സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് സിനിമാക്കാരും, പ്രതീക്ഷ നല്‍കി പറ്റിച്ചെന്ന് സിനിമ കണ്ടവരും: സൈബര്‍കാലത്തെ ഒടിവിദ്യകള്‍

സൈബര്‍ ആക്രമണത്തിലൂടെ ചവുട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നുവെന്ന് സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരും പ്രതീക്ഷകള്‍ നല്‍കി കബളിപ്പിച്ചുവെന്നു സിനിമ കണ്ടവരില്‍ ഒരു വിഭാഗവും.
സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് സിനിമാക്കാരും, പ്രതീക്ഷ നല്‍കി പറ്റിച്ചെന്ന് സിനിമ കണ്ടവരും: സൈബര്‍കാലത്തെ ഒടിവിദ്യകള്‍

രൂക്ഷവിമര്‍ശനങ്ങള്‍ക്കും പ്രകീര്‍ത്തനങ്ങള്‍ക്കും ഇടയിലാണ് ഒടിയന്റെ സത്യം. സൈബര്‍ ആക്രമണത്തിലൂടെ ചവുട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നുവെന്ന് സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരും പ്രതീക്ഷകള്‍ നല്‍കി കബളിപ്പിച്ചുവെന്നു സിനിമ കണ്ടവരില്‍ ഒരു വിഭാഗവും. കേരളം പലവിധത്തില്‍ ചര്‍ച്ച ചെയ്യുകയാണ് ഈ മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ സിനിമ. പാലക്കാടന്‍ ഗ്രാമമായ തേങ്കുറിശ്ശിയിലെ 'അവസാനത്തെ ഒടിയനായി' മോഹന്‍ലാലിന്റെ പ്രതിഭ വീണ്ടും തിളങ്ങിയെങ്കിലും അതല്ല ചര്‍ച്ച; വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ തലമുറകളോളം സജീവമായിരുന്ന ഒടിയന്‍ എന്ന മിത്തിന്റെ സിനിമാ സൗന്ദര്യ പോരായ്മകളെക്കുറിച്ചുമല്ല. ചിത്രീകരണം തുടങ്ങും മുന്‍പുതന്നെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തില്‍ നടത്തിയത് അമിതപ്രചാരണം മാത്രമായതാണ് വിമര്‍ശനങ്ങളുടെ കാതല്‍. 'ഓവര്‍ ഹൈപ്' സദുദ്ദേശപരമായി കാണണമെന്നും താന്‍ ഉണ്ടാക്കിയ ഉല്പന്നം തനിക്കു വില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെന്തു കാര്യം എന്നുമാണ് സംവിധായകന്റെ മറുപടി. വളഞ്ഞിട്ട് ദ്രോഹിക്കണ്ട സിനിമയല്ല എന്നും അദ്ദേഹം പറയുന്നു. ഈ സിനിമയെക്കുറിച്ചെന്നല്ല, ഏതു സൃഷ്ടിയെക്കുറിച്ചു പറയുമ്പോഴും ബാധകമായ രണ്ടുതരം അനീതികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുകതന്നെ വേണം; പ്രേക്ഷകനോടും സിനിമയുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചവരോടും. എങ്കിലും ഗുണദോഷ വിചാരം നടത്തുമ്പോള്‍ കൃത്യം നേര്‍പകുതിയായി വീതംവച്ച് ഗുണവും ദോഷവും വിലയിരുത്തുന്നത് വലിയ കള്ളമാവുകയും ചെയ്യും. അതുകൊണ്ട് ഒന്നാമതായി ആ സത്യംതന്നെയാണ് തുറന്നു പറയേണ്ടത്: പറഞ്ഞു വലുതാക്കിയതുപോലൊന്നുമില്ല ഒടിയന്‍. അതിനോടു ചേര്‍ത്തു പറയേണ്ടത് ഇതും: ഇത്ര രൂക്ഷമായി കടന്നാക്രമിക്കാന്‍ മാത്രം തല്ലിപ്പൊളിയുമല്ല ഒടിയന്‍. ചിത്രത്തെ അസാധാരണമായി വലുതാക്കാന്‍ ശ്രമിച്ചത് അണിയറ പ്രവര്‍ത്തകരുടെ തെറ്റ്; അതുകൊണ്ടാണ് വിമര്‍ശനങ്ങളോട് ഇത്ര രോഷവും നിരാശയും. 

ഉന്നം വയ്ക്കുന്നതാരെ

പ്രദര്‍ശനം തുടങ്ങി മൂന്നാം ദിവസം ഒടിയന്‍ കണ്ടിറങ്ങുമ്പോള്‍ തൊട്ടുപിന്നില്‍ ഒരു പെണ്‍കുട്ടി കൂടെയുള്ളവരോട് അഭിപ്രായം പറയുന്നു: ''റിവ്യൂ വായിച്ച അത്രയും മോശമൊന്നുമല്ല, അല്ലേ.'' സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മോശം അഭിപ്രായങ്ങളായിരിക്കണം അവര്‍ വായിച്ചിരിക്കുക എന്നുറപ്പ്. അതിനെക്കുറിച്ചാണ്, തന്നെ തകര്‍ക്കാനുള്ള ശ്രമം എന്നു സംവിധായകന്‍ വേവലാതിപ്പെടുന്നത്. ''മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദനയെങ്കിലും ഓര്‍ക്കൂ, ചിത്രത്തെ കൊല്ലരുത്'' എന്ന മേജര്‍ രവിയുടെ അഭ്യര്‍ത്ഥനയും അതിന്റെ തുടര്‍ച്ചതന്നെ. ''മേനോന്‍ ഇനിയും ഒരുപാട് പരസ്യങ്ങള്‍ ചെയ്യട്ടെ, പരസ്യം രക്ഷപ്പെട്ടില്ലെങ്കിലും സിനിമ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്'' എന്ന കമന്റ് വായിക്കുമ്പോള്‍ ശ്രീകുമാര്‍ മേനോനും ''സമ്പൂര്‍ണ്ണ നടന്റെ മുഖം കാണിച്ച് സിനിമയ്ക്ക് ആളെക്കേറ്റുന്ന ഈ നശിച്ച വ്യവസ്ഥിതിയുണ്ടല്ലോ, അതിലും വിശ്വാസമില്ല തിരുമേനീ... പുച്ഛം മാത്രം'' എന്നു കേള്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കും ഇടനെഞ്ച് പിടയ്ക്കുകതന്നെ ചെയ്യും. സ്വാഭാവികം. അല്പം തമാശയെ കൂട്ടുപിടിച്ചു നടത്തിയ സൈബര്‍ വിമര്‍ശനങ്ങളുടെ ഓരോ വരികള്‍ മാത്രമാണ് ഈ പറഞ്ഞതു രണ്ടും. അതിനെ ആക്രമണമെന്നല്ല വിമര്‍ശനമെന്നുതന്നെയാണ് പറയേണ്ടതും. ''ലോകോത്തര നിലവാരത്തിലുള്ള നടീനടന്‍മാരേയും കിട്ടാവുന്നതില്‍ ഏറ്റവും നല്ല ടെക്നീഷ്യന്മാരേയും ഫണ്ടിന് പഞ്ഞമില്ലാത്ത പ്രൊഡ്യൂസറേയും എണ്ണംപറഞ്ഞ വിതരണക്കാരെയുമൊക്കെ ലഭിക്കുകയും വിവിധ രാജ്യങ്ങളിലായി മൂവായിരത്തിയഞ്ഞൂറോളം സ്‌ക്രീനുകള്‍ അതിനായി തയ്യാറാക്കി വയ്ക്കുകയും പ്രേക്ഷകര്‍ ഒന്നടങ്കം ആ ചിത്രത്തിന്റെ പ്രദര്‍ശനം കാത്തിരിക്കുകയും ചെയ്യുക എന്നത് ഏതൊരു സിനിമാ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം അഭിമാനകരവും സ്വപ്നതുല്യവുമായ അവസ്ഥയാണ്'' എന്ന ഫേസ്ബുക് പോസ്റ്റ് വന്നതും ഒടിയന്റെ ഔദ്യോഗിക പ്രചാരകരില്‍നിന്നല്ല. അതേസമയം, വളരെ മോശം ഭാഷയും വേഷവും അണിഞ്ഞവയും ക്വട്ടേഷന്‍ ആക്രമണങ്ങളും സിനിമ കാണാതെയുള്ള കൂവലുകളുമൊക്കെ ഉണ്ടായി എന്നതും സത്യം.

ശ്രീകുമാര്‍ മോനോന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സിനിമയെക്കുറിച്ചു നടത്തിക്കൊണ്ടിരുന്ന വലിയ വര്‍ത്തമാനങ്ങളുടെ (തള്ള് എന്ന് സമൂഹമാധ്യമങ്ങള്‍) സ്വാഭാവിക പ്രതികരണമായാണ് 'തള്ളിയിടല്‍' ശ്രമങ്ങളും ഉണ്ടായത് എന്നു പറയുന്നവരുണ്ട്. നല്ല ഒരു സിനിമ വരുന്നു എന്നു പറഞ്ഞിരുന്നെങ്കില്‍ അല്‍പ്പം മോശമായിപ്പോയെങ്കിലും ഇത്ര രൂക്ഷമാകില്ലായിരുന്നു വിമര്‍ശനങ്ങള്‍. അതിനു മലയാള സിനിമയില്‍ത്തന്നെ ഉദാഹരണങ്ങള്‍ എത്രയോ ചൂണ്ടിക്കാണിക്കാനാകും. സൈബര്‍ ആക്രമണവും മോശം വിലയിരുത്തലുകളും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ല എന്നു സംവിധായകന്‍തന്നെ സമ്മതിക്കുന്നു. ആദ്യ ദിവസവും രണ്ടാം ദിവസവുമൊക്കെ എത്ര രൂപയാണ് വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യുന്നു; ആ വിവരം സിനിമയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ഇട്ടപ്പോള്‍ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പങ്കുവച്ചെന്നും അദ്ദേഹം പറയുന്നു: ''മുപ്പത്തിയൊമ്പതുകോടി 14 ലക്ഷം രൂപയാണ് ആദ്യ ദിവസത്തെ കളക്ഷന്‍. മെഗാഹിറ്റുകളുടെ റെക്കോര്‍ഡ് തകര്‍ത്തു. 11 കോടി 48 ലക്ഷമാണ് ജി.സി.സി ഒഴികെയുള്ള രാജ്യങ്ങളില്‍ ആഗോള കളക്ഷന്‍. ഇതൊരു നാഴികക്കല്ലാണ്. ജി.സി.സിയില്‍ നാലു കോടി എഴുപത്തിയെട്ട് ലക്ഷമാണ് ആദ്യദിന കളക്ഷന്‍.'' കേരളത്തിനു പുറത്ത് 316 കേന്ദ്രങ്ങളില്‍, ലോകവ്യാപക പ്രദര്‍ശനം, യു.കെയില്‍ മാത്രം 1600 പ്രദര്‍ശനങ്ങള്‍ തുടങ്ങി, ഒടിയന്‍ മലയാള സിനിമയ്ക്കു ലോകത്തിന്റെ വെള്ളിത്തിരയിലേക്കുള്ള വാതിലാണ് എന്ന വാദത്തില്‍ ഉറച്ചുനിന്നുതന്നെയാണ് വര്‍ത്തമാനം. എന്നാല്‍, അതിനിടെ പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദസന്ദേശം വൈറലായി. വന്‍തോതിലുള്ള കളക്ഷനെക്കുറിച്ചു സംവിധായകര്‍ പറയുന്നത് അവര്‍ക്ക് അടുത്ത സിനിമ കിട്ടാനുള്ള തന്ത്രമാണെന്നും കളക്ഷന്‍ പെരുപ്പിച്ചു കാണിക്കുന്നത് നിര്‍മ്മാതാക്കളെ വരുമാന നികുതി വകുപ്പ് നോട്ടമിടാന്‍ ഇടയാക്കുമെന്നും ഉള്‍പ്പെടെ സിനിമയുടെ ചില ഉള്ളുകള്ളികളിലേക്ക് വെളിച്ചം വീശുകയാണ് സുരേഷ് കുമാര്‍ ചെയ്തത്. 100 കോടി ക്ലബില്‍ കയറിയതായി പ്രചരിപ്പിക്കപ്പെട്ട പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് അതിനെക്കാള്‍ സാമ്പത്തിക നേട്ടം ലഭിച്ചത് 'രാമലീല' എന്ന ദിലീപ് ചിത്രത്തില്‍നിന്നാണത്രേ. ദിലീപല്ലാതെ വലിയ താരങ്ങള്‍ ഇല്ലാത്ത രാമലീലയ്ക്ക് ചെലവ് കുറവ്. സാമാന്യം വിജയവും. 'പുലിമുരുകന്' വന്‍ ചെലവുണ്ടായി. പക്ഷേ, അതിനൊത്ത കളക്ഷനുണ്ടായില്ല. കോടിക്ലബ്ബിന്റെ അവകാശവാദത്തിനു പിന്നാലെ വരുമാന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍മ്മാതാവിനെ വിടാതെ പിടികൂടി. ഇങ്ങനെ പോകുന്നു വെളിപ്പെടുത്തലുകള്‍. 

ഒടിയനെക്കുറിച്ചുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മഞ്ജു വാര്യര്‍ മറുപടി പറയണം എന്ന ആവശ്യം ഉന്നയിച്ചതിലൂടെ പ്രചാരണരംഗത്ത് കൂടുതല്‍ ശ്രദ്ധ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതാണ് സത്യം. 14 വര്‍ഷം സിനിമയില്‍നിന്നു വിട്ടുനിന്ന മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവരുന്നതില്‍ ശ്രീകുമാര്‍ മേനോന്‍ വഹിച്ച പങ്കും അവര്‍ തമ്മിലുള്ള സൗഹൃദവും നേരത്തെ വാര്‍ത്തയായതാണ്. അതിന്റെ തുടര്‍ച്ചയാണ് ഒടിയനെതിരായ ആക്രമണമെന്നും അത് മഞ്ജു വാര്യരിലൂടെ തന്നെ ഉന്നം വച്ചാണ് എന്നും മേനോന്‍ വാദിക്കുന്നു. എന്നാല്‍, മഞ്ജു വാര്യര്‍ തിരിച്ചുവന്ന ശേഷം അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളായ 'ഹൗ ഓള്‍ഡ് ആര്‍ യു', 'ഉദാഹരണം സുജാത', 'റാണിപത്മിനി' എന്നിവയ്ക്കെതിരെയൊന്നും ഇത്തരം ആക്രമണം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആക്രമണം എന്നു പേരിട്ടു വിളിക്കുന്ന ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ ഒടിയനും അതിന്റെ സംവിധായകനുമെതിരെ ആണെന്നു വരുന്നു. അതിനു മഞ്ജുവുമായുള്ള സൗഹൃദം കാരണമായിട്ടുണ്ട് എന്ന വാദം കുറച്ചൊക്കെ നിലനില്‍ക്കുകയും ചെയ്‌തേക്കും. പക്ഷേ, അങ്ങനെയല്ല അദ്ദേഹം പറയുന്നത്. എന്തുകൊണ്ട് മോഹന്‍ലാലിന്റെ പ്രതികരണം ആവശ്യപ്പെടുന്നില്ല എന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയില്ലാതെ വരുന്നതും ഈ വളഞ്ഞവഴിമൂലമാണ്. തന്നെ കളത്തിലിറക്കാനുള്ള ശ്രമത്തില്‍ വീഴാതിരിക്കാനുള്ള സാമര്‍ത്ഥ്യം മഞ്ജു വാര്യര്‍ കാണിക്കുകയും ചെയ്തു. അവരെ മുന്നില്‍ നിര്‍ത്തി രൂപീകരിച്ച മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു.സി.സിയെ ഒരു ഘട്ടമെത്തിയപ്പോള്‍ കണ്ടില്ലെന്നു നടിക്കാന്‍ പ്രകടിപ്പിച്ച അതേ സാമര്‍ത്ഥ്യം. മേനോന്‍ എന്ന പരസ്യചിത്ര സംവിധായകനെ ശരിയായി മനസ്സിലാക്കിയതുകൊണ്ടു കൂടിയാകാം അത്. 

ദിലീപിന്റെ പേര് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞില്ല എന്നതു ശരി. പക്ഷേ, സൂചന വളരെ വ്യക്തമായിരുന്നു. അതുകൊണ്ടാണ് ഫേസ്ബുക് വിമര്‍ശനങ്ങള്‍ക്കിടെ ആ രസമുള്ള കമന്റ് വന്നത്: ''അയലത്തെ പയ്യന്‍ ഇമേജുള്ള നടനെക്കുറിച്ചാണോ പറയുന്നത്? ആ പെന്‍ഡ്രൈവിനു വാശിപിടിച്ചു നടക്കുന്ന നടന്‍?'' ദിലീപിനോട് കേരളത്തിലെ പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീപ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഉണ്ടെന്നു കരുതപ്പെടുന്ന ഇഷ്ടക്കുറവില്‍ ഒന്നു തോണ്ടി നോക്കുകയാണ് ശ്രീകുമാര്‍ മേനോന്‍ ചെയ്തത്. അതു മുതലെടുക്കാനുള്ള 'എളിയ' ശ്രമം. വന്‍കിട പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഹിറ്റാക്കിയ മേനോന് അറിയാം ഒരു ഉല്പന്നം വിപണിയില്‍ ശ്രദ്ധേയമാക്കേണ്ടത് എങ്ങനെയെന്ന്. പക്ഷേ, സമൂഹമാധ്യമങ്ങളില്‍ ഒടിയനെക്കുറിച്ചു വന്ന സ്വാഭാവികവും കാര്യകാരണസഹിതവുമുള്ള വിമര്‍ശനങ്ങളും ആക്രമണമാണ് എന്നു വരുത്താനും ശ്രമമുണ്ടായി. ഉദാഹരണത്തിന് ഒരു സമൂഹമാധ്യമ വിലയിരുത്തല്‍ ശ്രദ്ധിക്കൂ: ''സിനിമാ സംവിധായകന്റെ കലയാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകന്‍ മഹാഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ കയ്യില്‍ ലഭിച്ച ഒടിയന്‍ എന്ന കഥാതന്തുവും മറ്റെല്ലാ ഘടകങ്ങളും വേണ്ടവണ്ണം ഉപയോഗിക്കാന്‍ സാധിച്ചോ എന്ന ചോദ്യത്തിന് ഒറ്റവാക്കിലെ ഉത്തരം വേണ്ടവണ്ണം സാധിച്ചിട്ടില്ല എന്നതു തന്നെയാണ്. മോഹന്‍ലാലിന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കണ്ടിട്ടുള്ള ലോക പ്രേക്ഷകരുടെ മുന്‍പിലാണ് താന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി വരുന്നത് എന്ന ധാരണ ഏതോ ചില നിമിഷങ്ങളില്‍ ശ്രീകുമാര്‍ മേനോന്‍ മറന്നു എന്നു വ്യക്തമാണ്. ഒന്നുകില്‍ ആദ്യ പകുതി അല്ലെങ്കില്‍ ഇടവേളയ്ക്കു ശേഷം ഇതിലേതോ ഒരു ഭാഗം ശ്രീകുമാര്‍ മേനോന്‍ ചെയ്തതല്ല എന്നു തന്നെ വിശ്വസിക്കുന്നു. കാരണം രണ്ടു ഭാഗങ്ങളും തമ്മില്‍ അജഗജാന്തരമാണ് പ്രത്യക്ഷത്തില്‍ത്തന്നെ ഫീല്‍ ചെയ്യുന്നത്. ഇന്റര്‍വെല്ലിനുശേഷം ചിത്രത്തിനൊരു അടക്കവും ഒതുക്കവും ഒരു ചെറിയ ലക്ഷ്യവുമൊക്കെ വന്നിട്ടുണ്ട്. സംഘട്ടനരംഗങ്ങള്‍ എല്ലാം ഒരേ പാറ്റേണിലുള്ള പീറ്റര്‍ ഹെയ്നിന്റെ ദി ഗ്രേറ്റ് റോപ്പ് മാജിക് മാത്രം. അതൊക്കെയാണ് പ്രേക്ഷകരെ വളരെയേറെ അസ്വസ്ഥരാക്കിയത് എന്നു കരുതുന്നു.'' ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒടിയന്‍ മാഹാത്മ്യവും അതിനു പിന്നിലെ കഠിനപ്രയത്‌നവും ലോകവ്യാപകമായി റിലീസ് ചെയ്യാന്‍ സാധിച്ചതും വിശദീകരിക്കുകയാണ് സംവിധായകന്‍. ഒരു നവാഗത സംവിധായകന്റെ മനോഹരമായ ഫാന്റസി ചിത്രം എന്ന വിലയിരുത്തല്‍പോലും അദ്ദേഹത്തിനു പ്രിയങ്കരമല്ല. നാനൂറിലധികം പരസ്യചിത്രങ്ങള്‍ ചെയ്തതിന്റെ തുടര്‍ച്ചയാണ് ഒടിയനും എന്ന മട്ട്. 

മോഹന്‍ലാല്‍ മാജിക് 

ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ അതിമനോഹരമായി അഭിനയിച്ചതിലേക്കാണ് യഥാര്‍ത്ഥത്തില്‍ ഒടിയന്‍ പ്രചാരകര്‍ കേന്ദ്രീകരിക്കേണ്ടത്. എണ്‍പതുകളിലെ മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരുന്നു എന്നൊക്കെയുള്ള അവകാശവാദങ്ങളില്‍ കഴമ്പില്ല താനും. അത് നടക്കാത്ത കാര്യവുമാണ്. ലാലിന്റെ വിരലുകള്‍പോലും അഭിനയിക്കുന്ന സിനിമ എന്നു പറയുന്നതൊന്നും മുഖവിലക്കെടുക്കാതെതന്നെ പ്രേക്ഷകന് ഒടിയന്‍ മാണിക്യനെ ഇഷ്ടപ്പെടും. മോഹന്‍ലാലിന്റെ അനായാസ സുന്ദരമായ അഭിനയത്തിന്റെ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍ വേണമെങ്കിലുമുണ്ട് ഒടിയനിലും. ക്ലീന്‍ ഷേവു ചെയ്ത ഒടിയന്‍ മാണിക്യനും നാടുവിട്ടു 15 വര്‍ഷം കഴിഞ്ഞു തിരിച്ചെത്തുന്ന താടിയും മുടിയും നീണ്ട മാണിക്യനും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകന്‍ അനുഭവിക്കുന്നത് മേക്കപ്പിലല്ല. ഐ.വി. ശശിയുടെ 'രംഗം' (1985), ഹരിഹരന്റെ 'പഞ്ചാഗ്‌നി' (1986), ഷാജി എന്‍. കരുണിന്റെ 'വാനപ്രസ്ഥം' (1999) എന്നീ ചിത്രങ്ങളിലും മോഹന്‍ലാല്‍ മീശയില്ലാതെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ഒടിയന്‍ മാണിക്യനിലെ ഭാവമാറ്റത്തിന് ഒടിയന്റെ സ്വഭാവംപോലെയൊരു കത്തുന്ന ഭംഗി. അത് ലാല്‍ മാജിക്കാണ്; ലാലിന്റെ അഭിനയത്തികവാണ്. മോശം സംവിധായകര്‍ മോശമായി ചെയ്ത സിനിമകളില്‍പോലും അദ്ദേഹം അത് സ്വന്തം മുദ്രയായി പതിപ്പിച്ചിട്ടുമുണ്ട്. മോഹന്‍ലാല്‍ മോഹന്‍ലാലാണ് എന്നതാണ് കാര്യം. ലോഹിതദാസിന്റെ 'കന്മദം', ഷാജി കൈലാസിന്റെ 'ആറാം തമ്പുരാന്‍', ജോഷിയുടെ 'പത്രം' തുടങ്ങിയ സിനിമകളിലെയൊക്കെയുളള മഞ്ജു വാര്യര്‍ കഥാപാത്രങ്ങളെപ്പോലെയാണ് ഒടിയനിലെ പ്രഭയും എന്ന അവകാശവാദം മാറ്റിവച്ചാല്‍ ആ നടി നന്നായി അഭിനയിച്ച ചിത്രമാണ് ഒടിയന്‍. ടി.വി അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞത് കണ്ണുകളില്‍ കനലും ചുണ്ടില്‍ തീപ്പൊരിയുമുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് എന്നാണ്. അത് പ്രതീക്ഷിച്ചു ചെന്നാല്‍ നിരാശ ഉറപ്പ്. അത്തരം പ്രതീക്ഷയുടെ ഉയരത്തില്‍ പ്രേക്ഷകനെ എത്തിച്ചതുകൊണ്ടാണ് സിനിമ കണ്ടവരുടെ പരിഹാസം സമൂഹമാധ്യമങ്ങളില്‍ പരിധി വിട്ടത്. ഇടവേളയ്ക്കുശേഷം മഞ്ജു വാര്യരുടെ പഞ്ച് ഡയലോഗ് ഉണ്ടെന്നു പറഞ്ഞ് വെറുതേ മോഹിപ്പിച്ചതിനുള്ള മറുപടികൂടിയാണ് അത്. ''ഇതാ ആ പഞ്ച് ഡയലോഗ്, മാണിക്യാ, ഇത്തിരി കഞ്ഞിയെടുക്കട്ടെ?'' എന്ന ട്രോള്‍ ചോദിച്ചുവാങ്ങിയതാണ്; ചോദിച്ചത് മഞ്ജു വാര്യരല്ല എന്നു മാത്രം. പ്രകാശ് രാജിന്റെ കറുമ്പന്‍ രാവുണ്ണി നായരുടെ ഗാംഭീര്യം ഒടിയന്റെ മുതല്‍ക്കൂട്ടുതന്നെ. എത്ര ലളിതമാണ് പ്രകാശ് രാജിന്റെ ഓരോ ചലനങ്ങളും. ഒരു കനവുമില്ല, കനലുണ്ടുതാനും. പക്ഷേ, സിദ്ദിഖ് എന്ന നല്ല നടനെ ദാമോദരന്‍ നായരാക്കാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രം മത്തായിച്ചന്റെ കോലമാക്കേണ്ടതില്ലായിരുന്നു എന്ന അഭിപ്രായവും കേട്ടു. കണ്ണുകാണാത്ത മീനാക്ഷി എന്ന പെണ്‍കുട്ടിയുടെ നിസ്സഹായ നിഷ്‌കളങ്കത ഉള്ളില്‍ത്തട്ടുന്നതാക്കിയത് സന അല്‍ത്താഫിനു കൂടുതല്‍ അവസരങ്ങള്‍ക്കു കാരണമായേക്കാം. 

പത്രപ്രവര്‍ത്തകന്‍ കൂടിയായ ഹരികൃഷ്ണന്‍ കാലങ്ങളായി നടത്തുന്ന ഒടിയന്‍ 'അന്വേഷണ'ത്തില്‍നിന്ന് ഇത്തരമൊരു രചനയേ രൂപപ്പെട്ടു വന്നുള്ളോ എന്നു ചോദിക്കുന്നത് അദ്ദേഹത്തിന്റെ പ്രയത്‌നത്തെ അവഹേളിക്കാനല്ല. ''ഒന്നുകില്‍ ഇതൊരു ഗംഭീര കച്ചവട തട്ടുപൊളിപ്പന്‍ ചിത്രമാക്കാമായിരുന്നു, കായംകുളം കൊച്ചുണ്ണി പോലെ. അല്ലെങ്കില്‍ മിത്തും ചരിത്രവും പ്രതികാര ചിന്തയും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കെട്ടുകഥകളും മറ്റും മറ്റുമൊക്കെ നന്നായി റിസര്‍ച്ച് ചെയ്ത് ഒരു ലെനിന്‍ രാജേന്ദ്രന്‍ ടച്ച് ചിത്രമാക്കാമായിരുന്നു'' എന്ന ഫേസ്ബുക് കമന്റില്‍ അതിനുള്ള മറുപടിയുണ്ട്. ഇതു രണ്ടിനും ഇടയില്‍ പുതിയൊരു ഇടമുണ്ടാക്കാനുള്ള ശ്രമത്തിലായിരിക്കാം ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമാ സംവിധാനശ്രമം വെല്ലുവിളി നേരിട്ടത്. മേനോന്‍ പോരാഞ്ഞിട്ട് ഇടയ്ക്ക് മറ്റൊരു സംവിധായകനെ വിളിച്ചുവരുത്താന്‍ നിര്‍മ്മാതാവും നായകനും നിര്‍ബന്ധിതരായി എന്ന പ്രചാരണവും വന്നു. ജോസഫ് സംവിധാനം ചെയ്ത പത്മകുമാറാണ് രണ്ടാം പകുതി ചെയ്തത് എന്നത് ഇപ്പോള്‍ ഗോസിപ്പിന്റെ നിലവിട്ട് ആധികാരിക ചര്‍ച്ചയായി മാറിയിരിക്കുന്നു. തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബിലെ മുഖാമുഖത്തില്‍ ഇതിനെക്കുറിച്ചു ചോദ്യമുയര്‍ന്നു. പത്മകുമാറിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ചോദ്യം. അതിനു ശ്രീകുമാര്‍ മേനോന്‍ നല്‍കിയ മറുപടിയില്‍ പത്മകുമാറിന്റെ പേര് വന്നു. ''എന്താ 'ജോസഫ്' പോലെ കലാമൂല്യമുള്ള ഒരു നല്ല സിനിമയാക്കി എടുക്കാതിരുന്നത് എന്ന് പത്മകുമാറിനോടു ചോദിച്ചുകൂടായിരുന്നോ'' താങ്കളുടെ പേരല്ലേ സിനിമയിലുള്ളൂ ആ സംവിധായകന്റെ പേരില്ലല്ലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ മറുപടിയും നല്‍കി.

സമൂഹമാധ്യമത്തില്‍നിന്നുതന്നെ ഗുണദോഷവിചാരം ചേരുംപടി ചേര്‍ത്ത രണ്ടുവരി എടുത്ത് അവസാനിപ്പിക്കാം. ''ക്ലൈമാക്‌സ് പീറ്റര്‍ ഹെയ്നെ ഏല്‍പ്പിച്ച് ശ്രീകുമാര്‍ മേനോന്‍ കസേരയിട്ടിരുന്നോ എന്നാണ് സംശയം. തറയില്‍ ഒരു സെക്കന്റ് നില്‍ക്കാത്ത തല്ല് നടന്മാര്‍ ഒടിയന് ചേരില്ല. പീറ്റര്‍ മേനോനാണോ ശ്രീകുമാര്‍ ഹെയ്നാണോ അവസാനം ആര്‍ക്കാണ് കിളി പോയതെന്ന് അറിയണം. തള്ളോളമില്ല സിനിമയെങ്കിലും ഇങ്ങനെ നേര്‍ച്ചയെടുത്ത് നെഗറ്റീവ് പറയേണ്ട സിനിമയല്ല ഒടിയന്‍.''
രണ്ടാം ദിവസം 90 തിയേറ്ററുകളില്‍ സെക്കന്റ് ഷോ കഴിഞ്ഞ് പ്രത്യേക പ്രദര്‍ശനം നടത്തേണ്ടിവന്നുവെന്നും അത്രമാത്രം കുടുംബപ്രേക്ഷകര്‍ എത്തിയെന്നും ഒടിയന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അങ്ങനെയെങ്കില്‍ അപൂര്‍വ്വ അനുഭവമാണ് അത്. ആളുകള്‍ സിനിമ കണ്ടു തീരുമാനിക്കട്ടെ.

സിനിമ നന്നായി, സംവിധായകന്‍ കൊള്ളില്ലെന്നു പരാതി
ശ്രീകുമാര്‍ മേനോന്‍ 

ഇപ്പോഴത്തെ ആക്രമണത്തിന് ''ആ ഒരു കാരണ''മേയുള്ളു. ''ആ കാരണ''ത്തിന്റെ പേരിലാണ് ആക്രമണം, അതിന്റെയൊരു കലാശക്കൊട്ടാണ് ഇത്. സിനിമ നന്നായി, സംവിധായകന്‍ കൊള്ളില്ല എന്ന മട്ടിലാണ് ഞാന്‍ ആക്രമിക്കപ്പെടുന്നത്. ദിലീപ് ഫാന്‍സാണ് സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്നു ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ, ''ആ പ്രശ്‌നം'' വെച്ചാണ് ആക്രമിക്കപ്പെടുന്നത്. അല്ലാതെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ വിരോധം തോന്നാനാണെങ്കില്‍ മുന്‍പ് ഞാന്‍ സിനിമയില്‍ ഇല്ലല്ലോ.
ഒടിയന് സൂപ്പര്‍ ഹീറോയുടെ പരിവേഷം മനപ്പൂര്‍വം നല്‍കിയതാണ്. അല്ലെങ്കില്‍ നാലുകാലില്‍ ഓടുകയും തീയില്‍നിന്നു പുറത്തുവരികയും ചെയ്യുമ്പോള്‍ ആളുകള്‍ വിശ്വസിക്കില്ല. ഒരു മനുഷ്യനു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് ഒടിയന്‍. ആ കഥാപാത്രത്തെ പ്രത്യേക പരിവേഷമില്ലാതെ അവതരിപ്പിച്ചാല്‍ നമ്മുടെ പ്രേക്ഷകരുടെ ലോജിക്കല്‍ മൈന്‍ഡില്‍ വിശ്വസിക്കില്ല. സൂപ്പര്‍മാനെയും സ്പൈഡര്‍മാനെയുമൊക്കെ കാണുമ്പോള്‍ അതിന്റെ ലോജിക്കിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. അവര്‍ക്ക് പറക്കാം, മരം കയറാം, അസാധ്യമായത് ചെയ്യാം. അതു ചെയ്യാന്‍ പറ്റുന്ന സൂപ്പര്‍ ഹീറോ വേണം. അത് മനപ്പൂര്‍വം ഉണ്ടാക്കിയതാണ്. ആ കമ്യൂണിക്കേഷന്‍ ആളുകളില്‍ എത്തിച്ചതുകൊണ്ടാണ് മോഹന്‍ലാല്‍ നാലുകാലില്‍ ഓടുമോ തീയില്‍ അത്രയും നേരം നിന്നിട്ട് പുറത്തുവരുമോ എന്നൊന്നും സിനിമ കഴിഞ്ഞിറങ്ങുന്നവര്‍ ചോദിക്കാത്തത്. ആളുകള്‍ അതു സ്വീകരിച്ചു. 45 ശതമാനം വി.എഫ്.എക്‌സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ആ വേര്‍തിരിവ് പ്രേക്ഷകനു മനസ്സിലായില്ലെങ്കില്‍ അതിനര്‍ത്ഥം ഞങ്ങള്‍ വിജയിച്ചു എന്നാണ്. അതല്ല, ഈ സിനിമയില്‍ ഭയങ്കര വി.എഫ്.എക്‌സ് ആണ് കേട്ടോ എന്നു പറയുന്ന സ്ഥിതിയുണ്ടായാലാണ് പരാജയം. 

ഇങ്ങനെയൊരു പടത്തിനു കേരളത്തില്‍ മാത്രമുള്ള കളക്ഷന്‍ പോരാ എന്നു തുടക്കത്തിലേ തീരുമാനിച്ചതാണ്. ഈ പടം ആവശ്യപ്പെടുന്ന, ഞങ്ങളുടെയെല്ലാം സ്വപ്നത്തിലുള്ള വിപണി തുറക്കാനാണ് ശ്രമിച്ചത്. തമിഴ്പടങ്ങളും തെലുങ്ക് പടങ്ങളും ഹിന്ദി പടങ്ങളും കേരളത്തില്‍ വന്നു കോടികള്‍ ഉണ്ടാക്കുന്നു. അതേപോലുള്ള കളക്ഷനും സ്വീകാര്യതയും മലയാള സിനിമയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍ ലഭിക്കുന്നില്ല. നമ്മുടെ സിനിമകള്‍ക്ക് കേരളത്തിനു പുറത്ത് അര്‍ഹമായ വിപണി കിട്ടാത്തത് അങ്ങനെ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് എന്ന തിരിച്ചറിവ് എനിക്കുണ്ടായി. എന്റെ പരസ്യചിത്ര പശ്ചാത്തലം അതിനു തുണച്ചിട്ടുണ്ടാകാം. അങ്ങനെയാണ് മനപ്പൂര്‍വ്വം ലോകവ്യാപകമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചതും അതിനനുസരിച്ചുള്ള പ്രതീക്ഷ വളര്‍ത്തിയതും. ഇതൊരു മാസ് സിനിമയാണ്. ഓരോ സംവിധായകര്‍ക്കും അവരുടേതായ രീതിയുണ്ട്. എന്റെ രീതിയിലുള്ള മാസ് സിനിമയാണ് ഇത്. വേറൊരു പുലിമുരുകനാണ് പ്രതീക്ഷിച്ചതെങ്കില്‍ സോറി. എന്റെ പേരില്‍ ആരോപിക്കപ്പെടുന്ന വലിയ ഒരു കുറ്റം ഞാനിതിനെ ഭയങ്കരമായി മാര്‍ക്കറ്റ് ചെയ്തു എന്നുള്ളതാണ്. ഹൈപ്പ് ഉണ്ടാക്കി എന്നതാണ്. ഞാന്‍ അത് ബോധപൂര്‍വ്വം ചെയ്തതാണ്. 

കേരളത്തിനു പുറത്ത് 316 കേന്ദ്രങ്ങളില്‍ ഈ പടം കളിക്കുന്നു. ചെന്നൈയില്‍ 68 സ്‌ക്രീനില്‍ കളിക്കുന്നു. അതൊക്കെയാണ് എന്നെ സംബന്ധിച്ചിടത്തോളം ആവേശകരമായി തോന്നുന്നത്. ചെന്നൈയിലെ സത്യം കോംപ്ലക്‌സില്‍ മലയാള സിനിമയ്ക്ക് മെയിന്‍ സ്‌ക്രീന്‍ കൊടുത്തിട്ടേയില്ല. എന്നാല്‍ ഒടിയന്‍ ഓടുന്നു. മുംബൈയില്‍ എഴുപതോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍നിന്ന് ഒരു ദേശീയ സൂപ്പര്‍ ഹീറോ സിനിമ വരുന്നു എന്ന പ്രതീതി ലോക സിനിമാ വിപണിയില്‍ പോയതുകൊണ്ടാണ് ജപ്പാനിലും ജര്‍മ്മനിയിലും ഫ്രാന്‍സിലും ഓസ്ട്രിയയിലും ഓസ്ട്രേലിയയിലും അയര്‍ലണ്ടിലും ഈ സനിമ കളിക്കുന്നത്. യു.കെയില്‍ 1600 പ്രദര്‍ശനങ്ങളാണ് കിട്ടുന്നത്. വാണിജ്യപരമായി വിജയകരമായ 1600 പ്രദര്‍ശനങ്ങള്‍. ഇതൊക്കെ അഭിമാനിക്കേണ്ട കാര്യമാണ്. ഇതിന്റെ മെച്ചം അനുഭവിക്കാന്‍ പോകുന്നത് ഈ സിനിമയ്ക്കുശേഷം വരുന്ന സിനിമകള്‍ ആയിരിക്കും. അവര്‍ ലോക വിപണിയിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ ചെയ്തതിന്റെ ബാക്കി ചെയ്താല്‍ മതി, ഒന്നില്‍ നിന്നേ തുടങ്ങേണ്ടിവരില്ല. 

രണ്ടുമൂന്നു ദിവസത്തെ സമൂഹമാധ്യമ ആക്രമണംകൊണ്ട് ഉദ്ദേശിച്ച രീതിയില്‍ മാസായില്ല എന്നതാണ് സങ്കടകരം. ഈ പടം തല്ലിപ്പൊളിയായി എന്നല്ല, ഭയങ്കര ക്ലാസ്സായിപ്പോയി എന്നാണ് പറയുന്നത്. എനിക്ക് അറിയുന്ന അഡ്വര്‍ട്ടൈസിംഗ്, ബ്രാന്‍ഡിംഗ് സയന്‍സ് ഉപയോഗിച്ച് ഞാന്‍ ചെയ്ത ഉല്പന്നത്തെ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു വിപണന തന്ത്രമാണ് ഞാന്‍ തേടിയത്. ആ തന്ത്രത്തിന്റെ ആദ്യ വിജയമാണ് ഏറ്റവും കൂടുതല്‍ തിയേറ്ററുകള്‍ കിട്ടിയത്. മഹാവിജയമാണ് ഒരു മലയാള സിനിമ അമ്പതോ അറുപതോ ദിവസംകൊണ്ട് ഓടിക്കിട്ടുന്ന പണം ഒരു ദിവസംകൊണ്ട് കിട്ടിയത്. എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ഇത് ആഘോഷിക്കുന്നതിനു പകരം ആക്രമിച്ചത് ഖേദകരമായിപ്പോയി. ഒരു സിനിമയ്ക്കും നൂറു ശതമാനം ആളുകളെ തൃപ്തിപ്പെടുത്താനാകില്ല. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ ശ്രമത്തെ പിന്തുണയ്ക്കണം. മോശമല്ലാത്ത സിനിമയാണ്. സ്വാഭാവികരീതിയില്‍ അത് വിജയിച്ചോട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com