വഴിമരത്തിന്റെ തണല്‍ത്തണുപ്പ്

അവരെ ചെന്നുകണ്ടും ഓരോ പെണ്‍കുട്ടിയേയും നേരിട്ടറിഞ്ഞും ഇടപെട്ടുമാണ് ഉഷയുടെ പ്രവര്‍ത്തനം.  പി.ഇ. ഉഷയും പെണ്‍മക്കളെക്കുറിച്ചും
പി.ഇ. ഉഷ
പി.ഇ. ഉഷ

പി.ഇ. ഉഷയ്ക്ക് മക്കള്‍ ഇപ്പോള്‍ 601 പേരാണ്. ഒരു മകളുടെ പെറ്റമ്മ. ദുരന്തജീവിതം പേറുന്ന 600 കുട്ടികളുടെ പോറ്റമ്മ. ഒരു മകള്‍ - പ്രകൃതി, ഭര്‍ത്താവുമൊന്നിച്ചു വിദേശത്താണ്. ഇവിടെ ഈ മക്കളാണ് കൈയെത്തും ദൂരത്തുള്ളത്. ഉഷ ഉള്‍പ്പെടുന്ന നിര്‍ഭയ, മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ ചേര്‍ത്തുപിടിച്ചിരിക്കുന്ന 600 പെണ്‍കുട്ടികളുടെ ലോകം. ലൈംഗിക പീഡന ഇരകളായ പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുന്ന നിര്‍ഭയ പെണ്‍വീടുകളുടെ മേല്‍നോട്ടച്ചുമതല കൂടിയുള്ള മഹിളാ സമഖ്യ സൊസൈറ്റി ഡയറക്ടറാണ് ഉഷ. സമഖ്യയ്ക്കു കീഴിലുള്ള മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങളിലും നിര്‍ഭയ പെണ്‍വീടുകളിലും 300 വീതം പെണ്‍കുട്ടികളാണുള്ളത്. ആദിവാസികള്‍ ഉള്‍പ്പെടുന്ന അതീവ പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീ വിദ്യാഭ്യാസത്തിനും തുല്യതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ 1989-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതാണ് മഹിളാ സമഖ്യ സൊസൈറ്റി. നരേന്ദ്രമോദി സര്‍ക്കാര്‍ അതു നിര്‍ത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ താഴിട്ടില്ല. 

2013 ജൂലൈയിലാണ് ഡെപ്യൂട്ടേഷനില്‍ ഇവിടെ ചുമതലയേറ്റത്. അതിനു മുന്‍പ് 13 വര്‍ഷം അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (അഹാഡ്സ്) അസിസ്റ്റന്റ് ഡയറക്ടര്‍. കാഴ്ചപ്പാടുകളെ മാറ്റിമറിച്ച അനുഭവങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് കരുത്തായത്. അഹാഡ്സിന്റെ പ്രവര്‍ത്തനം അന്നത്തെ സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ് ചെയ്തതെങ്കില്‍ നിര്‍ഭയയ്ക്കും മഹിളാ സമഖ്യയ്ക്കും ഓരോ ദിനവും ഊര്‍ജ്ജമേറുന്നു. പി.ഇ. ഉഷ ഈ കുട്ടികള്‍ക്ക് അമ്മയുടെ സ്ഥാനത്താണ് എന്നത് വെറുംവാക്കല്ല. പല ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ വീടുകളിലേയും മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങളിലേയും കുട്ടികളുടെ വിവരങ്ങള്‍ തിരുവനന്തപുരത്തെ ഓഫീസിലിരുന്ന് അന്വേഷിക്കുകയല്ല ഡയറക്ടര്‍ ചെയ്യുന്നത്. അവരെ ചെന്നുകണ്ടും ഓരോ പെണ്‍കുട്ടിയേയും നേരിട്ടറിഞ്ഞും ഇടപെട്ടുമാണ് ഉഷയുടെ പ്രവര്‍ത്തനം.  

ആ കുട്ടികളാരും ഇവിടെ സ്ഥിരത്താമസക്കാരല്ല,, മടങ്ങേണ്ടവരാണ്. അവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. പക്ഷേ, ഒന്നോ രണ്ടോ ദിവസമോ മാസങ്ങളോ അല്ല അവരിവിടെ ജീവിക്കേണ്ടി വരുന്നത്. ദുരനുഭവങ്ങളുടെ തീക്കാലത്തിനും സ്വസ്ഥജീവിതത്തിലേക്കുള്ള മടക്കത്തിനും ഇടയില്‍ അവര്‍ ആശ്വാസത്തോടെ നിശ്വസിക്കാന്‍പോലും പഠിക്കുന്നത് ഇവിടെനിന്നാണ്. അതുകൊണ്ടാണ് കൂടെ നില്‍ക്കുന്നവര്‍ അമ്മയ്ക്ക് തുല്യരാകുന്നത്. എട്ടു ജില്ലകളിലാണ് മഹിളാ സമഖ്യയുടെ ഷോര്‍ട്ട്സ്റ്റേ ഹോമുകളുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് (അട്ടപ്പാടി), ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം. എന്നിവടങ്ങളിലാണത്. മാസത്തില്‍ രണ്ടു തവണയെങ്കിലും എല്ലാ ഹോമുകളിലും ഉഷയും സഹപ്രവര്‍ത്തകരും പോകും. 

ആ പെണ്‍കുട്ടികളുടെ ജന്മദിനമോ ആഘോഷങ്ങളോ വരുമ്പോള്‍ ഒന്നിച്ച് ആഘോഷിക്കും. വര്‍ഷത്തിലൊരിക്കല്‍ കൂടിച്ചേരല്‍ സംഘടിപ്പിക്കും. അവര്‍ക്ക് വിശ്വാസമുള്ള ഏറ്റവും അടുത്ത ആളുകളോടുള്ളത്ര ബന്ധം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ആരുമില്ലാതെ കുട്ടികള്‍ക്കു ജീവിക്കാന്‍ പറ്റില്ലെന്നും അവര്‍ക്ക് ഞങ്ങളുണ്ടെന്നുമുള്ള പ്രഖ്യാപനം തന്നെയാകുന്നു ഈ കരുതല്‍. അതിന് ഒരേസമയം ഔപചാരികവും വൈകാരികവുമായ മികച്ച നേതൃത്വം നല്‍കി എന്നായിരിക്കാം പി.ഇ. ഉഷയുടെ കാലം അടയാളപ്പെടുത്തുക. 
''ഹോമില്‍ ഞാന്‍ പോകുമ്പോള്‍ 'ആ... ഉഷാമ്മ വന്നു' എന്നു പറഞ്ഞ് ഒന്നിച്ച് അടുത്തേയ്ക്ക് വരാറുണ്ട് കുട്ടികള്‍. അതില്‍ത്തന്നെ മുന്‍പില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കാണല്ലോ ആദ്യം അടുത്തെത്താന്‍ കഴിയുക. എന്നെ കാണാന്‍പോലും പറ്റാതെ പിന്നില്‍ നില്‍ക്കുന്ന കുട്ടിയെ ആദ്യം പരിഗണിക്കാന്‍ ശ്രമിക്കും. ആദ്യം ആരെയാണ് ഞാന്‍ നോക്കുന്നതെന്ന് എല്ലാ കുട്ടികളും ശ്രദ്ധിക്കുന്നുണ്ടാകും. അമ്മ മക്കളിലേയ്ക്ക് ചെല്ലുമ്പോഴത്തെ ആ അനുഭവം ഒരേ സമയം സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യും. മക്കളില്‍ത്തന്നെ മിടുക്ക് കുറഞ്ഞവരും കൂടിയവരും മാനസികമായി വലിയ കരുത്തില്ലാത്തവരുമൊക്കെ ഉണ്ടാകുമല്ലോ. അമ്മ മനസ്സ് എപ്പോഴും പിന്നില്‍ നില്‍ക്കുന്ന കുട്ടിയെ ആകാംക്ഷയോടെ തിരയുകതന്നെ വേണം, മുന്നില്‍ നില്‍ക്കുന്നവരെ വിടാതെതന്നെ'' - പി.ഇ. ഉഷ പറയുന്നു. 

അകലെയാണ് ഇന്ന് 
ആ കാലം
 
കോഴിക്കോട് സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തന മേഖലകളിലേക്ക് മാറാന്‍ ഇടയാക്കിയത് ഉഷയ്ക്ക് സ്വന്തം ജീവിതത്തിലുണ്ടായ വലിയൊരു ദുരനുഭവമാണ്. കേരളം ഏറെ ചര്‍ച്ച ചെയ്തതാണ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അനുഭവവും അതിനോട് ശക്തമായി പ്രതികരിച്ച് നിയമപരമായി ഉള്‍പ്പെടെ അവര്‍ നടത്തിയ പോരാട്ടവും. 

''വ്യക്തിപരമായി ഉണ്ടായ മോശം അനുഭവത്തോടു പ്രതികരിക്കുമ്പോള്‍ ഞാന്‍ വിചാരിച്ചില്ല അത് ഇങ്ങനെയൊരു വലിയ സംഭവമായി മാറുമെന്ന്. രാഷ്ട്രീയം കലര്‍ന്നു വലുതാവുകയായിരുന്നു. ഓരോന്നു ചെയ്യുമ്പോഴും അതു ചെയ്യാതെ നിവൃത്തിയില്ല എന്ന ഘട്ടത്തിലാണ് ഞാന്‍ ചെയ്തിട്ടുള്ളത്. സ്വാഭാവികമായും അതു വളരെ വലുതായിപ്പോയി. എനിക്ക് നന്മയിലും നീതിയിലും വിശ്വാസമുണ്ടായിരുന്നു. നീതി കിട്ടാതെ നിര്‍ത്തിപ്പോകാന്‍ പറ്റില്ലല്ലോ എന്നതുകൊണ്ട് മുന്നോട്ടു പോയി'' - അവര്‍ ഓര്‍ക്കുന്നു. 

''ജീവിതത്തിലൊരു വഴിത്തിരിവ് എന്ന് പറയുന്നത് ആ സംഭവമാണ്. പക്ഷേ, അഹാഡ്സില്‍ ജോലി ചെയ്തതാണ് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാക്കിയത്. 13 വര്‍ഷം അവിടെ ജോലി ചെയ്തു. നമ്മുടെ മുന്‍ഗണനകള്‍ മാറും. നമ്മള്‍ വലിയ കാര്യങ്ങളായി കരുതിയിരുന്ന പലതുമല്ല ശരിക്കും വലിയ കാര്യം എന്നു ബോധ്യമായത് അപ്പോഴാണ്. പ്രത്യേകിച്ചും ആദിവാസി സ്ത്രീകളുടെ കൂടെ ജീവിച്ചപ്പോള്‍'' - ഉഷ പറയുന്നു. അതുകൊണ്ടുതന്നെ ജീവിതം പറയാന്‍ തുടങ്ങുമ്പോള്‍ താന്‍ കണ്ട ജീവിതങ്ങളിലാണ് ഉഷ എത്തുക. തന്നെക്കുറിച്ചു പറയുന്നതിനെക്കാള്‍ അവരെക്കുറിച്ചാണ് പറയുക. 

2000-ലാണ് അഹാഡ്സിലേക്ക് പോകുന്നത്. അതിനു മുന്‍പ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ഉള്‍പ്പെടെ ബന്ധപ്പെട്ടിരുന്നു. തുടക്കം ശാസ്ത്രസാഹിത്യ പരിഷത്തിലായിരുന്നു. പിന്നീട് മാറി. യൂണിവേഴ്സിറ്റിയിലായിരിക്കുമ്പോള്‍ ഹോസ്റ്റല്‍ തൊഴിലാളികളുടെ സമരം, മാവൂര്‍ സമരം ഇതിലൊക്കെ പ്രവര്‍ത്തിച്ചു. അത്ര വലിയ മുന്‍നിരയിലൊന്നുമല്ല. പക്ഷേ, സ്ത്രീകളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 1987-ലെ പശ്ചിമഘട്ട മാര്‍ച്ചില്‍ പങ്കെടുത്തു. കന്യാകുമാരി മുതല്‍ ഗോവ വരെ 3000 കിലോമീറ്റര്‍ നടന്നുള്ള യാത്ര. മാധവ് ഗാഡ്ഗിലൊക്കെയുള്ള ഒരു സംഘമായിരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയിടത്തു നിന്നുള്ള പരിസ്ഥിതി ഗ്രൂപ്പുകളുടെ ഒരു നെറ്റ്വര്‍ക്ക്. 

സംഘടിത പ്രസ്ഥാനത്തോട് ഒരൊറ്റ വ്യക്തിയെന്ന നിലയില്‍ സമരം ചെയ്യുമ്പോള്‍ ആഘാതങ്ങളുണ്ടാകുന്നതു നമുക്കാണെന്ന് ഉഷ പറയുന്നത് അനുഭവങ്ങളില്‍നിന്നാണ്. മറക്കാനാകില്ല ആ അനുഭവങ്ങളും കാലവും. വ്യക്തിപരമായ സമരങ്ങളിലേക്ക് പരിമിതപ്പെടേണ്ടതല്ല ജീവിതം എന്ന തിരിച്ചറിവും അതിനൊപ്പം ചേര്‍ന്നുവന്നു. ''മറ്റു പലതും ചെയ്യേണ്ട സമയവും ഊര്‍ജ്ജവും ആ സമരത്തിനുവേണ്ടി ചെലവഴിക്കുന്നു. മറ്റുള്ളവര്‍ സംഘടിതരും ഭരണകൂടത്തിന്റെ ഭാഗവുമൊക്കെയായിരിക്കും. നമ്മളതല്ലല്ലോ. ഒരു കാഴ്ചപ്പാടിന്റെ ഭാഗമായിത്തന്നെ അത്തരമൊരു സമരം ആവശ്യമില്ലെന്നുവച്ചു ഞാന്‍ തന്നെ മുന്നോട്ടു പോകാതിരുന്നു. സര്‍വ്വകലാശാലയ്ക്കെതിരായ കേസൊന്നും പിന്നെ മുന്നോട്ടു കൊണ്ടുപോയില്ല. പുറത്തുനിന്നൊരു ഏജന്‍സി അന്വേഷിച്ച് തിരിച്ചുചെല്ലാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ട് തിരിച്ചു ജോലിയില്‍ പ്രവേശിച്ചാല്‍ മതി എന്ന് നിയമസഭാ സമിതി ശുപാര്‍ശ ചെയ്യുകയൊക്കെ ചെയ്തിരുന്നു. അതിലൊന്നും ഞാന്‍ പിന്നീട് നിര്‍ബ്ബന്ധം പിടിച്ചില്ല. സംഘടിതമായി എന്നെ ഒറ്റപ്പെടുത്തുകയും നീതി തരാതിരിക്കാനുള്ള ശ്രമം ഉണ്ടാവുകയും ചെയ്തുവെന്ന് എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. പിന്നെ ഞാന്‍ ഒറ്റയ്ക്ക് വീണ്ടും പോയിട്ട് സമരം തുടരേണ്ട കാര്യമില്ല എന്നു തീരുമാനിച്ചു.'' 

അഹാഡ്സിലേക്ക് ഡെപ്യൂട്ടേഷന്‍ വാങ്ങിപ്പോകുന്നതിനു തൊട്ടുമുന്‍പത്തെ സാഹചര്യം അതായിരുന്നു. 2013 മെയ് വരെ അഹാഡ്സില്‍. വീണ്ടും സര്‍വ്വകലാശാലയില്‍. അതുകഴിഞ്ഞ് മഹിള സമഖ്യ സൊസൈറ്റി ഡയറക്ടറായി തിരുവനന്തപുരത്തേയ്ക്ക്. ആദിവാസി മേഖലയില്‍ വീണ്ടും പ്രവര്‍ത്തിക്കാം എന്ന സാധ്യത ഉഷയ്ക്കും മുന്‍പ് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളയാളാണ് ഉഷ എന്നത് സര്‍ക്കാരിനും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള കാരണങ്ങളായി മാറി. 2013-ല്‍ നിര്‍ഭയ പദ്ധതി തുടങ്ങുന്നതിനു മുന്‍പുതന്നെ അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളെ മഹിളാ സമഖ്യ സംരക്ഷിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിവേചനവും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നാല്‍ സമീപിക്കാവുന്ന ഒരു ഹെല്‍പ് ഡെസ്‌ക്കും സമഖ്യ നടത്തി. അതുവഴി നിരവധി പെണ്‍കുട്ടികളുടെ പരാതികള്‍ വന്നു. ഒരു വര്‍ഷം മാത്രം 117 പരാതികള്‍ വന്ന അനുഭവമുണ്ടായി. കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ചായിരുന്നു പരാതികളിലേറെയും. ആ സമയത്തുതന്നെ, വിദ്യാഭ്യാസം പാതിവഴിക്ക് മുടങ്ങുന്ന പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരുന്ന പദ്ധതിയും നടത്തിയിരുന്നു. ആ പെണ്‍കുട്ടികളെ പ്രത്യേകം വീടെടുത്ത് താമസിപ്പിച്ചാണ് പഠിപ്പിച്ചിരുന്നത്. മലപ്പുറത്തും തിരുവനന്തപുരത്തും രണ്ടെണ്ണം വീതമുണ്ടായിരുന്ന ഈ വീടുകളില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടികളേയും താമസിപ്പിച്ച് കൗണ്‍സലിംഗ് ഉള്‍പ്പെടെ സംരക്ഷണം നല്‍കി. 

19 പെണ്‍കുട്ടികളെയാണ് അങ്ങനെ സംരക്ഷിച്ചിരുന്നത്. ഈ പരിചയം കൂടി കണക്കിലെടുത്താണ് നിര്‍ഭയ പദ്ധതി വന്നപ്പോള്‍ അതിനു കീഴിലുള്ള ഷോര്‍ട്ട്സ്റ്റേ ഹോമുകളുടെ നടത്തിപ്പ് മഹിളാ സമഖ്യയെ ഏല്‍പ്പിച്ചത്. ഈ കുട്ടികളെയൊക്കെ ആ ഹോമുകളിലേക്കു മാറ്റി. നിര്‍ഭയ പദ്ധതിപ്രകാരം സാമൂഹികനീതി വകുപ്പിന് അവരുടെ പുനരധിവാസത്തിനുവേണ്ടി കുറച്ചുകൂടി പണം ചെലവഴിക്കാന്‍ സാധിക്കുമെന്നത് വലിയ കാര്യമായി മാറുകയും ചെയ്തു. മഹിള സമഖ്യയുടെ പരിമിതികള്‍ സാമ്പത്തികമായി നിര്‍ഭയയ്ക്ക് ഉണ്ടായില്ല. പിന്നീട് കേന്ദ്രസര്‍ക്കാര്‍ മഹിളാ സമഖ്യയ്ക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ആ പദ്ധതി പൂര്‍ണ്ണമായും ഏറ്റെടുത്തു. സംസ്ഥാന വനിതാ കമ്മിഷനും സന്നദ്ധ സംഘടനകളും പൊലീസും മറ്റും വഴി വന്നതായിരുന്നു ആ 19 പേര്‍. ഏറ്റവും പ്രധാനം അവര്‍ ജീവിച്ചിരിക്കുക എന്നതായിരുന്നു; സുരക്ഷിതമായി താമസിപ്പിക്കുക എന്നത്. ലൈംഗിക പീഡനത്തിന്റെ ഇരകളുടെ സ്ഥിതി തീരെ സുരക്ഷിതമായിരുന്നില്ല. പ്രതികളോ പ്രതികളുടെ ആളുകളോ എപ്പോഴും അവരെ നോട്ടമിട്ടിരുന്നു.

പെണ്‍മക്കളുടെ ജീവിതം
കേരളത്തിലെ പെണ്‍കുട്ടികളിലെത്രയോ പേര്‍ വേദനയോടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന തീവ്രാനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് പി.ഇ. ഉഷയുടെ വാക്കുകള്‍. ലൈംഗിക ദുരനുഭവമുണ്ടായ കൊച്ചു പെണ്‍കുട്ടികള്‍ അത് നേരിട്ട് തുറന്നു പറയില്ലെന്നാണ് അനുഭവം. അസ്വാഭാവികവും അസാധാരണവുമായ പെരുമാറ്റങ്ങളിലൂടെയുമാണ് അവരതു പ്രകടിപ്പിക്കുക. വീട്ടിലെ തുണികളെടുത്തിട്ട് കത്തിക്കുന്ന പെണ്‍കുട്ടിയെ ഓര്‍മ്മിക്കുന്നു. അമ്മയോടു സംസാരിക്കാതെയുമായി. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവള്‍ക്ക് മോശം അനുഭവമുണ്ടായത്. വീടിന് അടുത്തുള്ള പ്രായമായ ഒരാളാണ് ഉപദ്രവിച്ചതെന്നു പിന്നീട് മനസ്സിലായി. അമ്മയ്ക്ക് തന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു അവരോടുള്ള അകല്‍ച്ചയ്ക്കു കാരണം. സ്‌കൂളില്‍നിന്നു വീട്ടിലേക്ക് പോകില്ല. സ്‌കൂള്‍ സമയം കഴിഞ്ഞാലും അവിടെത്തന്നെ നില്‍ക്കും. എന്താ പോകാത്തതെന്ന് അധ്യാപകര്‍ ചോദിച്ചാല്‍ പോകുന്നുവെന്ന മട്ടില്‍ സ്‌കൂളിന്റെ പിന്നില്‍ പോയി നില്‍ക്കും. അവിടെ ആരെങ്കിലും കണ്ടാല്‍ മറ്റൊരിടത്തു പോയി നില്‍ക്കും. ഒടുവില്‍ സന്ധ്യയോടെയാണ് പോവുക. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപകര്‍ മഹിളാ സമഖ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തി. അവര്‍ സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. 

എല്ലാ ദിവസവും വീട്ടില്‍ വരാനാകാത്ത വിധം ദൂരെയൊരു കമ്പനിയിലായിരുന്നു അച്ഛനു ജോലി. പണിക്കുപോയ അമ്മ തിരിച്ചെത്തിയിട്ടേ ഞാന്‍ വീട്ടില്‍ പോകൂ എന്നു കുട്ടി പറഞ്ഞു. സ്‌കൂള്‍ വിട്ടു വരുന്നതിനും സന്ധ്യകഴിഞ്ഞ് അമ്മ തിരിച്ചെത്തുന്നതിനും ഇടയിലുള്ള സമയത്താണ് അയാള്‍ വന്നിരുന്നത്. എന്നിട്ട് അനിയനെ എന്തെങ്കിലും വിധത്തില്‍ അവിടെ നിന്ന് അകറ്റും. അയാള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരംകൊണ്ടും മറ്റുള്ളവര്‍ അയാളോട് കാണിക്കുന്ന ബഹുമാനം കൊണ്ടും അവള്‍ നിസ്സഹായയായി സഹിക്കുകയായിരുന്നു. വിവരങ്ങള്‍ പുറത്തായപ്പോള്‍ അവിടുത്തെ വീട് വിറ്റ് ആ അച്ഛനും അമ്മയും മക്കളേയുംകൊണ്ട് മറ്റൊരിടത്തേക്കു പോയി. 

മറ്റൊരു കേസില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അധ്യാപകന്‍ ഉപദ്രവിക്കുന്നു. ആ കുട്ടിയെ രക്ഷിക്കാന്‍ മറ്റു കുട്ടികള്‍ തീര്‍ക്കുന്ന പ്രതിരോധത്തിനുംകൂടി ഉദാഹരണമായി ആ സംഭവം മാറി. അധ്യാപകന്‍ വരുന്നവഴിക്കുതന്നെയാണ് ഈ കുട്ടിയെ കൈയില്‍ പിടിച്ചു കൊണ്ടുപോകാറ്. അതു തടയാന്‍ മറ്റു കുട്ടികള്‍ ചുറ്റുമായി നിന്ന് ഈ കുട്ടിയെ അതിനകത്തു നിര്‍ത്തും. ഇവര്‍ക്കറിയാമായിരുന്നു കാര്യം. കുട്ടികളിലെ അസാധാരണ പെരുമാറ്റത്തെക്കുറിച്ച് മറ്റ് അധ്യാപകരില്‍നിന്നു വിവരം ലഭിച്ച സമഖ്യ പ്രവര്‍ത്തകര്‍ ചെന്നു സംസാരിച്ചപ്പോഴാണ് അറിയുന്നത്. 

അച്ഛനില്‍നിന്നു ദുരനുഭവമുണ്ടായ തിരുവനന്തപുരത്തെ ഒരു പെണ്‍കുട്ടി സഹികെട്ട് പീഡന വിവരം പുറത്തുപറഞ്ഞതിന് അച്ഛനും ബന്ധുക്കളുമെല്ലാം ചേര്‍ന്നു ഭയങ്കരമായി അപമാനിച്ചു. കേസായി, അച്ഛന്‍ പ്രതിയായി, പെണ്‍കുട്ടി നിര്‍ഭയ ഹോമിലുമെത്തി. കേസിന്റെ കാര്യങ്ങള്‍ക്ക് പോകേണ്ടിവരുമ്പോള്‍ അച്ഛനെ ഒരിക്കലും കാണേണ്ടിവരരുതെന്ന് അവള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നു. അവള്‍ക്ക് ആരെയെങ്കിലും കാണാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് അച്ഛന്റെ അച്ഛനെ മാത്രമായിരുന്നു. മുതിര്‍ന്ന ഒരാള്‍ ശത്രുവിനെക്കുറിച്ചു പറയുന്നതുപോലെയാണ് അച്ഛനെക്കുറിച്ചു പറഞ്ഞിരുന്നത്. അയാളില്ലെന്ന് ഉറപ്പ് വരുത്തിയിട്ടു നമുക്കു പോകാം എന്ന് 'ഉഷാമ്മ'യോട് പറയും. പക്ഷേ, കുട്ടിക്ക് കോടതിയില്‍ പോകേണ്ട ദിവസം അറിയിച്ച് സമന്‍സ് കിട്ടിയത് നിയമപരമായി രക്ഷിതാവായ അച്ഛന്റെ വിലാസത്തിലാണ്. അത് ഇവിടെയറിഞ്ഞില്ല. അത് അയാള്‍ കൈവശം വച്ചിരുന്നു. തീയതി പിന്നീട് പൊലീസ് വിളിച്ച് ഉഷയോടു പറഞ്ഞപ്പോഴും സമന്‍സ് അച്ഛന്റെ പക്കലെത്തിയ കാര്യം അറിഞ്ഞില്ല. കോടതിയില്‍ അയാള്‍ വന്നു. അയാളെ കണ്ടതും മകള്‍ തിരിഞ്ഞോടി. തിരിച്ചുവന്നപ്പോള്‍ ആ കുട്ടി ഉഷയോട് പറഞ്ഞു, ''ഞാന്‍ ഒറ്റക്കാര്യമല്ലേ പറഞ്ഞുള്ളു, അയാളെ കാണരുതെന്ന്.'' അതിനു വിപരീതമായി സംഭവിച്ചതിന്റെ വേദനയും ദേഷ്യവുമെല്ലാമുണ്ടായി. ദിവസങ്ങള്‍ കഴിഞ്ഞാണ് ഉഷയോട് സാധാരണപോലെ സംസാരിക്കാന്‍പോലും തയ്യാറായത്. പഠിക്കാനുള്‍പ്പെടെ നല്ല മിടുക്കി. മറ്റാവശ്യങ്ങളൊന്നും പറയാറില്ല. പക്ഷേ, ഒരേയൊരു കാര്യം പറഞ്ഞിട്ട് അതു നടത്തിത്തരാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു അവളുടെ വിഷമം. ''ശരിയാണ്, ഞാന്‍ ആലോചിക്കണമായിരുന്നു, സമന്‍സ് അയാള്‍ക്ക് കിട്ടിയേക്കാമെന്നും അയാള്‍ അവിടെ വന്നു നിന്നേക്കാം എന്നും'' - ഉഷ പറയുന്നു. ആ ഷോക്കില്‍നിന്നു പുറത്തുവരാന്‍ ആ കുട്ടി കുറേ ദിവസങ്ങളെടുത്തു. പരസ്യമായി പൊലീസ് സ്റ്റേഷന്‍ പരിസരത്തുവച്ച് അച്ഛന്‍ മകളെക്കുറിച്ച് മോശമായി സംസാരിച്ചിരുന്നു, അവളുടെ സാന്നിധ്യത്തില്‍. അവള്‍ പറയുന്നതെല്ലാം തെറ്റാണെന്നു പറഞ്ഞു. മാത്രമല്ല, അയാള്‍ സ്വാധീനമുള്ളയാളായതുകൊണ്ട് അയാളുടെ കുറേയാളുകള്‍ ചേര്‍ന്നു മകളെ നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചു. ഇതെല്ലാം കുട്ടിയുടെ മനസ്സില്‍ വലിയ മുറിവുകളായാണ് മാറിയത്. കോടതിയില്‍ അച്ഛനെ കണ്ടപ്പോള്‍ അതെല്ലാം വീണ്ടും ഓര്‍മ്മവന്നു. അവള്‍ക്ക് നിയന്ത്രിക്കാനായില്ല. അന്നു കേസ് നടന്നില്ല. പിറ്റേ പ്രാവശ്യം, മറ്റൊരു കോടതിയില്‍ അയാളറിയാതെ വയ്ക്കുകയായിരുന്നു.
സംരക്ഷിക്കേണ്ട ആള്‍ തന്നെ കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ അയാളില്‍നിന്ന് ആ കുട്ടിക്ക് എത്രമാത്രം സംരക്ഷണം കൊടുക്കാന്‍ പറ്റും എന്ന വലിയ ചോദ്യമാണ് ബാക്കി. സ്വത്തവകാശത്തിന്റെ കാര്യവും അതുപോലെതന്നെയാണ്. ഈ കുട്ടിക്കു കൂടി അവകാശപ്പെട്ട സ്വത്ത് വിറ്റിട്ടായിരിക്കും അമ്മ അച്ഛനെ ജാമ്യത്തിലെടുക്കാനും കേസ് നടത്താനുമൊക്കെ ചെലവഴിക്കുന്നത്. ഒരു കുട്ടി ഉഷയോട് പറഞ്ഞത്, അച്ഛനൊന്നും സമ്പാദിച്ചിട്ടില്ല. സ്വത്തൊക്കെ പാരമ്പര്യമായി കിട്ടിയതാണ്. അമ്മൂമ്മയും അപ്പൂപ്പനും കൂടി ഉണ്ടാക്കിയതാണ്. എനിക്കുകൂടി അവകാശപ്പെട്ട സ്വത്താണ് വില്‍ക്കുന്നത്. ആ സ്വത്തില്ലെങ്കില്‍ ഒരുപക്ഷേ, അവരെന്നെ ഇത്രയും ഉപദ്രവിക്കില്ലായിരുന്നു എന്നാണ്.
സഹോദരനില്‍നിന്നു ഗര്‍ഭിണിയായി നിര്‍ഭയ ഹോമില്‍ അന്തേവാസിയായിരിക്കെ പ്രസവിച്ച കുട്ടിയുടെ ജീവിതത്തെക്കുറിച്ച് ഉഷ പറഞ്ഞു: ''അമ്മയുടെ കൂടെ ഒരു ദിവസം വിടാന്‍ ശിശുക്ഷേമ സമിതി നിര്‍ദ്ദേശം നല്‍കി. പക്ഷേ, ഞങ്ങള്‍ക്ക് അതില്‍ സംശയം തോന്നി. അമ്മയ്ക്ക് മകളുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നെ എന്തിനായിരിക്കും ഒരു ദിവസത്തേയ്ക്ക് കൊണ്ടുപോകുന്നത്. ആ സംശയത്തില്‍ നില്‍ക്കുമ്പോള്‍ ഒരു ഫോണ്‍വിളി വന്നു. ഇവരുടെ പറമ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നയാളാണ്. വില്‍പ്പന നിയമവിധേയമാകണമെങ്കില്‍ മകളുടെ കൂടി ഒപ്പു വേണം. അതിനാണ് കൊണ്ടുപോകുന്നത്. ആ കാര്യത്തില്‍ പിന്തുണ തേടിയാണ് വിളിക്കുന്നത്. അപ്പോള്‍ത്തന്നെ ശിശുക്ഷേമസമിതിയെ അറിയിക്കുകയും യാത്ര ഒഴിവാക്കുകയും ചെയ്തു. കേള്‍ക്കണോ പിന്നീടറിഞ്ഞ വിശേഷം, പെങ്ങളെ ഗര്‍ഭിണിയാക്കി ജീവിതം നശിപ്പിച്ച ആങ്ങളയ്ക്ക് ബിടെക്കിനു പഠിക്കാനാണ് സ്ഥലം വില്‍ക്കുന്നത്. ഞാന്‍ അമ്മയുമായി സംസാരിച്ചു. നിങ്ങള്‍ ശ്രദ്ധിക്കാതെ മകളുടെ ജീവിതത്തില്‍ ഇങ്ങനെയൊരു ദുരവസ്ഥ വന്നതുകൊണ്ട് അവള്‍ക്കാണ് കൂടുതല്‍ കൊടുക്കേണ്ടതന്നു പറഞ്ഞു. അതു നോക്കാതെ മകനുവേണ്ടി സ്ഥലം വില്‍ക്കുന്നതു നീതീകരിക്കാനാകില്ല എന്നും പറഞ്ഞു. പക്ഷേ, മകനെക്കുറിച്ചാണ് അവരുടെ ചിന്ത. മകള്‍ ആലോചനയിലേ ഇല്ല. മകള്‍ക്ക് ഒന്നും കരുതിവയ്ക്കണമെന്നും വിചാരിക്കുന്നില്ല. മകനുണ്ടായ 'ചീത്തപ്പേര്' മാറ്റി എന്‍ജിനീയറാക്കി രക്ഷപ്പെടുത്തണം എന്നേയുള്ളു.'' ഏതായാലും അവള്‍ ഒപ്പിട്ടുകൊടുത്തില്ല. മറ്റൊരു കുട്ടിയുടെ കേസില്‍ അവള്‍ക്കുകൂടിയുള്ള പറമ്പിലെ മരം വിറ്റാണ് അച്ഛന് ജാമ്യമെടുത്തത്. വീടിനുള്ളില്‍ വച്ച് കുട്ടി ഉപദ്രവിക്കപ്പെട്ടാല്‍ ഗവണ്‍മെന്റ് ആ കുട്ടിയെ ഏറ്റെടുക്കുകയും സ്വത്തവകാശം ഉള്‍പ്പെടെ ഗവണ്‍മെന്റ് സംരക്ഷിക്കുകയുമാണ് പരിഹാരമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. 

മറ്റൊരു കുട്ടിയുടെ കാര്യം കൂടുതല്‍ ദയനീയമാണ്. ബലാത്സംഗത്തില്‍നിന്നു ഗര്‍ഭിണിയായതാണ്. നിയമവിധേയമായ ഗര്‍ഭച്ഛിദ്രത്തിനുള്ള സമയം കഴിഞ്ഞുപോയിരുന്നു കണ്ടുപിടിച്ചപ്പോള്‍. പ്രസവിച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ കാണുകയേ വേണ്ടെന്ന കടുത്ത വെറുപ്പാണ് ആ കുട്ടിക്ക്. അടുത്തു കിടത്താന്‍പോലും ഇഷ്ടമില്ല. ഗര്‍ഭകാലത്തേ വെറുപ്പും ദേഷ്യവുമായിരുന്നു. പക്ഷേ, കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ അവളുടെ വേണ്ടപ്പെട്ടവര്‍തന്നെ നിര്‍ബന്ധിച്ചു. അതിനെതിരെ നിര്‍ഭയ ബാലാവകാശ കമ്മിഷനില്‍ പോയി. ഇഷ്ടമില്ലാതെ ഗര്‍ഭിണിയാക്കപ്പെട്ട് പ്രസവിച്ച പെണ്‍കുട്ടിയോട് മറ്റേ കുഞ്ഞിനു പ്രതിരോധശേഷി ഉണ്ടാകാന്‍ വേണ്ടി നിന്റെ മനസ്സുമാറ്റണം, സഹിക്കണം എന്നു പറയാന്‍ പറ്റില്ല എന്നാണ് വാദിച്ചത്. പക്ഷേ, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട സമിതികളിലുള്ളവര്‍പോലും നിര്‍ബന്ധിക്കുകയാണ് ചെയ്തത്. പത്തു മാസവും സഹിച്ചു, വീണ്ടും സഹിക്കാന്‍ അവളെ പ്രേരിപ്പിക്കുക. അവളോട് കാണിച്ച ഒരു അതിക്രമത്തിന്റെ ഫലമായിട്ടുണ്ടായതാണ്. വലിയ വിഷമം തോന്നുമെന്ന് ഉഷ. ''സാധാരണഗതിയില്‍ നമ്മുടെ കുടുംബങ്ങളില്‍ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ വലിയ ആഹ്ലാദവും ആഘോഷവുമാണല്ലോ. പലഹാരവും ആഭരണങ്ങളും ഉറ്റവരുടെ സന്ദര്‍ശനങ്ങളുമൊക്കെയായിട്ട്. ഇതതൊന്നുമില്ലല്ലോ. അവര്‍ ആഗ്രഹിക്കാതെ സംഭവിച്ചതാണ്. എന്തു ഭക്ഷണമാണ് ആഗ്രഹമുള്ളതെന്നൊക്കെ അവരോട് ചോദിക്കുകയും കഴിയുന്നത്ര കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. അങ്ങനെയാണല്ലോ നമ്മുടെ നാട്ടില്‍. ഇഷ്ടമുള്ള ഭക്ഷണം കൊടുക്കുക, എണ്ണതേച്ചു കുളിപ്പിക്കുക, നടത്തിക്കുക, വിശ്രമിപ്പിക്കുക, ഡോക്ടറെ കാണിക്കുക അങ്ങനെ പലതും ഗര്‍ഭിണികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ കിട്ടുന്ന പരിലാളനകളാണ്. അതിനുപകരം വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് ഈ കുട്ടികള്‍ കടന്നുപോകുന്നത്.'' മറ്റൊരു കുട്ടിക്ക് പ്രസവിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും അപസ്മാരമുണ്ടായി. നേരത്തേ അങ്ങനെ വന്നിട്ടുണ്ടോ എന്ന് നിര്‍ഭയ പ്രവര്‍ത്തകര്‍ക്ക് അറിയുമായിരുന്നില്ല. ഇവിടെ എത്തിയ ശേഷം അപസ്മാരമുണ്ടായിട്ടില്ല എന്നുമാത്രം അറിയാം. 13 വയസുകാരിയായ ആ അമ്മയുടേയും കുഞ്ഞിന്റേയും ജീവനു പ്രശ്‌നമുണ്ടായേക്കും എന്ന് ഡോക്ടര്‍ പറഞ്ഞു. ''രണ്ടുപേരും രക്ഷപ്പെടും എന്നുറപ്പില്ല. ന്യൂറോളജിക്കാരൊക്കെ വേഗം വന്നു. സിസേറിയന്‍ കൂടാതെ പറ്റില്ലെന്ന സ്ഥിതി. കൊച്ചുകുട്ടിയല്ലേ. ഞങ്ങള്‍ ആകെ വേവലാതിപ്പെട്ട് ലേബര്‍ റൂമിനു മുന്നിലിരിക്കുകയാണ്. ഏതായാലും ഡോക്ടര്‍മാര്‍ നന്നായി പണിപ്പെട്ട് ആ അപകടനിലയില്‍നിന്നു രക്ഷിച്ചെടുത്തു. സാധാരണ പ്രസവം തന്നെ നടക്കുകയും ചെയ്തു.'' അങ്ങനെ എത്രയോ അനുഭവങ്ങള്‍.

ഇന്നു പരീക്ഷ എഴുതി നാളെപ്പോയി പ്രസവിച്ചവരുണ്ട്. പ്രസവിച്ച പിറ്റേന്നു പോയി പരീക്ഷ എഴുതിയവരുണ്ട്. ഹയര്‍ സെക്കണ്ടറിയിലും ഹൈസ്‌കൂളിലുമൊക്കെ പഠിക്കുന്നവര്‍. ബലാത്സംഗത്തില്‍ ഉണ്ടായ കുട്ടിക്കൊപ്പം ജീവിക്കുന്നവരും കുട്ടിക്കൊപ്പം നിര്‍ഭയ ഹോമിലേക്ക് വന്നവരുമുണ്ട്. അതുമൊരു വേദനയാണ്; സമൂഹത്തിനു മുന്നില്‍ അവര്‍ക്ക് സാധാരണ ഒരു അമ്മയും കുഞ്ഞും ജീവിക്കുന്നതുപോലെ ജീവിക്കാന്‍ പറ്റുന്നില്ല. എന്തെങ്കിലും ചെറിയ ജോലികളൊക്കെ ഞങ്ങള്‍ കണ്ടുപിടിച്ചു കൊടുത്തിട്ടുണ്ടാകും. അതിനു പോകണം, കുഞ്ഞിനേയും നോക്കണം. നീറിനീറിയാകും അവര്‍ ജീവിക്കുക. അതു മറികടക്കാന്‍, കൂടെയുണ്ട് എല്ലാവരുമെന്നും ഒറ്റയ്ക്കല്ലെന്നുമുള്ള ഒരു ബലം കൊടുക്കാന്‍ ഇടയ്ക്ക് അവരെ പ്രത്യേകമായ ഒരിടത്ത് താമസിപ്പിക്കാനൊക്കെ ശ്രമിക്കാറുണ്ട്. ജോലിക്കു പോവുകയും വരികയും കുട്ടികളെ നോക്കുകയുമൊക്കെ ചെയ്യാന്‍ ഒരു കൈത്താങ്ങ്. കുട്ടികളെ പ്ലേ സ്‌കൂളില്‍ വിടുകയും മറ്റു കുട്ടികളെപ്പോലെ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുകയും അങ്ങനെ ചിലതൊക്കെ. 16 പേര്‍ ഇപ്പോള്‍ അമ്മയും കുഞ്ഞുമായി നിര്‍ഭയ ഹോമുകളിലുണ്ട്. 
പ്രമാദമായ പല കേസുകളിലേയും പ്രതികള്‍ പിന്തുടരുകയും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്ത അനുഭവങ്ങള്‍ പി.ഇ. ഉഷയ്ക്കുണ്ട്. ഹോമിനകത്ത് കയറാന്‍ പ്രതികള്‍ ശ്രമിച്ച സംഭവങ്ങളുണ്ട്. കോടതിയില്‍ വച്ച് രഹസ്യമായി കുട്ടികള്‍ക്ക് ഫോണ്‍ നല്‍കി അവരെ വിളിച്ചു സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവങ്ങളുമുണ്ട്. കുട്ടികളെ എങ്ങനെയെങ്കിലും പുറത്തുകൊണ്ടുപോകാന്‍ അമ്മയെക്കൊണ്ട് ഹേബിയസ് കോര്‍പസ് ഹര്‍ജി കൊടുപ്പിച്ച് കുട്ടിയെ കോടതിയില്‍ ഹാജരാക്കിക്കുന്ന പല സംഭവങ്ങളുമുണ്ടായി. പക്ഷേ, കുട്ടികള്‍ക്ക് പോകാന്‍ ഇഷ്ടമില്ലെങ്കില്‍ തിരിച്ചുകൊണ്ടുപോരും. ''പക്ഷേ, പ്രശ്‌നമെന്താണെന്നു വച്ചാല്‍ ഈ കുട്ടികള്‍ നാളെ അവരുടെ ബന്ധുക്കളുടെ കൂടെപ്പോയി ജീവിക്കേണ്ടവരാണല്ലോ. അതുകൊണ്ട് എല്ലാവരേയും വെറുപ്പിക്കാന്‍ പറ്റില്ല. എല്ലാവരും ഈ പീഡിപ്പിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നവരുമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ വലിയ പ്രതിസന്ധിയിലാകും.''

ബന്ധങ്ങളുടെ ആഴം
ഞാനിതൊരു ജോലിയായിട്ടല്ല കാണുന്നത് എന്ന് ഉഷ പറയുന്നതില്‍ ആത്മാര്‍ത്ഥതയുടെ ചൂടുണ്ട്; ഉഷാമ്മ എന്ന ആ കുട്ടികളുടെ വിളിയില്‍ ആ തിരിച്ചറിവും. ''എനിക്കൊരു വിഷമമുണ്ടായാല്‍ അത് ഇവരേയും വിഷമിപ്പിക്കും. എന്തു കാര്യത്തിലും എന്റെ അഭിപ്രായം ചോദിക്കുന്നു. ഞാന്‍ അവരുടെ കൂടെത്തന്നെയാണ് എന്ന ശക്തമായ വികാരം അവര്‍ക്കും എനിക്കുമുണ്ട്. ഒരു കുടുംബാന്തരീക്ഷത്തിലെപ്പോലെ, അവരൊരു തെറ്റു ചെയ്താല്‍ ഞാന്‍ വഴക്ക് പറയുകയും തിരിച്ച് അവരതില്‍ വിഷമിക്കുകയുമൊക്കെ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴുമുണ്ടാകാറുണ്ട്. ശരിക്കും വ്യക്തിപരമായ ഒരു അടുപ്പമുണ്ട് ഓരോരുത്തരോടും. അങ്ങനെ പാടില്ല എന്നാണ് കുറേയാളുകള്‍ പറയുക. അവര്‍ക്കും നമുക്കും പിന്നീട് വിഷമമാകും എന്നതാണ് കാരണം. പക്ഷേ, കുട്ടികളായതുകൊണ്ടുതന്നെ അവരോട് ഹൃദയബന്ധം ഉണ്ടായിപ്പോകും. ആരും കാണാന്‍ വരാനില്ലാത്തവരുണ്ട്. അമ്മയും മകളുമായി ചെറിയ തോതിലെങ്കിലും ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇടയ്ക്ക് ആ അമ്മമാരേയും ഞങ്ങള്‍ ഇവിടേയ്ക്ക് വിളിക്കാറുണ്ട്. ആ ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കും. ഇവിടുന്നു പോകേണ്ടവരും ബന്ധുക്കള്‍ക്കൊപ്പം ജീവിക്കേണ്ടവരും തന്നെയാണ്. ഒറ്റയ്ക്ക് ജീവിക്കാന്‍ പറ്റിയെന്നു വരില്ല. ആരും കാണാന്‍ വരാത്ത കുട്ടികളോട് ഞാന്‍ പറയും, നിങ്ങള്‍ക്ക് ഞാനാണ് അമ്മ എന്ന്. ബന്ധുക്കള്‍ കാണാന്‍ വന്ന കുട്ടികള്‍ക്ക് അപ്പോള്‍ 'അസൂയ' വരും. എന്റമ്മ വന്നില്ലായിരുന്നെങ്കില്‍ ഉഷാമ്മ എനിക്കും അമ്മയാകുമായിരുന്നല്ലോ എന്ന ഭാവം. അതു പരസ്പരമുള്ള ബന്ധത്തിന്റെ ആഴത്തില്‍ സംഭവിക്കുന്നതാണ്.''
ബലാത്സംഗത്തിന് ഇരയായി വല്ലാത്ത മാനസികാവസ്ഥയില്‍പ്പെട്ട ഒരു കുട്ടിയെ കൊണ്ടുവന്നിരുന്നു. പല്ലു തേക്കില്ല, കുളിക്കില്ല, വസ്ത്രം മാറില്ല. അറപ്പുണ്ടാക്കുന്ന വിധം വൃത്തിയില്ലാതെ നടക്കും. പക്ഷേ, ക്രമേണ അതെല്ലാം മാറി മിടുക്കിയായി. അത്തരം ചില കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത മറ്റു കുട്ടികളേയും ബോധ്യപ്പെടുത്താറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വന്ന കുട്ടികളില്‍ പകുതിപ്പേരെങ്കിലും അനുകൂല സാഹചര്യങ്ങളുണ്ടായാല്‍ സ്വന്തം നിലയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാവുന്ന നിലയില്‍ എത്തിയിട്ടുണ്ട്; രഹനാസിനെപ്പോലെ. അവരില്‍ പലര്‍ക്കും വൈകാതെ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലിയൊക്കെ കിട്ടും. വീട്ടിലേക്ക് മടങ്ങിപ്പോയിട്ട് മോശം അനുഭവങ്ങള്‍മൂലം തിരിച്ചുവന്നവരുമുണ്ട്. ഉപദ്രവിച്ച അച്ഛനെതിരായ കേസ് വിധിയാവുകയും അയാള്‍ ജയിലിലാവുകയും ചെയ്തപ്പോള്‍ അമ്മയ്ക്കും മറ്റുമൊപ്പം ജീവിക്കാന്‍ ആഗ്രഹത്തോടെ വീട്ടിലേക്കു പോയ കുട്ടി. അവിടെച്ചെന്നപ്പോള്‍ കുടുംബത്തിലെത്തന്നെ പ്രായമായ മറ്റൊരാള്‍ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഏതായാലും അച്ഛന്റെ കൂടെപ്പോയതല്ലേ എന്നാണ് അയാള്‍ പറഞ്ഞത്. അവള്‍ അത് അമ്മയോട് പറഞ്ഞെങ്കിലും അവര്‍ കാര്യമായി എടുത്തില്ല. വീണ്ടും മാനസികമായി തകര്‍ന്നു, ആത്മഹത്യക്ക് ശ്രമിച്ചു. അങ്ങനെ മാനസികമായി തകര്‍ന്ന കുറേ കുട്ടികള്‍ മാനസികരോഗ ചികില്‍സാ കേന്ദ്രത്തിലൊക്കെ താമസിക്കേണ്ടിവന്നിട്ടുണ്ട്. 

വലിയ ഒരു മാവുണ്ട് തിരുവനന്തപുരത്തെ ഒരു ഹോമിന്റെ മുറ്റത്ത്. ഒരു കുട്ടി അതിന്റെ മുകളില്‍ കയറി ഇരുന്നു. രാവിലെ 10 മണി മുതല്‍ മാവിന്റെ മുകളില്‍ കയറി ഇരിപ്പാണ്. ഇപ്പോള്‍ വീട്ടില്‍ പോകണം. പക്ഷേ, അവള്‍ക്കു പോകാവുന്ന സ്ഥിതിയല്ല അവിടെ. അച്ഛനാണ് പ്രതി. വിധി വന്നിട്ടില്ല. വീട്ടില്‍ പോകണമെന്നു പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വീട്ടില്‍ പോകാനുള്ള ആഗ്രഹമല്ല. അവളുടെ മനസ്സിന്റെ സങ്കടം പ്രകടിപ്പിക്കാന്‍ ഒരു ആവശ്യം, അത്രതന്നെ. 12 മണി വരെ പലതും പറഞ്ഞ് അനുനയിപ്പിക്കാനൊക്കെ ശ്രമിച്ചു. നടക്കാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു. അവര്‍ വന്നപ്പോള്‍ അവരെ ഈ കുട്ടി ഭീഷണിപ്പെടുത്തി, നിങ്ങളെന്നെ പിടിക്കാന്‍ കോണി മുകളിലേക്ക് വച്ചാല്‍ ഞാന്‍ ചാടും. അവര്‍ വല വിരിച്ച് താഴെ സുരക്ഷിതമാക്കി. പക്ഷേ, ഒരിടത്ത് വല കെട്ടുമ്പോള്‍ അവള്‍ അപ്പുറത്തെ കൊമ്പിലേക്ക് മാറും. എല്ലായിടത്തും വല കെട്ടാന്‍ പാകത്തില്‍ തുറന്ന സ്ഥലവുമല്ല. ഫയര്‍ഫോഴ്സുകാരും ക്ഷീണിച്ചു. കുറച്ചുനേരം അവള്‍ തളര്‍ന്നിരുന്നു. അപ്പോഴേയ്ക്കും തളര്‍ന്നു വീഴുമോ എന്നായി പേടി. രാവിലെ മുതല്‍ ഇരിക്കുകയല്ലേ. മാത്രമല്ല, ദേഷ്യവും സങ്കടവുമൊക്കെ പ്രകടിപ്പിച്ച് ഒച്ചയെടുക്കലും. വലിയ ആരോഗ്യമുള്ള കുട്ടിയല്ല.
''ഒടുവില്‍ ഞാനങ്ങു തലചുറ്റി വീണു'' - ഉഷ പറയുന്നു. ''കൃത്രിമമായി ഒരു തലചുറ്റല്‍. അതോടെ കുട്ടിക്ക് വിഷമമായി. 'ഉഷാമ്മാ' എന്നു വിളിച്ച് കരയാന്‍ തുടങ്ങി. ഫയര്‍ ഫോഴ്സുകാര്‍ വച്ച കോണിയിലൂടെ ഇറങ്ങിവരാന്‍ തയ്യാറായി. ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഉഷാമ്മ എവിടെ എന്നാണ് ചോദിച്ചത്. മറ്റേ ജീപ്പില്‍ പിന്നാലെ വരുന്നുണ്ടെന്ന് ഫയര്‍ഫോഴ്സുകാര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തുമ്പോഴും അവളുടെ ഉല്‍ക്കണ്ഠ എന്നെക്കുറിച്ചായിരുന്നു. എന്നോടുള്ള അടുപ്പമാണ് ആ സമയത്ത് ഞങ്ങള്‍ ഉപയോഗിച്ചത്. തമാശ, സ്ഥിതി ശാന്തമായിക്കഴിഞ്ഞിട്ടും എണീക്കാറായോ എന്നറിയാതെ ഞാന്‍ കുറേ നേരം കണ്ണടച്ച് അവിടെത്തന്നെ കിടന്നതാണ്.'' ആ കുട്ടി ഇപ്പോള്‍ കോളജില്‍ പഠിക്കുന്നു. മുന്‍പത്തെപ്പോലെ സങ്കടവും രോഷവുമൊന്നും പ്രകടിപ്പിക്കുന്നില്ല. 
ഒരു കുട്ടിയുണ്ട്, അവള്‍ അച്ഛനെന്നു പറയുകയേ ഇല്ല. എന്റെ കേസിലെ പ്രതി എന്നേ പറയൂ. അവള്‍ ഉഷയോട് സംശയരഹിതമായി പറഞ്ഞു: ''ഇനി അമ്മ എന്നെ കാണാന്‍ വരരുത്. എന്റെ കേസിലെ പ്രതിയോടൊപ്പമാണ് അവര്‍ ജീവിക്കുന്നത്.'' ഈ കുട്ടികളേയും അവരുടെ അവസ്ഥയേയും കുറിച്ചുള്ള ഉല്‍ക്കണ്ഠ നമ്മുടെ സമൂഹത്തിനു പുറമേയ്ക്ക് മാത്രമേ ഉള്ളു എന്നതാണ് നിര്‍ഭയകാലത്തെ അനുഭവത്തില്‍നിന്ന് ഉഷയ്ക്ക് പറയാനുള്ളത്. ''ഇവരെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ഉല്‍ക്കണ്ഠപ്പെടുന്ന ആരുണ്ട്, ഏതു സംഘടനയുണ്ട് എന്നു ചോദിച്ചാല്‍ ഇല്ലെന്നാകും ശരിയായ ഉത്തരം. പക്ഷേ, പൊലീസിന്റെ ഭാഗത്തുനിന്ന് ഈ ഇരകളോടുള്ള മനോഭാവത്തില്‍ മുന്‍പത്തെക്കാള്‍ മാറ്റം വന്നിട്ടുണ്ട്. പ്രത്യേകിച്ചും അന്വേഷണത്തില്‍. ചേച്ചിയുടെ ഭര്‍ത്താവ് പ്രതിയായ കേസില്‍ എന്തിനാണിത് കേസാക്കുന്നത്, രണ്ടു കുടുംബത്തിനും മാനക്കേടല്ലേ എന്നു പറയുന്ന പൊലീസുകാരെ കണ്ടു. പക്ഷേ, പോക്സോ കേസുകള്‍ അന്വേഷിക്കുന്ന വളരെ നല്ല പൊലീസുദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. കുട്ടിയുടെ ആത്മാഭിമാനത്തിന്റെ ഭാഗത്തു നില്‍ക്കുന്നവര്‍. മൊഴിയെടുക്കാന്‍ വരുമ്പോള്‍ ഒറ്റ പ്രാവശ്യം മാത്രം കുട്ടിയോട് ചോദിക്കുകയും ഓഡിയോ, വീഡിയോ റെക്കോഡിങ് നടത്തുകയും കുട്ടിയോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നവര്‍. ഇതു കഴിഞ്ഞു, മോള്‍ ഇതിനെക്കുറിച്ചൊന്നും ഇനി ആലോചിക്കുകയേ വേണ്ട എന്നു പറയുന്നവര്‍. അല്ലാത്തവരുമുണ്ട്. എങ്കിലും പൊതുവേ പൊലീസ് മുന്‍പത്തെക്കാള്‍ നന്നായിട്ടുണ്ട്, ഇക്കാര്യത്തില്‍. പരിശീലനങ്ങള്‍കൊണ്ടും അവര്‍ തന്നെ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടുമാണിത്. പക്ഷേ, ചില സംവിധാനങ്ങള്‍ തന്നെ കുട്ടികള്‍ക്ക് അനുകൂലമല്ലാത്ത അവസ്ഥയുണ്ട്. ഒരു പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസിന്റെ സംഭവം നടന്ന സ്ഥലം വേറെ സ്റ്റേഷന്‍ പരിധിയിലാണെങ്കില്‍ പിന്നെ അവിടുന്ന് ആളുവന്നു വീണ്ടും മൊഴിയെടുക്കും, വീണ്ടും മഹസ്സറെഴുതാന്‍ കൊണ്ടുപോകും, വീണ്ടും രഹസ്യമൊഴി കൊടുക്കാന്‍ കൊണ്ടുപോകും. ഈ മൊഴി എന്നു പറഞ്ഞാല്‍ തന്റെ ദുരനുഭവങ്ങളിലൂടെയുള്ള പെണ്‍കുട്ടിയുടെ വേദന നിറഞ്ഞ യാത്രയാണല്ലോ. കുട്ടിയാണെന്ന് ആലോചിക്കണം. എഴുതിവച്ചിട്ടുള്ളത് വളരെ ബാലസൗഹൃദപരമായിരിക്കണം എന്നൊക്കെയാണ്. പൊലീസില്‍ മറ്റൊരു വലിയ പ്രശ്‌നമുണ്ട്. സ്ത്രീകളാണ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വരേണ്ടത്. മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ടാകും. ഇവര്‍ക്ക് കിട്ടിയിട്ടുണ്ടാകില്ല. പെരുമാറ്റത്തില്‍ അതു വരും. പിന്നെ അവരുടെ സമ്മര്‍ദ്ദവും. കുറേ മുഷിഞ്ഞ കേസുകളായിരിക്കും അവര്‍ അന്വേഷിക്കുന്നത്. അതിന്റെ കൂടെ ഇതുംകൂടെ. മറ്റൊരു ബുദ്ധിമുട്ടിക്കുന്ന അനുഭവം മെഡിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ടതാണ്. ഗൈനക്കോളജിസ്റ്റ് അവരുടെ മറ്റു ജോലികളും പ്രസവക്കേസുകളുമൊക്കെ കഴിഞ്ഞായിരിക്കും വരിക. മുതിര്‍ന്ന ഒരാളുടെ തുടര്‍ച്ചയായ ഉപദ്രവത്തിനു വിധേയയായ കുട്ടി. ഈ കാത്തുനില്‍പ്പ് കൂടിയാകുമ്പോള്‍ ആത്മാഭിമാനത്തിന്റെ മേലുള്ള ചവിട്ടലായാണ് അനുഭവപ്പെടുക. വലിയ ആളുകളുണ്ടാക്കിയ ബാലസൗഹൃദ സംവിധാനങ്ങളൊന്നും കുട്ടികള്‍ക്ക് സൗഹൃദപരമല്ല. ഈ ചോദ്യവും എഴുത്തുമെല്ലാം ചേര്‍ന്നുണ്ടാക്കുന്ന വല്ലാത്ത മാനസികാവസ്ഥ അവരുടെ മുഖത്തു നോക്കിയാല്‍ മനസ്സിലാകും. ചില കുട്ടികള്‍ നിശ്ശബ്ദരായിപ്പോയിട്ടുണ്ട്. അന്വേഷണത്തിനിടയ്ക്ക് പെട്ടെന്ന് അവരങ്ങ് നിശ്ശബ്ദരായി. കുറേക്കഴിഞ്ഞാണ് പഴയ സ്ഥിതിയിലേക്ക് വന്നത്. ആറ് വയസ്സും ഏഴ് വയസ്സുമൊക്കെയുള്ള കുട്ടികള്‍ വീട്ടില്‍നിന്നു വന്ന് ഒരു സ്ഥാപനത്തില്‍ നില്‍ക്കുക, എന്നിട്ട് പൊലീസുകാര്‍ വന്നു മൊഴിയെടുക്കല്‍, പിന്നൊരാള്‍ വന്നു വേറൊരു മൊഴിയെടുക്കല്‍. പിന്നെ അവര്‍ പ്രതീക്ഷിക്കുന്നത് ഇനിയും ഉപദ്രവിക്കും എന്നുതന്നെയായിരിക്കും. അങ്ങനെയുള്ള കുട്ടികളെ വലിയ സമ്മര്‍ദ്ദത്തിലാക്കാതെ വിടുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞാനൊരു കുട്ടിയോടും ഒരു കദന കഥയും ചോദിക്കാറില്ല. അവര്‍ക്കിങ്ങോട്ട് പറയണമെന്നുണ്ടെങ്കില്‍ പറയുക എന്നല്ലാതെ. എല്ലാവരും ചോദിച്ച് ചോദിച്ച് അതിനെ വശംകെടുത്തിയിട്ടുണ്ടാകും. ചില കുട്ടികള്‍ നമ്മുടെയടുത്ത് വരുമ്പോള്‍ത്തന്നെ ഇതങ്ങു പറയും. നിങ്ങള്‍ക്കിതാണല്ലോ വേണ്ടത് എന്ന മട്ടില്‍.''
ഒരു കുട്ടിയില്‍നിന്നുണ്ടായ അനുഭവം ഉഷ ഓര്‍മ്മിക്കുന്നത് ഇങ്ങനെ: ''ആറ് വയസ്സേയുള്ളു. അച്ഛനാണ് പ്രതി. അമ്മയുടെ അടുത്തൂന്നു മാറ്റുന്നതുകൊണ്ട് വന്നപ്പോള്‍ മുതല്‍ ഭയങ്കര കരച്ചിലാണ്. അമ്മ പോകട്ടെ എന്നുവച്ച് ഓഫീസിലേക്ക് കൊണ്ടുവന്നു. കരച്ചില്‍ തന്നെ. കരയാതിരിക്കുകയാണെങ്കില്‍ എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ടെന്നു ഞാന്‍ പറഞ്ഞു. ലാപ്ടോപ് കൊടുത്തിട്ട് അതില്‍ ചിത്രങ്ങള്‍ കാണിച്ചുകൊടുത്തു. കുറേക്കഴിഞ്ഞപ്പോള്‍ ഇങ്ങോട്ടൊരു ചോദ്യം: ചോദിക്കാനുണ്ടെന്നു പറഞ്ഞില്ലേ? എന്നിട്ട് കൃത്യമായിട്ട് നടന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ഇതൊന്നുമല്ല. നിങ്ങളുടെ വീടിന്റെ ഭാഗത്തൊക്കെ നിറയെ കുരങ്ങമ്മാരുണ്ടല്ലോ അതീന്നൊരെണ്ണത്തിനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ പറ്റുവോ എന്നാണ് ചോദിക്കാനുദ്ദേശിച്ചതെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ ആ കുട്ടി പറഞ്ഞത്, നിങ്ങള്‍ക്കിതല്ലേ അറിയേണ്ടത് എന്നാണ്. ബാക്കിയുള്ളവരൊക്കെ ഇതാണല്ലോ ചോദിച്ചത് എന്നും.''
ഡല്‍ഹി നിര്‍ഭയ സംഭവത്തിനും മുന്‍പാണ് കേരളത്തില്‍ സാമൂഹികനീതി വകുപ്പ് നിര്‍ഭയ പദ്ധതി തുടങ്ങിയത്. നിര്‍ഭയ തുടങ്ങാന്‍ ആലോചിക്കുമ്പോഴും സമാനമായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളത് ആരാണെന്ന അന്വേഷണം സ്വാഭാവികമായും ഉണ്ടായി. അങ്ങനെയാണ് മഹിളാ സമഖ്യ അതിന്റെ ഭാഗമാകുന്നത്. സമഖ്യ സര്‍ക്കാരിന്റെ തന്നെ സംവിധാനമാണ് എന്നതും പരിഗണിച്ചു. പീഡനക്കേസ് പ്രതികള്‍ പലപ്പോഴും ശക്തരോ പലവിധ സ്വാധീനമുള്ളവരോ ആയിരിക്കും. അവരില്‍നിന്ന് ഇരകളെ സംരക്ഷിച്ചുനിര്‍ത്താനും സര്‍ക്കാര്‍ സംവിധാനത്തിന്റെ സാധ്യതകള്‍ പ്രധാനമായി. പ്രതികളുടെ ഭാഗത്തുനിന്നു കുട്ടികള്‍ക്കെതിരെ പലപ്പോഴും പ്രതീക്ഷിക്കാത്ത വിധം, സംഘടിതവും ശക്തവുമായ നീക്കങ്ങളുണ്ടായിട്ടുണ്ടെന്ന് ഉഷ ഓര്‍മ്മിക്കുന്നു. ഇരകള്‍ക്കുവേണ്ടി വേട്ടക്കാര്‍ക്കു നേരെ കണ്ണും കാതും തുറന്നിരുന്ന കാലം. പടിയിറങ്ങിയാലും ആ ജാഗ്രത അവസാനിക്കില്ല എന്നുറപ്പിച്ചാണ് പി.ഇ. ഉഷയുടെ മടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com