മാന്തോപ്പുകളിലെ വിഷമരണങ്ങള്‍: ഇടനിലക്കാര്‍ മരണവ്യാപാരികള്‍ 

സ്‌കാനിങില്‍ കുഞ്ഞിന് അംഗവൈകല്യം കാണുകയാണെങ്കില്‍ അബോര്‍ഷനു തയ്യാറാവുകയാണ് മുതലമടയിലെ അമ്മമാര്‍
മുതലമടയിലെ മാവിന്‍തോട്ടം
മുതലമടയിലെ മാവിന്‍തോട്ടം

മാന്തോപ്പിലെ വിഷംതളിയില്‍ കെട്ടുപോയ ജീവിതങ്ങള്‍ ഏറെയുണ്ട് പാലക്കാടിന്റെ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ മുതലമടയില്‍. ഒരു കൂട്ടം മനുഷ്യരുടെ ആര്‍ത്തിയില്‍ അനങ്ങാനോ കരയാനോ കഴിയാതെ ഞെരിഞ്ഞുപോയ ജീവിതങ്ങള്‍. എങ്ങനെയാണ് മനസ്സാക്ഷിയുള്ള ഒരു സമൂഹം ഈ ജീവിതങ്ങളോട് മറുപടി പറയുക. എന്ത് മനുഷ്യാവകാശത്തെക്കുറിച്ചാണ് ഇവരോട് സംസാരിക്കുക. കീടനാശിനി ഉപയോഗം മുതലമട, കൊല്ലംകോട് പ്രദേശത്തെ മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും കെടുതികള്‍ വരുത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ട് 13 വര്‍ഷത്തിലധികമായി. 

''ഞങ്ങള്‍ ആരോടാണ് പരാതി പറയേണ്ടത്, പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരെങ്കിലും വേണ്ടേ?'' നീലിപ്പാറ കോളനിയിലെ ആദിവാസി നേതാവ് മാരിയപ്പന്റെ വാക്കുകളില്‍ നിറഞ്ഞത് അധികാരത്തിനു മുന്നില്‍ നിസ്സഹായരായിപ്പോയവരുടെ വേദനയായിരുന്നു. പൂമ്പാറ്റകളും പാമ്പും തവളയും അടക്കമുള്ള ജീവികള്‍ ഓരോ വര്‍ഷവും ഈ മേഖലയില്‍ കുറഞ്ഞുവരികയാണ്. നെല്‍വയലുകള്‍ നികത്തി മാന്തോപ്പുകള്‍ കൂടുതല്‍ കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുന്നു. ഒപ്പം കീടനാശിനിയുടെ ഉപയോഗം.

ശാരീരികവൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനവും കുറയുന്നുണ്ടിവിടെ. കീടനാശിനി ഒരു തലമുറയെ കൊല്ലാക്കൊല ചെയ്യുന്നത് അധികൃതര്‍ കണ്ടില്ലെന്നു നടിച്ചപ്പോള്‍ ഇവര്‍ തന്നെ അതിനു 'പരിഹാരം' കണ്ടുതുടങ്ങി = ഗര്‍ഭച്ഛിദ്രം. തങ്ങളുടെ കുഞ്ഞുങ്ങള്‍ എങ്ങനെ പിറക്കും എന്ന ആധിയിലാണ് ഇവിടുത്തെ ഓരോ അച്ഛനും അമ്മയും. അതുകൊണ്ടുതന്നെ സ്‌കാനിങില്‍ കുഞ്ഞിന് അംഗവൈകല്യം കാണുകയാണെങ്കില്‍ അബോര്‍ഷനു തയ്യാറാവുകയാണ് മുതലമടയിലെ അമ്മമാര്‍. ''ജീവിതകാലം മുഴുവന്‍ ഒരു കുഞ്ഞിനെ നരകിക്കാന്‍ വിടുന്നതിലും ഭേദമല്ലേ ഇത്?'' എന്ന ചോദ്യത്തിനു മറ്റുത്തരങ്ങളില്ല. കുഞ്ഞു മാത്രമല്ല, ഒരു കുടുംബം മുഴുവന്‍ അതിന്റെ യാതന പേറുന്നത് ഇവിടത്തെ കുടിലുകളില്‍ കാണാം. 20,000 രൂപ മുതലാണ് ആശുപത്രികള്‍ ഗര്‍ഭച്ഛിദ്രത്തിനു ചാര്‍ജ് ഈടാക്കുന്നത്. പാലക്കാടിനു പുറമെ തമിഴ്നാട്ടിലേക്കും ആളുകള്‍ ഇതിനായി പോകുന്നുണ്ട്. പിറക്കുന്ന കുഞ്ഞിനു വൈകല്യമുണ്ടെന്നും അബോര്‍ഷന്‍ ചെയ്യുന്നതാണ് നല്ലതെന്നും ആശുപത്രികളില്‍നിന്നുതന്നെ നിര്‍ദ്ദേശം കിട്ടി ചെയ്യുന്നവരുമുണ്ട്. വൈകല്യം ബാധിച്ച ആദ്യ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്ത ഒരു സ്ത്രീ ഈ അടുത്ത് പ്രസവിച്ച രണ്ടാമത്തെ കുഞ്ഞും തലയ്ക്ക് വലുപ്പം കൂടുതലുള്ള നിലയിലാണ്. 

ചികിത്സയില്ലാതെ കുട്ടികള്‍
2005-ലാണ് മുതലമടയിലെ കീടനാശിനി പ്രയോഗം പൊതുശ്രദ്ധയില്‍ എത്തുന്നത്. കൊല്ലംകോട് ആശ്രയം റുറല്‍ ഡവലപ്മെന്റ് സൊസൈറ്റി, വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ ഓഫ് ഇന്ത്യയുടെ സൗത്തിന്ത്യ ബ്രാഞ്ച് പ്രൊജക്ട് ഓഫീസര്‍ എസ്. ഗുരുവായൂരപ്പന്‍, പുളിയന്തോണിയിലെ ദേവനടക്കമുള്ള കൊല്ലംകോട്ടേയും മുതലമടയിലേയും പരിസ്ഥിതി സാമൂഹ്യപ്രവര്‍ത്തകരും 2006 മുതല്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് പരാതിയും നിവേദനങ്ങളും സമര്‍പ്പിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് രോഗബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി 188 പേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം ബാധിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. തുടര്‍പഠനങ്ങളും ക്യാമ്പുകളും ആവശ്യമാണെന്നും അതിനുശേഷമേ അന്തിമ സ്ഥിരീകരണം സാധ്യമാവൂ എന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിന്നീട് കാര്യമായ പഠനങ്ങളോ പരിശോധനകളോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അന്തിമ സ്ഥിരീകരണം വരാത്തതിനാല്‍ സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യവും ഇവര്‍ക്ക് കിട്ടിയതുമില്ല.

ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി ഓലമറച്ച വീടുകളില്‍ ഒരാളുടെ ദിവസക്കൂലി വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുകയാണ് ഈ കുടുംബങ്ങള്‍. ഭരണകൂടത്തിന്റെ പിടിപ്പുകേടോ ഒത്താശയോ കൊണ്ടു മാത്രം മരുന്നടി വ്യാപകമായ ഒരു പ്രദേശത്തെ കുഞ്ഞുങ്ങള്‍ക്ക് സാങ്കേതികത്വം പറഞ്ഞു ചികിത്സയും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് അതിനെക്കാള്‍ ക്രൂരതയാണ്. കീടനാശിനിയുടെ ഉപയോഗംകൊണ്ടാണോ അല്ലയോ എന്ന കണ്ടെത്തലിന്റെ സാങ്കേതികത്വത്തിനപ്പുറത്ത് ഇഴയാന്‍പോലും കഴിയാത്ത ഇത്രയധികം കുട്ടികള്‍ ഒരു ഗ്രാമത്തിലുണ്ട് എന്ന ഞെട്ടിക്കുന്ന വസ്തുത കാണാതിരുന്നുകൂട. വര്‍ഷങ്ങളായി ചികിത്സപോലും കിട്ടാത്ത കുട്ടികളാണ് ഇതില്‍ കൂടുതലും.
ബി.എസ്.എന്‍.എല്ലില്‍നിന്നു വിരമിച്ച എറണാകുളം സ്വദേശി എന്‍. ശിവാനന്ദന്‍ എല്ലാ മാസവും ഇവിടത്തെ കുട്ടികളുടെ അക്കൗണ്ടില്‍ ഒരു നിശ്ചിത തുക ഇട്ടുകൊടുക്കുന്നത് മാത്രമാണ് ഏക ആശ്വാസം.

മരുന്നില്‍ പൂക്കുന്ന മാവുകള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാങ്ങ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്. അതും മുതലമട, കൊല്ലംകോട് ഭാഗങ്ങളിലായി. ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടിയാണ് മുതലമട മാങ്ങകളുടെ സീസണിലെ ആദ്യ മാര്‍ക്കറ്റ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങി മറ്റിടങ്ങളിലും കേരളത്തിലെ മറ്റ് ജില്ലകളിലും മുതലമടയില്‍നിന്നും മാങ്ങകളെത്തുന്നുണ്ട്. 

കരിമ്പ്, മഞ്ഞള്‍, നെല്ല്, നിലക്കടല തുടങ്ങിയ വിളകള്‍ കൃഷിചെയ്തിരുന്ന ഇവിടെ 30 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മാവ് പരീക്ഷിക്കുന്നത്. അത് വിജയകരമായതോടെ മാന്തോപ്പുകള്‍ വ്യാപകമായി. മറ്റു കൃഷിസ്ഥലങ്ങള്‍ നികത്തി ആളുകള്‍ മാവിലേക്ക് മാറി. നെല്‍വയലുകള്‍ നികത്തി മാവിന്‍ തൈകള്‍ നട്ടത് മുതലമടയിലേക്ക് പോകുന്ന വഴിയില്‍ നമുക്കു കാണാം. 6000 ത്തിലധികം ഹെക്ടര്‍ മാന്തോട്ടങ്ങള്‍ ഇപ്പോള്‍ മുതലമടയിലുണ്ട്. 2010-ല്‍ 1650 ഹെക്ടര്‍ നെല്‍പ്പാടമുണ്ടായിരുന്നത് 450 ഹെക്ടറായി കുറഞ്ഞു. പാലക്കാട്ടെ ചൂട് കാലാവസ്ഥയാണ് മാങ്ങയ്ക്ക് അനുയോജ്യമായത്. അതുകൊണ്ടുതന്നെ മാവുകള്‍ നേരത്തെ പൂവിടും. മറ്റിടങ്ങളില്‍ സീസണ്‍ ആവുന്നതിനു മുന്‍പ് എത്തുന്നതിനാല്‍ പാലക്കാട്ടെ മാങ്ങയ്ക്ക് നല്ല ഡിമാന്റും വിലയുമാണ്. കീടനാശിനികള്‍ വ്യാപകമാകാതിരുന്ന സമയത്ത് മാര്‍ച്ച് ആദ്യവാരത്തിലൊക്കെയാണ് വിളവ് കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോളത് ജനുവരിയിലേക്ക് മാറി.

ഇതിനെക്കാള്‍ കൂടുതല്‍ വില കിട്ടാന്‍ സീസണിനു മുന്‍പ് മാങ്ങ വിപണിയിലെത്തിക്കാനുള്ള ബിസിനസ് ബുദ്ധിയാണ് അമിതമായ കീടനാശിനി പ്രയോഗത്തിലേക്ക് മുതലമടയെ എത്തിച്ചത്. നേരത്തെ പുഷ്പിക്കാന്‍ മാവില്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്. കള്‍ട്ടാര്‍ എന്ന മരുന്നാണ് വേരില്‍ ദ്വാരമുണ്ടാക്കി പ്രയോഗിക്കുന്നത്. ഒരു ലിറ്റര്‍ കള്‍ട്ടാറിന് 5000 രൂപയ്ക്കു മുകളില്‍ വിലയുണ്ട്. ഇതിന്റെ വ്യാജനും മാര്‍ക്കറ്റിലുണ്ട്. മാവിനു ചൂട് കൂടുതല്‍ കിട്ടാന്‍ വേണ്ടിയാണ് ഇതു പ്രയോഗിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ നല്ലപോലെ മാവ് നനച്ചുകൊടുക്കണം. പൊതുവെ ജലക്ഷാമം നേരിടുന്ന പഞ്ചായത്തില്‍ മാന്തോപ്പുകളിലെല്ലാം വ്യാപകമായ രീതിയില്‍ കുഴല്‍ക്കിണറുകള്‍ കുഴിച്ചാണ് മാവിനു നനയ്ക്കുന്നത്. നനയ്ക്കാത്ത മാവുകള്‍ ഉണങ്ങിപ്പോകും. മരുന്ന് ഉപയോഗിച്ചു വേണ്ടരീതിയില്‍ വെള്ളം കിട്ടാത്തതിനാല്‍ ഉണങ്ങിപ്പോയ മാന്തോട്ടം ചുള്ളിയാര്‍ ഡാം പരിസരത്ത് കാണാം.

പൂവിടുന്ന സമയം തൊട്ട് അഞ്ചും ആറും തവണയാണ് വിവിധതരം കീടനാശിനികള്‍ മാന്തോപ്പുകളില്‍ സ്പ്രേ ചെയ്യുന്നത്. ഒരു സീസണില്‍ എട്ടു കോടിയോളം രൂപയുടെ കീടനാശിനികള്‍ മുതലമടയില്‍ മാത്രം എത്തുന്നുണ്ടെന്നാണ് കര്‍ഷകരുടെ കണക്ക്. ഇതിന്റെ 50 ശതമാനത്തിലധികം കള്‍ട്ടാര്‍ എന്ന ഒറ്റ ഉല്പന്നത്തിനുവേണ്ടിയാണ് ചെലവാക്കുന്നത്. 
മുതലമടയിലെ ഏജന്റിനു പുറമെ തമിഴ്നാട്ടില്‍നിന്നുള്ള കീടനാശിനി കമ്പനിയുടെ ഏജന്റുമാരും ഇവിടെയുണ്ട്. നിരോധിത കീടനാശിനിയടക്കം വീര്യം കൂടിയ ഇനങ്ങളും മുതലമടയില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. കൃത്യമായ പരിശോധനകള്‍ നടക്കാറില്ല. സര്‍ക്കാറിന്റെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഏജന്റുമാര്‍ പറയുന്നത് വിശ്വസിച്ച് ദോഷവശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാതെ വാങ്ങി ഉപയോഗിക്കുന്ന കര്‍ഷകരുമുണ്ട്. 

ജൈവരീതിയിലേക്ക് 
ജൈവരീതിയിലും കീടനാശിനി ഉപയോഗിക്കാതേയും കൃഷി നടത്തുന്ന ഒരു കൂട്ടം കര്‍ഷകര്‍ ഇപ്പോള്‍ മുതലമടയിലുണ്ട്. എന്നാല്‍, കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര രീതിയിലുള്ള അനുകൂല നടപടികള്‍ ഇവര്‍ക്കുണ്ടാകുന്നില്ല. മികച്ച ലാഭം കിട്ടുന്ന രീതിയിലേക്ക് ഇതിനെ മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജൈവക്കൃഷി സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ധാരാളം ഉണ്ടാകുമെങ്കിലും പ്രാവര്‍ത്തികമാകുന്നതു കുറവാണ്. സര്‍ക്കാറിന്റെ ഇടപെടലുകള്‍ കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് ലാഭകരമായി കൃഷി നടത്താന്‍ കീടനാശിനി ഉപയോഗിക്കേണ്ടിവരുന്നത് എന്നു പല കര്‍ഷകരും പറഞ്ഞു. ''കൃത്യമായ മാര്‍ക്കറ്റും ലാഭവും ഉണ്ടാവുകയാണെങ്കില്‍ ജൈവരീതിയിലേക്കു മാറാന്‍ ഞങ്ങള്‍ തയ്യാറാണ്. ഒരു വര്‍ഷത്തെ വിളവെച്ചു പരീക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല. ആ വര്‍ഷം മുഴുവന്‍ പോകും. പിന്നെ ബിസിനസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.'' മുതലമടയിലെ മാന്തോപ്പുടമയായ മോഹനന്‍ പറയുന്നു.

കീടനാശിനിയുടെ കെടുതികള്‍ രൂക്ഷമായ സമയത്തുതന്നെ മുതലമടയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരുടേയും തോട്ടം ഉടമകളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു. ഒരു വര്‍ഷം പരീക്ഷിച്ച് വിളനഷ്ടം വരികയാണെങ്കില്‍ ആനുപാതികമായി നഷ്ടപരിഹാരം നല്‍കാനും വിള ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനും നിര്‍ദ്ദേശമുയരുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട ഇക്കാര്യം പിന്നീട് ആരും ചര്‍ച്ച ചെയ്തില്ല. പല ചര്‍ച്ചകളുടേയും സ്ഥിതി ഇതാണ്. 

കീടനാശിനി ഉപയോഗിക്കാതെ കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ കടന്നുവരുന്നുണ്ടെന്ന് ഇത്തരത്തില്‍ കൃഷി ചെയ്യുന്ന എന്‍. സെന്തില്‍ പറയുന്നു. ''ജൈവരീതിയില്‍ കൃഷി ചെയ്യുന്ന കുറച്ചുപേര്‍ ഇവിടെയുണ്ട്. നൂറുശതമാനം ഓര്‍ഗാനിക് ആയി ഇത്തരം തോട്ടത്തിനെ നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് സത്യം. ചുറ്റുമുള്ള തോട്ടങ്ങളില്‍ കീടനാശിനി സ്പ്രേ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഈ തോട്ടത്തിനേയും അത് ബാധിക്കും'' അദ്ദേഹം പറഞ്ഞു.

ജൈവക്കൃഷിക്ക് സര്‍ക്കാറിന്റെ പിന്തുണയില്ലെന്നു ജൈവക്കര്‍ഷകനായ കെ.ബി. സുമന്‍ പറയുന്നു. ''കൃഷിവകുപ്പില്‍നിന്നോ കൃഷിഭവനില്‍നിന്നോ യാതൊരു മുന്‍ഗണനയും ജൈവക്കര്‍ഷകര്‍ക്കു കിട്ടാറില്ല. ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് എത്രകാലം പിടിച്ചുനില്‍ക്കാന്‍ പറ്റും. കൃഷിഭവനില്‍ ചെന്ന് ആരൊക്കെയാണ് ഇവിടെ ജൈവരീതിയില്‍ കൃഷി ചെയ്യുന്നത് എന്നു ചോദിച്ചാല്‍ മറുപടി ഉണ്ടാകില്ല, അവര്‍ക്ക് അറിയില്ല. ചില ഉദ്യോഗസ്ഥര്‍ ഇതിന് എതിരാണുതാനും'' സുമന്‍ പറയുന്നു.

കീടനാശിനിയുടെ ഉപയോഗത്തെക്കുറിച്ചു സംസാരിക്കാന്‍ മുതലമടയിലെ കര്‍ഷകനും തോട്ടമുടമയുമായ ഒരാളുടെ വീട്ടില്‍ പോയിരുന്നു. വൈകല്യം ബാധിക്കുന്നതു കീടനാശിനി കൊണ്ടാണെന്നു പറയാന്‍ കഴിയില്ലെന്നും ജൈവമാര്‍ഗ്ഗം ഇന്നത്തെ രീതിയില്‍ ലാഭകരമാകില്ലെന്നും കേരളത്തിനു പുറത്ത് മാര്‍ക്കറ്റ് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനി പ്രയോഗിക്കാതെ ബിസിനസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ''പിടിച്ചു നില്‍ക്കാന്‍ പോലും കഴിയാത്ത കുട്ടികളെയാണ് ഓര്‍ത്തത്. സംസാരം കഴിഞ്ഞ് ഇറങ്ങാന്‍ നേരം അദ്ദേഹം ചോദിച്ചു: ''കുറച്ച് മാങ്ങയെടുക്കട്ടെ, മരുന്നടിക്കാത്തതാണ്.'' ഒന്നു മിണ്ടാനും അനങ്ങാനും പോലുമാകാതെ നരകിക്കുന്ന കുട്ടികളുള്ള കോളനിയില്‍ രണ്ടു ദിവസം ചെലവഴിച്ചതുകൊണ്ടാകാം ആ ചോദ്യം ഉള്ളു പൊള്ളിച്ചു. കച്ചവടക്കാരുടെ വീടുകളിലെല്ലാം ഉപയോഗിക്കുന്നതു കീടനാശിനി തളിക്കാതെ ഉണ്ടാക്കുന്ന മാങ്ങയാണ്.

തവളയും പാമ്പും മനുഷ്യനും
കാന്‍സര്‍ രോഗികളും ഹൃദ്രോഗികളും പ്രദേശത്ത് കൂടുന്നതായി കീടനാശിനി പ്രയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ദേവന്‍ പുളിയന്തോണി പറയുന്നു. ''ജന്മനാ രോഗം ബാധിച്ച കുട്ടികള്‍ 15-ഓ 20-ഓ വയസ്സിനുള്ളില്‍ മരിച്ചുപോകുകയാണ്. സഞ്ജു, ശരണ്യ, ഐശ്വര്യ, കൃഷ്ണപ്രിയ തുടങ്ങി ഈ അടുത്തകാലത്തുതന്നെ എത്രയോ കുട്ടികള്‍...'' അദ്ദേഹം പറഞ്ഞു. കീടനാശിനി മിക്‌സ് ചെയ്യാനും തളിക്കാനുമടക്കം മാന്തോപ്പിലെ ജോലികളാണ് ഇവിടെയുള്ള ഭൂരിഭാഗം പേര്‍ക്കും. മറ്റു ജോലികളൊന്നും ഇല്ലാത്തതിനാല്‍ ദോഷവശങ്ങള്‍ അറിഞ്ഞിട്ടും ഈ പണിക്കു പോകാന്‍ നിര്‍ബന്ധിതരാകുകയാണ്  ഇവര്‍. മാങ്ങാ തുടയ്ക്കാനും പായ്ക്ക് ചെയ്യാനും ഉള്ള പണികള്‍ക്കു കോളനികളിലെ കുട്ടികളും പോകുന്നുണ്ട്. ദാരിദ്ര്യത്തിനു മുന്‍പില്‍ ഇവര്‍ക്കു മറ്റു വഴികളില്ല.

മരുന്നടിക്കുന്ന സമയങ്ങളില്‍ സമീപത്തുള്ളവര്‍ക്കു ഛര്‍ദ്ദിയും തലകറക്കവും മറ്റ് അസ്വസ്ഥകളും ഉണ്ടാകും. കൊല്ലംകോടുള്ള ഒരു സ്‌കൂള്‍ കോമ്പൗണ്ടിലെ മാവുകള്‍ക്കു മരുന്നടിച്ചു. കുട്ടികള്‍ക്കു ഛര്‍ദ്ദിയും തലക്കറവും വന്നു ചികിത്സ തേടിയിരുന്നു. സ്‌കൂള്‍ കുറച്ചുദിവസം പൂട്ടിയിടുകയും ചെയ്തു. മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങളിലും കീടനാശിനിയുണ്ടാക്കിയ കെടുതി വലുതാണ്. തല വലുതായ ആടും പശുക്കുട്ടിയും ഇവിടെ പിറന്നിട്ടുണ്ട്. ''മുന്‍പൊക്കെ ഒരു മഴ ചെയ്താല്‍ രണ്ടുമൂന്നു ദിവസം തവളയുടെ ശബ്ദമായിരിക്കും നിറയെ. ഇത്തവണ ഇത്ര മഴ പെയ്തിട്ടും ഒരു തവളയുടെ ശബ്ദം കേള്‍ക്കാനില്ല'' നീലിപ്പാറയിലെ മാരിയപ്പന്‍ പറഞ്ഞു. ഈ വഴിയൊക്കെ പാമ്പിന്റെ കേന്ദ്രമായിരുന്നു. ഇപ്പോള്‍ രാത്രി പോകുമ്പോള്‍ ആളുകള്‍ ടോര്‍ച്ച് പോലും എടുക്കാറില്ല. തവളയില്ല, പാമ്പില്ല, കുറുക്കനില്ല. കഴിഞ്ഞ വര്‍ഷം അവിടവിടെ പന്നികള്‍ ചത്തുകിടന്നു. മനുഷ്യനു മാത്രമല്ല കേട്. ഇപ്പോഴും ഇവിടുത്തെ കാര്യങ്ങള്‍ വേണ്ടത്ര പൊതുശ്രദ്ധയില്‍ വന്നിട്ടില്ല. നമ്മളെന്തെങ്കിലും പറഞ്ഞാല്‍ ഇവിടുത്തെ കച്ചവടം ഇല്ലാതാക്കുന്ന ആളുകളാണെന്നു പറയും. ചിലപ്പോ തോന്നും ഇവിടെനിന്ന് എങ്ങോട്ടെങ്കിലും പോയാലോ എന്ന്. പക്ഷേ, എങ്ങോട്ട് പോകാന്‍...'' വീട്ടില്‍നിന്നു റോഡിലേക്ക് നടക്കുന്നതിനിടയില്‍ മാരിയപ്പന്‍ പറഞ്ഞുകൊണ്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com