തിരുവസ്ത്രമണിഞ്ഞവര്‍ തെരുവിലിറങ്ങുമ്പോള്‍

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീ നീതിക്കായി പൊരുതുമ്പോള്‍ പൗരന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട അധികാരികള്‍ ഇരപിടിയന്മാരോട് കൈ കോര്‍ക്കുകയാണ്
തിരുവസ്ത്രമണിഞ്ഞവര്‍ തെരുവിലിറങ്ങുമ്പോള്‍

''മ്പോള വ്യവസ്ഥിതിയുടേയും ഉപഭോഗ സംസ്‌കാരത്തിന്റേയും സ്വാധീനം സഭയിലുണ്ട്. ഉപഭോഗം എന്ന വാക്കില്‍ത്തന്നെയുണ്ടല്ലോ ഭോഗവും. ശരീരത്തിന്റെ എല്ലാ പ്ലെഷറുകളും ആ വാക്ക് ഉള്‍ക്കൊള്ളുന്നുണ്ട്. കമ്പോള മുതലാളിത്ത വ്യവസ്ഥിതിയുടെ എല്ലാ മൂല്യങ്ങളും മൂല്യമില്ലായ്മയും സഭയേയും പൗരോഹിത്യത്തേയും സ്വാധീനിച്ചു കഴിഞ്ഞുവെന്നതിന്റെ സൂചനകളാണ് നമ്മളിവിടെ കാണുന്നത്. നവമുതലാളിത്ത ശക്തികളുടെ ശക്തി വര്‍ദ്ധിച്ചുവരുന്ന കാലത്ത് ഒരു ബദല്‍ശക്തിയായി സഭ വിളങ്ങേണ്ട കാലത്താണ് അതിന്റെ ഭാഗമായിത്തന്നെ, അതിന്റെ എല്ലാവിധ മൂല്യത്തകര്‍ച്ചയുടേയും ഭാഗമായി സഭ മാറുന്നത്.''
യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ വര്‍ഗ്ഗീസ് കൂറിലോസ് സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍നിന്ന് (ജൂലൈ 23, 2018). 

ആത്മീയാധികാരമല്ല ശരിക്കും പറഞ്ഞാല്‍ ക്രിസ്ത്യന്‍ സഭകള്‍ക്കുള്ളത്, ഭൗതികാധികാരം തന്നെയാണ്. ആ അധികാരം സഭകളെ ദുഷിപ്പിക്കുന്നതിന്, ജീര്‍ണ്ണിപ്പിക്കുന്നു എന്നതിനു കുറേക്കാലമായി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏതാണ്ട് മൂന്നു ദശകങ്ങള്‍ക്ക് മുന്‍പ് സമൂഹ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ അഭയ വധക്കേസ് മുതല്‍ ഇപ്പോള്‍ ജലന്തറിലെ ബിഷപ്പ് ഫ്രാങ്കോവിനു നേരെ ഉണ്ടായ കന്യാസ്ത്രീ പീഡനാരോപണം വരെ തെളിയിക്കുന്നത് ഇക്കാര്യമാണ്. സ്ത്രീപക്ഷ വിമോചന ദൈവശാസ്ത്രകാരന്മാര്‍ പറയുന്നതുപോലെ ആദ്യം സുവിശേഷമറിയിക്കുന്നത് പുരുഷന്മാരായ ക്രിസ്തുശിഷ്യന്മാരല്ല, മറിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സദ് വാര്‍ത്തയറിയിച്ച മഗ്ദലനമറിയമാണ്. എന്നാല്‍, എന്ന് ക്രിസ്തുവിനെ ആത്മാവില്‍ വരിച്ച മറിയത്തിന്റെ പിന്മുറക്കാര്‍ക്ക് അറിയിക്കാനുള്ളത് സദ്വാര്‍ത്തകളല്ല. മറിച്ച് ശരീരത്തിലും മനസ്സിലും മുറിവുകളേല്‍പ്പിച്ച പീഡനങ്ങളുടെ വാര്‍ത്തയാണ്. ക്രിസ്തുവിന്റെ തിരുശരീരമെന്നു വിശേഷിപ്പിക്കപ്പെടാറുള്ള സഭയില്‍ ചിതലരിക്കുന്നുവെന്നും ഇനിയൊരു ഉയിര്‍പ്പിനു സാധ്യമല്ലാത്തവിധം ജീര്‍ണ്ണമായിരിക്കുന്നുവെന്നും അവര്‍ പറയുന്ന വാര്‍ത്തകള്‍ വിളിച്ചുപറയുന്നു. അഭയ മുതല്‍ കുറവിലങ്ങാട്ടെ കന്യാസ്ത്രീവരെയുള്ളവരുടെ അനുഭവങ്ങള്‍ വിശ്വാസിസമൂഹത്തെ ആകമാനം പിടിച്ചുലച്ചിരിക്കുന്നു. 

സഭകളിലെ പുരുഷാധിപത്യം
അടിമുടി പുരുഷവാഴ്ച നിലനില്‍ക്കുന്ന ഘടനയാണ് കാത്തലിക് സഭയടക്കമുള്ളവയ്ക്കുള്ളത്. ശരിക്കും പറഞ്ഞാല്‍ വലിയ തോതിലുള്ള ലിംഗവിവേചനമാണ് കന്യാസ്ത്രീകള്‍ നേരിടുന്നതെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ പഴയ സുറിയാനിസഭയില്‍ കാശ്ശീസ്‌തോമാര്‍ അഥവാ സ്ത്രീപുരോഹിതന്മാര്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രം. എന്നാല്‍, സുറിയാനി പാരമ്പര്യമുള്ള ഒരു സഭയിലും ഇന്നതില്ല. ആധുനിക കാലഘട്ടത്തില്‍ സഭാസംഘടനയിലെ സ്ത്രീകളുടെ നില അത്യന്തം മോശമാണെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ പുറത്തുപറയാന്‍ കൊള്ളാത്ത ഇത്തരം സംഭവങ്ങള്‍ പുറത്തറിയുമ്പോള്‍ മാത്രമാണ് കന്യാസ്ത്രീകളുടെ ദുരവസ്ഥ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. അങ്ങേയറ്റം നിയന്ത്രിതമായ ലൈംഗികതയാണ് വിശ്വാസിസമൂഹത്തിനുപോലും സഭ നിര്‍ദ്ദേശിക്കുന്നത്. സന്താനോല്‍പ്പാദനത്തിനു മാത്രമായി അതു പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. കാത്തലിക് സഭയില്‍ പുരോഹിതര്‍ക്കിടയ്ക്ക് ലൈംഗികതയോടുള്ള വൈരാഗ്യം നിര്‍ബന്ധിതമാണെങ്കിലും ചില ഘടകസഭകളില്‍ പുരോഹിതര്‍ക്ക് വിവാഹബന്ധം അനുവദനീയമാണ്. അതേസമയം കന്യാസ്ത്രീകള്‍ എല്ലായിടവും വൈരാഗികളായി ജീവിക്കേണ്ടിവരുന്നു. അതായതു പുരുഷന്മാരായ പുരോഹിതര്‍ക്ക് കിട്ടുന്ന ഇളവുകള്‍ സ്ത്രീകള്‍ക്ക് കിട്ടാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫ്രാങ്കോവിനെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ കന്യകാത്വം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പി.സി. ജോര്‍ജ്ജിനെപ്പോലുള്ളവര്‍ ഫ്രാങ്കോവിന്റെ ബ്രഹ്മചര്യത്തെക്കുറിച്ചു വേവലാതി പ്രകടിപ്പിക്കാതിരിക്കുന്നതും ഈ പശ്ചാത്തലത്തിലാണെന്നത് എടുത്തു പറയേണ്ടതാണ്. സമ്പത്ത് ആര്‍ജ്ജിക്കുന്നതിലും ലിംഗപരമായ ഈ വിവേചനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വൈദികര്‍ക്ക് മാസശമ്പളം എന്നിങ്ങനെ പലതരത്തില്‍ സമ്പത്ത് ആര്‍ജ്ജിക്കാന്‍ കഴിയുന്നുവെങ്കില്‍ കന്യാസ്ത്രീക്ക് കിട്ടുന്ന പണം മുഴുവന്‍ മഠത്തിലേല്‍പ്പിക്കണം. സന്ന്യാസി സമൂഹത്തിനു വനിതാ സുപ്പീരിയറും ഭരണസമിതിയുമൊക്കെ ഉണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്നത് ബിഷപ്പാണ്. ഇത്തരത്തില്‍ നിരവധി അസമത്വങ്ങള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഫ്രാങ്കോവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടക്കുന്ന സമരം പ്രസക്തമാകുന്നത്. 

വത്തിക്കാന് അയച്ച കത്ത് 
ഫ്രാങ്കോ ലൈംഗികപീഡനത്തിനിരയാക്കിയ കന്യാസ്ത്രീ സെപ്തംബര്‍ എട്ടിന്  വത്തിക്കാനയച്ച കത്ത് വെളിവാക്കുന്ന സംഭവങ്ങള്‍ സഭയിലെ ലിംഗപരമായ വിവേചനം എത്രമാത്രം വഷളാണ് എന്നതാണ്. പുരുഷനായ പരമാധികാരി തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിസ്സഹായരായ ഇരകളെ എങ്ങനെ അധമ താല്‍പ്പര്യങ്ങള്‍ക്ക് വിധേയരാക്കി എന്നതിന്റെ ദാരുണമായ ഒരു ചിത്രം അതിലുണ്ട്. ഫ്രാങ്കോ എന്ന ഉന്നത പുരോഹിതന്റെ കഴുകന്‍ കണ്ണുകള്‍ കന്യാസ്ത്രീകള്‍ക്കു മേല്‍ എപ്പോഴും ഉണ്ടായിരുന്നുവെന്ന് അവര്‍ കത്തില്‍ ആരോപിക്കുന്നു. ആകര്‍ഷണം തോന്നുന്ന കന്യാസ്ത്രീകളെ നിര്‍ബ്ബന്ധിച്ചോ ബലഹീനതകള്‍ മുതലെടുത്തോ തന്റെ കെണിയിലാക്കുകയാണ് ഫ്രാങ്കോയുടെ പരിപാടി എന്ന് അതിനിരയാക്കപ്പെട്ട ഒരു കന്യാസ്ത്രീ എഴുതുമ്പോള്‍ ഒരുപക്ഷേ, വത്തിക്കാനതു ദഹിക്കില്ലെങ്കിലും അങ്ങേയറ്റം ക്ഷമയും കാരുണ്യവും അനുസരണയും മാത്രം കന്യാസ്ത്രീകളില്‍നിന്നു കണ്ടു ശീലിച്ച കേരളീയ പൊതുസമൂഹത്തിന് അതു വിശ്വസിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ബിഷപ്പിനെതിരെ മുന്‍പ് പല തവണ ഈ പരാതി ഉണ്ടായിട്ടുണ്ട്. എന്നാല്‍, പരാതി നല്‍കുന്നവരെ മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി സഭാനേതൃത്വം പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയാണന്നും അവര്‍ കത്തില്‍ ആരോപിച്ചു. അവര്‍ വത്തിക്കാനു നല്‍കിയ കത്തു പ്രകാരം മിഷണറീസ് ഓഫ് ജീസസില്‍നിന്നു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരുപതോളം കന്യാസ്ത്രീകള്‍ പിരിഞ്ഞുപോയി. കന്യാസ്ത്രീകള്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഫ്രാങ്കോയില്‍നിന്നു പതിവാണെന്നും കത്തിലുണ്ട്. അമ്മയെപ്പോലെ കാണേണ്ട സഭ സ്ത്രീകളോട് വിവേചനം കാട്ടുന്നുവെന്ന പരാതിയും അവരുന്നയിക്കുന്നുണ്ട്. ഫ്രാങ്കോയുടെ പീഡനങ്ങളെത്തുടര്‍ന്നു താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും ഇപ്പോഴും ചികിത്സയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാങ്കോവിനെതിരെ പരാതി ഉന്നയിച്ചപ്പോള്‍ ഫ്രാങ്കോ പ്രതികരിച്ചത് അതിലും രൂക്ഷമായിട്ടായിരുന്നു. തനിക്കെതിരെ കേസു കൊടുത്തു. പി.ആര്‍.ഒ ആയ പീറ്റര്‍ കാവുംപുറത്തെ ഉപയോഗിച്ച് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ദുഷ്പ്രചരണം നടത്തുന്നു. തന്റെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നു. താനുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസുകൊടുക്കുന്നു. ഇങ്ങനെ പോകുന്നു അവര്‍ എഴുതിയ പരാതിക്കത്തിലെ വിശദാംശങ്ങള്‍. യുവതിയായ മറ്റൊരു കന്യാസ്ത്രീയുമായുള്ള ഫ്രാങ്കോവിന്റെ ബന്ധം തെളിവുകളോടെ പിടികൂടിയെന്നും പരാതിയിലുണ്ട്. രാഷ്ട്രീയക്കാരുമായുള്ള ബന്ധമുപയോഗിച്ച് ഫ്രാങ്കോ രക്ഷപ്പെടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
2013 വരെ ആറു വര്‍ഷത്തോളം മിഷണറീസ് ഓഫ് ജീസസിനു കീഴിലുള്ള കന്യാസ്ത്രീ സമൂഹത്തിലെ സുപ്പീരിയര്‍ ജനറലായി പ്രവര്‍ത്തിച്ച ഇവര്‍ 2017-ലാണ് സഭാ അധികാരികള്‍ക്ക് ലൈംഗിക പീഡനം സംബന്ധിച്ച പരാതി നല്‍കുന്നത്. ഫാ. ജോസഫ് തടത്തിലിനും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനുമാണ് പരാതി നല്‍കിയത്. 2014 തൊട്ട് രണ്ടു വര്‍ഷം തന്നെ പീഡിപ്പിക്കുകയും ഒടുവില്‍ 2017-ല്‍ മഠം വിടാന്‍ തയ്യാറാകേണ്ടിവന്നതായും അവര്‍ പറയുന്നു. എന്നാല്‍, മറ്റുള്ളവര്‍ തന്നെ മഠം വിടുന്നതില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നു. സീറോ മലബാര്‍ സഭ തലവന്‍ ആലഞ്ചേരിയെ കണ്ട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവര്‍ സഭാനേതൃത്വത്തെ കണ്ട് പരാതി പറഞ്ഞെന്നു മനസ്സിലാക്കിയ ഫ്രാങ്കോ കന്യാസ്ത്രീയേയും അവരുടെ സഹോദരിയേയും പൊലീസ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തനിക്ക് പൊലീസില്‍ പരാതിപ്പെടേണ്ടിവന്നത്. സഭയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചു. 
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണം ഗൂഢാലോചനയാണെന്നാണ് ജലന്തര്‍ രൂപത പ്രതികരിച്ചത്. സഭയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമായിട്ടാണ് രൂപത വിശദീകരിച്ചത്. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിക്കുന്നു. മാധ്യമവിചാരണ നടത്തി സഭയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്. ആരോപണം വന്നപ്പോഴേ രാജിവയ്ക്കുന്ന കാര്യം ആലോചിച്ചതാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞിരുന്നു. സഹവൈദികരുടെ നിര്‍ബ്ബന്ധവും പിന്തുണയും കണക്കിലെടുത്താണ് അങ്ങനെ ചെയ്യാതിരുന്നത്. അന്വേഷണം തീരുംവരെ മാധ്യമവിചാരണ നിര്‍ത്തിവയ്ക്കാനും ജലന്തര്‍ രൂപത ആവശ്യപ്പെടുകയുണ്ടായി. 

രാഷ്ട്രീയത്തിലെ 
പുതിയ കിടപ്പറ പങ്കാളികള്‍

കേരള സംസ്ഥാനം രൂപമെടുത്ത കാലം മുതല്‍ക്കേ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അത്രയൊന്നും നല്ല ബന്ധത്തിലായിരുന്നില്ല കാത്തലിക് സഭ. ജനാധിപത്യത്തിലെ മഹത്തായ പരീക്ഷണമായിത്തീരുമായിരുന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ മറ്റു സമുദായ സംഘടനകളോടൊന്നു ചേര്‍ന്ന് അധികാരത്തില്‍ നിന്നിറക്കിയതിന്റെ പാപക്കറ അത്രയൊന്നും എളുപ്പത്തില്‍ അതിന്റെ കൈകളില്‍നിന്നു പോകുകയുമില്ല. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്‍ തൊട്ട് എം.എ. ബേബിയുടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള ബില്‍ വരെയുള്ള ജനാനുകൂല ശ്രമങ്ങളെ അതെങ്ങനെയാണ് നേരിട്ടത് എന്നുള്ളതിനു ചരിത്രം സാക്ഷിയാണ്. മത്തായി ചാക്കോയുടെ ഭൗതികശരീരം സംസ്‌കരിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദവും പിണറായി വിജയന്റെ നികൃഷ്ടജീവി പ്രയോഗത്തെ തുടര്‍ന്നുണ്ടായ വിവാദവും മറക്കാനായിട്ടില്ല. എല്‍.ഡി.എഫില്‍നിന്ന് ജോസഫ് ഗ്രൂപ്പിനെ അടര്‍ത്തിയെടുത്ത് യു.ഡി.എഫിലെത്തിച്ചതില്‍ വരെയുള്ള ഇടപെടലുകളും. 
എന്നാല്‍, മലയോര മേഖലയിലെ കര്‍ഷകവികാരം ഇളക്കിവിട്ട് പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ തകര്‍ത്ത് പ്രകൃതിചൂഷകര്‍ക്കുവേണ്ടി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുണ്ടായ സമരങ്ങളുടെ നാളുകള്‍ തൊട്ട് സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിത്തുടങ്ങി. കാത്തലിക് സഭയുടെ ഒരു മാധ്യമസ്ഥാപനത്തെ ചുറ്റിപ്പറ്റി വളര്‍ന്നുവന്ന പുതിയ സഖ്യങ്ങളും സഭയുടെ നിലപാടില്‍ ചലനങ്ങളുണ്ടാക്കിയതായി പരക്കേ വിശ്വസിക്കപ്പെടുന്നു. പോയ കാലങ്ങളെ അപേക്ഷിച്ച് മൃദുവായ ഒരു സമീപനമാണ് കാത്തലിക് സഭയെ നയിക്കുന്നവര്‍ക്കും സി.പി.ഐ.എം നേതൃത്വത്തിനുമിടയ്ക്ക് പരസ്പരമുള്ളത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെയുള്ള സ്വത്തു  സംബന്ധിച്ച കേസിലും ആഭ്യന്തരവകുപ്പിന്റെ ഉദാസീന സമീപനം പ്രകടമായിരുന്നു. ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കന്യാസ്ത്രീ പീഡനകാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉദാസീനത പുലര്‍ത്തുന്നുവെന്ന ആരോപണത്തില്‍ സാംഗത്യം ഏറെയുണ്ട്. 


2018 ഓഗസ്റ്റ് 13-നാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വേണ്ടത്ര തെളിവുകളുണ്ടെന്നു കാണിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുന്നത്. ഇതിനിടയില്‍ പ്രളയം വന്നു. സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും സകല ശ്രദ്ധയും സ്വാഭാവികമായും അതിന്റെ കെടുതികള്‍ നേരിടുന്നതിലായി. എന്നാല്‍, പ്രളയജലം പിന്‍വാങ്ങിപ്പോയിട്ടും പുഴകള്‍ വറ്റിവരണ്ടിട്ടും ഫ്രാങ്കോക്കെതിരെ പൊലീസ് ചെറുവിരല്‍പോലും അനക്കാതെ വന്നതിനെ തുടര്‍ന്നാണ് സെപ്തംബര്‍ എട്ടിന് കന്യാസ്ത്രീകള്‍ എറണാകുളത്ത് നിരാഹാരസമരം ആരംഭിക്കുന്നത്. സംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരുമടക്കം നാനാതുറകളില്‍പ്പെട്ടവര്‍ പിന്തുണയുമായി ഇവരുടെ നിരാഹാര സമരവേദിയിലെത്തിക്കൊണ്ടിരിക്കുമ്പോഴും സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട സംഘടനകളൊന്നും ഇതുവരേയും പിന്തുണയുമായി അവിടെയെത്തിയിട്ടില്ലെന്നു ശ്രദ്ധേയമാണ്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടന്നപ്പോള്‍ അന്വേഷണത്തെ തള്ളിപ്പറഞ്ഞ് അന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി സംസാരിച്ചതും ഈ സന്ദര്‍ഭത്തില്‍ ഇതോടു ചേര്‍ത്തു  വായിക്കാം.
അതേസമയം ജനസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിലെത്തി പൊലീസ് ചോദ്യം ചെയ്യലിനെ നേരിടാന്‍ ബിഷപ്പ് ഫ്രാങ്കോയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജലന്തറിലെ രൂപതാസ്ഥാനത്തെത്തി ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകാത്ത പൊലീസാണ് ഇപ്പോള്‍ കേരളത്തിലെത്താന്‍ ഫ്രാങ്കോയോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലുള്ള തെളിവുകള്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമാണെന്നിരിക്കെ ഫ്രാങ്കോ കേരളത്തിലെത്തുമോ എന്ന് ആശങ്കയും ഉണ്ട്. 

അടിസ്ഥാനപ്രശ്‌നം 
പുരോഹിതരുടെ ഭൗതികാധികാരം

ബാര്‍ യൂഹനോന്‍ റമ്പാന്‍
മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ ഇംപ്ലിമെന്റേഷന്‍ (മെക്കാബി) ഡയറക്ടര്‍
പിറമാടം ദയറ

ദ്രവ്യാഗ്രഹവും ദൈവാനുസരണയും ഒന്നിച്ചുപോകില്ലെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍, നമ്മുടെ സഭകളെ, പ്രത്യേകിച്ചും പുരാതന സഭകളെ ഗ്രസിച്ചിരിക്കുന്ന രോഗം പുരോഹിതരുടെ ദ്രവ്യാഗ്രഹവും സുഖങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചിലുമാണ്. പല മെത്രാന്മാരും അവരുടെ സ്ഥാനങ്ങളുപയോഗിച്ച് വിശ്വാസികള്‍ ദൈവത്തിനായി ഏല്‍പ്പിച്ചിട്ടുള്ള സ്വത്തുവകകളില്‍ തിരിമറി നടത്തുകയും ഭൗതിക നേട്ടങ്ങള്‍ക്കായി സ്ഥാനത്തേയും പള്ളിയുടെ സമ്പത്തിനേയും ദുര്‍വ്വിനിയോഗം ചെയ്യുകയും ചെയ്യുന്നു. സ്വത്തും സമ്പത്തും അധികാരവും ഇവരുടെ കൈവശമിരിക്കുന്നതുകൊണ്ടുതന്നെ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇവരെ ഭയക്കുന്നു. ഇവരുടെ ലൈംഗിക കുറ്റകൃത്യങ്ങളടക്കമുള്ള ക്രിമിനല്‍ നടപടികള്‍ കണ്ടില്ലെന്നു നടിക്കുകയോ അവരെ ശിക്ഷകളില്‍നിന്ന് ഒഴിവാക്കിക്കൊടുക്കാന്‍ സഹായകമായ നിലപാടെടുക്കുകയോ രാഷ്ട്രീയക്കാര്‍ ചെയ്യുന്നു. 
ഇന്ത്യന്‍ ഭരണഘടനയുടെ 26(ഡി) വകുപ്പുപ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വത്തു ആര്‍ജ്ജിക്കുന്നതിനോ ക്രയവിക്രയം ചെയ്യുന്നതിനോ അധികാരമുണ്ട്. അതില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടവുമുണ്ട്. ഹിന്ദുക്കളുടെ ആത്മീയ സ്ഥാപനങ്ങളുടെ സ്വത്തു കൈകാര്യം ചെയ്യുന്നതിന് ഹിന്ദു ആക്ടും മുസ്ലിങ്ങള്‍ക്ക് വഖഫ് ആക്ടും ഉണ്ട്. എന്നാല്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായി ഇങ്ങനെയൊരു നിയമം ഇല്ല. സഭയില്‍ സ്വത്തുനിയന്ത്രണവും മെത്രാന്മാരുടെ കൈയിലോ അവര്‍ നിയന്ത്രിക്കുന്ന കൗണ്‍സിലുകളിലോ ഒക്കെയാണിരിക്കുന്നത്. ഒരു കാലം വരെ അതില്‍ കുഴപ്പമുണ്ടായിരുന്നില്ല. കാരണം മെത്രാന്മാരായി വന്നവരില്‍ അല്‍മായര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. അവരുടെ ജീവിതങ്ങള്‍ക്ക് സുതാര്യതയുണ്ടായിരുന്നു. എന്നാല്‍, ഇന്നു സ്ഥിതി അതല്ലായെന്നാണല്ലോ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ കാലത്ത് നിയോഗിക്കപ്പെട്ട വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ നിയമപരിഷ്‌കരണ സമിതി സമര്‍പ്പിച്ച ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കന്യാസ്ത്രീയെ പീഡിപ്പിക്കുന്ന ഫ്രാങ്കോമാര്‍ക്ക് എന്നെന്നേയ്ക്കുമായി മൂക്കുകയറിടണമെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് ഇന്നു കൈവന്നിട്ടുള്ള ഭൗതികാധികാരത്തെ നിയന്ത്രിക്കുന്നു അടിസ്ഥാനപരമായ നടപടിയിലേക്ക് സമൂഹം കടക്കേണ്ടതുണ്ട്. വലിയൊരു വിഭാഗം പുരോഹിതന്മാര്‍ ഇന്ന് ഇത്തരത്തിലുള്ള എല്ലാ ദുര്‍വൃത്തികളുടേയും വിളനിലമായിത്തീര്‍ന്നിരിക്കുന്നു. സമ്പത്തിന്മേലും സ്വത്തിന്മേലുമുള്ള അവരുടെ അവകാശങ്ങള്‍ നിമിത്തം അവരെ ചോദ്യം ചെയ്യാനാകാതെയായിട്ടുണ്ട്. ഈ സമ്പത്ത് അവര്‍ അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി ക്രയവിക്രയം ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. കൂടുതല്‍ ഫ്രാങ്കോമാര്‍ ഉണ്ടാകാതിരിക്കാന്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്താല്‍ മാത്രം പോരാ, മറിച്ച് അവരുടെ ഭൗതികാധികാരങ്ങളെ വിശ്വാസിസമൂഹത്തിന്റെ നിയന്ത്രണത്തിനു വിധേയമാക്കണം. അതിനായി ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കണം. ഇന്ത്യന്‍ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നും കാനോനിക നിയമങ്ങളാണ് തങ്ങളനുസരിക്കേണ്ടതുള്ളൂവെന്നും പ്രഖ്യാപിച്ച് ശിക്ഷാനടപടികളെ മറികടക്കാന്‍ ഇവരെ സഹായിക്കുന്നത് ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുടെ അഭാവമാണ്. 


ഈ സമരം നീതിക്കുവേണ്ടി

ഫെലിക്‌സ് ജെ. പുല്ലൂടന്‍
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്ന സംഘടന ഏതെങ്കിലും പ്രസ്ഥാനത്തിനോ സഭയ്ക്കോ ഗവണ്‍മെന്റിനോ എതിരെയല്ല. കന്യാസ്ത്രീകളുടെ പ്രശ്‌നത്തില്‍ നടത്തുന്ന സമരമാകട്ടെ, സഭയ്ക്കോ ഗവണ്‍മെന്റിനോ എതിരെയല്ല. ലൈംഗികപീഡനത്തിനു വിധേയയായ നമ്മുടെ സഹോദരിക്ക് നീതി കിട്ടണമെന്നതു മാത്രമാണ് ഞങ്ങളുടെ ആവശ്യം. എന്നാല്‍, ഈ സമരത്തിന് ആധാരമായ പ്രശ്‌നത്തില്‍ ഗവണ്‍മെന്റിനെ നയിക്കുന്നവരും സഭാനേതൃത്വവും ഒത്തുകളിച്ചിട്ടുണ്ടെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അല്ലാത്തപക്ഷം അക്രമിയുടെ അറസ്റ്റ് ഇങ്ങനെ നീളുമായിരുന്നില്ല. പ്രശ്‌നം സഭയില്‍ തന്നെ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടാണ് ഈ സഹോദരിമാര്‍ സമരത്തിനിറങ്ങിയത്. 
കാത്തലിക് സഭയുടെ തലപ്പത്തിരിക്കുന്ന ചില വ്യക്തികള്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണ്. ഇവര്‍ പരസ്പരം സംരക്ഷിച്ചുപോരുന്ന പതിവാണ് കണ്ടുവരുന്നത്. 1967-ല്‍ ബെനഡിക്ട് അച്ചന്റെ പ്രശ്‌നം തൊട്ടേ സ്ഥിതി ഇതാണ്. ഒരു പ്രശ്‌നത്തിലും സഭ നടപടിയെടുക്കാറില്ല. ഒരാളല്ല, നിരവധി പേരാണ് ഇത്തരത്തില്‍ മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ സഭയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഭയ്ക്ക് പേടിയാണ്. നടപടിയുണ്ടായാല്‍ ഒരാളുടെ മാത്രമല്ല, പലരുടേയും നടപടികള്‍ പുറത്തുവരും. അതുകൊണ്ട് ഇവര്‍ പരസ്പരം സംരക്ഷിച്ചു നില്‍ക്കുന്നു. കടപ്പ ബിഷപ്പിനെതിരെ നടപടിയുണ്ടായപ്പോള്‍ അദ്ദേഹം ചോദിച്ചതിതാണ്: ഒരു വൈദികന്‍ വിവാഹം കഴിച്ചു ജീവിക്കുന്നതിനെക്കാള്‍ വലിയ കുറ്റങ്ങള്‍ സഭയ്ക്കുള്ളില്‍ പലരും ചെയ്യുന്നില്ലേ എന്ന്. ലൈംഗിക ദുര്‍വൃത്തികളിലേര്‍പ്പെടുകയും  കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന ചിലര്‍ സഭയ്ക്കുള്ളിലുണ്ടെന്ന് അന്ന് അദ്ദേഹം ആരോപിച്ചു. 
സഭയില്‍ എല്ലാവരും ആ തരത്തില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരാണെന്ന് അഭിപ്രായമില്ല. ബഹുഭൂരിപക്ഷവും ഇതിലൊന്നും പെടാത്തവരാണ്. എന്നാല്‍, ഒരു വ്യവസ്ഥാപിത സംഘടന എന്ന നിലയില്‍ ഇത്തരം കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ദൗര്‍ഭാഗ്യവശാല്‍ കണ്ടുവരുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ കാര്യം തന്നെ എടുക്കുക. രാജ്യത്തിനും ജനത്തിനും സമുദായത്തിനും അവകാശപ്പെട്ട സമ്പത്ത് തട്ടിയെടുക്കുകയോ അതു തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കുകയോ ആണ് അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ക്രിമിനല്‍ പ്രവൃത്തി തന്നെയാണ് അദ്ദേഹം ചെയ്തത്. 

ബാഹ്യശക്തികളുടെ ഇടപെടലെന്ന ആരോപണം അടിസ്ഥാനരഹിതം
റെജി ഞെള്ളാനി 
ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ്

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടക്കുന്ന സമരം സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ നിമിത്തമെന്ന സഭാനേതൃത്വത്തിന്റെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഈ സമരം മതത്തിനെതിരാണെന്നു തെറ്റിദ്ധരിപ്പിച്ച് വിശ്വാസികളെ വഴി തെറ്റിക്കുന്നതിനും ആസൂത്രിതമായി കലാപമുണ്ടാക്കുന്നതിനുമാണെന്നു കരുതേണ്ടിയിരിക്കുന്നു. സഭാനവീകരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അല്‍മായ സംഘടനകളും ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീയും അവരുടെ കുടുംബാംഗങ്ങളുമാണ് സമരരംഗത്തുള്ളത്. ദിവസങ്ങള്‍ കടന്നുചെല്ലുംതോറും കൂടുതല്‍ പേര്‍ സമരപ്പന്തലിലെത്തി അവരെ അഭിവാദ്യം ചെയ്യുന്നു. പിന്തുണ പ്രഖ്യാപിക്കുന്നു. കാനം രാജേന്ദ്രനും എം.എം. ഹസ്സനും പി.ടി. തോമസും വി.എസ്. അച്യുതാനന്ദനും നിരണം മെത്രാന്‍ മാര്‍ കൂറിലോസും ഫാ. പോള്‍ തേലക്കാട്ടും ബിന്ദുകൃഷ്ണയും ബാലചന്ദ്രന്‍ ചുള്ളിക്കാടുമെല്ലാം സഭയ്ക്കെതിരെയുള്ള വികാരം കൊണ്ടല്ല, മറിച്ച് മനുഷ്യാവകാശങ്ങളെ മുന്‍നിര്‍ത്തിയാണ് സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത്. ഇവരെയാണോ ബാഹ്യശക്തികള്‍ എന്നതുകൊണ്ട് സഭ ഉദ്ദേശിക്കുന്നത്? ബാഹ്യശക്തികള്‍ ആരെന്നു വ്യക്തമാക്കാന്‍ കഴിയില്ലെങ്കില്‍ വ്യാജമായ ആരോപണം ഉന്നയിച്ചതിനു സഭാനേതൃത്വം ജനങ്ങളോട് മാപ്പുപറയണം. 
കന്യാസ്ത്രീകള്‍ക്ക് അവരുടെ മഠങ്ങളില്‍ യാതൊരു സുരക്ഷയുമില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുവെച്ച് പതിനഞ്ചിലധികം കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. അവരെല്ലാം ആത്മഹത്യ ചെയ്തവരാണെന്നോ മനോദൗര്‍ബ്ബല്യം ബാധിച്ചവരാണെന്നോ സഭാനേതൃത്വം വരുത്തിത്തീര്‍ക്കുന്നു. കഴിഞ്ഞ ദിവസം കിണറ്റില്‍ വീണിട്ട് എന്നു കരുതുന്ന സൂസമ്മ എന്ന കന്യാസ്ത്രീയുടെ മരണം തന്നെ സംശയാസ്പദമാണ്. തുടക്കം മുതലേ അതൊരു ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ പൊലീസും വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നു മാധ്യമവാര്‍ത്തകള്‍ വെളിവാക്കുന്നു. ബിഷപ്പ് ഫ്രാങ്കോയെ ഉടന്‍ നിയമത്തിനു മുന്‍പാകെ കൊണ്ടുവരണമെന്നതു പോലെത്തന്നെ സൂസമ്മയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ് ആവശ്യപ്പെടുന്നു. കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. കന്യാസ്ത്രീകളുടെ കുടുംബം അവരെ തിരികെ വിളിച്ചുകൊണ്ടുവരാന്‍ തയ്യാറാകുകയാണ് ഈ അവസ്ഥയില്‍ വേണ്ടത്. മഠം വിട്ട് പുറത്തുവരുന്ന സ്ത്രീകള്‍ക്ക് സേവനകാലാവധി പരിഗണിച്ച് പത്ത് ലക്ഷം രൂപ നല്‍കാന്‍ സഭാനേതൃത്വം തയ്യാറാകണം.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുന്നതില്‍ പൊലീസിന്റെ അമാന്തം കാണിക്കുന്നത് കേരളത്തിലെ സഭാനേതൃത്വവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാട്ടപ്പെടണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com