തുമ്പയുടെ ചെറുത്തുനില്പ്പ് 

ഛായാചിത്രങ്ങള് ചേര്‍ത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള പരിസ്ഥിതി  കവിതാസമാഹാരമാണ് സുഗതകുമാരിയുടെ സഹ്യഹൃദയം.അതിന്റെ എഡിറ്റര്‍ പുസ്തകം പരിചയപ്പെടുത്തുന്നു
തുമ്പയുടെ ചെറുത്തുനില്പ്പ് 

കുട്ടിക്കാലം തൊട്ട് കാട്ടിലും മേട്ടിലും വയലിലും അലഞ്ഞുനടക്കുമ്പോള്‍ ചില കവിതാശകലങ്ങള്‍ ഓര്‍മ്മയില്‍ വരുമായിരുന്നു. ആദ്യമൊക്കെ കൂടുതലും ചങ്ങമ്പുഴയുടെ വരികളായിരുന്നു. വാഴപ്പുന്നയോ ഭദ്രാക്ഷമോ പൂവിട്ടാല്‍ തുരുതുരെ പൂമഴ തന്നെ. പിന്നീടത് കൂടുതലും സുഗതകുമാരിക്കവിതയായി. 
''നെറ്റിയില്‍ ചന്ദനംതൊട്ട
കൊച്ചുനീലിച്ച പൂവുകള്‍''
അല്ലെങ്കില്‍, 
''കുളിരമ്പിളിയെപ്പെറ്റ
നെടുവീര്‍പ്പാര്‍ന്ന കൈതകള്‍'' 
അല്ലെങ്കില്‍,
''കനിഞ്ഞു പൂക്കളും തേനും കനിയും നീട്ടിനില്‍ക്കും നിന്‍
നിറഞ്ഞു തൃക്കരങ്ങള്‍...''
അല്ലെങ്കില്‍,
''അവിടെക്കാറ്റല്ല, അവിടെപ്പൂങ്കാറ്റാ-
ണതിന്നു കണ്ണന്റെയുടലൊളിയുമാ-
ണതു കോരിക്കോരിക്കുടിക്കുവാന്‍ തോന്നിടും!''
കൈയിലൊരു പഴഞ്ചന്‍ ക്യാമറ കിട്ടിയപ്പോള്‍ ഈ വരികള്‍ മനസ്സില്‍ ചില ഛായാചിത്രങ്ങള്‍ പരത്തി. അങ്ങനെയിരിക്കെ, 2010-ല്‍ ജെ. കൃഷ്ണമൂര്‍ത്തിയുടെ 'ആള്‍ ദി മാര്‍വെലസ് ഏര്‍ത്ത്' വായിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ സംഗമിച്ച് പുസ്തകരൂപം കൈക്കൊള്ളാന്‍ തുടങ്ങി. കൃഷ്ണമൂര്‍ത്തിയുടെ പുസ്തകങ്ങളില്‍നിന്നും പ്രഭാഷണങ്ങളില്‍നിന്നും തെരഞ്ഞെടുത്ത, ഭൂമിയെപ്പറ്റിയുള്ള ചിന്താശകലങ്ങളും അവയുടെ ഭാവവുമായി പൊരുത്തപ്പെടുന്ന ലോകോത്തര ഛായാചിത്രങ്ങളുമാണ് 'ആള്‍ ദി മാര്‍വെലസ് ഏര്‍ത്തി'ല്‍. അതിനെ അനുകരിച്ച് സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതിക്കവിതകളും ചില ഛായാചിത്രങ്ങളും അടുക്കിവച്ച് ഞാന്‍ ആകാശക്കൊട്ടാരങ്ങള്‍ കെട്ടും. തോറോ അനുശാസിക്കുന്നതുപോലെ, അമ്മയുടെ സ്ഥാനം ആകാശത്താണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. 

ഫോട്ടോ: കെ ജയറാം
ഫോട്ടോ: കെ ജയറാം


സുഗതകുമാരി ടീച്ചര്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വായിക്കാന്‍ ഞാന്‍ കൊണ്ടുകൊടുത്ത പുസ്തകങ്ങളിലൊന്ന് 'ആള്‍ ദി മാര്‍വെലസ് ഏര്‍ത്ത്' ആയിരുന്നു. കൂട്ടത്തില്‍ ഞാന്‍ എന്റെ ആകാശക്കൊട്ടാരങ്ങളെപ്പറ്റിയും പറഞ്ഞു. ടീച്ചര്‍ അതില്‍ ആകൃഷ്ടയായി. അങ്ങനെയാണ് 'സഹ്യഹൃദയം' എന്ന പുസ്തകം രൂപംകൊണ്ടത്. 

ഫോട്ടോ: മധുരാജ്
ഫോട്ടോ: മധുരാജ്


ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പുസ്തകം തയ്യാറാക്കുന്ന ജോലി ഏറ്റെടുക്കുമ്പോള്‍ത്തന്നെ എനിക്കറിയാമായിരുന്നു സുഗതകുമാരിക്കവിതകള്‍ക്ക് ഛായാചിത്രഭാഷ്യം രചിക്കാനാവില്ലെന്ന്. ഉച്ഛൃംഗലമാണ് ആ കാവ്യപ്രതിഭ. 1958-ല്‍ എഴുതിയ 'വര്‍ഷമയൂര'ത്തില്‍ മഴയെ വര്‍ണ്ണിക്കുന്നത് നോക്കുക:
'' ഹാ! കരിങ്കൂന്തല്‍ച്ചാര്‍ത്തു ചിതറി,ക്കതിര്‍ പാറും
വാര്‍മിഴി വിടര്‍ന്നിരുളാടകളുലഞ്ഞാടി,
കരത്തില്‍ കൊടുങ്കാറ്റുമിടിമിന്നലും പേറി-
യുയര്‍ത്തി, പ്പൊട്ടിച്ചിരിച്ചു മദോത്ക്കടം
അബ്ധികള്‍ കുലുങ്ങുമാറിക്ഷിതി കുലുങ്ങുമാ-
റുച്ചലം പദാഘാതഝംഝണല്‍ക്കാരത്തോടും
ഉഗ്രസംഘോഷത്തോടെ നൃത്തമാടുമീ ശ്യാമ-
ദുര്‍ഗ്ഗയെ, നവവര്‍ഷകന്യയെ സ്‌നേഹിപ്പൂ ഞാന്‍!''
'കാളിയമര്‍ദ്ദനത്തിന്റെ താളക്കൊഴുപ്പുള്ള വരികള്‍. 2013-ല്‍ 'പശ്ചിമഘട്ട'ത്തില്‍ വരുമ്പോഴും ആ നൃത്തച്ചുവടുകള്‍ക്ക് ഒട്ടും ക്ഷീണമില്ല. 
''എതുമട്ടില്‍ ഞാന്‍ വാഴ്ത്തിടേണ്ടൂ മഹാവൃക്ഷ-
ത്തികളെ, പ്രാചീന ദേവാലയങ്ങള്‍ തന്‍ 
അതിതുംഗ വര്‍ത്തുള മഹാഗോപുരങ്ങള്‍ പോ-
ലണിനിരന്നുയരത്തിലുയരത്തിലേയ്ക്കുയര്‍-
ന്നതിദീര്‍ഘശാഖകള്‍ വിടര്‍ത്തിപ്പരസ്പരം 
തഴുകിക്കളിപ്പിച്ചിലപ്പന്തലുകള്‍ ചമയിച്ചു 
കരുണാര്‍ദ്രമായ് കാത്തുനില്‍ക്കുമാ നില്പിനെ!''
'സഹ്യഹൃദയ'ത്തിന്റെ പ്രകാശനച്ചടങ്ങില്‍, പ്രസിദ്ധ പരിസ്ഥിതി ഛായാഗ്രാഹകന്‍ ബാലന്‍ മാധവന്‍ ചൂണ്ടിക്കാണിച്ചതുപോലെ, സാധാരണ ഒരാള്‍ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് പ്രകൃതിയെ അറിയുമ്പോള്‍, അനുഭവിക്കുമ്പോള്‍  ഛായാഗ്രാഹകന്‍ ഒറ്റ ഇന്ദ്രിയം-കണ്ണ്-മാത്രമാണ് ഉപയോഗിക്കുന്നത്; അതും സാങ്കേതികവിദ്യയുടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്. വശ്യവചസ്സായ ഒരു കവിക്ക് രൂപ-ശബ്ദ-രസ-ഗന്ധ-സ്പര്‍ശേന്ദ്രിയങ്ങള്‍ നല്‍കുന്ന സമഗ്രബോധം ഒരു കാവ്യബിംബത്തില്‍ ആവഹിക്കുവാന്‍ കഴിയും. 
അതുമാത്രമല്ല. ഇംഗ്ലീഷിലെ കര്‍ഷക കവി ജോണ്‍ ക്ലെയര്‍ 'സ്മരണകള്‍' (Remembrances) എന്ന കവിതയില്‍ ഓക്കുമരങ്ങള്‍ വെട്ടിനശിപ്പിച്ചതോര്‍ത്ത് വിലപിക്കുന്നു: 
''...its hollow trees like pulpits

I shall never see again 

inclosure like a bounaparte let

not a thing remain.''

അകംപൊള്ളയായ പുരാതന വൃക്ഷങ്ങള്‍ക്ക് അനേകം പാരിസ്ഥിതിക ധര്‍മ്മങ്ങളുണ്ട്. ധാരാളം ജീവികള്‍ ഇരതേടുന്നതും ഉറങ്ങുന്നതും പ്രജനനം നടത്തുന്നതുമെല്ലാം പോടുകള്‍ക്കുള്ളിലാണ്. ഒരു മരത്തിന്റെ നാശം മറ്റ് ധാരാളം ജീവികളെ ബാധിക്കും. ഈ മരങ്ങളെ പുള്‍പ്പിറ്റുകളോട് (പള്ളിയിലെ പ്രസംഗമണ്ഡപം) ഉപമിക്കുന്നതിലൂടെ ക്ലെയര്‍ അവയുടെ പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ക്കപ്പുറത്ത്, അവയുടെ ആത്മീയ ചൈതന്യവും ദ്യോതിപ്പിക്കുന്നതായി വ്യാഖ്യാതാക്കള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഒരു പദപ്രയോഗത്തിലൂടെ ചിത്രത്തിന് പുതിയൊരു പ്രഭാപൂരം നല്‍കാന്‍ കവിയുടെ തൂലികയ്ക്ക് കഴിയും. മുകളില്‍ ഉദ്ധരിച്ച പശ്ചിമഘട്ടവരികളില്‍, സുഗതകുമാരി മഴക്കാട്ടിലെ മഹാവൃക്ഷങ്ങളെ ദേവാലയ ഗോപുരങ്ങളോട് ഉപമിക്കുമ്പോഴും ഇതാണ് ചെയ്യുന്നത്. മരത്തിന്റെ പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്ന 'മരത്തിനു സ്തുതി'യില്‍ മരത്തെ വിഷം താനേ ഭുജിക്കുന്ന നീലകണ്ഠസ്വാമിയോട് ഉപമിക്കുമ്പോള്‍ കവിക്ക് മരവുമായിട്ടുള്ള ആത്മീയബന്ധമാണ് ആവിഷ്‌കൃതമാവുന്നത്. 

ഫോട്ടോ: എന്‍പി ജയന്‍
ഫോട്ടോ: എന്‍പി ജയന്‍


മനുഷ്യന് പ്രകൃതിയുമായുള്ള ആത്മീയബന്ധം വളരെ പ്രധാനമാണ്. മനുഷ്യന്‍ ഇതര ചരാചരങ്ങളെപ്പോലെ കാട്ടില്‍ ജീവിച്ചിരുന്ന കാലത്ത് ഈ ബന്ധം സുദൃഢമായിരുന്നു. പിന്നീടത് ക്രമേണ അയഞ്ഞയഞ്ഞുവന്നു. മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തോടെ പ്രകൃതി മനുഷ്യന്റെ യഥേഷ്ടോപയോഗത്തിനുള്ള ചരക്കായി മാറി. ഇതാണ് ഇന്ന് നാം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ മൂലകാരണം. കവികളും പരിസ്ഥിതിവാദികളും മാത്രമല്ല, ചിന്തിക്കുന്നവരെല്ലാം പ്രകൃതിയെ ചരക്കായി കണക്കാക്കുന്ന സമീപനത്തെ നിരാകരിച്ചിട്ടുണ്ട്. കാള്‍ മാര്‍ക്സ് പോലും. മുതലാളിത്തത്തില്‍ മനുഷ്യജീവിതത്തിന് ഉണ്ടാകുന്ന ജീര്‍ണ്ണതയെപ്പറ്റി കൂടുതല്‍ ചിന്തിച്ച അദ്ദേഹം പ്രകൃതിയെ മറന്നില്ല. 1844-ല്‍ എഴുതിയ 'ജൂതപ്രശ്‌നത്തെപ്പറ്റി' (ഛി വേല ഖലംശവെ ഝൗലേെശീി) എന്ന ഉപന്യാസത്തില്‍ അദ്ദേഹം വെള്ളത്തിലെ മത്സ്യങ്ങളേയും ആകാശത്തിലെ പറവകളേയും ഭൂമിയിലെ സസ്യങ്ങളേയും എല്ലാം വിഭവങ്ങളാക്കി മാറ്റുന്നത് അസഹ്യമാണെന്നും ജീവജാലങ്ങള്‍ക്കെല്ലാം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിക്കുന്നു. പില്‍ക്കാലത്ത് 'മൂലധന'ത്തിലും അദ്ദേഹം ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്: ''ഭൂമിയുടെ തല്‍ക്കാലത്തെ കൈവശക്കാര്‍, പാട്ടക്കുടിയാന്മാര്‍ (Usufructuaries) മാത്രമാണ് നമ്മള്‍: പ്രകൃതിയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാന്‍ കടപ്പെട്ടവരാണ് നമ്മള്‍.''

മനുഷ്യനും പ്രകൃതിയുമായി ഉണ്ടായിരിക്കേണ്ട മനോജ്ഞമായ ബന്ധത്തെ ഏറ്റവും കൃത്യമായി ആവിഷ്‌കരിച്ചിട്ടുള്ളത് ആല്‍ബെര്‍ട്ട് ഷൈ്വത്സര്‍ ആണ്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളുടെ നടുവിലൂടെ ഒഴുകുന്ന ഒഗോവേ നദിയിലൂടെ, പ്രകൃതിഭംഗിയില്‍ മുഴുകി കപ്പല്‍യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒരു വെളിപാടുപോലെ കടന്നുവന്നതാണ് 'ജീവനോടുള്ള ആദരം' (ഞല്‌ലൃലിരല ളീൃ ഘശളല) എന്ന ആദര്‍ശം. മനുഷ്യ-പ്രകൃതി ബന്ധത്തിലെ സദാചാരത്തെപ്പറ്റിയുള്ള ചിന്തയിലേക്കുള്ള പ്രവേശമായിത്തീര്‍ന്നു അദ്ദേഹത്തിനിത്. ''ജീവന്‍ എന്ന പ്രതിഭാസം മനുഷ്യന്റെ ഉപഭോഗത്തിനും ആനന്ദത്തിനും വേണ്ടി ഉണ്ടായതല്ലെന്നും ആ പ്രതിഭാസത്തിന്റെ ഒരു ഭാഗം മാത്രമാണ് നമ്മളെന്നും. അതിനെ കൂടുതല്‍ മൂല്യവത്താക്കുകയും അതിന്റെ ഓരോ അവതാരത്തേയും സേവിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. 'ജീവന്‍' എന്നല്ല, 'ജീവിക്കാനുള്ള ഇച്ഛ' (ണശഹഹീേഹശ്‌ല) എന്നാണ് ഷൈ്വത്സറുടെ  പദപ്രയോഗം.''

(Are Barsam and Andrew Linzcy in fifty Great Thiwkers on the envionmrnt) എല്ലാ ജീവികളുടേയും ജീവിക്കാനുള്ള ഇച്ഛ ആദരിക്കപ്പെടണം. 
ജീവിക്കാനുള്ള ഇച്ഛയ്ക്ക് എവിടെയൊക്കെ ഭംഗമുണ്ടാവുന്നുവോ അവിടെയൊക്കെ കവിഹൃദയം വേദനിക്കുന്നു. ആദ്യകാലം മുതല്‍ക്കേ സുഗതകുമാരിയുടെ കവിതകളില്‍ ഈ വേദന തിങ്ങിവിങ്ങുന്നുണ്ട്. 'കുറിഞ്ഞിപ്പൂക്ക'ളില്‍ പൂങ്കടല്‍ത്തിരകളില്‍ ആറാടിത്തിമിര്‍ക്കുന്ന കവിമനസ്സില്‍,

''മഴുവും തീയുമായ്, കഴുകന്‍ കണ്ണുമായ്
വരില്ലയോ മര്‍ത്ത്യനവിടെയും നാളെ?''
എന്ന ആധിയും നിറയുന്നു. ആന, ചൂട്, നിര്‍ഭയ, നിങ്ങളെന്‍ ലോകത്തെ എന്തുചെയ്തു?, വിധി, വ്യഥ തുടങ്ങിയ പല പില്‍ക്കാല കവിതകളിലും വേദന മാത്രമേയുള്ളൂ. 
''അംബ നിന്റെ മുലപ്പാല-
ല്ലിവരൂറ്റുന്നു നിത്യവും
നിന്റെ രക്തം നിന്റെ മാംസം
നീ ഞങ്ങള്‍ക്കൊരു പെണ്ണിര.'' (ചൂട്)
ആറാം കൂട്ടുവംശനാശത്തിന്റെ നടുവിലാണ് ഭൂമിയിപ്പോഴെന്ന് ശാസ്ത്രം പറയും. കഴിഞ്ഞ അഞ്ച് വംശനാശങ്ങള്‍ക്കും കാരണം ഭൂമിയിലെ എന്തെങ്കിലും പ്രകൃതിപ്രതിഭാസങ്ങളോ ബാഹ്യാകാശത്തുനിന്നുവന്ന ഉല്‍ക്കകളോ ആയിരുന്നു. വരുംവരായ്കകള്‍ മനസ്സിലാക്കാന്‍ കഴിവുള്ള ഒരു ജന്തു-മനുഷ്യന്‍ മൂലം ഒരു കൂട്ടവംശനാശം ഭൂമിയുടെ ചരിത്രത്തില്‍ ആദ്യത്തേതാണ്. ഇത്. യഥാര്‍ത്ഥത്തില്‍, ആറാം വംശനാശമല്ല, ഒന്നാം വംശഹത്യയാണ്. ഭൂമിദേവി പെറ്റുവളര്‍ത്തിയ ശിശു ഭീമാകാരംപൂണ്ട് ഉഗ്രമൂര്‍ത്തിയായി വളര്‍ന്ന് ഭൂമിയെത്തന്നെ ഉരുട്ടിവിഴുങ്ങുന്ന ചിത്രമാണ് സുഗതകുമാരി ടീച്ചറുടെ 'കൊളോനസ്.' (ഈ കവിത 'സഹ്യഹൃദയ'ത്തിലില്ല).
''നമ്മളതേ നമ്മളുമേകുന്നു നൂതന
സുഖഭോജന മഴലിന്‍
കുന്നുകളാല്‍, ലോകമഹായുദ്ധ-
ങ്ങടെ ചോരപ്പുഴയാല്‍ 
പോരാ, വിറപൂണ്ടു ചിരിച്ചാ
ഭീകരനൊന്നു കുനിഞ്ഞീ നമ്മുടെ
ഭൂതലമാകെയെടുത്തു നിവര്‍ന്നീടുന്നു
നാവുപുള-
ഞ്ഞോരോ കോണും നക്കിനുണച്ചതു
തിന്നുതുടങ്ങീടുന്നു!''
യുദ്ധവും പരിസ്ഥിതിനാശവും ഇന്നത്തെ ഭൗതികനാഗരികതയുടെ രണ്ട് വരദാനങ്ങളാണ്. ഈ കൊളോസസ്സിനെ നേരിടാന്‍ കവിയുടെ, കലാകാരന്റെ കൈയില്‍ എന്തായുധമാണുള്ളത്?
''വിഷധൂമം നിറയുന്നു വാന-
ത്താനിശ്വാസത്താലേ ഹൃദയം
വിവരം, കൈയിലൊരോടക്കുഴലേ
രാക്ഷസനോടെതിര്‍നില്‍ക്കാന്‍!''
'കൊളോനസ്' പ്രസിദ്ധപ്പെടുത്തി ഒരു ദശാബ്ദത്തിനുശേഷമാണ് സൈലന്റ് വാലി പ്രക്ഷോഭം ആരംഭിച്ചത്. അതോടുകൂടി പ്രകൃതിയുടെ പാട്ടുകാരിയായ കവയിത്രി പ്രകൃതിയുടെ വെളിച്ചപ്പാട് കൂടിയാവുന്നു.

സൈലന്റ് വാലി തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെപ്പറ്റി 'സഹ്യഹൃദയ'ത്തിന്റെ 'സമര്‍പ്പണ'ത്തില്‍ സുഗതകുമാരി ടീച്ചര്‍ പറയുന്നു: '1978  '79 കളില്‍ സൈലന്റ് വാലി എന്റെ ജീവിതത്തിലേക്ക് ഒരിരമ്പലോടെ കടന്നുവന്നു. ആദ്യാനുരാഗം പോലെ തീവ്രവും ദുഃഖമയവും മധുരവും ആശങ്കാകുലവുമായ ഒരനുഭവം. അതോടെ എന്റെ ജീവിതം മാറിമറിഞ്ഞു. പ്രകൃതി അവളുടെ സര്‍വ്വപ്രഭാവത്തോടുംകൂടി എന്റെ ജീവിതത്തില്‍ കടന്നുകയറി പീഠമിട്ടിരിപ്പായി. അതോടെ എന്റെ മനസ്സുമാറി, കവിത മാറി, സ്വപ്നങ്ങള്‍ മാറി, ആദര്‍ശങ്ങള്‍ മാറി, ലക്ഷ്യങ്ങള്‍ മാറി. ഈ പുതിയ മതം എന്നെ മാത്രമല്ല. ആ തലമുറയിലെ ഏറെപ്പേരെയും പിടിച്ചുകുലുക്കി.''

ഫോട്ടോ: സിജി അരുണ്‍
ഫോട്ടോ: സിജി അരുണ്‍


സൈലന്റ് വാലിക്കുശേഷം ടീച്ചറുടെ കവിതകളില്‍ പ്രകൃതിക്ക് പ്രാമുഖ്യം കൂടി. അതിനു മുന്‍പും അവര്‍ പ്രകൃതിയെപ്പറ്റി കവിതകള്‍ എഴുതിയിട്ടുണ്ട്. 'വര്‍ഷമയൂരം' 1958-ലും 'ഒരു മറുനാടന്‍ കിനാവ്' 1962-ലും എഴുതിയവയാണ്. 1987-ല്‍ പ്രസിദ്ധീകരിച്ച 'കുറിഞ്ഞിപ്പൂക്കള്‍' എന്ന സമാഹാരത്തില്‍നിന്നുള്ള പത്ത് കവിതകള്‍ 'സഹ്യഹൃദയ'ത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സൈലന്റ് വാലിക്കാലത്തിന് മുന്‍പെഴുതിയ നാല് കവിതകളും അതിനുശേഷം പിറന്ന മുപ്പത്തിയാറ് കവിതകളും ഒരു ലേഖനവുമാണ് 'സഹ്യഹൃദയ'ത്തിലെ സാഹിതീയ ഭാഗം. ഒപ്പം തുല്യപ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിട്ടുള്ള 101 പരിസ്ഥിതി ഛായാചിത്രങ്ങളും. ഇന്ത്യന്‍ പരിസ്ഥിതി ഛായാഗ്രഹണത്തിലെ കുലപതിയായ ടി.എന്‍.എ പെരുമാള്‍ തൊട്ട് യുവപ്രതിഭയായ എ.വി. അഭിജിത്ത് വരെയുള്ള ഇരുപത് ഛായാഗ്രാഹകന്മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍. 
സുഗതകുമാരിക്കവിതകള്‍ ശ്രദ്ധിച്ചു വായിക്കുന്ന ഒരാളുടെ മനസ്സില്‍ കേരളപ്രകൃതിയുടെ ഒരു ഇംപ്രഷണിസ്റ്റിക് ആരാമം വിടര്‍ന്നുവരും. സര്‍വ്വസാധാരണമായ തുമ്പ മുതല്‍ അത്യപൂര്‍വ്വമായ സ്വര്‍ണ്ണമുഖിവരെയുള്ള സസ്യങ്ങള്‍, അണുവിലും അണുവായ ഉറുമ്പു മുതല്‍ മഹത്തിലും മഹത്തായ ആന വരെയുള്ള മൃഗങ്ങള്‍, അനാഘ്രാതമായ നിത്യഹരിതവനങ്ങള്‍ മുതല്‍ ഉഴുതുമറിച്ച വയലുകള്‍ വരെയുള്ള ആവാസവ്യവസ്ഥകള്‍... എല്ലാം ഇവിടെ കാണാം. മലയാളത്തില്‍ മറ്റൊരു കവിയും കവിതയില്‍ ഇത്രയധികം കാട് വളര്‍ത്തിയിട്ടില്ല. കവിതയിലെ ഈ ജൈവവൈവിധ്യമാണ് 'സഹ്യഹൃദയത്തെ' സ്വാഭാവികമാക്കുന്നത്. വ്യത്യസ്തമെങ്കിലും കേരള പ്രകൃതിയുടെ യഥാതഥമായ ഒരു പരിച്ഛേദം ചിത്രങ്ങളിലൂടെ അനാവൃതമാവുന്നു.

'കെളോസസ്സ്' എഴുതിയിട്ട് അര നൂറ്റാണ്ട്  തികയുന്നു. അതില്‍ കവി ദീര്‍ഘദര്‍ശനം ചെയ്ത അപകടങ്ങളുടെ നടുവിലാണ് ഭൂമിയിന്ന്. ഭ്രാന്തമായൊരാവേശത്തോടെ ഭൂമിയിലെ ജീവന്‍ തല്ലിക്കെടുത്തുന്ന തിരക്കിലാണ് മനുഷ്യരാശി. കാള്‍ സാഗന്‍ പറഞ്ഞതുപോലെ, തങ്ങളുടെ കഴിവിന് അപ്പുറത്താണെന്നുള്ള ചിന്തകൊണ്ടോ എന്തോ, ആരും പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല.  പ്രശ്‌നം ഗവണ്‍മെന്റുകള്‍ക്ക് വിട്ടുകൊടുത്തിട്ട് കൈയും കെട്ടിയിരിപ്പാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് തങ്ങളുടെ ചെങ്കോല്‍ ഭദ്രമാക്കുന്നതിനെപ്പറ്റിയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലെയുള്ള പത്ത് ലോകപൗരന്മാര്‍, അമേരിക്കയുടെ ഗ്രീന്‍ഹൗസ് വാതകോദ്വമനം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എഴുതിയ കത്തിന് പ്രസിഡന്റ് ജോര്‍ജ് ബുഷ് യാതൊരു വിലയും കല്പിച്ചില്ല. 
കൊളോസസ്സിനെ നേരിടാന്‍ കവിയുടെ ആയുധം ഒരു ഈറ്റക്കഷണമായിരുന്നു. ഇന്നോ?
''മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ 
വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി
വഴിയില്‍ നില്‍പ്പൂ ചമഞ്ഞുതുമ്പച്ചെടി.'' (നിര്‍ഭയ) 
ഈ കൊച്ചുകവിതയ്ക്ക് 'നിര്‍ഭയ' എന്ന ശീര്‍ഷകം ഭൂമിയെ മനുഷ്യര്‍ റേപ്പുചെയ്തു കൊല്ലുകയാണെന്ന് സുവ്യക്തമായി പറയുന്നു. 

ഫോട്ടോ: ബാലന്‍ മാധവന്‍
ഫോട്ടോ: ബാലന്‍ മാധവന്‍

സൈലന്റ് വാലി മുതല്‍ ആറന്മുള വരെ ജയിച്ച കുറേ യുദ്ധങ്ങളിലും തോറ്റ ഏറെ യുദ്ധങ്ങളിലും മുന്നണിയില്‍നിന്ന് പടവെട്ടിയ കവയിത്രിക്കും പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു! 'സഹ്യഹൃദയ'ത്തിന്റെ  ആമുഖത്തില്‍ അവര്‍ പറയുന്നു: ''നാം അതിവേഗം മാലിന്യക്കൂമ്പാരമായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ ഭൂമി നിലവിളിച്ചുകൊണ്ട് സര്‍വ്വനാശത്തിലേക്ക് ഉരുളുകയാണെന്ന് അറിയാഞ്ഞല്ല. എങ്കിലും, പച്ചപ്പിനേയും നനവിനേയും സ്‌നേഹിക്കുന്ന കാട്ടുകിളിക്ക് പാടാതെ വയ്യല്ലോ. കാടിനു തീ പിടിക്കുന്നു എന്നറിഞ്ഞിട്ടും അവള്‍ ഉറക്കെ ചിലച്ചു പാടിപ്പറന്നുകൊണ്ടേയിരിക്കും. എന്റെ വാക്കുകള്‍ക്ക് അത്രയേ അര്‍ത്ഥമുള്ളു.'' ഇവിടെ, പത്തിരുപത് സമാനഹൃദയരും ഒപ്പം ചിലച്ചുപറക്കുന്നു. 
'സഹ്യഹൃദയം' അച്ചടിക്ക് ഏതാണ്ട് തയ്യാറായ സമയത്തെഴുതിയ 'മരമാമര'ത്തിലെ അവസാന വരികള്‍: 
''ജപിച്ചേനല്ലോ ഗുരോ, 'മരമാമര'മെന്നു
തപിച്ചേനല്ലോ, ഭൂമികന്യതന്‍ വിളികേട്ടു
കുതിച്ചുചെന്നേനല്ലോ, കാലഖഡ്ഗത്തില്‍ വെട്ടേ-
റ്റൊടുക്കം ചിറകറ്റു കാലറ്റു വീഴുമ്പോഴും
പറക്കലിനിയില്ല, പാട്ടില്ല, പോരില്ലെന്നു
മരച്ചോട്ടിലായ്, മണ്ണിലടിഞ്ഞുകിടക്കിലും 
'മരമാമരം മരം' മന്ത്രിപ്പേന്‍, ഇന്നും തപം
മരമെന്നല്ലോ, 'രാമ'നെന്നെന്തേ വരുന്നീല?''

ഫോട്ടോ: എസ് വിനയകുമാര്‍
ഫോട്ടോ: എസ് വിനയകുമാര്‍


ഇതൊരു മതംമാറ്റത്തിന്റെ പരസ്യപ്രഖ്യാപനമാണ്. കൃഷ്ണനേയും രാമനേയും പറ്റി നിരന്തരം പാടിക്കൊണ്ടിരുന്ന കവയിത്രി ഒടുക്കം മരത്തിന്റെ കാല്‍ക്കലാണ് അഭയം തേടിയിരിക്കുന്നത്. ഇവിടെ പരിസ്ഥിതിവാദം ആസ്തിക്യത്തേയും കീഴടക്കിയിരിക്കുന്നു. 

ഫോട്ടോ: എവി അഭിജിത്ത്
ഫോട്ടോ: എവി അഭിജിത്ത്

കേരളത്തില്‍ ഈ മതം ആദ്യം പ്രചരിപ്പിച്ച ഒരാള്‍ പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) ആയിരുന്നു. മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് അദ്ദേഹമെഴുതി: ''ഞാന്‍ ഒരു ഹിന്ദുവാണ്. ബഹുസഹസ്രം ദേവന്മാരേയും ദേവിമാരേയും പൂജിക്കുന്ന ഒരു സമുദായത്തില്‍ ജനിച്ച്, ഇന്നും ഹൈന്ദവാനുഷ്ഠാനമുറകള്‍ തുടര്‍ന്നുപോരുന്ന എന്നോട് ആരെങ്കിലും ''നിങ്ങള്‍ ഏതു ദൈവത്തെയാണ് ആത്മാര്‍ത്ഥതയോടെ ആരാധിക്കുന്നത്'' എന്ന് ചോദിച്ചാല്‍ ഒട്ടും ശങ്കിക്കാതെ 'പ്രകൃതിയെ' എന്നാണ് ഞാന്‍ ഉത്തരം പറയുക.'' (പുല്ല് തൊട്ട് പൂനാര വരെ). തുടര്‍ന്ന്, ''ജാതി ഏതായാലും മതം മാറുവാന്‍ മുന്നോട്ട് വരൂ'' എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ മനുഷ്യവംശം പുരോഗമിക്കുന്നതിനു പകരം അതിശീഘ്രം അധഃപതിച്ച് ആദിമനുഷ്യരെക്കാള്‍ പ്രാകൃതജീവികളായിത്തീരുമെന്ന് മുന്നറിയിപ്പും നല്‍കി. 
ഇന്നും ഇന്ദുചൂഡന്റേയും സുഗതകുമാരിയുടേയും മതത്തില്‍ അധികം ആളുകളില്ല. ഇനി ഉണ്ടായിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാലം അതിക്രമിച്ചിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com