ഞാന്‍ എന്താണോ അതാണ് ഞാന്‍ 

''മൃഗസ്‌നേഹിയും സസ്യാഹാരിയുമായ വരനെ ആവശ്യമുണ്ട്. 36 വയസ്സും 5 അടി 11 ഇഞ്ച് ഉയരവുമുള്ള എന്റെ മകനു വേണ്ടിയാണ്.''
ഞാന്‍ എന്താണോ അതാണ് ഞാന്‍ 

''മൃഗസ്‌നേഹിയും സസ്യാഹാരിയുമായ വരനെ ആവശ്യമുണ്ട്. 36 വയസ്സും 5 അടി 11 ഇഞ്ച് ഉയരവുമുള്ള എന്റെ മകനു വേണ്ടിയാണ്.''
2015 മേയില്‍ മുംബയില്‍ നിന്നിറങ്ങിയ 'ഹിന്ദു' ദിനപത്രത്തില്‍ പത്മ അയ്യര്‍ സ്വന്തം മകന്‍ ഹരീഷിനുവേണ്ടി നല്‍കിയ വിവാഹപ്പരസ്യം അധികമാരും മറന്നിട്ടുണ്ടാവില്ല. അന്ന് ആ പരസ്യം അച്ചടിക്കാന്‍ പത്രങ്ങള്‍ വിസമ്മതിച്ചത് തൊടുന്യായങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നില്ല. മറിച്ച് രാജ്യത്തെ കൃത്യമായ നീതിന്യായ വ്യവസ്ഥ ഉദ്ധരിച്ച് തന്നെയായിരുന്നു. നിയമമില്ലാതിരുന്നിട്ടും അന്ന് ആ അമ്മ ചോദിച്ചത് ''മകന് അവന്റെ മനസ്സിനിണങ്ങിയ പങ്കാളിയെ തേടിക്കൊടുക്കലല്ലല്ലോ. അമ്മയുടെ കടമ. അവനെന്താണോ അതല്ലേ അവന്‍'' എന്നാണ്.

''ഞാന്‍ എന്താണോ അതാണ് ഞാന്‍, എന്നെ അങ്ങനെതന്നെ സ്വീകരിക്കുക'' എന്നു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വിശ്വദാര്‍ശനികന്‍ ഗെയ്ഥേ പറഞ്ഞത് അറിയാതെ ആവാം ആ അമ്മ പറഞ്ഞതെങ്കില്‍ കൊളോണിയല്‍ ഭാരം പേറുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരടിമ  നിയമത്തെ വലിച്ചെറിഞ്ഞുകൊണ്ട് പരമോന്നത നീതിപീഠം ഉദ്ധരിച്ചതും നിറഞ്ഞ മനുഷ്യത്വത്തിന്റെ അടിക്കുറിപ്പായ ഇതേ വാചകമാണ്. ഇത് കാലത്തിന്റെ കാവ്യനീതിയല്ല, മറിച്ച് കാലം ആവശ്യപ്പെട്ട നീതിബോധമാണ്.

സ്വവര്‍ഗ്ഗലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്ന ചരിത്രവിധി പ്രസ്താവം നിര്‍വ്വഹിച്ച ബെഞ്ചില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കൂടാതെ തലമുതിര്‍ന്ന ജഡ്ജിമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുമുണ്ടായിരുന്നു. ഈ വിധി പലതുകൊണ്ടും ചരിത്രപരമായ സവിശേഷത അര്‍ഹിക്കുന്നു. ഗെയ്ഥേ ഉള്‍പ്പെടെയുള്ള വിഖ്യാത മഹത്തുക്കളുടെ വാചകങ്ങള്‍ ഇത്രയധികം ഉദ്ധരിക്കപ്പെട്ട വിധിയും മറ്റൊന്നുമുണ്ടാകില്ല. അതുകൊണ്ടുതന്നെ പരമോന്നത കോടതി ഇതിനെ ഒരു നിയമപ്രശ്‌നം എന്നതില്‍നിന്നും മാനുഷികവും ചരിത്രപരവും സാമൂഹികവുമായ മാനങ്ങളും ഭാവാത്മകമായ അനുബന്ധങ്ങളും ആവശ്യപ്പെടുന്ന ഒന്നാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു എന്നതു വ്യക്തമാണ്.

മാധ്യമങ്ങള്‍ പരമാവധി വിശദാംശങ്ങള്‍ ചേര്‍ത്ത് ഇതു സമൂഹത്തില്‍ ചര്‍ച്ചയാക്കണം എന്ന വിധിയിലെ ആവശ്യം തന്നെ അപൂര്‍വ്വതയാണ്. ഗെയ്ഥേയുടെ വാചകത്തിലാരംഭിക്കുന്ന 493 പേജുകളുള്ള വിധിന്യായത്തില്‍ വില്യം ഷേക്‌സ്പിയര്‍, ഓസ്‌കാര്‍ വൈല്‍ഡ്, ജോണ്‍ സ്റ്റുവെര്‍ട്ടയില്‍ തുടങ്ങിയ പ്രതിഭകളെയൊക്കെ ഉദ്ധരിക്കുന്നുണ്ട്. ജര്‍മ്മന്‍ തത്ത്വചിന്തകനായിരുന്ന ആര്‍തര്‍ ഷോപ്പ നോവറിന്റെ 'വ്യക്തിത്വത്തില്‍നിന്ന് ആര്‍ക്കാണ് രക്ഷപ്പെടാനാവുക' എന്ന വാചകമുദ്ധരിച്ച് വിധിന്യായത്തെ പരമാവധി സംവാദാത്മകമാക്കുകയാണ് ഇവിടെ പരമോന്നത നീതിപീഠം ചെയ്തിരിക്കുന്നത്. ഒരൊറ്റ ഇന്ത്യന്‍ എഴുത്തുകാരേയും ഉദ്ധരിക്കാതേയും ഈ വിധിന്യായം ചില രാഷ്ട്രീയ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

കേസിന്റെ ചരിത്രവും ചരിത്രമാണ് 
വിധി മാത്രമല്ല, ഈ കേസിന്റെ ദീര്‍ഘകാല ചരിത്രം തന്നെ സവിശേഷമായ തുടരദ്ധ്യായങ്ങളാണ്. എച്ച്.ഐ.വി ബോധവല്‍ക്കരണത്തില്‍ ശ്രദ്ധയൂന്നി ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച എയ്ഡ്സ് ഭേദഭാവ് വിരോധി ആന്ദോളന്‍ എന്ന സംഘടന 1991-ല്‍ 'ലെസ് ദാന്‍ ഗേ' എന്ന പൊതുരേഖ ഇറക്കിയതോടെയാണ് സ്വവര്‍ഗ്ഗ ലൈംഗികത ഇന്ത്യാക്കാരന്റെ വിഷയമാകുന്നതും ആ വിഷയത്തില്‍ ഇന്ത്യാക്കാരന് സ്വന്തമായൊരു നയമില്ലെന്നു തിരിച്ചറിയുന്നതും. സ്വവര്‍ഗ്ഗ ലൈംഗികത വൃത്തികെട്ടതും ദുഷിച്ചതും മലിനവും ആഭാസകരവും മൃഗീയവും അസ്വാഭാവികവും പ്രകൃതിവിരുദ്ധ ഭോഗതാല്‍പ്പര്യമുള്ള പ്രവൃത്തിയുമാണെന്ന് 1825-ല്‍ (കു)പ്രസിദ്ധനായ മെക്കാളെ പ്രഭു പറഞ്ഞുവെച്ചത് 1842-ല്‍ ബ്രിട്ടീഷ് കോടതി ശരിവെച്ചത് 1860-ല്‍ കോളോണിയല്‍ ഇന്ത്യ ഏറ്റുപാടുകയായിരുന്നു. 1885-ല്‍ തന്നെ ബ്രിട്ടീഷുകാര്‍ അത് റദ്ദ് ചെയ്തതറിയാതെ 1947-നു ശേഷവും ഇന്ത്യ അത് നീട്ടിപ്പാടിക്കൊണ്ടേയിരുന്നു.


1996-ല്‍ ഇക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ബാലസുബ്രഹ്മണ്യന്‍ എഴുതിയ 'ഇന്ത്യയിലെ സ്വവര്‍ഗ്ഗ പ്രേമികളുടെ അവകാശങ്ങള്‍' എന്ന ലേഖനം കൂടി വന്നതോടെ ഇന്ത്യയിലെ എല്‍.ജി.ബി.ടി സമൂഹം നിയമപരമായ പോരാട്ടത്തിന് ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. അന്ന് അതൊരു ന്യൂനസമൂഹത്തിന്റെ അവകാശത്തിന്റെ പ്രശ്‌നം മാത്രമല്ലെന്നും ഒരു സാമ്രാജ്യത്വ ശേഷിപ്പിന്റെ വിമോചനശ്രമം കൂടിയാണെന്നും വായിച്ചെടുക്കാന്‍ അധികമാരും തയ്യാറായില്ല എന്നതാണ് വാസ്തവം. അത്തരമൊരു വായന 377 വകുപ്പിന്റെ ചരിത്രവിധി വന്ന ശേഷം 2018-ല്‍ അധികമാരെങ്കിലും നടത്തുന്നണ്ടോ എന്ന് അന്വേഷിക്കുന്നതും രസകരമായിരിക്കും.

എന്‍.ജി.ഒ സംഘടനയായ നാസ് ഫൗണ്ടേഷന്‍ 2001-ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തുകൊണ്ടാണ് സ്വവര്‍ഗ്ഗ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ നിയമസമരത്തിന് തുടക്കമിടുന്നത്. പ്രകൃതിവിരുദ്ധമെന്നു നിര്‍വ്വചിച്ചുകൊണ്ട് സ്വവര്‍ഗ്ഗ ലൈംഗികതയെ നിയമപരിധിക്കുള്ളില്‍ ചേര്‍ക്കുന്നതുമായ നിലവിലെ 377-ാം വകുപ്പ് റദ്ദ് ചെയ്യണെമന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പാക്കുന്ന സമത്വം, ആര്‍ട്ടിക്കിള്‍ 15 ഉറപ്പ് നല്‍കുന്ന വിവേചനമില്ലായ്മ 19(1) (a) (d) അനുവദിക്കുന്ന സംസാരിക്കാനും ഒരുമിക്കാനും കൂടി;dചേരാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 21 ഉറപ്പ് നല്‍കുന്ന സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണ് 377 എന്ന കാടന്‍ വകുപ്പ് എന്ന് നാസ് വാദിച്ചു. 2004-ല്‍ ഡല്‍ഹി ഹൈക്കോടതി നാസ് ഫൗണ്ടേഷന് ഇക്കാര്യത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാനാവുന്നതിന്റെ സാങ്കേതികത്വം പറഞ്ഞുകൊണ്ട് ഹര്‍ജി തള്ളിക്കളഞ്ഞപ്പോള്‍ സംഘടന റിവ്യു ഹര്‍ജി നല്‍കി. 2004-ല്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ 2006-ല്‍ ഹര്‍ജി പരിശോധിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി 2008 സെപ്തംബറില്‍ വിചാരണ തുടങ്ങി. പിന്നീടാണ് ഈ വിഷയത്തിലെ വൈചിത്ര്യങ്ങളും വൈരുദ്ധ്യങ്ങളും മറനീക്കി പുറത്തുവരുന്നത്. ആഭ്യന്തരവും ആരോഗ്യവകുപ്പും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് കോടതിയില്‍ നല്‍കിയത്. മൗലികാവകാശമായ സ്വവര്‍ഗ്ഗരതിയെ സദാചാര സംഹിതകള്‍ കൊണ്ടല്ല വാദിക്കേണ്ടത് എന്ന നാസിന്റെ നിലപാടിനെതിരെ കേന്ദ്രം പഴയ മെക്കാളെയുടെ വാദങ്ങള്‍ ആവര്‍ത്തിച്ചു. കോടതി ശാസ്ത്രീയ റിപ്പോര്‍ട്ടുകളും പഠനങ്ങളും ആവശ്യപ്പെട്ടപ്പോള്‍ സദാചാരവാദികള്‍ കുഴങ്ങി. ഒടുവില്‍ 2009 ജൂലെ 29-ന് ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷായും ജസ്റ്റിസ് എസ്. മുരളീധരനും അടങ്ങുന്ന ബഞ്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭരണഘടനയിലെ അനുച്ഛേദം 14-ന്റെ ലംഘനമായി വിധി പ്രസ്താവിച്ചു.

ഇന്ത്യയില്‍ ആദ്യമായി ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്വവര്‍ഗ്ഗ പ്രേമികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ പൊതുമദ്ധ്യത്തില്‍ വന്നു ചിരിക്കാനും പറയാനും നൃത്തം ചവിട്ടാനും തുടങ്ങി. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യാനുഭവം. അപ്പോഴും ഒരു കോളോണിയല്‍ ചങ്ങലയുടെ മറ്റൊരു കണ്ണികൂടി പൊട്ടിച്ചതിന്റെ പുഞ്ചിരിപോലും വരാതിരിക്കാന്‍ ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം ശ്വാസം പിടിച്ചുനിന്നു. സദാചാരവാദികള്‍ അടങ്ങിയിരുന്നില്ല. ശിവസേന, കാത്തലിക് ചര്‍ച്ച്, ആര്യസമാജ് ഉത്കല്‍, ക്രിസ്ത്യന്‍ കൗണ്‍സില്‍, ജമാഅത്തെ ഇസ്ലാമി, പേഴ്സണല്‍ ലോ ബോര്‍ഡ്, ഓള്‍ ഇന്ത്യാ മുസ്ലിം, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം തുടങ്ങി സര്‍വ്വ ജാതിമത മുള്ള് മുരട് സംഘങ്ങളും നിറം നോക്കാതെ ഒന്നിച്ചു. വിധിക്കെതിരായി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. 2012-ല്‍ അന്നത്തെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായിരുന്ന പി.പി. മല്‍ഹോത്ര സ്വവര്‍ഗ്ഗ ലൈംഗികത അനാവശ്യമാണെന്ന മതമേധാവികളുടെ നിലപാടുകള്‍ ആവര്‍ത്തിച്ചു. ലക്ഷ്യം തെറ്റിയില്ല. 2013 ഡിസംബര്‍ 11-ന്, ആ വര്‍ഷത്തെ മനുഷ്യവകാശ ദിനം ഇരുട്ടി വെളുത്തപ്പോള്‍ ഹൈക്കോടതി വിധിയെ കാറ്റില്‍ പറത്തി സുപ്രീംകോടതി വിധിച്ചു. രണ്ടംഗ ബെഞ്ചിലെ പ്രമുഖനായ ജസ്റ്റിസ് ജി.എസ്. സിംഗ്വിയുടെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ വിധിയായിരുന്നു. ചില ജഡ്ജിമാരുടെ അവസാനത്തെ വിധികള്‍ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ചില ചരിത്രങ്ങള്‍ കൂടിയാണ് എന്ന് ഇവിടെ കൂട്ടിവായിക്കുക.

അപ്പോഴും പരമോന്നത നീതിപീഠത്തിലുള്ള വിശ്വാസവും പോരാട്ടവും അവസാനിച്ചില്ല. നര്‍ത്തകനായ എന്‍.എസ്. ജോഹര്‍, പത്രപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, പ്രമുഖ കുക്കറി ഷോ അവതാരകന്‍ റിതു ഡാല്‍മിയ അമല്‍നാഥ്, അയേഷ കപൂര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്നുറപ്പായതോടെ കാര്യങ്ങള്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. ഇക്കാലമത്രയും എല്‍.ജി.ബി.ടി സമൂഹവും അടങ്ങിയിരുന്നില്ല. വൈവിധ്യമാര്‍ന്ന സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ഇടപെടലുകളിലൂടെ തങ്ങളുടെ സാന്നിദ്ധ്യവും സ്ഥാനവും അംഗീകാരവും ഉറപ്പിക്കാന്‍ അവര്‍ക്കും സാധിച്ചു. മതാത്മക സദാചാരത്തെ മുന്നോട്ട് വെക്കുന്ന ഒരു ഭരണവ്യവസ്ഥയില്‍നിന്നും സമൂഹത്തില്‍നിന്നും ലഭിക്കാവുന്ന പരമാവധി അവഗണനയും അധിക്ഷേപങ്ങളും കേള്‍ക്കുന്ന സന്ദര്‍ഭത്തിലും ഇത്തരമൊരു മുന്നേറ്റം എല്‍.ജി.ബി.ടി സമൂഹത്തിനു സാധ്യമായി എന്നത് സാമൂഹിക നിരീക്ഷകര്‍ പ്രത്യേകം പഠിക്കേണ്ട സംഗതിയാണ്. 2018 സെപ്തംബര്‍ ആറിന് ചരിത്രവിധിക്ക് ഒരു സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം കൂടിയുണ്ട് എന്നു പറയേണ്ടിവരും.

നീതി നിഷേധിക്കപ്പെട്ടവരോട് ചരിത്രം മാപ്പ് പറയണം
മുന്‍കാല പ്രാബല്യത്തോടെ ഈ പഴകിയ നിയമംകൊണ്ട് നീതി നിഷേധിക്കപ്പെട്ടവരോട് ചരിത്രം മാപ്പ് പറയണമെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്. ആ വാചകത്തില്‍ ധാര്‍മ്മികത മാത്രമല്ല ഉള്ളത്. മനഃശാസ്ത്രത്തെ സമീപിക്കേണ്ട ശാസ്ത്രീയ യുക്തി കൂടി പരോക്ഷമായി ഈ വാചകം ഓര്‍മ്മിപ്പിക്കുന്നു. ചരിത്രവിധിക്ക് മുന്‍പുള്ള നിയമവ്യവസ്ഥയില്‍ സ്വവര്‍ഗ്ഗരതി ഒരു ചിത്തഭ്രംശമായി കാണുകയും അങ്ങനെതന്നെ ശിക്ഷ വിധിക്കുകയും ചെയ്തുകൊണ്ടിരുന്നു. സ്വാഭാവികമായും മനഃശാസ്ത്രവിദഗ്ദ്ധരും നിലവിലുള്ള നിയമവ്യവസ്ഥയില്‍ ഉത്തമവിശ്വാസമുള്ളവരായിരിക്കെ സ്വവര്‍ഗ്ഗരതിയെ അങ്ങനെതന്നെ കാണാനുള്ള സാധ്യതയും കൂടുതലാണ്. ഉന്നതന്‍ ഉള്ളില്‍ ജാതി കൊണ്ടുനടക്കുന്നപോലെയും ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ പൂജ നടത്തുന്നപോലെയും ഒരു വിധേയത്വം മനോരോഗവിദഗ്ദ്ധര്‍ പരമോന്നത നീതിപീഠത്തിനോട് കാട്ടിയിരുന്നിരിക്കാം. ചികിത്സയും പഠനവും നിരീക്ഷണങ്ങളുമൊക്കെ നിയമവ്യവസ്ഥയ്ക്കപ്പുറമുള്ള ശാസ്ത്രയുക്തിയില്‍ അധിഷ്ഠിതമായിരിക്കണമെന്നുള്ള ശാസ്ത്രബോധത്തെ ഊട്ടിയുറപ്പിക്കുന്ന ഭരണഘടനയുടെ 51 അ (വ) ആര്‍ട്ടിക്കിള്‍ കൂടി വിധിയുടെ പരിസരത്തേക്ക് ഒഴുകി വരുന്നുണ്ട്. ചിന്താബദ്ധരും യുക്ത്യാധിഷ്ഠതവുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ഓര്‍മ്മിപ്പിക്കലാണത്.

പുതിയ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിക്കുന്ന രാഷ്ട്രീയ വിധേയത്വങ്ങള്‍ക്കുള്ള മറുപടിയും കെട്ടിക്കിടക്കുന്ന വെള്ളംപോലെ നിശ്ചലമായ സമൂഹത്തെപ്പറ്റിയും അതോര്‍മ്മിപ്പിക്കുന്നു. നിര്‍ദ്ദിഷ്ട വകുപ്പ് ഭാഗികമായി മാത്രമേ റദ്ദ് ചെയ്തിട്ടുള്ളു എങ്കിലും സ്വവര്‍ഗ്ഗാനുരാഗികളുടെ കുടുംബസങ്കല്‍പ്പം, വിവാഹം, ദത്തെടുക്കല്‍, വിവാഹനിയമപ്രാബല്യം തുടങ്ങിയവയിലൊക്കെയും ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. പ്രാഥമികമായി മനുഷ്യനെ അംഗീകരിക്കുകയും പ്രണയത്തെ സമ്മതിക്കുകയും ലൈംഗികതയുടെ സ്വകാര്യതയ്ക്കുമേലുള്ള മതത്തിന്റെ എത്തിനോക്കലുകളെ നിര്‍ദ്ദയം റദ്ദ് ചെയ്യുന്നതിലെ രാഷ്ട്രീയം ഒരു നീതിവ്യവസ്ഥയ്ക്ക് ഒരു ജനാധിപത്യ സംവിധാനത്തില്‍ പരസ്യമായി ചെയ്യാവുന്നതിന്റെ പരമാവധിയാണ് എന്നു പറയാതെ വയ്യ. വിധി അടിമുടി ഓര്‍മ്മപ്പെടുത്തുന്ന മറ്റൊരു കാര്യം സമൂഹത്തിന്റെ മാനുഷിക ഉത്തരവാദിത്വമാണ്. അതുകൂടി നിര്‍വ്വഹിക്കുമ്പോഴേ ഈ വിധി ചലനാത്മകമാവുകയുള്ളൂ. വിശ്വാസം കല്ലിനെക്കാള്‍ ആദ്യം മനുഷ്യനിലര്‍പ്പിക്കാന്‍ ഈ വിധി നമ്മെ പഠിപ്പിക്കുന്നു. പരമോന്നത നീതിപീഠത്തിലെ ജഡ്ജിമാര്‍ വിധിയിലുദ്ധരിക്കാത്ത ഗെയ്‌ഥേയുടെ മറ്റൊരു വാചകമുണ്ട്. 
''ജീവിതം ജീവനുള്ളതിനാണ് 
ജീവനുള്ളത് മാറ്റമുള്ളതുമാണ്.''

ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും
 

എം.എ. ബേബി
എം.എ. ബേബി


ജാതി, മതം, ഭാഷ, പ്രദേശം, ലൈംഗികത എന്നിവയൊന്നും അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങള്‍ ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല. എല്ലാവര്‍ക്കും തുല്യാവകാശമാണ് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കോളോണിയല്‍ കാലത്തെ നിയമം പിന്തുടരുക വഴി ഇത്രയും കാലം ഈ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നു. ആ തെറ്റാണ് ചരിത്രപ്രധാനമായ വിധി ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. എന്നാല്‍, ഈ വിധി പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണമെങ്കില്‍ ഒട്ടേറേ മനോഭാവ മാറ്റം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അതിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്കുവഹിക്കാന്‍ കഴിയും. പൊതുബോധം രൂപപ്പെടുത്തുന്നതില്‍ അച്ചടിമാധ്യമങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ പങ്കുവഹിക്കാന്‍ കഴിയും. ഇവയിലൂടെയുള്ള ബോധവല്‍ക്കരണം ആവശ്യമാണ്. സര്‍ക്കാര്‍ തന്നെ ഈ വിപ്ലവകരായ വിധിയുടെ പ്രസക്തിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അത് കേന്ദ്രഗവണ്‍മെന്റും സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും കോര്‍പ്പറേഷനും മുനിസിപ്പാലിറ്റികളും വരെയുള്ള സ്ഥാപനങ്ങളും ഈ ചുമതലകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും മറ്റും ഇത്തരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്യുന്ന സമ്പ്രദായങ്ങളുണ്ട്. ഇതൊക്കെ അവസാനിപ്പിക്കാന്‍ വേണ്ടുന്ന ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. പാഠപുസ്തകങ്ങളില്‍ത്തന്നെ ഇത്തരം ചിന്തകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ചിലര്‍ വിവാഹം കഴിക്കാതെ ജീവിക്കുന്ന പോലെയോ സസ്യഭക്ഷണം മാത്രം കഴിക്കുന്നപോലെയോ ഇടത് കൈ ഉപയോഗിക്കുന്നപോലെയോ ആണ് സ്വവര്‍ഗ്ഗരതിയും. ഇത്തരത്തിലൊക്കെ സ്വന്തം അഭിരുചികള്‍ക്കനുസരിച്ച് ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

പാശ്ചാത്യ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗരതി സംബന്ധിച്ച പുരോഗമനപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്ന് 18 വര്‍ഷം മുന്‍പ് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ എനിക്കെതിരായി ചന്ദ്രഹാസം മുഴക്കിയവരുണ്ട്. ഞാന്‍ ലൈംഗിക അരാജകത്വത്തിനുവേണ്ടി വാദിക്കുകയാണ് എന്നു ചില മാധ്യമങ്ങളില്‍ എന്റെ ചില സുഹൃത്തുക്കള്‍ തന്നെ എഴുതിയിരുന്നു. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ചാണോ ഇങ്ങനെയെല്ലാം പറയുന്നത് എന്നു ചിലര്‍ ചോദിച്ചു. ഇത്തരത്തില്‍ വളരെ ഉപരിപ്ലവമായും യാതൊരു ആഴമില്ലാതെയും ജനാധിപത്യ അഭിപ്രായങ്ങളെ സംവദിക്കുന്നവരുമുണ്ട്. മൗലികാവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തിന്റെ ഒരു ഘട്ടം മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞത്.

അമേരിക്കയില്‍ ഇപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് ക്യൂബ ഇപ്പോള്‍ അവരുടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ചര്‍ച്ചകളിലാണ്. അവിടെ കൊണ്ടുവരാന്‍ പോകുന്ന ഭേദഗതികളിലൊന്ന് സ്ത്രീ പുരുഷന്മാര്‍ക്ക് തമ്മില്‍ വിവാഹം കഴിക്കാം എന്നല്ല മറിച്ച് വ്യക്തികള്‍ക്കു തമ്മില്‍ വിവാഹം കഴിക്കാന്‍ അവകാശമുണ്ട് എന്നാണ്. ക്യൂബയില്‍ മുന്‍പ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ ഭാഗമെന്ന നിലയില്‍ കരുതപ്പെട്ടിരുന്നത് സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കാന്‍ പാടില്ല എന്നായിരുന്നു. ലോക പ്രശസ്ത ചലച്ചിത്രകാരന്‍ തോമസ് ഏലിയയുടെ സിനിമയില്‍ സ്വവര്‍ഗ്ഗാനുരാഗികളെക്കുറിച്ച് വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുകയും ക്യൂബന്‍ സമൂഹത്തില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായി പ്രതിപാദിക്കുകയും ചെയ്തിരുന്നു.

കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ത്തന്നെ അതിനുള്ള സ്വാതന്ത്ര്യം അവിടെ നിലനിന്നിരുന്നു. അത്തരം സിനിമകളുടെ കൂടി ഫലമായിരിക്കാം ഇപ്പോള്‍ അവിടെ കരട് നിയമം തയ്യാറായത്. പക്ഷേ, ഏറ്റവും ആധുനികം എന്നു കരുതുന്ന പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇതു സംബന്ധിച്ചുള്ള നിയമങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. നിയമത്തില്‍ മാറ്റം വരുമ്പോള്‍ പല നൂലാമാലകളും വന്നുചേരും. അതില്‍ ഫലപ്രദമായി ഇടപെട്ട് പരിഹാരം കാണാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടതുണ്ട്.

ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും
അഞ്ജന ഗോപാലന്‍
(നാസ് ഫൗണ്ടേഷന്‍ ഫൗണ്ടര്‍)

കുറച്ച് അധികം കാത്തിരിക്കേണ്ടിവന്നുവെങ്കിലും ഒടുവില്‍ ഏറ്റവും മികച്ച വിധിയാണ് നമുക്കു ലഭ്യമായിരിക്കുന്നത്. അതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. എച്ച്.ഐ.വി ബാധിതരായവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് പേരുടെ നിസ്സഹായാവസ്ഥ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഗേ ആയ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്ത് എത്തുമ്പോള്‍ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ വര്‍ഷങ്ങളായി പലതരത്തിലുമുള്ള ചികിത്സകള്‍ക്കു വിധേയമാക്കപ്പെട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു. ഇത്തരത്തില്‍ നിരവധി പേരുടെ ജീവിതം കണ്ടറിഞ്ഞ ശേഷമാണ് നാസ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്. കഴിഞ്ഞ 17 വര്‍ഷത്തെ പോരാട്ടത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഹൈക്കോടതിയില്‍ ആദ്യം ഫയല്‍ ചെയ്യുമ്പോഴും പിന്നീട് സുപ്രീംകോടതിയില്‍ പോകുമ്പോഴും തീര്‍ച്ചയായും ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളും കണ്ടു. കോടതി സെക്ഷന്‍ 377 എടുത്ത് കളയുകയല്ല, മറിച്ച് ഉഭയകക്ഷി സമ്മതപ്രകാരം മുതിര്‍ന്നവര്‍ തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമല്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വവര്‍ഗ്ഗരതി കുറ്റകരമല്ല എന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. കുട്ടികളെ പീഡിപ്പിക്കുന്നതോ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതോ മൃഗങ്ങളെ പീഡിപ്പിക്കുന്നതോ ഒക്കെ ഇപ്പോഴും സെക്ഷന്‍ 377 പ്രകാരം കുറ്റം തന്നെയാണ്.

പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതില്‍ കാര്യമായി ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞതു വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. സര്‍ക്കാറിനുതന്നെ പലപ്പോഴും രണ്ട് അഭിപ്രായമായിരുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും സ്വാധീനം ചെലുത്താന്‍ ശക്തിയുള്ളവരുമായ പലരും എല്‍.ജി.ബി.ടി. ഐക്യു വിഭാഗങ്ങളോട് കടുത്ത എതിര്‍പ്പുള്ളവരായിരുന്നു. അവര്‍ എതിര്‍പക്ഷത്തായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അത്ര എളുപ്പമുള്ള ഒരു യാത്രയായിരുന്നില്ല എന്നുതന്നെ വേണം പറയാന്‍.

നിര്‍ഭാഗ്യമെന്നു പറയട്ടെ, സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചു പറയുമ്പോള്‍ ജനങ്ങള്‍ ഇപ്പോഴും ചിന്തിക്കുന്നത് ലൈംഗികബന്ധത്തെക്കുറിച്ചു മാത്രമാണ്. സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വികാരങ്ങളും വിചാരങ്ങളും വളരെക്കാലം ഒപ്പമുണ്ടാകണം എന്ന് ആഗ്രഹമുള്ള ബന്ധങ്ങളും സ്‌നേഹവും പ്രണയവും എല്ലാമുണ്ടാകാം. ഒരു കുടുംബജീവിതം നയിക്കാന്‍ തങ്ങള്‍ പ്രാപ്തരാണ് എന്നു വാദിക്കുന്ന മറ്റ് എല്ലാരേയുംപോലെ സര്‍വ്വ ഗുണങ്ങളുമുള്ളവരാണ് എല്‍.ജി.ബി.ടി. ഐക്യു വിഭാഗത്തില്‍ പെടുന്നവരും. നിരവധി പേര്‍ നല്ല വിദ്യാഭ്യാസം ലഭിച്ചവരും പല മേഖലകളില്‍ തൊഴിലെടുക്കുന്നവരുമാണ്. എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നവരുണ്ട്. മുഖ്യധാരയില്‍പ്പെടുന്നവര്‍ക്കിടയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരോ വിദ്യഭ്യാസം കുറഞ്ഞവരോ ഉള്ളതുപോലെ ഇവര്‍ക്കിടയിലും ആ വ്യത്യാസങ്ങളും കാണും. എന്നാല്‍, ട്രാന്‍സ് സമൂഹത്തിനു കൂടുതല്‍ പിന്തുണ ഒരുപക്ഷേ, വേണ്ടി വന്നേക്കാം. എല്ലാ മനുഷ്യരേയും ഒരേ കണ്ണില്‍ക്കൂടി കാണാനാണ് നാം പഠിക്കേണ്ടത്.

ഇക്കാലമത്രയും സെക്ഷന്‍ 377 കാരണം ശിക്ഷിക്കപ്പെട്ടിട്ടുള്ള എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗത്തില്‍പ്പെടുന്നവരുടെ എണ്ണം വലുതാണെന്നു പറയാനാവില്ല. അഴിമതിയും കൈക്കൂലിയും നിറഞ്ഞ പൊലീസ് സംവിധാനമല്ലായിരുന്നു നമ്മുടേതെങ്കില്‍ എണ്ണം കൂടിയേനെ. അതേസമയം നിരന്തരം പലതരത്തില്‍ പീഡിപ്പിക്കപ്പെടുമ്പോഴും നീതി നിഷേധിക്കപ്പെടുമ്പോഴും ട്രാന്‍സ് സമൂഹത്തില്‍പ്പെടുന്നവര്‍ക്ക് സഹായം തേടി പൊലീസിനെ സമീപിക്കാന്‍പോലും കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെ ഭയന്നാണ് അതു സംഭവിക്കുന്നത്. എന്തിനേറെ പറയുന്നു, എച്ച്.ഐ.വി പകരുന്നതു തടയാനായി ബോധവല്‍ക്കരണ പരിപാടികളുമായി എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗക്കാരെ സമീപിക്കുമ്പോള്‍ ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകരെ അസാന്മാര്‍ഗ്ഗിക പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് പലപ്പോഴും പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ച് വെക്കാറുണ്ട്.

രണ്ട് പുരുഷന്മാര്‍ ഒന്നിച്ച് പാര്‍ക്കിലോ മറ്റോ ഇരിക്കുകയാണെങ്കില്‍ പൊലീസ് അവരെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങാറുണ്ട്. പണം നല്‍കിയില്ലെങ്കില്‍ സെക്ഷന്‍ 377 പ്രകാരം നിങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും, വീട്ടുകാരെ അറിയിക്കും എന്നൊക്കെയാവും ഭീഷണി. ഇവരില്‍ പലരും രക്ഷിതാക്കളില്‍നിന്നു സ്വന്തം അവസ്ഥ മറച്ചുപിടിക്കുകയാവും. പൊലീസിന്റെ ഭാഗത്ത് നിന്നും സമൂഹത്തില്‍നിന്നും നിരന്തര പീഡനമാണ് ഇവര്‍ക്ക് ഏല്‍ക്കേണ്ടിവരുന്നത്.

സ്ത്രീകളുടേയും ദളിതരുടേയും ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതുപോലെ തന്നെയാണ് അരികുവല്‍ക്കരിക്കപ്പെട്ട എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടവും. ഒന്നിച്ചുനിന്ന് ഈ പ്രവര്‍ത്തനങ്ങളെയല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ട് കൊണ്ടു പോവുകയാണ് വേണ്ടത് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഇപ്പോഴത്തെ ഈ വിധിയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമൂഹത്തിന്റെ ചിന്തകളില്‍ വലിയ മാറ്റമുണ്ടാക്കും. എല്ലാവര്‍ക്കും ഒരേ അവകാശങ്ങള്‍ തന്നെയാണ് ഭരണഘടന നല്‍കുന്നത് എന്ന് ഇതുവരെ ചിന്തിക്കാതിരുന്നവര്‍പോലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇതൊരു മാറ്റത്തിന്റെ സൂചനയാണ്.

വ്യക്തിസ്വാതന്ത്ര്യത്തില്‍ വിപ്ലവകരമായ വിധി
അഡ്വ. കാളീശ്വരം രാജ് 

വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയാണ് ലൈംഗിക സ്വാതന്ത്ര്യം. സ്വവര്‍ഗ്ഗാനുരാഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതപ്രകൃതിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യമാണ്. അതില്‍നിന്നു വിച്ഛേദിച്ചുകൊണ്ട് അവരുടെ ലൈംഗിക സ്വാതന്ത്ര്യത്തെ മറ്റാര്‍ക്കും വിശദീകരിക്കാന്‍ കഴിയില്ല. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഒരു ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശം ശരിയായി കോടതി തിരിച്ചറിഞ്ഞിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭാഷാ മതന്യൂനപക്ഷങ്ങള്‍പോലെ തന്നെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രസിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ലൈംഗിക ന്യൂനപക്ഷങ്ങളും അവരുടെ അവകാശങ്ങളും.


ലെസ്ബിയനാകുന്നു ഗേയാകുന്നു എന്നൊക്കെയുള്ളത് മനുഷ്യാവസ്ഥയാണ്. ആ അവസ്ഥയെത്തന്നെ കുറ്റകരമായി കാണുന്നു എന്നുള്ളത് ഒരു വിക്ടോറിയന്‍ ചിന്താഗതിയാണ്. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ മുന്‍നിര്‍ത്തിപ്പോലും ഇതു തെറ്റാണ് എന്നു പറയാന്‍ പറ്റില്ല. അത് കോടതിതന്നെ വിധിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പവും ശിഖണ്ഡിയുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. അതേസമയം ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായും സഭയുമായും വിക്ടോറിയന്‍ മൂല്യങ്ങളുമായാണ് ഈ എതിര്‍പ്പിനു കൂടുതല്‍ ബന്ധം. ഒരു അവസ്ഥയെ കുറ്റകരമായി കാണുന്നു എന്നുള്ളത് വളരെ പ്രാകൃതമായിട്ടുള്ള നിയമ സമീപനമാണ്. അതു തിരുത്തി എന്നുള്ളതാണ് മറ്റൊരു സവിശേഷത. സുപ്രീംകോടതിയുടെ തന്നെ ഒരു ചെറിയ ബഞ്ച് നടത്തിയ തെറ്റായ വിധി ഇപ്പോള്‍ തിരുത്തി എന്നുള്ളതാണ് മറ്റൊരു വലിയ സവിശേഷത. ഒരു ഇന്‍ട്രോസ്പെക്ടിവ് ജുറിസ്ഡിക്ഷന്‍ എന്നു പറയാവുന്ന വിധത്തില്‍ കോടതി സ്വയം തെറ്റ് തിരുത്താനുള്ള സന്നദ്ധത കാണിക്കുന്നു എന്നുള്ളതാണ് പ്രധാനം.

യഥാര്‍ത്ഥത്തില്‍ നമ്മുടെ നിയമവ്യവസ്ഥിതിയില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് ഒരു തെറ്റായ സമീപനം ഈ 377-ാം വകുപ്പില്‍ മാത്രമല്ല, സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളാക്കി കാണുന്ന മറ്റൊരു വകുപ്പാണ് 497-ാം വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ജോസഫ് ഷൈന്‍ എന്ന വ്യക്തി സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ ഇതേ ഭരണഘടനാ ബെഞ്ചില്‍ ഞാന്‍ വാദിച്ചതാണ്. ആ വിധിയും അധികം വൈകാതെ വരും. സ്വകാര്യ ലൈംഗികതയെ പുനര്‍നിര്‍വ്വചിച്ചിരിക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ വിധിയിലെ പ്രസക്തമായ കാര്യം. പുതിയ നിര്‍വ്വചനം 377-ാം വകുപ്പിനു മാത്രമല്ല പ്രസക്തമാവുക. അത് സ്ത്രീകളെ ചരക്കുവല്‍ക്കരിക്കുന്ന ശിക്ഷാനിയമത്തിന്റെ മറ്റു വ്യവസ്ഥകളെക്കുറിച്ചു ചിന്തിക്കുമ്പോഴും കോടതിയുടെ മുന്നില്‍ പ്രസക്തമായി വരും. ഈ വിധിയില്‍നിന്നു മുന്നോട്ടു പോയിക്കൊണ്ടു മാത്രമേ 497 പോലെ, പ്രത്യക്ഷത്തില്‍ സ്ത്രീ സൗഹൃദമെന്നു തോന്നിക്കുന്ന എന്നാല്‍, അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ, വകുപ്പുകളെ കൈകാര്യം ചെയ്യാന്‍ കഴിയൂ. ഭാവിയില്‍ ഇതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ തലത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കും. ലൈംഗികതയുമായി ബന്ധപ്പെട്ട് പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ കാര്യത്തില്‍, പുരുഷന്മാരെപ്പോലെ തന്നെ ലൈംഗിക താല്‍പ്പര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള വ്യക്തികളായി കാണാന്‍ സാധിക്കുന്ന തരത്തിലേയ്ക്ക് നിയമവ്യവസ്ഥിതി മാറുന്ന ഘട്ടത്തില്‍ അതിന് ഇന്ധനം പകരാന്‍ കൂടി കഴിയുന്ന ഒരു പ്രധാനപ്പെട്ട വിധിയെന്ന തരത്തിലാണ് ഇപ്പോഴത്തെ ഈ വിധിയെ കാണേണ്ടത്.


നിലവിലുള്ള കാലഹരണപ്പെട്ട കോളോണിയല്‍ നിയമത്തിന്റെ ഭരണഘടനാ സാധുത ജുഡിഷ്യല്‍ അധികാരം ഉപയോഗിച്ചു പരിശോധിക്കുകയാണ് കോടതി ചെയ്തത്. കോടതി അതിന്റെ ധര്‍മ്മം ശരിയായും വ്യക്തമായും നിര്‍വ്വഹിച്ചു. അതേസമയം ഇത് നിയമനിര്‍മ്മാണ മേഖലയില്‍ പുതിയ ചില പ്രശ്‌നങ്ങള്‍ കൂടി ഉന്നയിക്കുന്നുണ്ട്. കോടതിയുടെ ധര്‍മ്മം എന്നത് ഒരു നിര്‍മ്മിത നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ ഒരു ജുഡിഷ്യല്‍ സ്‌കാനിംഗിനു വിധേയമാക്കുക എന്നതാണ്. അസാധുവാക്കപ്പെട്ട് നിയമം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതു കൈകാര്യം ചെയ്യേണ്ടത് നിയമനിര്‍മ്മാതാക്കളാണ്. പക്ഷേ, നമ്മുടെ മുന്നില്‍ അപ്പോഴുള്ള പ്രശ്‌നം 168 വര്‍ഷം മുന്‍പുള്ള കാലഹരണപ്പെട്ട നിയമത്തെ സ്പര്‍ശിക്കാന്‍ തയ്യാറാകാത്ത ഒരു രാഷ്ട്രീയ മുഖമാണ് നമ്മുടെ പാര്‍ലമെന്റിനു പോലുമുള്ളത്. ഇത്രയും കാലം ഒരു പോപ്പുലിസ്റ്റ് സമീപനം സ്വീകരിച്ചതുകൊണ്ടാണ് ഭരണകര്‍ത്താക്കള്‍ ഈ നിയമങ്ങളെ സ്പര്‍ശിക്കാതിരുന്നത്. ആ സമീപനത്തെ മറികടക്കാന്‍ പാര്‍ലമെന്റിനു സാധിച്ചാല്‍ മാത്രമേ സ്വവര്‍ഗ്ഗദമ്പതികളുടെ വിവാഹം, ദത്തെടുക്കല്‍ തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളെ നീതിപൂര്‍വ്വമായി അഭിസംബോധന ചെയ്യാന്‍ സാധിക്കൂ. മതമൗലികവാദികളും സഭകളുമൊക്കെ മുന്‍പ് സ്വീകരിച്ച എതിര്‍പ്പുകള്‍ ഇനിയും തുടരും. അത്തരം പോപ്പുലിസ്റ്റ് സമീപനങ്ങള്‍ക്ക് അപ്പുറത്ത് പുരോഗമനപരമായ സമീപനം സ്വീകരിക്കാന്‍ പാര്‍ലമെന്റിനു സാധിക്കണം. അതാണ് യഥാര്‍ത്ഥ വെല്ലുവിളി. പല രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കണം. അമേരിക്കയിലെ ടെക്സാസിലെ നിയമവ്യവസ്ഥ യു.എസ് സുപ്രീംകോടതി റദ്ദാക്കിയത് 2003-ലാണ്. ലോറന്‍സ് ടൈക്‌സാസ് എന്ന കേസില്‍ പൊലീസ് സ്വവര്‍ഗ്ഗ അനുരാഗികളെ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ സംഭവിച്ച ഇത്തരത്തിലുള്ള മാറ്റങ്ങള്‍ എങ്ങനെയാണ് വിവാഹം ദത്തെടുക്കല്‍പോലുള്ള വിഷയങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത് എന്നതു പഠിക്കാനുള്ള സന്നദ്ധത നമ്മുടെ നിയമനിര്‍മ്മാണ പ്രക്രിയയുമായി ബന്ധപ്പെട്ടവര്‍ കാണിക്കണം. അതിന് അവരെ പ്രേരിപ്പിക്കാനും സജ്ജരാക്കാനും ബുദ്ധിജീവികളുടേയും മാദ്ധ്യമങ്ങളുടേയും പുരോഗമനവാദികളായ അഭിഭാഷകരുടേയും നിന്താന്ത ജാഗ്രത അനിവാര്യമാണ്.

ഉയരുന്നത് ധാര്‍മികതയുടെ പ്രശ്‌നം
ഡോ. എന്‍.ആര്‍. മധു 
കേസരി ചീഫ് എഡിറ്റര്‍ 

സ്വവര്‍ഗ്ഗരതി കുറ്റകരമല്ല എന്നതാണ് രാഷ്ട്രീയ സ്വയം സേവ സംഘത്തിന്റെ നിലപാട്. എന്നാല്‍, അതിനകത്ത് ധാര്‍മ്മികതയുടെ പ്രശ്‌നമുണ്ട്. ലൈംഗിക ചോദന എന്നത് പ്രത്യുല്‍പ്പാദനപരമായ പ്രക്രിയയാണ് എന്നതാണ് നമ്മുടെ സങ്കല്‍പ്പം. പ്രത്യുല്‍പ്പാദനപരമല്ലാതെ കേവല ആനന്ദത്തിനുവേണ്ടി നടത്തുന്ന വേഴ്ചകളെ സംബന്ധിച്ചു ധാര്‍മ്മികതയില്ലായ്മയുണ്ട്. ലൈംഗിക ചോദന എന്നതു ജൈവികമാണ്. അതിനെ നമുക്കു നിഷേധിക്കാനാവില്ല. മൗലികമായ മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല. ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളുടെ അളവുകോല്‍ വെച്ചുകൊണ്ടല്ല നമ്മള്‍ ഇതിനെ സമീപിക്കുന്നത്. പുരാണങ്ങളിലൊക്കെ ഇതു കാണാന്‍ സാധിക്കും. അത്തരം പ്രവണതകള്‍ എന്നുമുണ്ടായിരുന്നു. പക്ഷേ, നമ്മള്‍ ഒരു അരാജകത്വത്തിലേക്ക് പോകാനുള്ള അവസരമാക്കി ഇതിനെ എടുക്കരുത് എന്നേയുള്ളൂ.

ഡോ. എന്‍.ആര്‍. മധു 
ഡോ. എന്‍.ആര്‍. മധു 

ജീവവര്‍ഗ്ഗത്തിന്റെ പൊതുപ്രവണത എന്നത് സ്വവര്‍ഗ്ഗാനുരാഗമോ സ്വവര്‍ഗ്ഗ ലൈംഗികതയോ അല്ല. അത് എതിര്‍ലിംഗ കാമനയാണ്. ന്യൂനപക്ഷങ്ങളെയാണ് ഇതു ബാധിക്കുന്നത് എങ്കില്‍പ്പോലും അവരുടെ മൗലികമായ അവകാശങ്ങളെ സംഘം പിന്തുണക്കുകയാണ്. ഇവരുടെ വിവാഹം സംബന്ധിച്ചോ സ്വത്തവകാശം സംബന്ധിച്ചോ ഒക്കെയുള്ളത് വളരെ ഗുരുതരമായ പ്രശ്‌നമൊന്നുമല്ല. ഉടന്‍ തീരുമാനമെടുക്കേണ്ട ഒന്നും അതില്‍ ഇല്ല. അതൊക്കെ കോടതിയുടെ ഇടപെടല്‍ വരുന്നതനുസരിച്ചോ നിയമനിര്‍മ്മാണസഭയുടെ മുന്നില്‍ വരുന്നത് അനുസരിച്ചോ അപ്പോള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. സ്വവര്‍ഗ്ഗ ലൈംഗികതയെ കപടസദാചാരത്തിന്റെ കണ്ണില്‍ക്കൂടി നോക്കേണ്ട ആവശ്യമില്ല. പാശ്ചാത്യലോകത്തൊക്കെ ഇതിപ്പോള്‍ സര്‍വ്വസാധാരണമാണ്. പുതിയ ലോകത്ത് ഗ്ലോബല്‍ വില്ലേജ് പോലുള്ള ചിന്തകള്‍ ഉരുത്തിരിഞ്ഞു വരുമ്പോള്‍ നമ്മുടെ സമൂഹത്തിലും ചര്‍ച്ച ചെയ്യേണ്ടിവരുന്നു. പരമോന്നത കോടതി അതില്‍ ഒരു വിധി പറഞ്ഞിരിക്കുന്നു. അതിനെ നമ്മള്‍ നിഷേധിക്കേണ്ട കാര്യമില്ല. പക്ഷേ, ഇതൊക്കെ വളരെ കുറവാണ്. അതിനെ നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ ജനറലൈസ് ചെയ്ത് വലിയ കാര്യമായി അവതരിപ്പിക്കുന്നതിലാണ് അപകടം. എതിര്‍ ലിംഗ കാമനയെക്കാള്‍ അപകടകരം ഇതൊരു പൊതുപ്രവണതയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യവകാശ പ്രവര്‍ത്തകരുടേയും നടപടികളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com