നിത്യഹരിത 'വരന്‍മാര്‍'

അമ്പതും അറുപതും പെണ്ണുകണ്ട് തിരസ്‌കൃതരായിപ്പോയ ചെറുപ്പക്കാര്‍ അവരുടെ വേദനകള്‍ ഉള്ളിലടക്കുന്നു.
നിത്യഹരിത 'വരന്‍മാര്‍'

ക്ഷണക്കത്ത്

സുഹ്യത്തേ/ബന്ധുജനങ്ങളെ,

ഞാന്‍ വിവാഹിതനാകുകയാണ്.
അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകല്‍ പത്തുമണിക്കാണ് ചടങ്ങ്. എല്ലാവരും കുടുംബസമേതം കൃത്യസമയത്ത് എത്തുമല്ലോ. വധുവിനെ പരിചയപ്പെടുത്തട്ടെ, വീടിന്റെ വടക്കുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വരിക്കപ്ലാവാണ് വധു. വിവാഹത്തിനു വലിയ ചടങ്ങുകളോ ആര്‍ഭാടങ്ങളോ ഒന്നുമില്ല. അവള്‍ കുറെ പഴുത്ത പ്ലാവിലകള്‍ പൊഴിച്ചുതരും. ഞാനത് മാലയാക്കി അവള്‍ക്ക് ചാര്‍ത്തും. വന്നവര്‍ക്കെല്ലാം ചക്കയുപ്പേരി വിളമ്പും. ശുഭം.

ചരക്കെടുക്കാന്‍ തുണിക്കടയിലോ സ്വര്‍ണ്ണം വാങ്ങാന്‍ ജുവലറിയിലോ പോയില്ല. തേഞ്ഞുതീര്‍ന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി, അതുമാത്രം. ജീവിതത്തില്‍ എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. വരനെക്കുറിച്ച് അവള്‍ക്ക് വേവലാതികള്‍ ഉണ്ടായിരുന്നില്ല, ചോദ്യങ്ങളും. സര്‍ക്കാര്‍ ഉദ്യോഗമോ അഞ്ചക്ക ശമ്പളമോ ബാങ്ക് ബാലന്‍സോ എന്റെ നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല. പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല. ചേര്‍ന്ന കോഴ്‌സുകളോ കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല. പട്ടുസാരിയോ സ്വര്‍ണ്ണത്തൂക്കമോ ചോദിച്ചില്ല. ഒരേയൊരു ഡിമാന്റ് മാത്രം- ഒരു മഴുപോലും വീഴാതെ അവസാനം വരെ തുണയാകണം. അങ്ങനെ എല്ലാം ഒത്തുവന്നപ്പോള്‍ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു. ആയതിനാല്‍ സുഹൃത്തേ ഈ മംഗളകര്‍മ്മത്തില്‍ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാന്‍ പ്രിയപ്പെട്ട ഏവരേയും ഹൃദ്യമായി ക്ഷണിക്കുന്നു.
- ചന്ദ്രു വെള്ളരിക്കുണ്ട്.


കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയായ 37-കാരന്‍ ചന്ദ്രു എഴുതിയ വിവാഹ ക്ഷണക്കത്താണിത്. ഏഴു വര്‍ഷമായി ശ്രമിച്ചിട്ടും വിവാഹം നടക്കാത്ത സ്വന്തം അനുഭവം മാത്രമല്ല, ചന്ദ്രുവിന്റെ കുറിപ്പ്. സമാന അനുഭവമുള്ള മലബാര്‍ മേഖലയിലെ ആയിരക്കണക്കിനു പുരുഷന്മാരുടെ അവസ്ഥയാണ്. കല്യാണം കഴിയാത്ത ആണുങ്ങള്‍ സാധാരണ കാഴ്ചയായി മാറുകയാണ് കേരളത്തില്‍. പെണ്‍കുട്ടികളും പെണ്‍വീട്ടുകാരും സര്‍ക്കാര്‍ ജോലിയോ സുരക്ഷിത വരുമാനമുള്ള സമാന ജോലിയോ മതി എന്നു തീരുമാനിച്ചതോടെ തൊഴിലാളികളായ സാധാരണ ചെറുപ്പക്കാര്‍ക്ക് പെണ്ണുകിട്ടാനില്ല. അമ്പതും അറുപതും പെണ്ണുകണ്ട് തിരസ്‌കൃതരായിപ്പോയ ചെറുപ്പക്കാര്‍ അവരുടെ വേദനകള്‍ ആരോടും പറയാതെ ഉള്ളിലടക്കുകയാണ്. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരുടെ പങ്കാളിയെ തേടിയുള്ള അലച്ചില്‍ സാമൂഹ്യപ്രശ്‌നമായി കാണേണ്ടതുണ്ട്. നാട്ടില്‍ പെണ്ണുകിട്ടാതായതോടെ പലരും കുടക് പോലുള്ള മേഖലകളില്‍ പെണ്ണുതേടി പോകുന്നു. നാട്ടുകാര്‍ ഇതിനു കുടകു കല്യാണം എന്ന ചെല്ലപ്പേരും നല്‍കി. അവിവാഹിതരുടെ അനുഭവങ്ങളിലേക്കും അതിന്റെ സാമൂഹ്യസാഹചര്യങ്ങളെയും കുറിച്ച് ഒരന്വേഷണം.

വാതില്‍ക്കല്‍ പോയി നിന്ന് മടുത്തു
''700 പേരെയെങ്കിലും ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടിട്ടുണ്ടാകും. 36 പെണ്‍കുട്ടികളെ നേരില്‍ പോയി കണ്ടു. അതിനുപുറമെ മാട്രിമോണിയല്‍ സൈറ്റ്, മാര്യേജ് ബ്യൂറോ, ബ്രോക്കര്‍മാര്‍. പൈസ ഇങ്ങനെ പോകും. ഇപ്പോ 38 വയസ്സായി. എട്ടു വര്‍ഷത്തിലധികമായി അന്വേഷണം തുടങ്ങിയിട്ട്. ഞങ്ങളെല്ലാം നന്നായി കുടുംബം നോക്കി മാന്യമായി ജീവിക്കുന്നവര്‍ തന്നെയല്ലേ? ഓരോരുത്തരുടേയും വാതില്‍ക്കല്‍ പോയി നിന്ന് മടുത്തു.'' നീലേശ്വരത്തെ ടെക്സ്റ്റയില്‍ ഷോപ്പുടമ രാജീവന്റെ വാക്കുകളാണിത്. ഇന്റീരിയര്‍ ഡിസൈനര്‍മാരായ രണ്ട് അനിയന്മാര്‍ കൂടിയുണ്ട് രാജീവന്. ചേട്ടന്റെ വിവാഹം കഴിഞ്ഞിട്ടുവേണം തങ്ങളുടേത് നടത്താന്‍ എന്ന കാത്തിരിപ്പിലാണ് ഇവരും. കടയില്‍നിന്നു യാത്ര പറഞ്ഞിറങ്ങുന്നതുവരെ രാജീവന്‍ സംസാരിച്ചതു മുഴുവന്‍ തന്റേയും കൂട്ടുകാരുടേയും അനുഭവങ്ങളായിരുന്നു. നമ്മുടെ നാട്ടിലെ 30-നും 40-നും ഇടയിലുള്ള ഒരു തലമുറ അനുഭവിക്കുന്ന സാമൂഹികവും വൈകാരികവും മാനസികവുമായ പ്രതിസന്ധികളാണ് ഇവ.

10 വര്‍ഷം മുന്‍പാകണം വിവാഹക്കാര്യത്തില്‍ ചെറുപ്പക്കാരുടെ ഈ പ്രതിസന്ധി തുടങ്ങിയത്. ഇപ്പോള്‍ അത് അതിരൂക്ഷമായി. മുന്‍പ് പെണ്‍കുട്ടികളുടെ കല്യാണത്തിനായിരുന്നു വീട്ടുകാര്‍ക്ക് വേവലാതി. ഇന്ന് ആണ്‍മക്കളുടെ അച്ഛനുമമ്മയും ആണ് ആ സ്ഥാനത്ത്. ''നമ്മുടെ ക്യാരക്ടര്‍ നോക്കി പെണ്‍കുട്ടികള്‍ പലപ്പോഴും വിവാഹത്തിനു തയ്യാറാവുമെങ്കിലും മാതാപിതാക്കള്‍ക്കാണ് കൂടുതല്‍ പ്രശ്‌നമെന്ന് ചന്ദ്രു പറയുന്നു. ''സോഷ്യല്‍ സ്റ്റാറ്റസാണ് ഈ വാശി കാണിക്കുന്നതിനു പിന്നില്‍. അപ്പുറത്തെ വീട്ടിലെ കുട്ടിയെ കല്യാണം കഴിച്ചയാളെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ആളെക്കൊണ്ട് എന്റെ മകളെ കല്യാണം കഴിപ്പിക്കണം എന്നാണ് ചിന്ത. ഈ മനോഭാവമാണ് മാറേണ്ടത്'' -ചന്ദ്രു പറയുന്നു. ജാതി, ജാതകം, തൊഴില്‍, വിദ്യാഭ്യാസം, സാമ്പത്തികം, കാഴ്ചപ്പാട് തുടങ്ങി ഏറെ ഘടകങ്ങളുണ്ട് ഈ കല്യാണം നടക്കായ്കയില്‍. എന്‍ഡോസള്‍ഫാന്‍ ബാധിതരെ കുറിച്ചുള്ള അരികുജീവിതങ്ങള്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ചന്ദ്രു.

പുരനിറഞ്ഞ പുരുഷന്മാര്‍
പെണ്ണുകിട്ടാത്ത പുരുഷന്മാര്‍ കൂടിയതോടെ കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ 'പുരനിറഞ്ഞ പുരുഷന്മാര്‍' എന്ന പേരില്‍ കൂട്ടായ്മയും സംവാദവും നടത്തി. കല്യാണം നടക്കാത്ത ആണ്‍മക്കളുടേയും സഹോദരങ്ങളുടേയും ബന്ധുക്കളുടേയും ബുദ്ധിമുട്ടുകള്‍ നേരിട്ടറിയുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലാണ് ഈ ആശയം ആദ്യം വന്നത്. തുടര്‍ന്ന് സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ മടിക്കൈ മേക്കാട്ട് സ്‌കൂളില്‍ കൂട്ടായ്മ നടത്തി. വിവാഹിതരാകാത്ത പുരുഷന്മാരും മക്കളുടെ വിവാഹം നടക്കാത്ത അമ്മമാരും അവരുടെ അനുഭവങ്ങളും പരിഭവങ്ങളും പങ്കുവെച്ചു. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പലരും പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. ആ കൂട്ടായ്മയ്ക്കുശേഷം ഒരു വൈവാഹിക വെബ്സൈറ്റ് തുടങ്ങാനുള്ള പരിപാടിയിലാണ് മടിക്കെ പഞ്ചായത്തിലെ കുടുംബശ്രീ. ഇതിന്റെ ഭാഗമായി വിവര ശേഖരണത്തിനായി 15 വാര്‍ഡുകളിലും കുടുംബശ്രീ അംഗങ്ങളെ ചുമതലപ്പെടുത്തി. കിട്ടുന്ന ഡാറ്റകള്‍ ക്രോഡീകരിക്കാനും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനും രണ്ടുപേരെയും നിയമിച്ചു. വെബ്സൈറ്റ് തുടങ്ങാന്‍ പോകുന്നതറിഞ്ഞ് പുരുഷന്മാരുടെ അപേക്ഷകള്‍ ഇതിനോടകം ധാരാളം കിട്ടിയെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. സജിനി പറയുന്നു. ''എസ്.എസ്.എല്‍.സി. വരെ യോഗ്യതയുള്ള പുരുഷന്മാര്‍ക്ക് 500 രൂപയും പ്ലസ്ടു വരെയുള്ളവര്‍ക്ക് 750 രൂപയും അതിനു മുകളില്‍ 1000 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഫീസില്ല. ഈ വെബ്സൈറ്റ് വഴി കല്യാണം നടക്കുകയാണെങ്കില്‍ ഒരു ചെറിയ തുക ഇതിനുപുറമെ ഈടാക്കാനുമാണ് ഉദ്ദേശിക്കുന്നത്''- സജിനി പറയുന്നു. പല ജില്ലകളില്‍നിന്നുള്ള പുരുഷന്മാര്‍ മടിക്കൈ പഞ്ചായത്തിലേക്ക് അപേക്ഷകള്‍ അയക്കുന്നുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ മെയ് മാസത്തില്‍ മിശ്രവിവാഹവേദിയുടെ നേതൃത്വത്തില്‍ മിശ്രവിവാഹ സംഗമം നടത്തിയിരുന്നു. ജാതിരഹിത; മതരഹിത വിവാഹത്തിനു താല്‍പ്പര്യമുള്ളവരെ ഉദ്ദേശിച്ചായിരുന്നു. സംഗമത്തിനെത്തുന്ന പുരുഷന്മാരേയും സ്ത്രീകളേയും പരിചയപ്പെടുത്തി ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുള്ള ഒരവസരമാണ് മിശ്രവിവാഹ വേദി ഇതിലൂടെ ലക്ഷ്യമിട്ടത്. ഇങ്ങനെ തെരഞ്ഞെടുക്കുന്നവരില്‍ പലരും വീട്ടുകാരുടെ സഹകരണത്തോടെ പിന്നീട് വിവാഹിതരാകും. ബന്ധുക്കളുടെ എതിര്‍പ്പോ മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടായാല്‍ മിശ്രവിവാഹവേദി ആ വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയാണ് ചെയ്യാറ്. പയ്യന്നൂരില്‍ സംഗമദിവസം രാവിലെ തന്നെ പരിപാടി നടത്താന്‍ നിശ്ചയിച്ച സഹകരണബാങ്ക് ഓഡിറ്റോറിയം പുരുഷന്മാരെക്കൊണ്ട് നിറഞ്ഞു. 100-150 പേരെ പ്രതീക്ഷിച്ച സംഘാടകരെ ഞെട്ടിച്ചുകൊണ്ട് ആയിരത്തിലധികം പേര്‍ ഓഡിറ്റോറിയത്തിലും പരിസരത്തും എത്തി. എത്തിയ സ്ത്രീകളുടെ എണ്ണമോ പത്തില്‍ താഴെയും. ഒടുവില്‍ കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസെത്തി സ്ഥിതി നിയന്ത്രിക്കേണ്ടിവന്നു. ആളുകളുടെ തള്ളിക്കയറ്റം കാരണം പരിപാടിയും നടന്നില്ല. കേരളത്തില്‍ മറ്റ് ജില്ലകളിലൊന്നും നടത്തിയപ്പോള്‍ ഇങ്ങനെയൊരവസ്ഥ ഉണ്ടായിരുന്നില്ലെന്ന് സംഘാടകനായ മിശ്രവിവാഹവേദി സംസ്ഥാന സെക്രട്ടറി ഗോപന്‍ പറയുന്നു. ''പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തിയിരുന്നു. പത്രങ്ങളില്‍ വാര്‍ത്ത വന്നതുതൊട്ട് തുരുതുരെ ഫോണ്‍കോളുകളായിരുന്നു. മൂന്ന് നമ്പറുകള്‍ കൊടുത്തിരുന്നു. മൂന്നിലും നിര്‍ത്താതെ കോള്‍ വന്നുകൊണ്ടിരുന്നു. ജോലിയില്‍നിന്ന് അവധിയെടുത്ത് ഫോണ്‍ എടുക്കേണ്ടിവന്നു. പയ്യന്നൂരില്‍ വളരെ കുറച്ച് പെണ്‍കുട്ടികളാണ് എത്തിയത്. അതുതന്നെ എങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നറിയാന്‍ വേണ്ടി വന്നവരായിരുന്നു'' -ഗോപന്‍ പറയുന്നു.

ജാതി, ജാതകം, തൊഴില്‍
നിര്‍മ്മാണത്തൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, ഡ്രൈവര്‍മാര്‍, മറ്റു ദിവസവേതനക്കാര്‍ ഒക്കെയാണ് ബുദ്ധിമുട്ട് നേരിടുന്നവരില്‍ ഏറെയും. സര്‍ക്കാര്‍ ജോലിയോ അതിനു സമാനമായ സ്വകാര്യ ജോലിയോ ആണ് പെണ്ണും വീട്ടുകാരും ആവശ്യപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്കിടയിലുണ്ടായ വിദ്യാഭ്യാസ പുരോഗതി ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാം. ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളും. തൊഴിലാളികളായ പുരുഷന്മാരില്‍ കൂടുതല്‍ പേരും ബിരുദത്തിനു താഴെയാണ് വിദ്യാഭ്യാസ യോഗ്യത. എന്നാല്‍, കാണാതെ പോകുന്ന വസ്തുത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ ആണ്‍കുട്ടികളില്‍ പലരും പത്താംക്ലാസ്സിനുശേഷം പണിക്കിറങ്ങുകയും അതേ വീട്ടിലെ പെണ്‍കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നതാണ്. മിക്ക വീടുകളിലും കുടുംബം നോക്കുന്ന ചുമതല ഇപ്പോഴും ആണ്‍കുട്ടികളിലാണ്. അതുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസത്തെ ഇതു കാര്യമായി ബാധിക്കുന്നുമുണ്ട്. വിവാഹക്കാര്യത്തിലാണ് വിദ്യാഭ്യാസമില്ലായ്മ ഇക്കുട്ടര്‍ക്ക് ഏറ്റവും തിരിച്ചടിയാകുന്നതും.

എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് ക്ഷാമമായതോടെ പത്താംക്ലാസ്സ് യോഗ്യതയുള്ള സ്ത്രീകളും ഉന്നതവിദ്യാഭ്യാസവും ജോലിയും ഉള്ള വരനെയാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടു.
ജാതിയാണ് മറ്റൊരു പ്രശ്‌നം. ജാതി മാറിയുള്ള കല്യാണം ഇപ്പോഴും പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ ആളുകള്‍ക്ക് കഴിഞ്ഞിട്ടില്ല. പുരുഷന്മാരില്‍ പലരും ജാതി മാറിയുള്ള വിവാഹത്തിനു തയ്യാറാകുന്നുണ്ടെങ്കിലും സ്ത്രീകളുടെ വീട്ടുകാര്‍ സ്വന്തം ജാതിക്കാരെ മാത്രമേ കല്യാണം കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നുള്ളൂ. 'സമുദായ മഹിമ' കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സ്ത്രീകള്‍ക്കാണെന്ന പരമ്പരാഗത വിശ്വാസങ്ങളാകാം ഇതിനു പ്രേരിപ്പിക്കുന്നത്. വടക്കന്‍ മലബാറില്‍, പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയില്‍ ജാതി-സമുദായ ക്ഷേത്രങ്ങള്‍ കൂടുതലുള്ള സ്ഥലമാണ്. ജാതി മാറി കല്യാണം കഴിക്കുന്നവരെ ക്ഷേത്രത്തില്‍നിന്നും വിലക്കേര്‍പ്പെടുത്തുന്ന ആചാരങ്ങള്‍ ഇപ്പോഴുമുണ്ട്. ആ കുടുംബത്തേയും സമുദായത്തില്‍നിന്ന് ഒറ്റപ്പെടുത്തും. അതുകൊണ്ടുതന്നെ പ്രണയവിവാഹങ്ങളിലൊഴിച്ച് ജാതി മാറിയുള്ള കല്യാണങ്ങള്‍ ഈ ഭാഗങ്ങളില്‍ നടക്കാറുമില്ല. അച്ഛനും അമ്മയും മിശ്രവിവാഹിതരോ കുടുംബത്തില്‍ ജാതിമാറിയുള്ള പ്രണയവിവാഹങ്ങള്‍ നടന്നതോ ആയ കുടുംബങ്ങളിലാണ് ഇത്തരം വിവാഹങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും സാധ്യതയെന്ന് പയ്യന്നൂര്‍ സ്വദേശിയായ ജയന്‍ പറയുന്നു. ഒരേ സമുദായത്തില്‍പ്പെട്ട ജാതികള്‍ പോലും തമ്മില്‍ കല്യാണം കഴിക്കാന്‍ സമ്മതിക്കാത്ത അവസ്ഥയുണ്ട്. ഉദാഹരണത്തിന് ആശാരി, തട്ടാന്‍, കൊല്ലന്‍ തുടങ്ങി വിശ്വകര്‍മ്മ എന്ന ഒറ്റ വിഭാഗത്തില്‍പ്പെടുന്നവര്‍പോലും അങ്ങോട്ടും ഇങ്ങോട്ടും വിവാഹം ചെയ്യുന്നത് അവരവരുടെ ജാതിയില്‍പ്പെട്ട പ്രമാണിമാര്‍ എതിര്‍ക്കുന്നുണ്ട്. ജാതി ക്ഷേത്രങ്ങളുമായി ബന്ധപ്പെടുന്നവരുടെ കണക്കുപ്രകാരം നീലേശ്വരം, പിലീക്കോട് ഭാഗങ്ങളില്‍ മാത്രം വിവാഹം ശരിയാകാത്ത നൂറിലധികം വിശ്വകര്‍മ്മ യുവാക്കളുണ്ട്. സമുദായ ക്ഷേത്രങ്ങളുടെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തേയും ആളുകളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് കൈമാറാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. ജാതകപ്പൊരുത്തവും ദോഷവും ഒക്കെ നോക്കുന്നതിനും വലിയ മാറ്റങ്ങളൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. പെണ്‍വീട്ടുകാരാണ് ഇക്കാര്യത്തില്‍ ഏറെ നിര്‍ബന്ധം പുലര്‍ത്തുന്നതെന്നും പലരും പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹ സങ്കല്പങ്ങളും മാറിത്തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന, സ്ത്രീകളുടെ പ്രാഥമിക അവകാശങ്ങളെക്കുറിച്ചുപോലും ബോധവാന്മാരല്ലാത്ത പുരുഷന്മാരെ സ്ത്രീകള്‍ അവഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വീട്ടുജോലികള്‍ ചെയ്യാനുള്ള ആള്‍ എന്ന ധാരണയ്ക്കപ്പുറത്ത്, തങ്ങളെ ബഹുമാനിക്കുന്ന പുരുഷന്മാരെയാണ് പെണ്‍കുട്ടികള്‍ പ്രതീക്ഷിക്കുന്നത്. അത് നല്ല മാറ്റമാണുതാനും. പുരുഷന്മാരും അതിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. കേരളത്തില്‍ അടുത്തകാലത്തായി ശക്തമായി വരുന്ന ഫെമിനിസ്റ്റ് ആശയങ്ങളും സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ഇവയ്ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്നതും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. 

പ്രണയം പോലുള്ള കാര്യങ്ങള്‍ കുറഞ്ഞുവരുന്നതും വിവാഹം നടക്കാത്തതിന്റെ കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴും വളരെ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് പ്രണയത്തിലൂടെ വിവാഹിതരാകുന്നത്. അവരവരുടെ സമുദായവും ജാതിയും നോക്കി പ്രണയി ക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന പ്രവണത ഏറിവരുന്നുമുണ്ട്. മതേതര യുവത്വം യാഥാസ്ഥിതികത്വത്തിലേക്ക് മാറുകയാണോയെന്ന സംശയം പലരുടേയും വാക്കുകളില്‍ പ്രകടമാണ്. കേരളത്തില്‍ അടുത്തകാലത്തായി ചര്‍ച്ചചെയ്യപ്പെട്ട ദുരഭിമാന കൊലകളും ആളുകളെ സ്വാധീനിക്കുന്നുണ്ട്. അത്തരം കൊലപാതകങ്ങളില്‍പ്പോലും പ്രതികളായവരെ ന്യായീകരിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നത് ജാതിയില്‍നിന്നു മാറാന്‍ ആളുകള്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ്.

സദാചാര ഗുണ്ടായിസവും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും സമൂഹത്തില്‍ കൂടിയതോടെ ഗ്രാമപ്രദേശങ്ങളില്‍ ആണിനും പെണ്ണിനും ഒരുമിച്ച് ഇടപെടാനുള്ള ഇടങ്ങളും കുറഞ്ഞുവരികയാണ്. ലൗജിഹാദ് അടക്കമുള്ള ആരോപണങ്ങള്‍ കൂടി ശക്തിപ്പെട്ടതോടെ, യാഥാസ്ഥിതികത്വത്തിലേക്ക് മടങ്ങുന്നവരുടെ എണ്ണവും കൂടുന്നു. സോഷ്യല്‍ മീഡിയയില്‍ പറയുന്ന ലിബറലിസവും റൊമാന്റിസവും, 'ജാതിയില്ല, മതമില്ല' വായ്ത്താരികളൊന്നും നമ്മുടെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. തുറന്ന സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ എന്നത് സിനിമയില്‍ മാത്രം കാണാവുന്ന കാര്യങ്ങളാണ് ഇന്നും പല ഗ്രാമങ്ങളിലും. 

ദൂരദേശങ്ങളില്‍നിന്നു വിവാഹം ചെയ്യാന്‍ പലരും മടിക്കുന്നതും വിവാഹം നടക്കാത്തതിന്റെ മറ്റൊരു കാരണമാണ്. ജില്ലകള്‍ മാറിയുള്ള കല്യാണത്തിന് ഇപ്പോഴും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വിമുഖത കാട്ടുന്നു. കാസര്‍ഡോഡ്, കണ്ണൂര്‍ ഭാഗത്തുള്ള പുരുഷന്മാര്‍ക്ക് മറ്റ് ജില്ലകളില്‍നിന്നു പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ദൂരത്തിന്റെ പ്രശ്‌നത്തില്‍ തട്ടി മുടങ്ങിപ്പോകുകയാണ്. ''ഇപ്പോഴും പത്തുരൂപ ബസ് ചാര്‍ജ് പരിധിക്കുള്ളില്‍ മക്കളെ വിവാഹം കഴിപ്പിച്ചയക്കുന്നതാണ് സുരക്ഷിത''മെന്നു ചിന്തിക്കുന്ന മാതാപിതാക്കളുണ്ട്. ദൂരദിക്കുകളില്‍ നിന്നുള്ളവരുടെ കുടുംബ പശ്ചാത്തലവും സ്വഭാവവും കൃത്യമായി അന്വേഷിക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് അതിനു തയ്യാറാകാത്തതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കുടുംബശ്രീകള്‍ ഏറ്റെടുക്കാന്‍ തുടങ്ങുന്നതോടെ ഈ ആശങ്കയ്ക്ക് പരിഹാരമായേക്കും. 

കുടക് കല്യാണം 
ഇതിനിടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കുടക് കല്യാണങ്ങള്‍ വ്യാപകമാകുന്ന ഒന്നാണ് കുടകു കല്യാണം. മൈസൂര്‍ കല്യാണം, ഹരിയാന കല്യാണം, തമിഴ്നാട് കല്യാണം തുടങ്ങി അന്യസംസ്ഥാന വിവാഹങ്ങള്‍ മലബാറില്‍ പുതുമയല്ല. മലബാറിലെ പെണ്‍കുട്ടികളെയാണ് ഓരോ കാലത്ത് മൈസൂരിലേക്കും ഹരിയാനയിലേക്കും തമിഴ്നാട്ടിലേക്കും ഒക്കെ കല്യാണം കഴിപ്പിച്ച് അയച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ പെണ്‍കുട്ടികളെയാണ് ഈ രീതിയില്‍ അന്യസംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്തത്. എന്നാല്‍, നേരെ തിരിച്ചാണ് ഇപ്പോഴത്തെ സ്ഥിതി. പുരുഷന്മാര്‍ കര്‍ണാടകയിലെ കുടക്, ഹസന്‍ ജില്ലകളില്‍നിന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തുടങ്ങി. തോട്ടം മേഖലകളിലെ തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ളവരാണ് പെണ്‍കുട്ടികളെയാണ് പലരും തെരഞ്ഞെടുക്കുന്നത്. വീരാജ്പേട്ട, സുണ്ടിക്കൊപ്പ, മടിക്കേരി, സോമവാര്‍പേട്ട്, ഗോണിക്കോപ്പ, കുശാലനഗര, പൊന്നംപേട്ട് എന്നിവിടങ്ങളിലേക്കാണ് പലരും പെണ്ണുതേടി പോകുന്നത്. ആളുകള്‍ കൂടുതലായി എത്താന്‍ തുടങ്ങിയതോടെ അവിടെയും പെണ്‍കുട്ടികളുടെ ഡിമാന്റ് കൂടി തുടങ്ങി. പലരും സ്വര്‍ണ്ണവും പണവും കുടുംബക്കാര്‍ക്ക് നല്‍കി പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നുണ്ട്. കൊടവ, തുളു, മലയാളം ഭാഷകളാണ് കുടക് ജില്ലകളില്‍ ആളുകള്‍ സംസാരിക്കുന്നത്. അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള ചെറുപ്പക്കാരന്‍ കുടകില്‍നിന്നു കല്യാണം ഉറപ്പിച്ചു. ചെക്കന്റെ വീട് കാണാന്‍ വന്ന പെണ്‍വീട്ടുകാര്‍ക്കൊപ്പം അയല്‍വാസിയായ മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഇതറിഞ്ഞ് എത്തിയ വരന്റെ നാട്ടിലെ മറ്റൊരു യുവാവ് അവിടെ വെച്ചുതന്നെ ആ പെണ്‍കുട്ടിയുമായും വിവാഹം ഉറപ്പിച്ചു. കുടകില്‍നിന്നുള്ള ബ്രോക്കറും ഒപ്പമുണ്ടായിരുന്നു. രണ്ട് വിവാഹങ്ങള്‍ നടത്തിയതിന്റെ സന്തോഷത്തില്‍ കല്യാണദിവസം തളിപ്പറമ്പിലെത്തിയ ബ്രോക്കറെ തങ്ങള്‍ക്കും വിവാഹം നടത്തിത്തരണമെന്നു പറഞ്ഞു ചെറുപ്പക്കാര്‍ വളഞ്ഞ സംഭവവും ഉണ്ടായി. ആളുകള്‍ കൂടിയതോടെ ഭക്ഷണം പോലും കഴിക്കാതെ ബ്രോക്കര്‍ രക്ഷപ്പെട്ടു.

ബ്രോക്കര്‍ മാഫിയ
''വിവാഹം നടക്കാത്ത അവസ്ഥ മുതലെടുത്ത് സാധാരണക്കാരും തൊഴിലാളികളുമായ ചെറുപ്പക്കാരുടെ പണം അപഹരിക്കുന്ന വലിയ മാഫിയ തന്നെയുണ്ടിപ്പോള്‍. ബ്രോക്കര്‍മാരാണ് മുന്‍പന്തിയില്‍. കുടകില്‍നിന്ന് ഒരു വിവാഹം ശരിയായാല്‍ 60,000 മുതല്‍ 80,000 രൂപ വരെയാണ് ബ്രോക്കര്‍മാര്‍ ഈടാക്കുന്നത്. നാട്ടിലെ ബ്രോക്കര്‍മാരും കുടകിലെ ബ്രോക്കര്‍മാരും തമ്മില്‍ സഹകരണാടിസ്ഥാനത്തിലാണ് ആലോചനകള്‍ നടത്തുന്നത്. ഓരോ തവണ പോയി വരുമ്പോഴേക്കും 2000-3000 രൂപ ചെലവ് വരുമെന്ന് തലശ്ശേരി സ്വദേശിയായ മുരളി പറയുന്നു. ബ്രോക്കറുടെ ആ ദിവസത്തെ ചാര്‍ജും അവിടെ വരെ പോയിവരാനുള്ള കാര്‍ വാടകയും ഭക്ഷണമടക്കമുള്ള ചെലവുകളും നമ്മളെടുക്കണം. അങ്ങനെ പോയത് നടക്കണമെന്നുമില്ല. കുറേ പൈസ തീരുമ്പോള്‍ പലരും നിര്‍ത്തും'' -മുരളി പറയുന്നു.
പത്രങ്ങളില്‍ വിവാഹപ്പരസ്യം കൊടുക്കുന്നവരില്‍ ഭൂരിഭാഗവും ബ്രോക്കര്‍മാരാണ്. അവരുടെ ഫോണ്‍ നമ്പറാണ് പരസ്യത്തില്‍ കൊടുക്കുക. വിളിക്കുന്നവരില്‍ പെണ്ണിന്റെ അഡ്രസ്സും ജാതകക്കുറിപ്പും വേണ്ടവര്‍ക്ക് 1200 രൂപ അടച്ചാല്‍ രജിസ്റ്റേഡ് ആയി അയച്ചുകൊടുക്കും. പലപ്പോഴും വിളിക്കുന്ന നൂറോ ഇരുന്നൂറോ പേര്‍ക്ക് ഒരേ വിവരങ്ങള്‍ തന്നെയാണ് അയച്ചുതരുന്നതെന്നും ഇത്രയും പേരില്‍നിന്നു പൈസ ഈടാക്കുമ്പോള്‍ ഒരു അഡ്രസ്സില്‍നിന്നു തന്നെ അവര്‍ നല്ല ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് നീലേശ്വരത്തെ രാജീവന്‍ പറഞ്ഞു.
ഇതിനു പുറമെയാണ് വിവാഹപ്പരസ്യങ്ങളടങ്ങിയ പുസ്തകങ്ങള്‍. 200 രൂപ മുതല്‍ 1300 രൂപയുടെ വരെ ഇത്തരം മാരേജ് മാഗസിനുകള്‍ ഉള്‍ഗ്രാമങ്ങളില്‍ വരെ ലഭ്യമാണ്. വാങ്ങുന്നതിനു മുന്‍പ് മറിച്ചുനോക്കുന്നത് തടയാന്‍ പ്ലാസ്റ്റിക് കവറിലാക്കിയാണ് ഈ മാഗസിനുകള്‍ കടകളില്‍ ലഭിക്കുന്നത്. ഫോണ്‍ നമ്പറുകള്‍ സഹിതമുള്ള വിവാഹപ്പരസ്യങ്ങളായിരിക്കും ഇതില്‍ നിറയെ. ''വിളിച്ചുനോക്കിയാല്‍ പലതും എടുക്കാത്ത നമ്പറുകളായിരിക്കും. പത്രങ്ങളില്‍ ഞായറാഴ്ച ദിവസങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ കോപ്പി ചെയ്ത് എടുക്കുന്നതുമുണ്ട്. കുറേയധികം സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ബ്യൂറോയിലുള്ളവര്‍ തന്നെ 'അച്ഛനും അമ്മ'യുമായി മറുപടി കൊടുക്കുന്ന തട്ടിപ്പുകളുമുണ്ട്'' -രാജീവന്‍ കൂട്ടിച്ചേര്‍ത്തു.
എട്ടും പത്തും വര്‍ഷം വിവാഹം കഴിക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്കു തന്നെ വലിയൊരു തുകയാണ് കൊടുക്കേണ്ടിവരുന്നത്. മലബാറില്‍ അടുത്തകാലത്തായി കല്യാണബ്യൂറോകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. പല ജുവല്ലറികളും സ്വന്തമായി ബ്യൂറോ നടത്തുന്നുണ്ട്. സാമ്പത്തികമായും മാനസികമായും തളര്‍ന്നുപോകുന്ന അവസ്ഥയാണ് പലരും പങ്കുവെച്ചത്. ഇതിനു പുറമെയാണ് നാട്ടുകാരുടെ മുനവെച്ചുള്ള ചോദ്യങ്ങള്‍. കുടുംബശ്രീകളും രാഷ്ട്രീയ സംഘടനകളും ഗൗരവമായി കണക്കിലെടുക്കേണ്ട സാമൂഹ്യപ്രശ്നം തന്നെയാണിത്.
--------

കാഴ്ചപ്പാടുകള്‍ മാറി, ആത്മാഭിമാനവും
ഇ.പി. രാജഗോപാല്‍

ശാരീരിക അധ്വാനമുള്ള തൊഴിലുകള്‍ മാന്യമാണെന്ന ധാരണ പുരുഷന്മാര്‍ക്കുപോലും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ക്കും അപകര്‍ഷതയാണ്. കുടുംബങ്ങളിലും അതിനു മാന്യത കിട്ടുന്നില്ല. അത് നമ്മുടെ സംസ്‌കാരത്തില്‍ത്തന്നെ വരുന്ന പ്രധാനപ്പെട്ട മാറ്റമാണ്. തൊഴിലാണ് ഈ വിഷയത്തില്‍ പ്രധാന പ്രശ്‌നം. പല കാരണങ്ങള്‍കൊണ്ട് പഠിച്ച് മുന്നേറുന്ന ആണ്‍കുട്ടികള്‍ കുറവാണ്. ജോലിക്ക് പോകുന്നവരാണ് കൂടുതല്‍. പെണ്‍കുട്ടികളില്‍ കൂടുതല്‍ പേരും പഠിച്ചവരാണ്. പഠിച്ച എല്ലാവര്‍ക്കും ജോലിയൊന്നും കിട്ടുന്നില്ലെങ്കിലും അവരുടെ കാഴ്ചപ്പാടുകള്‍ മാറിയിട്ടുണ്ട്. ആത്മാഭിമാനം പണ്ടത്തെക്കാളും കൂടിയിട്ടുണ്ട്. വിദ്യാഭ്യാസം ഉള്ളവര്‍ വേണം എന്നത് ഒരു പൊതു കാഴ്ചപ്പാടായി മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റിന്റെ ഉപയോഗത്തോടെ ആഗോള പൗരന്മാരായി ആളുകള്‍ മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആളുകളുടെ മനസ്സ് ഒരു എക്‌സിക്യൂട്ടീവ് സ്‌റ്റൈലിലേക്ക് മാറിയിട്ടുണ്ട്. ഒരുതരം എക്‌സിക്യൂട്ടീവ് ലൈനിലുള്ള ജീവിതമാണ് കേരളത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നത്. അതിനൊത്ത പുരുഷന്മാരെ കിട്ടാത്തതുകൊണ്ട് മറ്റു തൊഴിലുകള്‍ ചെയ്യുന്ന ആളുകളെ സ്വീകരിക്കാന്‍ സ്ത്രീകള്‍ തയ്യാറല്ല. കേരളത്തിന്റെ തൊഴില്‍ സങ്കല്പം എന്നത് വലിയ ശമ്പളവും കുറഞ്ഞ പണിയുമാണ്. നല്ല ധനസ്ഥിതിയുള്ള, അധികം ശാരീരികമായി ജോലിയെടുക്കാത്ത വരന്മാരെയാണ് പെണ്‍കുട്ടികള്‍ പ്രതീക്ഷിക്കുന്നത്. 
ആണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. ഉല്ലാസപ്രിയരാകുന്നുണ്ട് പലരും. മദ്യപാനശീലമുള്ളവരേയും സുഖിയന്മാരായി ജീവിക്കുന്നവരേയും പെണ്‍കുട്ടികള്‍ക്ക് താല്‍പ്പര്യമില്ല. 
പെണ്‍കുട്ടികള്‍ ഒരു ഭദ്രമായ കുടുംബം ആഗ്രഹിക്കുന്നുണ്ട്. അതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല. സാമ്പത്തികമായും വൈകാരികമായും കെയര്‍ ചെയ്യുന്ന ആളുകളെയാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുക.
ഇതൊരു വലിയ വിഷയമായി കാണേണ്ടതാണ്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ കൂടി പരിഗണനയില്‍ വരേണ്ട ഒരു വിഷയമാണ്. കൂലിവര്‍ദ്ധന, തൊഴില്‍സ്ഥിരത, തൊഴില്‍ പീഡനം ഇല്ലാതാക്കല്‍ എന്നിവയിലൊക്കെയാണ് തൊഴില്‍ പ്രസ്ഥാനങ്ങള്‍ സാധാരണ ശ്രദ്ധിക്കുന്നത്. ഈ വിഷയത്തില്‍ക്കൂടി ഇടപെടേണ്ട ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. തൊഴില്‍ എന്നു പറയുന്നത് ഒരു മതമാണ്. വളരെ മോഡേണായ ഒരു മതത്തിന്റെ പേരാണ് തൊഴില്‍. അപ്പോള്‍ അതിനനുസരിച്ചുള്ള വിവാഹങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. തൊഴില്‍ സംഘടനകളുടേയും കൂട്ടായ്മകളുടേയും അജന്‍ഡയില്‍ ഇതുകൂടി വരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com