നെഞ്ചില്‍ മുനകൂര്‍പ്പിക്കുന്ന മതരാഷ്ട്രീയം

കേരള ചരിത്രത്തില്‍ പുരോഗമന ക്യാംപസ് എന്ന് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള എറണാകുളം മഹാരാജാസില്‍ എസ്.എഫ്.ഐയുടെ അധീശത്വമാണ്.
നെഞ്ചില്‍ മുനകൂര്‍പ്പിക്കുന്ന മതരാഷ്ട്രീയം

കേരള ചരിത്രത്തില്‍ പുരോഗമന ക്യാംപസ് എന്ന് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള എറണാകുളം മഹാരാജാസില്‍ എസ്.എഫ്.ഐയുടെ അധീശത്വമാണ്. ചുവപ്പുകോട്ടയെന്നാണ് അതുകൊണ്ടുതന്നെ വിളിപ്പേര്. എന്നാല്‍, മിക്കവാറും എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടേയും സാന്നിധ്യം ക്യാംപസിലുണ്ട്. ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനറല്‍ സീറ്റില്‍ ജയിച്ച് യൂണിയന്‍ ഭരണത്തില്‍ ഭാഗമാണ്. അതിനും ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ആ കോളേജില്‍ ക്ലാസ്സ് പ്രതിനിധികളായി എസ്.ഐ.ഒ ജയിച്ചുവരാറുണ്ടായിരുന്നു. കെ.എസ്.യുവും എ.ബി.വി.പിയും തുടങ്ങിയ എല്ലാ സംഘടനകളും ക്യാംപസില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

ഈ സംഘടനകളുടെ പ്രവര്‍ത്തകരെല്ലാം അവരുടെ രാഷ്ട്രീയബോധ്യങ്ങള്‍ മാറ്റിവയ്ക്കാതെ തന്നെ ഒന്നിച്ചു നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. സമരങ്ങള്‍ ഏറ്റെടുത്തു നടത്താറുണ്ട്. സ്വയംഭരണത്തിനെതിരേയും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരേയും ഒരു മുന്‍ പ്രിന്‍സിപ്പല്‍ നടത്തിയ സദാചാര പൊലീസിംഗിനെതിരെയുമൊക്കെ ഒറ്റക്കെട്ടായാണ് അവിടത്തെ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്. അതേസമയം എല്ലാ ക്യാംപസുകളിലേയും പോലെ ചിലപ്പോഴൊക്കെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങളും കൈയാങ്കളിയുമൊക്കെ ഉണ്ടാകാറുണ്ട്. കോളേജ് അധികൃതരും വിദ്യാര്‍ത്ഥികളും മുഖാമുഖം എതിരിടുന്ന വേളകളും ഉണ്ടായിട്ടുണ്ട്. സ്വയംഭരണ സമ്പ്രദായം നടപ്പായതോടുകൂടി പ്രശ്‌നങ്ങള്‍ കുറച്ചുകൂടി രൂക്ഷമാകുകയും ചെയ്തു. സ്വയംഭരണത്തിന്റെ മറവില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ക്യാംപസ് കുറേക്കാലം സമരഭരിതമായിരുന്നു.

ഇപ്പോള്‍ ക്യാംപസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ അഭിമന്യു അടക്കമുള്ള ആദിവാസി വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നിറക്കുന്നതിനുവേണ്ടി ഒരു മുന്‍ പ്രിന്‍സിപ്പല്‍ മാരകായുധങ്ങള്‍ ഹോസ്റ്റലില്‍ കൊണ്ടുപോയി വച്ചു പൊലീസിനെ വരുത്തിയതും വാര്‍ത്തയാക്കിയതും വിവാദമായതും സ്വയംഭരണം വന്നതിനു ശേഷമാണ്. ഇതേ പ്രിന്‍സിപ്പല്‍ തന്നെ, പെണ്‍കുട്ടികള്‍ കലാലയത്തില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണ് എന്നു പ്രസ്താവനയിറക്കി വിദ്യാര്‍ത്ഥിസമൂഹത്തെ പ്രക്ഷുബ്ധമാക്കിയത് സ്വയംഭരണാനന്തരം തന്നെ. 

കീഴാള സമൂഹത്തിന്റെ കലാലയം 
കേരളത്തിലെ പല ജില്ലകളില്‍നിന്നുള്ള പിന്നാക്ക, ദളിത് വിദ്യാര്‍ത്ഥികളുടെ ശക്തമായ സാന്നിധ്യമുള്ള കലാലയമാണ് മഹാരാജാസ് കോളേജ്. പ്രതികൂലാവസ്ഥകളോട് പടവെട്ടി പഠനത്തില്‍ മികവു കാണിക്കുകയും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള വിദ്യാര്‍ത്ഥിസമൂഹമാണ് ഇവിടെയുള്ളത്. കഠാരിമുനയില്‍ പിടഞ്ഞൊടുങ്ങിയ അഭിമന്യുവും ഇത്തരമൊരു പശ്ചാത്തലത്തില്‍നിന്നു വന്നയാളാണ്. അങ്ങേയറ്റം അവികസിതാവസ്ഥ നിലനില്‍ക്കുന്ന മറയൂരിലെ വട്ടവടയില്‍നിന്നു മുണ്ടുമുറുക്കിയുടുത്തു പഠിക്കാനെത്തിയ ആ നവയുവാവിന് ഏറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണയും പക്ഷപാതിത്വവുമുണ്ടായിരുന്നിട്ടുപോലും രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിലനിന്ന ഐക്യത്തിനും സൗഹൃദത്തിനും ഉത്തമോദാഹരണമായിരുന്നു മിടുക്കനായ ആ വിദ്യാര്‍ത്ഥി എന്നു സഹപാഠികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഉത്തരേന്ത്യന്‍ ആഘോഷമായ ഹോളിയില്‍ ആകെ വര്‍ണ്ണങ്ങളില്‍ കുളിച്ചുനിന്ന അഭിമന്യുവിനെ അവരോര്‍ക്കുന്നു. ക്യാംപസിലെ മറ്റൊരു സംഘടന നടത്തിയ ഫുട്ബാള്‍ മത്സരത്തില്‍ വിജയാഹ്ലാദം പൂണ്ടുനിന്ന അഭിമന്യുവിനെ അവരോര്‍ക്കുന്നു. സമര മുന്നണിയിലും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലും സാന്നിധ്യമായിരുന്ന തങ്ങളുടെ സഹപാഠിയെ വേദനയോടെ അവരോര്‍ക്കുന്നു. ഝാര്‍ഖണ്ഡില്‍ മുസ്ലിം പള്ളിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ അഭിമന്യു പ്രതിഷേധിച്ചതും ഏപ്രില്‍ മാസത്തില്‍ നടന്ന ദളിത് ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചതും മതന്യൂനപക്ഷങ്ങളുമായും ദളിതരുമായും ആ എസ്.എഫ്.ഐ നേതാവ് ഐക്യപ്പെട്ടുനിന്നതും ആര്‍ത്തവാസ്വാസ്ഥ്യങ്ങളില്‍ കൂട്ടുകാരികള്‍ക്ക് ആശ്വാസമായി നിന്നതും അവന്‍ പാടിയതും അവന്‍ മുദ്രാവാക്യം വിളിച്ചതും അവന്‍ പ്രസംഗിച്ചതും അവര്‍ വേദനയോടെ ഓര്‍ക്കുന്നു. അവനോടൊപ്പം കുത്തുകൊണ്ടു വീണ, അവന്റെ ഉറ്റ സഖാവായ അര്‍ജുന്‍ ബോധം വീണ്ടെടുത്തപ്പോള്‍ ആദ്യമന്വേഷിച്ചത് എന്റെ അഭിമന്യുവിന് എന്തു പറ്റിയെന്നായിരുന്നു. 

''ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും ബോധ്യങ്ങളുമുള്ള ചെറുപ്പക്കാരനായിരുന്നു അവന്‍. പച്ചക്കറിക്ക് വിഷം തളിക്കുന്ന നാടല്ലേ എന്നു കളിയാക്കുമ്പോള്‍ ആ നാട്ടില്‍നിന്ന് ഒരു ശാസ്ത്രജ്ഞനായി വരുമെന്ന് അവന്‍ പറയുമായിരുന്നു.'' അഭിമന്യുവിന് ഏറെ അടുപ്പമുണ്ടായിരുന്ന സൈമണ്‍ ബ്രിട്ടോ. യാത്രാവിവരണമെഴുതുന്ന സൈമണ്‍ ബ്രിട്ടോവിനെ സഹായിക്കാന്‍ ആ വീട്ടില്‍ തങ്ങുമ്പോഴും ബ്രിട്ടോയ്ക്കും ഭാര്യ സീനയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴും അവന്റെ ഉള്ളില്‍ കൂട്ടുകാരുടെ വിശപ്പായിരുന്നു. സദാ പ്രസന്നവാനായിരിക്കുമ്പോഴും അന്യരുടെ സങ്കടങ്ങളിലായിരുന്നു ആ മനസ്സ്. 

''നാന്‍ പെറ്റ മകനേ, എന്‍ കിളിയേ'' എന്ന കരള്‍ പിളര്‍ന്ന ആ കരച്ചില്‍ ആര്‍ക്കും മറക്കാനാകില്ല. മഹാരാജാസിലെ ക്യാംപസില്‍ മകന്റെ ജീവനറ്റ ശരീരത്തില്‍ വീണുകരയുമ്പോഴും എറണാകുളത്തെ ചൂടിലും ആ അമ്മ പച്ച സ്വെറ്ററാണ് അണിഞ്ഞിരുന്നത്. ഒരുപക്ഷേ, പുറത്തെ ചൂടിനെ മറികടക്കുന്ന ഉള്‍ച്ചൂടു മൂലമായിരിക്കാം ആ സാധു തൊഴിലാളി സ്ത്രീ അങ്ങനെ. ഒരു കര്‍ഷകത്തൊഴിലാളി കുടുംബത്തിനും ഒരു ദരിദ്രഗ്രാമത്തിനും താങ്ങാകേണ്ടവന് എന്തിനാണ് ഇങ്ങനെ ചക്രവ്യൂഹമൊരുക്കിയത്? നമ്മുടെ ക്യാംപസുകളില്‍ മൊട്ടിടുന്ന സര്‍ഗ്ഗാത്മക യൗവ്വനങ്ങളെ തളിരില നുള്ളുന്ന ലാഘവത്തോടെ ആര്‍ക്കാണ് ഇങ്ങനെ നുള്ളിക്കളയേണ്ടത്? കുറച്ചുകാലങ്ങളായി നമ്മുടെ ക്യാംപസുകളെ അശാന്തമാക്കുന്നതെന്താണ്? അന്വേഷണം ആ വഴിക്കു നീങ്ങുമ്പോഴാണ് ക്യാംപസുകളുടെ വര്‍ഗ്ഗീയവല്‍ക്കരണവും അതിനു പശ്ചാത്തലമൊരുക്കിയ 90-കളില്‍ തുടങ്ങിവെച്ച വിദ്യാഭ്യാസമേഖലയിലെ ഘടനാപരമായ പരിഷ്‌കാരങ്ങളും വരുത്തിവെയ്ക്കുന്ന വിനാശങ്ങള്‍ നമ്മുടെ കണ്ണില്‍പ്പെടുക. 

ക്യാംപസുകളുടെ വര്‍ഗ്ഗീയവല്‍ക്കരണവും കമ്പോളവല്‍ക്കരണവും
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായ ഒരു ദശകമായിരുന്നു 90-കള്‍. സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകള്‍ സ്വകാര്യ മൂലധന താല്‍പ്പര്യങ്ങള്‍ക്കായി തുറന്നു കൊടുക്കപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലയില്‍പ്പെട്ട ഇടങ്ങളില്‍പ്പോലും കമ്പോള മൂല്യങ്ങള്‍ പിടിമുറുക്കി. ഈ രംഗങ്ങളിലുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ കൈയൊഴിയാനാരംഭിച്ചു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാടുമുഴുവന്‍ മുളച്ചുപൊന്തി. കൂടുതല്‍ വിദ്യാര്‍ത്ഥികളെ നേടുക എന്ന ലക്ഷ്യത്തോടെ, മത്സരത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാധ്യമങ്ങളില്‍ സ്വയം പരസ്യപ്പെടാന്‍ തുടങ്ങിയതും ഇക്കാലത്താണെന്നു കാണാം. തുടര്‍ന്നുള്ള ദശകങ്ങളിലും ഈ പരിഷ്‌കാരങ്ങള്‍ അനവരതം തുടര്‍ന്നു. 70-കളിലും 80-കളുടെ തുടക്കത്തിലും ഉണ്ടായിരുന്ന വിദ്യാഭ്യാസരംഗത്തെ പുരോഗമന അജന്‍ഡ പാടേ ഉപേക്ഷിക്കപ്പെട്ടു. യു.കെ മാതൃകയില്‍ നെഹ്രുവിയന്‍ നയങ്ങളുടെ ഭാഗമായി ഉണ്ടായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ ഇല്ലാതാക്കി മുഴുവന്‍ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എന്ന പുതിയ സംവിധാനം ഉണ്ടാക്കുന്നതില്‍ വരെ ആ പരിഷ്‌കാരങ്ങള്‍ എത്തിനില്‍ക്കുന്നു. 

ഈ പശ്ചാത്തലത്തില്‍ ന്യൂനപക്ഷാവകാശങ്ങളുടെ മറപറ്റിയോ രാഷ്ട്രീയകക്ഷികള്‍ നല്‍കുന്ന രക്ഷാകര്‍തൃത്ത്വം പ്രയോജനപ്പെടുത്തിയോ ഉന്നത വിദ്യാഭ്യാസമേഖലയിലടക്കം സ്ഥാപനങ്ങള്‍ യഥേഷ്ടം തുടങ്ങാനും അടച്ചിടാനുമൊക്കെയാണ് കേരളത്തിലെ ജാതിമത കോര്‍പ്പറേറ്റ് സംഘടനകള്‍ തുനിഞ്ഞത്. അതോടൊപ്പം ഈ ക്യാംപസുകളെ മതവല്‍ക്കരിക്കാനും അവര്‍ മത്സരിച്ചു. മിക്കവാറും സംഘടനാവിമുക്തമാണ് ഈ ക്യാംപസുകള്‍ എന്നത് പ്രത്യേകം പറയേണ്ടതില്ല. 

അതേസമയം ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ പ്രവണതകള്‍ ആവര്‍ത്തിക്കപ്പെട്ടു. ഒന്നുകില്‍ രാജ്യത്തെ ഹിന്ദു ഏകീകരണത്തിന്റെ അലയൊലികള്‍ ക്യാംപസുകളിലും പ്രതിദ്ധ്വനിക്കുകയോ, ക്യാംപസുകളില്‍നിന്നു രാഷ്ട്രീയ നിലപാടുകളുള്ള സംഘടനകള്‍ പടിയിറക്കപ്പെടുകയോ ചെയ്തു. ക്യാംപസില്‍ ജനാധിപത്യ ശക്തികള്‍ക്കുള്ള പിടി അയഞ്ഞുവന്നു. പൊതുവേ ശക്തി കുറഞ്ഞ ഫ്രിഞ്ച് ഗ്രൂപ്പുകള്‍ ക്യാംപസില്‍ തങ്ങളുടെ സ്വാധീനം തെളിയിക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറാകുന്നതും അവ തല പൊക്കാതിരിക്കാന്‍ മുഖ്യധാരാ സംഘടനകള്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുന്നതും ഇക്കാലത്താണ്. സ്വാഭാവികമായും ക്യാംപസുകളെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന പഴയ മുറവിളിക്ക് ശക്തികൂടി. 

ഹിന്ദു ഇസ്ലാം ജാഗരണവും രാഷ്ട്രീയ ഇടപെടലുകളും 
ലോകമെമ്പാടും ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ക്യാംപസുകളില്‍ സൂക്ഷ്മമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയമാറ്റം ഹിന്ദുത്വശക്തികള്‍ക്ക് പൊതുവേ ഊര്‍ജ്ജം പകര്‍ന്നപ്പോള്‍ കേരളത്തില്‍ ക്യാംപസുകളില്‍ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിലൂന്നിയതും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത സൂക്ഷിക്കാത്തതുമായ സംഘടനകളുടെ പ്രവര്‍ത്തനവും ശക്തിപ്പെട്ടിട്ടുണ്ട്. ചില സ്വകാര്യ കോളേജുകളുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് അവ ചില ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഗവണ്‍മെന്റ് കോളേജുകളില്‍ അവ കായികബലം ഉപയോഗിച്ചുവരെ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നു. ദുരൂഹമായ പ്രവര്‍ത്തനശൈലിയുള്ള ഈ സംഘടനകള്‍ക്ക് കേരളത്തില്‍ ഇന്ന് ആളും അര്‍ത്ഥവും രാഷ്ട്രീയ രക്ഷാധികാരത്വവും ഉണ്ടെന്ന് എ.എം. ഷിനാസിനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ''രാജ്യത്തെമ്പാടും ഹിന്ദുത്വശക്തികളാണ് ജനാധിപത്യ കക്ഷികള്‍ക്കും ജനാധിപത്യത്തിനും ഭീഷണി ഉയര്‍ത്തുന്നതെങ്കില്‍ കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങളെയാണ് ഭയത്തോടെ വീക്ഷിക്കേണ്ടത്. മൗദൂദിസത്തിലും ഖുത്തുബിസത്തിലും ആശയപരമായി വേരുകളുള്ള ഈ സംഘടനകള്‍ കേരളത്തിലെ പുരോഗമനസമൂഹത്തിന് ഹിന്ദുത്വത്തോടുള്ള എതിര്‍പ്പിനെ മുതലെടുക്കാനും ശ്രമിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ പുരോഗമനശക്തികളുടെ വേരറുക്കാനാണ് ഈ സന്ദര്‍ഭം അവരുപയോഗിക്കുക. അതിന് ഏതു മാര്‍ഗ്ഗവും അവര്‍ അവലംബിക്കും'' -ഷിനാസ് ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ നാലു എസ്.എഫ്.ഐ പ്രവര്‍ത്തകരെ ക്യാംപസ് ഫ്രണ്ട് കൊലപ്പെടുത്തിയെന്നാണ് കണക്ക്. ഒരാള്‍ കൊല്ലപ്പെട്ടത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാലും മൂന്നുപേര്‍ ബി.ജെ.പി., ആര്‍.എസ്.എസ് പ്രവര്‍ത്തകരാലും. എന്നാല്‍, പൊതുവേ ഈ കണക്ക് രാഷ്ട്രീയക്കാര്‍ മറക്കാറാണ് പതിവ്. 
''ഞങ്ങള്‍ മഹാരാജാസില്‍ വിദ്യാര്‍ത്ഥികളായിരിക്കുന്ന കാലത്ത് ഒരു ദിവസം ക്യാംപസില്‍ എസ്.എഫ്.ഐ വച്ച ബോര്‍ഡുകളിലും പോസ്റ്ററുകളിലുമെല്ലാം ഒരെഴുത്ത് കാണുകയാണ് ഞങ്ങള്‍ വരുന്നു പോപ്പുലര്‍ ഫ്രണ്ട്/ ക്യാംപസ് ഫ്രണ്ട് എന്ന്. അന്നേ ദിവസം ഉച്ചയോടടുക്കാറായ സമയത്ത് ഒരു സംഘം ക്യാംപസിലേക്ക് ഇരച്ചുകയറി വന്ന് മുണ്ട് ധരിച്ചവരെല്ലാം എസ്.എഫ്.ഐക്കാര്‍ എന്ന ധാരണയില്‍ വളരെ ക്രൂരമായി ആക്രമിക്കാന്‍ തുടങ്ങി. അതിനുശേഷം പുറത്തേക്ക് ഇറങ്ങി ഓട്ടവും. ഇന്നും സ്ഥിതി വ്യത്യസ്തമല്ല ക്യാംപസില്‍ വിരലിലെണ്ണാന്‍പോലും പ്രവര്‍ത്തകര്‍ ഇല്ലെങ്കിലും പുറത്തുനിന്നു പരിശീലനം കിട്ടിയ ആളുകളുമായി ക്യാമ്പസിലേക്ക് വന്നു ഞങ്ങളോട് വിയോജിക്കുന്ന ഒന്നിനേയും ഇവിടെ വച്ചേക്കില്ല എന്ന രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി.'' ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹിയായ അമല്‍ പുല്ലറക്കാട്ട് ഫേസ്ബുക്കില്‍ കുറിക്കുന്നതിങ്ങനെ. 

അഭിമന്യുവിന്റെ കൊലപാതകത്തിനും അവര്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. കേരളത്തിലങ്ങോളമിങ്ങോളമുള്ള സംഘടനാ നെറ്റ്വര്‍ക്ക് ഉപയോഗിച്ചുകൊണ്ട് എതിരാളികളെ മോശപ്പെട്ടവരായി ചിത്രീകരിക്കാനും കൊലപാതകമടക്കമുള്ള ഏതു പ്രവൃത്തിയേയും ന്യായീകരിക്കാനും അവര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ലെന്നു സമീപകാലസംഭവങ്ങള്‍ തെളിയിച്ചതാണ്. നാദാപുരത്തെ വര്‍ഗ്ഗീയകലാപങ്ങളില്‍ തീവ്ര മുസ്ലിം വികാരത്തെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്കു കടന്നുവന്ന എന്‍.ഡി.എഫ് എന്ന സംഘടനയുടെ ക്യാംപസിലെ മറ്റൊരു രൂപമാണ് ക്യാംപസ് ഫ്രണ്ട്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇറങ്ങിയത് ഈയിടെയാണ് എന്നതും മധ്യകേരളത്തിലെ പ്രധാന കുറ്റകൃത്യങ്ങളെല്ലാം ഇത്തരം സ്‌ക്വാഡുകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

1990-കളില്‍ സ്‌കൂള്‍ തലം തൊട്ടു നടപ്പായ അരാഷ്ട്രീയവല്‍ക്കരണത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന തൊപ്പി-പൊട്ട് വിവാദത്തിലാണ് ഇസ്ലാമിക തീവ്രവാദികള്‍ അവരുടെ വരവറിയിക്കുന്നത്. അതിനും മുന്‍പ് ചുരുക്കം ചില ക്യാംപസുകളിലൊതുങ്ങിയ സിമി നിരോധിക്കപ്പെട്ടതോടെ ഇത്തരം പ്രശ്‌നങ്ങളില്‍ അവര്‍ പലരൂപത്തില്‍ സജീവമായി ഇടപെട്ടുതുടങ്ങി. ഏതായാലും ക്യാംപസുകളിലെ രാഷ്ട്രീയസംഘര്‍ഷങ്ങളെ ചൂണ്ടിക്കാട്ടി അരാഷ്ട്രീയവല്‍ക്കരണം കാര്യമായി നടന്ന ഇടങ്ങളിലാണ് മുസ്ലിം മതമൗലികവാദികളും ഹിന്ദു മതമൗലികവാദികളും നുഴഞ്ഞുകയറിയതെന്നു ശ്രദ്ധേയമാണ്. മഹാരാജാസിലെ പ്രശ്‌നങ്ങളുടെ മറവില്‍ ക്യാംപസ് രാഷ്ട്രീയത്തിനു വിലക്കേര്‍പ്പെടുത്തണമെന്നു നിഷ്‌കര്‍ഷിക്കുന്നവര്‍ മറക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.

ക്യാംപസ് രാഷ്ട്രീയം വേണം; 
ക്ലാസ്സ് മുറി രാഷ്ട്രീയവും അത്രതന്നെ പ്രധാനം 

എ.എം. ഷിനാസ് 

ക്യാംപസ് രാഷ്ട്രീയം ഇന്ന് ഹിംസാത്മകമായ രീതിയിലേക്ക് വളര്‍ന്നുവന്നു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സമരോത്സുകമായ സംവാദമാണ് ക്യാംപസുകളില്‍ ഉണ്ടാകേണ്ടത്. എന്നാല്‍, അതിനുപകരം ഹിംസാത്മകമായ കലഹങ്ങളും സംഘര്‍ഷങ്ങളുമാണ് ക്യാംപസുകളെ മുഖരിതമാക്കുന്നത്. ലോകത്ത് പലയിടങ്ങളിലും പല രാജ്യങ്ങളിലും ക്യാംപസ് രാഷ്ട്രീയമുണ്ട്. പക്ഷേ, എവിടെയും അതിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നില്ല. അക്രമാത്മകമാകുന്നുവെന്നതിന്റേയോ മറ്റെന്തിന്റെയെങ്കിലുമൊക്കെ പേരില്‍ ക്യാംപസ് രാഷ്ട്രീയം ഇല്ലാതായാല്‍ അതിന്റെ നഷ്ടം ജനാധിപത്യശക്തികള്‍ക്കായിരിക്കും. ക്യാംപസ് രാഷ്ട്രീയം വേണ്ടെന്നുവച്ചല്ല ഇന്നു കാണുന്ന ദുഷിച്ച പ്രവണതകള്‍ക്ക് വിരാമമിടേണ്ടത്. അതിനെ രചനാത്മകമായി സമീപിച്ചായിരിക്കണം. 

കേരളത്തിലെ ക്യാംപസുകളില്‍ വിശിഷ്യാ മലബാറില്‍, ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പോലെയുള്ള വര്‍ഗ്ഗീയശക്തികള്‍ പ്രത്യക്ഷമായിത്തന്നെ നുഴഞ്ഞുകയറുകയോ മേല്‍ക്കൈയുണ്ടാക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കശ്മീരിലെ ജമാ അത്തെ ഇസ്ലാമിയുടെ സായുധവിഭാഗമായ ഹിസ്ബുല്‍ മുജാഹിദിന്റെ ഒരു പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ട്. അങ്ങേയറ്റം ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സമൂഹമായതുകൊണ്ടാണ് കേരളത്തില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. മറ്റെവിടെയെങ്കിലുമാണെങ്കില്‍ നിരോധനം നേരിട്ടേനെ. 

എന്നാല്‍, എസ്.എഫ്.ഐയുടെ ഭാഗത്തും പിഴവുകളുണ്ട്. അവര്‍ക്ക് ആധിപത്യമുള്ള ഇടങ്ങളില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെന്ന പരാതി വ്യാപകമായി ഉണ്ട്. ക്യാംപസ് ഫ്രണ്ടോ എ.ബി.വി.പിയോ പോലുള്ള സംഘടനകള്‍ സായുധമായി സംഘടിച്ചാണ് അങ്ങനെയൊരു തെറ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നത്. അതു കൂടുതല്‍ ചോരപ്പുഴയൊഴുക്കലുകളിലേക്ക് നയിക്കുന്നു. ക്യാംപസ് ഫ്രണ്ടോ എ.ബി.വി.പിയോ ഏതു സംഘടനകള്‍ വേണമെങ്കിലും പ്രവര്‍ത്തിച്ചോട്ടെ, അവരെ ആശയപരമായി തുറന്നു കാണിക്കുകയാണ് വേണ്ടത്. 

ക്യാംപസ് രാഷ്ട്രീയത്തില്‍ ഇത്തരമൊരു മാറ്റം ഉണ്ടാകണം എന്നതുപോലെ പ്രധാനമാണ് ക്ലാസ്സ് മുറികളിലെ രാഷ്ട്രീയവും. പഠിപ്പിക്കപ്പെടുന്ന ഓരോ വിഷയവും രാഷ്ട്രീയനിര്‍ഭരമാണ്. ഉദാഹരണത്തിനു ചരിത്രം പഠിപ്പിക്കുമ്പോള്‍ ആര്യാധിനിവേശത്തെക്കുറിച്ച് പറയേണ്ടിവരും. അപ്പോള്‍ ആ ഒരു കാര്യത്തെക്കുറിച്ച് വിഭിന്നമായ കാഴ്ചപ്പാടുകളുള്ളവര്‍ ക്ലാസ്സിലുണ്ടാകാം. പുസ്തകത്തിലുള്ളതിനു വിരുദ്ധമായ ഒരു കാര്യം ചിലപ്പോള്‍ അദ്ധ്യാപകനു തന്നെ പറയാനുണ്ടാകും. ക്ലാസ്സിലുള്ളവര്‍ അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യും. അവിടെ സംവാദമുണ്ടാകും. ചര്‍ച്ചയുണ്ടാകും. വിദ്യാര്‍ത്ഥികളില്‍നിന്നു കൂടുതല്‍ അന്വേഷണങ്ങളുണ്ടാകും. രാഷ്ട്രീയമായ പുതിയ നിഗമനങ്ങളും ഉണ്ടായെന്നുവരും. ചുരുക്കത്തില്‍ കലാലയങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ വിജ്ഞാനോല്‍പ്പാദന കേന്ദ്രങ്ങളായിത്തീരും. വിദ്യാര്‍ത്ഥികള്‍ സാമൂഹ്യമാറ്റത്തിനു അനുകൂലമായ നിലപാടിലെത്തിച്ചേരുകയും ചെയ്യും. ക്ലാസ്സ് മുറി രാഷ്ട്രീയത്തിനു മുന്‍കൈയെടുക്കേണ്ടത് അധ്യാപകസമൂഹമാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പങ്കുവഹിക്കാനുണ്ട്. 

ക്യാംപസ് ഫ്രണ്ടോ എസ്.ഐ.ഒ പോലുള്ള സംഘടനകള്‍ക്ക് ഇന്നു ക്യാംപസുകളില്‍ കടന്നുകയറാനാകുന്നുണ്ടെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. ഇത്തരം സംഘടനകള്‍ക്ക് ലെജിറ്റിമസി നല്‍കുന്നതില്‍ ചില ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കുതന്നെ വലിയ പങ്കുണ്ട്. മുന്‍കാലങ്ങളില്‍ സോളിഡാരിറ്റിയുടെ വേദി പങ്കിട്ടിരുന്ന കെ.ഇ.എന്നിനെപ്പോലുള്ള ചില ഇടതു ബുദ്ധിജീവികള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളില്‍ ഈയിടെയായി പതിവായി പ്രത്യക്ഷപ്പെടാറുണ്ട്. എങ്ങനെയാണ് ഇടതുരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് അവരുടെ വേദികളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു നീതീകരണം നല്‍കുന്ന വിധത്തില്‍ പ്രത്യക്ഷപ്പെടാനാകുകു? ഇന്ത്യയില്‍ ഹിന്ദുത്വശക്തികള്‍ക്കുള്ള സംഘടനാശേഷി കേരളം എന്ന സംസ്ഥാനത്തില്‍ ഇസ്ലാമിക മതമൗലികവാദി സംഘടനകള്‍ക്കുണ്ട്. വിദേശത്തുനിന്ന് ഫണ്ട് വരുന്നുണ്ട്. മാധ്യമമേഖലയില്‍ ശക്തമായ സാന്നിധ്യമുണ്ട്. സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പ്രൊപ്പഗാണ്ട മെഷിനറിയുണ്ട്. ചുരുക്കത്തില്‍ ആളും അര്‍ത്ഥവുമുണ്ട്. കേരളത്തില്‍ ഇസ്ലാമിക വര്‍ഗ്ഗീയവാദം വലിയ ഭീഷണിയാണ്. ആ ഒരു യാഥാര്‍ത്ഥ്യത്തെ ഇടതുപക്ഷത്തെ ചിലര്‍ എന്തിനാണ് കണ്ടില്ലെന്നു നടിക്കുന്നത്? 

അരാഷ്ട്രീയത സാമൂഹ്യപ്രതിബദ്ധത ഇല്ലാതാക്കും

ടി.ടി. ശ്രീകുമാര്‍ 
ഏതാണ്ട് നൂറു ശതമാനം ആളുകളും മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളുടേയോ അവരുടെ ബഹുജന, പോഷകസംഘടനകളുടേയോ മത സംഘടനകളുടേയോ രാഷ്ട്രീയാഭിമുഖ്യമുള്ള സിവില്‍ സമൂഹ സംഘടനകളുടേയോ സംഘങ്ങളുടേയോ ജാതി സംഘടനകളുടേയോ ഭാഗമായി നിലകൊള്ളുന്ന പ്രദേശമാണ് കേരളം. ഇവിടെ കലാശാലാ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സംഘടനാപരമായ രാഷ്ട്രീയം ഇല്ലാതിരിക്കുക എന്നത് അസാധ്യമാണ്. മാത്രമല്ല, പ്രായപൂര്‍ത്തി വോട്ടവകാശമുള്ള ഈ വിഭാഗം സമൂഹത്തിന്റെ ഭാഗമായതിനാല്‍ സമൂഹത്തിലെ വര്‍ഗ്ഗ-സ്വത്വ ചേരിതിരിവുകള്‍ അവര്‍ക്കിടയിലും തീര്‍ച്ചയായും പ്രതിഫലിക്കും. ഈ വസ്തുത മറച്ചുവച്ചുകൊണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. 

എന്നാല്‍, വിദ്യാഭ്യാസകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് പഠനത്തിന്റെ, ജനാധിപത്യ സ്ഥാപനങ്ങളോടുള്ള പരിചയപ്പെടലിന്റേയും ഇടപഴകലിന്റേയും അതിര്‍ത്തിക്ക് അപ്പുറത്ത് അക്രമത്തിലേക്കും ഹിംസയിലേക്കും പോകുന്നതാണ് നാം തുടക്കം മുതല്‍ കണ്ടിട്ടുള്ളത്. കലാലയ രാഷ്ട്രീയം എക്കാലത്തും ഈ വിധത്തില്‍ കലുഷിതമായിരുന്നു എന്നു കാണാന്‍ വിഷമമില്ല. കലാലയങ്ങള്‍ നിരന്തര സംഘര്‍ഷങ്ങളുടെ വേദി ആണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. രാഷ്ട്രീയം അപകടകരമാണ് എന്നും അഭിപ്രായമില്ല. പക്ഷേ, നാം ചുറ്റും കണ്ടിട്ടുള്ളതും ഒരു മുന്‍കാല വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയുന്നതുമായ കാര്യം അക്രമോത്സുകതയിലേക്ക് പോകേണ്ട യാതൊരു സാഹചര്യവും കലാലയങ്ങളില്‍ നിലനില്‍ക്കുന്നില്ല എന്നതാണ്. പലപ്പോഴും ഒരു കൊടി ഉയര്‍ത്തുന്നതിന്റെ പേരില്‍, തോരണം തൂക്കുന്നതിന്റെ പേരില്‍, പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ പേരില്‍, ചുവരെഴുത്തിന്റെ പേരില്‍ ഒക്കെയാണ് കലാലയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത്. എ.ബി.വി.പി ശക്തമായതോടെ വര്‍ഗ്ഗീയ സ്വഭാവമുള്ള കാരണങ്ങളും സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നുണ്ട് എങ്കിലും പലപ്പോഴും വിദ്യാര്‍ത്ഥി നേതാക്കളുടേയോ പ്രവര്‍ത്തകരുടേയോ തുച്ഛമായ അഹന്തകളും നിക്ഷിപ്ത താല്‍പ്പര്യങ്ങളുമാണ് സംഘട്ടനങ്ങളില്‍ കലാശിക്കുന്നത്. 

എന്നാല്‍, ഈ സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ചെറുപ്പക്കാര്‍ ചുവരിനും കൊടിക്കും പോസ്റ്ററിനുമൊക്കെയായി ചോര ഒഴുക്കുന്നത് മുന്‍പത്തെക്കാളും പരിഹാസ്യമാണ് എന്നു പറയാതെ വയ്യ. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും മുതല്‍ വാട്‌സാപ്പ് വരെ എത്രയോ ആശയവിനിമയ സാധ്യതകള്‍ തുറന്നുകിടക്കുമ്പോള്‍ ചുവരെഴുത്തിലെ കേമത്തത്തിന്റെ പേരില്‍ തമ്മിലടിക്കുന്നത് അവിശ്വസനീയമാണ്. അത്തരം പ്രചാരണങ്ങള്‍ ഒന്നുകില്‍ ജനാധിപത്യപരമായി നടത്തുക അല്ലെങ്കില്‍ അവയ്ക്ക് അനാവശ്യമായി ഇപ്പോള്‍ കല്‍പ്പിച്ചിട്ടുള്ള സിംബോളിക് മൂല്യം തിരസ്‌ക്കരിക്കുക. പക്ഷേ, യാതൊരു കാരണവശാലും രാഷ്ട്രീയത്തെ കലാലയങ്ങളുടെ പടിക്കു പുറത്തുനിര്‍ത്താന്‍ നടത്തുന്ന ശ്രമത്തെ പ്രോത്സാഹിപ്പിക്കരുത്. ആശയപരമായ, പ്രത്യശാസ്ത്രപരമായ സംവാദങ്ങള്‍ അടഞ്ഞുപോകുന്ന ക്യാംപസുകള്‍ സൃഷ്ടിക്കുക പ്രതിബദ്ധതകള്‍ ഇല്ലാത്ത, നൈതിക സങ്കല്‍പ്പങ്ങള്‍ ഇല്ലാത്ത, സാമൂഹികമായ പ്രതീക്ഷകളും പ്രത്യാശകളും ഉട്ടോപ്പിയകളും ഇല്ലാത്ത കരിയറിസ്റ്റുകള്‍ മാത്രമായ കേവല വ്യക്തിവാദികളെ ആയിരിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com