കായിക കേരളത്തിന്റെ തലവര മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന സ്‌കൂളുകള്‍

കായിക കേരളത്തിന്റെ തലവര മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന ചില സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നത് സംസ്ഥാന കായികമേളയില്‍ ഒന്നാം സ്ഥാനക്കാരായ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ്.
ഫോട്ടോ: ആല്‍ബന്‍ മാത്യു
ഫോട്ടോ: ആല്‍ബന്‍ മാത്യു


 
കായിക കേരളത്തിന്റെ തലവര മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന ചില സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നത് സംസ്ഥാന കായികമേളയില്‍ ഒന്നാം സ്ഥാനക്കാരായ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ്. കോതമംഗലം മാര്‍ ബേസില്‍, സെയിന്റ് ജോര്‍ജ് തുടങ്ങിയ സ്‌കൂളുകളാണ് ഇങ്ങനെ കായികമേഖലയില്‍ മായാമുദ്ര ചാര്‍ത്തുന്നവ. ഈ പേരുകളോടൊപ്പം കഴിഞ്ഞ വര്‍ഷം ഉയര്‍ന്നുകേട്ട മറ്റൊരു സ്‌കൂള്‍ ഈ മേഖലയിലെത്തന്നെ ഒരു സര്‍ക്കാര്‍ സ്‌കൂളാണ്. മണീട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.  

എന്നാല്‍, ഈ ഗവണ്‍മെന്റ് സ്‌കൂളിന് മറ്റു സ്‌കൂളുകളില്‍നിന്നു കായികരംഗത്തു മികവു പുലര്‍ത്തുന്ന കുട്ടികളെ വലവീശിപ്പിടിക്കുന്നുവെന്ന വിചിത്രമായ ആരോപണം നേരിടേണ്ടിവന്നു. ഇന്നു പൊതുവിദ്യാലയങ്ങളുടെ, പ്രത്യേകിച്ചും ഗവണ്‍മെന്റ് സ്‌കൂളുകളുടെ നില വളരെയേറെ മെച്ചപ്പെട്ടുവെന്നത് ശരി; അവിടങ്ങളിലേയ്ക്കുള്ള കുട്ടികളുടെ ഒഴുക്കും വര്‍ദ്ധിച്ചിട്ടുണ്ടെന്നതും ശരി. മെച്ചപ്പെട്ട പശ്ചാത്തല സൗകര്യവും ശിക്ഷണവും വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്‌കൂളുകളില്‍നിന്നു കുട്ടികളെ റാഞ്ചാന്‍ മാത്രം ശേഷി ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കുണ്ടെന്ന് വിശ്വസിക്കാനാകില്ല. യഥാര്‍ത്ഥത്തില്‍ മണീട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാദ്ധ്യാപകരും മറ്റ് അദ്ധ്യാപകരും രക്ഷാകര്‍ത്തൃസമിതിയും പുലര്‍ത്തിയ പ്രതിബദ്ധത നിമിത്തമുണ്ടായ ആരോപണമായിരുന്നു അതെന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി അവിടെ തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍നിന്നു മനസ്സിലാക്കാനാകും. 

എളിയ തുടക്കം
ഏതൊരു ഗവണ്‍മെന്റ് ഹൈസ്‌കൂളിനേയും പോലെ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം മൂലം വീര്‍പ്പുമുട്ടുന്ന അവസ്ഥയിലായിരുന്നു ഒരുകാലത്ത് മണീട് ഗവണ്‍മെന്റ് ഹൈസ്‌കൂളും. 90-കളില്‍ പൊതുവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയുടെ, പ്രത്യേകിച്ച് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റത്തോടെ സ്‌കൂള്‍ ശോഷിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം ഏറെ കുറഞ്ഞു. ഏതു പ്രദേശത്തേയുമെന്നപോലെ പഠനത്തിലും കലാകായിക രംഗത്തുമൊക്കെ മികവു പുലര്‍ത്തിയവര്‍ പ്രദേശത്തെ പേരുകേട്ട സ്വകാര്യ സ്‌കൂളുകളിലേക്ക് സ്വയം പറിച്ചുനടുകയോ അവിടങ്ങളില്‍ പഠനത്തിനു തെരഞ്ഞെടുക്കുകയോ ചെയ്തു. എന്നാല്‍, ഈയടുത്ത കാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുവിദ്യാലയങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന പുത്തനുണര്‍വ് ഈ സ്‌കൂളിനുമുണ്ടായി. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു. പൊതുപരീക്ഷകളിലും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും ആ വിദ്യാലയം അതിന്റെ ശോഭ വീണ്ടെടുത്തു. ഇതിനിടയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനു പുറമേ 1990-'91 കാലത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും 2004-ല്‍ പ്ലസ് ടു വിഭാഗവും സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. 

2017-ലെ കായികമേളയില്‍ ജില്ലാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് മണീട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജനശ്രദ്ധയും മാധ്യമശ്രദ്ധയും ആകര്‍ഷിക്കുന്നത്. സ്ഥിരം അധ്യാപകനോ നല്ല മൈതാനമോ ഇല്ലാതെ പ്രതിസന്ധികള്‍ക്കിടയില്‍ അന്ന് ജി.വി.എച്ച്.എസ് മണീട് നേടിയ വിജയത്തിന് വലിയ തിളക്കമായിരുന്നു. നാലാം സ്ഥാനമാണ് നേടിയതെങ്കിലും സംസ്ഥാനതലത്തില്‍ത്തന്നെ പല ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരുന്ന വമ്പന്മാരോടാണ് അത് എതിരിട്ടതെന്നത് വിജയത്തിന് പത്തരമാറ്റ് തിളക്കം നല്‍കി. ജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തിയ പിറവം സബ് ജില്ലയുടെ 115 പോയിന്റില്‍ 94 പോയിന്റും മണീട് സ്‌കൂള്‍ നേടിയതായിരുന്നു. അന്നു 15 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും നാലു വെങ്കലവുമാണ് അന്നു നേടിയത്. അന്നു കായികമേളയില്‍ മത്സരിച്ച എല്ലാ വ്യക്തിഗത ഇനങ്ങളിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണീട് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലെ ജി. ശരണ്യ, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എം. ശ്രീകാന്ത്, അലക്‌സ് ജോസഫ് എന്നിവര്‍ സ്വര്‍ണ്ണം നേടുകയുണ്ടായി. നാലാം സ്ഥാനത്തെത്തിയ മണീട് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് അടക്കമുള്ള രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളുടെ മികച്ച പ്രകടനം അന്നു വലിയ മാധ്യമശ്രദ്ധ നേടുകയും ഈ രംഗത്ത് കുത്തക പുലര്‍ത്തുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. 


റവന്യൂ ജില്ലാ കായികമേളയില്‍ മൂന്നു വ്യക്തിഗത ചാംപ്യന്‍ഷിപ്പ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയ മണീട് ഗവണ്‍മെന്റ് സ്‌കൂള്‍ പിന്നീട് സംസ്ഥാനതല കായികമേളയ്ക്കിറങ്ങിയതും അതേ കരുത്തോടെയാണ്. ഏഴ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളുമായിട്ടാണ് പരിശീലകരായ ചാള്‍സ് ഇ. ഇടപ്പാട്ടും ജോണ്‍ ബേബി ജോസഫും മേളയ്‌ക്കെത്തിയത്. ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ കരുത്തു തെളിയിക്കാന്‍ കഴിവുള്ള താരങ്ങളുടെ ഒരു നിര. അന്നു ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോങ്ജംപില്‍ മണീട് എച്ച്.എസ്.എസിലെ കെ.എം. ശ്രീകാന്ത് മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടി. തന്റെ സഹോദരന്‍ 2015-ല്‍ സ്ഥാപിച്ച റെക്കോഡാണ് അന്ന് ശ്രീനാഥ് തകര്‍ത്തത്. ഷോട്ട്പുട്ട് ജൂനിയര്‍ വിഭാഗത്തില്‍ മണീട് സ്‌കൂളിലെത്തന്നെ അലക്‌സ് ജോസഫും സ്വര്‍ണ്ണം കൊയ്യുകയുണ്ടായി. കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അതിനു മുന്‍വര്‍ഷത്തെ ജേതാക്കളായ പാലക്കാടിനെ പിന്തള്ളി എറണാകുളത്തിനു കിരീടം നേടിക്കൊടുക്കുന്നതില്‍ നല്ലൊരു പങ്ക് മണീട് ഗവണ്‍മെന്റ് സ്‌കൂളിനുമുണ്ടായിരുന്നു. നാലു സ്വര്‍ണ്ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമായി 31 പോയിന്റാണ് അന്നു സ്‌കൂളിലെ കായികതാരങ്ങള്‍ എറണാകുളത്തിനുവേണ്ടി നേടിയെടുത്തത്. 
പോയിന്റ് പട്ടികയില്‍ ജില്ലയില്‍ നാലാം സ്ഥാനവും സംസ്ഥാന തലത്തില്‍ എട്ടാം സ്ഥാനവുമാണ് കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ നേടിയത്. 

ഇല്ലായ്മകളെ മറികടന്ന് 
വിദ്യാലയത്തിലെ മൈതാനം കായിക പരിശീലനത്തിന് പര്യാപ്തമല്ലാത്തതിനാല്‍ 15 കിലോമീറ്റര്‍ അകലെയുള്ള ഒരു കലാലയത്തിന്റെ മൈതാനം ഉപയോഗപ്പെടുത്തേണ്ടി വന്നു. എല്ലാ ദിവസവും രണ്ടു നേരം. അന്യദേശങ്ങളില്‍നിന്നു വന്നു പഠിക്കുന്ന ദരിദ്ര തൊഴിലാളി പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസത്തിനാവശ്യമായ ഹോസ്റ്റല്‍ സൗകര്യമില്ല. വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിലാണ് വെവ്വേറെയായി ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും താമസം. നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ സാമ്പത്തിക ഞെരുക്കമുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നയാള്‍ക്ക് പ്രതിഫലം നല്‍കാന്‍ പണമില്ല. സ്ഥിരം അധ്യാപകനില്ല.

ഇതൊക്കെയായിട്ടും മണീട് സ്‌കൂള്‍ കായികരംഗത്ത് അതിന്റെ നേട്ടങ്ങള്‍ തുടരുകയാണ്. ''പലപ്പോഴും രക്ഷാകര്‍ത്തൃസമിതിയും നാട്ടുകാരുമൊക്കെയാണ് ഈ കുട്ടികള്‍ക്കാവശ്യമായ സാമ്പത്തികസഹായം നല്‍കുന്നത്. കായിക പരിശീലനത്തിനുതകുന്ന രീതിയില്‍ ഗ്രൗണ്ട് നേരെയാക്കിയെടുക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് പോഷകപ്രധാനമായ ഭക്ഷണം നല്‍കുന്നതിനായി ദിവസം നൂറു രൂപ വീതവും ലഭ്യമാക്കിയിട്ടുണ്ട്.'' പി.ടി.എ പ്രസിഡന്റായിരുന്ന ജോര്‍ജ് എബ്രഹാം പറയുന്നു. 

ഇത്തവണ റാഞ്ചിയില്‍ നടക്കുന്ന മുപ്പത്തിനാലാമത് നാഷണല്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റിലും മണീട് സ്‌കൂളിന് വിജയത്തിളക്കം ഉറപ്പുവരുത്താനായി. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ബ്ലെസ്സി കുഞ്ഞുമോനാണ് പോള്‍വാള്‍ട്ടില്‍ കേരളത്തിനുവേണ്ടി വെള്ളി നേടിയത്. സ്‌കൂളിലെ കായിക അക്കാദമിയില്‍ത്തന്നെ പരിശീലനം നടത്തുന്ന ദിവ്യ മോഹന്‍ ഇരുപതു വയസ്സിനു താഴെയുളള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണവും നേടി. സ്‌കൂളിലെ കായികാധ്യാപകനായ ചാള്‍സിന് കീഴില്‍ പരിശീലനം നേടിയ ബ്ലെസ്സി കുഞ്ഞുമോനും ദില്‍ഷിത് ടി. എന്നും ദിവ്യ മോഹനുമടക്കം മൂന്നുപേര്‍ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. സെപ്തംബറില്‍ ഗുണ്ടൂരില്‍ നടന്ന ദക്ഷിണമേഖലാ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ ദിവ്യ മോഹന്‍ മീറ്റ് റെക്കോഡിട്ട് സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ ഹാമര്‍ ത്രോയില്‍ പതിനെട്ടു വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണീട് സ്‌കൂളിലെത്തന്നെ അലക്‌സ് ജോസഫ് വെള്ളി നേടിയിരുന്നു. 

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഒന്‍പതു വിദ്യാര്‍ത്ഥികള്‍ മണീട് സ്‌കൂളില്‍നിന്നെത്തി. ഹാമര്‍ത്രോയില്‍ പതിനെട്ടു വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലക്‌സ് ജോസഫ് സ്വര്‍ണ്ണമെഡലും പോള്‍വോള്‍ട്ടില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബ്ലെസ്സി കുഞ്ഞുമോന്‍ സ്വര്‍ണ്ണമെഡലും നേടി. ചാള്‍സ് ഇടപ്പാട്ടിന്റെ കീഴില്‍ പരിശീലനം നേടിയ കായിക പ്രതിഭകള്‍ അന്ന് അഞ്ചു സ്വര്‍ണ്ണമെഡലുകളും ഒന്‍പതു വെള്ളിമെഡലുകളും അഞ്ചു വെങ്കലമെഡലുകളുമാണ് വിവിധ ഇനങ്ങളിലായി നേടിയത്. ''അഭിമാനാര്‍ഹമായ വിജയമാണ് ഈയടുത്ത കാലങ്ങളില്‍ കായികരംഗത്ത് മണീട് ഗവണ്‍മെന്റ് സ്‌കൂള്‍ നേടിവരുന്നത്. എന്നാല്‍, നിരവധി പരാധീനതകള്‍ക്ക് നടുവിലാണ്, പ്രതികൂലാവസ്ഥകളോട് പൊരുതിയാണ് ഈ നേട്ടങ്ങളെല്ലാം സ്‌കൂള്‍ കൈവരിക്കുന്നത്'' ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. എന്‍. ഗീത പറയുന്നു. 

എന്നാല്‍, ഈ വര്‍ഷത്തെ ജില്ലാ കായികമേളയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോയിന്റ് നിലയില്‍ സ്‌കൂളിന് നേരിയ ഇടിവുണ്ടായി. എങ്കിലും കഴിഞ്ഞ തവണത്തെ നാലാം സ്ഥാനം എന്ന നിലയില്‍നിന്നു മൂന്നാം സ്ഥാനത്തേയ്ക്ക് സ്‌കൂള്‍ കുതിച്ചു. ഒന്‍പത് സ്വര്‍ണ്ണവും ആറ് വെള്ളിയും മൂന്നു വെങ്കലവുമാണ് സ്‌കൂള്‍ നേടിയത്. 94 പോയിന്റാണ് കഴിഞ്ഞ തവണ നേടിയതെങ്കില്‍ ഇത്തവണ അത് 66 പോയിന്റായി കുറഞ്ഞു. എങ്കിലും പരിശീലനത്തിനായി വാരിക്കോരി പണം ചെലവാക്കുന്ന മറ്റു പല സ്‌കൂളുകളോടും വിശിഷ്യാ സ്വകാര്യ സ്‌കൂളുകളോടും താരതമ്യം ചെയ്യുമ്പോള്‍ പ്രതികൂലാവസ്ഥകളെ തരണം ചെയ്ത് മണീട് ഗവണ്‍മെന്റ് സ്‌കൂള്‍ നേടുന്ന ഓരോ വിജയത്തിനും തിളക്കമേറെയാണ്. 
''പരിശീലനത്തിനു നല്ലൊരു കളിക്കളമോ ആവശ്യത്തിനു കായിക ഉപകരണങ്ങളോ ഇല്ലാതെയാണ് ഇവിടുത്തെ കുട്ടികള്‍ മത്സരത്തിനിറങ്ങുന്നത്. ഇക്കാര്യത്തിലും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ അദ്ധ്യാപകരും അഭ്യുദയകാംക്ഷികളും നാട്ടുകാരും നല്‍കുന്ന പിന്തുണയും പരിശീലനവും മാത്രമാണ് ഈ വിജയങ്ങളത്രയും നേടിയതിനു പിറകില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍.'' സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ലിറ്റില്‍ തോമസ് ചൂണ്ടിക്കാട്ടുന്നു. 

പരിശീലനം
പരിശീലനം

കായിക അക്കാദമിയുടെ രൂപീകരണം
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില ചെറിയ ചലനങ്ങള്‍ കായികരംഗത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് 2017 ഏപ്രില്‍ മാസത്തില്‍ മണീട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി & വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായിക അക്കാദമിക്ക് തുടക്കമാകുന്നത്. യാതൊരു പശ്ചാത്തല സൗകര്യവുമില്ലാതിരുന്നിട്ടും ആ വര്‍ഷം വിവിധ തലങ്ങളില്‍ അഭിമാനാര്‍ഹമായ മുന്നേറ്റം ഉണ്ടാക്കാന്‍ മണീട് ജി.വി.എച്ച്.എസ്.എസിന് സാധിച്ചു. ഉള്ള പരിമിതമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി രാവിലേയും വൈകിട്ടും രണ്ടോ മൂന്നോ മണിക്കൂര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയതിന്റെ ഫലമായിരുന്നു ഇത്. ജില്ലാതലത്തില്‍ നാലാം സ്ഥാനത്തെത്തിയ മണീട് സ്‌കൂള്‍ പാലായില്‍ നടന്ന കായികമേളയില്‍ എട്ടു വിദ്യാര്‍ത്ഥികളേയും നാഷണല്‍ മീറ്റില്‍ അഞ്ചു വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചു. സംസ്ഥാനതലത്തില്‍ സ്‌കൂള്‍ എട്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 

ഈ വര്‍ഷം ഏപ്രിലില്‍ കായിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അവധിക്കാല പരിശീലന ക്യാംപ് സംഘടിപ്പിച്ചത് മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അറുപതോളം പേരാണ് അന്ന് ക്യാംപില്‍ പരിശീലനത്തിനെത്തിയത്. സ്‌കൂളില്‍ പരിശീലനത്തിനുതകുന്ന തരത്തിലുള്ള ഒരു കളിക്കളം ഇല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള കോലഞ്ചേരി സെയിന്റ് പീറ്റേഴ്‌സ് കോളേജിന്റെ മൈതാനത്ത് പരിശീലകനായ ചാള്‍സ് ഇടപ്പാട്ടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ രാവിലേയും വൈകിട്ടും പരിശീലനത്തിനെത്തി. മണീട് സ്‌കൂളിലെ മാത്രമല്ല, അടുത്ത പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളും ഇങ്ങനെ പരിശീലനത്തിനെത്തിയിരുന്നു. 

''ഇവിടെ പഠിക്കുന്ന കുട്ടികള്‍ അധികവും കാശുള്ള കുടുംബങ്ങളില്‍നിന്നുള്ളവരല്ല. ഇടുക്കി ജില്ലയില്‍നിന്നും കണ്ണൂരില്‍നിന്നുമൊക്കെയുള്ള കുട്ടികള്‍ കായിക മികവ് വളര്‍ത്താന്‍ ഇവിടെ നല്ല പരിശീലനം കിട്ടുന്നുവെന്ന കാരണത്താല്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍, വേണ്ടത്ര സൗകര്യങ്ങളില്ല. താമസിച്ചു പഠിക്കാന്‍ നല്ല ഹോസ്റ്റലോ നല്ല കളിക്കളമോ ഇതുവരെയും ഇവിടെ ഉണ്ടായിട്ടില്ല. ഏതു കാര്യവും മാറ്റിവച്ച് ഇതിനുവേണ്ടി മാത്രം ജീവിക്കുന്ന ചാള്‍സിനെപ്പോലുള്ള അധ്യാപകരും നാട്ടുകാരുമുള്ളതുകൊണ്ട് പ്രയാസങ്ങളറിയുന്നില്ലെന്നു മാത്രം.'' കായികരംഗത്ത് ശ്രദ്ധയൂന്നുന്ന വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടതിങ്ങനെ. ഇപ്പോള്‍ നാല്പതിലധികം വിദ്യാര്‍ത്ഥികളാണ് ചാള്‍സ് ഇടപ്പാട്ടിന് കീഴില്‍ അവിടെ പരിശീലനം നേടുന്നത്. ''നല്ല ഒരു ജംപിങ് പിറ്റോ ട്രാക്കോ ഇല്ലാത്ത ഒരു സര്‍ക്കാര്‍ സ്‌കൂളിന് കായികരംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, അധികാരികളുടെ ശ്രദ്ധ കാര്യമായിട്ടില്ലെങ്കിലും അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും നല്ലവരായ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും പിന്തുണയുണ്ടെങ്കില്‍ ചിലതൊക്കെ ചെയ്തു കാണിക്കാന്‍ കഴിയുമെന്നതിന് മണീട് ഗവണ്‍മെന്റ് സ്‌കൂള്‍ വലിയ തെളിവാണ്.'' 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതുവിദ്യാലയങ്ങള്‍, വിശേഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ പഠനരംഗത്തും പഠനാനുബന്ധ മേഖലകളിലും നല്ല പ്രകടനമാണ് നടത്തുന്നത്. കായികരംഗത്ത് തന്നെ നേട്ടങ്ങള്‍ സൃഷ്ടിക്കുന്ന വേറെയും സ്‌കൂളുകളുണ്ട്. എന്നാല്‍, മണീട് ഗവണ്‍മെന്റ് സ്‌കൂളിനെപ്പോലെ വേണ്ടത്ര പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന ഉദാസീനത ഈ സ്‌കൂളുകളുടെയൊക്കെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്നു. പഠനത്തിലെന്നപോലെ കലാകായികരംഗങ്ങളിലും മിടുക്കു തെളിയിക്കാന്‍ അവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹവും ഗവണ്‍മെന്റും അവസരമൊരുക്കേണ്ടതുണ്ട്. പ്രളയകാലത്താണ് നാം നീന്തല്‍ എന്നത് വെറും വിനോദമല്ലെന്നും കായികമേളയിലെ ഒരു വെറും മത്സര ഇനമല്ലെന്നും തിരിച്ചറിഞ്ഞത്. എന്നാല്‍, നീന്തല്‍ നമ്മുടെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധികാരികള്‍ക്ക് ഇപ്പോഴും കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്.


കായികമേഖലയിലെ കുതിപ്പ് 
ചാള്‍സിന് ജീവിത ദൗത്യം

സ്‌കൂള്‍ കായികമേളാ വേദിയിലെ പുതുതലമുറ പരിശീലകരില്‍ നിറസാന്നിധ്യമാണ് ചാള്‍സ് ഇ. ഇടപ്പാട്ട്. കെ.പി. തോമസ്, ഒളിംപ്യന്‍മാരായ പി.ടി. ഉഷ, മേഴ്‌സി കുട്ടന്‍, കായികാദ്ധ്യാപകരായ രാജുപോള്‍, ടോമി ചെറിയാന്‍, എന്‍.എസ്. സജിന്‍, ഷിബി മാത്യു, പി.ജി. മനോജ് എന്നിവര്‍ക്കൊപ്പം പരിശീലകരെന്ന നിലയില്‍ പേരെടുത്ത ഇ. അനീസ് റഹ്മാനും വി. സനോജുമടങ്ങുന്ന സംഘത്തില്‍ ചാള്‍സ് ഇടപ്പാട്ടുമുണ്ട്. ഒരു ഗവണ്‍മെന്റ് സ്‌കൂളടക്കമുള്ള നാലു സ്‌കൂളുകള്‍ക്ക് വേണ്ടി ഊര്‍ജ്ജവും സമയവും പൂര്‍ണ്ണമായി ചെലവഴിക്കുന്ന ചാള്‍സ് തന്റെ ശമ്പളത്തില്‍നിന്നു വലിയൊരു ഭാഗം കുട്ടികളുടെ പരിശീലനത്തിനുവേണ്ടി ചെലവഴിക്കുന്നു എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിബദ്ധത ബോധ്യമാകുക. 

കോതമംഗലം ഇടപ്പാട്ട് എല്‍ദോസിന്റേയും സാറാക്കുട്ടിയുടേയും മകനായ ഈ മുപ്പതുകാരന്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സമഗ്രശിക്ഷാ അഭിയാന്റെ ഭാഗമായിട്ടാണ് മണീട് സ്‌കൂളടക്കമുള്ള നാലു സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കാനായി നിയോഗിക്കപ്പെടുന്നത്. കോതമംഗലത്തെ വീടു പൂട്ടിയിട്ട് തന്റെ മാതാപിതാക്കളെ കൂടെ കൊണ്ടുവന്ന് മണീട് സ്‌കൂളിനടുത്ത് ഒരു വാടകവീട്ടില്‍ താമസിപ്പിച്ചിട്ടുള്ള ചാള്‍സിന് ആ വീട്ടില്‍ കുടുംബാംഗങ്ങളായി വേറെയും ആളുകളുണ്ട്. മണീട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ, ചാള്‍സ് കായിക പരിശീലനം നല്‍കുന്ന, ഇതര ജില്ലക്കാരും മറ്റു പ്രദേശത്തുകാരുമായ പെണ്‍കുട്ടികളാണ് അവര്‍ എന്നറിയുമ്പോള്‍ ചാള്‍സിന്റെ ഈ രംഗത്തുള്ള പ്രതിബദ്ധതയുടെ ആഴമറിയാനാകും. ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാലാണ് ചാള്‍സിന് അവരെ കൂടെ താമസിപ്പിക്കേണ്ടിവന്നത്. 

എം.ജി സര്‍വ്വകലാശാലയില്‍നിന്ന് ബി.പി.എഡും എം.പി.എഡും നേടി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ അധ്യാപകനായി ചുരുങ്ങിയ വേതനം പറ്റി ജോലി ചെയ്യുന്ന ചാള്‍സിന് വിദ്യാഭ്യാസത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാടാണ് ഉള്ളത്. തന്റെ ഇല്ലായ്മകളെക്കാള്‍ ഈ അധ്യാപകന് വേവലാതി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പരിശീലനത്തിന് അനിവാര്യമായ പശ്ചാത്തലസൗകര്യം ഇല്ലാത്തതാണ്. 

'നല്ല ഒരു ജംപിങ് പിറ്റോ, ട്രാക്കോ ഇല്ലാതെയാണ് കുട്ടികള്‍ ഇവിടെ പരിശീലനം നേടുന്നത്. ഹോസ്റ്റല്‍ സൗകര്യം പര്യാപ്തമല്ല. കുട്ടികള്‍ക്ക് പോഷകപ്രദമായ ആഹാരം നല്‍കുന്നതിനുപോലും ബുദ്ധിമുട്ടുണ്ട്. കളിക്കളം നേരെയാക്കിയെടുക്കാന്‍ ജില്ലാ പഞ്ചായത്ത് ഒരു തുക അനുവദിച്ചെങ്കിലും അത് തികഞ്ഞില്ല. ഈയിടെയാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാവശ്യമായ സാമ്പത്തികസഹായം ജില്ലാ പഞ്ചായത്ത് ലഭ്യമാക്കിയത്'' ചാള്‍സ് പറയുന്നു. 

താനിടപെടുന്ന മേഖലയെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുള്ള ഒരു കായികാധ്യാപകന്‍ കൂടിയാണ് ചാള്‍സ്. ''നമ്മുടെ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇനിയും കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ കരിക്കുലത്തിന്റെ ഭാഗമായിട്ട് അതിനെ കണക്കാക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളൊക്കെ ഈ മേഖലയ്ക്ക് കൊടുക്കുന്ന പ്രാധാന്യമറിയുമ്പോഴാണ് നമ്മളെത്ര മാത്രം ഈ മേഖലയെ അവഗണിക്കുന്നുവെന്നു ബോധ്യപ്പെടുക. ഒരു വെള്ളപ്പൊക്കം വന്നപ്പോഴാണ് നീന്തലുകൊണ്ടുള്ള പ്രയോജനം നമ്മളറിഞ്ഞത്. ഇപ്പോള്‍ നീന്തല്‍ പഠിപ്പിക്കണം സ്‌കൂളുകളില്‍ എന്നൊക്കെ പറയുന്നുണ്ട്. ചില നീക്കങ്ങളും നടക്കുന്നുണ്ട്. നല്ല നീന്തല്‍ക്കുളങ്ങളില്ലാതെ എങ്ങനെയാണ് നമ്മള്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ പോകുന്നത്?'' ചാള്‍സ് ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com