കണികാനിരീക്ഷണശാലയുടെ നേരും നുണയും

മുടങ്ങിക്കിടന്ന തേനിയിലെ കണികാനിരീക്ഷണപദ്ധതിക്ക്  വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വീണ്ടും ലഭിച്ചതോടെ അതേ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. 
തേനിയിലെ നിര്‍ദിഷ്ട കണികാപരീക്ഷണ കേന്ദ്രം
തേനിയിലെ നിര്‍ദിഷ്ട കണികാപരീക്ഷണ കേന്ദ്രം


രു ദശകമായി വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന തേനിയിലെ ഇന്ത്യന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പ്രൊജക്ടിന് മാര്‍ച്ച് അവസാനവാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ (Ministry of Environment, Forest and Climate Change ) അനുമതി ലഭിച്ചു. എന്നാല്‍, അതോടെ പദ്ധതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുകയും വനം മന്ത്രാലയത്തിന്റെ നടപടി, ഈ വിഷയത്തെക്കുറിച്ച് സാങ്കേതികജ്ഞാനമുള്ളവരില്‍നിന്നടക്കമുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയില്‍ ഉത്തമപാളയം താലൂക്കിലെ പൊട്ടിപ്പുറം ഗ്രാമത്തിലാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് നേതൃത്വം നല്‍കുന്ന പദ്ധതി നടപ്പാകുന്നത്. 

എന്താണ് ന്യൂട്രിനോ പ്രൊജക്ട്?
ആണവോര്‍ജ്ജ ഡിപ്പാര്‍ട്ട്‌മെന്റും ശാസ്ത്രസാങ്കേതിക വകുപ്പും സംയുക്തമായി 1584 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്നതാണ് ന്യൂട്രിനോ പ്രൊജക്ട്. ഇതൊരു ഭൂഗര്‍ഭ ഒബ്‌സര്‍വേറ്ററിയാണ്. ഭൂഗര്‍ഭ അറകളുടെ ഒരു സമുച്ചയമാണ് ഈ ഒബ്‌സര്‍വേറ്ററി. പ്രധാനപ്പെട്ട അറയിലാണ് ഭീമാകാരമായ ന്യൂട്രിനോ ഡിറ്റക്ടര്‍ സ്ഥാപിക്കുക. ഇതിന് 130 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുണ്ടാകും. കുറച്ചുകൂടി ചെറിയ രണ്ടു ഭൂഗര്‍ഭ അറകളില്‍ തമോദ്രവ്യത്തെക്കുറിച്ചും, ന്യൂട്രിനോ ഡബിള്‍ ഡിറ്റക്ടറുപയോഗിച്ചും ഉള്ള പരീക്ഷണങ്ങള്‍ നടക്കും. രണ്ടു കിലോമീറ്ററോളം വരുന്ന ഒരു തുരങ്കം വഴിയാണ് ഈ നിരീക്ഷണകേന്ദ്രത്തിലെത്തുക. 

ലോകമെമ്പാടും സ്ഥാപിക്കപ്പെട്ടുപോരുന്ന ന്യൂട്രിനോ നിരീക്ഷണശാലാ ശൃംഖലയില്‍ ഒടുവിലത്തേതാണ് പൊട്ടിപ്പുറത്തേത്. കണികാഭൗതികശാസ്ത്രത്തിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. കാനഡ, ജപ്പാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ ഭൂമിക്കടിയിലും ധ്രുവപ്രദേശങ്ങള്‍, മെഡിറ്ററേനിയന്‍ സമുദ്രം എന്നിവിടങ്ങളില്‍ ജലത്തിനടിയിലും ഇത്തരം നിരീക്ഷണകേന്ദ്രങ്ങളുണ്ട്. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച നമ്മുടെ അറിവുകളുടെ മണ്ഡലത്തില്‍ വലിയ കുതിപ്പുണ്ടാക്കുന്നതില്‍ ഇത്തരം നിരീക്ഷണകേന്ദ്രങ്ങള്‍ സഹായകമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം.

പ്രൊജക്ട് വെബ്‌സൈറ്റ് (http://www.ino.tifr.res.in/ino/index.php) നല്‍കുന്ന വിവരങ്ങളനുസരിച്ച് ഒരു ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി ആണ് ബോധിനായ്ക്കന്നൂരിലെ മലനിരകളില്‍ സ്ഥാപിക്കപ്പെടുന്നത്. ചാര്‍നോക്കൈറ്റ് ശിലകളുള്ള ഈ പ്രദേശം പരീക്ഷണശാലയ്ക്ക് ഏറ്റവും അനുയോജ്യമാണെന്നാണ് വാദം. ലോകത്തെ മറ്റു ന്യൂട്രിനോ ഡിറ്റക്ടറുകളെല്ലാം സ്ഥിതിചെയ്യുന്നത് അക്ഷാംശം 35 ഡിഗ്രിക്ക് മുകളിലാണെങ്കില്‍ ഇവിടെ അത് എട്ടു ഡിഗ്രിയോളം താഴേക്ക് കൊണ്ടുവരുന്നത് സാധ്യമാകുന്നു. പോരാത്തതിന് ഭൂമധ്യരേഖയുമായുള്ള സാമീപ്യവും പരീക്ഷണങ്ങള്‍ക്ക് അനുകൂലമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒബ്‌സര്‍വേറ്ററിയുടെ എല്ലാ ദിശകളിലേക്കും 1000 മീറ്ററിലധികം ഭൂമി ഉണ്ടാകണമെന്നാണ് നിരീക്ഷണശാലയ്ക്ക് ഇടം കണ്ടെത്തുമ്പോഴുള്ള ഒരു വ്യവസ്ഥ. ഇതും ഇവിടെ സാധ്യമാണ്. 

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടത്. 2017 ഡിസംബറില്‍ സുരക്ഷാമന്ത്രാലയം പദ്ധതിക്ക് പച്ചക്കൊടി കാട്ടി. 2011-ലാണ് 'ഇന്ത്യ-ബേയ്‌സ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി' (INO) തേനിയിലെ ബോധിമലകളില്‍ സ്ഥാപിക്കാന്‍ പരിസ്ഥിതി അനുമതി ആദ്യം ലഭിച്ചത്. പദ്ധതിക്കെതിരെ വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയും പദ്ധതി വീണ്ടും പരിഗണിച്ചുകൊണ്ട് അനുമതി തേടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അപേക്ഷ പരിഗണിച്ച വിദഗ്ദ്ധസമിതി, പരിസ്ഥിതി അനുമതി നല്‍കാന്‍ 2018 മാര്‍ച്ച് അഞ്ചിന് ശുപാര്‍ശ നല്‍കി. നീലഗിരിമലനിരകളിലെ സിങ്കാരക്കുന്നുകളായിരുന്നത്രേ ഈ പദ്ധതിക്കായി ആദ്യം പരിഗണനയിലുണ്ടായിരുന്നത്. പക്ഷേ, ടൈഗര്‍ റിസര്‍വ്വ് ആയ മുതുമല നാഷണല്‍ പാര്‍ക്കിലുള്‍പ്പെടുന്നതാണ് ഈ പ്രദേശം എന്നതിനാല്‍ ആ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകാതെ പോകുകയാണ് ഉണ്ടായത്.

എന്തുകൊണ്ടാണ് എതിര്‍പ്പ്?
പാരിസ്ഥിതിക കാരണങ്ങളാണ് ഈ പദ്ധതി നിര്‍ദ്ദിഷ്ട പ്രദേശത്ത് നടപ്പാക്കുന്നതിനെ എതിര്‍ക്കാന്‍ ഉന്നയിക്കപ്പെടുന്നതില്‍ മുഖ്യം. മലയുടെ ഉള്ളില്‍ നിര്‍മ്മിക്കുന്ന അറകളിലേക്കെത്തിച്ചേരുന്നതിന് രണ്ടുകിലോമീറ്ററോളം വരുന്ന തുരങ്കം ഉണ്ടാക്കുമ്പോള്‍ വന്നുചേരുന്ന നാശനഷ്ടങ്ങള്‍ ഭയാനകമാകുമെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ജൈവവൈവിധ്യസമ്പന്നമാണ് ഈ പ്രദേശം. അപൂര്‍വ്വമായ നിരവധി ജന്തുജാലങ്ങള്‍ ഈ പ്രദേശത്തുണ്ട്. പദ്ധതിയുടെ നിര്‍മ്മാണം ഇവയുടെ നാശത്തിനു വഴിവെയ്ക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനും മലനിരകള്‍ക്ക് സംഭവിക്കാവുന്ന ഘടനാപരമായ മാറ്റങ്ങള്‍ക്കും പുറമേ ഒബ്‌സര്‍വേറ്ററി നിലവില്‍ വന്നാലുണ്ടാകുന്ന മറ്റു വിപത്തുകളില്‍ റേഡിയേഷന്‍, രാസവസ്തുക്കളില്‍നിന്നുള്ള മലിനീകരണം എന്നിവയും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഈ ഭയപ്പാടുകളെ തള്ളിക്കളയുന്നു. 

എന്നാല്‍, ലോകത്തിന്റെ ഭാഗങ്ങളില്‍ ഇത്തരം നിരീക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ത്തന്നെ കോലാര്‍ സ്വര്‍ണ്ണപ്പാടത്ത് ഇത്തരമൊരു പരീക്ഷണശാല തന്നെ ഉണ്ടായിരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂട്രിനോകളെക്കുറിച്ച് പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി 2000 മീറ്റര്‍ ഭൂമിക്കടിയിലുള്ള ഈ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. ഖനി അടച്ചുപൂട്ടിയപ്പോള്‍ ഇതിന്റേയും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ''കണികാശാസ്ത്രത്തില്‍ ന്യൂട്രിനോ ശാസ്ത്രത്തില്‍ ഒരുകാലത്ത് നേതൃത്വം ഇന്ത്യക്കായിരുന്നു. 1990-കളുടെ മധ്യത്തില്‍ കോലാര്‍ സ്വര്‍ണ്ണപ്പാടങ്ങള്‍ അടച്ചുപൂട്ടിയതോടെ ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയായിരുന്നു'' എന്ന് ഐ.എന്‍.ഒ സ്ഥാപകാംഗവും ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാത്തമറ്റിക്കല്‍ സയന്‍സസ് പ്രൊഫ. ജി. രാജശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു. 

പാരിസ്ഥിതികാനുമതി ഉയര്‍ത്തിയ വിവാദം
പരിസ്ഥിതിവാദികള്‍ ഉയര്‍ത്തിയ ഉല്‍ക്കണ്ഠകളെല്ലാം തള്ളിക്കളഞ്ഞ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പച്ചക്കൊടി കാണിച്ചതോടെ വീണ്ടും വിവാദത്തിനു ചൂടുപിടിച്ചു. പൊതുജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കാതെയാണ് പാരിസ്ഥിതികാനുമതി നല്‍കിയതെന്ന് നിരവധി വര്‍ഷങ്ങളായി ഈ പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവയാല്‍ ബാധിക്കപ്പെടുന്ന പ്രാദേശിക ജനതയുടെ വികാരം കേന്ദ്രം കണക്കിലെടുക്കാതിരിക്കുന്നതിന് മറ്റൊരു ഉദാഹരണമായി അവര്‍ ഈ പാരിസ്ഥിതികാനുമതിയെ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍നിന്ന് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങള്‍ തെളിവെടുപ്പ് നടത്തുകയുണ്ടായില്ലെന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

പാരിസ്ഥിതികാനുമതിയെ ഭരണഘടനാവിരുദ്ധമെന്നും നിയമവിരുദ്ധമെന്നും വിശേഷിപ്പിച്ച പൂവുലകിന്‍ നന്‍പൈര്‍കള്‍ എന്ന സംഘടനയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ജി. സുന്ദര്‍രാജന്‍ അപലപിക്കുകയുണ്ടായി. ''ഈ പാരിസ്ഥിതികാനുമതി നിയമവിരുദ്ധമാണ്. ദേശീയ ഹരിതട്രൈബ്യൂണലിന്റെ അസന്ദിഗ്ധമായ ഉത്തരവിനെ മറികടന്നും രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചുമാണ് ഈ അനുമതിയുണ്ടായിരിക്കുന്നത്. ഇതൊരു കാറ്റഗറി എ പ്രൊജക്ടായിട്ടാണ് ദേശീയ ഹരിതട്രൈബ്യൂണല്‍ വിലയിരുത്തിയതെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയം അതും മറികടന്ന് കാറ്റഗറി ബിയില്‍പ്പെടുത്തിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവും ദേശവിരുദ്ധവുമാണ്.'' ഇക്കാര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സുന്ദര്‍രാജന്‍ സാമൂഹ്യമാധ്യമങ്ങളിലെഴുതി. 

പാരിസ്ഥിതികാനുമതിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് ദേശീയ ഹരിതട്രൈബ്യൂണലിലാണെന്നും എന്‍.ജി.ടി ആക്ട് അനുസരിച്ച് മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വേണം അപ്പീല്‍ നല്‍കേണ്ടതെന്നും അനുമതിപത്രത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഈ പ്രശ്‌നം ഏറ്റെടുത്തു സമരം ചെയ്യാന്‍ വൈക്കോ നയിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുള്‍പ്പെടെയുള്ള സംഘടനകള്‍ തയ്യാറാകുമ്പോള്‍ തമിഴ്നാടിനെക്കാള്‍ ഈ പദ്ധതിയുടെ പ്രത്യാഘാതം അനുഭവിക്കാനിരിക്കുന്ന കേരളത്തില്‍ ഈയിടെയായി ഇത് സംബന്ധിച്ച് കാര്യമായ പ്രതിഷേധങ്ങളൊന്നുമുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യഘട്ടത്തില്‍ ഈ പ്രൊജക്ടിനെതിരെ ഉന്നയിക്കപ്പെട്ട അയഥാര്‍ത്ഥങ്ങളും അശാസ്ത്രീയവുമായ വാദങ്ങളാണ് പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള വിമുഖതയ്ക്ക് നിദാനം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

എന്താണ് ന്യൂട്രിനോ?
പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ പോലൊരു മൗലിക കണമാണ് ന്യൂട്രിനോയും. 1931-ല്‍ ബീറ്റാ അപചയത്തിനു വിശദീകരണം നല്‍കുന്ന സമയത്ത് വൂള്‍ഫാങ് പൗളിയാണ് (Wolfgang Pauli) ഇത്തരമൊരു വിചിത്ര കണത്തെ പ്രവചിച്ചത്. 1956-ല്‍ ഫ്രെഡറിക് റീനസിന്റെ നേതൃത്വത്തില്‍ ന്യൂട്രിനോകളെ ആദ്യമായി കണ്ടുപിടിച്ചു. ഫോട്ടോണുകള്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന കണങ്ങളാണ് ഇവ. പ്രപഞ്ചാരംഭത്തില്‍ മഹാവിസ്‌ഫോടനവേളയില്‍ സൃഷ്ടിക്കപ്പെട്ടതാണ് ന്യൂട്രിനോകളെന്നും കരുതപ്പെടുന്നു. സൂര്യനില്‍നിന്നും മറ്റു നക്ഷത്രങ്ങളില്‍നിന്നും ഭൂമിയില്‍ ന്യൂട്രിനോകള്‍ എത്തുന്നുണ്ട്. 


ഉറവിടം
സൂര്യന്റേയും മറ്റു നക്ഷത്രങ്ങളുടേയും കാമ്പില്‍ നടക്കുന്ന അപചയങ്ങളുടെ പ്രവര്‍ത്തനഫലമായി അനേക കോടി ന്യൂട്രിനോകള്‍ ഉണ്ടാകുന്നുണ്ട്. ഒരു സെക്കന്‍ഡില്‍ ഏതാണ്ട് ഇരുന്നൂറു ലക്ഷം കോടി ലക്ഷം കോടി ലക്ഷം കോടി ന്യൂട്രിനോകളാണ് സൂര്യനില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. നമ്മുടെ ശരീരത്തിലൂടെ ഓരോ സെക്കന്‍ഡിലും ബില്യണ്‍ കണക്കിനു ന്യൂട്രിനോകള്‍ കടന്നുപോകുന്നു. എന്നാല്‍, ഒരു ജീവിതകാലത്ത് നമ്മുടെ ശരീരവുമായി പ്രതിപ്രവര്‍ത്തിക്കുന്നത് ഉയര്‍ന്ന ഊര്‍ജ്ജമുള്ള ഒന്നോ രണ്ടോ കണികകള്‍ മാത്രം. പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങള്‍ അഥവാ സൂപ്പര്‍നോവകളില്‍നിന്നുള്ളത്, പ്രപഞ്ചോല്‍പ്പത്തി അവശേഷിപ്പിച്ചത് (റെലിക് ന്യൂട്രിനോകള്‍), പ്രകൃതിദത്ത റേഡിയോ ആക്ടിവിറ്റിയില്‍നിന്നുള്ളത്, ഭൂമിയുടെ അന്തരീക്ഷത്തില്‍ നടക്കുന്ന കോസ്മിക് റേ പ്രതിപ്രവര്‍ത്തനങ്ങളില്‍നിന്നുള്ളത് എന്നിവയേയാണ് ഇന്നു തിരിച്ചറിഞ്ഞിട്ടുള്ളത്. കുറഞ്ഞത് മൂന്നു തരത്തിലുള്ള ന്യൂട്രിനോകളും അവയുടെ പ്രതികണികകളും പ്രകൃതിയില്‍ നിലനില്‍ക്കുന്നുണ്ട്. 

സ്വഭാവം
ന്യൂട്രിനോകള്‍ റേഡിയോ ആക്ടീവതയുള്ള കണങ്ങളല്ല. ഫോട്ടോണുകളെപ്പോലെ ന്യൂട്രിനോകള്‍ക്കും വൈദ്യുതചാര്‍ജ്ജില്ല. വളരെ വിരളമായിട്ടു മാത്രമേ അവ പ്രതിപ്രവര്‍ത്തിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സൂര്യന്‍, ഗ്രഹങ്ങള്‍ എന്നിവയില്‍ക്കൂടി ഒരു തടസ്സവുമില്ലാതെ അവ കടന്നുപോകും. തീരെ കുറഞ്ഞ പിണ്ഡം അവയ്ക്കുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അവയുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ ഇതുവരേയും ആയിട്ടില്ലെങ്കിലും.

പ്രാധാന്യം
പൂജ്യം മാസ്സുള്ള ഫോട്ടോണുകള്‍ കഴിഞ്ഞാല്‍ പ്രകൃതിയില്‍ ഏറ്റവും സുലഭമായി കണ്ടെത്തിയിട്ടുള്ളത് ന്യൂട്രിനോകളെയാണ്. അവയ്ക്കുള്ളത് തീരെ ചെറിയ പിണ്ഡമാണെങ്കില്‍ പോലും അനേകകോടി വരുന്ന അവയുടെ സമാഹൃതമായ ഗുരുത്വാകര്‍ഷണ പ്രഭാവം പ്രപഞ്ചപരിണാമത്തില്‍ സാരമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ശാസ്ത്രം അനുമാനിച്ചിട്ടുണ്ട്. ന്യൂട്രിനോകളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ വലിയൊരു കുതിച്ചുചാട്ടത്തിനു വഴിവെയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 

പശ്ചിമഘട്ടത്തെ തകര്‍ക്കരുത് 
രാജഗോപാല്‍ കമ്മത്ത് 
കാലപ്പഴക്കം മലനിരകളേയും ബാധിക്കാറുണ്ടെന്നതിനാല്‍ പശ്ചിമഘട്ടം നമ്മള്‍ കരുതുംപോലെ അത്ര ഉറപ്പുള്ളതൊന്നുമല്ല. സ്വതവേ ദുര്‍ബ്ബലമായ മലയില്‍ ന്യൂട്രിനോ നിരീക്ഷണശാലയ്ക്കുവേണ്ടി വര്‍ഷങ്ങളോളം ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തിയാല്‍ മലയിടിച്ചില്‍ ഉണ്ടാകും. ചുറ്റുപാടുമുള്ള ഭൂപ്രകൃതിതന്നെ മാറിമറിയും. റൂഫ് കൊളാപ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസത്തില്‍ ആ മല ഒന്നോടെ തകര്‍ന്നടിയാനും സാധ്യതയുണ്ട്. കാലപ്പഴക്കം കൊണ്ട് പാറകള്‍ക്കും മലനിരകള്‍ക്കും അപക്ഷയം (rock weathering) സംഭവിക്കാറുണ്ട്.

ജലം വിള്ളലുകളിലൂടെ ഇറങ്ങുന്നത്, രാസപരമായ മാറ്റങ്ങള്‍ എന്നിവയാണ് അപക്ഷയത്തിന്റെ പ്രധാന കാരണങ്ങള്‍. ദുര്‍ബ്ബലമായ പശ്ചിമഘട്ടം ഇത്തരം പ്രതിഭാസങ്ങള്‍ക്ക് പെട്ടെന്നു വിധേയമാകും എന്നു വ്യക്തം. ബ്ലാസ്റ്റിങ്ങും മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ബോധി മലനിരകളെ ദുര്‍ബ്ബലമാക്കുമെന്നതു വ്യക്തമാണ്. ഈ മലയിടിച്ചിലില്‍ ഉണ്ടാകുന്ന വിള്ളല്‍ ഇടുക്കി എന്ന പ്രദേശത്തിന്റെ കാലാവസ്ഥയെ ആകെ മാറ്റിമറിക്കും. കര്‍ഷകരാണ് ഈ പ്രദേശത്തേറെയും. കാലാവസ്ഥ മാറിയാല്‍ പിന്നെ അവിടെ വളരുന്ന സസ്യങ്ങള്‍ നശിക്കുകയും കര്‍ഷകരുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാകുകയും ചെയ്യും. ഇത്തരം റൂഫ് കൊളാപ്‌സുണ്ടായാല്‍ ഇടുക്കിയിലെ താപനില ഏകദേശം മൂന്നു മുതല്‍ അഞ്ചു ഡിഗ്രി വരെ വര്‍ദ്ധിക്കാനിടയുണ്ട്. ആനയിറങ്ങി, പൊന്‍മുടി അണക്കെട്ടുകള്‍ ഇതിന് സമീപമുള്ളവയാണ്. ഇവയ്ക്ക് പുറമേ നിരവധി ചെറുതും വലുതുമായ അണക്കെട്ടുകള്‍ ഇവിടെയുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇടുക്കിയിലെ ഡാമുകളുടെ കാച്ച്‌മെന്റ് ഏരിയയില്‍ മഴയുടെ ലഭ്യത കുറയും. ന്യൂട്രിനോ നിരീക്ഷണശാലയ്ക്ക് ഒട്ടും അനുയോജ്യമല്ല ഈ പ്രദേശം. 

പശ്ചിമഘട്ടത്തെ യഥാര്‍ത്ഥ മലകളുടെ കൂട്ടത്തില്‍ പെടുത്താനാകില്ല. പതിനഞ്ചു കോടി വര്‍ഷം മുന്‍പ് ഗൊണ്ട്വാന എന്ന വന്‍ഭൂഖണ്ഡത്തില്‍നിന്നും വേര്‍പെട്ട് കുറച്ചുഭാഗം മഡഗാസ്‌കറും ബാക്കി ഏഷ്യാ വന്‍കരയുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായി. 
ദുര്‍ബ്ബലമായ പശ്ചിമഘട്ട മലനിരകളില്‍ ഒരുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കരുത്. പെരിയാര്‍ ഫോള്‍ട്ട് എന്ന ഭൂകമ്പസാധ്യതാപ്രദേശം വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇടുക്കി ഭൂകമ്പസാധ്യതാ പട്ടികയില്‍ സോണ്‍ മൂന്നില്‍ വരുന്നു. നേരത്തെ ശക്തമായ ഭൂകമ്പങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂട്രിനോ നിരീക്ഷണശാലയുടെ നിര്‍മ്മാണം പരിസ്ഥിതിക്കു ഭംഗം വരുത്തില്ല എന്നൊക്കെയുള്ള അബദ്ധജടിലമായ പ്രസ്താവങ്ങള്‍ പലതും അഭ്യുദയകാംക്ഷികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാതെ അബദ്ധങ്ങള്‍ പടച്ചുവിടരുത് എന്നാണ് അത്തരം പ്രചരണങ്ങള്‍ നടത്തുന്നവരോട് പറയാനുള്ളത്. ന്യൂട്രിനോ നിരീക്ഷണശാല മറ്റൊരിടത്തേയ്ക്കു മാറ്റുന്നതാണ് നല്ലത്. തമിഴ്നാട്ടില്‍ത്തന്നെ ഇതു വേണമെങ്കില്‍ കന്യാകുമാരി ജില്ലയില്‍ ധാരാളം ഇടങ്ങളുണ്ട്. അതല്ലെങ്കില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും രാജസ്ഥാനിലും അനുയോജ്യമായ ഇടങ്ങള്‍ തേടിപ്പിടിക്കാവുന്നതാണ്. പശ്ചിമഘട്ടത്തെ വെറുതെ വിടുക. 

വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതം
ജോസഫ് ആന്റണി (മാധ്യമപ്രവര്‍ത്തകന്‍)

ന്യൂട്രിനോ ഗവേഷണം എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഇക്കാര്യത്തില്‍ ഏറെക്കാലത്ത് അനുഭവമുണ്ട് നമ്മുടെ രാജ്യത്തിന്. ഈ രംഗത്ത് ഏറ്റവുമാദ്യം ചുവടുവയ്പുകള്‍ നടത്തിയ രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. 1964-ല്‍ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ ന്യൂട്രിനോ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു നാം ഗവേഷണം ആരംഭിച്ചിരുന്നു. അന്തരീക്ഷ ന്യൂട്രിനോകളുടെ കണ്ടുപിടിത്തമുള്‍പ്പെടെ സുപ്രധാനങ്ങളായ ഫലങ്ങള്‍ നമുക്ക് അങ്ങനെ ലഭിച്ചു. ഡോ. എം.ജി.കെ. മേനോന്റെ നേതൃത്വത്തിലായിരുന്നു അത്. കോലാര്‍ ഖനിയുടെ പ്രവര്‍ത്തനം അവസാനിച്ചതോടെ 1992-ല്‍ ന്യൂട്രിനോ നിരീക്ഷണം നിര്‍ത്തി. ന്യൂട്രിനോ ഗവേഷണരംഗത്ത് അക്കാലത്ത് നമുക്ക് അമേരിക്കയുടേയും ജപ്പാന്റേയും കാനഡയുടെയുമൊക്കെ ഒപ്പം സ്ഥാനമുണ്ടായിരുന്നു. പിന്നീട് അത് തുടരാനായില്ല. എന്നാല്‍, ആ സ്ഥാനം തിരിച്ചുപിടിക്കാന്‍ കൂടിയാണ് ബോഡി മലയിലെ ഈ ന്യൂട്രിനോ ഒബ്സര്‍വേറ്ററി. 

'ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക' എന്ന് പറയാറില്ലേ. ന്യൂട്രിനോ നിരീക്ഷണപദ്ധതിക്ക് എതിരായി പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകള്‍ കാണുമ്പോള്‍ ഈ ചൊല്ല് ഓര്‍മ്മവരും. 'ആണവപരീക്ഷണശാല', 'കണികാപരീക്ഷണം', 'അമേരിക്കയ്ക്ക് വേണ്ടി ആണവായുധ നിര്‍മ്മാണം', 'പശ്ചിമഘട്ടത്തെ തകര്‍ക്കാന്‍ പോന്ന കിലോമീറ്ററുകള്‍ നീളമുള്ള ഭൂഗര്‍ഭ ടണല്‍ നിര്‍മ്മാണം', അതീവനാശം വിതയ്ക്കുന്ന 'കൃത്രിമ ന്യൂട്രിനോകള്‍', 'ഫാക്ടറി നിര്‍മ്മിത ന്യൂട്രിനോകള്‍' എന്നുവേണ്ട സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരെ പോലും തോല്‍പ്പിക്കും വിധമുള്ള വന്യഭാവനകളാണ്. ഒരു ന്യൂട്രിനോ നിരീക്ഷണകേന്ദ്രം (ന്യൂട്രിനോ ഒബ്സര്‍വേറ്ററി) മാത്രമാണ്. തമിഴ്നാട്ടില്‍ത്തന്നെ കാവലൂരിലെ ഭീമന്‍ ടെലിസ്‌കോപ്പിന്റെ കാര്യമെടുക്കുക. പ്രകാശത്തിന്റെ സഹായത്തോടെ ആകാശനിരീക്ഷണം നടത്തുകയാണ് ടെലിസ്‌കോപ്പ് ചെയ്യുന്നത്. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ പോലൊരു മൗലിക കണമാണ് ന്യൂട്രിനോയും. കാവലൂരില്‍ ഫോട്ടോണുകളാല്‍ ആകാശനിരീക്ഷണം നടത്തുമ്പോള്‍, ന്യൂട്രിനോ നിരീക്ഷണാശാലയില്‍ ന്യൂട്രിനോകളാല്‍ ആകാശനിരീക്ഷണം നടത്തുന്നു! ഒരു ടെലിസ്‌കോപ്പിന്റെ റോള്‍ മാത്രമേ ന്യൂട്രിനോ നിരീക്ഷണശാലയ്ക്കുള്ളൂ എന്നുസാരം! 


എന്തിനാണ് ഇത് ഭൂമിയ്ക്കടിയില്‍ സ്ഥാപിക്കുന്നത്? ന്യൂട്രിനോകളുടെ ഏറ്റവും വിചിത്രമായ സവിശേഷത, മറ്റ് പദാര്‍ത്ഥകണങ്ങളുമായി വളരെ വളരെ കുറഞ്ഞ തോതില്‍ മാത്രമേ അവ ഇടപഴകൂ എന്നതാണ്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥരൂപങ്ങളും ന്യൂട്രിനോകള്‍ക്ക് സുതാര്യം (transparent) ആണ്. ഈ സവിശേഷത തന്നെയാണ് അവയെ നിരീക്ഷിക്കുന്നതിലുള്ള ഏറ്റവും വലിയ വൈതരണി. കോസ്മിക് കിരണങ്ങളുടെ ആധിക്യമുള്ള സ്ഥലങ്ങളില്‍ ന്യൂട്രിനോകളെ കണ്ടെത്താനും പഠിക്കാനും കഴിയില്ല. അതുകൊണ്ട്, അത്തരം ശല്യം ഒഴിവാക്കാന്‍ ഭൂമിക്കടിയിലെ ഖനികളിലോ മലകള്‍ക്കുള്ളിലെ ഗുഹകളിലോ ന്യൂട്രിനോ ഡിറ്റൈക്ടറുകള്‍ സ്ഥാപിക്കേണ്ടി വരുന്നു.

ചാര്‍നോകൈറ്റ് പാറയാണ് പദ്ധതിപ്രദേശത്തുള്ളത്. 1200 മീറ്റര്‍ പാറയുടെ മറവും കിട്ടും. അതായത് കോസ്മിക് കിരണങ്ങളുടെ ശല്യമില്ലാതെ ന്യൂട്രിനോ നിരീക്ഷണം സാധ്യമാകും. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലാണ് ഒബ്സര്‍വേറ്ററിയിലെത്താന്‍ നിര്‍മ്മിക്കുക. അവിടെ ഒരു ഡിറ്റക്ടര്‍ സ്ഥാപിക്കും. വല്ലപ്പോഴുമൊക്കെയേ അവിടെ ആളുകളെത്തൂ. 19 കൊല്ലമോ മറ്റോ ആണ് ഡിറ്റക്ടറിന്റെ ആയുസ്സ്. ന്യൂട്രിനോ ബീമൊക്കെ അവിടെ ഉണ്ടാകുന്നത് വിദൂരസാധ്യത മാത്രമാണ്. ഈ ടണലുണ്ടാക്കുന്നതിനെതിരെയാണ് പദ്ധതിയുടെ വിമര്‍ശകര്‍ ഏറെയും സംസാരിക്കുന്നത്. പശ്ചിമഘട്ടത്തില്‍ എത്രയോ ഖനികള്‍ പ്രവര്‍ത്തിക്കുന്നു. അവയില്‍ ഒരെണ്ണമുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്‌നത്തിന്റെ ഒരംശമെങ്കിലും രണ്ട് കിലോമീറ്റര്‍ ടണലുണ്ടാക്കുമ്പോള്‍ സംഭവിക്കുമോ എന്നാലോചിച്ച് നോക്കുക. അതല്ലെങ്കില്‍, 738 കിലോമീറ്റര്‍ നീളമുള്ള കൊങ്കണ്‍ റെയില്‍വേയുടെ കാര്യമെടുക്കുക. പശ്ചിമഘട്ടം മലനിരകളില്‍ ആ റെയില്‍പാതയ്ക്ക് വേണ്ടിയുണ്ടാക്കിയത് 92 തുരങ്കങ്ങളാണ്.

എല്ലാ തുരങ്കങ്ങള്‍ക്കും കൂടി 83.6 കിലോമീറ്റര്‍ നീളം. ആറര കിലോമീറ്റര്‍ നീളമുള്ള കര്‍ബുദെ ടണല്‍ ആണ് അതില്‍ ഏറ്റവും വലുത്! ഇതുമായി രണ്ടുകിലോമീറ്റര്‍ മാത്രം നീളമുള്ള തുരങ്കത്തെ താരതമ്യം ചെയ്തുനോക്കുക!  പ്രകമ്പനങ്ങളും ശബ്ദശല്യവും ഏറ്റവും കുറച്ചുണ്ടാക്കുന്ന തരത്തില്‍ നിയന്ത്രിതമായ രീതിയിലാകും ടണല്‍ നിര്‍മാണം എന്നു പദ്ധതിയുടെ നടത്തിപ്പുകാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും രക്ഷയില്ല. ശരിയായ ചര്‍ച്ചകള്‍ നടത്താനോ, യുക്തിപൂര്‍വ്വമായ നിഗമനങ്ങളിലെത്താനോ അല്ല ന്യൂട്രിനോ പദ്ധതി എതിര്‍ക്കുന്നവര്‍ക്ക് താല്‍പ്പര്യമെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇതിന്റെ ഫലമായി രാജ്യത്തെ പ്രധാനപ്പെട്ട ഒരു ശാസ്ത്രപദ്ധതി നഷ്ടപ്പെടാന്‍ ഇടവന്നാല്‍ അത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിരിക്കും.

നാള്‍വഴികള്‍
* 1989 ന്യൂട്രിനോ ഒബ്സര്‍വേറ്ററി ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
* 2000 ജനുവരി ചെന്നൈയില്‍ നടന്ന ന്യൂട്രിനോ ശാസ്ത്രജ്ഞരുടേയും കോസ്മോളജിസ്റ്റുകളുടേയും ശില്പശാലയില്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ന്യൂട്രിനോ പരീക്ഷണശാല എന്ന പദ്ധതിക്ക് തത്ത്വത്തില്‍ തീരുമാനമായി.
അതേ വര്‍ഷം ആഗസ്റ്റില്‍ കൊല്‍ക്കത്തയിലെ സാഹാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സില്‍ വച്ചു നടന്ന ന്യൂട്രിനോ ശാസ്ത്രജ്ഞരുടെ സമ്മേളനത്തിലും ഒബ്സര്‍വേറ്ററിയുടെ സാധ്യത ചര്‍ച്ചചെയ്യപ്പെട്ടു.
* 2001 ഫെബ്രുവരി ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ ഭൗതിക ശാസ്ത്രജ്ഞരുടെ സമ്മേളനത്തില്‍ ഇന്ത്യാ ബേയ്സ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററിയെന്ന ഗവേഷണ സംഘടന രൂപംകൊണ്ടു.
* 2001 സെപ്തംബര്‍ 6,7 മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഐ.എന്‍.ഒയുടെ ആദ്യ ഔദ്യോഗിക സമ്മേളനം. സമ്മേളനത്തില്‍ സ്ഥലമെടുപ്പ്, സൈദ്ധാന്തിക ഗവേഷണം, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ മാതൃകയുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും, തുരങ്ക നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.
* 2002-ല്‍ ദേശീയ ആണവോര്‍ജ്ജ കമ്മിഷനു സമര്‍പ്പിച്ച സബ് കമ്മിറ്റികളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടു.
* 2002 ആഗസ്റ്റ് 30-ന് പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുമായി ഉടമ്പടി ഒപ്പുവെച്ചു.
* 2009 തമിഴ്നാട്ടില്‍ നീലഗിരി ജില്ലയിലെ ശിങ്കാരക്കുന്നുകളില്‍ ഒബ്സര്‍വേറ്ററി സ്ഥാപിക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. അതിനു പകരമായി തേനിയിലുള്ള സുരുളി വനമേഖല നിര്‍ദ്ദേശിച്ചു. ഈ പ്രദേശത്തും ചില പ്രശ്‌നങ്ങളുണ്ടായി. ഒബ്സര്‍വേറ്ററിയുടെ നിര്‍മ്മാണത്തിനുവേണ്ടി ഒരു വലിയ പ്രദേശത്തെ മരം മുഴുവന്‍ മുറിച്ചുനീക്കേണ്ടിവരും. അതേത്തുടര്‍ന്ന് അവിടെനിന്നും 50 കിലോമീറ്റര്‍ അകലെയുള്ള തേവാരത്തേയ്ക്ക് ഒബ്സര്‍വേറ്ററിയുടെ സൈറ്റ് മാറ്റി. വലിയ മരങ്ങളൊന്നുമില്ലാത്ത അവിടെയും പ്രശ്‌നം അവസാനിച്ചില്ല. ന്യൂട്രിനോ പരീക്ഷണശാലയ്ക്ക് ഏറ്റവും അത്യാവശ്യമായ ജലം അവിടെ ലഭ്യമായിരുന്നില്ല.
* 2010 ഒക്ടോബര്‍ 18-ന് ഇപ്പോഴത്തെ സൈറ്റ് തെരഞ്ഞെടുത്തു.
* 2012 ഫെബ്രുവരിയില്‍ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com