വിവാദങ്ങളില്‍ തുടങ്ങുന്ന അധ്യയനം

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തെ വിവാദങ്ങള്‍ തളര്‍ത്തിയതെങ്ങനെ?
വിവാദങ്ങളില്‍ തുടങ്ങുന്ന അധ്യയനം

രു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ തലേന്നു രാത്രി തന്നെ രക്ഷിതാക്കള്‍ എത്തി ക്യൂ നില്‍ക്കുക, സീറ്റിന്റെ എണ്ണത്തെക്കാള്‍ കൂടുതല്‍ കുട്ടികള്‍ എത്തിയതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ വന്‍ പൊലീസ് സന്നാഹം. ഒടുവില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം നറുക്കെടുപ്പിലൂടെ കുട്ടികള്‍ക്ക് പ്രവേശനം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇത്തവണത്തെ പ്രവേശനത്തില്‍ നാടകീയരംഗങ്ങള്‍ നടന്നത്. സ്‌കൂള്‍ സ്ഥാപിതമായ വര്‍ഷം മുതല്‍ 100 ശതമാനം വിജയവും അതില്‍ത്തന്നെ ഭൂരിഭാഗം കുട്ടികളും ഉന്നത വിജയവും നേടുന്ന സര്‍ക്കാര്‍ സ്‌കൂള്‍ എന്നതുതന്നെയാണ് കാരണം. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് അഭിമാനിക്കാവുന്ന കാര്യമാണെങ്കിലും കോടതിവരെ എത്തിയ ടാഗോര്‍ വിദ്യാനികേതന്റെ പ്രവേശന നടപടികള്‍ എങ്ങനെ വേണമെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അഞ്ചാം ക്ലാസ്സിലേക്കും എട്ടാം ക്ലാസ്സിലേക്കും പ്രവേശനപരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രവേശനപരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുത്ത് റെസിഡന്‍ഷ്യല്‍ സ്‌കൂളായി നിലനിര്‍ത്തണം എന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയടക്കമുള്ള ഒരു വിഭാഗം വാദിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷ നടത്തി കുട്ടികളെ തെരഞ്ഞെടുക്കുന്ന രീതി വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഇതിനെ എതിര്‍ക്കുന്നത്.

രവീന്ദ്രനാഥ ടാഗോറിന്റെ വിദ്യാഭ്യാസ ചിന്തകളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന വിദ്യാലയം എന്ന നിലയിലാണ് 1967-ല്‍ തളിപ്പറമ്പില്‍ ഗുരുദേവ വിദ്യാപീഠം സ്ഥാപിതമായത്. 1974-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളായി മാറി. ഗ്രാമപ്രദേശങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാവുന്ന തരത്തില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളായാണ് തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. തുടക്കത്തില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റല്‍ 1985-ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. എന്നാല്‍, ഈ ഹോസ്റ്റല്‍ കെട്ടിടം ഇപ്പോഴില്ല. കെട്ടിടം പൊളിച്ചുമാറ്റിയത് എന്ത് കാരണത്താലാണെന്നത് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള നടപടികളുമായി നീങ്ങുകയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. താമസിച്ചു പഠിക്കുക എന്ന രീതി ഇപ്പോള്‍ സ്‌കൂളിലില്ല. എല്ലാ വര്‍ഷവും മെയ് മാസത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് 40 കുട്ടികള്‍ക്ക് അഞ്ചാം ക്ലാസ്സിലേക്കും 30 കുട്ടികള്‍ക്ക് എട്ടാം ക്ലാസ്സിലേക്കും പ്രവേശനം നടത്തുന്നത്. അഞ്ചാം ക്ലാസ്സ് മുതല്‍ ഒരു ഡിവിഷനും എട്ടാം ക്ലാസ്സ് മുതല്‍ രണ്ടു ഡിവിഷനും ഉണ്ട്. 1983 മുതല്‍ കൃഷി ഐച്ഛിക വിഷയമായുള്ള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ബാച്ചും 1998 മുതല്‍ പ്ലസ്ടു കോഴ്സും ടാഗോര്‍ വിദ്യാനികേതനിലുണ്ട്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കണ്‍വീനറുമായുള്ള ഉപദേശക കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാകമ്മിറ്റിയാണ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ്.

ടാഗോറിന്റെ വിജയം
100 ശതമാനം വിജയവും ഉന്നതവിജയവും നേടുന്ന സ്‌കൂള്‍ എന്ന ഖ്യാതിയാണ് ടാഗോര്‍ വിദ്യാനികേതനിലേക്ക് കുട്ടികളുടെ തള്ളിക്കയറ്റം ഉണ്ടാകാന്‍ കാരണം. ഇവിടെ പ്രവേശനം ലഭിച്ചാല്‍ മക്കളുടെ ഭാവി സുരക്ഷിതമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. സര്‍ക്കാര്‍ സ്‌കൂള്‍ ആയതിനാല്‍ ഫീസും വേണ്ട. ഈ അവസരം മുതലാക്കി ടാഗോര്‍ വിദ്യാനികേതനിലേക്കുള്ള പ്രവേശനത്തിനായി പ്രദേശത്തെ പാരലല്‍ കോളേജുകളില്‍ പ്രത്യേക കോച്ചിങ്ങ് ക്ലാസ്സുകളും നടക്കുന്നുണ്ട്. എന്നാല്‍, സ്‌ക്രീനിങ് ടെസ്റ്റിലൂടെ തെരഞ്ഞടുത്ത ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളെ വെച്ചാണ് ഉന്നതവിജയം നേടുന്നത് എന്നതാണ് മറുവാദം. എല്ലാവര്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കേണ്ട ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഇങ്ങനെ ഒരു ചെറിയ ഗ്രൂപ്പിനു മാത്രം പ്രവേശനം നല്‍കി വിജയിപ്പിക്കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനം കൂടിയാണിത്. 14 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനപരീക്ഷ പാടില്ലെന്നു നിയമത്തില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രസാഹിത്യപരിഷത്ത് തളിപ്പറമ്പ് മേഖല കമ്മിറ്റി പ്രവേശനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനു പരാതി നല്‍കിയത്.

വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം സ്‌കൂള്‍
വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ഉപദേശകസമിതിയാണ് കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതും മൂല്യനിര്‍ണ്ണയം നടത്തുന്നതും മറ്റ് ജില്ലയിലാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനവും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനവും പ്രവേശനത്തിനു സംവരണമുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് 45 വര്‍ഷത്തിലധികമായെങ്കിലും ആനുപാതികമായി കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനോ ഡിവിഷനുകള്‍ വര്‍ദ്ധിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഓരോ ഡിവിഷനിലേക്കാണ് കുട്ടികള്‍ക്ക് പ്രവേശനം. മറ്റിടങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്‌കൂളുകളുടെ വികസനം നടക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ ടാഗോര്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. സ്പെഷല്‍ സ്‌കൂള്‍ എന്ന കാറ്റഗറിയിലായതിനാല്‍ ജില്ലാ പഞ്ചായത്തിന്റേയോ തളിപ്പറമ്പ് നഗരസഭയുടേയോ സഹായം കിട്ടാറില്ല. ഈയടുത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചെറിയ തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

പ്രവേശനപരീക്ഷയിലെ തര്‍ക്കം
മുന്‍ വര്‍ഷങ്ങളിലും പ്രവേശനം ലഭിക്കാത്തവരില്‍നിന്നു ചെറിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍, ഇത്തവണയത് നിയമപരമായിത്തന്നെ മുന്നോട്ട് പോയി. ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇത്തവണ പ്രവേശനപരീക്ഷ നടത്തരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരുവിധ സ്‌ക്രീനിങ് ടെസ്റ്റും പ്രവേശനത്തിനായി നടത്താന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം നല്‍കാനുള്ള ഭൗതികസാഹചര്യം സ്‌കൂളിലില്ലാത്തതിനാല്‍ ആദ്യം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാന്‍ ഉപദേശകസമിതി തീരുമാനിച്ചു. ഇതോടെയാണ് തലേന്നു രാത്രിതന്നെ രക്ഷിതാക്കളും കുട്ടികളും സ്‌കൂളിലെത്തി ക്യൂ നിന്നത്. അപേക്ഷകരുടെ എണ്ണം കൂടിയതോടെ കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലെത്തി. വന്‍ പൊലീസ് സന്നാഹം സ്‌കൂളിലെത്തിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണത്തിലായത്.
പ്രവേശനപരീക്ഷ റദ്ദാക്കിയതിനെതിരെ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രവേശന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. അങ്ങനെ പുതിയ കുട്ടികളൊന്നുമില്ലാതെയാണ് ടാഗോര്‍ സ്‌കൂള്‍ ഇത്തവണ തുറന്നത്. നറുക്കെടുപ്പിലൂടെ കുട്ടികളെ പ്രവേശിപ്പിക്കാമെന്ന സ്‌കൂള്‍ ഉപദേശകസമിതി തീരുമാനം ഇത്തവണത്തെ പ്രവേശനത്തിനായി ഹൈക്കോടതി അംഗീകരിച്ചതോടെയാണ് പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായത്. ഇത്തവണ അഞ്ചാം ക്ലാസ്സിലേക്ക് 60 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. 250-ലധികം അപേക്ഷകരുണ്ടായിരുന്നു. ജൂണ്‍ അഞ്ചിനാണ് നറുക്കെടുപ്പ് നടത്തിയത്. പ്രവേശന നടപടികള്‍ വൈകിയതോടെ അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ പലരും മറ്റു സ്‌കൂളുകളില്‍ ചേര്‍ന്നതോടെ നറുക്കെടുപ്പ് സമാധാനപരമായി നടന്നു. അഞ്ചാം ക്ലാസ്സിലേക്ക് മാത്രമാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

പ്രവേശന നടപടികള്‍ വൈകിയതും കോടതി ഇടപെടലും ഉണ്ടായതോടെ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി തുടക്കത്തില്‍ വന്നവരെല്ലാം മറ്റു സ്‌കൂളുകള്‍ തേടിപ്പോയി. 34 സീറ്റുണ്ടായിരുന്ന എട്ടാംക്ലാസ്സിലേക്ക് 10 പേര്‍ മാത്രമാണ് വന്നതെന്നു പ്രിന്‍സിപ്പല്‍ തോമസ് ഐസക്ക് പറയുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞത് സ്വാഭാവികമായും ഡിവിഷനടക്കമുള്ള കാര്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ബാധിക്കും. ഇത്തവണത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്ന ഹൈക്കോടതി ഉത്തരവ്. അന്തിമ വിധി വരാനിരിക്കുന്നതേ ഉള്ളൂ. പി.ടി.എയും സ്റ്റാഫ് കമ്മിറ്റി തീരുമാനവും കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം വേണം എന്നുതന്നെയാണ്. എന്നിരുന്നാലും കൂടുതല്‍ കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല. ഈ വര്‍ഷം അഞ്ചാം ക്ലാസ്സിലേക്ക് എടുത്ത പുതിയ ഡിവിഷന്‍ കുട്ടികള്‍ക്ക് തന്നെ ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറി ക്ലാസ്സായി മാറ്റിയാണ് കുട്ടികളെ ഇരുത്തിയത് - പ്രിന്‍സിപ്പല്‍ പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ടാഗോര്‍ സ്‌കൂളില്‍ പ്രത്യേക പരീക്ഷ നടത്തി കുട്ടികളെ കണ്ടെത്തേണ്ട ആവശ്യമില്ലെന്നാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ വാദം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനം കൂടിയാണത്. എട്ടാം ക്ലാസ്സുവരെയുള്ള പ്രവേശനത്തിനു യാതൊരുവിധ സ്‌ക്രീന്‍ ടെസ്റ്റും പാടില്ല എന്നു നിയമത്തില്‍ പറയുന്നുണ്ട്. പലപ്പോഴും പ്രത്യേകം പരിശീലനത്തിനു പോകുന്ന കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം കിട്ടുന്നത്. എല്ലാ കുട്ടികള്‍ക്കും പരിശീലനത്തിനു പോകാന്‍ കഴിയില്ല. മത്സരപ്പരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനാല്‍ സ്‌കൂളിന്റെ അടുത്തുള്ള കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. സ്‌കൂള്‍ തളിപ്പറമ്പ് നഗരസഭയിലായതിനാല്‍ ചെറിയ ശതമാനം സംവരണം നഗരസഭയിലെ കുട്ടികള്‍ക്കുണ്ട്. സര്‍ക്കാര്‍ സ്‌കൂള്‍ ആയതിനാല്‍ത്തന്നെ പ്രവേശനമാഗ്രഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കാതെ നറുക്കെടുപ്പ് നടത്തുന്നത് ശരിയല്ല. എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നതിനെതിരെ തീരുമാനമെടുക്കുന്നത് ചില സ്വകാര്യ എയ്ഡഡ് മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദം കാരണമാണെന്ന ആരോപണവും പരിഷത്ത് ഉന്നയിക്കുന്നുണ്ട്.

വിദ്യാഭ്യാസ നിയമപ്രകാരം ഇത്തരം പ്രവേശനം തെറ്റാണെന്നും അത് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കാരിന്റെ ഓര്‍ഡര്‍ നടപ്പാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ഭാരവാഹി ടി.കെ. ദേവരാജന്‍ പറയുന്നു. സ്‌കൂള്‍ പി.ടി.എ. അത് അതേപടി നിലനിര്‍ത്താനാണ് എല്ലാക്കാലത്തും ആഗ്രഹിച്ചത്. സ്‌കൂളിന്റെ ഒരു ഇമേജ് നിലനിര്‍ത്തുക എന്നതായിരിക്കാം അവരുദ്ദേശിക്കുന്നത്. ഇതിനെയാണ് ഞങ്ങളടക്കമുള്ള ഒരു വിഭാഗം ചോദ്യം ചെയ്യുന്നത് - അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ അവകാശനിയമം വന്നതോടുകൂടി സ്പെഷല്‍ സ്‌കൂള്‍ എന്നത് നിലനില്‍ക്കില്ലെന്ന് പരിഷത്ത് ജില്ലാക്കമ്മിറ്റിയംഗം എന്‍.കെ. ഗോവിന്ദനും അഭിപ്രായപ്പെട്ടു. നിലവില്‍ ഓരോ അഞ്ചു കിലോമീറ്ററിലും ഒരു ഹൈസ്‌കൂള്‍ ഉണ്ട്. ടാഗോര്‍ വിദ്യാനികേതനില്‍ റെസിഡന്‍ഷ്യല്‍ സൗകര്യവുമില്ല. അതുകൊണ്ടുതന്നെ സ്പെഷല്‍ സ്‌കൂള്‍ എന്ന രീതിയില്‍ അതിനെ നിലനിര്‍ത്താന്‍ കഴിയില്ല - അദ്ദേഹം പറഞ്ഞു.

പ്രവേശനത്തിനു പരീക്ഷ വേണം
പ്രവേശനപരീക്ഷ നടത്തി നിലവില്‍ നടന്നുവരുന്ന രീതിയില്‍ത്തന്നെ പ്രവേശനം നടത്തണമെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആവശ്യം. ''തുടക്കം മുതല്‍ സ്പെഷല്‍ സ്‌കൂള്‍ എന്ന പരിഗണനയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. ഗ്രാമപ്രദേശങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളാണിത്. ഹോസ്റ്റല്‍ സൗകര്യങ്ങളുണ്ടായ ആദ്യകാലങ്ങളില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഫസ്റ്റ് ക്ലാസ്സിനു മുകളില്‍ വിജയം നേടിയ സ്‌കൂളാണിത്.

പിന്നീട് ഹോസ്റ്റല്‍ കെട്ടിടം പൊളിച്ചുകളഞ്ഞു. പഴയപോലെ റെസിഡന്‍ഷ്യല്‍ സ്‌കൂളായി നിലനിര്‍ത്തണം എന്നതാണ് ഞങ്ങളുടെ ആവശ്യം. കേന്ദ്രസര്‍ക്കാരിനു കീഴില്‍ നവോദയ സ്‌കൂള്‍ ഇത്തരത്തിലല്ലേ പ്രവര്‍ത്തിക്കുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നത് ഒരു മോശപ്പെട്ട കാര്യമൊന്നുമല്ല. അതിന്റെ നേട്ടവും പൊതുസമൂഹത്തിനല്ലേ? സര്‍ക്കാര്‍ ഫീസില്‍ സാധാരണ കുട്ടികള്‍ക്ക് ഇവിടെ പഠിക്കാം എന്നതുതന്നെയാണ് ഇതിന്റെ നേട്ടം. സ്പെഷല്‍ സ്‌കൂള്‍ കാറ്റഗറിയില്‍ വന്നതുകൊണ്ട് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യമായ പരിഗണന സ്‌കൂളിനു കിട്ടിയില്ല. ഈ സ്‌കൂളിനുവേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായില്ല എന്നതാണ് സത്യം. നല്ലൊരു റെസിഡന്‍ഷ്യല്‍ സ്‌കൂളായി മാറ്റാനുള്ള സ്ഥലവും സാഹചര്യവും ഇവിടെയുണ്ട്.

ഭൗതിക സാഹചര്യങ്ങളൊന്നും വര്‍ധിപ്പിക്കാതെ പെട്ടെന്നു പ്രവേശനപരീക്ഷ റദ്ദാക്കിയാല്‍ എങ്ങനെ പ്രവേശനം നടത്തും. അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും നിലവിലുള്ള സാഹചര്യത്തില്‍ അഡ്മിഷന്‍ കൊടുക്കാന്‍ കഴിയില്ല എന്നത് എല്ലാവര്‍ക്കുമറിയുന്നതാണ്. അതിനുള്ള യാതൊരു തയ്യാറെടുപ്പുകളും നടത്താതെയാണ് ഇത്തരം തീരുമാനത്തിലെത്തുന്നത്.'' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹി ഡോ. രവീന്ദ്രന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com