മരണം കൊണ്ട് കടംവീട്ടുന്നവര്‍

വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ അഞ്ചുമാസത്തിനിടെ രണ്ടു കുട്ടികളടക്കം ആറുപേരാണ് ഇവിടെ മരിച്ചത്.
മരണം കൊണ്ട് കടംവീട്ടുന്നവര്‍

മൈക്രോഫിനാന്‍സ് കമ്പനികളുടെ വരിഞ്ഞുമുറുക്കലില്‍ ശ്വാസംമുട്ടി നില്‍ക്കുകയാണ് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി പഞ്ചായത്ത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ അഞ്ചുമാസത്തിനിടെ രണ്ടു കുട്ടികളടക്കം ആറുപേരാണ് ഇവിടെ മരിച്ചത്. തേങ്കുറിശ്ശിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. പാലക്കാട്ടെ പിന്നോക്കം നില്‍ക്കുന്ന ഉള്‍ഗ്രാമങ്ങളെല്ലാം മൈക്രോഫിനാന്‍സ് കന്വനികളുടെ പിടിയിലാണ്. ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ഗ്രാമവാസികളെ ചൂഷണം ചെയ്യാന്‍ പത്തിലധികം കമ്പനികള്‍ ഇവിടെയുണ്ട്. ആഴ്ച തിരിച്ചടവിന് പണം കണ്ടെത്താന്‍ ലൈംഗിക തൊഴിലില്‍ എത്തിപ്പെടുന്നതിലേയ്ക്കു വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. 

ഗ്രാമവാസികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ എത്തിയ കമ്പനികളുടെ വാഗ്ദാനങ്ങളില്‍ ജീവിതവും ജീവനും നഷ്ടപ്പെടുമ്പോഴും അധികൃതര്‍ക്ക് മൗനമാണ്. പണമുള്ളവന് മാത്രം വായ്പ നല്‍കുന്ന രീതിയില്‍ സഹകരണ ബാങ്കുകളും സംഘങ്ങളും മാറിയപ്പോഴാണ് ഈടുകളൊന്നുമില്ലാതെ വായ്പ നല്‍കുന്ന രക്ഷകരായി ഗ്രാമങ്ങളില്‍ മൈക്രോഫിനാന്‍സ് കമ്പനികള്‍ മാറിയത്. കമ്പനികളുടെ ഭീഷണിയും സമ്മര്‍ദ്ദവും താങ്ങാനാവാതെ വെമ്പല്ലൂരിലെ പത്മാവതി രണ്ടു പെണ്‍മക്കള്‍ക്കൊപ്പമാണ് കുളത്തില്‍ ചാടി മരിച്ചത്. നെല്ലിക്കല്‍ കോളനിയിലെ മൂന്നുപേരാണ് പിന്നീട് ജീവനൊടുക്കിയത്  ശാരദയും കൃഷ്ണന്‍കുട്ടിയും ചന്ദ്രനും.

അടവില്‍ തീരുന്ന 
ജീവിതങ്ങള്‍

മൈക്രോഫിനാന്‍സിന്റെ വായ്പയടവ് മുടങ്ങിയതിന്റെ പേരില്‍ രണ്ട് കുട്ടികളടക്കം ആറുപേര്‍ ആത്മഹത്യ ചെയ്ത തേങ്കുറിശ്ശിയിലാണ് പോയത്  കടക്കെണിയിലായവരുടെ വീടുകളില്‍. സിമന്റ് കട്ടകള്‍കൊണ്ടുള്ള ചുമരുകളും ഓലയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേല്‍ക്കൂര മെനഞ്ഞതുമായ ഒറ്റമുറി  ഇരുമുറി വീടുകള്‍. ദളിത് പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍ താമസിക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ചാണ് കമ്പനികളുടെ പ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത്. മരിച്ചവരെല്ലാം ദളിത്  പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളാണ്. രണ്ടും മൂന്നും ലക്ഷം രൂപ പല മൈക്രോഫിനാന്‍സ് കമ്പനികളില്‍നിന്നായി വായ്പയെടുത്തവരാണ് ഇവിടത്തെ ഭൂരിഭാഗം പേരും. എന്നാല്‍, ഈ വായ്പകൊണ്ട് ഇവരുടെ ജീവിതനിലവാരത്തിലോ ജീവിത സാഹചര്യത്തിലോ എന്തെങ്കിലും മാറ്റമുള്ളതായോ കാണാന്‍ കഴിഞ്ഞില്ല. കൂലിവേല ചെയ്തുകിട്ടുന്ന പൈസ ആഴ്ച അടവിനു തികയാത്തതിന്റെ ആവലാതികളാണ് അവര്‍ പങ്കുവെച്ചത്. അതിനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍. തൊട്ടടുത്ത വീട്ടില്‍ ഒരു മരണം നടന്നാല്‍പോലും പണിക്കു പോകാതിരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. കമ്പനിയുടെ ആളുകള്‍ പിരിവിനെത്തുമ്പോഴേയ്ക്കും കാശെത്തിക്കുക എന്ന വേവലാതിയിലാണവര്‍. ഏറ്റവും ഒടുവില്‍ ഈ പ്രദേശത്ത് ആത്മഹത്യ ചെയ്ത നെല്ലിക്കല്‍ കാട് കോളനിയിലെ ചന്ദ്രന്റെ വീടിനടുത്തുള്ള സ്ത്രീ പറഞ്ഞത്, 'രാവിലെ അവിടെ ഒന്നുകയറി ഞാന്‍ പണിക്കുപോയി, വായ്പയടവ് മുടക്കാന്‍ കഴിയില്ലല്ലോ' എന്നാണ്. കൃഷി, കെട്ടിടനിര്‍മ്മാണം, വീടുകളിലെ ജോലി എന്നിവയാണ് ഇവരുടെ വരുമാനമാര്‍ഗ്ഗം. ദാരിദ്ര്യത്തിനൊപ്പം വിദ്യാഭ്യാസത്തിന്റെ കുറവും കമ്പനികള്‍ പല രീതിയില്‍ മുതലെടുക്കുന്നു. വായ്പയെടുത്തവരോട് സംസാരിച്ചതില്‍ ഭൂരിഭാഗം പേര്‍ക്കും എത്ര രൂപ വായ്പ ഉണ്ടെന്നും എത്ര ശതമാനമാണ് പലിശ എന്നും എത്ര രൂപ മൊത്തം തിരിച്ചടവ് വേണമെന്നും എത്ര ആഴ്ചയാണ് അടവ് കാലയളവ് എന്നും ഒരു നിശ്ചയവുമില്ല. ബന്ധപ്പെട്ട രേഖകള്‍പോലും ഇവരുടെ കയ്യിലില്ല. 

മൈക്രോഫിനാന്‍സിന്റെ
 കെണികള്‍

പ്രശസ്തവും അല്ലാത്തതുമായ നിരവധി കമ്പനികള്‍ പാലക്കാട് ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തേങ്കുറിശ്ശി ഭാഗത്തുമാത്രം ഒന്‍പത് കമ്പനികള്‍ വായ്പ നല്‍കുന്നുണ്ട്. 24.5 ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് പല കമ്പനികളും പലിശ ഈടാക്കുന്നത്. സ്ത്രീകള്‍ക്കു മാത്രമാണ് വായ്പ കൊടുക്കുക. മിക്കവരുടേയും ഭര്‍ത്താക്കന്മാര്‍ നോമിനിയായി നില്‍ക്കേണ്ടിവരും. പത്തുപേരില്‍ കുറയാത്ത സംഘങ്ങളുണ്ടാക്കി, ആ സംഘങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. ഓരോ അംഗത്തിനും 10,000 രൂപ വീതം തുടക്കത്തില്‍ ഒരു ലക്ഷം രൂപ നല്‍കും. ആഴ്ചയിലാണ് തിരിച്ചടവ്. 52 ആഴ്ച മുതല്‍ 72 ആഴ്ച വരെയാണ് തിരിച്ചടവ് കാലാവധി. 

കൃഷ്ണന്‍കുട്ടി
കൃഷ്ണന്‍കുട്ടി


ആദ്യം നല്‍കിയ 10,000 രൂപ പകുതിയോളം അടച്ച് തീരുമ്പോഴേക്കും 20,000 രൂപ ഓരോരുത്തര്‍ക്കും എന്ന രീതിയില്‍ കമ്പനികള്‍ രണ്ടാമത്തെ ലോണ്‍ അനുവദിക്കും. ആദ്യ വായ്പയുടെ അടവ് കിഴിച്ച് ബാക്കി തുക അംഗങ്ങള്‍ക്കു നല്‍കും. ഇങ്ങനെ ഒരു ഗ്രൂപ്പിന് ഏഴുലക്ഷം രൂപ വരെ വായ്പ നല്‍കുന്ന കമ്പനികള്‍ ഈ പ്രദേശത്തുണ്ട്. ഗ്രൂപ്പുകളില്‍നിന്ന് വായ്പാ കുടിശ്ശിക തീര്‍ത്ത് ഇടയ്ക്കുവെച്ച് ഒഴിഞ്ഞുപോവുക എന്നത് അസാധ്യമാണ്. ഗ്രൂപ്പില്‍ നിലനില്‍ക്കുന്നവര്‍ക്ക് മാത്രമേ കൂടുതല്‍ കൂടുതല്‍ തുക വായ്പ കിട്ടുകയുള്ളൂ. ഇല്ലെങ്കില്‍ ആദ്യഗഡുവായ 10,000 രൂപയില്‍ പിന്നെയും തുടങ്ങേണ്ടിവരും. ഭാവിയില്‍ കൂടുതല്‍ പണത്തിന് ആവശ്യം വരുമ്പോള്‍ കിട്ടാതാവും എന്ന കമ്പനികളുടെ വാക്കുകളില്‍ ആശങ്കപ്പെട്ട് പണം ആവശ്യമില്ലാത്തവരും വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാകും. ഇങ്ങനെയുള്ളവര്‍ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്ക് തങ്ങളുടെ വായ്പാ തുക മറിച്ചുനല്‍കും. ഇതും കമ്പനികളുടെ തന്ത്രം തന്നെ. 10 പേരുള്ള ഒരു ഗ്രൂപ്പില്‍ ആറോ ഏഴോ പേരുടെ വായ്പ അത്യാവശ്യക്കാരിയായ ഒരംഗത്തിനു കൈമാറും. ഇത്രയും പേരുടെ ആഴ്ച അടവും അവര്‍ ഒറ്റയ്ക്ക് ചെയ്യണം. 500 രൂപയാണ് ആഴ്ച അടവെങ്കില്‍ ആറുപേരില്‍നിന്ന് പണം വാങ്ങിയ ഒരാള്‍ സ്വന്തം വായ്പയും ചേര്‍ത്ത് 3,500 രൂപ ഒരാഴ്ച അടയ്ക്കണം. ഇങ്ങനെ പല കമ്പനികളുടെ ഗ്രൂപ്പുകളില്‍നിന്നും ഒരേ സമയം വായ്പയെടുത്തവരാണ് മിക്കവരും. 

ചന്ദ്രന്‍
ചന്ദ്രന്‍

ഒരാളുടെ അടവ് മുടങ്ങിയാല്‍ കമ്പനി പണം സ്വീകരിക്കില്ല. സംഘത്തിലെ മുഴുവന്‍ അംഗങ്ങളുടേയും പണം ഒരു വീട്ടില്‍ എത്തിച്ചാണ് പണം പിരിക്കുന്നത്. ഇതിനായി ഓരോ പ്രദേശത്തും ഓരോ വീടുകള്‍ കണ്ടെത്തും. പണം അടയ്ക്കാന്‍ കഴിയാത്തവരെ കമ്പനിയുടെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കുമൊപ്പം ഗ്രൂപ്പിലെ മറ്റംഗങ്ങളും സമ്മര്‍ദ്ദത്തിലാക്കാന്‍ നിര്‍ബന്ധിക്കപ്പെടും. പണം അടച്ചില്ലെങ്കില്‍ ഭാവിയില്‍ ഒരാവശ്യത്തിനും ഒരു കമ്പനിയില്‍നിന്നും വായ്പ കിട്ടില്ല എന്ന് ഗ്രൂപ്പംഗങ്ങളെ കമ്പനി ഭീഷണിപ്പെടുത്തും. ആത്മഹത്യ ചെയ്ത ആളുകളെയെല്ലാം കമ്പനി പ്രതിനിധികള്‍ക്കു പുറമെ ഗ്രൂപ്പിലുള്ളവരും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. നാലും അഞ്ചും കമ്പനികളില്‍ ഒരേ സമയം അംഗങ്ങളാകുന്നവരുടെ വരുമാനത്തിനു പുറത്താണ് ഓരോ ആഴ്ചയിലും അടക്കേണ്ടി വരുന്ന തുക. ഇതിനുപുറമെയാണ് വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ടി.വി, ഫ്രിഡ്ജ് അടക്കമുള്ള ഗൃഹോപകരണങ്ങള്‍ ഇന്‍സ്റ്റാള്‍മെന്റായി നല്‍കുന്നത്. സാധനങ്ങള്‍ എടുത്താല്‍ മാത്രമേ വായ്പ തരികയുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികളുണ്ട്. നാലാംക്ലാസ്സിലും അഞ്ചാംക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ പേരില്‍ 30,000 രൂപ വിദ്യാഭ്യാസ വായ്പ എന്ന പേരിലും കമ്പനികള്‍ നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ ഒരു തവണ ഇതില്‍ കൂടുങ്ങിപ്പോയവര്‍ക്ക് പിന്നീട് ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.

വട്ടിപ്പലിശക്കാരില്‍നിന്ന് മൈക്രോയിലേക്ക് 
മൈക്രോഫിനാന്‍സ് കമ്പനികള്‍ വരുന്നതിന് മുന്‍പും പാലക്കാട്ടെ ഗ്രാമങ്ങള്‍ പലിശപ്പണത്തില്‍നിന്നും മുക്തരായിരുന്നില്ല. മുന്‍പ് തമിഴ്‌നാട്ടില്‍നിന്നുള്ളവരാണ് ഗ്രാമത്തിലെ തൊഴിലാളികള്‍ക്ക് പലിശയ്ക്ക് പണം കൊടുത്തിരുന്നത്. യാതൊരു ഈടുമില്ലാതെ വീട് കണ്ട് ബോധ്യപ്പെട്ട് പണം കൊടുക്കുന്ന രീതിയായിരുന്നു. അന്യായമായ പലിശയാണ് ഇവര്‍ ഈടാക്കിയിരുന്നത്. പണം പിരിക്കാന്‍ നേരിട്ട് വീടുകളില്‍ എത്തും. 5,000 രൂപ വരെയൊക്കെയാണ് ഇവര്‍ വായ്പയായി കൊടുത്തുകൊണ്ടിരുന്നത്. തമിഴരുടെ പലിശ ബാധ്യതയില്‍ നട്ടം തിരിഞ്ഞവര്‍ക്കിടയിലേയ്ക്കാണ് മൈക്രോഫിനാന്‍സുകാരുടെ വരവ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഓപ്പറേഷന്‍ കുബേര കൂടി നടപ്പാക്കിയതോടെ വട്ടിപ്പലിശക്കാരില്‍ ഭൂരിഭാഗവും സ്ഥലം വിട്ടു. മൈക്രോഫിനാന്‍സുകാര്‍ കൂടുതല്‍ ജനപ്രിയമാകുന്നതും ഇക്കാലത്താണ്. തമിഴരെക്കാള്‍ കൂടുതല്‍ തുക നല്‍കുന്നതും ആളുകളെ ആകര്‍ഷിച്ചു.

കുടുംബശ്രീ യൂണിറ്റുകളുടെ മാതൃകയിലാണ് മൈക്രോഫിനാന്‍സ് കമ്പനികള്‍ ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കുടുംബശ്രീ എ.ഡി.എസുമാരാണ് പലയിടങ്ങളിലും സംഘങ്ങളുടെ നേതൃത്വം ഏറ്റെടുത്തത്. കുടുംബശ്രീകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്ത ഈ മേഖലകളില്‍ കമ്പനികളുടെ ഇടപെടലിനു സാധ്യത കൂടി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജാഥയ്ക്കും പൊതുയോഗത്തിനും ആളെ കൂട്ടുന്ന സംഘങ്ങളായാണ് ഗ്രാമങ്ങളില്‍ പലയിടത്തും കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉല്പന്ന നിര്‍മ്മാണമോ മറ്റ് വരുമാന ശ്രോതസുകളോ ആയി പ്രവര്‍ത്തിക്കുന്നവയല്ല ഈ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകള്‍. 

ചുവന്ന മഷികൊണ്ട് വെട്ടും
മൈക്രോഫിനാന്‍സ് കമ്പനികളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് തേങ്കുറിശ്ശി പഞ്ചായത്തിലെ ആറുപേരും മരണത്തിലേക്കെത്തിയത്. ആത്മഹത്യ ചെയ്ത നെല്ലിക്കല്‍ക്കാട് ചന്ദ്രനേയും വായ്പയെടുത്ത ഭാര്യ ചന്ദ്രികയേയും ഗ്രൂപ്പിലെ അംഗങ്ങളെ ഉപയോഗിച്ചാണ് കമ്പനി സമ്മര്‍ദ്ദത്തിലാക്കിയത്. പലരില്‍നിന്നായി ചന്ദ്രിക വായ്പ വാങ്ങിയിരുന്നു. 'ചന്ദ്രി ചേച്ചിക്ക് ഞങ്ങള്‍ കുറേപ്പേര്‍ രണ്ടു സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്തു കൊടുത്തിരുന്നു'  പ്രദേശവാസിയായ സ്ത്രീ പറഞ്ഞു: 'അവര്‍ പൈസ അടക്കാതായതോടെ കമ്പനിയിലെ ആളുകള്‍ ഞങ്ങളോട് പറയാന്‍ തുടങ്ങി. വായ്പ ഞങ്ങളുടെ പേരിലായതിനാല്‍ അടച്ചില്ലെങ്കില്‍ പുസ്തകത്തില്‍ ചുവന്ന മഷികൊണ്ട് വെട്ടും, പിന്നെ ഏത് സ്ഥാപനത്തിലും ബാങ്കിലും പോയാലും നിങ്ങള്‍ക്ക് ലോണ്‍ കിട്ടില്ലാന്ന് പറഞ്ഞു. എന്ത് അത്യാവശ്യം വന്നാലും കുട്ടികള്‍ക്കുപോലും കിട്ടില്ലാന്ന് പറഞ്ഞു. ഞങ്ങളൊക്കെ കൂലിപ്പണി ചെയ്യുന്നവരല്ലേ. എപ്പോഴായാലും വായ്പ ആവശ്യം വരില്ലേ. അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് പേടിയായി. ചന്ദ്രിച്ചേച്ചിയോട് പൈസ അടച്ചില്ലെങ്കില്‍ ഞങ്ങള്‍ മരിക്കേണ്ടിവരും എന്നുവരെ പറയേണ്ടിവന്നു'  അവര്‍ പറഞ്ഞു. നിഷ്‌കളങ്കരും വിദ്യാഭ്യാസമില്ലാത്തവരുമായ ഇവരെ എത്ര സമര്‍ത്ഥമായാണ് കമ്പനികള്‍ ഉപയോഗിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്.

രാത്രിയോളം വീടിനു കാവല്‍
തിരിച്ചടവ് മുടങ്ങാന്‍ പാടില്ല എന്നതാണ് നിയമം. പണമില്ലെന്ന് പറഞ്ഞാലും പണം വാങ്ങിയിട്ടേ കമ്പനി പ്രതിനിധികള്‍ ആ വീട് വിട്ടുപോകുകയുള്ളൂ. എത്ര രാത്രിയായാലും അവര്‍ വീടിനു വെളിയില്‍ കാവലിരിക്കും. ഒപ്പം ഭീഷണിയുമുണ്ടാകും. നാണക്കേടും സമ്മര്‍ദ്ദവും താങ്ങാനാവാതെ എവിടുന്നെങ്കിലും കടം വാങ്ങിയോ മറ്റോ പൈസ എത്തിച്ചുകൊടുത്താല്‍ മാത്രമേ അവര്‍ മടങ്ങുകയുള്ളൂ. ഞങ്ങളുടെ ജോലിയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് അവരുടെ നിസ്സഹായത പറയുന്ന കമ്പനി പ്രതിനിധികളുമുണ്ട്. സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ദളിത്  പിന്നാക്ക വിഭാഗക്കാരുടെ കോളനികളാണ് ഏറെയും. അതുകൊണ്ടുതന്നെ കടം കൊടുത്തു സഹായിക്കാന്‍ മിക്കപ്പോഴും അടുത്ത വീടുകളിലുള്ളവര്‍ക്ക് കഴിയാറില്ല. പാലക്കാട്ടെ പല ഗ്രാമങ്ങളിലും വായ്പാ തിരിച്ചടവിനായി ലൈംഗിക തൊഴില്‍ ചെയ്യേണ്ടിവരുന്ന സ്ത്രീകളുണ്ടെന്ന് ജില്ലയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ പറഞ്ഞു. ആഴ്ച അടവിന്റെ അഞ്ഞൂറോ അറുന്നൂറോ രൂപയ്ക്ക് വേണ്ടിയാണ് പലര്‍ക്കും ഇത്തരം സാഹചര്യത്തില്‍ എത്തേണ്ടിവരുന്നത്. വായ്പയെടുക്കുന്നത് സ്ത്രീകളാണെങ്കിലും വീട്ടിലെ പുരുഷന്മാരേയും ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യും. ഭാര്യമാര്‍ എടുത്ത വായ്പയുടെ പേരിലാണ് നെല്ലിക്കാട് കോളനിയിലെ ചന്ദ്രനും കൃഷ്ണന്‍കുട്ടിയും ആത്മഹത്യ ചെയ്തത്.

തേങ്കുറിശ്ശിയില്‍ കടക്കെണിയിലായവരുടെ വീടുകള്‍ 
തേങ്കുറിശ്ശിയില്‍ കടക്കെണിയിലായവരുടെ വീടുകള്‍ 

32കാരിയായ വെമ്പല്ലൂര്‍ തേക്കിന്‍കാട് പത്മാവതി മക്കളായ ഒന്‍പതുവയസ്സുകാരി ശ്രീരേഖയേയും അഞ്ചുവയസ്സുകാരി ശ്രീലക്ഷ്മിയേയും കൂട്ടിയാണ് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. മൈക്രോഫിനാന്‍സുകാരുടെ സമ്മര്‍ദ്ദം പൊലീസ് റിപ്പോര്‍ട്ടില്‍പ്പോലും വന്നില്ല. കുടുംബപ്രശ്‌നവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു മാസത്തിനുശേഷം നെല്ലിക്കല്‍ക്കാട് കോളനിയിലെ 38കാരിയായ ശാരദയും ജീവനൊടുക്കി. വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്തതുമായി ബന്ധപ്പെട്ട് ശാരദയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിനുശേഷമാണ് ആത്മഹത്യ നടന്നത് എന്ന കാരണത്താല്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. 

സങ്കടകരമായിരുന്നു കൃഷ്ണന്‍കുട്ടിയുടെ മരണം. കമ്പനി പ്രതിനിധികള്‍ രാവിലെ മുതല്‍ വീട്ടില്‍ ഇരിപ്പുറപ്പിച്ചതോടെ എവിടുന്നെങ്കിലും പൈസ സംഘടിപ്പിച്ച് വരാം എന്നു പറഞ്ഞ് പുറത്തിറങ്ങിയതാണ് 33കാരനായ കൃഷ്ണന്‍കുട്ടി. പൈസ കിട്ടാതെ തിരിച്ചുവന്ന ഇദ്ദേഹം കമ്പനിയുടെ ആളുകള്‍ പോയാല്‍ വീട്ടില്‍ കയറാം എന്ന ഉദ്ദേശ്യത്തില്‍ വീടിനടുത്തുതന്നെ നിന്നു. രാത്രി ഒന്‍പതു കഴിഞ്ഞിട്ടും കാവല്‍നിന്ന നാലു പേരും വീട് വിട്ടു പോയില്ല. കൃഷ്ണന്‍കുട്ടിയെ ഫോണില്‍ കിട്ടാതായതോടെ ഭാര്യ രമണി രാത്രി പണികഴിഞ്ഞെത്തിയ അയല്‍വാസിയോട് പണം കടം വാങ്ങി നല്‍കുകയും ചെയ്തു. അപ്പോഴേക്കും വീടിനടുത്തുള്ള മരത്തില്‍ അയാള്‍ തൂങ്ങിമരിച്ചിരുന്നു. 
ആത്മഹത്യ ചെയ്ത നെല്ലിക്കല്‍ക്കാട് തമ്മന്‍കുളമ്പ് ചന്ദ്രന്റെ ഭാര്യ ചന്ദ്രിക വിവിധ ഗ്രൂപ്പുകളിലെ 30 പേരില്‍നിന്നായി വായ്പ വാങ്ങിയിരുന്നു. അഞ്ചുലക്ഷത്തിലധികം രൂപയുടെ ബാധ്യതയാണ് ഇവര്‍ക്കുള്ളത്. പൊതുപ്രവര്‍ത്തകരും കമ്പനികളുടെ പ്രതിനിധികളും തമ്മില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വിറ്റ് കടം വീട്ടാനുള്ള സമയം നീട്ടിക്കൊടുത്തിരുന്നു. എന്നാല്‍, ഇതിനിടയിലും പല കമ്പനികളും നിരന്തരം ചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. മകളുടെ വിവാഹം, പ്രസവം എന്നിവയ്ക്കായി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടി മറ്റ് വായ്പകളിലേക്കെത്തുകയായിരുന്നു ചന്ദ്രിക. ചന്ദ്രന്‍ ചുമട്ടുതൊഴിലാളിയായിരുന്നു. പണം അടയ്ക്കാന്‍ കഴിയില്ലെങ്കില്‍ പോയി തൂങ്ങിച്ചാകൂ എന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞതായി ബന്ധുക്കള്‍ ആലത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കല്യാണം കഴിച്ചയച്ച മകളുടെ വീട്ടിലേക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും ഇവര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. വീടിന്റെ അടുക്കളയിലാണ് പുലര്‍ച്ചെ ചന്ദ്രന്‍ തൂങ്ങിമരിച്ചത്.

'ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇതിനു മുന്‍പും ആത്മഹത്യകള്‍ നടന്നിട്ടുണ്ടെങ്കിലും മൈക്രോഫിനാന്‍സ് പണമിടപാടുമായി ബന്ധപ്പെട്ടാണ് എന്നു കണക്കാക്കിയിട്ടില്ല. സാമ്പത്തിക ബാധ്യത എന്നുമാത്രമേ പൊലീസ് റെക്കോര്‍ഡില്‍ ഉണ്ടാകൂ. സാമ്പത്തിക ബാധ്യത എന്ന പേരില്‍ ഈ പ്രദേശത്തെ തൊഴിലാളികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം തന്നെ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ടുള്ളതാണ് എന്നതില്‍ സംശയമില്ലെന്ന് മുന്‍ തേങ്കുറിശ്ശി പഞ്ചായത്തംഗവും പൊതുപ്രവര്‍ത്തകനുമായ അബൂബക്കര്‍ സിദ്ദിഖ് പറയുന്നു. 'ആത്മഹത്യകള്‍ കൂടുതല്‍ നടന്ന നെല്ലിക്കല്‍ക്കാടിലും തൊട്ടടുത്ത പുളിമ്പ്രാണി, നമ്പൂതിരിക്കാട് പ്രദേശങ്ങളിലെ 250 കുടുംബങ്ങളിലെ 150 കുടുംബങ്ങളും പല മൈക്രോഫിനാന്‍സ് കമ്പനികളില്‍നിന്നും വായ്പയെടുത്തവരാണ്. ശരാശരി രണ്ടുലക്ഷം രൂപ വെച്ചു കണക്കുകൂട്ടിയാല്‍ത്തന്നെ ഈ ചെറിയ പ്രദേശത്ത് 30 ലക്ഷത്തോളം രൂപ കമ്പനികള്‍ വിതരണം ചെയ്തിട്ടുണ്ട്. 25 മുതല്‍ 30 ശതമാനം വരെ പലിശ കണക്കാക്കിയാല്‍ ഒരു വര്‍ഷം ഈ പ്രദേശത്തുനിന്നും കമ്പനി കൊണ്ടുപോകുന്നത് ലക്ഷങ്ങളാണ്' അബൂബക്കര്‍ സിദ്ധിഖ് പറയുന്നു.

എന്തുകൊണ്ട് മൈക്രോഫിനാന്‍സ്? 
വസ്തു ഈടും സ്വര്‍ണ്ണവും മാത്രമുള്ള മധ്യവര്‍ഗ്ഗത്തിനും മുകളിലുള്ളവര്‍ക്കും മാത്രം ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും വായ്പ കൊടുക്കുന്ന രീതിയാണ് പൊതുവെ. ഒരു ഈടും ഇല്ലാതെ ആധാക്ര്കാര്‍ഡിന്റെ ഫോട്ടോക്കോപ്പി മാത്രം കൊണ്ട് പൈസ കൊടുക്കുന്ന മൈക്രോഫിനാന്‍സിലേക്ക് പാവപ്പെട്ട തൊഴിലാളികള്‍ എത്തുന്നത് സ്വാഭാവികമാണ്. പ്രതിപക്ഷം പോലുമില്ലാതെ സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് തേങ്കുറിശ്ശി. ആറു മരണങ്ങള്‍ നടന്നിട്ടും കമ്പനികള്‍ക്കെതിരായി കാര്യമായ പ്രതിഷേധം നടത്താനോ പ്രശ്‌നങ്ങള്‍ക്കൊരു തീരുമാനം കാണാനോ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. 'വ്യക്തമായ പരാതിയില്ല എന്ന കാരണം പറഞ്ഞ് പൊലീസ് കേസെടുക്കാന്‍പോലും തയ്യാറാവുന്നില്ല. ഒരു പഞ്ചായത്തില്‍ ആറു മരണം നടന്നിട്ടും അതില്‍ ഒരു അസ്വാഭാവികത പൊലീസിനും സര്‍ക്കാരിനും തോന്നാത്തത് എന്തുകൊണ്ടാണ്?' സാമൂഹ്യപ്രവര്‍ത്തകനായ ഷിബു ചോദിക്കുന്നു.

ഒരു കര്‍ഷകത്തൊഴിലാളി സ്ത്രീക്ക് ഈ പ്രദേശത്ത് 250 രൂപയാണ് കൂലി. നെല്‍ക്കൃഷി മേഖലയിലാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടു സീസണിലെ പണിയുണ്ടാകൂ. നിര്‍മ്മാണ മേഖലയുടെ സ്തംഭനാവസ്ഥയും ഇവരുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു.
സഹകരണ സ്ഥാപനങ്ങള്‍ വഴി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുകയും തൊഴില്‍ ഉറപ്പുവരുത്തുകയും ചെയ്താല്‍ മാത്രമേ പാലക്കാട്ടെ ഗ്രാമങ്ങളെ ഈ കുരുക്കില്‍നിന്നും രക്ഷിക്കാന്‍ കഴിയൂ. ഒപ്പം മൈക്രോഫിനാന്‍സ് കമ്പനികളെ നിയന്ത്രിക്കാനും സര്‍ക്കാരിനു കഴിയണം.    
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com