ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ്സ് തിരിച്ചുവരവ്

അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ തുടരുന്ന ഹിന്ദുത്വകക്ഷിയുടെ നയങ്ങള്‍ മൂലം കര്‍ഷകരും തൊഴിലാളികളും യുവാക്കളും ചെറുകിട വ്യാപാരികളും അടങ്ങുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്ക് ആകെ മടുത്തിരിക്കുന്നു.
ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ്സ് തിരിച്ചുവരവ്

ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ തുടരുന്ന ഹിന്ദുത്വകക്ഷിയുടെ നയങ്ങള്‍ മൂലം കര്‍ഷകരും തൊഴിലാളികളും യുവാക്കളും ചെറുകിട വ്യാപാരികളും അടങ്ങുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്ക് ആകെ മടുത്തിരിക്കുന്നു. മതരാഷ്ട്രീയത്തെ തല്‍ക്കാലത്തേക്കെങ്കിലും പടിക്കു പുറത്തുനിര്‍ത്താന്‍ അവര്‍ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു. അവരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍, തൊഴിലും തൊഴിലിന് ന്യായമായ കൂലിയും ഉറപ്പുവരുത്താന്‍ കഴിയുന്ന ഭരണാധികാരികളാണ് അവര്‍ക്കു വേണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിന് അരനൂറ്റാണ്ടിലധികം രാജ്യത്തെ ഭരിച്ച കക്ഷിയിലേക്ക് അവര്‍ വീണ്ടും തിരിഞ്ഞിരിക്കുന്നു. കുറ്റങ്ങളും കുറവുകളും ഏറെയുണ്ടെങ്കിലും ഹിന്ദുത്വകക്ഷിയെക്കാള്‍ ഭേദം അതാണെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. നവ ഉദാരവല്‍ക്കരണത്തിന് തുടക്കമിട്ടവരെങ്കിലും നവ ഉദാരവല്‍ക്കരണം തീവ്രമായി നടപ്പാക്കുന്ന ഹിന്ദുത്വകക്ഷിയെക്കാള്‍ നെഹ്രുവിയന്‍ പാരമ്പര്യം അവകാശപ്പെടുന്ന കക്ഷിയാണ് നല്ലത് എന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. 

തീര്‍ച്ചയായും ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. മാറ്റുരയ്ക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനമാണ്. പ്രാദേശികമായ സമവാക്യങ്ങളാണ് ഇത്തരം തെരഞ്ഞെടുപ്പുകളെ കൂടുതല്‍ സ്വാധീനിക്കുകയെന്നതും ശരിയാണ്. എന്നാല്‍, വര്‍ധിച്ച അധികാര കേന്ദ്രീകരണത്തിന്റെ കാലമാണ് കടന്നുപോയത് എന്നുകൂടി മറക്കാതിരിക്കുക. സര്‍വ്വാധികാരിയും ശക്തവുമായ കേന്ദ്രവും ദുര്‍ബ്ബലമായ സംസ്ഥാനങ്ങളും എന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുടെ പ്രത്യേകത. ഫെഡറലിസം എന്ന തത്ത്വം തകര്‍ന്നുതരിപ്പണമായി. കേരളത്തില്‍ത്തന്നെ പ്രളയാനന്തരം സംസ്ഥാന സര്‍ക്കാരിനെ കുറച്ചു നാളത്തേക്കെങ്കിലും ശ്വാസം മുട്ടിച്ച് കേന്ദ്രത്തിന്റെ കരുത്ത് ബോദ്ധ്യപ്പെടുത്തിയത്, ഫെഡറലിസം നല്‍കുന്ന അവകാശങ്ങളിലല്ല, മറിച്ച് കേന്ദ്രത്തിന്റെ ഔദാര്യത്തിലാണ് കാര്യങ്ങള്‍ എന്നുകൂടി കടുത്ത ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമുള്ള ഒരു പ്രദേശത്തെ ജനതയെ ഓര്‍മ്മിപ്പിക്കാന്‍ കൂടിയായിരുന്നു. തീര്‍ച്ചയായും അതതു സംസ്ഥാനങ്ങളിലെ ഭരണക്കാരോടുള്ള ജനങ്ങളുടെ എതിര്‍പ്പ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍, ജി.എസ്.ടിയും നോട്ടുനിരോധനവുമൊക്കെ ജനജീവിതത്തെ സാരമായി പിടിച്ചുലച്ചിട്ടുണ്ട് എന്നതും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പരാജയത്തിന് കാരണമായി. കര്‍ഷക ജനസാമാന്യത്തെ കൂടുതല്‍ കൂടുതല്‍ ദരിദ്രവല്‍ക്കരിക്കുക മാത്രമാണ് കേന്ദ്രനയങ്ങള്‍ ഇത്രയും കാലം ചെയ്തുപോന്നത്. അത് കൂടുതല്‍ തീവ്രമാകുന്നതാണ് മോദി ഭരണത്തില്‍ രാജ്യം കണ്ടത്. 

ഇനിയില്ല
മോദിപ്രഭാവം

ഹിന്ദുക്കളുടേയും പൊതുവേ രാജ്യത്തിന്റെ തന്നെയും സ്വാഭിമാന പ്രകാശനമായിട്ടാണ് ബി.ജെ.പി തങ്ങളുടെ നയങ്ങളെ വിശേഷിപ്പിച്ചു പോരുന്നത്. 1998-ലെ രണ്ടാം പൊക്രാന്‍ അണുവിസ്‌ഫോടനം തങ്ങളുയര്‍ത്തിപ്പിടിക്കുന്ന തരം ദേശാഭിമാനത്തിന്റെ വിജൃംഭണമായിട്ടാണ് ഇത്രയും കാലം അവര്‍ അവതരിപ്പിച്ചുപോന്നത്. ഗുജറാത്തില്‍ നടന്ന വംശീയ കൂട്ടക്കൊലയും അവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു തീവ്രമായ ദേശീയാഭിമാനത്തിന്റെ മറ്റൊരു തരത്തിലുള്ള വിജൃംഭണമായിരുന്നു. തീവ്രദേശീയതയുടേയും ഹിന്ദു സ്വാഭിമാനത്തിന്റേയും പ്രതീകമായി ഉയര്‍ന്നുവരികയും കോര്‍പ്പറേറ്റ് സൗഹൃദ സാമ്പത്തികനയത്തിന്റെ ശക്തനായ വക്താവായി പില്‍ക്കാലത്ത് അവതരിക്കുകയും ചെയ്ത മോദിയെ കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന മാധ്യമശൃംഖലകള്‍ തന്നെയാണ് ഇന്ത്യയുടെ പുതിയ ശില്പി എന്ന പേരില്‍ പരസ്യപ്പെടുത്തിയത്. തുടരെത്തുടരെ ഭരണരംഗത്ത് പരാജയം നേരിട്ട കോണ്‍ഗ്രസ്സ് നയിച്ച യു.പി.എയുടെ അവസാന നാളുകളിലാണ് ദേശീയ രാഷ്ട്രീയത്തില്‍ മോദി എന്ന താരോദയം സംഭവിക്കുന്നത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. നെഹ്രു തുടങ്ങിവെച്ചതും ഇന്ദിര ഏറ്റെടുത്തതുമായ സോഷ്യലിസ്റ്റ് സ്വഭാവമുള്ള എല്ലാ നടപടികളേയും തിരിച്ചിടുക എന്നതാണ് കോര്‍പ്പറേറ്റുകള്‍ മോദിയിലേല്‍പ്പിച്ച ദൗത്യം. അങ്ങനെ നവഭാരതശില്‍പ്പിയായ നെഹ്രുവിനു പകരം ഇന്ത്യയുടെ പുതിയ ശില്പി എന്ന പട്ടം അലങ്കരിക്കുന്ന മോദി വ്യാപകമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടു. ക്രിയേറ്റീവ് ഡിസ്‌റപ്റ്റര്‍ എന്നൊരു വിശേഷണത്തോടുകൂടി പുതിയൊരുതരം പ്രതിനായക രാഷ്ട്രീയം മേല്‍ക്കൈ ആര്‍ജ്ജിച്ചു. നിലനില്‍ക്കുന്ന വ്യവസ്ഥയോട് അതൃപ്തിയുള്ളവരിലൊക്കെ, പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ നാഗരിക മധ്യവര്‍ഗ്ഗത്തില്‍, ഇന്നത്തെ അവസ്ഥ മാറ്റാന്‍ കഴിവുള്ള, പൗരുഷവും ഇച്ഛാശക്തിയുമുള്ള നേതൃത്വം മോദിക്ക് നല്‍കാനാകും എന്ന ധാരണ പടര്‍ത്താന്‍ കാശുചെലവിട്ട് മാധ്യമങ്ങളിലൂടെ നടത്തിയ തീവ്രപ്രചരണത്തിനു കഴിഞ്ഞു. 

2013-ലായിരുന്നു ദേശീയ രാഷ്ട്രീയത്തിലെ ശൂന്യത നികത്താന്‍ പര്യാപ്തമായ നേതൃത്വം നല്‍കാന്‍ മോദിക്ക് കഴിയുമെന്ന ധാരണ സൃഷ്ടിക്കുന്നതിന് കാരണമായ പ്രചാരണങ്ങള്‍ക്ക് തുടക്കമായത്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു ദശകത്തിലേറെ തുടര്‍ന്ന നരേന്ദ്രമോദി ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ആ സംസ്ഥാനങ്ങളില്‍ തിളങ്ങുന്ന വിജയം അദ്ദേഹത്തിന്റെ കക്ഷിക്ക് നേടാനായതുമായിരുന്നു ഇതിന് പശ്ചാത്തലമായത്. 
എന്നാല്‍, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറിമറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും മോദിയല്ല, മോദിക്ക് ശേഷം ആര്‍.എസ്.എസ് ഉയര്‍ത്തിക്കാട്ടുന്ന നേതാവായ യോഗി ആദിത്യനാഥിനെയായിരുന്നു ഈ സംസ്ഥാനങ്ങളില്‍ നിയോഗിച്ചിരുന്നത്. സ്വന്തം കക്ഷിക്ക് വിജയം ഉറപ്പുവരുത്തുന്നതില്‍ ആദിത്യനാഥ് പരാജയപ്പെട്ടു. എന്നാല്‍ യോഗിക്ക് ഒരുകാര്യം ഉറപ്പുവരുത്താനായി. ഹിന്ദുത്വ അജന്‍ഡ ഒരു തെരഞ്ഞെടുപ്പുവിഷയമായിത്തന്നെ തുടരുന്നുവെന്നത്. 

ജയവും പരാജയവും ജീവിതത്തിലുള്ളതാണ് എന്നു പറഞ്ഞ് തന്റെ കക്ഷിയുടെ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം പ്രധാനമന്ത്രി ഏതായാലും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, ഏറ്റെടുത്തില്ലെങ്കിലും ആ ഉത്തരവാദിത്വത്തില്‍നിന്ന് മോദിക്ക് മാറിനില്‍ക്കാനാകില്ല. കാരണം കേന്ദ്രം കൈക്കൊണ്ട നയങ്ങളുടെ, നോട്ടുനിരോധനവും ജി.എസ്.ടിയുമടക്കമുള്ള നടപടികളുടെ, പരിണതഫലമാണ് ഇപ്പോഴും ജനസാമാന്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ശത്രുഘ്‌നന്‍സിന്‍ഹയും അരുണ്‍ഷൂരിയും അടക്കമുള്ള പഴയ ബി.ജെ.പിക്കാരും രഘുറാം രാജനെപ്പോലെയുള്ള നിരവധി സാമ്പത്തിക വിദഗ്ദ്ധരും നോട്ടുനിരോധനം ജനജീവിതത്തിന് ഒരു തിരിച്ചടിയായി എന്നു പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊള്ളയായ വാഗ്ദാനങ്ങളും ആക്രോശങ്ങളും മാത്രമാണ് കുറേ കാലമായി ഇന്ത്യയുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നത്. 

കാര്‍ഷിക പ്രശ്‌നം
ഇനി സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ പരിശോധിക്കാം. ഹിന്ദി ഹൃദയഭൂമിയെ പിടിച്ചുലയ്ക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമായിരുന്നു? ഒന്നാമതായി ഉയര്‍ന്നുവരുന്നത് കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്നതാണ്. രാജസ്ഥാന്‍ ജനതയുടെ 75 ശതമാനവും കഴിയുന്നത് ഗ്രാമപ്രദേശങ്ങളാണ്. ജനസംഖ്യയില്‍ പകുതിയിലേറെ കുടുംബങ്ങള്‍ക്കും സ്വന്തമായി കൃഷിഭുമിയുണ്ട്. ഒരു കണക്കുപ്രകാരം രാജസ്ഥാന്‍ ഗവണ്‍മെന്റ് സംഭരിച്ചത് ആകെ ഗോതമ്പുവിളയുടെ നാലുശതമാനം മാത്രമാണ്. മധ്യപ്രദേശില്‍ ജനസംഖ്യയില്‍ മുക്കാലോഹരിയോളം ഉപജീവനത്തിന് ആശ്രയിക്കുന്നത് കൃഷിയെയാണ്. അവിടത്തെ പ്രധാന വിളകളായ ഉള്ളിക്കും പരിപ്പുവര്‍ഗ്ഗങ്ങള്‍ക്കും ന്യായവില നല്‍കി സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 46 ശതമാനം കര്‍ഷക കുടുംബങ്ങളും കടക്കെണിയില്‍ കുടുങ്ങിയിരിക്കുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന കണക്കുപ്രകാരം കഴിഞ്ഞ 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ 21,000 കര്‍ഷകരാണ് ആ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. അതില്‍ 14 വര്‍ഷവും ഭരണം ബി.ജെ.പി സര്‍ക്കാര്‍ വകയായിരുന്നു. 

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറിയകൂറും ബി.ജെ.പി ഭരണത്തിലായിരുന്നു. അവിടങ്ങളില്‍ കൃഷിക്കാര്‍ ഈയടുത്ത കാലത്തായി തീവ്രമായ പ്രക്ഷോഭങ്ങളിലായിരുന്നു. സി.പി.ഐ.എം നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യാ കിസാന്‍ സഭ നയിച്ച കര്‍ഷകസമരങ്ങളുടെ ഗുണഫലം കൂടിയാണ് കോണ്‍ഗ്രസ്സ് കൊയ്തത്. 2008-നുശേഷം രാജസ്ഥാനില്‍ നിയമസഭയില്‍ സി.പി.ഐ.എം പ്രാതിനിധ്യം വീണ്ടും ഉണ്ടായതും ശ്രദ്ധേയമാണ്. 

തൊഴിലില്ലാപ്പടയുടെ 
പ്രതിഷേധം

രണ്ടുകോടി പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് മോദി അധികാരത്തില്‍ വരുന്നത്. എന്നാല്‍, അത് ജലരേഖയായി ഒതുങ്ങി. അഞ്ചുലക്ഷം തൊഴിലുകള്‍പോലും സൃഷ്ടിക്കാന്‍ മോദി ഗവണ്‍മെന്റിനായില്ല. രാജസ്ഥാനിലെ ജനസംഖ്യയില്‍ 55 ശതമാനം പേര്‍ 25 വയസ്സിനു താഴെയുള്ളവരാണ്. ഒരു കണക്കു പ്രകാരം 33 ലക്ഷം തൊഴില്‍രഹിതരായ യുവാക്കള്‍ ആ സംസ്ഥാനത്തുണ്ട്. ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്റെ പ്രക്ഷോഭകാലത്തും ആ സംസ്ഥാനത്ത് തെരഞ്ഞെടുപ്പു നടന്ന സമയത്തും വളര്‍ന്നുവരുന്ന തൊഴിലില്ലായ്മ എന്ന യാഥാര്‍ത്ഥ്യത്തെ സാമൂഹ്യശാസ്ത്രജ്ഞര്‍ തൊട്ടറിഞ്ഞതാണ്. എങ്കിലും തെരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങളുടെ കാര്യത്തില്‍ ഒരു കുറവും ഉണ്ടായില്ല. കഴിഞ്ഞ തവണ 15 ലക്ഷമായിരുന്നു ബി.ജെ.പി പ്രകടനപത്രികയിലെ തൊഴില്‍ വാഗ്ദാനമെങ്കില്‍ ഇത്തവണ അത് 50 ലക്ഷമായി. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിലും അവിടത്തെ ഗവണ്‍മെന്റ് ഒരു പരാജയമായിരുന്നു. 

തൊഴിലില്ലാത്ത 13 ലക്ഷത്തോളം യുവാക്കളാണ് മധ്യപ്രദേശിലുള്ളത്. ശശി തരൂര്‍ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ കുറിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ 200 പ്യൂണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച കാര്യം ചൂണ്ടിക്കാണിക്കുന്നു. വെറും എട്ടാം ക്ലാസ്സ് യോഗ്യതയായുള്ള തസ്തികയ്ക്ക് ഡോക്ടറേറ്റും ഡിഗ്രിയുമുള്ളവരടക്കം 1.3 ലക്ഷം അപേക്ഷകരാണത്രേ ഉണ്ടായത്. 

തീര്‍ച്ചയായും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. അക്കാര്യത്തില്‍ അതിലും വലിയ വീഴ്ച കേന്ദ്രസര്‍ക്കാരിനും സംഭവിച്ചു. എന്നാല്‍, തൊഴില്‍ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പു നല്‍കാനാകാത്ത നവലിബറല്‍ കാലത്ത് സര്‍ക്കാര്‍ തൊഴിലുകള്‍ ഇപ്പോഴും ആകര്‍ഷകമായി തുടരുന്നു എന്നതാണ് വസ്തുത. അടിസ്ഥാന കാരണമായ നവലിബറല്‍ ക്രമത്തിന് ബദലുണ്ടാക്കാന്‍ ബി.ജെ.പിക്ക് ബദലുണ്ടാക്കുന്ന കോണ്‍ഗ്രസ്സിന് താല്‍പ്പര്യമില്ലെന്നതും ഖേദകരമായ യാഥാര്‍ത്ഥ്യമാണ്.

ഫലപ്രഖ്യാപനത്തിന് ശേഷം ആളൊഴിഞ്ഞ ബിജെപി മന്ദിരം
ഫലപ്രഖ്യാപനത്തിന് ശേഷം ആളൊഴിഞ്ഞ ബിജെപി മന്ദിരം

വിജയഭേരി തുടരുന്ന
ഹിന്ദുത്വ രാഷ്ട്രീയം

തെരഞ്ഞെടുപ്പ് വിജയത്തിന് മതവികാരങ്ങളെ ചൂഷണം ചെയ്യുന്ന നിലപാട് ഇന്ത്യയിലെ മുഖ്യധാര കക്ഷികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സ്വാതന്ത്ര്യസമരക്കാലത്തുപോലും വിശ്വാസത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയിരുന്നു. ബാലഗംഗാധരതിലകനെപ്പോലുള്ള നേതാക്കള്‍ തൊട്ട് മഹാത്മാ ഗാന്ധിവരെ വിശ്വാസത്തെ രാഷ്ട്രീയലാക്കോടെ പ്രയോജനപ്പെടുത്തിയിരുന്നു. ഇന്ത്യ എന്നു വിളിക്കുന്ന ഈ ഭൂപ്രദേശത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസം എന്നത് വായുവും ഭക്ഷണവും പോലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് എന്ന ധാരണ ഒരുകാലത്തും ഉപേക്ഷിക്കപ്പെട്ടിട്ടില്ല. വിശ്വാസ സംഹിതകളുടെ രൂപകഭാഷ ഉപയോഗിച്ച നേതാക്കളെ നമ്മുടെ ബുദ്ധിജീവികളും രാഷ്ട്രീയ വിശാരദരും എഴുത്തുകാരുമൊക്കെ എന്നും വിശേഷിപ്പിച്ചു പോന്നിട്ടുള്ളത് ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷാശൈലിയില്‍ സംസാരിച്ചവര്‍ എന്നാണ്. മതവിശ്വാസങ്ങളുടെ അത്തരം ഉപയോഗം പലപ്പോഴും വിമര്‍ശിക്കപ്പെട്ടുവെങ്കിലും അത്തരമൊരു ഉപയോഗം ഒരു സദുദ്ദേശ്യം മുന്‍നിര്‍ത്തിയാണ് എന്നതുകൊണ്ട് കുറേയൊക്കെ പൊറുക്കപ്പെടേണ്ടതുണ്ട്.

പിന്‍വാങ്ങുന്ന മോദി
പിന്‍വാങ്ങുന്ന മോദി


എന്നാല്‍, സ്വാതന്ത്ര്യലബ്ധിയോടെ കാര്യങ്ങള്‍ മാറി. അധികാരം നിലനിര്‍ത്തുക എന്ന കേവല ലക്ഷ്യത്തെ മുന്‍നിര്‍ത്തി വിശ്വാസം രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് വേദിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ മതവിശ്വാസങ്ങളെ മാറിമാറി ചൂഷണം ചെയ്ത് അധികാരമുറപ്പിക്കുന്ന പ്രവണത ഒടുവില്‍ ഒരു മതകക്ഷിയുടെ, ബി.ജെ.പിയുടെ അധികാരലബ്ധിയില്‍ എത്തിച്ചേര്‍ന്നു. വെറും മതപ്രീണനം എന്നതിലപ്പുറം ഇനിയങ്ങോട്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഷ അംഗീകരിച്ചു മാത്രമേ പ്രതിപക്ഷത്തുള്ള മുഖ്യ മതനിരപേക്ഷ കക്ഷിക്ക് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായ രാഷ്ട്രീയപ്പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്താനാകൂ എന്ന അവസ്ഥയാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് സംജാതമായിട്ടുള്ളത്. മാറിമാറി മതവിശ്വാസികളെ പ്രീണിപ്പിക്കുക എന്ന സാധാരണ തെരഞ്ഞെടുപ്പ് അഭ്യാസത്തില്‍നിന്ന് ഇത് ഏറെ വ്യത്യസ്തമാണ്. സാമ്പത്തികരംഗത്താകട്ടെ, ഇരുകക്ഷികളുടേയും നയങ്ങളിലെ അതിര്‍വരമ്പുകള്‍ നേരത്തെ തന്നെ മാഞ്ഞുപോയതാണ്. 

നേരത്തെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് പയറ്റിയത് ഇതേ അടവുകളാണ്. പ്രവീണ്‍ തൊഗാഡിയയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തുമൊക്കെ പ്രതിനിധാനം ചെയ്യുന്ന വിമത ഹിന്ദുത്വത്തിന്റെ പിന്തുണ ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് നിര്‍ലോഭം ലഭിച്ചിരുന്നു. മധ്യപ്രദേശില്‍ ഹിന്ദുത്വ രാഷ്ട്രീയം പങ്കിട്ടെടുത്തുകൊണ്ടു കൂടിയാണ് ബി.ജെ.പിക്ക് മൂക്കുകയറിടാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞത്. കര്‍ണാടകയില്‍ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിയതാണ് കോണ്‍ഗ്രസ്സിന് വേണ്ട രീതിയില്‍ വിജയിക്കാന്‍ കഴിയാതെ പോയതിന് കാരണമെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ ആക്ഷേപിച്ചതും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്. തന്നെപ്പോലുള്ള മുസ്ലിം നേതാക്കളെ പ്രചരണരംഗത്തേയ്ക്ക് പാര്‍ട്ടി അടുപ്പിക്കുന്നില്ലെന്ന് ഗുലാംനബി ആസാദ് പരാതിപ്പെട്ടതും രാഹുല്‍ ഗാന്ധിയുടെ ബ്രാഹ്മണ പാരമ്പര്യത്തെ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് ബി.ജെ.പിക്കെതിരെ എടുത്തുപയോഗിച്ചതും ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. 

എന്നാല്‍, മിസോറാമിലെ കോണ്‍ഗ്രസ്സ് പരാജയത്തിന് വളംവെച്ചതും വിഭാഗീയ രാഷ്ട്രീയമാണ്. മിസോ വംശീയവാദികളുടെ കടുത്ത എതിര്‍പ്പിനാണ് മിസോറാമിലേക്ക് കുടിയേറിയ ബ്രു-റിയാങ് ട്രൈബുകള്‍ക്ക് വോട്ട് അവകാശം നല്‍കാനുള്ള തീരുമാനം വഴിവെച്ചത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ മുഖ്യമായും വൈഷ്ണവഹിന്ദു പാരമ്പര്യം അവകാശപ്പെടുന്ന ബ്രൂ വിഭാഗത്തിന് ഇടം നല്‍കിയതിനെതിരെ ഉണ്ടായ ശക്തമായ എതിര്‍പ്പിനെ ഭരണവിരുദ്ധ വികാരത്തോടൊപ്പം മുതലെടുക്കാന്‍ മിസോ നാഷണല്‍ ഫ്രണ്ടിനായി. ഇതുവരെ ബി.ജെ.പിക്ക് എക്കൗണ്ട് തുറക്കാന്‍ കഴിയാത്ത മിസോറാം അസംബ്ലിയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം ഉണ്ടായതും ശ്രദ്ധേയമാണ്. 
ജയിച്ചതു മതനിരപേക്ഷതയാണെന്ന് ആര്‍ത്തുവിളിക്കാന്‍ വരട്ടെ എന്നുതന്നെയാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങളും സൂചിപ്പിക്കുന്നത്. 

ചരിത്രം അവസാനിച്ചിട്ടില്ല
ജെ. പ്രഭാഷ് 

ഫുക്കുയാമയെയൊക്കെ അനുസ്മരിപ്പിക്കുംവിധം 2014-ല്‍ ചരിത്രം അവസാനിച്ചു എന്നതായിരുന്നു ബി.ജെ.പിയുടെ പ്രചരണം. കോണ്‍ഗ്രസ്സ് മുക്തഭാരതം എന്ന നെഹ്‌റുവിയന്‍ വിരുദ്ധ രാഷ്ട്രീയം അവര്‍ മുന്നോട്ടുവെച്ചു. എന്നാല്‍, അതിനേറ്റ വലിയ തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. തീര്‍ച്ചയായും ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസ്സ് പയറ്റിയ മൃദുഹിന്ദുത്വ രാഷ്ട്രീയവുമൊക്കെ ബി.ജെ.പിയുടെ ഭാവിക്ക് മങ്ങലേല്പിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യം ശക്തിപ്പെടാന്‍ ഈ ഫലം കാരണമാകും. 


യഥാര്‍ത്ഥത്തില്‍ ജനത്തിന് ഈ ഹിന്ദുത്വമൊന്നും വേണ്ട. അവര്‍ക്ക് അവരുടെ ജീവിതപ്രശ്‌നങ്ങളാണ് മുഖ്യം. കുറേ കാലങ്ങളായി കര്‍ഷകര്‍ തെരുവിലാണ്. യുവാക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കുമൊക്കെ കേന്ദ്രനയങ്ങള്‍ മടുത്തിരിക്കുന്നു. നവലിബറലിസം അവരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍, ബി.ജെ.പിക്ക് ബദലായി അവര്‍ ഈ സംസ്ഥാനങ്ങളില്‍ അവിടത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെയാണ് കാണുന്നത്. എന്നാല്‍, ഇപ്പോഴും ആ പാര്‍ട്ടി ഇതര പ്രതിപക്ഷ കക്ഷികളെ വേണ്ടവിധം മാനിക്കാന്‍ തയ്യാറായിട്ടില്ല. മാനിച്ചിരുന്നെങ്കില്‍ മധ്യപ്രദേശിലൊക്കെ ശരിയായ ഭൂരിപക്ഷം അവര്‍ക്ക് ലഭിക്കുമായിരുന്നു. തെലങ്കാനയില്‍ കുറേക്കൂടി സീറ്റുകള്‍ ഉണ്ടാകുമായിരുന്നു. 
യാതൊരു ചരിത്രവുമില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ഭൂതകാലത്തിന്റെ ഒരു പാരമ്പര്യവും അവര്‍ക്ക് അവകാശപ്പെടാനില്ല. അവര്‍ക്ക് ചരിത്രവുമില്ല. ഭാവിയുമില്ല. ഭാവിയെക്കുറിച്ച് ചിന്തകളില്ലാത്തതുകൊണ്ടാണ് ആസൂത്രണ കമ്മിഷന്‍ ഇല്ലാതാക്കിയത്. സര്‍വ്വകലാശാലകളെ നശിപ്പിക്കുന്നത്. ചരിത്രത്തെ അവര്‍ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് ജനം ചരിത്രം പറയുകയേ വേണ്ട എന്ന നിലപാടിലാണ്. ജനങ്ങള്‍ക്ക് വര്‍ത്തമാനവും ഭാവിയുമാണ് മുഖ്യം. ജീവിതത്തെ അഭിസംബോധന ചെയ്യാത്ത ഒരു രാഷ്ട്രീയവും ജനത്തിനു വേണ്ട. അതാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന ശക്തമായ സന്ദേശം. 

വര്‍ഗ്ഗീതയ്ക്ക് തിരിച്ചടി
മാത്യു കുഴല്‍നാടന്‍

മുഖ്യമായും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ്സ് വിജയം. പശുവിന്റേയും വിശ്വാസത്തിന്റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് എല്ലാക്കാലത്തും ഭരിക്കാനുള്ള അവരുടെ തന്ത്രമാണ് പരാജയപ്പെട്ടത്. 
എന്നാല്‍, മറ്റൊരു പ്രധാനപ്പെട്ട കാര്യം സാമ്പത്തികരംഗത്തെ കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ജനം നല്‍കിയ മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ എന്നതാണ്. കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിഞ്ഞു. കഴിഞ്ഞ നാലരവര്‍ഷക്കാലത്തെ ഭരണത്തിന്റെ ഫലമായി രാജ്യത്തിന്റെ സമ്പദ്ഘടന ആകെ തകര്‍ന്നു. നോട്ടുനിരോധനവും ജി.എസ്.ടിയുമൊക്കെ സമൂഹത്തെ സാരമായി ബാധിച്ചു. സമ്പദ്രംഗത്തെ ഈ കുത്തഴിഞ്ഞ അവസ്ഥയ്‌ക്കെതിരെ പൊറുതിമുട്ടിയ ജനം ശക്തമായി പ്രതികരിച്ചതാണ് തെരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്. സമാനതകളില്ലാത്ത കര്‍ഷകപ്രക്ഷോഭത്തിന് കുറേ നാളുകളായി നമ്മുടെ രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. 
രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്നു വാഗ്ദാനം നല്‍കിയാണ് മോദി അധികാരത്തിലേറുന്നത്. അഞ്ചുലക്ഷം തൊഴില്‍പോലും നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ല. പോരാത്തതിന് നോട്ടുനിരോധനത്തോടെ നിരവധി യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഇന്നലെകളില്‍ ബി.ജെ.പിയെ പിന്തുണച്ച യുവ വോട്ടര്‍മാര്‍ക്കും പുതു വോട്ടര്‍മാര്‍ക്കും ആ പാര്‍ട്ടിയോട് താല്‍പ്പര്യമില്ലാതെയായതാണ് നാം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. 

രാഹുല്‍ ഗാന്ധി എന്ന നേതാവ് ഉദിച്ചുയരുന്നതിന് കൂടി ഈ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ കാരണമായി. മോദിയെ പുകഴ്ത്താന്‍ പരസ്യങ്ങള്‍ക്ക് ചെലവിട്ട തുകയെക്കാളേറെ രാഹുലിനെ ഇകഴ്ത്താന്‍ അവര്‍ ചെലവിട്ടു. 
തീര്‍ച്ചയായും അഭിമാനാര്‍ഹമായ വിജയമാണ് കോണ്‍ഗ്രസ്സ് ഈ തെരഞ്ഞെടുപ്പുകളില്‍ നേടിയത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനം എങ്ങനെ ചിന്തിക്കുമെന്നതിന്റെ കൃത്യമായ സൂചനകൂടിയാണ് അത്. കോണ്‍ഗ്രസ്സിന്റെ ഈ വിജയം ഹിന്ദുത്വവിരുദ്ധശക്തികളുടെ ഏകീകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. 

ഹിന്ദുത്വം പിന്‍വാങ്ങിയിട്ടില്ല
ടി.ടി. ശ്രീകുമാര്‍

തീര്‍ച്ചയായും ഹിന്ദുത്വ രാഷ്ട്രീയത്തിന് മേല്‍ക്കൈയുള്ള ഭരണകൂടത്തോടുള്ള എതിര്‍പ്പ് വളര്‍ന്നുവരുന്നുണ്ടെന്ന് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ പിണിയാളുകളില്‍ അതേച്ചൊല്ലിയുള്ള വേവലാതിയും അതുപോലെ വളരുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ശക്തമായ ഒരു പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ കാണുന്നതില്‍ നല്ലതും ചീത്തയുമുണ്ട്. ഹിന്ദുത്വത്തിന് മേല്‍ക്കൈയുള്ള ഭരണം മാറുന്നു എന്നത് നല്ലത്. എന്നാല്‍, പ്രതിപക്ഷ ഐക്യവും ഇടതുചായ്വുള്ള ഒരു മധ്യപക്ഷ കക്ഷിയെന്ന നിലയ്ക്ക് കോണ്‍ഗ്രസ്സ് വളര്‍ന്നുവരാനുള്ള സാധ്യതയും ഇപ്പോഴും മരീചിക തന്നെ. നവസാമ്പത്തികനയങ്ങളോടുള്ള അതിന്റെ ചായ്വ് കോണ്‍ഗ്രസ്സ് തുടരുന്നപക്ഷം ഭൂരിപക്ഷ സാംസ്‌കാരിക ദേശീയതാ വാദമില്ലാത്ത മറ്റൊരു ബി.ജെ.പിയായി അത് നിലകൊള്ളുകയേ ഉള്ളൂ. ബി.ജെ.പിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നതിന് ക്വാസി സെക്യുലര്‍ സ്വഭാവമുള്ള കോണ്‍ഗ്രസ്സ് പോലുള്ള കക്ഷികളോട് ഒരു പുതിയതരം പ്രതിരോധം നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നാല്‍ ഹിന്ദുത്വ ഫാസിസത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെന്ന് അര്‍ത്ഥമാകുന്നില്ല. കുറച്ചുകൂടി ആയാസകരമായ ഒരു പാതയാണ് ഫാസിസത്തെ തോല്‍പ്പിക്കുന്നതില്‍ നമുക്ക് പിന്നിടാനുള്ളത്. ഏതാനും ചില തെരഞ്ഞെടുപ്പുകളില്‍ നേടുന്ന വിജയങ്ങളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനത്തെ ചെറുക്കാനാകില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com