വനം കാണാതെ ഭൂമി കാണുന്നവര്‍

പൊന്തന്‍പുഴ വനം ആരുടേതാണ്? രാജപട്ടയങ്ങളുടെ പിന്‍ബലത്തില്‍ ജനാധിപത്യകാലത്തും വനം കൈയേറാനെത്തുന്നവര്‍ക്ക് സമരത്തിലൂടെ പ്രതിരോധമൊരുക്കുകയാണ് പെരുമ്പെട്ടിക്കാര്‍.
വനം കാണാതെ ഭൂമി കാണുന്നവര്‍


''പെരുമ്പെട്ടിയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് കണ്ണുകെട്ടി പിറകിലേക്ക് നടക്കാന്‍ പറഞ്ഞാലും ഞങ്ങളത് ചെയ്യും. ഞങ്ങളുടെ ജീവനാണ് ഈ കാട്. പട്ടയം മാത്രമല്ല ഞങ്ങളുടെ പ്രശ്‌നം, ഈ കാടും കൂടിയാണ്.'' ഉച്ചക്കഞ്ഞിയുടെ ചൂടും ഉപ്പും നുകര്‍ന്ന് ഓമനയും കല്യാണിയും പറഞ്ഞുതുടങ്ങി. പൊന്തന്‍പുഴ വനാതിര്‍ത്തിയിലെ ഗ്രാമമാണ് പെരുമ്പെട്ടി. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്ന് അരമണിക്കൂര്‍ യാത്രയുണ്ട് അവിടേക്ക്. വനംവകുപ്പിന്റെ ജണ്ടകള്‍ക്കിപ്പുറം കഴിച്ചുകൂട്ടുന്ന ഒരു നാട് മുഴുവന്‍ ഇന്നു സമരത്തിലാണ്. പെരുമ്പെട്ടിയിലെ വില്ലേജ് ഓഫീസിനു സമീപമാണ് അവരുടെ സമരപ്പന്തല്‍. മലകളില്‍ നിന്നൊഴുകിയെത്തുന്ന ചെറുതോടിന്റെ തീരത്ത് മൂന്നോ നാലോ കടമുറികള്‍. ആ കടമുറികള്‍ക്കരികിലായി ടാര്‍പ്പ വിരിച്ച പന്തലിലാണ് ഇവരൊത്തു കൂടുന്നത്. 

കഴിഞ്ഞ അഞ്ചു തലമുറകളായി ഇവിടെ കഴിയുന്നവരാണ് ഞങ്ങള്‍. ജനിച്ചതും വളര്‍ന്നതുമൊക്കെ ഈ കാടിനോട് ചേര്‍ന്നാണ്. ഇവിടം വിട്ട് എങ്ങോട്ടും പോകാനാകില്ല. പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് എത്ര പറഞ്ഞാലും മനസിലാകില്ല കാടും ഞങ്ങളുമായുള്ള ബന്ധം- കല്യാണി പറയുന്നു. സമരത്തിന്റെ നാല്‍പ്പത്തിയഞ്ചാം ദിവസം പൊന്തന്‍പുഴ വനത്തിലെ മരുന്നുചെടികളുടെ കണക്കെടുപ്പാണ് സമരപ്പന്തലില്‍. തലമുതിര്‍ന്നവര്‍ ഓരോരുത്തരും മരുന്നുചെടികളുടെ പേരുകള്‍ ഓരോന്നും പറയുകയും അതൊരു ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. 

'' വനത്തിന്റെ അതിര്‍ത്തിക്കിപ്പുറം അപ്പനപ്പൂപ്പന്‍മാരായി വീടുവച്ച് കൃഷിചെയ്ത് താമസിക്കുകയാണ് ഞങ്ങള്‍. വീട്ടുനമ്പരുണ്ട്, റേഷന്‍കാര്‍ഡുണ്ട്, വൈദ്യുതി കണക്ഷനുമുണ്ട്. കൈവശഭൂമിയുടെ വിലാസത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ഏറ്റവുമൊടുവിലെത്തിയ ആധാര്‍ കാര്‍ഡും എടുത്തിട്ടുണ്ട്.  കൈവശഭൂമിയില്‍ പി.ഡബ്ല്യു.ഡി, പഞ്ചായത്ത് റോഡുകളുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളും അംഗന്‍വാടികളുമുണ്ട്. പള്ളികളും അമ്പലങ്ങളുമുണ്ട്. ഒന്നു മാത്രമേ ഇല്ലാതുള്ളൂ. അത് പട്ടയമാണ്. പഞ്ചായത്തില്‍ നിന്ന് വനം പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് കിട്ടും. അതാണ് ആധികാരികമായ രേഖ. ആറുമാസത്തെ കാലാവധിയാണതിന്. '' പടിഞ്ഞാറേക്കരയിലെ പി.വി. ഓമന പറയുന്നു. 

പട്ടയം കിട്ടാത്ത ജനത
രണ്ട് പ്രശ്‌നങ്ങളാണ് ഇവര്‍ക്ക്. ഒന്ന് പട്ടയം, രണ്ട് വനം. ആദ്യം പട്ടയത്തിന്റെ പ്രശ്‌നം നോക്കാം. ഏഴായിരം ഏക്കര്‍ വരുന്ന പൊന്തന്‍പുഴയിലെ സംരക്ഷിതവനഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് ഈ വര്‍ഷം ജനുവരി പത്തിന് ഹൈക്കോടതി വിധി(MSA.1/1981) വന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള അവകാശത്തര്‍ക്കങ്ങളുടെ അന്തിമതീര്‍പ്പായിരുന്നു ഈ വിധി. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി, കാഞ്ഞിരപ്പള്ളി, റാന്നി നിയോജകമണ്ഡലങ്ങളില്‍പ്പെട്ട ആലപ്ര, വലിയകാവ് റിസര്‍വുകളാണ് ഈ വിധിയുടെ പരിധിയില്‍ വരിക. ഹൈക്കോടതി ഉത്തരവ് പ്രകാരം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള, ജൈവസമ്പത്തുകളാല്‍ സമ്പുഷ്ടമായ ഈ വനഭൂമി 283 സ്വകാര്യ വ്യക്തികളുടേതാണ്. ഇതോടെ വനത്തിന്റെയും വനാതിര്‍ത്തിയില്‍ കഴിയുന്ന 1200 കുടുംബങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലായത്.

വനഭൂമിയുടെയും വനാതിര്‍ത്തിയില്‍ കഴിയുന്ന കൈവശക്കാരുടെയും ഭൂമിയുടെ സര്‍വേ നമ്പര്‍ ഒന്നു തന്നെയാണെന്നതാണ് പ്രധാന പ്രശ്‌നമെന്ന് പറയുന്നു ടോമിച്ചന്‍ പുനമഠം. പട്ടയം വേണമെന്നു പറയുന്നു, അതേ സമയം വനം സംരക്ഷിക്കണമെന്നും പറയുന്നു. ആര്‍ക്കും ആദ്യം കേള്‍ക്കുമ്പോള്‍ വൈരുദ്ധ്യം തോന്നാം. എന്നാല്‍ വാസ്തവം മറ്റൊന്നാണ്, അതിനു ചരിത്രം പരിശോധിക്കേണ്ടി വരുമെന്നു പറയുന്നു അദ്ദേഹം. ഇവിടുത്തെ ഭൂമിയുടെ യഥാര്‍ത്ഥ സര്‍വേ നമ്പര്‍ 283/1 ആയിരുന്നു. പിന്നെ കാലക്രമത്തിലെപ്പെഴോ രണ്ടു സര്‍വേ നമ്പരുകളായി, 283/1 ഉം 283/1Aയും. ഗസറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് 283/1Aയുടെ ഭൂരിഭാഗവും വനമാണെന്നാണ്. ഭൂരിഭാഗത്തില്‍ പെടാത്ത വസ്തുവുണ്ടല്ലോ. ഇനി, പുതിയ സര്‍വേ അനുസരിച്ച് 193/1 ആണ് വനം. 174/1-192/19 വരെയും 194/1 മുതല്‍ 211/4 വരെയുമാണ് കൈവശക്കാരുടെ ഭൂമി. വനം 1265 ഏക്കര്‍ വരുമ്പോള്‍ കൈവശക്കാരുടെ ഭൂമി 325 ഏക്കറാണ്. 

വനത്തിന്റെ അതേ സര്‍വേ നമ്പരില്‍ തന്നെയാണ് കൈവശഭൂമിയും. അതിര്‍ത്തിക്കു പുറത്തുള്ള കൈവശഭൂമിയും വനമാണെന്ന് ഏതോ കാലത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തിയതുകൊണ്ട് കാലങ്ങളായി ഇവിടുത്തുകര്‍ക്ക് പട്ടയം കിട്ടിയതുമില്ല. റീസര്‍വേ നടന്നപ്പോള്‍ തിരുത്താന്‍ റവന്യൂ അധികൃതര്‍ തയ്യാറായില്ല. കൈവശഭൂമിക്ക് വനഭൂമിയുമായി യാതൊരു ബന്ധമില്ലെന്നും കോടതി തര്‍ക്കങ്ങളില്‍ ഇത് ഉള്‍പ്പെടുന്നില്ലെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രമാണങ്ങളിലള്ള റവന്യു നോട്ട്(ആര്‍എഫ്) നീക്കം ചെയ്ത് നിരുപാധിക പട്ടയം നല്‍കണമെന്നാണ് ഇവരുടെ ആവശ്യങ്ങളിലൊന്ന്. ഇവിടുത്തെ കുറേ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചിട്ടുമുണ്ട്. 1958-ല്‍ സ്വതന്ത്രകേരളത്തിന്റെ ആദ്യ സര്‍ക്കാര്‍ ഈ പ്രദേശത്തെ ചില കുടുംബങ്ങള്‍ക്ക് അന്ന് പട്ടയം നല്‍കിയിരുന്നു. 

വനത്തിനിടയിലെ വളകോടി, നെടുമ്പ്രം ചതുപ്പിലെ താമസക്കാരാണ് ഞങ്ങള്‍. കുടുംബത്തിനു 50 സെന്റുണ്ടായിരുന്നു. പിന്നീട് അത് വീതംവച്ചു തലമുറ കൈമാറി വന്നപ്പോള്‍ ഏഴു സെന്റായി. ഇപ്പോള്‍ മൂന്നു സെന്റിനു മാത്രമാണ് പഞ്ചായത്തില്‍ നിന്ന് കൈവശവകാശ രേഖ തരുന്നത്. അതും വനംപുറമ്പോക്കാണെന്ന് രേഖപ്പെടുത്തി മാത്രം. ഒന്നോ രണ്ടോ കുടുംബങ്ങളല്ല, 180ലധികം കുടുംബങ്ങളാണ് ഈ ചതുപ്പുകളില്‍ കഴിയുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ചാണ് 180 കുടുംബങ്ങള്‍. മക്കളുടെ കുടുംബങ്ങളുംകൂടി ചേര്‍ക്കുമ്പോള്‍ അതിലധികം വരും- ഓമന പറയുന്നു.

പെരുമ്പെട്ടി വില്ലേജ് ഓഫിസിനു മുന്നിലെ സമരപ്പന്തലില്‍ നിന്ന്
പെരുമ്പെട്ടി വില്ലേജ് ഓഫിസിനു മുന്നിലെ സമരപ്പന്തലില്‍ നിന്ന്

1942-ലെ ഗ്രോമോര്‍ ഫുഡ് പദ്ധതിപ്രകാരം കുത്തകപ്പാട്ട വ്യവസ്ഥയില്‍ കുറേ കുടുംബങ്ങളെ ഈ ചതുപ്പുകളില്‍ സര്‍ക്കാര്‍ താമസിപ്പിക്കുകയായിരുന്നു. ഈ കൈവശക്കാരുടെ പരിമിതഭൂമിക്ക് പട്ടയം നല്‍കാന്‍ പിന്നീട് നടപടിയുണ്ടായില്ല. 1957-ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പാട്ടം ബാധ്യതയില്‍ നിന്ന് ഈ കുടുംബങ്ങളെ ഒഴിവാക്കിയെങ്കിലും പട്ടയം നല്‍കല്‍ വാഗ്ദാനമായി തന്നെ നിന്നു. ഇവരെല്ലാം 1977 മുമ്പുള്ള കൈവശക്കാരാണ്, അതു റവന്യൂ, വനം വകുപ്പുകളുടെ ജോയിന്റ് വേരിഫിക്കേഷനിലൂടെ ബോധ്യപ്പെട്ടതുമാണ്. എന്നിട്ടും നടപടിയുണ്ടായില്ലെന്നു പറയുന്നു ജെയിംസ് കണിമല. പൊന്തന്‍പുഴ വലിയകാവ് വനസംരക്ഷണ-പട്ടയ സമരസമിതിയുടെ മുന്‍നിര പ്രവര്‍ത്തകനാണ് ജെയിംസ്. 

വനസംരക്ഷണവും
അതിജീവനവും

പൊതുസ്വത്താണ് വനം. ഇതു മുറിച്ച് പലരുടേതാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നു സന്തോഷ് പെരുമ്പെട്ടി. ഈ വനം സ്വന്തമാക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. ഒരാളെയും ഇതു നശിപ്പിക്കാന്‍ അനുവദിക്കില്ല. ആഴത്തിലും പരപ്പിലുമുള്ള പാറക്കെട്ടുകളാണ് ആകര്‍ഷണം. നോക്കേത്താ ദൂരത്തോളം നാലുചുറ്റും ഇടതൂര്‍ന്ന വനം മാത്രം കാണാവുന്ന പാറയുടെ മുകളില്‍ നിന്ന് സന്തോഷ് പറയുന്നു

''ഇതാണ് നാഗപ്പാറ. അമ്പത് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പാറയ്ക്ക് ചരിത്രപരവും മതപരവുമായ പ്രാധാന്യമുണ്ട്. പഴയ തിരുക്കൊച്ചി- തിരുവിതാംകൂര്‍ അതിര്‍ത്തിയിലായിരുന്നു ഈ പാറയെന്ന് കണക്കാക്കപ്പെടുന്നു. പാറയ്ക്ക് ഒത്ത മധ്യത്തിലൂടെ രണ്ട് വരകളുണ്ട്. അതിര്‍ത്തി നിര്‍ണയിക്കുന്ന രേഖകളാണ് ഇതെന്ന് പറയപ്പെടുന്നു. ഇവിടെ നിന്നും വനത്തിലൂടെ രണ്ട് കിലോമീറ്റര്‍ നടന്നാല്‍ വനദുര്‍ഗാ ക്ഷേത്രത്തിലെത്താം. അമ്പലത്തറയും കുളവും കാവും പ്രതിഷ്ഠയുമൊക്കെ ഇപ്പോഴുമുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ പൂജയുമുണ്ട്. ആള്‍സഞ്ചാരമില്ലാത്ത കാട്ടിലൂടെ ക്ഷേത്രത്തിലേക്ക് പോകാന്‍ ഒറ്റയടിപ്പാത മാത്രമാണുള്ളത്. ഈ ഇടതൂര്‍ന്ന വനം കണ്ടിട്ട് കുറ്റിക്കാടാണെന്ന റിപ്പോര്‍ട്ട് ആരെങ്കിലുമെഴുതുമോ?'' അങ്ങനെ നല്‍കിയ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊന്തന്‍പുഴ വനം 283 പേരടങ്ങുന്ന ട്രസ്റ്റിനു അവകാശപ്പെട്ടതാണെന്ന കോടതിവിധിയുണ്ടായത്.

1753ല്‍ തിരുവിതാംകൂര്‍ രാജാവിനെ യുദ്ധത്തില്‍ സഹായിച്ചതിന് പ്രത്യുപകാരമായി എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കൈപ്പുഴ കോവിലകത്തിന് നല്‍കിയതാണ് പൊന്തന്‍പുഴ. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് ചെമ്പ് പട്ടയത്തില്‍ നീട്ട് നല്‍കി എന്നാണ് അവകാശവാദം. 1906ല്‍ ദിവാന്‍ മാധവറാവു പൊന്തന്‍പുഴയെ വനമായി പ്രഖ്യാപിച്ചു. അപ്പോഴും വനാതിര്‍ത്തിയില്‍ കൈവശക്കാരുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം റവന്യൂ-വനം വകുപ്പുകളുടെ ജോയിന്റ് വേരിഫിക്കേഷനില്‍  അതു തെളിഞ്ഞിട്ടുണ്ട്. പലരുടെ കൈവശ രേഖകള്‍ക്ക് ഒരു നൂറ്റാണ്ടോളം പഴക്കവുമുണ്ട്. 1891-ലെ വനനിയമ പ്രകാരം തിരുവല്ല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട ആറേമുക്കാല്‍ ചതുരശ്ര മൈല്‍ സ്ഥലം വലിയകാവ് റിസര്‍വ് വനമായി ഏറ്റെടുക്കാന്‍ വിജ്ഞാപനമുണ്ടായി. 1904-ല്‍ കറിക്കാട്ടൂരും 1905-ല്‍  വലിയകാവും 1906-ല്‍  ആലപ്രയും റിസര്‍വായി പ്രഖ്യാപിക്കപ്പെട്ടു. ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന കാലം മുതല്‍ ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കങ്ങളും തുടങ്ങി. പിന്നീട് സംസ്ഥാന രൂപീകരണത്തിന് ശേഷം 1959ല്‍ സര്‍ക്കാര്‍ പുനര്‍വിജ്ഞാപനത്തിലൂടെ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.

1904-ല്‍ എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കോവിലകം മാത്രമാണ് അവകാശവാദം ഉന്നയിച്ചതെങ്കില്‍ 1959-ലത് 22 കക്ഷികളായി. കൊല്ലം ജില്ലയില്‍ നിന്ന് 13 പേരും കോട്ടയം ജില്ലയില്‍ നിന്ന് ഒമ്പതു പേരുമാണ് ഭൂമിക്ക് അവകാശവാദം ഉന്നയിച്ചത്. 1976-ല്‍ സെറ്റില്‍മെന്റ് ഓഫീസര്‍ ഇതൊക്കെ നിരസിച്ചു. അതേസമയം  1940കളില്‍ തന്നെ ഭൂമി കൈവശം വച്ചിരുന്ന നൈതല്ലൂര്‍ കോവിലകം അത് പാലാ സ്വദേശിയായ ചെറിയത്ത് ജോസഫിനു മറിച്ചു നല്‍കിയത്രെ. വ്യവഹാരങ്ങളെല്ലാം തീര്‍ത്ത്, കുടിയേറ്റക്കാരെ ഒഴിപ്പിച്ചു ഭൂമി സ്വന്തമാക്കാമെന്നും അതില്‍ ഇത്ര കൊട്ടാരത്തിനു കൈമാറണമെന്നുമായിരുന്നുവെത്ര വ്യവസ്ഥ. ഏതായാലും തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ ഭൂമി മറിച്ചുവിറ്റു. ഇതിനിടയില്‍ ഭൂമിയുടെ മുകളില്‍ അവകാശമുന്നയിച്ച് കൂടുതല്‍ സ്വകാര്യ വ്യക്തികള്‍ കോടതിയെ സമീപിച്ചു. അനുകൂലവിധിയും നേടി. എന്നാല്‍ വനംവകുപ്പ് അപ്പീല്‍ പോയി. 1979ല്‍ സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായി. 1981ലാണ് പുതിയ കേസ് ആരംഭിക്കുന്നത്.
 

പുതിയ കേസിന്റെ
തുടക്കം ഇങ്ങനെ

നെയ്തല്ലൂര്‍ കോവിലകത്ത് നിന്ന് വാങ്ങിയ ഭൂമിയാണെന്നും കൈവശം പട്ടയമുണ്ടെന്നും കാണിച്ച് പാലാ സ്വദേശിയായ ചെറിയത്ത് ജോസഫ് കോടതിയെ സമീപിച്ചു. കോവിലകത്തിന്റെ അവകാശികള്‍ അടങ്ങുന്ന ട്രസ്റ്റ് ഉള്‍പ്പെടെ 283 അംഗങ്ങള്‍ ജോസഫിനൊപ്പം കേസില്‍ കക്ഷിചേര്‍ന്നു. അപ്പോഴേക്കും ഇത്രയും പേര്‍ക്ക് വനഭൂമി മറിച്ചുവിറ്റിരുന്നു. കോട്ടയം ജില്ലാ കോടതിയിലും എറണാകുളം ജില്ലാ കോടതിയിലുമായി കേസ് സമര്‍പ്പിച്ചു. എന്നാല്‍, ആ കോടതികളില്‍ നിന്നും കേസ് തള്ളിപ്പോയി. അതോടെ കേസ് ഹൈക്കോടതിയിലെത്തി. 1986-ല്‍ നിര്‍ണായകമായ ഒരു വിധിയാണ് കോടതി പ്രസ്താവിച്ചത്. വ്യാജരേഖകള്‍ ചമച്ച് നിമമവ്യവസ്ഥിതിയെ തന്നെ കബളിപ്പിക്കുകയാണ് ഹര്‍ജിക്കാര്‍ ചെയ്യുന്നതെന്ന് കണ്ടെത്തി കേസ് നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ വനഭൂമിയില്‍ അവകാശമുന്നയിക്കുന്നവര്‍ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു. 2003ലാണ് സുപ്രീംകോടതി ഈ കേസില്‍ വിധിപറഞ്ഞത്. ഇതുവരെയുള്ള എല്ലാ കാര്യങ്ങളും റദ്ദ് ചെയ്യണമെന്നും കേസ് പുതുതായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി കേസ് ഹൈക്കോടതിക്ക് തിരിച്ചയച്ചു.

അവകാശത്തര്‍ക്കം നിലനില്‍ക്കെ എങ്ങനെയാണ് വനഭൂമിയുടെ മേല്‍ ഇത്രയും കൈമാറ്റം നടക്കുകയെന്നു ചോദിക്കുന്നു സമരസമിതി പ്രവര്‍ത്തകര്‍. രഹസ്യഇടപാടുകള്‍ക്ക് റവന്യൂവകുപ്പും രജിസ്‌ട്രേഷന്‍ വകുപ്പും വഴിവിട്ട സഹായം ചെയ്യുകയായിരുന്നു. വനം അളന്നു തിരിച്ചു നല്‍കിയത് സര്‍വേ വകുപ്പാണ്. വനംവകുപ്പ് എതിര്‍ത്തതുമില്ല. ഇങ്ങനെ കുത്തഴിഞ്ഞ, അഴിമതിഗ്രസ്തമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ വനത്തെ സ്വകാര്യമാഫിയകളുടെ കൈകളിലെത്തിച്ചു.   1971ലെ സ്വകാര്യവനം പിടിച്ചെടുക്കുന്നത് സംബന്ധിച്ച നിയമവും, 2003ലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്ന നിയമവുമൊക്കെ നോക്കുകുത്തിയായി. ഇതൊന്നും കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടതേയില്ല. 283പേര്‍ക്കായി കോടതിയില്‍ ഹാജരായ 75 അഭിഭാഷകരുടെ വാദങ്ങള്‍ക്കെതിരെ നിരത്താന്‍ നിരവധി രേഖകളും നിയമസാധ്യതകളുമുണ്ടായിരിക്കെ അതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല.

ടോമിച്ചന്‍ പുനമഠം
ടോമിച്ചന്‍ പുനമഠം

സാമാന്യയുക്തിക്ക് നിരക്കുന്നതായിരുന്നില്ല കോടതിനടപടികള്‍. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ചെമ്പുപട്ടയം നീട്ട് പ്രകാരം ലഭിച്ചെന്നാണ് നെയ്തല്ലൂര്‍ കോവിലകത്തിന്റെ വാദം. രാജശാസന പ്രകാരം കോവിലകത്തിന് ലഭിച്ച വനഭൂമി. പക്ഷെ, അസല്‍ നീട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നതാണ് വസ്തുത. ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് മുമ്പ് തന്നെ പല കോടതികളും കണ്ടെത്തുകയും ചെയ്തു. മലയാളം ലിപി ഉപയോഗിക്കാറില്ലാത്ത അക്കാലത്ത് വട്ടെഴുത്തില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന ആ നീട്ടിന്റെ ലിപി മാറ്റം വരുത്തിയ പകര്‍പ്പിന്റെ പകര്‍പ്പ് മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.


മാര്‍ത്താണ്ഡവര്‍മ്മ ചെമ്പോല എഴുതാനായി ഉപയോഗിച്ചിരുന്നില്ലെന്നും തൃപ്പടിദാനം രേഖ പോലും പനയോലയിലാണ് എഴുതിയതെന്നും പറയുന്നു സമരസമിതി പ്രവര്‍ത്തകര്‍ ചെമ്പിന്റെ കാലപ്പഴക്കം, ഭാഷ, അവയെല്ലാം ശാസ്ത്രീയമായി പരിശോധിക്കാനുള്ള തീരുമാനം കോടതിയില്‍ നിന്നുണ്ടായില്ല എന്നതാണ് മറ്റൊരു ഗുരുതരപ്രശ്‌നം. ഈ നീട്ടും അനുബന്ധരേഖകളും വ്യാജമാണെന്ന 1991 മാര്‍ച്ച് 18ലെ ഹൈക്കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഹാജരാക്കിയ രേഖകളുടെ ശാസ്ത്രീയ അടിസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നു ജെയിംസ് കണ്ണിമല പറയുന്നു. എന്നാല്‍ അത്തരമൊരു നീക്കം സര്‍ക്കാര്‍ വക്കീലായ എം.പി. പ്രകാശ് നടത്തിയില്ല. വിധിക്കു ശേഷം വിവാദമുണ്ടായപ്പോള്‍ റിവ്യു പെറ്റീഷന്‍ സമര്‍പ്പിച്ചതും ഇതേ വക്കീലാണ്. കറിക്കാട്ടൂര്‍ ഡിവിഷനിലെ 300 ഏക്കര്‍ സര്‍ക്കാരിന് അനുകൂലമായി വിധിക്കുകയും സര്‍ക്കാര്‍ വനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ വിധിയില്‍ വ്യാജമെന്ന് കണ്ടെത്തിയ അതേ നീട്ടാണ് ഈ കേസില്‍ കോടതി സ്വീകരിച്ചതെന്ന് പറയുന്നു സമരക്കാര്‍. 
തര്‍ക്കഭൂമിയുടെ അതിര്‍ത്തി നിര്‍ണിയ്ക്കാന്‍ ഒഴുക്കുകളെയാണ് കോടതി ആശ്രയിച്ചത്. സ്ഥലപരിശോധന പോലും നടത്താതെ കേട്ടെഴുത്ത് രേഖയാണ് ഒഴുക്കുകള്‍. ഇത് തികച്ചു അശാസ്ത്രീയമാണെന്നു സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ഹൈക്കോടതി വിധിയില്‍ കൃത്യമായി പറയുന്ന ഒരു കാര്യമുണ്ട്. '1971ലെയും 2003ലെയും വനനിയമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ സൂചിപ്പിക്കാത്തതിനാല്‍ ആ വിഷയങ്ങളിലേക്ക് കടക്കുന്നില്ല' എന്ന്. പട്ടയത്തിന്റെ സാധുത പരിശോധിക്കണമെന്നോ വനസംരക്ഷണ നിയമങ്ങളുടെ കീഴില്‍ വരുന്ന പ്രദേശമാണ് പൊന്തന്‍പുഴയെന്നോ കോടതിയെ വേണ്ടതരത്തില്‍ ധരിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നു വ്യക്തം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സുശീലഭട്ട് ആയിരുന്നു കേസ് വാദിച്ചിരുന്നത്. രേഖകള്‍ വേണ്ടത്ര ലഭ്യമാവാതിരുന്നിട്ടുകൂടി അവര്‍ പുറത്തുനിന്നൊക്ക രേഖകള്‍ സംഘടിപ്പിച്ചാണ് വാദിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് സുശീലഭട്ടിനെ മാറ്റി പുതിയ അഭിഭാഷകനെ കൊണ്ടുവന്നു. അതോടെ വിധിയും പ്രതികൂലമായി.
കേരളത്തിലെ ഭൂസമരങ്ങളുടെ തുടര്‍ച്ച തന്നെയാണ് പൊന്തന്‍പുഴയിലേതും. രാജഭരണം വിട്ടൊഴിഞ്ഞ് ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒരു നൂറ്റാണ്ട് അടുക്കാറാവുമ്പോഴും ഭൂമിയുടെ അവകാശം ഇപ്പോഴും അവര്‍ക്കു തന്നെയാണെന്ന് വിധിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. രാജാക്കന്‍മാരുടെ ചെമ്പു പട്ടയങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തര കേരളത്തില്‍ നിയമസാധുത ഇല്ലെന്നുവരും വിധം മുന്‍കാല പ്രാബല്യത്തോടെ നിയമനിര്‍മാണം നടത്തുക മാത്രമാണ് പോംവഴിയെന്ന് ജെയിംസ് കണ്ണിമല പറയുന്നു. അതുകൊണ്ടു തന്നെ പൊന്തന്‍പുഴ മാത്രമല്ല സമാനഭീഷണി നേരിടുന്ന മുഴുവന്‍ വനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള അടിയന്തര നിയമനിര്‍മാണമാണ് ഈ സമരസമിതി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളില്‍ ഒന്നാമത്തേതും- ജെയിംസ് പറയുന്നു. 

രാഷ്ട്രീയച്ചൂടും
അഴിമതിയാരോപണങ്ങളും

പൊന്തന്‍പുഴ വനത്തിന്റെ പേരില്‍ ചൂടേറിയ രാഷ്ട്രീയ തര്‍ക്കങ്ങളാണ് രാഷ്ട്രീയമുന്നണികളില്‍ നടന്നത്. ഹൈക്കോടതിവിധി സര്‍ക്കാരിനു തിരിച്ചടിയല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച വനംമന്ത്രിക്കെതിരേ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും(എം) തിരിഞ്ഞു. കെ.രാജുവും സി.പി.ഐയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഇവരുടെ വാദം. ഇരുപാര്‍ട്ടികള്‍ക്കും സ്വാധീനമുള്ള ജില്ലകളാണ് പത്തനംതിട്ടയും കോട്ടയവും. ഒരുപടി കൂടി കടന്ന് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയംഗം സ്റ്റീഫന്‍ ജോര്‍ജ് അഴിമതിയാരോപണം കൂടി ഉന്നയിച്ചതോടെ കെ.എം. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വവും പ്രതിരോധത്തിലായി. കേസ് തോറ്റുകൊടുക്കാന്‍ കാനവും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. രാഷ്ട്രീയവിവാദം ശക്തമായതോടെ റിസര്‍വ് വനമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടില്ലെന്നും കൈവശാവകാശം ലഭിച്ചുവെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കുക മാത്രമാണ് കോടതി ചെയ്തതെന്നുമാണ് വനംവകുപ്പ് വാദിക്കുന്നു. സിപിഐയെ പ്രതിക്കൂട്ടിലാക്കാന്‍ യുഡിഎഫ് പിന്തുണയോടെയാണ് നിയമസഭയില്‍ വനംമന്ത്രിക്കെതിരേ അടിയന്തരപ്രമേയത്തിന് കെ.എം. മാണി നോട്ടീസ് നല്‍കിയത്. കൈവശരേഖയുള്ള കര്‍ഷകരെ കുടിയിറക്കില്ലെന്ന് സഭയെ അറിയിച്ച വനംമന്ത്രി പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയിച്ചു. എന്നാല്‍ പട്ടയപ്രശ്‌നം പരിഹരിക്കപ്പെട്ടാലും വനത്തിന്റെ പേരില്‍ സമരവുമായി മുന്നോട്ടുപോകാനാണു സമരസമിതിയുടെ തീരുമാനം. 
കോടതിവിധിക്കു ശേഷം.


ഹൈക്കോടതിവിധി വന്നതിനു ശേഷം വനം കൈയേറാന്‍ കേസിലെ കക്ഷികള്‍ പ്രത്യക്ഷശ്രമം തുടങ്ങിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അവകാശപ്പെട്ട സ്ഥലം തിരക്കി ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് ആള്‍ക്കാരെത്തിത്തുടങ്ങിയത്രെ. ഷൊര്‍ണൂരില്‍ നിന്നുപോലും കൂട്ടത്തോടെ ആള്‍ക്കാര്‍ സ്ഥലംകാണാനെത്തുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ 590 ഏക്കറില്‍ അവകാശവാദം ഉന്നയിച്ച് വില്ലേജ് ഓഫീസിലെത്തിയിരുന്നു. ഇതിനിടെ കൈയേറ്റത്തിനു റിയല്‍ എസ്റ്റേറ്റുകാരെ സഹായിച്ച രഘുനാഥപിള്ള ജൂണ്‍ ഒമ്പതിനു പെരുമ്പെട്ടിയില്‍ അറസ്റ്റിലായി. ആധാരങ്ങളും കരാറുടമ്പടികളും കരമടച്ച രസീത് വരെ വ്യാജമായി നിര്‍മിക്കുന്ന വന്‍ലോബിയുടെ കണ്ണിയാണ് ഇയാളെന്ന് സമരസമിതി ആരോപിക്കുന്നു. വനത്തിനുള്ളില്‍ ഭൂമിഅളക്കുന്നതും അതിരുകല്ലുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും ആരോപണങ്ങളുണ്ട്. ഇതൊന്നും തടയാനുള്ള ജാഗ്രത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. കോടതിവിധിക്കു ശേഷം വീട്ടുനമ്പര്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ട്. അതേ സമയം ഒറ്റത്തവണ നികുതി ഈടാക്കുന്നതുമുണ്ട്. ഇങ്ങനെ വൈരുദ്ധ്യങ്ങളാല്‍, ആശയക്കുഴപ്പങ്ങളാണ് പെരുമ്പട്ടിയിലെ രേഖീയവും അല്ലാത്തതുമായ ഇടപാടുകളെല്ലാം. 

സഫാരിപാര്‍ക്കും
ക്വാറികളും

പെരുമ്പെട്ടിയില്‍ കുഴികള്‍ നിറഞ്ഞ റോഡുകളിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്നത് ടിപ്പര്‍ ലോറികളാണ്. ക്വാറിമാഫിയകളുടെ താവളമാണ് പത്തനംതിട്ടയിലെ മലനിരകള്‍. സ്വകാര്യവ്യക്തികള്‍ക്ക് അനുകൂലമായ കോടതിവിധി ഏറ്റവുമധികം ഗുണകരമാകുന്നതും ക്വാറി ഉടമകള്‍ക്കാണ്. എത്ര കൊല്ലം പൊട്ടിച്ചാലും തീരാത്തത്ര ആഴവും പരപ്പുമുള്ള പാറക്കൂട്ടങ്ങള്‍ പൊന്തന്‍പുഴ വനത്തിനകത്ത് കിട്ടും. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയാവുമ്പോള്‍ അനുമതി എളുപ്പം ലഭിക്കും. കൂട്ടുപാറയും നാഗപ്പാറയും ആവോലിമലയുമൊക്കെ ക്വാറികളുടെ ലക്ഷ്യങ്ങളാണ്. തൊട്ടടുത്ത് ആവോലി മലയില്‍ വര്‍ഷങ്ങളായി അമിറ്റി റോക്‌സ് എന്ന പേരില്‍ ഒരു ക്വാറി പ്രവര്‍ത്തിച്ചിരുന്നു. ഗോപിനാഥന്‍പിള്ള എന്ന എഴുപതുകാരന്‍ നടത്തിയ പോരാട്ടമാണ് വനഭൂമിയോട് ചേര്‍ന്നുള്ള ക്വാറിപ്രവര്‍ത്തനം തടഞ്ഞത്. സഫാരിപാര്‍ക്കാണ് മറ്റൊരു പദ്ധതി. സിംഗപ്പൂര്‍ മോഡല്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാനും നീക്കമുണ്ട്. ഇതിനുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റാന്നി ഡിഎഫ്ഒ എം. ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ വന്യജീവി സാന്നിധ്യമില്ലാത്ത പൊന്തന്‍പുഴയില്‍ മൃഗങ്ങളെ തുറന്നുവിടുന്നത് പ്രായോഗികമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പൊന്തന്‍പുഴ വനസംരക്ഷണ സമരസമിതിയുടെ വാദം. 


Comment
ഭൂമി മുഴുവന്‍ അടക്കിവച്ചിരുന്ന രാജാക്കന്മാര്‍ തോന്നുംപടി ചെയ്തിട്ടുള്ള ഭൂദാനം നമ്മുടെ റവന്യൂ വനം നിയമങ്ങള്‍ക്ക് ബാധകമാണോ എന്നതാണ് പ്രധാന ചോദ്യം. രാജഭണകാലത്തെ തീട്ടൂരങ്ങള്‍ക്കും നീട്ടുകള്‍ക്കും സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഒരു നിയമസാധുതയും ഇല്ലെന്നു വരുംവിധം മുന്‍കാല പ്രാബല്യത്തോടെ നിയമനിര്‍മാണം നടത്തുകയാണ് വേണ്ടത്- ജെയിംസ് കണ്ണിമല

തലമുറകളായി നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ച് ശതകോടികള്‍ മുടക്കി സര്‍ക്കാരിനോട് വ്യവാഹരം നടത്തി വനഭൂമിയില്‍ സ്വകാര്യ അവകാശം സ്ഥാപിച്ചെടുത്ത ഈ മാഫിയയെ തടഞ്ഞു നിര്‍ത്താന്‍ 1971ലെ സ്വകാര്യവനം ഏറ്റെടുക്കല്‍ നിയമമോ 2003-ലെ പരിസ്ഥിതി ലോല പ്രദേശം ഏറ്റെടുക്കല്‍ നിയമമോ പര്യാപ്തമല്ല- സന്തോഷ് പെരുമ്പെട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com