മലകയറുന്ന പരിവാര്‍ പോര്

പാതിരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനവും വഴിതടയലുമൊക്കെ ഈ ചേരിപ്പോരിന്റെ വിജയപരാജയ തന്ത്രങ്ങളാണ്
പിഎസ് ശ്രീധരന്‍പിള്ള
പിഎസ് ശ്രീധരന്‍പിള്ള

ബരിമല യുവതീപ്രവേശന വിഷയം അണയാതെ നിലനിര്‍ത്താനുള്ള ശ്രമത്തില്‍ കേരളത്തിലെ സംഘപരിവാറിലും ബിജെപിയിലും ചേരിതിരിവ്. ബി.ജെ.പിയിലെ ചില സംസ്ഥാന നേതാക്കള്‍ക്ക് ആര്‍.എസ്.എസ് സ്വീകാര്യത ഇല്ലാത്തതു മുതല്‍ ബി.ജെ.പി ഗ്രൂപ്പ് സമവാക്യത്തില്‍ അടുത്തകാലത്തുണ്ടായ മാറ്റങ്ങള്‍ വരെ ഇതിലുണ്ട് എന്നാണ് വിവരം. ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ ദേശീയ നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കേരളത്തില്‍നിന്ന് ആര്‍.എസ്.എസ് ദേശീയ നേതൃനിരയില്‍ പ്രമുഖനായ നേതാവും മുന്‍ അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖും നിലവില്‍ പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകനുമായ ജെ. നന്ദകുമാര്‍ ശബരിമലയില്‍ എത്തി തന്ത്രി കണ്ഠരര് രാജീവരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും ഇതിനൊപ്പം പുറത്തുവരുന്നു.  

പ്രാന്തീയ കാര്യകാരി സദസ്സ് (സംസ്ഥാന നിര്‍വ്വാഹക സമിതി) അംഗവും പ്രാന്തീയ വിദ്യാര്‍ത്ഥിപ്രമുഖുമായ വത്സന്‍ തില്ലങ്കേരിയെ ആര്‍.എസ്.എസ് ശബരിമല സമരത്തിന്റെ നേതൃത്വം ഏല്‍പ്പിച്ച ശ്രീചിത്തിര ആട്ടത്തിരുന്നാള്‍ സമയത്തുതന്നെയായിരുന്നു നന്ദകുമാറിന്റെ സന്ദര്‍ശനവും. ആര്‍.എസ്.എസ്സിന് സ്വീകാര്യനല്ലാത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനായിരുന്നു തുലാമാസ പൂജകളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 16, 17 തീയതികളില്‍ ശബരിമലയില്‍ നടന്ന സമരത്തിന്റെ നേതൃത്വം. അതിനു ചിത്തിരആട്ടവിശേഷത്തിനു ബദലായി തില്ലങ്കേരിയെ ആര്‍.എസ്.എസ് ഇറക്കിയത്. ആ.ര്‍എസ്.എസിന്റെ മലബാറിലെ പ്രമുഖ നേതാവായ തില്ലങ്കേരിയെ സംസ്ഥാന നേതൃനിരയിലേക്ക് ആര്‍.എസ്.എസ് കൊണ്ടുവരുന്നതിന്റെ ശക്തമായ സൂചനയാണ് ഇത്. ശബരിമല സമരത്തിന് ചുക്കാന്‍ പിടിക്കുന്ന ശബരില കര്‍മ്മസമിതിയുടെ കണ്‍വീനര്‍ കൂടിയാണ് വത്സന്‍ തില്ലങ്കേരി ഇപ്പോള്‍. 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, കുമ്മനം രാജശേഖരന്‍ ഒഴിഞ്ഞ പദവിയിലേക്ക്  ആര്‍.എസ്.എസില്‍നിന്ന് തില്ലങ്കേരിയെ നിയോഗിക്കാനാണ് നീക്കം. ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പു മറികടന്നാണ് തില്ലങ്കേരിയെ മുന്നിലേയ്ക്ക് കൊണ്ടുവരുന്നത്. ചിത്തിര ആട്ടവിശേഷസമയത്തെ പ്രതിഷേധം ഏതൊക്കെ വിധം വത്സന്‍ തില്ലങ്കേരി ഏറ്റെടുത്തു നയിച്ചു എന്നു നിരവധി ദൃശ്യങ്ങളിലൂടെ കേരളം കണ്ടതാണ്. പൊലീസിന്റെ ഉച്ചഭാഷിണിയില്‍ പ്രസംഗം, പതിനെട്ടാം പടിയില്‍പ്പോലും കയറി പ്രതിഷേധം. ഇതിനൊക്കെ പുറമേ ശബരിമല ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസുകാരുടെ പ്രായം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും പരിശോധിച്ചു എന്ന് തില്ലങ്കേരി തന്നെ പിന്നീട് പ്രസംഗിക്കുകയും ചെയ്തു. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രസംഗം ചോര്‍ത്തി പുറത്തുവിട്ടതു പോലയല്ല, മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്ന പൊതുയോഗത്തിലായിരുന്നു ആ വെളിപ്പെടുത്തല്‍. അതിനെല്ലാം ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ട് എന്ന വ്യക്തമായ സന്ദേശമാണ് ജെ. നന്ദകുമാറിന്റെ സന്ദര്‍ശനത്തിലൂടെ നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍, മണ്ഡലകാലത്ത് സമരനേതൃത്വത്തിലേയ്ക്കു വരാന്‍ സുരേന്ദ്രന്‍ ശ്രമിച്ചു. ആര്‍.എസ്.എസ് അതും പൊളിച്ചു. 

നിവൃത്തികേട് 
കൊണ്ട് ഹര്‍ത്താല്‍

തില്ലങ്കേരിക്കും അപ്പുറത്ത് മേല്‍ക്കൈ തിരിച്ചുപിടിക്കാനാണ് വൃശ്ചികം ഒന്നിന് കെ. സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിന് എത്തിയത്. ഈ അജന്‍ഡ മുന്‍കൂട്ടി കൃത്യമായി മനസ്സിലാക്കിയ ആര്‍.എസ്.എസ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അവിടേക്കു നിയോഗിച്ചു. സുരേന്ദ്രന്‍ എത്തുന്നതിന്റെ തലേന്ന് ഇരുമുടിക്കെട്ടുമായി എത്തിയ ശശികലയാണ് കളം നിറഞ്ഞുനിന്നത്. അവിടെയും ആര്‍.എസ്.എസ് ഒരുമുഴം മുന്‍പേ എറിഞ്ഞു. സുരേന്ദ്രനെ അറസ്റ്റു ചെയ്യുമെന്നും അതിനു ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്നും ആസൂത്രണം ചെയ്തിരുന്ന ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ നീക്കം പൊളിക്കാനാണ് ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു രാത്രി വൈകി ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ ദിനം വൃശ്ചികം ഒന്നായിട്ടും ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും രാത്രി വൈകി പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ നിരവധി ആളുകളെ പെരുവഴിയിലാക്കുമെന്ന് ഉറപ്പായിട്ടും അന്നുതന്നെ ഹര്‍ത്താല്‍ ഉണ്ടായതിനു കാരണം മറ്റൊന്നുമല്ല. അടുത്ത ദിവസത്തേയ്ക്കു മാറ്റിവച്ചാല്‍ സുരേന്ദ്രന്റെ അറസ്റ്റിലുള്ള പ്രതിഷേധമായിക്കൂടി അത് മാറിപ്പോകുമായിരുന്നു. അതൊഴിവായി. സുരേന്ദ്രന്റെ അറസ്റ്റിലെ പ്രതിഷേധം ദേശീയപാതയിലെ വഴിതടയലില്‍ ഒതുങ്ങുകയും ചെയ്തു. ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ ആര്‍.എസ്.എസ്സും ഹിന്ദുഐക്യവേദിയും ബി.ജെ.പിയും അനുബന്ധ സംഘടനകളും ഇറങ്ങി. പക്ഷേ, സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ബി.ജെ.പി ഒറ്റയ്ക്കു വഴിതടയേണ്ടി വന്നു. 

ശ്രീധരന്‍പിള്ള 
മാറുമോ?

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് കേരളത്തിലെ സംഘപരിവാര്‍ ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഒരു നിലയുണ്ടാക്കാന്‍; വൈകാതെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് ഒരിടത്തെങ്കിലും ജയിക്കുക, നിയമസഭയില്‍ ഒ. രാജഗോപാലിന്റെ ഒന്നില്‍നിന്നു പ്രാതിനിധ്യം നിരവധിയായി ഉയര്‍ത്തുക തുടങ്ങിയതൊക്കെ അതുമായി ബന്ധപ്പെട്ട സ്വാഭാവിക മോഹങ്ങളാണ്. കേരളം പിടിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. അതുതന്നെയാണ് കോഴിക്കോട്ട് യുവമോര്‍ച്ചയുടെ നേതൃയോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞ 'സുവര്‍ണ്ണാവസരം'. 
 

ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭനും മാളികപ്പുറം മുന്‍ മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയും തമ്മില്‍ കണ്ടപ്പോള്‍
ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭനും മാളികപ്പുറം മുന്‍ മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയും തമ്മില്‍ കണ്ടപ്പോള്‍

സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റേയും ദേശീയ നയത്തിനു കടകവിരുദ്ധമായും അമിതാവേശത്തിലും കേരളത്തില്‍ ചാടിപ്പുറപ്പെടാന്‍ നിര്‍ബന്ധിതരാക്കിയ മറ്റൊന്നുണ്ട്. മുന്‍പ് സംഘപരിവാറിന്റെ ഉന്നത നേതാവും ഇപ്പോള്‍ കൊടുംശത്രുവുമായ പ്രവീണ്‍ തൊഗാഡിയ വിശ്വഹിന്ദു പരിഷത്തിനു ബദലായി രൂപീകരിച്ച അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ (എ.എച്ച്.പി) കേരളഘടകം ശബരിമല ഉപയോഗിച്ച് സ്വാധീനമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു എന്നതാണ് അത്. എ.എച്ച്.പി ഒരടി വച്ചപ്പോള്‍ കൂടെയുള്ളവരില്‍ കുറേപ്പേരുടെ മനസ്സ് അങ്ങോട്ടു ചായുന്നത് ബി.ജെ.പിയും ആര്‍.എസ്.എസ്സും മനസ്സിലാക്കി. അതു തിരിച്ചുപിടിക്കാന്‍ അവര്‍ ഒരുപാട് അടികള്‍ ഒന്നിച്ചുവച്ചു. അതിനു ഫലമുണ്ടായി. എ.എച്ച്.പിയും അതിന്റെ കേരള നേതാവ് പ്രതീഷ് വിശ്വനാഥനും നിഷ്പ്രഭമായി. ശബരിമലക്കാര്യത്തില്‍ സുപ്രീംകോടതി വിധി മറിടക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ 18 വരെ സമയം നല്‍കിയ അന്ത്യശാസനം പുറപ്പെടുവിച്ച തൊഗാഡിയ പിന്നെ ഈ വഴി വന്നില്ല. അതേ ഒക്ടോബര്‍ 18-ന് ശബരിമല വിഷയത്തില്‍ ബി.ജെ.പി കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി സമരത്തിന്റെ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍, ഇപ്പോള്‍ കേരളത്തെ രണ്ടുകൈയിലും അമ്മാനമാടി സംഘപരിവാര്‍ ശബരിമലയില്‍ വയ്ക്കുന്ന ഓരോ ചുവടിനു പിന്നിലും ഈ പറഞ്ഞ രണ്ടുമല്ലാത്ത അടിയൊഴുക്കുകളുണ്ട്. സംഘപരിവാറിനുള്ളിലെ നിരവധി വളവുകളും തിരിവുകളുമുള്ള പോരിന് ശബരിമല പ്രക്ഷോഭം വളമാക്കി മാറ്റുന്നു എന്നതാണ് പ്രധാനം. ഈ പേരില്‍ ജയിക്കാനും തോല്‍പ്പിക്കാനും ശബരിമല വച്ച് വിലപേശുന്നു എന്നും പറയാം. ഇതിനു മൂന്നു ഘടകങ്ങളുണ്ട്. ഒന്ന്- കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനിച്ച കെ. സുരേന്ദ്രനെ അതില്‍നിന്നു വെട്ടിയ ആര്‍.എസ്.എസ് സുരേന്ദ്രനെ മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ തുടര്‍ന്നും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. രണ്ട്-ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ വി. മുരളീധരന്റെ പക്ഷത്തായിരുന്ന കെ. സുരേന്ദ്രന്‍ നിലനില്‍പ്പിനുവേണ്ടി പി.എസ്. ശ്രീധരന്‍ പിള്ളയുമായി അടുത്തിരിക്കുന്നു. എന്നാല്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഈ മാറ്റത്തിനു മുന്‍പും ഇപ്പോഴും സുരേന്ദ്രന് എതിരാണ്; അവര്‍ ആര്‍.എസ്.എസ്സിനു പ്രിയപ്പെട്ടവരാകാന്‍ മത്സരിച്ചു ശ്രമിക്കുന്നു. മൂന്ന്-വത്സന്‍ തില്ലങ്കേരിയെ ബി.ജെ.പി സംസ്ഥാന നേതൃനിരയിലേയ്ക്ക് നിയോഗിക്കാന്‍ ആര്‍.എസ്.എസ് ആലോചിക്കുന്നു. ഈ മൂന്നു കാര്യങ്ങളും കേരള സമൂഹത്തിനു മാത്രമല്ല, സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിനുപോലും നേരിട്ട് മനസ്സിലാകാത്തവയാണെങ്കില്‍ നാലാമതായി വളരെ പ്രകടമായ ഒന്ന് കേരള സമൂഹത്തിന്റെ കണ്‍മുന്നില്‍ നടന്നുകൊണ്ടിരിക്കുന്നു. പി.എസ്. ശ്രീധരന്‍ പിള്ള മുന്‍പൊരിക്കലുമില്ലാത്തവിധം വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞു തുടങ്ങിയിരിക്കുന്നു. മുന്‍പ് സംസ്ഥാന അധ്യക്ഷനായപ്പോഴും അതിനുശേഷവും കേരളത്തിലെ ബി.ജെ.പി നേതാക്കളില്‍ ഏറ്റവും മിതവാദ നിലപാടുകളുടെ പ്രതിനിധി എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതിച്ഛായ. ശ്രീധരന്‍ പിള്ള തുടക്കത്തില്‍ ശ്രമിച്ചത് എന്‍.ഡി.എയെ ശക്തിപ്പെടുത്താനും മറ്റു മുന്നണികളില്‍നിന്നു നേതാക്കളെയോ ചെറു കക്ഷികളെപ്പോലുമോ അടര്‍ത്താന്‍ പറ്റുമോ എന്നു ശ്രമിക്കാനുമൊക്ക ആയിരുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യന്‍ എന്ന പ്രതിച്ഛായ അതിനു സഹായകമാണെന്നും വന്നു. എന്നാല്‍, അത് പാടേ മാറി. ആര്‍.എസ്.എസ്സിന്റെ ഇഷ്ടം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ മാറ്റം; അല്ലെങ്കില്‍ ബി.ജെ.പിയുടെ തലപ്പത്ത് പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നു തിരിച്ചറിയുന്ന മാറ്റം. കമലിനും എം.ടിക്കുമെതിരെ എ. എന്‍. രാധാകൃഷ്ണനും ഗവര്‍ണര്‍ക്കെതിരെ ശോഭാ സുരേന്ദ്രനും എം.ടി. രമേശും പ്രതികരിച്ച രൂക്ഷഭാഷയാണ് വേണ്ടത് എന്ന അപകടകരമായ തിരിച്ചറിവ് പ്രകടമാക്കുന്ന പ്രസ്താവനകളുടെ പരമ്പരയാണ് ശ്രീധരന്‍ പിള്ളയില്‍നിന്നു വന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ പൊലീസ് സംഘത്തിനു നേതൃത്വം നല്‍കിയ ഐ.ജിയുടെ മതവും 'പൊലീസുകാരുടെ രാഷ്ട്രീയ'വും പോലും അദ്ദേഹം വിമര്‍ശന വിഷയമാക്കി. നിലയ്ക്കലില്‍ തടഞ്ഞ പൊലീസിനോട് അതിരൂക്ഷ ഭാഷയില്‍ എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നതിനിടെ അവരുടെ കണ്‍മുന്നിലൂടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ ബസില്‍ കയറി പമ്പയ്ക്കു പോയതും ബി.ജെ.പിയിലെ ഉള്‍പ്പോരിന്റെ തല്‍സമയ ദൃശ്യമായി.

കുമ്മനം രാജശേഖരന്‍
കുമ്മനം രാജശേഖരന്‍

കുമ്മനത്തിന്റെ തിരിച്ചുവരവ്?
സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുന്നതിനെക്കുറിച്ച് ഉപദേശം തേടി തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും വിളിച്ചത് രാജീവരല്ലെന്നുമൊക്കെ ശ്രീധരന്‍ പിള്ള മാറ്റിയും മറിച്ചും പറഞ്ഞു കുഴങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആയിരുന്നു നിശ്ശബ്ദമായി വന്നു സമരം നിരീക്ഷിച്ച് തന്ത്രിയുമായി സംസാരിച്ച് ജെ. നന്ദകുമാര്‍ മടങ്ങിയത്. ആര്‍.എസ്.എസിന്റെ തീരുമാനമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി പരസ്യ നിലപാടെടുത്തിരുന്ന ആര്‍.എസ്.എസ് അതില്‍ മാറ്റം വരുത്തിയത് ബി.ജെ.പിയുടെ കേരള മോഹങ്ങള്‍ക്കു വേണ്ടിയായിരുന്നു. എന്നാല്‍, ബി.ജെ.പിയല്ല, ആ.ര്‍എസ്.എസ് തന്നെ പ്രക്ഷോഭം ഏറ്റെടുത്തിരിക്കുന്നു എന്നു ബോധ്യപ്പെടുത്തുക കൂടിയാണ് ആ കൂടിക്കാഴ്ചയിലൂടെ ചെയ്തത്. പുറത്ത് തില്ലങ്കേരി ആ സന്ദേശം ഒരേ സമയം  നല്‍കി. 

പികെ കൃഷ്ണദാസ്
പികെ കൃഷ്ണദാസ്

കാര്യങ്ങള്‍ ഈ വിധം ചേരിതിരിവിലേക്ക് എത്തിയതിന് കൃത്യമായ പശ്ചാത്തലവും നാള്‍വഴിയുമുണ്ട്. കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ മിസോറാം ഗവര്‍ണറായി നിയമിച്ചതിലാണ് തുടക്കം. കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വത്തിന് അത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, മെയ് 25-ന് ആണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം വന്നത്. 29-ന് അദ്ദേഹം ചുമതലയേറ്റു. ജൂലൈ മൂന്നിന് കേരളത്തില്‍ വന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആര്‍.എസ്.എസ് നേതാക്കളുടെ നീരസത്തിന്റെ പ്രഹരശേഷി മനസ്സിലാക്കുക തന്നെ ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ തിരുവനന്തപുരത്തെ സംസ്‌കൃതി ഭവനില്‍ ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍.എസ്.എസ് നേതാക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ പറയുന്ന കാര്യത്തിന് ഒരു ദൃക്സാക്ഷി വിവരണത്തിന്റെ ആധികാരികതയുണ്ട്. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചോദ്യത്തിന്, ആര്‍.എസ്.എസ് നേതാക്കളെ സംബന്ധിച്ച് സര്‍സംഘചാലകല്ല ബി.ജെ.പിയുടെ നേതാവു മാത്രമാണ് അമിത് ഷാ എന്നുമുണ്ട് മറുപടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ആര്‍.എസ്.എസ് വിട്ടുനല്‍കിയ മുതിര്‍ന്ന പ്രചാരക് ആയിരുന്നു കുമ്മനം രാജശേഖരന്‍. സംഘപരിവാറിന്റെ എല്ലാ തലങ്ങളിലേയും വിവിധ തലമുറകള്‍ക്കു സ്വീകാര്യന്‍. അദ്ദേഹത്തെ തങ്ങളോട് ചോദിക്കാതെ മാറ്റിയതിന്റെ അടിയന്തര സ്വഭാവം എന്തായിരുന്നു എന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചത്. യഥാര്‍ത്ഥത്തില്‍ നേരത്തെ തന്നെ പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ കുമ്മനം രാജശേഖരനെ ഉള്‍പ്പെടുത്തിയിരുന്നു. അത് ആര്‍.എസ്.എസ്സിന്റെ അറിവോടെയുമായിരുന്നു. ഒഡീഷ ഗവര്‍ണറായി പ്രൊഫസര്‍ ഗണേഷ് ലാലിനെ നിയമിച്ചതും ഇതിനൊപ്പമാണ്. നേരത്തെ പേരുള്‍പ്പെടുത്തിയെങ്കിലും രാഷ്ട്രപതി ഭവനില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉത്തരവ് ഇറങ്ങിയത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഒത്ത നടുക്കായിപ്പോയെന്നു മാത്രം. 

എംടി രമേശ്
എംടി രമേശ്


കുമ്മനത്തിനു പകരം കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനായിരുന്നു അമിത് ഷായുടെ ആലോചന. തീരുമാനമായി മാറിയിരുന്നില്ലെന്നു മാത്രം. മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍നിന്നു രാജ്യസഭാംഗമാക്കിയ വി. മുരളീധരനെ ദേശീയ ഭാരവാഹിയോ കേന്ദ്രമന്ത്രിയോ ആക്കാനും ആലോചനയുണ്ടായി. എന്നാല്‍, സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ പാടില്ല എന്ന സന്ദേശം അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനു മുന്‍പുതന്നെ ആര്‍.എസ്.എസ് നല്‍കിയിരുന്നു. പിന്നീട് നേരിട്ടും പറഞ്ഞു. അത്രയ്ക്ക് എതിര്‍പ്പ് അമിത് ഷാ പ്രതീക്ഷിച്ചിരുന്നില്ല; തള്ളാന്‍ കഴിയുമായിരുന്നില്ല. അതോടെയാണ് കുമ്മനത്തിനു പിന്‍ഗാമിയെ നയിക്കുന്നത് നീണ്ടുപോയത്. എം.ടി. രമേശ് ഉള്‍പ്പെടെ പലരുടേയും പേരുകള്‍ വന്നെങ്കിലും ഒടുവില്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കി. അതിനൊപ്പംതന്നെ വി. മുരളീധരന് ആന്ധ്രപ്രദേശിന്റെ ചുമതലയും നല്‍കി. എം.പിയും ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ വി. മുരളീധരനും സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ളയും തമ്മിലുള്ള രസതന്ത്രം അത്ര സുഖകരമല്ല എന്നതുകൊണ്ടുകൂടിയാണ് മുരളീധരനെ കേരളത്തില്‍നിന്നു മാറ്റിയത്. അപ്പോഴും ആര്‍.എസ്.എസ് നിലപാട് കെ. സുരേന്ദ്രന് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍പ്പോലും പ്രത്യേക ചുമതലകള്‍ നല്‍കരുത് എന്നായിരുന്നു. ആര്‍.എസ്.എസ്സിനു വേണ്ടി ഒതുങ്ങാനും മെരുങ്ങാനും തയ്യാറായില്ലെങ്കിലും മാറിയ സാഹചര്യത്തില്‍ ശ്രീധരന്‍ പിള്ളയുമായി സുരേന്ദ്രന്‍ അടുത്തു. അതും സുരേന്ദ്രന് ഉപകരിച്ചില്ല. എന്തുകൊണ്ടെന്നാല്‍, ആര്‍.എസ്.എസ്സിന്റെ പച്ചക്കൊടി കിട്ടിയതുകൊണ്ടുമാത്രം സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ളയുടെ മുന്നിലുള്ള അടിയന്തര ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനു ശബരിമല വിഷയം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്. ആര്‍.എസ്.എസ് വരയ്ക്കുന്ന കളത്തില്‍നിന്നുകൊണ്ട് അതിനു സാധിക്കുമോ എന്നു കാര്യമായി നോക്കുകയും ചെയ്യുന്നു. 

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ദര്‍ശനം നടത്തുന്നു
ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ദര്‍ശനം നടത്തുന്നു


അതിലേക്ക് ആര്‍.എസ്.എസ് ഇനി നടപ്പാക്കാന്‍ കരുനീക്കുന്ന പ്രധാനപ്പെട്ട ഒന്ന് കുമ്മനം രാജശേഖരന്റെ തിരിച്ചുവരവാണ്. കുമ്മനം മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിയുകയും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയും ചെയ്യും എന്നത് അഭ്യൂഹങ്ങള്‍ക്ക് അപ്പുറം ആര്‍.എസ്.എസ് നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്ന കാര്യമായി മാറിയിരിക്കുന്നു. ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആശിര്‍വ്വാദമുണ്ട്. ഇപ്പോള്‍ത്തന്നെ വരികയും ശബരിമല പ്രക്ഷോഭത്തിന്റെ നായകത്വം ഏറ്റെടുക്കുകയും ചെയ്യുക എന്ന ആലോചനയും വന്നിരുന്നു. എന്നാല്‍, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പാണ് തടസ്സമായി വന്നത്. നവംബര്‍ 28-ന് തെരഞ്ഞെടുപ്പും ഡിസംബര്‍ 11-ന് വോട്ടെണ്ണലുമാണ്. അതുകഴിഞ്ഞാല്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകും. കേരളത്തിലെ ബി.ജെ.പി നേതൃനിരയില്‍ ആരൊക്കെ ഇപ്പോഴത്തെ പദവികളില്‍ ബാക്കിയുണ്ടാകും എന്നുകൂടിയുള്ള തീരുമാനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com