കണക്കുകള്‍ക്കപ്പുറം കന്നട

വര്‍ഗീയധ്രുവീകരണത്തിനു മുന്നില്‍ സ്വത്വരാഷ്ട്രീയം അടിപതറുന്ന കാഴ്ചയാണ് കന്നഡമണ്ണിലെ രാഷ്ട്രീയവിധിയെഴുത്ത് ബോധ്യപ്പെടുത്തുന്നത്.
കണക്കുകള്‍ക്കപ്പുറം കന്നട


സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം പുലര്‍ത്തിപ്പോരാന്‍ ശ്രമിച്ച മൂല്യങ്ങളുടെ നിലനില്പിനെ സംബന്ധിച്ചിടത്തോളവും രാജ്യം ഭരിക്കുന്ന കക്ഷിയേയും അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തേയും സംബന്ധിച്ചിടത്തോളവും ഏറെ നിര്‍ണ്ണായകമായ ഒരു പ്രാദേശിക തെരഞ്ഞെടുപ്പാണ് കര്‍ണാടക നിയമസഭയിലേക്ക് നടന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഫലങ്ങളേക്കാള്‍, ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്ന ഭവിഷ്യത് സന്ദേശങ്ങളിലേക്കാണ്  രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഏറെക്കുറെ ഉദാര-പുരോഗമനമൂല്യങ്ങള്‍ പിന്തുടരുന്ന കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവയെ തീര്‍ത്തും നിലംപരിശാക്കിക്കൊണ്ടുതന്നെയാണ് ചങ്ങാത്തമുതലാളിത്തവും മതദേശീയതയും നാണക്കേടേതുമില്ലാതെ ഘോഷിക്കുന്ന ഹിന്ദുത്വകക്ഷി അതിന്റെ ജൈത്രയാത്ര തുടരുന്നത്. ഉദാര-പുരോഗമന രാഷ്ട്രീയം ആശയമാക്കിയ കക്ഷികളുടെ പരാജയകാരണത്തിലേക്ക് സൂക്ഷ്മമായി കണ്ണോടിച്ചാല്‍ എത്തിച്ചേരുന്നതാകട്ടെ, സാമ്പത്തിക-സാമൂഹികരംഗങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ ഇടപെടലുകള്‍ക്കുള്ള പരിമിതിയിലും അവയിലുള്ള ആത്മാര്‍ത്ഥതക്കുറവിലുമാണ് എന്നും അടിവരയിട്ടു പറയേണ്ടതുണ്ട്.

ലോകമെമ്പാടും എണ്‍പതുകളുടെ ഒടുവില്‍ വീശിത്തുടങ്ങിയ വലതുപക്ഷക്കൊടുങ്കാറ്റ് രണ്ടര ദശകങ്ങള്‍ക്ക് ശേഷം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ് ചെയ്തതെന്നാണ് വികസിതരാജ്യങ്ങളിലടക്കം സങ്കുചിത ദേശീയവാദക്കാര്‍ നേടുന്ന വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. ഭാവിയെ കരുതലോടേയും വര്‍ത്തമാനത്തെ സമചിത്തതയോടേയും ഭൂതകാലത്തെ യാഥാര്‍ത്ഥ്യബോധത്തോടേയും വിലയിരുത്തുന്നതിലൂടെ മാത്രമേ ഈ കക്ഷികള്‍ക്ക് അവയുടെ നഷ്ടസ്വാധീനം വീണ്ടെടുക്കാനാകൂ എന്നും തീര്‍ച്ചയാണ്. 

കര്‍ണാടകയുടെ 
പ്രാധാന്യം

കര്‍ണാടക തെരഞ്ഞെടുപ്പ് ഏതെല്ലാം നിലയ്ക്കാണ് പ്രാധാന്യം അര്‍ഹിക്കുന്നത്? ഒന്നാമതായി മൂന്നു കാര്യങ്ങളിലേക്കാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. തെക്കേ ഇന്ത്യയുടെ സവിശേഷതയായ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് കടന്നുകയറാന്‍ ബി.ജെ.പിക്ക് കഴിയുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. ജനപ്രിയനടപടികള്‍കൊണ്ട് മറച്ചുവയ്ക്കാവുന്നതല്ല നവ ഉദാരവല്‍ക്കരണത്തെ പിന്തുടര്‍ന്നുകൊണ്ട് ഗവണ്‍മെന്റുകള്‍ കൈക്കൊള്ളുന്ന ഘടനപരമായ പരിഷ്‌കാരങ്ങള്‍ എന്നതു രണ്ടാമത്തെ കാര്യം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമാഹൃതശേഷിയെ ജാതിപരമായി ഭിന്നിപ്പിച്ചോ മൃദുഹിന്ദുത്വ നിലപാടുകള്‍കൊണ്ടോ നേരിടാമെന്ന തന്ത്രം പരാജയപ്പെടുന്നുവെന്ന മൂന്നാമത്തെ കാര്യം. ബി.ജെ.പി കേവല ഭൂരിപക്ഷത്തോടടുക്കുന്നത് സൂചിപ്പിക്കുന്നത് പ്രാദേശിക രാഷ്ട്രീയം ഉയര്‍ത്തുന്ന ദുര്‍ഗ്ഗങ്ങളെ തകര്‍ക്കാന്‍ ഏറെക്കുറെ പ്രാപ്തമാണ് മോദി-അമിത്ഷാ ദ്വന്ദ്വം ദേശീയതലത്തില്‍ തയ്യാറാക്കുന്ന തന്ത്രങ്ങള്‍ എന്നതാണ്. 90-കളുടെ തുടക്കത്തില്‍ രാമജന്മ ഭൂമി വിഷയത്തിന്റെ പശ്ചാത്തലത്തില്‍ അഴിച്ചുവിട്ട ഹിന്ദുത്വരാഷ്ട്രീയത്തിന്റെ യാഗാശ്വം അതിന്റെ ജൈത്രയാത്ര ഈ നിലയില്‍ തുടരുന്നപക്ഷം തെക്കേ ഇന്ത്യയിലെ അവശേഷിക്കുന്ന കോട്ടകൊത്തളങ്ങള്‍ കൂടി തകര്‍ത്തു മുന്നേറുമെന്നുവേണം വിശ്വസിക്കാന്‍.

ആര്‍.എസ്.എസ് വിരുദ്ധരാഷ്ട്രീയത്തിന്റെ ചാംപ്യനും സോഷ്യലിസ്റ്റുമായ കര്‍ണാടക മുഖ്യമന്ത്രി ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുകയും ബദാമിയില്‍ നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യുകയെന്ന സന്ദര്‍ഭം കൂടി സംജാതമായതോടെ, കര്‍ണാടക തെരഞ്ഞെടുപ്പോടെ തെക്കേ ഇന്ത്യയിലേക്കുള്ള കവാടമാണ് ഞങ്ങള്‍ തുറന്നതെന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദ് ഗൗഡയുടെ പ്രസ്താവന ഏറെക്കുറെ ശരിയാകുകയാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോരാട്ടങ്ങളുടെ പോരാട്ടം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയില്‍ നടന്നത്. എന്നിട്ടും തെരഞ്ഞെടുപ്പിനു മുന്‍പ് ഈ നിര്‍ണ്ണായകത്വം തിരിച്ചറിഞ്ഞ് മതനിരപേക്ഷകക്ഷികളുടെ സഖ്യം രൂപീകരിച്ച് ഇതിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പരാജയപ്പെടുകയും ചെയ്തുവെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്. സാങ്കേതികമായി കോണ്‍ഗ്രസ്സ് പരാജയപ്പെടാന്‍ ഇതു വഴിവെയ്ക്കുകയും ചെയ്തു. എന്നിരുന്നാലും മന്ത്രിസഭാ രൂപീകരണത്തിന് ജെ.ഡി.എസിനെ പിന്തുണക്കാനുള്ള കോണ്‍ഗ്രസ്സ് നീക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മതനിരപേക്ഷകക്ഷികളുടെ ഐക്യത്തെയാണ്.

    ഹിന്ദുസമൂഹം തെക്കേ ഇന്ത്യയിലും പതിയേ വര്‍ഗ്ഗീയവല്‍ക്കരണത്തിന് വിധേയമാകുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ കാണിക്കുന്നത്. ഒരുപക്ഷേ, ഹിന്ദുത്വാധിപത്യത്തിന്റെ തിന്മകള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഹിന്ദുസ്വാധീനത്തിലാകണം ഭരണകൂടം എന്നവര്‍ മോഹിക്കുന്നു. അതുകൊണ്ടാണ് ജാതി ഹിന്ദു മൊബിലൈസേഷന് ഒരു തടസ്സമാകാത്തത്. നേരത്തെ തന്നെ ശക്തമായ ഹിന്ദുത്വരാഷ്ട്രീയം ഉണ്ടായിരുന്ന സ്ഥലമാണ് കര്‍ണാടക. പ്രമോദ് മുത്തലിഖ് അടക്കമുള്ള തീവ്രഹിന്ദുത്വവാദികളിട്ട അടിത്തറയിലാണ് ഇപ്പോള്‍ ബി.ജെ.പി അവരുടെ രാഷ്ട്രീയം കര്‍ണാടകയില്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. മോദിയും അമിത്ഷായും അഖിലേന്ത്യാതലത്തില്‍ രൂപം നല്‍കുന്ന ഹിന്ദുത്വപദ്ധതി ഏതാണ്ടൊക്കെ ഈ പ്രദേശത്ത് വിജയിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.' എഴുത്തുകാരനും ചിന്തകനുമായ ടി.ടി. ശ്രീകുമാര്‍ പറയുന്നു. ലിംഗായത്തുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടി സൂചിപ്പിക്കുന്നത് ജാതീയമായി ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം വേണ്ടത്ര ഫലം കണ്ടില്ലെന്നുതന്നെയാണ്. ഏതൊരു സംസ്ഥാനത്തും ഭരണത്തിനെതിരെയുള്ള ഒരു വികാരമുണ്ടാകും. അതുമുതലെടുക്കുന്നതില്‍ ബി.ജെ.പി വിജയിച്ചുവെന്നുവേണം പറയാന്‍-ടി.ടി. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

    ''ഏറെ ജനപ്രിയനടപടികള്‍ കൈക്കൊണ്ട ഗവണ്‍മെന്റാണ് സിദ്ധാരാമയ്യയുടേത്. പക്ഷേ, അതെല്ലാം തലയ്ക്കുമുകളിലൂടെ പോകുന്നുവെന്നാണ് തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മനസ്സിലായത്. ഗ്രാമീണമേഖലയില്‍ ശക്തമായ വോട്ടര്‍ ടേണ്‍ ഔട്ട് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ എങ്ങനെ പ്രതിഫലിച്ചുവെന്ന് പറയാന്‍ പറ്റില്ലെങ്കിലും മറ്റേതൊക്കെയോ വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വോട്ടുചെയ്തതും എന്നാണ് എനിക്ക് തോന്നുന്നത്. സംസ്ഥാന ഗവണ്‍മെന്റ് താഴെത്തട്ടിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്തുചെയ്തുവെന്നോ നിയോ ലിബറല്‍ ഫ്രെയിംവര്‍ക്കിനകത്തുനിന്ന് അത് സാധ്യമായതെന്തെല്ലാം ജനങ്ങള്‍ക്ക് നല്‍കിയെന്നോ ആരും ചിന്തിച്ച മട്ടില്ല.''  അസിം പ്രേംജി യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സസ്റ്റേയ്നബ്ള്‍ എംപ്ലോയ്മെന്റ അധ്യാപിക റോസാ എബ്രഹാം പറയുന്നു. 

    എന്നാല്‍, തീവ്രഹിന്ദുത്വത്തിനെതിരേയും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിനെതിരേയും രാജ്യമെമ്പാടും രൂപപ്പെട്ടുവരുന്ന ദളിത്-പിന്നാക്ക രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങള്‍ കര്‍ണാടകയിലും ശക്തിപ്പെടുന്നതായി പ്രമുഖപത്ര പ്രവര്‍ത്തകന്‍ സി.പി. സുരേന്ദ്രന്‍ നിരീക്ഷിക്കുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി-ജനതാദള്‍ എസ്. സഖ്യത്തിന്റെ മുന്നേറ്റം അതാണ് കാണിക്കുന്നത്.  ''സിദ്ധാരാമയ്യയും യെദിയൂരപ്പയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയങ്ങള്‍ തമ്മില്‍ വലിയൊരു വ്യത്യാസമൊന്നും ദളിത്-പിന്നാക്കവിഭാഗങ്ങള്‍ കാണുന്നില്ല. കുമാരസ്വാമിയും അവരെപ്പോലെയൊരു നേതാവാണെന്ന് ഈ വിഭാഗങ്ങള്‍ക്കറിയാമെങ്കിലും തങ്ങളുടെ രാഷ്ട്രീയം പ്രതിഫലിപ്പിക്കാന്‍ അവര്‍ മൂന്നാമതൊരു ബദലിനെ പ്രയോജനപ്പെടുത്തുകയായിരുന്നുവേണം കരുതാന്‍. ബി.ജെ.പിയുടെ വോട്ടു ജനതാദള്‍ എസിന് ലഭിച്ചുവെന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമില്ല. കാരണം അവര്‍ക്ക് ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. പിന്നെയെന്തിന് കുമാരസ്വാമിയെപ്പോലെ അവര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ഒരു നേതാവ് നയിക്കുന്ന ജനതാദള്‍ എസിന് വോട്ടുചെയ്യണം?'' സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സും മതേതരകക്ഷികളും പഠിക്കേണ്ട ചില പാഠങ്ങള്‍ എന്തായാലും ഈ വിധിയിലുണ്ട്. മതനിരപേക്ഷകക്ഷികളുടെ ഐക്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായ പരിശ്രമമുണ്ടാകേണ്ട സമയമാണ് ഇതെന്ന് അവര്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. ഇല്ലാത്തപക്ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അത് തീര്‍ച്ചയായും പ്രതിഫലിക്കും - സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലേഗല്‍ മണ്ഡലത്തില്‍ ജനതാദള്‍ എസിന്റെ സഖ്യകക്ഷിയായി മത്സരിച്ച ബി.എസ്.പിയുടെ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ എന്‍. മഹേഷ് ജയിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നാണ് സീറ്റു പിടിച്ചെടുത്തത്. ബി.ജെ.പി മൂന്നാംസ്ഥാനത്തായി. 

    മോദി ഫാക്ടര്‍ തീര്‍ച്ചയായും ഒരു ഘടകമായിട്ടുണ്ട്. എന്നാല്‍, ഒരു ഭരണവിരുദ്ധവികാരമുണ്ടായിട്ടുപോലും അതു മുതലെടുക്കാന്‍ തക്കവണ്ണം അതിനെ വളര്‍ത്തിയെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നുവേണം അതിന് ഭൂരിപക്ഷം ലഭിക്കാതെ പോയത് സൂചിപ്പിക്കുന്നത് - സുരേന്ദ്രന്‍ നിരീക്ഷിക്കുന്നു. 
    ''ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്രശ്‌നങ്ങളില്‍നിന്ന് ഇത്തവണയും ശ്രദ്ധ വ്യതിചലിച്ചു. ജനജീവിതത്തെ ബാധിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍ രാഷ്ട്രീയസംവാദങ്ങളുടെ മണ്ഡലത്തില്‍നിന്ന് ഒഴിഞ്ഞുനിന്നു. അതിന്റെ കൂടി പ്രതിഫലനം ഈ തെരഞ്ഞെടുപ്പുഫലത്തില്‍ കാണാം.'' -റോസാ എബ്രഹാം ചൂണ്ടിക്കാട്ടുന്നു. ഈ നിരീക്ഷണത്തെ ടി.ടി. ശ്രീകുമാറും ശരിവയ്ക്കുന്നു. മോദി നടത്തിയ അവസാനവട്ട പര്യടനങ്ങളും പ്രസംഗങ്ങളും ഇത്തരത്തില്‍ പ്രധാനപ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു.. കന്നഡിഗരുടെ വികാരമിളക്കാന്‍ നെഹ്രുവിനെതിരെ നടത്തിയ പരാമര്‍ശങ്ങളും മറ്റും കാതലായ പ്രശ്‌നങ്ങളെ മറച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു. 

പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത
    അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ബി.ജെ.പിയില്‍നിന്നും പുറത്തുപോയി സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച യെദിയൂരപ്പയും ബെല്ലാരി മേഖലയില്‍ നിര്‍ണ്ണായകസ്വാധീനമുള്ള റെഡ്ഢി സഹോദരന്‍മാരും ഇത്തവണ ബി.ജെ.പിക്കൊപ്പം നിന്നപ്പോള്‍ മതനിരപേക്ഷകക്ഷികള്‍ ഭിന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ''തീര്‍ച്ചയായും കോണ്‍ഗ്രസ്സിന് ഒരു ശതമാനം വോട്ടിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍, സീറ്റുകളുടെ എണ്ണത്തില്‍ പകുതിയോളം കുറവുണ്ടായി. അതേ സമയം ബി.ജെ.പിയുടെ വോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുണ്ട്. 2013-ല്‍ 19.8 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം. ഇപ്പോള്‍ ബി.ജെ.പിയിലുള്ള യെദിയൂരപ്പയുടേയും ശ്രീരാമുലുവിന്റേയും പാര്‍ട്ടികളുടെ വോട്ട് വിഹിതം കൂടി ചേര്‍ത്താല്‍ 32.4 ശതമാനം. ഇത്തവണത്തെ വോട്ടുനില നോക്കിയാല്‍ 4.3 ശതമാനം ബി.ജെ.പിക്ക് കൂടുതലാണെന്നു കാണാം.'' പ്രമുഖ പത്രപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ 'ദ വയറി'ല്‍ എഴുതിയ ലേഖനത്തില്‍ നിരീക്ഷിക്കുന്നതിങ്ങനെ. അതേസമയം ജനതാദള്‍ എസിന്റെ വോട്ടുവിഹിതത്തില്‍ കുറവുണ്ടായി. അത് 20.2-ല്‍നിന്ന് 17.9ശതമാനമായി. ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും വോട്ടുവിഹിതത്തില്‍ വര്‍ധനയുണ്ടായത് ജനതാദളിന്റെ വോട്ടുവിഹിതത്തിലുണ്ടായ ഈ കുറവില്‍ നിന്നാണ്. 

    ''വികസനമെന്ന ബി.ജെ.പിയുടെ പൊള്ളയായ മുദ്രാവാക്യത്തേക്കാള്‍ അതിന് ഗുണം ചെയ്തത് തീര്‍ച്ചയായും വര്‍ഗ്ഗീയധ്രുവീകരണത്തിനുള്ള അതിന്റെ ശ്രമങ്ങളാണ്.'' ആ ശ്രമങ്ങള്‍ ഫലം കണ്ടുവെന്നുതന്നെ സിദ്ധാര്‍ത്ഥ് വരദരാജന്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തം നിലയില്‍ ഈ സ്വത്വരാഷ്ട്രീയത്തെ നേരിടാന്‍ കഴിയുമെന്ന് പ്രതിപക്ഷത്തിന് ആശിക്കാന്‍ കഴിയില്ല. കര്‍ണാടകയ്ക്ക് സ്വന്തമായി ഒരു പതാകയും ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷപദവി നല്‍കിയതും നേരിയ നേട്ടങ്ങള്‍ മാത്രമേ കോണ്‍ഗ്രസിനു നല്‍കിയിട്ടുള്ളൂ. ജെ.ഡി.എസുമായി തെരഞ്ഞെടുപ്പിനു മുന്‍പേ ആരോഗ്യകരമായ ഒരു ധാരണ ഉണ്ടാക്കണമായിരുന്നു. തീര്‍ച്ചയായും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വിധാന്‍ സഭയില്‍ നേടാന്‍ ആ സഖ്യത്തിനു കഴിയുമായിരുന്നു.'  സിദ്ധാര്‍ത്ഥ് വരദരാജന്‍ കൂട്ടിച്ചേര്‍ക്കുന്നു. തീര്‍ച്ചയായും ഒരു ദളിത് നേതാവിനു വേണ്ടി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് താന്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് സിദ്ധാരാമയ്യ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വൈകി വന്ന വിവേകമാണ്. മതേതരവോട്ടുകളില്‍ വന്ന ഈ ഭിന്നിപ്പാണ് ബിജെപിയുടെ വിജയത്തിന് പിറകിലെ പ്രധാനകാരണം. 

' കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന ബിജെപി പദ്ധതി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബ്, മിസോറാം, പുതുച്ചേരി എന്നിവടങ്ങളിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ഭരണം. വ്യക്തിപരമായ നേട്ടങ്ങളും ഈഗോയും ആ പാര്‍ട്ടിയുടെ നേതാക്കള്‍ മാറ്റിവയ്ക്കേണ്ടതുണ്ട്. ചുവരെഴുത്ത് വളരെ സ്പഷ്ടമാണ്. 2019ല്‍ നരേന്ദ്രമോദിയെ നേരിടാനുള്ള അവസ്ഥയിലല്ല രാഹുലിന്റെ കീഴിലുള്ള കോണ്‍ഗ്രസ്. ഒറ്റയ്ക്ക് തിരിച്ചുവരാമെന്ന സ്വപ്നം വല്ലതുമുണ്ടെങ്കില്‍ അതു മാറ്റിവെച്ച് അതിജീവനം എന്ന വിഷയത്തില്‍ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ആശയപരവും പ്രാദേശികവുമായ ഭിന്നതകള്‍ മാറ്റിവെച്ച് കഴിയുന്നത്ര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുക എന്നതാണ് അതിജീവനം എന്നതിന് അര്‍ത്ഥം..' സിദ്ധാര്‍ത്ഥ് വരദരാജന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com