ബാല്യം കൊഴിഞ്ഞ ജീവിതങ്ങള്‍

''നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല; ജീവിതത്തിന്, സ്വന്തം നിലനില്‍പ്പിനോടുള്ള പ്രണയത്തില്‍നിന്നു ജനിച്ച കുട്ടികളാണവര്‍. 
ബാല്യം കൊഴിഞ്ഞ ജീവിതങ്ങള്‍

വിയും ദാര്‍ശനികനുമായിരുന്ന ഖലീല്‍ ജിബ്രാന്റെ ഈ വരികളുടെ ആഴം വളരെ വലുതാണ്. കുട്ടികള്‍ക്കുള്ളില്‍ ഒരു കുട്ടിയുടെ മനസ്സുണ്ടെന്നും അതു വളര്‍ന്നുവലുതായവരാണ് പിന്നീട് മുതിര്‍ന്നവര്‍ എന്നു വിളിക്കപ്പെട്ടതെന്നുമുള്ള കാര്യംപോലും ഓര്‍മ്മിക്കാനാവാത്ത വിധം ലൈംഗിക കാമനകളാല്‍ വികൃതവല്‍ക്കരിക്കപ്പെട്ട കാലവും സമൂഹവുമാണിത്. ആണ്‍-പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ വികൃത ചൂഷണത്തിനു വിധേയമാകുന്നതിന്റെ വാര്‍ത്തകള്‍ ഇന്നു മലയാളിയെ ഒട്ടും ബാധിക്കാത്തവിധം മരവിപ്പ് എവിടെയൊക്കെയോ പടര്‍ന്നുകയറിയിരിക്കുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ തായ്ത്തടിയില്‍ മാത്രമന്വേഷിച്ചാല്‍ ഇതിന്റെ കാരണം കിട്ടണമെന്നില്ല. കുടുംബബന്ധങ്ങള്‍, വിദ്യാഭ്യാസം, സമ്പത്ത്, ആരോഗ്യം, മാധ്യമം, സിനിമ, മൊബൈല്‍ ഫോണ്‍ തുടങ്ങി വിപുലമാര്‍ന്ന മേഖലകളിലെ അന്വേഷണവും നിലപാടും ഉറപ്പിച്ചുകൊണ്ടേ ഈ വിഷയത്തെ സമീപിക്കാനാവൂ. എന്നാല്‍, മൂര്‍ത്ത സാഹചര്യം അരനിമിഷംപോലും പാഴാക്കാതെയുള്ള ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. നിയമം കൊണ്ടും സ്ഥാപനങ്ങള്‍കൊണ്ടും ശിക്ഷകൊണ്ടും പരിഹരിക്കാനാവാത്ത എന്തൊക്കെയോ ഈ വിഷയത്തില്‍ ഇപ്പോഴും സജീവമായിരിക്കും. 
''എന്താണെന്നറിയില്ല, ഇക്കാര്യത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പലരും പ്രതികള്‍ക്കുവേണ്ടി വളരെ പെട്ടെന്നുതന്നെ പരസ്യമായും രഹസ്യമായും രംഗത്തുവരും'' മഹിളാ സമഖ്യ പ്രൊജക്ട് ഡയറക്ടര്‍ പി.ഇ. ഉഷ പറയുന്നു.

ലേബര്‍ റൂമില്‍ നിന്ന്
മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്

''ഉഷാമ്മേ കുഞ്ഞ് വരാന്‍ പൊക്കിളിലല്ലേ മരുന്നുവെക്കേണ്ടത്. പിന്നെ അവരെന്തിനാ താഴെ മരുന്നുവെച്ചത്.'' പ്രസവത്തിനു ലേബര്‍ റൂമിലേക്ക് കയറ്റുന്നതിനു മുന്‍പ് ഒരു പതിമൂന്നുകാരിയുടെ സംശയമാണിത്. ചൂഷണത്തിനു വിധേയയായി അവള്‍ 'നിര്‍ഭയ'യിലെത്തുമ്പോഴും വീര്‍ത്തിരുന്ന വയര്‍ അവള്‍ക്കു നിഷ്‌കളങ്കമായൊരു കൗതുകമായിരുന്നു. ഗര്‍ഭിണിയാകുന്നത് എങ്ങനെയാണെന്നോ പ്രസവിക്കുന്നത് എങ്ങനെയാണെന്നോ മനസ്സിലാകാത്ത പ്രായത്തില്‍ അവള്‍ ലേബര്‍ റൂമിലെത്തി. പ്രസവസമയത്തെ അപസ്മാരത്തില്‍ ഇരുവരും രക്ഷപ്പെടില്ലെന്നു കരുതിയ ഡോക്ടര്‍മാരെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ ജീവിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞു മരിച്ചു. ഹൈപ്പര്‍ തൈറോയിഡായിരുന്നു മരണകാരണം. ഇനിയാണ് യഥാര്‍ത്ഥ ദുരന്തം. പ്രസവത്തെത്തുടര്‍ന്നു മൂന്നാംദിവസം വീട്ടിലേയ്ക്കു മടങ്ങിയ 13 വയസ്സുകാരിയെ നിര്‍ഭയ അധികൃതര്‍ പിന്നെ കാണുന്നത് തലസ്ഥാനത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കിടയില്‍! മരിച്ചുജീവിക്കുന്ന ഒരു പെണ്‍കോലം! ഇന്ന് അവളെക്കുറിച്ച് അധികൃതര്‍ക്ക് ഒരറിവുമില്ല. അവളിന്നു ജീവിച്ചിരുപ്പുണ്ടോ എന്നുമറിയില്ല. ആരും അന്വേഷിച്ചിട്ടുമില്ല. ഇങ്ങനെ എരിഞ്ഞണഞ്ഞുപോയ 'അമ്മയും കുഞ്ഞും' ഏറെയുണ്ട്. അവരെ അങ്ങനെയാക്കിയവരാകട്ടെ, ഇന്നും സൈ്വര്യമായി എവിടെയെങ്കിലുമുണ്ടാവും. പക്ഷേ, ഉറപ്പായും ജയിലിനുള്ളിലായിരിക്കില്ല. കാരണം, വര്‍ഷങ്ങള്‍ നീണ്ട് ഇഴഞ്ഞുനീങ്ങുന്ന വിചാരണയില്‍ കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം വളരെ വലുതാണ്. സമ്മര്‍ദ്ദത്തിനടിപ്പെട്ട വീട്ടുകാരും ഭീഷണികൊണ്ടും നിര്‍ബന്ധംകൊണ്ടും മൊഴിമാറ്റിപ്പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കുട്ടികളും സമൂഹത്തിലെ 'നിലയും വിലയും' ഈ നരാധമന്മാരുടെ പിടിവള്ളിയാണ്. 

നിര്‍ത്താതെയുള്ള ഛര്‍ദ്ദിലിനെത്തുടര്‍ന്നാണ് തെക്കന്‍ കേരളത്തിലെ ഒരമ്മ മകളെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നത്. ന്യൂമോണിയ ആണെന്നാണ് ആദ്യം ധരിച്ചത്. മകള്‍ ഗര്‍ഭിണിയാണ് എന്നു ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്നു ഗൈനക്കോളജസ്റ്റിനെ കാണിക്കുകയും സി.ഡബ്ല്യു.സി മുഖേന അവള്‍ നിര്‍ഭയയിലെത്തുകയും ചെയ്തു. 2015 മാര്‍ച്ചിലാണ് സംഭവം. ഏഴു മാസം പ്രായമുള്ള ഗര്‍ഭം ആരുടേതെന്ന് അമ്മയ്ക്കും ഹൃദ്രോഗിയായ ഭര്‍ത്താവിനും എത്ര ആലോചിച്ചിട്ടും കിട്ടിയിട്ടില്ല. കഴിഞ്ഞ ഏഴ് മാസം അവള്‍ തന്നെ വിട്ട് ഒറ്റയ്ക്ക് എങ്ങും പോയിട്ടില്ല എന്നതു മാത്രമാണ് അവര്‍ക്കുറപ്പുണ്ടായിരുന്ന ഒരേയൊരു കാര്യം. എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ കാര്യം പറഞ്ഞില്ല. ഒടുവില്‍ ഹൃദ്രോഗിയായ അച്ഛനെ സഹായിക്കാന്‍ വീട്ടില്‍ കൂട്ടിനു വന്ന സ്വന്തം വല്യച്ഛന്‍ തന്നെയാണ് ഗര്‍ഭിണിയാക്കിയത് എന്നു പെണ്‍കുട്ടി നിര്‍ഭയയില്‍ വെച്ച് തുറന്നു പറഞ്ഞു. അപ്പോഴും അവള്‍ക്ക് ഭയമായിരുന്നു. കാരണം, വിവരം പുറത്തു പറഞ്ഞാല്‍ ദുഃഖം താങ്ങാന്‍ ആവാതെ അച്ഛന്‍ മരിച്ചുപോകുമെന്നായിരുന്നു വല്യച്ഛന്‍ അവളെ പറഞ്ഞു പേടിപ്പിച്ചിരുന്നത്. 

നഷ്ടമാകുന്ന നിതാന്തജാഗ്രത
പ്രസവം കഴിഞ്ഞു മൂന്നാം ദിവസം പ്രസവ ശുശ്രൂഷയ്ക്കുശേഷം അമ്മയുടെ പരിചരണമാണ് നല്ലതെന്ന ന്യായത്തില്‍ സി.ഡബ്ല്യു.സി അവളെ വീട്ടിലേയ്ക്ക് മടക്കി അയച്ചു. അവളുടെ അടുത്ത സങ്കേതം മാനസികാരോഗ്യകേന്ദ്രം തന്നെയായിരുന്നു. മറ്റൊരു ഇരയുമായി മാസങ്ങള്‍ക്കു ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ നിര്‍ഭയ അധികൃതര്‍ അവളേയും അവിടെ കണ്ടു. പിന്നീടെപ്പോഴോ അവിടെനിന്നും ഡിസ്ച്ചാര്‍ജ് ചെയ്തിട്ടുണ്ടാവും. സ്വന്തം വല്യച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട് അതേ നിര്‍ധന സാഹചര്യത്തിലേക്ക് മടക്കി അയക്കപ്പെടുകയും മാനസിക രോഗിയാവുകയും ചെയ്ത ആ പെണ്‍കുട്ടി ഏതു സാഹചര്യങ്ങളിലൂടെയാവും ഇന്നു കടന്നു പോകുന്നത് എന്നത് ഊഹിക്കാവുന്നതേയുള്ളു, അവള്‍ക്കിപ്പോഴും 18 തികഞ്ഞിട്ടില്ല.

കേസ് ഇപ്പോഴും സെഷന്‍സ് കോടതിയിലുണ്ട്. കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ പോയി കളിച്ചു ചിരിച്ചു നടക്കേണ്ടുന്ന പ്രായത്തില്‍ അവള്‍ പോകുന്നത് പൊലീസ് സ്റ്റേഷനിലേയ്ക്കും കോടതിയിലേയ്ക്കും പ്രസവമുറിയിലേയ്ക്കും. ഒടുവില്‍ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്കും. ഈ ഗതികേടിലേയ്ക്ക് അവളെ എത്തിച്ചത് സ്വന്തം വല്യച്ഛനും. കുറ്റവാളിയെ സംരക്ഷിക്കാന്‍ സ്വന്തം അമ്മ ശ്രമിച്ച കഥയും ഈ കേസിലുണ്ട്. സഹപാഠിയാണ് പീഡിപ്പിച്ചത് എന്നു മൊഴി നല്‍കാന്‍ കുട്ടിയെ അമ്മ നിര്‍ബന്ധിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. 16 വയസ്സില്‍ താഴെയുള്ള കുറ്റവാളികളാകുമ്പോള്‍ ശിക്ഷയുടെ കാഠിന്യം കുറയും എന്ന വിവരത്തിലായിരുന്നു ഇങ്ങനെയൊരു ശ്രമം. ഒരു ബസ് കണ്ടക്ടറേയും പ്രതിയാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍, വല്യച്ഛന്‍ തന്നെയാണ് പ്രതി എന്ന് ബോദ്ധ്യപ്പെട്ടതോടെ മകളെ കൂടെക്കൂട്ടി മൊഴി മാറ്റിപ്പറയിപ്പിച്ച് കേസ് ഇല്ലാതാക്കാനായി അടുത്ത ശ്രമം. ലൈംഗിക പീഡനത്തെത്തുടര്‍ന്നു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും പ്രസവിക്കുകയും ചെയ്യുന്ന കേസുകളില്‍ പ്രതിയായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏറ്റവും ശക്തമായ തെളിവുകളില്‍ ഒന്നാണ് ഡി.എന്‍.എ പരിശോധന. എന്നാല്‍ പൊലീസും ഡബ്ല്യു.സിയും പല കേസുകളിലും ഇക്കാര്യത്തില്‍ അലംഭാവം കാട്ടാറുണ്ട് എന്ന ആക്ഷേപവും ശക്തമാണ്. നിര്‍ഭയ ഹോമിലെ പ്രവര്‍ത്തകരുടെ നിരന്തര ജാഗ്രതമൂലം മാത്രമാണ് ഈ കേസില്‍ വൈകിയാണെങ്കിലും അതു സാദ്ധ്യമായത്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ലേഖിക കേസിന്റെ ഇപ്പോഴത്തെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഡി.എന്‍.എ ടെസ്റ്റില്‍ വല്യച്ഛന്‍ തന്നെയാണ് പ്രതി എന്നു തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ''അമ്മ പോലും കൂടെ നില്‍ക്കാത്തവിധം ഇരയായ കുട്ടി ഒറ്റപ്പെട്ടുപോയ ഈ ദരിദ്രകുടുംബം പഠിക്കപ്പെടേണ്ട മാതൃകയാണ്. ഒരു കാര്യം കൂടി പറയാതെ ഈ ബാല്യപര്‍വ്വവും അവസാനിക്കില്ല. വേറൊന്നുമല്ല, സംഭവം നടന്നു മൂന്നുവര്‍ഷം തികഞ്ഞിട്ടും ഈ ക്രൂരപീഡനത്തിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല!

 ഒരൊറ്റ ദിവസം തന്നെ മൂന്നു പ്രായപൂര്‍ത്തിയാവാത്ത ഗര്‍ഭിണികളാണ് നിര്‍ഭയയിലെത്തിയത്. അതിലൊരാള്‍ തിരുവനന്തപുരം സ്വദേശിയായ പതിനഞ്ചുകാരി സ്വന്തം സഹോദരനാലാണ് ഗര്‍ഭിണിയായത്. വാര്‍ത്തയില്‍ ഇടം നേടിയതും ഇടം നേടാത്തതുമായി ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങറുന്നത്. പോക്സോ ഉള്‍പ്പെടെയുള്ള ശക്തമായ നിയമം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍, നിര്‍ഭയ എന്നിങ്ങനെ കുട്ടികള്‍ക്ക് സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ നിരവധി സംവിധാനങ്ങള്‍ ഉള്ളപ്പോഴും ഇരകളുടേയും എണ്ണം നിര്‍ദാക്ഷിണ്യം വര്‍ധിക്കുകയാണ് . 

2011-ലെ സെന്‍സസ് പ്രകാരം 18 വയസ്സില്‍ താഴെയുള്ള 472 മില്യണ്‍ കുട്ടികളാണ് രാജ്യത്തുള്ളത്. അതില്‍ 225 മില്യണ്‍ പെണ്‍കുട്ടികളാണ്. കേരളത്തില്‍ 99,32,755 കുട്ടികളുള്ളതില്‍ 50,60,037 ആണ്‍കുട്ടികളും 48,72,718 പെണ്‍കുട്ടികളുമാണ് ഉള്ളത്. മൊത്തം ജനസംഖ്യയുടെ 29.73 ശതമാനം കുട്ടികളാണ്. സമൂഹത്തില്‍ പ്രതികരണശേഷിക്കുറവുള്ള ഏറ്റവും ദുര്‍ബ്ബല വിഭാഗമാണ് എന്നുള്ളതുകൊണ്ടുതന്നെ ഏറ്റവും കൂടുതലായും ക്രൂരമായും ആക്രമിക്കപ്പെടുന്നതും കുട്ടികള്‍ തന്നെയാണ്. പുറത്തറിയാനുള്ള സാധ്യതക്കുറവും സ്വാധീനിക്കപ്പെടാനുള്ള സാധ്യതക്കൂടുതലും കുട്ടികള്‍ക്ക് മേലുള്ള അതിക്രമങ്ങളെ കൂട്ടുന്ന ഘടകങ്ങളാണ്. കുടുംബത്തിലെ ദാരിദ്ര്യവും നിസ്സഹായതയും മറ്റു ഘടകങ്ങളാണ്. എന്നാല്‍, ഇപ്പറഞ്ഞ സാമൂഹ്യ സാമ്പത്തിക ഘടകങ്ങളൊക്കെയും എങ്ങനെയാണ് കുട്ടികളെ മുതിര്‍ന്നവരുടെ ലൈംഗിക കാമനകള്‍ തീര്‍ക്കാനുള്ള ഉപകരണമാക്കി ഉപയോഗിക്കപ്പെടുന്നതിനുള്ള കാരണങ്ങളാകുന്നത് എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടത്.

പുരുഷ രതിവൈകൃതത്തിന്റേയും ആണധികാരത്തിന്റേയും അതിസങ്കീര്‍ണ്ണമായൊരു സമസ്യയാണ് ഈ കുഞ്ഞുശരീരങ്ങളില്‍ നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത്. കുട്ടികളില്‍നിന്നുമാത്രം ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന രതിവൈകല്യമുള്ള ആളുകളേയും ഞാനൊരു ആണാണെന്ന പാട്രിയര്‍ക്കിയല്‍ സമവാക്യങ്ങളും ഇത്തരം ആക്രമണങ്ങളില്‍ കാണാം. മിക്കപ്പോഴും അവരുടെ ചെറുപ്പകാലത്ത് ഇത്തരം ആക്രമണങ്ങള്‍ക്കു വിധേയപ്പെടുകയും അവരുടെ വ്യക്തിത്വ രൂപീകരണം തന്നെ വേറൊരു ദിശയിലേയ്ക്കു വഴിതിരിച്ചുവിടപ്പെട്ടതിന്റെ ഫലവുമാകാം ഇതെന്നും മനഃശാസ്ത്രജ്ഞര്‍ കരുതുന്നു. എല്ലാവരും അങ്ങനെയാകണമെന്നില്ല. പലപ്പോഴും അങ്ങനെയുള്ളവര്‍ ആക്രമിക്കുമ്പോഴാണ് കുട്ടികളുടെ പ്രായംപോലും പരിഗണിക്കാത്ത അവസ്ഥ ഉണ്ടാവുക. ഇതല്ലാതെ പുതിയകാല ലൈംഗിക അരാജകത്വങ്ങളുടെ പിടിയിലമര്‍ന്നവര്‍ അവരുടെ ആഗ്രഹപൂര്‍ത്തിക്കായി ഏറ്റവും എളുപ്പം കിട്ടുന്ന ഇര എന്ന തരത്തിലും കുട്ടികളെ സമീപിക്കാറുണ്ട്. അതു പലപ്പോഴും പത്തു വയസ്സിനു മുകളിലുള്ള കുട്ടികളെ പ്രീണിപ്പിച്ചും സന്തോഷിപ്പിച്ചും ലൈംഗിക പൂര്‍ത്തീകരണത്തിനുള്ള ആയുധമായിട്ടായിരിക്കും അവര്‍ ഉപയോഗിക്കുക. ആരോഗ്യകരമായ രതിസങ്കല്‍പ്പത്തില്‍നിന്നു വിട്ടുമാറി പോണ്‍ സിനിമകളിലും മറ്റും രമിച്ചുപോകുന്ന പലരുടേയും അവസ്ഥയാണ് അത്. എവിടെയാണ് പ്രിവന്‍ഷന്‍ എന്നതാണ് ചോദ്യം. ''കുട്ടികളെ ശാക്തീകരിക്കുക, ചെറുപ്രായത്തില്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യതകളേയും കുഴപ്പങ്ങളേയും കുറിച്ച് ബോധവല്‍ക്കരിക്കുക, ഒഴിഞ്ഞുമാറാന്‍ പഠിപ്പിക്കുക എന്നിങ്ങനെ കുട്ടികളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ദിശാബോധമുള്ള ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ ഇനിയും അമാന്തിക്കരുത്. വിദേശ സാഹചര്യങ്ങളെ അപ്പാടെ അനുകരിച്ച് ബാഡ് ടച്ച് ഗുഡ് ടച്ച് എന്നൊക്കെ പറയുന്നതിനു പകരം കുട്ടികള്‍ക്കു സുരക്ഷിതമായ സ്പര്‍ശം അല്ലെങ്കില്‍ അപകടകരമായ സ്പര്‍ശം എന്നു പറഞ്ഞുകൊടുക്കുന്നതാവും നല്ലത്. ബാഡ് ടച്ച് ചിലപ്പോള്‍ സുഖകരമായേക്കാം. മറ്റേത് നിങ്ങള്‍ക്ക് അപകടമാണ് എന്നാണ് പറയേണ്ടത്. അപകടങ്ങളെക്കുറിച്ചാണ് ബോധവല്‍ക്കരിക്കേണ്ടത്'' എന്നാണ് പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. സി.ജെ. ജോണിന്റെ അഭിപ്രായം.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്റ്റ് (പോക്സോ) 2012-ലാണ് നിലവില്‍ വന്നത്. കുട്ടികളെ ലൈംഗികമായി ആക്രമിക്കുക, ലൈംഗികമായി പീഡിപ്പിക്കുക, അശ്ലീല ചിത്രങ്ങള്‍ക്കായി ഉപയോഗിക്കുക തുടങ്ങിയ കേസുകളില്‍ നിയമനടപടികളുടെ എല്ലാ ഘട്ടങ്ങളിലും കുട്ടിയുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് ബാലസൗഹൃദ നടപടികളിലൂടെയുള്ള പരാതിപ്പെടലും തെളിവ് ശേഖരിക്കലും കേസ് അന്വേഷണവും ഉള്‍പ്പെടെ നടപ്പിലാക്കി പ്രത്യേക കോടതികള്‍ സ്ഥാപിച്ച് കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിസ്താരവും നടപ്പിലാക്കുക എന്നതാണ് പോക്സോ 2012 നിയമം കൊണ്ട് ലക്ഷ്യമാക്കിയിരിക്കുന്നത്. രാജ്യത്തെ പോക്സോ നിയമം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം എന്‍.സി.പി.സി.ആര്‍ അഥവാ നാഷണല്‍ കമ്മിഷണ്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സിനാണ്. 
കുറ്റക്കാരായി കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് കുറഞ്ഞ ശിക്ഷ. സെക്ഷന്‍ അഞ്ച് പ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷമാണ്. കഠുവ കേസിന്റെ പശ്ചാത്തലത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ലഭ്യമാക്കുന്ന പുതിയ നിയമം കേന്ദ്രമന്ത്രിസഭ പാസ്സാക്കി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞ ശിക്ഷ പത്തില്‍നിന്ന് 20 വര്‍ഷമാക്കിയിട്ടുണ്ട്. എന്നാല്‍, കഠിനമായ ശിക്ഷ നിയമം അനുശാസിക്കുമ്പോഴും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശിക്ഷ കിട്ടും എന്നതുകൊണ്ട് ഒരാള്‍ തന്റെ ക്രിമിനല്‍ മാനസികാവസ്ഥയില്‍നിന്നും പിന്മാറുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. അഥവാ അങ്ങനെ ഒരാള്‍ പിന്മാറുമെങ്കില്‍ അയാളുടെ സാമൂഹ്യബോധവും പ്രധാനമായിരിക്കും. അങ്ങനെയെങ്കില്‍ ആരോഗ്യകരമായ ഒരു സാമൂഹ്യ സാഹചര്യത്തില്‍ ശിക്ഷ ഭയന്നു കുറ്റകൃത്യത്തില്‍നിന്നു പിന്മാറുന്നവര്‍ എത്ര ശതമാനമായിരിക്കും എന്ന് അന്വേഷിക്കേണ്ടതുണ്ട്. അപ്പോഴാണ് ശിക്ഷയുടെ കാഠിന്യവും കുറ്റകൃത്യത്തിന്റെ കുറവും നേരനുപാതത്തിലല്ലെന്നു നാം തിരിച്ചറിയുന്നത്. ഇവിടത്തെ കുറ്റകൃത്യമാകട്ടെ, ലൈംഗികവൈകൃതത്തിന്റേതായതുകൊണ്ടു ആ ക്രിമിനാലിറ്റി എളുപ്പത്തില്‍ ശിക്ഷാഭയത്തിനു വഴങ്ങുന്ന ഒന്നാവണമെന്നുമില്ല. ചുരുക്കത്തില്‍ കുട്ടികള്‍ക്കുമേലുള്ള ലൈംഗിക പീഡനം തടയാന്‍ ശിക്ഷ കടുപ്പിക്കുന്നതിനുമപ്പുറത്തേക്ക് നമ്മുടെ സംവിധാനങ്ങള്‍ പോകേണ്ടതുണ്ട്. 

പീഡോഫീലിയയെ ന്യായീകരിക്കാന്‍ സോഷ്യല്‍ മീഡിയയിലും മറ്റും ശ്രമിക്കുന്നവര്‍ ആസൂത്രിതമായ പ്രചാരണമാണ് നടത്തുന്നത് എന്ന് ഡോ. ജോണ്‍ പറയുന്നു. കുട്ടി ആസ്വദിച്ചാല്‍ അതില്‍ തെറ്റില്ല എന്ന പ്രചാരണമാണ് നടത്തുന്നത്. അനുവാദം ഉണ്ടെങ്കില്‍പ്പോലും ഒരു കുട്ടിയുടെ മാനസിക വളര്‍ച്ചയേയും ആരോഗ്യത്തേയും ഒക്കെ ബാധിക്കാവുന്ന കാര്യമാണ് അകാലത്തിലുള്ള ലൈംഗിക കടന്നുകയറ്റങ്ങള്‍. അവരില്‍ വലിയ തോതില്‍ വ്യക്തിത്വ വൈകല്യങ്ങള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ളതാണ് ഇത്തരം അനുഭവങ്ങള്‍. വളരെ അടുത്ത മനുഷ്യരില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക് ബന്ധങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. ഞാനൊരു ചീത്ത കാര്യത്തിനു വിധേയയായി എന്ന വിചാരം മനസ്സിനെ തെറ്റിച്ചേക്കാം. കൂട്ടുകാരുമായുള്ള ബന്ധങ്ങളേയും ബാധിച്ചേക്കാം. അതുകൊണ്ടുതന്നെയാണ് അനുവാദം ഒരു ഘടകമല്ല എന്ന പോക്സോ പോലുള്ള നിയമങ്ങള്‍ അനുശാസിക്കുന്നത്. ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും എന്തിനേയും ന്യായീകരിക്കുന്നവരില്‍ ഒരു പീഡോഫീലിയ ഒളിഞ്ഞിരുപ്പുണ്ട്. 

സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സെക്രട്ടറിയായ ബിജുപ്രഭാകര്‍ ഐ.എ.എസ് ഇതിനെ കാണുന്നതിങ്ങനെയാണ്: ''കേരളത്തില്‍ മൊത്തത്തില്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹമാണ്. സദാചാരം ആവശ്യമില്ലാതെ പ്രസംഗിക്കുകയും ഇരുട്ട് കിട്ടിക്കഴിഞ്ഞാല്‍ സ്ത്രീകളെ ആക്രമിക്കുകയും ചെയ്യുന്ന പകല്‍മാന്യന്മാരുടെ നാടാണ്. ഒരു ഹിപ്പോക്രാറ്റിക്ക് സൊസൈറ്റി എന്നു പറയാം. ഇവരെയൊക്കെ നിയമത്തിനു കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്.'' അതേസമയം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ശിക്ഷ കര്‍ശനമാക്കണം എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. നിയമം കര്‍ശനമാക്കുമ്പോഴും തെളിവിന്റെ അഭാവത്തിലും അന്വേഷണത്തില്‍ നേരിടുന്ന കാലതാമസം മൂലവും സമ്മര്‍ദ്ദം മൂലവും പലരും രക്ഷപ്പെടുന്നു എന്നതാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ ശിക്ഷ കിട്ടുന്നവരുടെ എണ്ണം കുറയുകയാണ്. ആ സാഹചര്യം അടിയന്തരമായി മാറാന്‍ നടപടികള്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്നാണ് ആരംഭിക്കേണ്ടത്. അതിന്റെ ഭാഗമായാണ് നിശാന്തിനിയെപ്പോലൊരു പൊലീസ് ഓഫീസര്‍ തലപ്പത്തെത്തുന്നതും. അന്വേഷണം വേഗത്തിലാക്കുക, തെളിവുകള്‍ കൃത്യമായി ശേഖരിക്കുക, ചാര്‍ജ്ജ് ഷീറ്റ് കൊടുക്കുക എന്നിവ പൊലീസിന്റെ ചുമതലയാണ്. വൈകുന്നേരങ്ങളിലാണ് ഇത്തരം പരാതികള്‍ കൂടുതലും എത്തുന്നത്. പലപ്പോഴും പൊലീസ് സ്റ്റേഷനുകളില്‍ വനിതാ പൊലീസുകാര്‍ അന്നേരം ഉണ്ടാവാറില്ല. പുരുഷ പൊലീസുകാരോട് ഇവര്‍ക്ക് എല്ലാ കാര്യങ്ങളും തുറന്നു പറയാനാവില്ല. യഥാര്‍ത്ഥത്തില്‍ അവിടം മുതല്‍ തന്നെ പ്രതിക്ക് രക്ഷപ്പെടാനുള്ള വാതില്‍ തുറക്കപ്പെടും.

കേരള പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2016-ല്‍ സംസ്ഥാനത്തെ 2122 പോക്സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2017-ല്‍ ഇത് 2697 ആയി ഉയര്‍ന്നു. 2018-ല്‍ ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം 459 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മാനഹാനി, ഭീഷണി, അറിവില്ലായ്മ, സ്വാധീനം, രാഷ്ട്രീയ ഇടപെടല്‍ തുടങ്ങി പല കാരണങ്ങളാല്‍ പരാതിപ്പെടാത്തവരുടെ എണ്ണം ഇതിലും അധികമാകാനാണ് സാദ്ധ്യത. കോടതി നടപടികളുടെ ഭാഗമായുണ്ടാകുന്ന കുരുക്കുകളും കാലതാമസവും ഇന്നേവരെ പ്രതികള്‍ക്കല്ലാതെ ഒരു കുട്ടിക്കു പോലും ഗുണകരമായ ചരിത്രമില്ല. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നുമാണ് വ്യവസ്ഥ. ജനുവരി 2018-ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പോക്സോ നിയമപ്രകാരമെടുത്ത 5,376 കേസുകളാണ് സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇതുകൂടാതെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ആയിരത്തോളം കേസുകള്‍ വേറെയും. കേസുകളുടെ എണ്ണവും സങ്കീര്‍ണ്ണതകളും ക്രമാതീതമായി കൂടുമ്പോഴും സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് പോക്സോ കേസുകള്‍ക്കായി പ്രത്യേക കോടതികളുള്ളത്. മറ്റു ജില്ലകളില്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളാണ് കേസ് പരിഗണിക്കുന്നത്. പ്രത്യേക കോടതികളെന്ന് നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ത്തന്നെ പരിമിതികളൊരുപാടുണ്ട്. നൂറുശതമാനവും പോക്സോ കേസുകള്‍ മാത്രം അതിവേഗതയില്‍ പരിഗണിക്കുന്ന പേരില്‍ മാത്രമില്ലാത്ത സ്‌പെഷല്‍ കോടതികള്‍ ജില്ലാടിസ്ഥാനത്തില്‍ വരികയെന്നതല്ലാതെ മറ്റു പരിഹാരങ്ങളില്ല. ശിശു പീഡനങ്ങള്‍ സിവില്‍ വ്യവഹാരങ്ങളല്ല എന്നു കരുതുന്ന സംവിധാനമാണ് ശിക്ഷ ഉറപ്പാക്കുന്നതിന് അടിയന്തരാവശ്യം.

കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്. 2013 മുതല്‍ 16 വരെയുള്ള വിധി പറഞ്ഞ 530 കേസുകളില്‍ 70 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഭൂരിഭാഗം ഇരകളും 11-നും 15-നും ഇടയില്‍ പ്രായമുള്ള കുട്ടികളായിട്ടുപോലും 85 ശതമാനം പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു. 2016-ലാകട്ടെ, രജിസ്റ്റര്‍ ചെയ്യപ്പെട്ട 249 കേസുകള്‍ വിചാരണവരെ എത്തിയെങ്കിലും 202 കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്. 2018-ലെ ആദ്യമാസങ്ങളില്‍ വിധി പറഞ്ഞ 18 പോക്സോ കേസുകളില്‍ 17 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 12 കേസുകളില്‍ ഭാഗികമായി ശിക്ഷിക്കപ്പെട്ടു. പലവിധ കാരണങ്ങള്‍കൊണ്ട് ബാക്കിയുള്ള കേസുകള്‍ പാതിവഴിക്ക് അവസാനിച്ച മട്ടാണ്. കേസ് നടത്തിപ്പിലെ അശ്രദ്ധ മുതല്‍ കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദം മൂലം ഇരകള്‍ മൊഴി മാറ്റിപ്പറയുന്ന സാഹചര്യം വരെ ഇതിനു കാരണമായിട്ടുണ്ട്. പലപ്പോഴും പറഞ്ഞു പഠിപ്പിച്ച മൊഴിയായിരിക്കും പിന്നീട് പൊലീസിനും അധികൃതര്‍ക്കും കിട്ടുക. ചെറുപ്രായത്തില്‍ ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചോ ഭീഷണികളെക്കുറിച്ചോ ഒക്കെ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിചാരണയ്ക്കിടെ കൃത്യമായി ഓര്‍ത്തെടുക്കാനും കുട്ടികള്‍ക്കും കഴിയണമന്നില്ല. വിചാരണ വൈകുന്നത് ഏറ്റവുമധികം പ്രയോജനപ്പെടുന്നത് പ്രതികള്‍ക്കാണ്. ഇരകള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് ദുര്‍ബ്ബലപ്പെടുത്താന്‍ പ്രതികള്‍ക്ക് ഇത് അവസരം ഒരുക്കുന്നു.

അച്ഛനും അമ്മയും രണ്ടാനച്ഛനും അമ്മൂമ്മയും അപ്പൂപ്പനും സഹോദരനും അമ്മാവനും കൊച്ചച്ഛനും ഉള്‍പ്പെടെയുള്ള ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെയാണ് മിക്ക കേസുകളിലും പ്രതികള്‍. വീട്ടിലെ ചില അനിയന്ത്രിത സാഹചര്യങ്ങളും ദാരിദ്ര്യവും വിധേയത്വങ്ങളുമാണ് പലപ്പോഴും ഇതിനു കാരണമായി പ്രവര്‍ത്തിക്കുന്നത്. കുടുംബ സംവിധാനങ്ങളിലുള്ള ഏതു വിള്ളലുകളും കുട്ടികളുടെ ഇരപിടിയന്മാരാകുന്ന നിര്‍ദ്ദയ കാലമാണിത്. നിഷ്‌ക്കളങ്കരായ സ്വന്തം കുട്ടികളെ തള്ളിപ്പറഞ്ഞും തല്ലിപ്പറയിപ്പിച്ചും കുറ്റവാളികളെ സംരക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മമാരുടെ എണ്ണവും കൂടുതലാണ്. കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി കേസ് ദുര്‍ബ്ബലപ്പെടുത്താന്‍ ആവുന്നതൊക്കെ അവര്‍ ചെയ്യും. ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ പ്രതികളാകുമ്പോള്‍ കുടുംബത്തിന്റെ മാനം കാക്കാനുള്ള ഉത്തരവാദിത്വം കുട്ടിക്കുണ്ടോ എന്ന് ഓര്‍മ്മപ്പെടുത്തി മാനസികമായി ചൂഷണം ചെയ്യുകയാണ് പതിവ്. ''എനിക്കവരെ കാണണ്ട, അവര്‍ എന്റെ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ കൂട്ടുനിന്നവരാണ്'' എന്നു സ്വന്തം അമ്മയെക്കുറിച്ചു പറഞ്ഞ 15 വയസ്സുകാരി നിര്‍ഭയ ഹോമിലുണ്ട്. അച്ഛനായിരുന്നു കേസിലെ പ്രതി.

സ്വന്തം അച്ഛനോ ഭര്‍ത്താവോ ആങ്ങളയോ അതുമല്ലെങ്കില്‍ സ്വന്തം മകന്‍ തന്നെയോ തന്റെ മകളെ പീഡിപ്പിച്ച് പ്രതിയാകുമ്പോള്‍ ദാരിദ്ര്യവും അശരണത്വവും ഭീഷണിയും ചേര്‍ന്നു മകള്‍ക്കെതിരായി മാറ്റിയെടുക്കപ്പെടുന്ന അമ്മമാരുടെ മനസ്സും നാം എളുപ്പത്തില്‍ വായിക്കേണ്ട ഒന്നല്ല. മകള്‍ക്കൊപ്പം എന്തു വിലകൊടുത്തും നില്‍ക്കുമെന്ന നിലപാടെടുക്കുന്ന ഒരമ്മയ്ക്ക് അതിനു സഹായമായി നിലവിലെ നിയമസംവിധാനങ്ങളും അധികാരസ്ഥാപനങ്ങളും സമൂഹവും തനിക്കൊപ്പമുണ്ടാവുമെന്നു ഉറപ്പില്ലാത്തിടത്താണോ അവര്‍ കളം മാറി ചവിട്ടുന്നതു എന്ന് അന്വേഷിക്കണം. അങ്ങനെയെങ്കില്‍ അവരും ഇരതന്നെയല്ലേ? വഴിവിട്ട ബന്ധങ്ങള്‍ക്കായി പെറ്റമ്മ ഒത്താശ ചെയ്യുന്ന കേസുകളും നിരവധിയുണ്ട്. രണ്ടിലും നരകജീവിതം പെണ്‍കുട്ടിക്കു സ്വന്തം! 

എന്തെല്ലാം പറഞ്ഞാലും ഇപ്പോഴത്തെ സിസ്റ്റത്തില്‍ പൊതുസമൂഹത്തിനു വിശ്വാസം ഉണ്ടായിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ കേസുകളില്‍ ഒരു വര്‍ഷം 20 ശതമാനത്തില്‍ താഴെയാണ് തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളത്. എണ്ണം കൂടുംതോറും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. പത്ത് വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ട കുട്ടി കുറഞ്ഞത് രണ്ടോ മൂന്നോ കൊല്ലം ഇതിന്റെ ഓര്‍മ്മകള്‍ പേറി കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങി നടക്കേണ്ടിവരും എന്നറിയാവുന്നതുകൊണ്ട് പലരും തുറന്നു പറയാറില്ല. അന്വേഷിച്ചു ചെല്ലുന്ന സംവിധാനങ്ങളെക്കുറിച്ചാണെങ്കിലോ അതിലും ഒട്ടും വിശ്വാസമില്ല. പറഞ്ഞുകഴിഞ്ഞാല്‍ ഉണ്ടാകാവുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള ഭീതി വേറെ. ഇതൊക്കത്തന്നെയാണ് പലരേയും പലതും പുറത്തു പറയാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം പുറത്തു പറയാതിരിക്കുമ്പോള്‍ കുട്ടിക്ക് വേണ്ടുന്ന മാനസിക പിന്തുണ കിട്ടാതെയും വരും. അതാകട്ടെ, മറ്റു പ്രശ്‌നങ്ങളിലേയ്ക്കു വളരും.

ഡോ. ജോണ്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നു: ''ഞങ്ങളുടെ അടുത്തൊക്കെ വന്നു കഴിഞ്ഞാല്‍ പോക്സോ നിയമം അനുശാസിക്കുന്ന തരത്തില്‍ അത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തേ മതിയാകൂ. ഒരു വര്‍ഷം മുന്‍പ് ഇവിടെ ഒരു ആണ്‍കുട്ടിയുമായി മാതാപിതാക്കള്‍ എത്തി. ആ കുട്ടി ചെറിയ തോതിലുള്ള പ്രശ്‌നം നേരിട്ടിരുന്നു. കുട്ടിക്ക് മാനസികമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അറിയാനും മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാനുമാണ് അവര്‍ എത്തിയത്. കുട്ടിയുമായി സംസാരിച്ചു. എങ്ങനെ അതിജീവിക്കണമെന്നും പറഞ്ഞുകൊടുത്തു. അതിനുശേഷം മാതാപിതാക്കളുമായി സംസാരിക്കവേ അത്ര ഭീകരമല്ല സംഭവമെങ്കില്‍ക്കൂടി ഇതു തനിക്ക് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുമെന്നു സൂചിപ്പിച്ചു. തരക്കേടില്ലാത്ത സാമ്പത്തികാവസ്ഥയും വിദ്യാഭ്യാസവുമൊക്കെയുള്ള മാതാപിതാക്കളായിരുന്നു. തങ്ങള്‍ക്ക് അത്തരം നിയമവശങ്ങളെക്കുറിച്ച് ബോദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ് എന്നും അവര്‍ വ്യക്തമാക്കി. പക്ഷേ, കുട്ടിയുടെ പേരും നടന്ന സംഭവവും ഒഴികെ ബാക്കിയെല്ലാ വിവരങ്ങളും അവര്‍ തെറ്റായാണ് നല്‍കിയത്. ഇതു പൊലീസിനു റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഞങ്ങളുടെ കുഞ്ഞിനു യാതൊരു തരത്തിലുമുള്ള മാനസികാഘാതമുണ്ടാകാതെ വിഷയം കൈകാര്യം ചെയ്യപ്പെടാം എന്നൊരു ഉറപ്പ് ഡോക്ടര്‍ക്ക് നല്‍കാന്‍ കഴിയുമോ എന്നൊരു മറുചോദ്യമാണ് അവര്‍ മുന്നോട്ടുവെച്ചത്.'' മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പൊലീസിനെ അറിയിക്കേണ്ടിവരും എന്നുള്ളതുകൊണ്ട് ലൈംഗികാതിക്രമം നേരിട്ട സംഭവങ്ങളില്‍ മാതാപിതാക്കള്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും ആവശ്യപ്പെട്ട് നേരിട്ട് ഡോക്ടറുടെ അടുത്തേയ്ക്ക് വരുന്ന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 

2013 മുതല്‍ 16 വരെ കേരളത്തിലെ കോടതികളില്‍ വിധി പറഞ്ഞ 18 കേസുകളില്‍ 06 പ്രായത്തിലുള്ള കുട്ടികള്‍ സാക്ഷികളായിരുന്നു. 42 ശതമാനം കേസുകളില്‍ കുട്ടികള്‍ തന്നെയാണ് പരാതിക്കാര്‍. സമൂഹമെന്ന നിലയ്ക്ക് കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ അധ്യാപകരോ മാതാപിതാക്കളോ ബന്ധുക്കളോ അല്ല പരാതിക്കാര്‍ എന്നതും ശ്രദ്ധേയമാണ്. ഇവിടെ സാക്ഷി പറയാനും കേസിന്റെ പുറകേ നടക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും വയ്യ എന്ന് പലരും കരുതുന്നു. രാജ്യത്ത പോക്സോ നിയമപ്രകാരമുള്ള കേസുകള്‍ കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം നാലാം സ്ഥാനത്താണ്. അതിക്രമം നടക്കുമ്പോള്‍ പരാതിപ്പെടാനുള്ള സാമൂഹിക അവബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് സമാധാനിക്കാമെങ്കിലും വര്‍ഷങ്ങള്‍ എടുത്ത് ഇഴഞ്ഞുനിങ്ങുന്ന വിചാരണ ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. പലപ്പോഴും കേസുകളുടെ വിചാരണ നീണ്ടുപോകുന്നതും അതിലൂടെ പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും. 

വിചാരണ വൈകുന്നതും കുറഞ്ഞ ശിക്ഷാവിധികളും മാത്രമല്ല യഥാര്‍ത്ഥ പ്രശ്‌നം. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു മുതല്‍ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകള്‍ കുട്ടികളെ വീണ്ടും വീണ്ടും ഇരകളാക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് കൃത്യമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമം അനുശാസിക്കുമ്പോള്‍ അതു നടപ്പിലാക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുന്നതായി കണക്കുകള്‍ നിരത്തി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലവും പലപ്പോഴും മനപ്പൂര്‍വ്വമായും ദുര്‍ബ്ബലമായ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചാര്‍ത്തപ്പെടുന്നത്. 
''അറിവില്ലായ്മയാണെന്നു നടിച്ചും മറ്റുള്ളവരെ കബളിപ്പിച്ചും ചെറിയ ചാര്‍ജ്ജുകള്‍ എഴുതിച്ചേര്‍ത്തു കേസെടുക്കുന്ന പൊലീസുകാരന്‍ മുതല്‍ പിന്നീടങ്ങോട്ടെല്ലാവരും കുട്ടിക്കുവേണ്ടി എന്നതിനെക്കാള്‍ പ്രതികളെ സംരക്ഷിക്കാനാണ് വ്യഗ്രത കാണിക്കുന്നത് എന്നു കരുതേണ്ടി വരുന്ന അവസ്ഥ നിലനില്‍ക്കുന്നു'' - പി.ഇ. ഉഷ പറയുന്നു.

പൊലീസിന്റെ കൃത്യവിലോപംകൊണ്ടും കാര്യങ്ങള്‍ ലഘുവായി കണ്ടതുകൊണ്ടും മാത്രം ഒരൊറ്റ ഹീനജന്മത്താല്‍ ജീവിതം വറ്റിപ്പോയ നാല് പെണ്‍കുട്ടികള്‍ തിരുവനന്തപുരത്തുണ്ട്. 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടിക്കാനും നടപടികളെടുക്കാനും വൈകിയപ്പോള്‍ മൂന്നു പെണ്‍കുട്ടികളെക്കൂടി പീഡിപ്പിക്കാന്‍ അവസരം ഒരുങ്ങി. ദളിത് സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ രണ്ടു വര്‍ഷത്തോളം സുരക്ഷിതനായി ജീവിക്കാന്‍ അവസരമൊരുക്കിക്കൊടുക്കയാണ് പൊലീസ് ചെയ്തത്. പൊലീസ് ഒട്ടും ഗൗരവത്തിലായിരുന്നില്ല കേസ് കൈകാര്യം ചെയ്തത്. അയാള്‍ ഒളിവിലാണ് എന്നു പൊലീസ് റിപ്പോര്‍ട്ട് ചെയ്ത കാലത്തുതന്നെ മറ്റൊരു പെണ്‍കുട്ടിയെ അയാള്‍ സമാനമായ രീതിയില്‍ പീഡിപ്പിച്ചു. മറ്റു രണ്ടു പെണ്‍കുട്ടികള്‍ കൂടി ഇത്തരത്തില്‍ ഇരകളാക്കപ്പെട്ടു. ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇയാള്‍ ചാലയില്‍ തൊഴിലെടുക്കുകയായിരുന്നു എന്നതാണ് ഇതിലെ ക്ലൈമാക്‌സ്. എത്ര നിസ്സാരമായിട്ടാണ് നിയമസംവിധാനം ഒരു വലിയ നിയമത്തെ കാണുന്നത് എന്നാലോചിക്കുക.

നിര്‍ഭയ ഹോമുകള്‍
ശ്രദ്ധയും പരിപാലനവും വേണ്ട അതിക്രമങ്ങള്‍ നേരിട്ട കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ എത്തിക്കുന്നത് നിര്‍ഭയ ഹോമുകളിലാണ്. സംസ്ഥാനത്ത 11 ജില്ലകളില്‍ മഹിളാ സമഖ്യയുടേയും വിവിധ എന്‍.ജി.ഒകളുടേയും കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍ എട്ടെണ്ണം മഹിളാ സമഖ്യയുടെ കീഴിലാണ്. ബാക്കി മൂന്നെണ്ണം എന്‍.ജി.ഒകളുടെ കീഴിലും. ഈ ഹോമുകളില്‍ ഇപ്പോഴുള്ള 456 കുട്ടികളില്‍ അഞ്ച് പേര്‍ ഗര്‍ഭിണികളാണ്. മൂന്നു നേരം ആഹാരവും കിടക്കാന്‍ സ്ഥലവും എന്നതില്‍ കവിഞ്ഞ് അവകാശപ്പെടാന്‍ പ്രത്യേകിച്ച് സൗകര്യങ്ങളും സ്വാതന്ത്ര്യമൊന്നും പലയിടത്തുമില്ല. 25 പേര്‍ക്ക് താമസിക്കാവുന്ന തിരുവനന്തപുരത്തെ നിര്‍ഭയ ഹോമില്‍ 40-ലേറെ പേരാണുള്ളത്. ഓരോ കുട്ടിയും ഇരയാക്കപ്പെടുന്ന സാഹചര്യങ്ങള്‍ പലതാണ്. അതിനനുസരിച്ച് അവരുടെ മാനസികാവസ്ഥയിലും കാര്യമായ മാറ്റങ്ങളുണ്ടാകും. അതിനനുസൃതമായ സവിശേഷ ശ്രദ്ധയും പരിചരണവും പ്രത്യേകം പ്രത്യേകം ആവശ്യപ്പെടുന്ന ഘട്ടമാണിത്.

എന്നാല്‍, അതിനുള്ള യാതൊരു സൗകര്യങ്ങളും ഇവിടില്ല. ഒരു തെറ്റും ചെയ്യാതെ പെട്ടെന്നൊരു ദിവസം നാടും വീടും ബന്ധങ്ങളും എല്ലാം അറുത്തുമുറിക്കപ്പെട്ട സ്വന്തം ശരീരത്തെപ്പോലും വെറുത്തുപോകാവുന്ന അവസ്ഥയാകാം. കരുത്താര്‍ജ്ജിക്കും മുന്‍പേ മനസ്സും ശരീരവും ഛിന്നഭിന്നമാക്കപ്പെട്ട ബാല്യങ്ങള്‍. നെഞ്ചുപിളര്‍ക്കുന്ന കാഴ്ചയാണ് പലതും. ക്രിമിനല്‍ ലൈംഗികത കൊത്തിനുറുക്കിയ മനസ്സിനെ എങ്ങനെയാണ് ഇവര്‍ക്ക് അടുക്കിവെയ്ക്കാനാവുക എന്ന് ഇവര്‍ക്കുവേണ്ടി മെഴുകുതിരി തെളിക്കുന്നവര്‍ മുതല്‍ രാത്രി ചര്‍ച്ച നടത്തുന്നവര്‍ വരെ ആരെങ്കിലും ആലോചിക്കാറുണ്ടോ? ഇനിയുള്ള കാലത്തെ ആണ്‍പെണ്‍ ബന്ധങ്ങളെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും ദാമ്പത്യബന്ധങ്ങളെക്കുറിച്ചും അവരുടെ ചിന്തയും ധാരണകളുമെന്തായിരിക്കുമെന്നു അറിയുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഇന്നത്തെ സമൂഹം ഏറ്റെടുക്കുന്നുണ്ടോ? നാം സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇനിയുമുണ്ടനവധി. കരുതലും പരിചരണവും നല്‍കിയാല്‍ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങി വരാന്‍ സാദ്ധ്യതയുള്ളവര്‍, ആത്മഹത്യാ പ്രവണത വരെ പ്രകടിപ്പിക്കാവുന്ന കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നവര്‍ അനവധിയുണ്ട്, ഭിന്നശേഷിയുള്ളവര്‍, എയ്ഡ്സ് പോലുള്ള അപകടകരമായ ലൈംഗിക രോഗങ്ങളുള്ളവര്‍ ഇവര്‍ക്കിടയിലുണ്ട്, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുള്ളവരുടെ എണ്ണവും ചെറുതല്ല, അവര്‍ക്കിടയിലേയ്ക്കാണ് ഗര്‍ഭിണികളും പുതുതായി ഗര്‍ഭം പേറിയവരും വന്നുകയറുന്നത്. വളരെക്കാലം ലൈംഗിക അരാജകത്വങ്ങള്‍ക്ക് വിധേയമായതിനെത്തുടര്‍ന്നു കൂടെക്കഴിയുന്ന മറ്റു ഇരകളെപ്പോലും ലൈംഗികമായി കടന്നാക്രമിക്കുന്ന മാനസികനിലയുള്ളവരുടേയും അതിനു വിധേയരാവുന്നവരുടേയും സാന്നിധ്യമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. ഇങ്ങനെ അതിസങ്കീര്‍ണ്ണമാണ് ഇവരുടെ അവസ്ഥ. പേ പിടിച്ചവന്മാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് വിധേയമായ ഘട്ടത്തില്‍നിന്നു വ്യത്യസ്തമായ എന്തു സാഹചര്യമാണ് അവരുടെ ഈ ഘട്ടത്തില്‍ നാം അവര്‍ക്കു നല്‍കുന്നത്? ഇവരെയെല്ലാം ഒന്നിച്ച് ഒരു ഡോര്‍മിറ്ററിക്കുള്ളില്‍ അടക്കുമ്പോഴുള്ള അപകടസാദ്ധ്യതകള്‍ അതിലും വലുതാണെന്ന് ആരെങ്കിലുമറിയുന്നുണ്ടോ? പക്ഷിയുടെ പാട്ടിനും ശലഭത്തിനും പൂവിനും പൂത്തുമ്പിക്കും പിന്നാലെ പായേണ്ട ബാല്യങ്ങളാണിവരെന്നുകൂടി ഓര്‍ക്കണം. ഒരുപക്ഷേ, വളരെ പെട്ടെന്ന് ഒരു സാധാരണ ജീവിതം സാദ്ധ്യമാകുന്ന കുട്ടികള്‍പോലും നിലവിലെ പരിതാപകരവും സംഘര്‍ഷഭരിതവുമായ സാഹചര്യത്തില്‍ വീണ്ടും കടുത്ത പ്രശ്‌നങ്ങളിലേക്ക് തള്ളിവിടപ്പെട്ടേക്കാം.

ഏതെങ്കിലും സി.ഡബ്ല്യു.സിയോ പൊലീസോ പറയുമ്പോള്‍ നേരെ നിര്‍ഭയ ഹോമിലേക്ക് എടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഇപ്പോള്‍ ബിജു പ്രഭാകരന്റേയും നിശാന്തിനി ഐ.പി.എസിന്റേയും നേതൃത്വത്തില്‍ അതിലൊരു മാറ്റം വരുത്താന്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. ആദ്യം ഇരകളെ ഒരു എന്‍ട്രി ഹോമില്‍ എത്തിക്കുന്നു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയെക്കുറിച്ചു കൃത്യമായി വിലയിരുത്തിയശേഷം നോര്‍മല്‍ ഹോമിലേക്കോ തേജോമയ ഹോമിലേക്കോ എത്തിച്ചുകൊണ്ട് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

വിചാരണ കാലയളവിലെ മാനസിക സംഘര്‍ഷം, ശാരീരിക ബുദ്ധിമുട്ടുകള്‍, ഉറ്റവരില്‍നിന്നുള്ള ഒറ്റപ്പെടല്‍ എന്നിവയൊക്കെ പഠനത്തില്‍ പോയിട്ട് സ്വന്തം കാര്യങ്ങളില്‍പ്പോലും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥ ഇവര്‍ക്ക് നല്‍കണമെന്നില്ല. പഠനകാര്യങ്ങളിലും ഇവര്‍ക്ക് വേലിക്കെട്ടുകളുണ്ട് സ്വസ്ഥമായി പഠിക്കാനുള്ള സൗകര്യങ്ങളില്ല. സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ക്കൊപ്പം അവരുടെ സുരക്ഷയെ കരുതി ഒരു ജീവനക്കാരിയെ കൂടെ അയക്കേണ്ടതായി ഉണ്ട്. മഹിള സമഖ്യയില്‍ അന്തേവാസികള്‍ക്കായി വാഹനസൗകര്യമില്ലാത്തതിനാല്‍ ഓരോ തവണയും പല വിദ്യാലയങ്ങളിലേക്കും കോളേജുകളിലേയ്ക്കും കോടതിയിലേയ്ക്കും പോലും ഓട്ടോയിലാണ് ഇവരെ എത്തിക്കുന്നത്.

ബിജു പ്രഭാകര്‍ പറയുന്നു: ''ഒരു പ്രൊഫഷണല്‍ അപ്രോച്ച് ഇപ്പോഴും ആയിട്ടില്ല. നിര്‍ഭയ പോലുള്ള ഹോമുകളിലും ചില്‍ഡ്രന്‍സ് ഹോമുകളിലും പലരും പല സാഹചര്യങ്ങളില്‍നിന്നു വരുന്നവരാണ്. കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്. ഒരു പട്ടിക്കുട്ടിയെ വളര്‍ത്തുന്നപോലെയല്ല കാര്യങ്ങള്‍. മൂന്നുനേരം ഭക്ഷണം മാത്രം പോര. കളിയിടങ്ങളും കായിക പരിശീലനവും വീടുപോലെ സ്വാതന്ത്ര്യവും വേണം.

അതേസമയം 18 വയസ്സായാല്‍ ഹോമില്‍നിന്നു പറഞ്ഞുവിടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വലിയൊരു വിഭാഗം കുട്ടികള്‍ പ്രണയത്തിലകപ്പെട്ട് സ്വന്തം ജീവിതവും കരിയറും വിദ്യാഭ്യാസവും ഒക്കെ മറന്ന് ഒളിച്ചോടി അബദ്ധത്തില്‍പ്പെടാറുണ്ട്. പലപ്പോഴും പ്രണയത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് എങ്ങനെയെങ്കിലും 18 വയസ്സായി കിട്ടിയാല്‍ നിര്‍ഭയ ഹോമില്‍നിന്നു ചാടിപ്പോയാല്‍ മതിയെന്ന തീരുമാനത്തിലായിരിക്കും മുന്നോട്ടു പോകുക. അതിലെ ചതിക്കുഴികള്‍പോലും മനസ്സിലാക്കാന്‍ അവര്‍ക്കായെന്നിരിക്കില്ല. കേസ് കഴിയുന്നതുവരെ പ്രതികള്‍ സ്‌നേഹം ഭാവിച്ച് കൂടെ നില്‍ക്കും. പിന്നെ ഉപേക്ഷിച്ച എത്രയെങ്കിലും സംഭവങ്ങളുണ്ട്. അപ്പോഴാകട്ടെ, പെണ്‍കുട്ടിക്ക് വീട്ടുകാര്‍പോലും ഉണ്ടാകില്ല. വീണ്ടും ദുരിതപര്‍വ്വം. ഇത്തരത്തില്‍ പലരും 18 കഴിഞ്ഞു തിരികെ പോയി സുരക്ഷയില്ലാതാകുമ്പോള്‍ നിവൃത്തിയില്ലാതെ മടങ്ങിവരാറുമുണ്ട്. അവരെ മറ്റു ചില പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് സംരക്ഷിച്ചു വരുന്നത്.''

ആക്ഷേപങ്ങള്‍
സമിതിക്കു നേരെയും

2000-ലെ ബാലനീതി നിയമത്തിലാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ സി.ഡബ്ല്യു.സി പോലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്നത്. പിന്നീട് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് 2008-ലാണ് കേരളത്തില്‍ സി.ഡബ്ല്യു.സി നിലവില്‍ വരുന്നത്. സാമൂഹിക പ്രവര്‍ത്തകരായ അഞ്ച് മെമ്പര്‍മാരും ഒരു ചെയര്‍പേഴ്സണും ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ക്ക് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് പ്രവര്‍ത്തിക്കാനാവുക അനാഥര്‍, ജീവനു ഭീഷണിയുള്ളവര്‍, അസുഖ ബാധിതരും ചികിത്സ കിട്ടാന്‍ വഴിയില്ലാത്തവരുമായ കുട്ടികളുടെ സംരക്ഷണം, ലൈംഗികചൂഷണം, ബാലവേല മുതലായവയ്ക്കു വിധേയരാകുന്ന കുട്ടികളുടെ സംരക്ഷണം എന്നിവയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ചുമതലകള്‍. 

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ ആര്‍ക്കുവേണമെങ്കിലും കമ്മിറ്റിയുടെ മുന്‍പാകെയോ അംഗത്തിന്റെ മുന്‍പാകെയോ ഹാജരാക്കാവുന്നതാണ്. എന്നാല്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ക്കെതിരെ വിവിധ ജില്ലകളില്‍നിന്നായി ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം കൂടുന്നതുപോലെ കുറ്റവിമുക്തരുടെ എണ്ണവും കൂടുന്നതില്‍ പൊലീസിനെപ്പോലെതന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ പരാജയവും കാരണമായി കണക്കാക്കപ്പെടുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കുട്ടികളുടെ 18 വയസ്സ് വരെയുള്ള ഉന്നമനം കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്, കുട്ടികളുടെ ഉത്തമ താല്‍പ്പര്യമാണ് കമ്മിറ്റികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെങ്കിലും പല കമ്മിറ്റികളും അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിയമം കുടുംബത്തിനാണ്, അടിസ്ഥാനപരമായി കുട്ടികളുടെ ക്ഷേമത്തില്‍ ഊന്നി ഏറ്റവും പ്രാധാന്യം നല്‍കുന്നത്. പക്ഷേ, ചില കുട്ടികള്‍ക്ക് അതു സാധിക്കാതെ വരുമ്പോള്‍ സര്‍ക്കാര്‍ കമ്മിറ്റികളിലൂടെ അവരെ ഏറ്റെടുക്കുന്നു.

ചില സുപ്രധാന കേസുകളില്‍ ഇത് പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാറുണ്ട്. കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് വയനാട് കമ്മിറ്റി പിരിച്ചുവിടപ്പെട്ടതും ആക്ഷേപങ്ങളെത്തുടര്‍ന്ന് ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചുവിട്ടതും ഇവയില്‍ ചിലതുമാത്രം. ഈ ജില്ലകളുടെ ചാര്‍ജ്ജ് സമീപ ജില്ലകളിലെ കമ്മിറ്റികള്‍ക്ക് ഇപ്പോള്‍ കൊടുത്തിരിക്കയാണ്. ആക്ടിങ്ങ് കമ്മിറ്റികളായതുകൊണ്ടുതന്നെ അവക്ക് നേരാംവണ്ണം ഇടപെടലുകള്‍ സാദ്ധ്യമാകുന്നില്ല എന്ന പരാതിയുമുണ്ട്. വേണ്ടത്ര അംഗങ്ങള്‍ ഇല്ലാത്തതും പല ജില്ലകളിലും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കമ്മിറ്റികള്‍ കുറഞ്ഞത് മാസത്തില്‍ 20 ദിവസമെങ്കിലും ചേരണം നിയമം അനുശാസിക്കുന്നുണ്ട്. അതു പലയിടത്തും നടക്കാറില്ല. കുട്ടികളെക്കാള്‍ കുട്ടിയെ അതിനകത്തേയ്ക്കു തള്ളിവിട്ടവരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നു എന്ന ആക്ഷേപവും സി.ഡബ്ല്യു.സികളെക്കുറിച്ച് ഉയരുന്നുണ്ട്. ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരങ്ങളാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയിട്ടുള്ളതെങ്കിലും കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും മുഖം നോക്കാതെയുള്ള ഇടപെടലും കൊണ്ട് ബാലപീഡനങ്ങള്‍ ഒരുപാട് കുറയ്ക്കാനാവുമെന്നു കരുതുന്നവരുമുണ്ട്. ഏതായിരുന്നാലും ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് കര്‍ശനനിയമങ്ങളും അവ നടപ്പാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും വലിയ സംവിധാനങ്ങളുമുള്ള ഒരു സംസ്ഥാനത്ത് ദിനംപ്രതിയെന്നോണം ചൂഷണങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കും കുട്ടികള്‍ വിധേയരായിക്കൊണ്ടിരിക്കുന്നതിലെ  വിരോധാഭാസം ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്.

2008 മുതലാണ് കേരളത്തിലെ 14 ജില്ലകളിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സാമൂഹ്യനീതി വകുപ്പാണ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതെങ്കിലും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏകപക്ഷീയമായി ഇടപെടാനോ സ്വന്തമായി തീരുമാനം എടുക്കാനോ സര്‍ക്കാരിനു സാധ്യമല്ല. ജില്ലാക്കോടതിക്കാണ് സി.ഡബ്ല്യു.സിയെ റിവ്യു ചെയ്യാനുള്ള അധികാരം. കമ്മിറ്റിക്കെതിരെ പരാതിയുണ്ടെങ്കിലും കോടതിയെ ആണ് സമീപിക്കേണ്ടത്. ഇത്തരമൊരു അധികാര സംരക്ഷണം തന്നെയാണ് ഇവര്‍ ദുരുപയോഗം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. ഒരു കമ്മിറ്റിയുടെ കാലാവധി പരമാവധി മൂന്നു വര്‍ഷമാണെന്നിരിക്കേ ഇപ്പോഴത്തെ കമ്മിറ്റികള്‍ ആറ് വര്‍ഷമായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. ശമ്പളയിനത്തിലോ അലവന്‍സായോ വലിയ തുകകളൊന്നും ലഭിക്കുന്നില്ലെന്നതിനാല്‍ത്തന്നെ പലപ്പോഴും കമ്മറ്റിയോഗം കൂടാന്‍പോലും പലര്‍ക്കും താല്‍പ്പര്യം ഇല്ല.

അതേസമയം പുതിയ കമ്മിറ്റിക്ക് നോട്ടിഫൈ ചെയ്‌തെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുന്നവരുമുണ്ട്  എന്നതാണ് കൗതുകകരം. യഥാര്‍ത്ഥത്തില്‍ ആ സ്റ്റേ നീക്കം ചെയ്യാനുള്ള നടപടിയാണ് സംസ്ഥാന ഗവണ്‍മെന്റ് അടിയന്തരമായി കൈക്കൊള്ളേണ്ടത്. അധികാര ദുര്‍വിനിയോഗം, രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങല്‍, സാമ്പത്തിക ലാഭം കൈപ്പറ്റി പ്രതികള്‍ക്കൊപ്പം ചേരല്‍ തുടങ്ങി ഏതെല്ലാം അവസ്ഥകളിലേയ്ക്ക് കമ്മിറ്റികള്‍ എത്തരുത് എന്ന നിയമനിര്‍മ്മാണവേളയില്‍ ആഗ്രഹിച്ചിരുന്നുവോ അവിടേയ്‌ക്കെല്ലാം തന്നെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. അവിടെയാണ് സി.ഡബ്ല്യു.സി സംശയത്തിന്റെ നിഴലിലാവുന്നതും. നിയമത്തിന്റെ ഉദ്ദേശ്യത്തിനു വിരുദ്ധമായി കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ വേട്ടയാടലുകള്‍ ആവര്‍ത്തിക്കപ്പെട്ടു കരിഞ്ഞുണങ്ങുന്ന ബാല്യങ്ങള്‍ക്കു മുന്നില്‍ യഥാര്‍ത്ഥ പ്രതികളാരെന്ന ചോദ്യം ആഴത്തില്‍ ഉന്നയിക്കപ്പെടുന്നു. 

സി.ഡബ്ല്യു.സികള്‍ രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് അടിപ്പെടുകയാണ് എന്നതിന്റെ ഉദാഹരണങ്ങളും പലരും ഉയര്‍ത്തിക്കാണിക്കുന്നു. ഇടുക്കി ജില്ലയില്‍ അമ്മതന്നെ മകളെ പലര്‍ക്കായി കാഴ്ചവെച്ച കേസില്‍ കഴിഞ്ഞ ദിവസം സി.ഡബ്ല്യു.സി രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയതായാണ് ഒടുവില്‍ ഉന്നയിക്കപ്പെട്ട ആരോപണം. ഇടുക്കിയിലെ ഉന്നതന്‍ പ്രതിയായ കേസില്‍ കമ്മിറ്റിയിലെ അംഗങ്ങളെ സ്വാധീനിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായതായാണ് സംശയിക്കപ്പെടുന്നത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ ഏഴു ദിവസത്തേയ്ക്ക് അച്ഛനൊപ്പം കുട്ടിയെ വീട്ടിലേയ്ക്ക് മടക്കി അയച്ചപ്പോഴായിരുന്നു സംഭവം. അമ്മ പ്രതിയായ കേസില്‍ അവളെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തേയ്ക്കു മാത്രം വിട്ടാല്‍ മതിയെന്നായിരുന്നു നിര്‍ഭയ അധികൃതരുടെ നിലപാട്. മൂത്ത സഹോദരിയുടെ വിവാഹം എന്ന കാര്യംതന്നെ കള്ളനാടകമാണോ എന്നും നിര്‍ഭയ അധികൃതര്‍ സംശയിക്കുന്നുണ്ട്. ആ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായതാണെന്നും എന്നാല്‍, കുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞതിനാല്‍ ഇടപെടാന്‍ ആവാത്ത സാഹചര്യമാണ് തങ്ങള്‍ക്കുള്ളതെന്നുമാണ് നിര്‍ഭയയുടെ നിലപാട്. കുട്ടിയുടെ അച്ഛന്‍ ഇപ്പോള്‍ കുട്ടിയെ സ്ഥിരമായി വിട്ടുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിര്‍ധനരായ കുടംബത്തിന് എവിടെനിന്നാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള പണമെന്ന കാര്യവും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. പ്രതികളുടേയും ഉന്നതരുടെ ഒത്താശയോടേയും നടക്കുന്ന നാടകത്തില്‍ സി.ഡബ്ല്യു.സി അധികൃതരും കൂട്ടു നില്‍ക്കുന്നു എന്നാണ് സംശയിക്കപ്പെടുന്നത്.

പീഡിപ്പിക്കപ്പെട്ട അതേ സാഹചര്യങ്ങളിലേക്ക് ഇരകളെ മടക്കി അയക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് മടിയില്ല എന്നതാണ് മറ്റൊരാക്ഷേപം. സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയെ വീണ്ടും ആ വിട്ടിലേയ്ക്കുതന്നെ അയക്കുകയും പിന്നീട് അവള്‍ ഗര്‍ഭിണിയായി നിര്‍ഭയ ഹോമിലേക്കു മടങ്ങി എത്തിയ സംഭവവുമുണ്ട്. അതുകൊണ്ടുതന്നെ കുട്ടിയെ വീട്ടിലേയ്ക്ക് മടക്കുന്നതു കേസിനെ ദുര്‍ബ്ബലപ്പെടുത്തുകയോ ഇല്ലാതാക്കാന്‍ സഹായിക്കുകയോ ചെയ്യുമെന്നുള്ള സാഹചര്യത്തിലാണ് സി.ഡബ്ല്യു.സിയുടെ നിലപാട് പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണോ എന്നു സംശയിക്കേണ്ടിവരുന്നത്. ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുന്നത് വീടുകളില്‍നിന്നുതന്നെയാണ്. അല്ലെങ്കില്‍ അടുത്ത ബന്ധുക്കളില്‍നിന്നും. അതുകൊണ്ടുതന്നെ അതേ സാഹചര്യത്തിലേയ്ക്ക് കുട്ടികളെ തിരികെ അയക്കുന്നത് അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളിവിടലാണ്. വിചാരണ കാലയളവില്‍ കുട്ടിയുടെ മൊഴി നിര്‍ണ്ണായകമാണ് എന്നുള്ളതുകൊണ്ടുതന്നെ ബന്ധുക്കള്‍ ഇരയെ സംരക്ഷിക്കാനുള്ള അവകാശം ഉന്നയിച്ച് സമീപിക്കാറാണ് പതിവ്. എന്നാല്‍, തങ്ങള്‍ രക്ഷപ്പെട്ടെന്നു തോന്നുന്ന ഘട്ടം മുതല്‍ ഈ കുട്ടികളെ അവര്‍ തള്ളിക്കളയും എന്നു മാത്രമല്ല, സര്‍വ്വ പേരുദോഷത്തിന്റേയും കേസിന്റേയും നാണക്കേടിന്റേയും ഉത്തരവാദി അവള്‍ മാത്രമാണെന്നു പറഞ്ഞുകൊണ്ടുള്ള കുറ്റപ്പെടുത്തലുകള്‍ ആരംഭിക്കുകയും ചെയ്യും. പിന്നീട് അവള്‍ മാത്രമായിരിക്കും കുറ്റക്കാരി. വിഷാദത്തിനടിപ്പെടുന്ന രണ്ടാം ഘട്ടമാണവിടെ തുടങ്ങുന്നത്. വിചാരണ പൂര്‍ത്തിയായാല്‍ പല കേസുകളിലും മക്കളെ വേണമെന്ന് അമ്മാര്‍ക്കുപോലും തോന്നാറില്ല. 

പോക്സോ നിയമം വന്ന കാലത്ത് അന്നുവരെ സാമൂഹ്യസേവനമേഖലയില്‍ ഉണ്ടായിരുന്നവരുടെ അനുഭവസമ്പത്ത് പരിഗണിച്ചാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലേക്ക് അംഗങ്ങളായി തെരഞ്ഞെടുത്തത്. എന്നാല്‍, ഏതാണ്ട് എല്ലാ കമ്മിറ്റികളിലും ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ ചെയര്‍പേഴ്‌സണാകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതായും ആരോപിക്കപ്പെടുന്നു. അതുമൂലം ഏതുതരം മാനസികസമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിട്ടായാലും ക്രൈസ്തവ മതവിശ്വാസം അനുശാസിക്കുന്ന തരത്തില്‍ കുടുംബവും ബന്ധങ്ങളും പരിഗണിച്ച് മുന്നോട്ട് പോകാന്‍ ഇരകളെ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നിരീക്ഷിക്കപ്പെടുന്നു. 13-ഉം 15-ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ സ്വന്തം അച്ഛനാലും സഹോദരനാലും ഗര്‍ഭിണികളാകുമ്പോള്‍പ്പോലും ഗര്‍ഭച്ഛിദ്രം നടത്താന്‍ ഇവര്‍ അനുവദിക്കാറില്ല. പീഡനത്തെത്തുടര്‍ന്നു ഗര്‍ഭിണികളായ കുട്ടികള്‍ പ്രസവിച്ച കുഞ്ഞിനെ ഒന്നു കാണാന്‍പോലും മാനസികമായി ശേഷിയുള്ളവരായിരിക്കില്ല. എന്നാല്‍, സാധാരണ കുടുംബജീവിതത്തില്‍ സ്ത്രീകള്‍ അമ്മമാരാകുമ്പോള്‍ ചെയ്യുന്നപോലെ കുഞ്ഞിനു മുലപ്പാല്‍ നല്‍കാനും സ്‌നേഹിക്കാനും ഇവര്‍ നിര്‍ബന്ധിക്കപ്പെടുന്നതായും ഇതു പീഡനത്തിനിരകളായി പ്രസവിക്കുന്ന കുട്ടികള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷത്തിനാണ് ഇടവരുത്തുക എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരിക്കല്‍ ഇരകളാക്കപ്പെട്ടവരെ വീണ്ടും വീണ്ടും ഇരകളാക്കപ്പെടുന്നു എന്നു ചുരുക്കം. ജീവിക്കാനുള്ള അവകാശത്തിനുമേല്‍ പ്രതികളും സ്ഥാപനങ്ങളും ഒരുമിച്ചു നടത്തുന്ന വേട്ടതന്നെയല്ലേയിത്?
ലൈംഗികാതിക്രമത്തിലൂടെ ഗര്‍ഭിണികളായ പെണ്‍കുട്ടികളുടേതായി സി.ഡബ്ല്യു.സികളുടേയും പക്കല്‍ വന്ന കേസുകളില്‍ ഇരകളായ കുട്ടികളും അവര്‍ പ്രസവിച്ച കുഞ്ഞുങ്ങളും സംബന്ധിച്ച കൃത്യമായ കണക്കുപോലും ലഭ്യമല്ല എന്നറിയുമ്പോഴാണ് എത്ര ലാഘവത്തോടെയാണ് ഈ വിഷയത്തെ എല്ലാവരും നോക്കിക്കാണുന്നത് എന്നു മനസ്സിലാവുക. അപ്രത്യക്ഷരായ കുട്ടികളുടെ കണക്കുപോലും കൃത്യമായില്ല എന്ന വിവരം ഞെട്ടിക്കുന്നതാണ്. വലിയ വായിലെ വര്‍ത്തമാനങ്ങള്‍ക്കും കാമ്പെയിനുകള്‍ക്കും ഹാഷ് ടാഗുകള്‍ക്കുമിടയില്‍ ഇവരുടെ മനസ്സറിയാന്‍ ശ്രമിക്കുകപോലും ചെയ്യാത്തിടത്തു നമ്മുടെ പരാജയം തുടങ്ങുന്നു. ഇവര്‍ക്കുവേണ്ടി കണ്ണും കാതും കരുതിവെയ്ക്കുന്നതില്‍ നമ്മള്‍ തോറ്റുപോയിടത്തുവച്ച് മനസ്സിന്റേയും ശരീരത്തിന്റേയും ചില്ലുടഞ്ഞു പോയവരാണിവര്‍. എന്നിട്ടും കുറ്റബോധമൊട്ടുമില്ലാതെ നിയമം കരുതിവെച്ച നീതി നല്‍കാന്‍ പോലും നമ്മളറച്ചുനില്‍ക്കുന്നു. 

പുനരധിവാസം ശാസ്ത്രീയമാക്കണം
നിശാന്തിനി ഐ.പി.എസ്.
(സ്റ്റേറ്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, നിര്‍ഭയ സെല്‍)

പഴയ കാലത്തു കൂട്ടുകുടംബം ആയിരുന്നപ്പോള്‍ കുട്ടിക്കള്‍ക്കൊപ്പം ആരെങ്കിലുമൊക്കെ എപ്പോഴുമുണ്ടായിരുന്നു. കുറഞ്ഞപക്ഷം കുട്ടികള്‍ക്ക് തുറന്നു പറയാനെങ്കിലുമാകുമായിരുന്നു. ഇന്നിപ്പോള്‍ കുടുംബത്തിന്റെ അവസ്ഥ മാറി. ആര്‍ക്കും സമയമില്ല. കുട്ടികളും കൂടുതല്‍ ടെക്നോളജി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. മുതിര്‍ന്നവരുടെ മൊബൈല്‍ ഫോണില്‍നിന്നും അബദ്ധത്തിനു കാണുന്നതും അറിയുന്നതുമായ അശ്ലീലം ആദ്യം കൗതുകവും പിന്നീട് വൈകല്യവുമായി കുട്ടികളെ മാറ്റുന്നു. ജൂവനൈല്‍ ക്രൈമുകള്‍ വര്‍ദ്ധിക്കുന്നത് അങ്ങനെയാണ്. പല കുട്ടികളേയും ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് അച്ഛനോ മുതിര്‍ന്നവരോ കാണുന്ന അശ്ലീല വീഡിയോകള്‍ കാണാറുണ്ട് എന്നാണ്. പിന്നീട് അതു ചെയ്തുനോക്കിയാല്‍ എന്താ എന്നും തോന്നും. അല്ലാതെ ലൈംഗികതയിലുള്ള സുഖമോ സന്തോഷമോ ഒന്നുമല്ല അവരുടെ മനസ്സില്‍. വീട്ടില്‍ അമ്മയെ വ്യക്തി എന്ന നിലയ്ക്ക് പരിഗണിക്കുകയോ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത അച്ഛനായിരിക്കും പലപ്പോഴും ഇവര്‍ക്ക് മാതൃക. ഇത്തരം പ്രശ്‌നങ്ങളെല്ലാം കേസുകള്‍ കൂടുന്നതിനു കാരണമാകുന്നുണ്ട്. മറുഭാഗത്ത് പരാതികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. പെണ്‍കുട്ടികളും തിരിച്ചറിയണം ബഹുമാനിക്കപ്പെടേണ്ടവളാണെന്നും എനിക്ക് വിദ്യാഭ്യാസം വേണമെന്നും അംഗീകാരം വേണമെന്നും മനസ്സിലാക്കണം. അതേസമയം പെണ്‍കുട്ടികളെ മാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കുകയും വേണം. 

ഇരകളുടെ പുനരധിവാസം ശാസ്ത്രീയമായിത്തന്നെ നടക്കേണ്ടതുമുണ്ട്. ഇപ്പോഴുള്ള നിര്‍ഭയ ഹോമുകള്‍ ഗുരുതരമല്ലാത്ത പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് വലിയ സംഘര്‍ഷമുണ്ടാക്കുന്നവയാണ്. അത്രയും നാള്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം കഴിഞ്ഞ കുട്ടികള്‍ പെട്ടെന്ന് ഒരു ദിവസം ഒരു ഡോര്‍മിറ്ററിയില്‍ പലതരം പ്രശ്‌നങ്ങളുള്ള കുട്ടികളുമായി കഴിയേണ്ടിവരുമ്പോള്‍ പൊരുത്തപ്പെടില്ല. പല കുട്ടികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും മാനസികവൈകല്യങ്ങളും പകര്‍ച്ചവ്യാധികളോ ബുദ്ധിക്കുറവോ ഒക്കെ ഉണ്ടാകാം. അതുകൊണ്ടുതന്നെ കുട്ടികളെ കൂടുതല്‍ മനസ്സിലാക്കി ഏതൊക്കെ തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് ഓരോരുത്തരും എന്നു തിരിച്ചറിയാനാണ് ഇത്തവണ ആദ്യമായി ഒരാഴ്ച നീണ്ടുനിന്ന സമ്മര്‍ ക്യാംപ് സംഘടിപ്പിച്ചത്. അവരുടെ പ്രശ്‌നങ്ങള്‍ക്കനുസരിച്ചുള്ള തരംതിരിക്കലാണ് ആദ്യപടി. ഉദാഹരണത്തിനു പീഡനത്തിനിരയായി പ്രസവിച്ച പതിനാറു വയസ്സുള്ള കുട്ടി ഗുരുതരമല്ലാത്ത ബുദ്ധിമാന്ദ്യമുള്ളവളാണ്. ഈ ക്യാംപില്‍ വന്നപ്പോഴാണ് മനസ്സിലാക്കിയത് അവളുടെ ഒന്നര വയസ്സുള്ള കുട്ടിക്കും ബുദ്ധിമാന്ദ്യമുണ്ടെന്ന്. ഇപ്പോള്‍ ദിവസവും ചൈല്‍ഡ് കെയര്‍ സെന്ററില്‍ കുഞ്ഞിനെ കൊണ്ടുപോവുകയാണ്. ഇത്തരം കുട്ടികളെ നേരത്തെ തിരിച്ചറിഞ്ഞു പുനരധിവാസം ഉറപ്പാക്കലാണ് ലക്ഷ്യം. പതിനാല് വയസ്സുള്ള മറ്റൊരു പെണ്‍കുട്ടി പ്രസവിച്ചിട്ട് നാല് മാസമായി. 

പുതിയ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് സെന്റര്‍ പദ്ധതി അനുസരിച്ചു ഗര്‍ഭിണികളായ പെണ്‍കുട്ടികളെ ഒരു വീട്ടിലേയ്ക്ക് മാറ്റും. ഗര്‍ഭച്ഛിദ്രം നടത്താനാവുന്ന സാഹചര്യമാണെങ്കില്‍ ചെയ്യും. അല്ലെങ്കില്‍ അവര്‍ പ്രസവിച്ചശേഷം കുഞ്ഞിനെ ദത്ത് നല്‍കുകയോ കൂടെ പാര്‍പ്പിക്കുകയോ ചെയ്യാം. കുട്ടിയെ കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ തയ്യാറാകുന്നവര്‍ വളരെ കുറവാണ്. ആദിവാസി മേഖലകളില്‍ നിന്നുള്ളവരൊക്കെയാണ് അതിനു പലപ്പോഴും തയ്യാറാവുക. ഗര്‍ഭിണിയാണെന്ന് അറിയുന്ന കാലം മുതല്‍ പ്രത്യേക പരിചരണവും സംരക്ഷണവും സെന്ററില്‍ ലഭ്യമാക്കും. പലപ്പോഴും സാധാരണ കുട്ടിക്കള്‍ക്കൊപ്പം ഇവര്‍ക്കു പൊരുത്തപ്പെടാനാവില്ല. ഹോര്‍മോണുകളുടെ വ്യതിയാനം മൂലം അസ്വസ്ഥമാകുമ്പോള്‍ മറ്റു കുട്ടികളോട് ദേഷ്യപ്പെടാനും മറ്റും സാദ്ധ്യതയുണ്ട്. അതു മനസ്സിലാക്കാനുള്ള പക്വത കൂടെയുള്ള കുട്ടികള്‍ക്കും കാണില്ല. തനിക്ക് എന്തു സംഭവിക്കുന്നു എന്നു മനസ്സിലാക്കാനുള്ള പക്വത ഇവര്‍ക്കും ഉണ്ടാവില്ല. സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ പദ്ധതി പ്രകാരം പ്രസവം കഴിഞ്ഞു മൂന്നു മാസം വിശ്രമിച്ച ശേഷം മാത്രമേ മറ്റൊരു ഹോമിലേക്ക് മാറ്റൂ. അതുവരെ ആ കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിലാവും കൂടുതല്‍ ശ്രദ്ധ. പലരും കുട്ടികളെ ദത്ത് നല്‍കാറാണ് പതിവ്. അത്തരക്കാരെ അടുത്ത മൂന്നു വര്‍ഷംകൊണ്ട് സ്വതന്ത്രമായ ഒരു ജീവിതത്തിനു പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം. തൊഴില്‍ കണ്ടെത്താനും വേണ്ട പിന്തുണ നല്‍കും.

ചില കുട്ടികളെ സമ്മതിച്ചിടത്തോളം തങ്ങളെ അന്വേഷിച്ച് ബന്ധുക്കള്‍ ആരും വരുന്നില്ല എന്നത് വല്ലാത്ത ദുഃഖമാണ്. പലപ്പോഴും അമ്മ ഉള്‍പ്പെടെ പ്രതിയായ കേസുകള്‍ ആയിരിക്കും. ആരുമില്ല എന്നത് വലിയ വേദനയാണ്. അത്തരം കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. എസ്.ഒ.എസ് ഹോം പദ്ധതി പ്രകാരം ഒരു വീട്ടില്‍ എട്ട് കുട്ടികളെയാവും പാര്‍പ്പിക്കുക. അവിടെ അവര്‍ക്ക് എട്ട് പേര്‍ക്കും ചേര്‍ത്ത് ഒരു അമ്മ. ഒരു വീട്ടില്‍ സാധാരണ കുട്ടികള്‍ എങ്ങനെയാണോ വളരുന്നത് അതേ രീതിയില്‍ വളരുക എന്നതാണ് ഉദ്ദേശ്യം. ഇത്തരം പദ്ധതികളും കൃത്യമായ ഫോളോ അപ്പും ഉണ്ടെങ്കില്‍ ഒരു പരിധിവരെ ഇരകളുടെ പുനരധിവാസം ഉറപ്പാക്കാം. ബാക്കിയൊക്കെ കുറച്ച് കാലതാമസമെടുത്താലും പരിഹരിക്കപ്പെടാവുന്ന വിഷയങ്ങളാണ്. ഫണ്ടും ലഭ്യമാണ്. ആര് തലപ്പത്ത് വന്നാലും നിര്‍ഭയയിലെത്തുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ഏതു തരത്തില്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്താം എന്നു മനസ്സിലാക്കാന്‍ കുറച്ചു സമയം വേണ്ടിവരും. എനിക്കും മൂന്നു മാസമെടുത്തു കാര്യങ്ങള്‍ കുറച്ചൊന്നു പഠിക്കാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഇതൊക്കെ കഷ്ടപ്പെട്ടു പഠിച്ച് ലക്ഷ്യത്തിന് അടുത്തെത്തുമ്പോള്‍ വേറൊരു വകുപ്പിലേക്ക് സ്ഥലംമാറ്റം വന്നേക്കാം. ഞാന്‍ പഠിച്ചത് മറ്റു പല രീതിയിലും എനിക്ക് ഗുണപ്പെട്ടേക്കാം പക്ഷേ, വീണ്ടും അടുത്ത ഉദ്യോഗസ്ഥന്‍ വന്നു പുതുതായി കാര്യങ്ങള്‍ പഠിച്ചെടുക്കുമ്പോഴേക്കും സമയമെടുക്കും. അപ്പോഴേക്കും രക്ഷപ്പെടുത്താമായിരുന്ന ഒരുപാട് കുട്ടികളുടെ ജീവിതം പല രീതിയിലാവും. 


കേരളത്തിലെ കോടതികളില്‍ കെട്ടിക്കിടക്കുന്ന പോക്സോ കേസുകള്‍ 5367
2013-16 കാലയളവില്‍ വിധി പറഞ്ഞത് 530 കേസുകളില്‍
ശിക്ഷിക്കപ്പെട്ടത് 70 എണ്ണം മാത്രം, 85% പ്രതികളും കുറ്റവിമുക്തരായി, 
2016-ല്‍ രജിസ്റ്റര്‍ ചെയ്ത 249 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 202 എണ്ണം. 
ഈ വര്‍ഷം വിധി പറഞ്ഞ 18 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 17 പേര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com