സംസ്‌കാര വിചാരങ്ങളിലെ വിരോധാഭാസങ്ങള്‍

ഗാന്ധിക്ക് ലക്ഷ്യബോധത്തോടെ മുന്നേറിയേ തീരൂ. അല്ലെങ്കില്‍ ആ വൈവിധ്യപൂര്‍ണ്ണമായ സാധ്യത ഗോഡ്‌സെ ഒറ്റയ്‌ക്കെടുക്കും.
സംസ്‌കാര വിചാരങ്ങളിലെ വിരോധാഭാസങ്ങള്‍

ഗാന്ധി, ഗോഡ്‌സേ, ജിന്ന, മാര്‍ക്സ്, അംബേദ്കര്‍.... 'ഡമോക്രസി ട്രാവല്‍സി'ന്റെ നാലു ചക്രങ്ങള്‍ കറക്കുന്ന അഞ്ച് ബസുകള്‍. ബാംഗ്ലൂരില്‍ പുറപ്പെട്ട് അനന്തപുരി താണ്ടേണ്ട ഗാന്ധിയില്‍ മുപ്പതോളം അനുഗാമികളുണ്ട്. അവരെ കവരാന്‍ ഒരു വെടിത്തിരയുടെ സഞ്ചാരദൂരത്തില്‍ ഗോഡ്‌സെയുമുണ്ട്. ഡമോക്രസി ട്രാവല്‍സിന്റെ അന്നത്തെ യാത്ര സമകാല ദേശീയ ജനാധിപത്യ സമാനം പ്രതിസന്ധികള്‍ നിറഞ്ഞതും ദുഷ്‌കരവുമാണ്. ഗാന്ധിക്ക് ലക്ഷ്യബോധത്തോടെ മുന്നേറിയേ തീരൂ. അല്ലെങ്കില്‍ ആ വൈവിധ്യപൂര്‍ണ്ണമായ സാധ്യത ഗോഡ്‌സെ ഒറ്റയ്‌ക്കെടുക്കും. നിരത്ത് തുറന്നുകൊടുക്കുന്ന അഭൂതപൂര്‍വ്വമായ സഞ്ചാരമാര്‍ഗ്ഗങ്ങളിലൂടെ ഓട്ടപ്പന്തയത്തില്‍ ജയിക്കേണ്ട കൂര്‍മ്മബുദ്ധിയുമായി ഉറങ്ങിക്കിടക്കുന്നുണ്ട് സൂത്രശാലിയായ മുയല്‍. സ്വാതന്ത്ര്യബോധം നീറ്റുകക്കയില്‍വീണ് പൊള്ളിവീര്‍ത്ത ഈ നിമിഷങ്ങളിലെ ആശങ്കകളും ഞെട്ടലുകളും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റേയും കറുത്ത ഹാസ്യത്തിന്റേയും പിന്‍ബലത്തോടെ അവതരിപ്പിക്കുകയാണ് ജുബിത്ത് നമ്രഡത് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ആഭാസം' എന്ന മലയാള സിനിമ. 

സെന്‍സര്‍ ബോര്‍ഡിന്റേ കത്തി ഭയന്ന് വളഞ്ഞും ഒളിഞ്ഞും ഹോമിയോ ഗുളികപോലെ മധുരത്തില്‍ പൊതിഞ്ഞും കാണികളെ ദ്വയാര്‍ത്ഥ സങ്കലിത ബൗദ്ധിക വ്യായാമത്തില്‍ ഏര്‍പ്പെടുത്തി വിയര്‍പ്പിക്കുന്ന സിനിമാമുറയ്ക്ക് ആഭാസം ഒരു വിരോധാഭാസമാണ്. പറയാന്‍ ശ്രമിച്ച രാഷ്ട്രീയം സിനിമ നിവര്‍ന്നും നേരിട്ടും പറയുന്നു. ആ അര്‍ത്ഥത്തില്‍ കറകളഞ്ഞ ലക്ഷ്യബോധം 'ആഭാസം' പ്രകടിപ്പിക്കുന്നുണ്ട്. ദേശീയതയുടെ ഭാവി ഭദ്രമാക്കാന്‍, വര്‍ത്തമാനകാലം കോള്‍മയിര്‍ കൊള്ളുന്ന ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വെണ്ണീറില്‍ പാകിവെച്ച ഭൂതകാലത്തെ പഴുപ്പിച്ച് ശസ്ത്രവും ശാസ്ത്രവും നിര്‍മ്മിക്കുന്ന നൂതന രാഷ്ട്രീയ സാങ്കേതികവിദ്യയുടെ 'സൈഡ് ഇഫക്ട്' ചൂണ്ടിക്കാണിക്കുന്നതാണ് സിനിമയുടെ ധര്‍മ്മവും മര്‍മ്മവും. ഒരല്പം കപട സദാചാരബോധവും വ്യക്തിസ്വാതന്ത്ര്യവും സിനിമ ചര്‍ച്ച ചെയ്യുന്നു. 

കര്‍ണ്ണാടകയില്‍നിന്നും കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ഗാന്ധി ബസ് യാത്ര പുറപ്പെടുകയാണ്. സീറ്റുകളില്‍ ആളൊഴിവില്ലാതെ യാത്രക്കാരുണ്ട്. പോണ്‍ വീഡിയോ ക്ലിപ്പുകളില്‍ അതീവ തല്‍പ്പരനും മധ്യവയസ്സ് പിന്നിട്ടയാളുമാണ് ബസ് ഡ്രൈവര്‍ (അലന്‍സിയര്‍). ചെറുപ്പക്കാരനായ ക്ലീനര്‍ (സുരാജ് വെഞ്ഞാറമ്മൂട്). അയാള്‍ക്ക് ഒരു ഒളിജീവിതമുണ്ട്. (അ)സാംസ്‌കാരിക വൈവിധ്യം പ്രകടിപ്പിക്കുന്നവരാണ് യാത്രികര്‍. അവരുടെ നാനാത്വത്തെ ഏകത്വത്തിലെത്തിക്കാനുള്ള ബസ്സിന്റെ അപഥസഞ്ചാരമാണ് സിനിമയിലേറെയും. സംഭവവികാസങ്ങളുടെ നിമ്നോന്നതകളില്ലാതെ ആഖ്യാനത്തില്‍ നങ്കൂരമിട്ട് നിര്‍ത്തിയിട്ടിരിക്കുന്ന കപ്പല്‍ പോലെയാണ് ആദ്യ പകുതി. ഒരേ മുഖം, ഒരേ കാല്‍! എന്നാല്‍, രണ്ടാം പകുതിയില്‍  ധര്‍മ്മുപുരിയില്‍നിന്ന് ദീനം പിടിപെട്ട് ആതുരാലയമന്വേഷിച്ച് ബസ്സില്‍ കയറുന്ന സ്ത്രീയും പുരുഷനും കഥാഗതി മാറ്റുന്നു. അവരുടെ വഴിക്കാണ് സിനിമയുടെ പിന്നീടുള്ള (അടി)ഒഴുക്ക്. അസ്വാഭാവികമായ (ത്രില്ലറില്‍ ഊന്നിയാണ്) 'ആഭാസം' അപനിര്‍മ്മിക്കുന്ന രാഷ്ട്രീയം സിനിമയില്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നതും. 

കഥാപാത്രങ്ങളിലെ പ്രതിനിധാനം
ഡമോക്രസി ട്രാവല്‍സിന്റെ ഗാന്ധിബസ്സിലെ യാത്രക്കാര്‍ക്ക് പേരില്ല. അവരുടെ ഉടല്‍ വൈയക്തികമായും സ്വാഭാവികമായും സമൂഹത്തിന്റെ പരിച്ഛേദമാണ് തീര്‍ത്ഥാടകനായ സ്വാമി, സുവിശേഷകരായ ദമ്പതിമാര്‍, റമദാന്‍  വ്രതമനുഷ്ഠിക്കുന്ന ഭാര്യയും ഭര്‍ത്താവും, പുരോഗമനവാദിയും 'പുക'വലിക്കാരിയും മുസ്ലിം സ്വത്വം പുറമെ പ്രകടിപ്പിക്കാത്തവളുമായ യുവതി (റിമ കല്ലിങ്കല്‍), മദ്യപാനിയും സ്ത്രീലമ്പടനും അവതരണ സീനിലെ പ്രേക്ഷകന് പിടികിട്ടുന്നവനുമായ യുവാവ് (നിര്‍മ്മല്‍ പാലാഴി), വീട്ടുകാരുടെ നിര്‍ബന്ധത്തിന് വശംവദയായി പെണ്ണുകാണലിന് നിന്നുകൊടുക്കാന്‍ പുറപ്പെടുന്ന ലിബറല്‍ യുവതി (ജിലു ജോസഫ്), ആസ്തമ പിടിപെട്ട് യാത്രാക്ക്‌ലേശമനുഭവിക്കുന്ന പെയിന്റിങ്ങ് തൊഴിലാളി (ഇന്ദ്രന്‍സ്) കളിപ്പാട്ട വില്‍പ്പനക്കാരിയായ ട്രാന്‍സ്ജന്റര്‍ (ശീതള്‍ ശ്യാം) ഗൗരവക്കാരനായ ഗേ, പ്രണയപരവശരായ വിദേശ സ്ത്രീയും മലയാളി പുരുഷനും മൊബൈല്‍ സൗഹൃദത്തിന്റെ ലഹരി കണ്ടെത്തുന്ന യുവതീയുവാക്കള്‍, പുറമേ സദാചാരവാദിയും അകമേ കമ്യൂണിസ്റ്റുകാരനുമായ ഹോട്ടലുടമ, അയാളുടെ മകളും ഭാര്യയും, അനീതികളോട് പൊടുന്നനെ പ്രതികരിക്കുന്ന യുവാവ്, റോമന്‍ കാത്തലിക് അമ്മച്ചിയും ഭര്‍ത്താവും, ജിജ്ഞാസുവായ സായിപ്പ്.... ഇവരൊക്കെയാണ് ഗാന്ധിയെ സുഭദ്രമാക്കുന്നത്. അതായത്, സഞ്ചാരികള്‍ നാം തന്നെയെന്ന് സാരം.

മതം, ജാതി, സ്ത്രീ വിഷയാസക്തി, മദ്യപാനം, അരക്ഷിതാവസ്ഥ, നിസ്സഹായത, പുരോഗമനസ്വഭാവം, കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തല്‍, കാമകര്‍ത്തവ്യനിരതമായ പ്രണയം ഉള്‍പ്പെടെ എന്തും പ്രദര്‍ശിപ്പിക്കാന്‍ പാകത്തിലാണ് കഥാപാത്രങ്ങളുടെ ചേരുവ. ഗാന്ധിയില്‍നിന്ന് ആളെപ്പിടിക്കാനും ടയറില്‍ അള്ളുവയ്ക്കാനും ശ്രമിക്കുന്ന കാവിമുണ്ടുടുത്ത് കൈയില്‍ കാവിച്ചരട് കെട്ടിയ ഗോഡ്‌സെ ബസ്സിലെ ക്ലീനര്‍, മദ്യപാനിയായ യാത്രക്കാരന്റെ സുഹൃത്തും അയാളുടെ കടയിലെ ജീവനക്കാരനും തരംകിട്ടിയാല്‍ സുഹൃത്തിന്റെ ഭാര്യയെ പുണരാനായുന്നവനുമായ കഥാപാത്രം, നിരോധനാജ്ഞ പാലിച്ച് 'മായാമോഹിനി'യായി വേഷം മാറുന്ന ബീഫ്, കൈക്കൂലി ആവശ്യാനുസരണം ലഭിക്കാത്തതിനാല്‍ ബസ്സില്‍ മാവോയിസ്റ്റ് വേട്ടക്കിറങ്ങുന്ന പൊലീസ് ഓഫീസര്‍ അടക്കം ഗാന്ധിക്കു പുറത്തും കഥാപാത്രങ്ങള്‍ സമകാല സാമൂഹ്യാവസ്ഥയുടെ പ്രതിനിധാനങ്ങളും അപരങ്ങളുമായി മാറുകയാണ്. 

'ആഭാസം' അരക്കിട്ടുറപ്പിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ മെഴുകുപുരട്ടി ഭദ്രമാക്കുന്നതാണ് കഥാപാത്രങ്ങളിലെ പ്രതിനിധാന സ്വഭാവമെങ്കിലും കഥാഗതിയില്‍ പ്രേക്ഷകന് അലോസരമുണ്ടാക്കാന്‍ ഇത് സഹായകരമായിട്ടുണ്ട്! മികച്ച ദൃശ്യഭാഷയുടെ അഭാവമാണ് ആഭാസത്തിന്റെ പോരായ്മ. കഥപറയാന്‍ നിരന്തര സംഭാഷണങ്ങളെയാണ് സംവിധായകന്‍ ഉപകരണമാക്കുന്നത്. അതിനാല്‍ കഥാപാത്രങ്ങളിലെ ഡയലോഗ് റപ്രസന്റേഷന് (സംഭാഷ പ്രതിനിധാനം) അമിതപ്രാധാന്യം കൈവരികയാണ്. കഥ ത്രില്ലറിലേക്ക് ഗതിമാറുമ്പോഴാണ്  ആഖ്യാനത്തിലെ അപൂര്‍ണ്ണതയില്‍നിന്നും സിനിമ മോചിപ്പിക്കപ്പെടുന്നത്. 

രൂപാന്തരീകരണം എന്ന പ്രതിഭാസം
രൂപാന്തരീകരണമെന്ന പേരില്‍ ഫ്രാന്‍സ് കാഫ്കയുടെ കഥയുണ്ട്. ഗ്രിഗറി സാംസയുടെ മനുഷ്യനില്‍നിന്നും ഗൗളിയിലേക്കുള്ള രൂപപരിണാമമാണ് ഇതിവൃത്തം. പടിപടിയായുള്ള പരിണാമമല്ല, നോക്കിനില്‍ക്കെ ദ്രുതഗതിയിലുള്ള മാറ്റമാണത്. മനുഷ്യന്‍ ഒരു ഉറക്കമുണരുമ്പോള്‍  ഗൗളിയാകുന്നതുപോലെ!

ഗാന്ധി ബസ്സിലെ ക്ലീനറെ ശ്രദ്ധിക്കാം. സിനിമ ആരംഭിക്കുമ്പോള്‍ എത്രമേല്‍ നന്മനിറഞ്ഞവനാണയാള്‍! പുതിയ സിം വാങ്ങി മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണുന്ന ഡ്രൈവറെ അയാള്‍ കൃത്യമായി ശാസിക്കുന്നതും പ്രായമാകുമ്പോഴുണ്ടാകേണ്ട പക്വതയെക്കുറിച്ച് ബോധവാനാകുന്നതും കാണാം. യാത്രക്കാരോട് മാന്യമായാണ് അയാളുടെ പെരുമാറ്റം. മോഡേണ്‍ വസ്ത്രധാരണം നടത്തിയ യുവതി കടന്നുപോകുമ്പോള്‍ 'വെറുതെയല്ല ഇവിടെ പീഡനങ്ങള്‍ ഉണ്ടാകുന്നത്' എന്ന പിറുപിറുപ്പില്‍ വേണമെങ്കില്‍ 'കിളി'യെ പിടികൂടാം.

എന്നാല്‍, രസികനും മനുഷ്യസ്‌നേഹിയുമായി അയാള്‍ നിറയുകയാണ്. അനുവദിച്ചുകൊടുക്കാവുന്ന (?) സ്ത്രീലംബടത്വമേ അയാള്‍ പ്രകടിപ്പിക്കുന്നുള്ളൂ! ആദ്യപകുതിയുടെ ഒടുക്കമാകുമ്പോഴേക്കും യുവതിയോടുള്ള അയാളുടെ ലൈംഗിക താല്‍പ്പര്യം കയറിക്കത്തുന്നു. അയാള്‍ അവളെ മുട്ടിയുരുമ്മുന്നു. ഒരു ഘട്ടത്തില്‍ അവളുടെ സീറ്റില്‍ കയറിയിരുന്ന് ശല്യപ്പെടുത്താന്‍ ശ്രമിക്കുകകൂടി ചെയ്യുന്നു. രണ്ടാം പകുതിയില്‍ ബസ്സില്‍ സീറ്റന്വേഷിക്കുന്ന ദീനബാധിതനായ ഭര്‍ത്താവുള്‍പ്പെടുന്ന ദമ്പതികളോട് കരുണാമയവും മനുഷ്യസ്‌നേഹപരവുമായാണ്  ക്ലീനര്‍ ഇടപെടുന്നത്. പൊടുന്നനെ അയാളുടെ സ്വഭാവം മാറുകയും അസുഖക്കാരനെ ക്ലിനിക്കിലെത്തിക്കാന്‍ ശ്രമിക്കുന്നത് അയാളുടെ ഭാര്യയെ..................... നമുക്ക് മനസ്സിലാകുകയും ചെയ്യുന്നു. പരാജിതമായ ആ ശ്രമത്തില്‍നിന്നും അയാള്‍ പടികയറുന്നത് സിനിമയുടെ സഞ്ചാരത്തെ അട്ടിമറിക്കുന്ന സംഭവങ്ങളിലേക്കാണ്. ഒടുവില്‍ ഗോഡ്‌സെയിലെ ക്ലീനറെപ്പോലെ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന കിളി പറന്നുപോകാന്‍ ആഗ്രഹിക്കുന്ന പ്രതിലോമ വിഹായസ്സിലേക്ക് ആഭാസം നോട്ടമെറിയുന്നു. കിറുകൃത്യമായി രൂപപ്പെടുത്തുകയും പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു നായകനിലെ ഈ പ്രതിനായകനെ.

ബസ്സില്‍ ചുംബനാസക്തരായ കമിതാക്കളെ നോക്കി ''നാട്ടിലാണെങ്കില്‍ ഇവനെ ശരിപ്പെടുത്തിയേനേ'' എന്ന് രോഷാകുലനാകുകയാണ് ഹോട്ടലുടമയായ മധ്യവയസ്‌കന്‍. അയാള്‍ ഒരു കമ്യൂണിസ്റ്റ് ആണെന്ന് വേഗത്തില്‍ നമുക്ക് മനസ്സിലാക്കാം. പുരോഗമന വീര്യം അശേഷം ബാധിക്കാത്ത ആ അരസികനിലെ രസികത്വം പിന്നീടുള്ള ഒളിനോട്ടങ്ങളിലും കാബറേ കണ്ണുകളിലും പ്രത്യക്ഷപ്പെടുകയാണ്. അയാളുടെ ദ്വന്ദവ്യക്തിത്വത്തിലേക്കുള്ള  പരിഹാസത്തിന്റെ പൊടിക്കൈകള്‍ സിനിമയില്‍ ധാരാളമുണ്ട്. 
ഗാന്ധി പ്രതിസന്ധിയിലാകുമ്പോള്‍ കണ്ണുംപൂട്ടി ഗോഡ്‌സേയിലേക്ക് ചേക്കേറുന്ന അഞ്ചു യാത്രക്കാരിലും തീരുന്നില്ല കഥാപാത്രങ്ങളുടെ രൂപമാറ്റം. ഏകാധിപത്യത്തിലേക്കുള്ള ജനാധിപത്യത്തിന്റെ ചുവടുമാറ്റത്തെ ബോധ്യപ്പെടുത്തുകയാണല്ലോ ആഭാസത്തിന്റെ അന്തിമലക്ഷ്യം.

സറ്റയര്‍ സോഫ്റ്റ്വെയര്‍ 
സറ്റയര്‍ തന്നെയാണ് ആഭാസം പ്ലേ ചെയ്തിരിക്കുന്ന സോഫ്റ്റ്വെയര്‍. രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ എന്ന നിലയിലാണ് ആഖ്യാനത്തിന്റെ നിര്‍മ്മിതി. സിനിമയുടെ ടൈറ്റിലും ട്രാവല്‍സിന്റേയും ബസ്സുകളുടേയും പേരും ആദ്യമേ ഒരു ചിരി തരും. കേന്ദ്രത്തില്‍ മികച്ച ഭരണം വന്നതിനാലാണ് പൊലീസ് ഇത്രമാത്രം യോഗ്യരായതെന്ന് വിശ്വസിക്കുന്ന ശബരിമല തീര്‍ത്ഥാടകനും ഭാര്യയെ നിരന്തരം സംശയിക്കുകയും വ്രതം തീരുന്നതിനു മുന്‍പേ ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്ന മുസ്ലിം യുവാവും സുവിശേഷമോരിയിടാനായി അണുമാത്ര അവസരം അന്വേഷിക്കുന്ന ക്രിസ്ത്യന്‍ ദമ്പതിമാരും സറ്റയറിന്റെ പതാകവാഹകരാണ് ഇവിടെ. മതവിശ്വാസത്തിലെ അയുക്തിയേയും ബീഫ് നിരോധനത്തേയുമെല്ലാം ഇവിടെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. 

സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യത്തിനെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് ആഭാസം. മദ്യപാനിയായ യാത്രക്കാരന് ഏത് സ്ത്രീയും ലൈംഗികവസ്തു മാത്രമാണ്. അത്രമേല്‍ അരോചകമാണ് അയാളിലെ ആണ്‍നോട്ടങ്ങള്‍. ലൈംഗിക ചിന്തയാല്‍ ഫ്രസ്ട്രേഷന്‍ കോളറാ ബാധിതരായ മുഖ്യധാരാ ഭൂരിപക്ഷ ശതമാനത്തിന്റെ പ്രതിനിധിയാണയാള്‍. ഉപദ്രവിക്കുന്നവരെ തുളയ്ക്കാനുള്ള കോമ്പസ് കൈയില്‍ കരുതിയാണ് ട്രാന്‍സ്ജന്റര്‍ യുവതി യാത്ര നടത്തുന്നത്. അവശരെ സഹായിക്കാനെന്ന വ്യാജേന ലൈംഗിക തീക്ഷ്ണതയില്‍ മരുന്നു നിറയ്ക്കാനാണ് കിളി കൂടൊരുക്കുന്നത്. വൃദ്ധദശ പുല്‍കിയ ബസ് ഡ്രൈവറുടെ ഉത്തേജകം അശ്ലീല ബിറ്റുകളാണ്. 

ഹോട്ടലുടമയുടെ മകള്‍ ബന്ധുവീട്ടില്‍ നടന്ന പീഡനാനുഭവം പറയുന്നതോടെ സിനിമയുടെ സറ്റയര്‍ മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒരുള്‍ക്കിടിലത്തോടെ മാത്രം കേള്‍ക്കാനാകുന്ന ആ കുഞ്ഞുദൈന്യം ആഭാസം അതുവരെ അവതരിപ്പിച്ച സകല വിഷയങ്ങളേയും നിഷ്പ്രഭമാക്കുന്നു. 
എന്നാല്‍, ഇരുതലമൂര്‍ച്ചയുള്ള സറ്റയര്‍ എന്ന ആയുധത്തെ തെളിമയോടെ ഉപയോഗിക്കാനായില്ലെന്നത് സിനിമയ്ക്കുള്ള പ്രധാന വിമര്‍ശനമാണ്. തുടക്കത്തില്‍ രാകിമിനുക്കിയ ആ വാള്‍മുനയില്‍നിന്ന് അനര്‍ഗളം രക്തമൊഴുകിയില്ല, പൊടിഞ്ഞവ കാര്യമായി മുറിവേല്‍പ്പിച്ചുമില്ല. 

നവ രാഷ്ട്രീയത്തിന്റെ അന്തിമവിന്യാസം
ഇതൊക്കെയാണെങ്കിലും 'ആഭാസം' ഉപസംഹരിക്കാനാഗ്രഹിക്കുന്ന ഇതര രാഷ്ട്രീയ ബോധമുണ്ട്. സായുധ മാവോയിസ്റ്റ് പ്രത്യാക്രമണത്തിന്റെ തീവ്രസ്വഭാവവും ഭരണകൂട വിരുദ്ധതയാല്‍ സവിശേഷവുമായ പ്രതിലോമ രാഷ്ട്രീയമാണതെന്ന് പറയാതെ വയ്യ. 'ഗാന്ധി'യില്‍ രോഗബാധയാല്‍ തളര്‍ന്ന് കയറിക്കൂടിയ ദമ്പതികള്‍ മറച്ചുവെച്ച ഐഡന്റിറ്റി സൂചിതമായ രാഷ്ട്രീയ രീതിശാസ്ത്രങ്ങളുടേതാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ക്ഷീണിതരും രോഗികളുമല്ല; പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് കൂട്ടാളിയെ മോചിപ്പിക്കാനാണ് അവരുടെ പോക്ക്. പൊലീസ് ശ്രദ്ധ ലഭിക്കാതിരിക്കാനാണ് ബസ്സില്‍ കയറിപ്പറ്റുന്നത്. അവര്‍ ലക്ഷ്യം നേടുകതന്നെ ചെയ്യുന്നു. പടത്തിനൊടുവില്‍ തിന്മയുടെ സൂക്ഷിപ്പുകാരനും നടത്തിപ്പുകാരനുമായ ക്ലീനറെ കായികമായി നേരിട്ട് സമാന്തരനീതി നടപ്പാക്കുന്നതിലേക്കാണ് സിനിമയുടെ എന്‍ഡ് ടൈറ്റില്‍ നീങ്ങുന്നത്. 

നമ്മുടെ നിയമവ്യവസ്ഥ നീതീകരിക്കുവാനാകാത്ത അസമത്വങ്ങളിലാണ് അഭിരമിക്കുന്നത് എന്നത് ശരിതന്നെ. വേട്ടക്കാര്‍ തക്കംപാര്‍ത്തിരിക്കുകയും ഇരകള്‍ ഇരുള്‍ക്കുഴിമേലുരുളുകയും തന്നെയാണ് എങ്കിലും പ്രതീക്ഷ അസ്തമിക്കുന്നില്ല. ജനാധിപത്യത്തിന്റെ തളര്‍ച്ചയ്ക്ക് സായുധ കലാപത്തില്‍/കായികാഭ്യാസമുറകളില്‍ മരുന്നു കണ്ടെത്തേണ്ടതില്ല. അങ്ങനെയെങ്കില്‍ ഈ സിനിമ ഉന്നയിക്കുന്ന ആകുലതകളും പ്രതിരോധങ്ങളും അപ്രസക്തമാകുമല്ലോ?

ആഭാസത്തിലെ മറ്റൊരു സീനിലേക്ക് വരാം. ഹോട്ടലില്‍ ഒരു ചാക്ക് വലിയ ഉള്ളിയുമായി ഒരു പണിക്കാരന്‍ കയറിവരുന്നു. സമീപത്തിരിക്കുന്ന പ്രധാന തൊഴിലാളിയുടെ (മാമുക്കോയ) ആത്മഗതം ഇങ്ങനെയാണ്: ''നമ്മളൊക്കെ ഈ ഉള്ളിപോലെയാണ്, ചാക്കീന്ന് കൊട്ടയിലേക്ക്, കൊട്ടേന്ന് പാത്രത്തിലേക്ക്, ചെലപ്പോ കത്തിമുനയിലേക്ക്, ഇതില്‍നിന്നൊക്കെ മാറി ചിന്തിക്കുന്നവരുടെ കാര്യോ?'' അതേസമയം കൊട്ടയില്‍നിന്ന് ഒരു ഉള്ളി പുറത്തേക്ക് തെറിക്കുന്നു. ഹോട്ടലിന്റെ അകത്തളത്തിലൂടെ സഞ്ചരിച്ച് അത് പൊലിസ് ജീപ്പിന്റെ ടയറില്‍ നാമാവശേഷമായി. ഇതേ സീനിന് സമാനമായി, ചെയ്യാത്ത കുറ്റത്തിന്റെ ഭാരവും പേറി അനീതിയെ ചോദ്യം ചെയ്യുകയും നിരപരാധിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുവതിയും യുവാവും പൊലീസ് പിടിയിലാകുന്ന രംഗം ക്ലൈമാക്‌സിനൊപ്പം ചേര്‍ത്തിരിക്കുന്നു. പ്രതീകരണജ്വാലയാല്‍ തീക്ഷ്ണമായ ഈ രാഷ്ട്രീയവബോധം ആശാവഹവും ശുഭസൂചനയുടേതുമാണ്; ആക്ടിവിസ്റ്റുകളെ പരിസ്ഥിതി തീവ്രവാദികളും മാവോയിസ്റ്റുകളുമാക്കി യു.എ.പി.എ ചുമത്തുന്ന ഈ കെട്ട കാലത്ത് പ്രത്യേകിച്ചും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com