ആരോപണവിധേയരാകുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അവര്‍ അഭിമുഖീകരിക്കുന്ന പൊലീസ് ഡിപ്പാര്‍ട്ടുമെന്റിനുള്ളിലെ ചുറ്റുപാട് വളരെ ദുഷ്‌കരമാണ്. അച്ചടക്കത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്നതും നല്‍കേണ്ടതുമായ വിഭാഗമാണ് പൊലീസ്. അതുകൊണ്ടുതന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകളെ ഗൗരവമായി കണ്ടുകൊണ്ട് ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവരും. എന്നാല്‍, അച്ചടക്ക നടപടിയുടെ വേഗതയും തോതും ചില സന്ദര്‍ഭങ്ങളിലെങ്കിലും നിശ്ചയിക്കുന്നത് ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടേയോ ഏജന്‍സിയുടേയോ സ്വാധീനവും സമൂഹത്തിലുണ്ടെന്നു കരുതുന്ന പ്രാമാണ്യവുമൊക്കെ കണക്കിലെടുത്താണെന്ന് കരുതാവുന്ന സന്ദര്‍ഭങ്ങളും തീരെ വിരളമല്ലെന്ന് ഇപ്പോള്‍ ഫയര്‍ഫോഴ്സ് മേധാവിയുടെ ചുമതല വഹിക്കുന്ന ഡി.ജി.പി എ. ഹേമചന്ദ്രന്‍ ഹേമചന്ദ്രന്‍ മുന്‍പ് എഴുതിയിരുന്നു.

40 വര്‍ഷം മുന്‍പ് ഇന്റര്‍നാഷണല്‍ ലോ എന്‍ഫോഴ്സ്മെന്റ് സ്ട്രെസ്സ് അസോസിയേഷന്‍  പ്രസിദ്ധീകരിച്ച ആദ്യ വാര്‍ഷികപ്പതിപ്പിന്റെ പേര് 'പൊലീസ് സ്ട്രെസ്സ്' എന്നായിരുന്നു. പൊലീസിന്റെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയ മന:ശാസ്ത്രജ്ഞന്‍ ഹാന്‍സ് സെല്‍ലേ പൊലീസിന്റെ ജോലിയെ നിര്‍വ്വചിച്ചത് വ്യോമഗതാഗതം നിയന്ത്രിക്കുന്നതിനെക്കാള്‍ സമ്മര്‍ദ്ദമുള്ളത് എന്നായിരുന്നു. സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം കൂടുന്നത് സ്ട്രെസ്സ് കൂടാന്‍ കാരണമാകുന്നുവെന്ന് കേരളത്തിലെ പൊലീസ് അനുഭവിക്കുന്ന സമ്മര്‍ദ്ദ, ദുരിതങ്ങളെക്കുറിച്ചു പഠിച്ച മന:ശാസ്ത്രജ്ഞന്‍ ഡോ. രാജീവ് ശാന്താറാം ചൂണ്ടിക്കാട്ടുന്നു. ''സാധാരണ ആള്‍ക്കാരെ പോലെതന്നെ പൊലീസുകാര്‍ക്കും ദിവസവും താങ്ങാവുന്നതിനെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം വന്നാല്‍, അതു മാറാതെ നിന്നാല്‍ അത് ജീവിതത്തിലും ജോലിയിലും തിരിച്ചടികള്‍ നേരിടേണ്ടിവരും''

വനിതാ ഓഫീസര്‍മാരില്‍ പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള രാത്രി ഡ്യൂട്ടികള്‍ വൈഷമ്യം കൂട്ടുന്നു. അതുപോലെ അമിത ജോലിസമയം, ജോലിക്കിടെ പരിക്കു പറ്റാനുള്ള സാധ്യതകള്‍, അപകടങ്ങള്‍, സഹപ്രവര്‍ത്തകരുടെ മരണങ്ങള്‍ എന്നിവയും ജോലിയില്‍ ദുരിതം കൂട്ടുന്ന കാരണങ്ങളായി മാറുന്നു. ജോലികഴിഞ്ഞു കുടുംബവും കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കാന്‍ കഴിയുന്നില്ല എന്ന വസ്തുത ഏകദേശം എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പങ്കിടുന്നു. 


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു കോഴിക്കോട് ജില്ലയില്‍  നടന്ന പഠനം പൊലീസിന്റെ ഉള്ളറിയുന്നവിധം പ്രാതിനിധ്യ സ്വഭാവമുള്ളതും തൊഴില്‍പരമായ സമ്മര്‍ദ്ദങ്ങളെ വിലയിരുത്താനുള്ള ശ്രമവുമായിരുന്നു. കോഴിക്കോട് ജനറല്‍ ആശുപത്രി മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ. മെഹറൂഫ് രാജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫ. ഡോ. എം.റ്റി. ഹാരിഷ്, കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) ഗവേഷകന്‍ ജി. രാഗേഷ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസിലെ ഗവേഷകന്‍ അമീര്‍ ഹംസ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പഠനം. അതിന്റെ ഭാഗമായി അവര്‍ സംസാരിച്ച പൊലീസുകാരില്‍ നൂറു ശതമാനവും പ്രവര്‍ത്തന രംഗത്തും വകുപ്പുതലത്തിലും സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നു എന്നാണ് പ്രതികരിച്ചത്. 16.75 ശതമാനം പേര്‍ക്ക് മാനസിക പിരിമുറുക്കം, നാലു ശതമാനം പേര്‍ക്ക് മാനസിക നിലതന്നെ തെറ്റുന്ന വിധമുള്ള രോഗാവസ്ഥ, 25 ശതമാനം പേര്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍, 29.28 ശതമാനം പേര്‍ മദ്യപര്‍. വകുപ്പുതലത്തിലെ സമ്മര്‍ദ്ദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനരംഗത്തെ ബുദ്ധിമുട്ടുകളാണ് കൂടുതലായി മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നത് എന്നായിരുന്നു കണ്ടെത്തല്‍. 21-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മറ്റു പ്രായക്കാരെക്കാള്‍ എല്ലാത്തരം സമ്മര്‍ദ്ദങ്ങളും കൂടുതല്‍. സാധാരണ പൊലീസുകാരായ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ (സി.പി.ഒ) ആണ് മറ്റു സഹപ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ പ്രവര്‍ത്തനരംഗത്തും വകുപ്പു തലത്തിലും അഭിമുഖീകരിക്കുന്നതും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതും. എസ്.ഐ മുതല്‍ മുകളിലേക്കുള്ളവരിലും സീനിയര്‍ സി.പി.ഒമാരിലും എ.എസ്.ഐമാരിലും മാനസിക സംഘര്‍ഷത്തിന്റെ തോത് വര്‍ധിക്കും. ഇതെല്ലാം ആണ്‍ പൊലീസുകാരെക്കാള്‍ കൂടുതല്‍ അനുഭവിക്കുന്നത് വനിതാപൊലീസുകാര്‍. പ്രവര്‍ത്തനരംഗത്തും വകുപ്പുതലത്തിലുമുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാനും സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നവര്‍ക്ക് പ്രത്യേകമായി കൂടുതല്‍ പരിശീലനം നല്‍കാനും നടപടികളെടുക്കണമെന്നായിരുന്നു ശുപാര്‍ശ. സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള നയങ്ങളും പരിപാടികളും തയ്യാറാക്കുമ്പോള്‍ വനിതാ പൊലീസുകാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഒരു നടപടിയുമുണ്ടായില്ല-ഡോ. ഹാരിഷ് പറയുന്നു.

സാറ്റയെന്ന പീഡാനുഭവം

ജില്ലാ പൊലീസ് മേധാവിക്ക് എസ്.ഐ നല്‍കുന്ന പ്രതിദിന റിപ്പോര്‍ട്ടാണ് 'സാറ്റ'. ദിവസവും രാവിലെ എട്ടിന് എല്ലാ സ്റ്റേഷനിലേയും എസ്.ഐ വയര്‍ലെസ്സില്‍ അറ്റന്‍ഷനായിരിക്കണം. ഓരോരുത്തരോടും മേധാവി ചോദിക്കുന്നതും പറയുന്നതും മാത്രമല്ല, ചീത്തവിളിക്കുന്നതും മറ്റുള്ളവരെല്ലാം വയര്‍ലെസ്സില്‍ ജില്ലയുടെ പല ഭാഗത്തിരുന്നു കേള്‍ക്കുന്നു. എല്ലാ ദിവസവും 'സാറ്റ' ചോദിക്കുന്നത് അശാസ്ത്രീയമാണെന്നും മാറ്റേണ്ട കാലം കഴിഞ്ഞു എന്നുമുള്ള പൊതുവികാരമാണ് പൊലീസിലുള്ളത്. പെറ്റിക്കേസുകളുടെ കണക്കെടുപ്പാണ് സാറ്റ. തലേന്ന് എത്ര പേരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിച്ചു കേസെടുത്തു, എത്ര പേരെ ഹെല്‍മറ്റ് വയ്ക്കാതിരുന്നതിനു പിടിച്ചു, എത്ര പേരെ പൊതുസ്ഥലത്തു പുക വലിച്ചതിനു പിടിച്ചു എന്നിങ്ങനെ നീളുന്ന പട്ടിക. കുറഞ്ഞുപോകുന്നതിനാണ് അവഹേളനം. അതുണ്ടാകാതിരിക്കാന്‍ പരമാവധി പെറ്റി കേസുകളെടുക്കുന്നു. എസ്.ഐ റാങ്കില്‍ കുറയാത്തവര്‍ ഇത്തരം നിയമലംഘനങ്ങള്‍ പിടിക്കാന്‍ പാടില്ല എന്നാണ്. പക്ഷേ, ഗ്രേഡ് എസ്.ഐമാരും പിടിക്കുന്നു, എണ്ണം തികയ്ക്കാന്‍ പിടിക്കേണ്ടിവരുന്നു. പൊലീസുദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ഈ മാനസികസംഘര്‍ഷം ആത്മഹത്യകളായി മാറാതിരിക്കാന്‍ കൗണ്‍സലിംഗ് വേണ്ടിവരും. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് യഥാര്‍ത്ഥ ജനസൗഹൃദ പൊലീസായാല്‍ത്തന്നെ ഈ സംഘര്‍ഷവും ആത്മനിന്ദയും ഇല്ലാതാകം. പക്ഷേ, അതിനു വഴിയൊരുക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തലപ്പത്ത് ഉണ്ടാകുന്നില്ല. 
 

 ''കേരളത്തില്‍ നേരിട്ടുള്ള എസ്.ഐ  നിയമനം 50 ശതമാനം മാത്രമാണ്. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ബിരുദമാണ്. ഒരു ശരാശരി ബിരുദധാരിക്കു കയറിപ്പറ്റാവുന്ന മേഖലയാണിത്. നിയമനം ലഭിച്ചുകഴിഞ്ഞാല്‍ നിലവിലെ സംവിധാനം അനുസരിച്ചുള്ള ഹൈറാര്‍ക്കിയും ഈഗോയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി, 'ഞാന്‍ പറയുന്നത് അനുസരിച്ചോളുക, അല്ലെങ്കില്‍ അച്ചടക്കനടപടിക്ക് വിധേയനാകും' എന്ന ധ്വനിയാണ് പെരുമാറ്റത്തില്‍ ഉണ്ടാവുക. അച്ചടക്കത്തിന്റെ പേരില്‍ അനുസരിക്കുന്നത് ആദരവോടെയല്ലെന്നും ബിരുദത്തിനും അപ്പുറമുള്ള വിദ്യാഭ്യാസ യോഗ്യതയും അനുഭവജ്ഞാനവും മാനവികതയും ഉള്ളവരാണ് തന്റെ കീഴില്‍ ഉള്ളതെന്നും മനസ്സിലാക്കണം. ഇരുവിഭാഗങ്ങളുടെയിടയില്‍ ഉയര്‍ന്നുവരുന്ന ഈഗോകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് സേനയുടെ അസ്തിത്വത്തെ ഉലയ്ക്കുകയും കാര്യശേഷി കുറയ്ക്കുകയും ചെയ്യും. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ചും ഉയര്‍ന്ന ബിരുദ, ബിരുദാനന്തരധാരികള്‍ സേനയില്‍ ഭൂരിപക്ഷമുള്ളതുകൊണ്ടും സബ്ഇന്‍സ്പെക്ടര്‍മാരുടെ നിയമനം സംസ്ഥാനവിഷയമായതുകൊണ്ടും നേരിട്ടുള്ള നിയമനം നിര്‍ത്തല്‍ ചെയ്യേണ്ടതാണ്.'' എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍. ഗ്രേഡ് എസ്.ഐ സാധാരണ പൊലീസുകാരനായി കയറിവന്ന അനുഭവസമ്പത്തുള്ള ആളായിരിക്കും. എന്നാല്‍, നേരിട്ട് എസ്.ഐ ആകുന്ന മകന്റെ പ്രായമുള്ളവര്‍ മേധാവിത്വം പ്രകടിപ്പിക്കുന്നതും ശകാരിക്കുന്നതും ഉണ്ടാക്കുന്ന അപമാനം ചെറുതല്ല. സ്റ്റേഷനുകളിലെ ഈഗോയും പരസ്പരബന്ധം മോശമാകുന്നു. പരിശീലനം കഴിഞ്ഞു ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍പ്പിന്നെ കൗണ്‍സലിംഗ് പോലുള്ള ആശയവിനിമയ പരിപാടികളൊന്നുമില്ല. ഇടയ്ക്ക് പരിശീലന ക്ലാസ്സുകളുണ്ട്. അതിനു വിടുന്നത് പ്രത്യേകിച്ചു തിരക്കൊന്നുമില്ലാത്ത ആരെയെങ്കിലുമാകും. കൈകാര്യം ചെയ്യുന്ന കേസുകളുടേയും ചെയ്യേണ്ടിവരുന്ന ജോലിയുടേയും തോത് അനുസരിച്ച് തൊഴില്‍ സമ്മര്‍ദ്ദത്തിന് ഏറ്റക്കുറച്ചിലുകളുണ്ട്. സേനയില്‍ ആവശ്യത്തിന് ആളുകളില്ലാത്തതു മൂലമുള്ള അധികജോലിയാണ് പ്രധാന പ്രശ്‌നം. 19-20 പേര്‍ മാത്രമുള്ള നിരവധി പൊലീസ് സ്റ്റേഷനുകളുണ്ട് കേരളത്തില്‍. 

സേനയിലെ ഇപ്പോഴത്തെ അംഗബലം പരിഗണിക്കുമ്പോള്‍ ഇരുപതിനായിരം പേരുടെ സേവനംകൂടി ലഭിക്കേണ്ടതുണ്ട് എന്നാണ് കണക്ക്. 222 പൊലീസുകാര്‍ ഒരു ലക്ഷംപേര്‍ക്ക് സുരക്ഷനല്‍കാന്‍ വേണം എന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ഇന്ത്യയില്‍ അത് 145 ആണ്. 500 പേര്‍ക്ക് ഒരു പൊലീസ് എന്നതാണ് ദേശീയ ശരാശരി. കേരളത്തില്‍ ഇത് 800-ന് ഒന്ന് എന്ന നിലയിലാണ്. വികസിതരാജ്യങ്ങളില്‍ 400 പേര്‍ക്ക് ഒരു പൊലീസുകാരന്‍ എന്നതാണ് കണക്ക്. പ്രതിവര്‍ഷം വിരമിക്കല്‍, രാജി, മരണം എന്നീ കാരണങ്ങളാല്‍ ഏകദേശം 3500 പേരുടെ കുറവ് വരുന്നുണ്ട്. ഈ കുറവ് പരിഹരിക്കണം. വിവിധ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. പ്രതിവര്‍ഷം 3500 പേരുടെ പരിശീലനം തുടര്‍ച്ചയായി നടക്കേണ്ടതുണ്ട്. പക്ഷേ, അതു നടക്കുന്നില്ല. 


എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ്ധാ കുമാര്‍ എ.ഡി.ജി.പിയുടെ  ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം സമീപകാലത്ത് ഏറെ ചര്‍ച്ചയായതാണ്. ഉന്നത ഉദ്യോഗസ്ഥരില്‍ ചിലരുടെയെങ്കിലും കുടുംബാംഗങ്ങള്‍ പൊലീസുകാരെ വേലക്കാരെപ്പോലെ കാണുന്നതിനു തെളിവായിരുന്നു അത്. സ്നിഗ്ദ്ധാ കുമാറിനെതിരെ ഐ.പി.സി 294 ബി (മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ച് അവഹേളിക്കല്‍), ഐ.പി.സി 332 (ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുള്ള ഉദ്യോഗസ്ഥനു പരിക്കേല്‍ക്കുന്നവിധം മനപ്പൂര്‍വ്വം ആക്രമിക്കുക), ഐ.പി.സി 324 (ആയുധം ഉപയോഗിച്ചു പരിക്കേല്‍പ്പിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും ഗവാസ്‌കറെ കുടുക്കാനും പീഡനക്കേസില്‍പ്പോലും പ്രതിയാക്കാനും ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. 

പൊലീസിന്റെ ആത്മവിശ്വാസത്തെ ഗുരുതരമായി മുറിവേല്‍പ്പിക്കുന്ന സംഭവങ്ങള്‍ക്ക് മറ്റൊരു ഉദാഹരണമാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലത്തുവച്ച് നടന്നത്. ക്രിമിനലായ ആട് ആന്റണിയെ പിടിക്കാനുള്ള ശ്രമത്തിനിടെ മണിയന്‍ പിള്ള എന്ന പൊലീസുദ്യോഗസ്ഥന്‍ കുത്തേറ്റു മരിച്ചു. കിളിമാനൂരില്‍ മണല്‍ക്കടത്ത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചുകയറ്റി ഗുരുതരമായി പരിക്കേറ്റ എസ്.ഐ ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. മണിയന്‍ പിള്ളയുടെ മകള്‍ക്ക് പിന്നീട് സര്‍ക്കാര്‍ ജോലി നല്‍കി. അവര്‍ തിരുവനന്തപുരം ജില്ലാ പൊലീസ് ആസ്ഥാനത്ത് ക്ലെറിക്കല്‍ ജീവനക്കാരിയാണ്. കിളിമാനൂര്‍ സംഭവത്തില്‍ ചികിത്സയ്ക്കു് സര്‍ക്കാരും പൊലീസ് അസോസിയേഷനും സഹായിച്ചു. ഈ വര്‍ഷം മാത്രം ഡ്യൂട്ടിക്കിടയില്‍ പൊലീസുദ്യോഗസ്ഥര്‍ മരിച്ച നാല് സംഭവങ്ങള്‍ ഉണ്ടായി. അതിലൊരാള്‍ വനിതാ സിവില്‍ പൊലീസ് ഓഫീസറായിരുന്നു. തിരുവനന്തപുരം സിറ്റി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ പത്തനംതിട്ടയില്‍ വച്ച് മരിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്‌കോര്‍ട്ട് പോകുന്നതിനിടെ. വാഹന പരിശോധനയ്ക്കിടെ ടാങ്കര്‍ ലോറി ഇടിച്ചാണ് കൊല്ലം എ.ആര്‍ ക്യാമ്പിലെ സി.പി.ഒ വിപിന്‍ മരിച്ചത്. കോട്ടയത്ത് സി.പി.ഒ അജേഷ് മരിച്ചതും വാഹന പരിശോധനയ്ക്കിടെ. ഇടിച്ചു തെറിപ്പിച്ചത് ഇരുചക്രവാഹനം. കാണാതായ ശേഷം കണ്ടെത്തിയ പെണ്‍കുട്ടിയുമായി എറണാകുളത്തുനിന്ന് കൊല്ലത്തേക്കു പോകുന്നതിനിടെയാണ് വനിതാ സി.പി.ഒ ശ്രീകല മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയും കാര്‍ ഡ്രൈവറും ആ അപകടത്തില്‍ മരിച്ചു. ഇവരുടെയൊക്കെ ഭാര്യക്കോ ഭര്‍ത്താവിനോ മറ്റ് ആശ്രിതര്‍ക്കോ സര്‍ക്കാര്‍ ജോലി കൊടുക്കും. പക്ഷേ, കാലം മായ്ക്കാത്ത മുറിവായി ആ വിയോഗം അവശേഷിക്കും.

നല്ല അംഗീകാരവും പൊലീസുകാര്‍ അര്‍ഹിക്കുന്നുണ്ട് എന്നു മേലുദ്യോഗസ്ഥര്‍ മനസ്സിലാക്കി പ്രതികരിക്കണം എന്നതിന് ഒരൊറ്റ നടപടികൊണ്ട് വലിയ സന്ദേശം നല്‍കിയാളാണ് ഡി.ഐ.ജി ഷെഫിന്‍ അഹമ്മദ്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ എസ്.എസ്. ജയകുമാര്‍, സി.പി.ഒമാരായ അനില്‍കുമാര്‍, അജിത്കുമാര്‍ എന്നിവര്‍ക്കാണ് ജോലിയിലെ മികവിന് അംഗീകാരം ലഭിച്ചത്. രാത്രി 12 മണികഴിഞ്ഞ സമയം തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു ഇവര്‍. സ്വകാര്യ കാര്‍ ഓടിച്ചുവന്നത് ഡി.ഐ.ജി ആണെന്നറിയാതെ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതിച്ചു. എവിടെ നിന്നു വരുന്നു, എവിടേക്കു പോകുന്നു തുടങ്ങിയ ചോദ്യങ്ങളുമുണ്ടായി. ഡി.ഐ.ജി നന്നായി സഹകരിച്ചു, സ്വയം വെളിപ്പെടുത്തിയുമില്ല. പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്നു മനസ്സിലായി. നടപടിക്രമങ്ങള്‍ ശരിയായി മാത്രം പൂര്‍ത്തിയാക്കി. ഫോണ്‍നമ്പര്‍ എഴുതിയെടുത്ത എ.എസ്.ഐക്ക് ഇത് പൊലീസിന്റെ ബി.എസ്.എന്‍.എല്‍ കോര്‍പ്പറേറ്റ് നമ്പറാണെന്നു മനസ്സിലായപ്പോഴാണ് ആളാരാണെന്നു നോക്കിയത്. ഡി.ഐ.ജിയാണെന്നു മനസ്സിലായതോടെ ക്ഷമചോദിക്കാന്‍ ശ്രമിച്ചെങ്കിലും സാരമില്ല, ഡ്യൂട്ടിയല്ലേ ചെയ്തത് എന്നു പറഞ്ഞ് അദ്ദേഹം പോയി. എങ്കിലും ഇനി സംഭവിക്കാന്‍ പോകുന്നത് എന്താകാം എന്നു പൊലീസുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, അവര്‍ ആരൊക്കെയാണെന്നു വിവരം ശേഖരിച്ച് 500 രൂപ വീതം ക്യാഷ് റിവാര്‍ഡും ഗുഡ്സര്‍വ്വീസ് എന്‍ട്രിയും നല്‍കി. തൊഴിലാളി യൂണിയന്‍ നേതാവ് കെ.ഒ. ഹബീബിന്റെ മകനാണ് ഡി.ഐ.ജി ഷെഫിന്‍ അഹമ്മദ്.

കരുത്തു നല്‍കിയ
സംഘടന

പണ്ടത്തേക്കാള്‍ സഹപ്രവര്‍ത്തകര്‍ തമ്മില്‍ സൗഹാര്‍ദ്ദം ഉണ്ടാക്കാനും മേലുദ്യോഗസ്ഥരുടെ വേണ്ടാത്ത ഉത്തരവുകളില്‍നിന്നു മാറി നില്‍ക്കാനും കരുത്തു നല്‍കിയത് സംഘടനയാണെന്നു പറയുന്നവരാണ് ഏറെയും. പൊലീസ് അസോസിയേഷന്‍ നിലവില്‍ വന്ന 1980-കള്‍ മുതലാണ് ഈ മാറ്റം സംഭവിച്ചത്; ക്രമേണയുള്ള മാറ്റം. അതേസമയം, പൊലീസ് ട്രെയിനിംഗ് കോളേജിലെ പരിശീലന രീതി മുന്‍പത്തേക്കാള്‍ ഏറെ മാറിയെങ്കിലും ആളുകളെ വിരട്ടി അനുസരിപ്പിക്കാനുള്ള പരിശീലനത്തിനു മാറ്റമില്ല. മാറിയ കാലത്ത് ഇതു തിരിച്ചടിയാകുന്നതാണ് റോഡില്‍ പോലീസും ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി അനുഭവസ്ഥര്‍ പറയുന്നത്. ഡ്യൂട്ടിയില്‍ അല്ലാതിരുന്ന നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ബി. ഹരികുമാര്‍ സനല്‍കുമാര്‍ എന്ന യുവാവിനെ പിടിച്ചുതള്ളിയതും സനല്‍കുമാര്‍ മറ്റൊരു കാര്‍ കയറി മരിച്ചതും കോളിളക്കം സൃഷ്ടിച്ചപ്പോള്‍ ഹരികുമാറിനു പ്രതിയുടെ നീതി ലഭിച്ചില്ല എന്നു വാദിക്കുന്നവരുടെ എണ്ണം പൊലീസില്‍ കൂടുതലാണ്. ഒടുവില്‍ മരണത്തില്‍ അഭയംതേടിയ ഹരികുമാറിന് ഔദ്യോഗിക അന്തിമോപചാരം ലഭിച്ചില്ല എന്നത് സഹപ്രവര്‍ത്തകര്‍ക്കിടയിലെ വലിയ സങ്കടവുമാണ്. ഹരികുമാറിന്റെ കേസില്‍ ഐ.പി.സി 302 ഉള്‍പ്പെടുത്തി കൊലക്കേസാക്കാന്‍ മതിയായ പശ്ചാത്തലം ഉണ്ടായിരുന്നോ എന്നു ശരിയായി പരിശോധിക്കുന്നതില്‍ അന്വേഷണ സംഘത്തിനു വീഴ്ച സംഭവിച്ചു എന്നുകരുതുന്ന നിരവധിപ്പേര്‍. ഐ.പി.സി 304-ല്‍ (ബോധപൂര്‍വ്വമല്ലാത്ത നരഹത്യ) നില്‍ക്കുന്ന കേസാണെന്നും 302 നിലനില്‍ക്കില്ലെന്നും ഉപദേശം കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ, ആത്മഹത്യ ചെയ്യുന്നതിനുപകരം നിയമപരമായി പൊരുതാന്‍ ഹരികുമാറിനു ധൈര്യം കിട്ടുമായിരുന്നവത്രേ. ഹരികുമാറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തു, സമ്മര്‍ദത്തിലാക്കി, ജ്യേഷ്ഠനുള്‍പ്പെടെ നോട്ടീസ് കൊടുത്തു എന്നീ കാരണങ്ങളും ആത്മഹത്യയ്ക്ക് കാരണമായി എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മുന്‍പ് പൊലീസുകാരല്ലാത്ത പല പ്രതികളുടെ കാര്യത്തിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണെങ്കില്‍ പുറത്തു കൊണ്ടുവരാന്‍ ആ കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ബന്ധുക്കളെ ബുദ്ധിമുട്ടിക്കുന്ന രീതി. അതുകൊണ്ട് സഹപ്രവര്‍ത്തകന്റെ കാര്യത്തില്‍ നിങ്ങളെന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല എന്ന ചോദ്യം ഉയര്‍ന്നു. ''കൈവെട്ടുകേസിലെ ഇരയായ പ്രൊഫ. ടി.ജെ. ജോസഫിനെ കൈവെട്ടു സംഭവത്തിനു മുന്‍പ് ചോദ്യപേപ്പര്‍ കേസില്‍ പിടികിട്ടാത്തതിന് അദ്ദേഹത്തിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മോശമായി കൈകാര്യം ചെയ്ത സംഭവമുണ്ടായിരുന്നു. അതുപോലെ പലസംഭവങ്ങളുമുണ്ട്. അതുകൊണ്ട് ഹരികുമാറിന്റെ കാര്യത്തിലും അതു ചെയ്യേണ്ടി വന്നുവെന്നാണ് ന്യായീകരണം. പക്ഷേ, ഫലത്തില്‍ മാധ്യമങ്ങളുടെ ഉള്‍പ്പെടെ പൊതുവികാരത്തിന് പൊലീസ് വഴങ്ങിക്കൊടുക്കേണ്ടി വരികയായിരുന്നു.'' പറയുന്നത് ഉന്നത പൊലീസുദ്യോഗസ്ഥന്‍. 

സമയബന്ധിത റിക്രൂട്ട്മെന്റ് നടത്തി പ്രതിവര്‍ഷ പരിശീലന നടപടികളുടെ നിലവിലെ അംഗസംഖ്യാപ്രശ്‌നം പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യത്തിനനുസൃതമായി അംഗസംഖ്യ വര്‍ദ്ധിക്കുകയും വേണം. ഇതിനായി കേന്ദ്രഗവണ്‍മെന്റ് മതിയായ ഫണ്ട് അനുവദിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉദാസീനത കൈക്കൊള്ളുകയാണെങ്കില്‍ സേനയില്‍ നിലവിലുള്ളവരുടെ ജോലിഭാരം വര്‍ദ്ധിക്കുകയും കാര്യക്ഷമത കുറയുന്നതിനിടയാകുകയും ചെയ്യും.
നമ്മുടെ അംഗബലത്തില്‍ ജനങ്ങളുമായി നേരിട്ടുബന്ധപ്പെടുന്നത് ലോക്കല്‍ പൊലീസ് വിഭാഗമാണ്. ഈ വിഭാഗത്തെ ശക്തിപ്പെടുത്തുന്നത് രഹസ്യാന്വേഷണ വിഭാഗവുമാണ്. കേസ്സന്വേഷണവും പരാതിയന്വേഷണവും മാത്രമല്ല, അതിനിടയില്‍ സുരക്ഷയും വാഹനഗതാഗതവും നിയന്ത്രിക്കേണ്ടി വരുന്നു. ഇവിടെയാണ് കാര്യക്ഷമതയുടെ അളവുകോല്‍ നിരീക്ഷിക്കേണ്ടത്. കേസന്വേഷണത്തിനാവശ്യമായ ഭൗതിക സാഹചര്യം അര്‍ഹമായ തോതില്‍ ലഭ്യമല്ല. ഇവ വിപുലമാക്കുകയാണെങ്കില്‍ കാര്യക്ഷമത കൂടുതല്‍ കൈവരിക്കാനാവും. എട്ടു മണിക്കൂര്‍ ജോലിയൊക്കെ പൊലീസില്‍ നടപ്പാക്കിയെങ്കിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെപ്പോലെ പത്ത് മുതല്‍ അഞ്ച് വരെയുള്ള ജോലി നടക്കില്ല. ആളുകള്‍ കുറവായതുതന്നെ കാരണം. തലേന്നത്തെ രാത്രി ഡ്യൂട്ടി കഴിഞ്ഞു രാവിലെ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാല്‍ അതിനു പിന്നാലെ പോകേണ്ടിവരും. പിന്നെ ചിലപ്പോള്‍ അന്നു വീട്ടിലേക്കു പോകാനേ സാധിച്ചെന്നു വരില്ല. സമയത്ത് ഭക്ഷണം, ഉറക്കം ഇതൊന്നുമുണ്ടാകില്ല.
പത്താം ശമ്പള പരിഷ്‌കരണ കമ്മിഷനു പൊലീസ് അസോസിയേഷന്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ ദുരവസ്ഥയെക്കുറിച്ച് ചുരുക്കിയാണെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു. ഇതര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് പൊലീസുദ്യോഗസ്ഥരുടെ കുടുംബാന്തരീക്ഷത്തില്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ ഏറെയാണ്. ദൈര്‍ഘ്യമേറിയ ഡ്യൂട്ടി സമയം കാരണം ഭാര്യയുടേയും കുട്ടികളുടേയും മാതാപിതാക്കളുടേയും കാര്യങ്ങളില്‍ കൂടതല്‍ ശ്രദ്ധ പുലര്‍ത്താനാവാത്ത അവസ്ഥയും അതിനാല്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും ഉള്ളിലൊതുക്കിയാണ് ജോലി ചെയ്യുന്നത്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മിഷനു മുന്നില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പൊലീസിന്റെ അവസ്ഥയും ആവലാതികളും ആവശ്യങ്ങളും സമഗ്രവും സൂക്ഷ്മവുമായി ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടായിരുന്നു അത്. പക്ഷേ, ഇനി വരുന്ന 11-ാം ശമ്പള കമ്മിഷനു മുന്നിലും സ്വന്തം ഗതികേട് വിശദീകരിക്കേണ്ട സ്ഥിതിയിലാണ് പൊലീസുകാര്‍. ശമ്പളത്തിലെ വര്‍ധനവില്‍ സംതൃപ്തിയുണ്ട്. പക്ഷേ, പൊലീസിനെ ആന്തരികമായി അസ്വസ്ഥമാക്കുകയും ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യുന്ന നിരവധി കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. അവയാകട്ടെ ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ കൊണ്ടുമാത്രം പരിഹരിക്കാവുന്നതുമല്ല.

മറികടക്കാന്‍ മന:ശാസ്ത്ര വഴികള്‍ 
സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ വന്‍തോതില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉയരും.  കോര്‍ട്ടിസോളിന്റെ വര്‍ധന മൂലം രക്തസമ്മര്‍ദ്ദം, പ്രമേഹ സാധ്യത, കൊളസ്ട്രോള്‍ എന്നിവ കൂടും. മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. തലച്ചോറിന്റെ ചില ഭാഗങ്ങളില്‍ കോര്‍ട്ടിസോളിന്റെ അമിത അളവുമൂലം ഉറക്കക്കുറവും ശ്രദ്ധക്കുറവും ലൈംഗിക ശേഷിക്കുറവും ആര്‍ത്തവ വ്യതിയാനവും സംഭവിക്കാമെന്ന് പറയുന്നു ഡോ. രാജീവ് ശാന്താറാം. സ്ട്രെസ്സ് കൈകാര്യം ചെയ്യുന്നതിന്റെ ആദ്യപടി സ്ട്രെസ്സ് ഉണ്ടെന്ന് തിരിച്ചറിയുക തന്നെയാണ്. പിന്നെ യാഥാര്‍ത്ഥ്യബോധത്തോടെ പരിഹാരശ്രമങ്ങളിലേക്കു കടക്കണം. റിലാക്സേഷന്‍ ട്രെയിനിംഗ്, യോഗ, ധ്യാനം, മൈന്‍ഡ്ഫുള്‍നെസ്സ്, കോണ്‍ഷ്യസ് ഓട്ടോ സജഷന്‍ അഥവാ ബോധപൂര്‍വ്വമായ നിര്‍ദ്ദേശങ്ങള്‍, ഹോബികളില്‍ ശ്രദ്ധിക്കല്‍, മ്യൂസിക് തെറാപ്പി, ആര്‍ട്ട് തെറാപ്പി തുടങ്ങിയ പല മാര്‍ഗ്ഗങ്ങളിലൂടെ ഒരു പരിധിവരെ സ്ട്രെസ്സ് കുറയ്ക്കാം. ഇവയ്ക്കു പരിമിതികളുമുണ്ട്. സ്വയം സഹായിച്ചു മുന്നേറാനുള്ള ശ്രമങ്ങളില്‍ പലതും നിലനില്‍ക്കാതെ പോകുന്നു. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ മറ്റു ചില നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്. സമ്മര്‍ദ്ദത്തിന്റെ ഇടയില്‍ നില്‍ക്കുമ്പോഴും വെല്ലുവിളികളെ പ്രതീക്ഷയോടേയും നര്‍മ്മബോധത്തോടേയും നേരിടാന്‍ തയ്യാറാകുന്നവര്‍ക്ക് ശരീരത്തിലും മനസ്സിലും നല്ല മാറ്റങ്ങള്‍ വരുന്നതായും സ്ട്രെസ്സ് ചെറുക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ വര്‍ധിക്കുന്നതായും ദുരിതസാധ്യത കുറയുന്നതായും പഠനങ്ങളുണ്ട്. മനോനിറവോടുകൂടി ചെയ്യുന്ന ജോലിയില്‍ നൈപുണ്യം നിലനിര്‍ത്തി, കാര്യക്ഷമത കൂട്ടി, ഫലപ്രാപ്തി നേടാന്‍ ശീലിക്കുക, കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഊഷ്മളമാക്കുക, ലോകത്തിനു വലിയ സംഭാവനയും നന്മയും നമ്മളിലൂടെ വരാനിരിക്കുന്നു എന്നു ചിന്തിച്ച് ആ വലിയ ദൗത്യത്തിനു സജ്ജരായിരിക്കുക തുടങ്ങിയവ. പോസിറ്റീവ് സൈക്കോളജി ആന്റ് റെസിലിയന്‍സ് ട്രെയിനിംഗ് എന്ന ഈ രീതി ലോകത്തെ ഏറ്റവും മികച്ച സേനകള്‍ ശീലിക്കുന്ന രീതിയാണെന്ന് ഡോ. പ്രസാദ് ചൂണ്ടിക്കാട്ടുന്നു. ഓരോ ഓഫീസറുടേയും മനക്കരുത്ത് വര്‍ധിക്കുന്നതിലൂടെ പൊലീസ് സേന കൂടുതല്‍ ക്രിയാത്മകമാവുകയും വെല്ലുവിളികളെ തോല്‍പ്പിച്ച് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


പൊലീസ് ക്ലേശങ്ങളുടെ രൂപഭാവങ്ങള്‍ മാറ്റിയ സംഘബലം
1966-ലെ ശമ്പള പരിഷ്‌കരണത്തില്‍ പൊലീസുകാരെ തഴഞ്ഞു എന്ന പരാതി വ്യാപകമായതിന്റെ തുടര്‍ച്ചയാണ് കേരള പൊലീസ് അസ്സോസിയേഷന്‍ രൂപീകരണത്തിലെത്തിയത്. ആ ശമ്പളപരിഷ്‌കരണത്തില്‍ കാഷ്വല്‍ അവധികളുടെ എണ്ണം 20-ല്‍നിന്ന് 15 ആയി കുറച്ചു. അതുണ്ടാക്കിയ രോഷവും വിഷമവും ചെറുതായിരുന്നില്ല. ഉന്നതതല തസ്തികകള്‍ സമയത്ത് സൃഷ്ടിച്ച് സമയബന്ധിതമായിത്തന്നെ സ്ഥാനക്കയറ്റങ്ങള്‍ നടപ്പാക്കുകയും താഴേത്തട്ടില്‍ സ്ഥാനക്കയറ്റം കിട്ടാക്കനിയായി മാറുകയും ചെയ്തു. ഇതെല്ലാം ചേര്‍ന്നു പൊലീസ് സേനയുടെ അകം പുകഞ്ഞു. ടി.വി ചാനലുകളും സമൂഹമാധ്യമങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് പത്രങ്ങളാണ് ഈ പുകച്ചില്‍ പുറത്തെത്തിച്ചത്. നീറിപ്പുകയുന്ന വെടിമരുന്നുശാലയാണ് പൊലീസ് എന്നായിരുന്നു 1967 ജനുവരി 14നു ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. '1978-1979 ആയതോടെ ഏതാണ്ട് എല്ലാ പത്രങ്ങളും പൊലീസുകാര്‍ അനുഭവിക്കുന്ന വിഷമതകള്‍ എഴുതി. അവയില്‍ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളാണ് കാക്കിക്കുള്ളിലെ മനുഷ്യരുടെ കഥ, യൂണിഫോം എന്ന ഗോഷ്ടി, എഴുതിത്തീരാത്ത ക്ഷേമപദ്ധതി; കാണപ്പെടാതെ പോയ സത്യങ്ങള്‍, പൊലീസിന്റെ പീഡനങ്ങള്‍ ഒരു തുടര്‍ക്കഥ, ഉരുക്കുതൊപ്പിക്കുള്ളില്‍ ഉരുകുന്ന മനുഷ്യര്‍, പൊലീസ് നയത്തിന്റെ പാകപ്പിഴകള്‍, പൊലീസ്: സങ്കല്‍പ്പങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ എന്നിവ. ഇതുകൂടാതെ പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ വഴി പൊലീസുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന് ഗവണ്‍മെന്റിനെ ഉപദേശിച്ചു. ഈ സാഹചര്യത്തിലാണ് ദേശീയതലത്തില്‍ വളര്‍ന്നുവന്ന അസംതൃപ്തി കേരളത്തിന്റെ പടിപ്പുരയില്‍ എത്തുകയും പൊലീസുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടന വേണമെന്ന നിലപാടിലേക്ക് പൊലീസുകാര്‍ ഉണരുകയും ചെയ്തത്''. കേരളാ പൊലീസ്: ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ കെ. രാജന്‍ എഴുതുന്നു. 
വിവിധ ജില്ലകളില്‍ പൊലീസ് കൂട്ടായ്മകള്‍ രൂപംകൊണ്ടു. എറണാകുളം കേന്ദ്രമായി പൊലീസിന് ഒരു സമരസമിതിയുണ്ടായി. 1979 ജൂണ്‍ 15-നു കേരളത്തില്‍ പൊലീസ് പണിമുടക്ക് നടത്തുമെന്ന പ്രഖ്യാപനവും ഉണ്ടായി. പി.കെ. വാസുദേവന്‍ നായര്‍ ആയിരുന്നു മുഖ്യമന്ത്രി. സമരം ഒഴിവാക്കാന്‍ പൊലീസിനു സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാന്‍ തീരുമാനിച്ചുകൊണ്ട് ജൂണ്‍ 13നു മന്ത്രിസഭായോഗം തീരുമാനമെടുത്തു. പ്രത്യേക പൊലീസ് അലവന്‍സ് അനുവദിക്കാനുള്ള തീരുമാനവും ആ യോഗത്തിലാണുണ്ടായത്. സമരം വേണ്ടെന്നു വച്ചു. ജൂലൈ 20നു എല്ലാ ജില്ലകളില്‍നിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ച് എറണാകുളത്തു ചേര്‍ന്ന യോഗം സംസ്ഥാനതലത്തില്‍ 49 അംഗ സംഘാടകസമിതി രൂപീകരിച്ചു. ആഗസ്റ്റ് 16നു ചേര്‍ന്ന പ്രതിനിധി സമ്മേളനം പൊലീസ് അസ്സോസിയേഷന്‍ രൂപീകരിച്ചു. പക്ഷേ, അസ്സോസിയേഷന്‍ അംഗീകരിച്ച ഭരണഘടന സര്‍ക്കാര്‍ അംഗീകരിച്ചില്ല. മറ്റൊരു ഭരണഘടന സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങി. അസോസിയേഷന്‍ അത് അംഗീകരിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിക്ക് അംഗീകാരം നല്‍കുന്നതും സംഘടനയ്ക്ക് നിയമവിധേയത്വം നല്‍കുന്നതും അനിശ്ചിതത്വത്തിലായി. 1979 ഒക്ടോബര്‍ ഏഴിനു പി.കെ.വിയുടെ രാജി. ഒരു മാസം മാത്രം സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രി. പിന്നാലെ തെരഞ്ഞെടുപ്പ്. പൊലീസ് സംഘടനയ്ക്ക് അംഗീകാരം നല്‍കുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ഇടതുമുന്നണി തെരഞ്ഞെടുപ്പു പത്രികയില്‍ വാഗ്ദാനം നല്‍കി. 1980 ജനുവരി 25-നു അധികാരത്തിലെത്തിയ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ ആ വാക്ക് പാലിച്ചു. ടി.കെ. രാമകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. ഫെബ്രുവരി 22-നു സംസ്ഥാന സമിതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് ഐ.ജി ഉത്തരവിറക്കി. അക്കാലം ഡി.ജി.പി ഉണ്ടായിരുന്നില്ല, ഐ.ജിയായിരുന്നു പൊലീസ് മേധാവി. പൊലീസുകാരുടെ ജോലിസമയം എട്ടു മണിക്കൂറാക്കി തത്ത്വത്തില്‍ അംഗീകരിച്ചതും പൊലീസ് സഹകരണ സംഘം രൂപീകരിച്ചതും പരേഡ് ആഴ്ചയില്‍ രണ്ടു ദിവസമാക്കിയതും മറ്റും ഇതിന്റെ തുടര്‍ച്ചയായിരുന്നു. ആ സര്‍ക്കാരിന്റെ പ്രതിബദ്ധതയും അസ്സോസിയേഷന്റെ പ്രവര്‍ത്തന വിജയവുമായി ഇത്തരം സുപ്രധാനങ്ങള്‍ മാറി. കേരളത്തിലെ പൊലീസുകാരുടെ ആത്മാഭിമാനത്തിന്റെ പുതിയ ഘട്ടം തന്നെയായി സംഘടനാ രൂപീകരണം മാറി. സാധാരണ പൊലീസുകാരോട് സംസാരിക്കുമ്പോള്‍ ഇതു മനസ്സിലാകും. അസ്സോസിയേഷന്റെ രാഷ്ട്രീയവല്‍ക്കരണം, ഭരണം മാറുന്നതിനനുസരിച്ച് മാറുന്ന കൂറ് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുടെ പുറത്തുതന്നെയാണ് പൊലീസ് അസോസിയേഷന്‍. പക്ഷേ, അപ്പോഴും സംഘബലം നല്‍കുന്ന ബലത്തെക്കുറിച്ചു വാചാലരാണ് പൊലീസുകാര്‍. സമ്മര്‍ദ്ദങ്ങളുടെ രൂപഭാവങ്ങള്‍ മാറിയതിലും ഈ സംഘബലത്തിനുതന്നെയാണ്  അവര്‍ നന്ദി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com