രക്ഷാപ്രവര്‍ത്തകന്‍ പരാതിക്കാരനായത് ഇങ്ങനെ

രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ പിറകേ ഈ ചെറുപ്പക്കാരനും കുടുംബത്തിനുമുണ്ടായ ദുരിതത്തിനും അപമാനത്തിനും കാരണമേയില്ല.
IMG_20180910_151619622
IMG_20180910_151619622

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലേക്കു മുന്നും പിന്നും നോക്കാതെ ഇറങ്ങിയ ആയിരങ്ങളില്‍ ആത്മാനന്ദന്‍ വേറിട്ടു നില്‍ക്കാന്‍ കാരണമുണ്ട്; പക്ഷേ, രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ പിറകേ ഈ ചെറുപ്പക്കാരനും കുടുംബത്തിനുമുണ്ടായ ദുരിതത്തിനും അപമാനത്തിനും കാരണമേയില്ല. വന്നതു വന്നു എന്നു സമാധാനിച്ച് പിന്മാറാന്‍ തയ്യാറാകാത്തതും അതുകൊണ്ടുതന്നെ. ജില്ലാ പൊലീസ് മേധാവി മുതല്‍ മുകളിലേയ്ക്ക് പരാതികള്‍ നല്‍കി നടപടി കാത്തിരിക്കുന്നു; മുഖ്യമന്ത്രി തിരിച്ചെത്തിയിട്ട് നേരില്‍ കണ്ട് പറയാനും. വനം വകുപ്പ് ഉദ്യോഗസ്ഥരും നുണ പറഞ്ഞ് അവരെ തന്റെ വീട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ച അയല്‍ക്കാരനുമാണ് എതിര്‍ കക്ഷികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.റ്റി) ആശുപത്രിയിലെ ഡ്രൈവര്‍ ആത്മാനന്ദന്‍ മൂന്നാഴ്ചയോളമായി ജീവിക്കുന്ന ജീവിതത്തെക്കുറിച്ചുകൂടി അറിഞ്ഞുതന്നെ വേണം കേരളം പുതിയ കേരളമായി മാറാന്‍.

പശുക്കളെ വിറ്റ് ആംബുലന്‍സ് 
തിരുവനന്തപുരം കാച്ചാണിയില്‍ നാഗപ്പന്‍ നായര്‍ എന്ന മുന്‍ പട്ടാളക്കാരന്‍ നടത്തിയിരുന്ന കന്നുകാലി ഫാം കഴിഞ്ഞ ഒരു വര്‍ഷമായി സഹോദരിയുടെ മകനുമായിച്ചേര്‍ന്ന് ഏറ്റെടുത്തു നടത്തിവരികയായിരുന്നു ആത്മാനന്ദന്‍. നാഗപ്പന്‍ നായരുടെ മരണശേഷം ഫാം നടത്താന്‍ കുടുംബത്തിനു താല്‍പ്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് അതു വാടകയ്ക്കു നല്‍കിയത്. ആ സമയത്ത് പത്തു പശുക്കളാണ് ഉണ്ടായിരുന്നത്. ഫാം നോക്കി നടത്തിയിരുന്ന ജീവനക്കാരന്‍ തുടരാന്‍ സമ്മതിച്ചതുകൊണ്ട് ആത്മാനന്ദന്റെ ജോലിയും അതും കൂടി കുഴപ്പമില്ലാതെ നടന്നു. ഇടയ്ക്ക് നാല് പശുക്കളെ വിറ്റു, ബാക്കി ആറെണ്ണവും ഒരു പശുക്കുട്ടിയുമായി. പാല്‍ വിറ്റ് മാസത്തില്‍ കാല്‍ ലക്ഷം രൂപ വരെയൊക്കെ രണ്ടു പേരും കൂടി വരുമാനമുണ്ടാക്കി. അതിനിടെയാണ് നോട്ടക്കാരനു സുഖമില്ലാതായതും ജോലി നിര്‍ത്തിയതും. അതോടെ ആത്മാനന്ദനും അനന്തരവനും മാറിമാറിയായി പശുപരിപാലനം. ഓണം കഴിഞ്ഞ് പുതിയ ജോലിക്കാരെ ആരെയെങ്കിലും കണ്ടുപിടിക്കാം എന്നു തീരുമാനിക്കുകയും ചെയ്തു. 

അങ്ങനിരിക്കെയാണ് മഹാപ്രളയം വന്നത്. ആദ്യ രണ്ടു ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ സംവിധാനങ്ങളുമായി കഴിയുന്ന വിധമൊക്കെ സഹകരിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പലരും പലയിടത്തുനിന്നും രക്ഷതേടി വിളിക്കുമ്പോള്‍ നമ്പര്‍ പൊലീസിനും ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തകര്‍ക്കുമൊക്കെ കൈമാറിക്കൊണ്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 1077 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. അതിനിടയിലാണ് ചെങ്ങന്നൂരിനടുത്ത് വെണ്‍മണിയില്‍ അപകടാവസ്ഥയിലായ ഒരു കുടുംബം വിളിച്ച് സഹായം തേടിയത്. പലവഴിക്കും ശ്രമിച്ചിട്ടും രക്ഷാപ്രവര്‍ത്തകര്‍ അവരുടെ അടുത്തെത്തിയില്ല. സ്ഥിതി മോശമാകുന്ന മുറയ്ക്ക് അവര്‍ വിളിച്ചുകൊണ്ടേയിരുന്നു; പല വഴിക്ക് സഹായം തേടുന്നതിന്റെ ഭാഗമായി. പിന്നീട് ബന്ധുവിന്റെ സുഹൃത്തായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വഴി ആരെയോ ബന്ധപ്പെടാനും അവരെ രക്ഷിക്കാനും കഴിഞ്ഞു. 
പ്രളയം മഹാപ്രളയമായിക്കൊണ്ടിരിക്കുകയായിരുന്നു. തിരുവല്ലയില്‍ കുടുംബസമേതം താമസിക്കുന്ന വാടക ഫ്‌ലാറ്റിനടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ടു തിരുവല്ല പുഷ്പഗിരി ഫാര്‍മസി കോളേജിലെ വൈസ് പ്രിന്‍സിപ്പലായ ഭാര്യ ഡോ. ലീന പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അവര്‍ വിളിച്ചു, അങ്ങോട്ടു ചെല്ലാന്‍. പക്ഷേ, പശുക്കളെ വിട്ടിട്ടു പോകാന്‍ വയ്യാത്ത സ്ഥിതി. അന്നു രാത്രി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടു: ''ഇപ്പോള്‍ നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയൊന്നും ചെയ്തിട്ട് കാര്യമില്ലാതെ വരും.'' അതു നെഞ്ചില്‍ കൊണ്ടതോടെ ഇരിക്കപ്പൊറുതി ഇല്ലാതായി. പശുക്കളെ വില്‍ക്കുകയേ വഴിയുള്ളു. പശുക്കളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന രാജു എന്നയാളെ വിളിച്ചു കാര്യം പറഞ്ഞു. കിട്ടുന്ന പണം എത്രയായാലും അതു പ്രളയ ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ്; പെട്ടെന്നു വേണ്ടതു ചെയ്യണം. രാജുവുമായി മുന്‍പ് കച്ചവട അനുഭവമുള്ളതുകൊണ്ട് വിശ്വാസമായിരുന്നു. കിട്ടിയത് 1,22,000 രൂപ. രാത്രി 10-ന് 30,000 രൂപയും പിറ്റേന്ന് ഉച്ചയ്ക്കു മുന്‍പു സ്വര്‍ണ്ണം പണയംവച്ച് ബാക്കി പണവും ഏല്‍പ്പിച്ചു. അഡ്വാന്‍സ് കിട്ടിയ പണവുമായിത്തന്നെ രാവിലെ മെഡിക്കല്‍ കോളേജ് പരിസരത്തെത്തി. ആംബുലന്‍സ് ആയി ഓടിക്കാന്‍ പറ്റിയ പഴയ വണ്ടി വാങ്ങുകയാണ് ഉദ്ദേശ്യം. രക്ഷാപ്രവര്‍ത്തനത്തിനു കൈയും വീശി ചെന്നിട്ടോ പണവുമായി ചെന്നിട്ടോ കാര്യമൊന്നുമില്ല. തന്നെക്കൊണ്ട് ഉപകാരം വേണം. അങ്ങനെയാണ് മുങ്ങിയ വീടുകളില്‍നിന്നു രക്ഷപ്പെടുത്തി കൊണ്ടുവരുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രിയിലും മറ്റും എത്തിക്കാന്‍ വാന്‍ അന്വേഷിച്ചത്. പഴയ വണ്ടികള്‍ വില്‍ക്കാനുള്ള ചിലരുമായി സംസാരിച്ചു; കാര്യവും പറഞ്ഞു. അപ്പോഴാണ് പലരുടേയും ദുരാഗ്രഹം പുറത്തുവന്നത്. ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കാവുന്ന വണ്ടിക്ക് ഒന്നര ലക്ഷവും രണ്ടു ലക്ഷവുമൊക്കെ അവര്‍ വില പറഞ്ഞു. ഒടുവില്‍ പഴയ ഒരു മാരുതി ഒമ്നി വാന്‍ കിട്ടി. ചെന്നിട്ട് ഇന്ധനം അടിക്കാനുമൊക്കെയായി കുറച്ചു പണം ബാക്കിയും വന്നു. നേരെ എസ്.എ.റ്റി സൂപ്രണ്ട് ഡോ. സന്തോഷിനെ വിളിച്ചു കാര്യം പറഞ്ഞ് അവധി ചോദിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ അനുവദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 

രാത്രിയോടെ തിരുവല്ലയിലേക്ക്. ഫാമിലെ പങ്കാളിയായ സഹോദരിയുടെ മകനെ കൂട്ടിയാണ് പോയത്. എം.സി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്തൊക്കെ വെള്ളം കയറിക്കൊണ്ടിരിക്കുന്നു. വലിയ വാഹനങ്ങളൊന്നും പോകുന്നില്ല. പുലര്‍ച്ചെ മൂന്നു മണിക്ക് ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും ഇടയില്‍വച്ച് ഒരു യുവാവ് വണ്ടിക്ക് കൈകാട്ടി ലിഫ്റ്റ് ചോദിച്ചു. അയാളെ കൂടി കയറ്റിയത് കുറച്ചുകൂടി ചെന്നപ്പോള്‍ ഉപകാരപ്പെട്ടു. വെള്ളത്തില്‍ക്കൂടി നീങ്ങാതെ വന്നപ്പോള്‍ രണ്ടുപേര്‍ ഇറങ്ങി തള്ളിയതുകൊണ്ടാണ് വണ്ടിയുടെ എന്‍ജിന്‍ നില്‍ക്കാതെ പോകാനായത്. പുലര്‍ച്ചെ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ തയ്യാറായി ഇറങ്ങുമ്പോള്‍ താമസിക്കുന്ന ഫ്‌ലാറ്റിനടുത്തുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്റര്‍ വന്നിറങ്ങുന്നു. നേരെ അങ്ങോട്ടു ചെന്നു ഞാനെന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചു. അന്നേരം മുതല്‍ ഓടിത്തുടങ്ങിയെന്ന് ആത്മാനന്ദന്‍ പറയുന്നു. അവര്‍ എത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ആവശ്യപ്പെട്ടിടത്ത് എത്തിച്ചു. അതുകഴിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ പോയി തന്റെയും വണ്ടിയുടേയും നമ്പറുകള്‍ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം. പിന്നെ പൊലീസുകാരുടെ വിളികള്‍, ഓട്ടങ്ങള്‍, എയര്‍ഫോഴ്സിന്റെ വിളികള്‍, ഓട്ടങ്ങള്‍, ദേശീയ ദുരന്തനിവാരണ സേനയുടെ വിളികള്‍, ഓട്ടങ്ങള്‍. പ്രളയദിനങ്ങളിലത്രയും ആത്മാനന്ദനും വാനിനും വിശ്രമമുണ്ടായില്ല. ഇന്ധനം തീരുമ്പോള്‍ കിട്ടുന്നിടത്തു ചെന്നു ടാങ്ക് നിറച്ചു കുതിച്ചെത്തും; ഒരു രൂപ പോലും ഒരാളോടും വാങ്ങിയില്ല. പശുവിനെ വിറ്റതില്‍ വാന്‍ വാങ്ങിയതിന്റെ ബാക്കി കൈയിലുണ്ടായിരുന്നു. ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) സംഘത്തെ നയിച്ചിരുന്നത് മേജര്‍ സി.എസ്. ചൗധരിയാണ്. അദ്ദേഹത്തിനു കരയില്‍ സഞ്ചരിച്ച് മേല്‍നോട്ടം വഹിക്കാനൊരു വണ്ടി വേണം. ഒരു ദിവസം ഒമ്നിയില്‍ ചൗധരിയെ കൊണ്ടുനടന്നപ്പോള്‍ മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പോകാന്‍ കഴിയാതിരുന്നത് വിഷമിപ്പിച്ചു. അടുത്ത ദിവസം സ്വന്തം മാരുതി 800 ചൗധരിക്ക് കൊണ്ടുകൊടുത്തു. സാറിത് ആവശ്യമുള്ളത്ര ദിവസം സ്വന്തമായി ഉപയോഗിച്ചുകൊള്ളു എന്നു പറഞ്ഞു താക്കോല്‍ കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടത് മഹാപ്രളയത്തില്‍നിന്നു സഹജീവികളെ രക്ഷിക്കാന്‍ കേരളം സ്വയം സമര്‍പ്പിച്ചതിനെക്കുറിച്ചുള്ള അഭിമാനമായിരുന്നുവെന്ന് ആത്മാനന്ദന്‍. ചെറിയ കാറാണ്; പക്ഷേ, ആ ദിവസങ്ങളില്‍ ആ കാറിനും ഒരു പരിചയവുമില്ലാത്ത ആളെ അത് ഏല്‍പ്പിക്കുന്ന ഉടമയ്ക്കും ഉണ്ടായിരുന്നത് വലിയ മൂല്യം. കെ.എസ്.ആര്‍.ടി.സി ബസാണ് എന്‍.ഡി.ആര്‍.എഫ് സംഘത്തിനു കൊടുത്തിരുന്നത്. പക്ഷേ, പാഞ്ഞുചെന്ന് എല്ലായിടത്തും ഏകോപിപ്പിക്കാന്‍ ബസ് ഉപകരിക്കുമായിരുന്നില്ല. കാര്‍ കമാണ്ടന്റിനെ ഏല്‍പ്പിച്ചിട്ട് ആത്മാനന്ദന്‍ വീണ്ടും പ്രളയവഴികളില്‍ ഓടിത്തുടങ്ങി. വിശ്രമിക്കാന്‍ നേരമില്ല, വിളികള്‍ വന്നുകൊണ്ടേയിരുന്നു. വെള്ളം ഇറങ്ങുകയും ചെങ്ങന്നൂരിലേയും റാന്നിയിലേയും സമീപപ്രദേശങ്ങളിലേയും മുഴുവന്‍ ആളുകളേയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ച് സുരക്ഷിതരാക്കുകയും ചെയ്യുന്നതുവരെ ഓട്ടം തന്നെ. ആറു ദിവസം കഴിഞ്ഞ് കാര്‍ തിരിച്ചു കിട്ടുന്നതുവരെ അതിനെക്കുറിച്ചും ചിന്തിച്ചില്ല.

ശിക്ഷയായ രക്ഷ
വെള്ളം ഇറങ്ങി; കേരളം അതിജീവനത്തേയും തിരിച്ചുവരവിനേയും പുതിയ കേരളം നിര്‍മ്മിക്കുന്നതിനേയും കുറിച്ച് ആലോചനയും ചര്‍ച്ചയും തുടങ്ങി. അതിനിടയിലാണ് മടങ്ങി വീടുകളിലേക്ക് ചെല്ലുന്നവര്‍ക്ക് പാമ്പുകള്‍ ഭീഷണിയായി മാറുന്നതിനെക്കുറിച്ച് വാര്‍ത്ത വന്നത്. ഒരു ദിവസം തന്നെ പലര്‍ക്കും പാമ്പുകടിയേല്‍ക്കുന്നു; സ്വാഭാവികമായും ആളുകള്‍ അവയെ തല്ലിക്കൊല്ലുന്നു. മനുഷ്യരെ രക്ഷിക്കുന്നതിനായിരുന്നു ഈ ദിവസങ്ങളിലെ സ്വാഭാവിക മുന്‍ഗണന. ഇനി ആ പാമ്പുകളെ രക്ഷിച്ച് വിടേണ്ടിടത്തു വിടണം എന്ന് ആത്മാനന്ദന്‍ ചിന്തിച്ചു. അവ മനുഷ്യരെ ഉപദ്രവിക്കാന്‍ വന്നതല്ല. പ്രളയത്തില്‍പ്പെട്ടു വന്നതാണ്.


വനംവകുപ്പില്‍ ജോലി ചെയ്യുന്ന സുഹൃത്ത് മുനീറിനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. എങ്ങനെ നീങ്ങണം എന്നും ആരുമായി ബന്ധപ്പെടണം എന്നും മുനീര്‍ പറഞ്ഞു കൊടുത്തു. റാന്നി റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ (ആര്‍.ആര്‍.ടി) ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നമ്പറും കൊടുത്തു. അദ്ദേഹത്തെ വിളിച്ചപ്പോള്‍ ശരിക്കും ഇങ്ങനെയൊരാളെ അപ്രതീക്ഷിതമായി കിട്ടിയതിന്റെ സന്തോഷമാണ് പ്രകടിപ്പിച്ചത്. അവര്‍ പാമ്പു പിടിക്കാന്‍ നിയോഗിച്ച പ്രതീഷ് പിടിച്ച പാമ്പുകളേയും കൂടയിലാക്കി കാത്തിരിക്കുകയാണ്. അയാളെ കൂട്ടി റാന്നിയില്‍ എത്തിക്കണം. പാമ്പുകളെ വനത്തില്‍ വിടാനുള്ളതാണ്. ചെങ്ങന്നൂരില്‍നിന്നു പിടിച്ച പാമ്പുകളേയും കൂടയിലാക്കി വച്ചിരിക്കുന്നു. അതും വണ്ടിയില്‍ കയറ്റണം. പക്ഷേ, ചെങ്ങന്നൂരില്‍ ഏറെ കാത്തുനിന്നിട്ടും പാമ്പുകളെ പിടിച്ചവര്‍ എത്തിയില്ല. ഉച്ചയായി. ഹോട്ടലുകളൊന്നുമില്ല. ചെങ്ങന്നൂരില്‍നിന്നു നേരെ ഫ്‌ലാറ്റിലെത്തി. വണ്ടി വഴിയരികില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചു മടങ്ങിവരുമ്പോള്‍, മുന്‍പേ കഴിച്ചിറങ്ങിയ പ്രതീഷ് ആത്മാനന്ദന്റെ അഞ്ചു വയസ്സുള്ള മകന്‍ ഭഗത്തിനും കൂട്ടുകാര്‍ക്കും ചില മുതിര്‍ന്ന ആളുകള്‍ക്കും പാമ്പുകളെ കാണിച്ചുകൊടുക്കുകയാണ്. പാമ്പുകളെ കൂടയ്ക്കകത്താക്കി അവ ചാക്കിനുള്ളില്‍ വച്ച് ഭദ്രമായി കെട്ടിയാണ് കൊണ്ടുവന്നത്. ആരോ പറഞ്ഞുകേട്ട് വന്നവര്‍ കാണണമെന്ന് ആഗ്രഹം അറിയിച്ചപ്പോള്‍ വഴങ്ങിപ്പോയതാണ്. അവിടെനിന്നു നേരെ റാന്നിയിലെത്തി പാമ്പുകളെ വനം വകുപ്പിനു കൈമാറി മടങ്ങുകയും ചെയ്തു. 
അങ്ങനെ പാമ്പുകളെ കൊണ്ടുവന്നതും ആളുകളെ കാണിച്ചതുമൊന്നും ശരിയായില്ലെന്നു ഫ്‌ലാറ്റിലെ അയല്‍ക്കാരിലൊരാള്‍ക്ക് അടുത്ത ദിവസം തോന്നിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആളുകള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് പാമ്പുകളെ തുറന്നുകാട്ടിയത് ശരിയായില്ല എന്ന് അയാള്‍ പറഞ്ഞു നടന്നു. അതിന് ആത്മാനന്ദന്‍ ഉള്‍പ്പെടെ ആരും ചെവികൊടുത്തില്ല. പക്ഷേ, അടുത്ത ദിവസം ഡോ. ലീന ജോലികഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വച്ച് അയാള്‍ പരാതി ആവര്‍ത്തിച്ചു: ''ഇവിടെ ഇതൊന്നും നടക്കില്ല. പാമ്പിനെ കൊണ്ടുവരാനൊന്നും പറ്റില്ല'' എന്ന്. ഇല്ലാത്തൊരു പ്രശ്‌നം അനാവശ്യമായി രൂപപ്പെടുകയായിരുന്നു. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്ത ഒരു കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് അപമാനിക്കാനുള്ള ശ്രമമാണെന്നു തോന്നി. അതുകൊണ്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറെ ഫോണില്‍ വിളിച്ച് ഈ സംഭവം പറഞ്ഞു; എന്താ ചെയ്യേണ്ടതെന്ന് ഉപദേശവും തേടി. അദ്ദേഹം പറഞ്ഞതനുസരിച്ച് പൊലീസില്‍ പരാതി കൊടുത്തു. അയല്‍ ഫ്‌ലാറ്റുകാരില്‍ ചിലരും അയാളും തമ്മില്‍ മുന്‍പ് കേസും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അത്തരമൊരു കേസിന്റെ തുടര്‍ച്ചയായി ഫ്‌ലാറ്റ് സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ അയാള്‍ കയറരുതെന്നു പൊലീസ് നിര്‍ദ്ദേശവും നല്‍കിയിരുന്നു. സ്ഥിരം പ്രശ്‌നക്കാരനായ ഒരാള്‍. ആത്മാനന്ദന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് അനുഭവമുണ്ടായിരുന്ന പൊലീസ് അതു ഗൗരവത്തിലെടുത്ത് അയല്‍ക്കാരനെ വിളിപ്പിച്ച് താക്കീത് ചെയ്തു. പ്രളയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരുന്നു. വൈകാതെ അവധി അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങണം എന്നു തീരുമാനിക്കുകയും ചെയ്തു.
അതിനിടെ പ്രതീഷിന് ഒരു അപകടം സംഭവിച്ചു. സെപ്റ്റംബര്‍ ആറിന് ആശുപത്രിയില്‍ പോയി പ്രതീഷിനെ കണ്ടു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിനു വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഉള്‍പ്പെടെ സംസാരിച്ച് വഴിയുണ്ടാക്കാം എന്ന് ഉറപ്പു നല്‍കി. മടങ്ങിവരുമ്പോള്‍ ഫ്‌ലാറ്റിന്റെ താഴെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നു. വാഹനങ്ങളുമുണ്ട്. പ്രതീഷിനെ കാണാന്‍ പോകുന്ന വഴി തന്നെയും കണ്ട് അഭിനന്ദിക്കാന്‍ വന്നതായിരിക്കും അവര്‍ എന്നാണ് ആത്മാനന്ദന്‍ കരുതിയത്. ഇത്രയും സേവനം ചെയ്തതാണല്ലോ. കുറച്ച് അഭിമാനമൊക്കെ തോന്നി. വേറൊന്നും ആലോചിക്കേണ്ട സാഹചര്യമുണ്ടായിരുന്നുമില്ല. അതുകൊണ്ട് സന്തോഷമായി. പക്ഷേ, കര്‍ക്കശമായാണ് അവര്‍ പെരുമാറിയത്. മൂന്നു പേര്‍ ആത്മാനന്ദന്റെ ഫ്‌ലാറ്റിലെത്തി. അവരെ പരിചയമുണ്ടായിരുന്നില്ല. പിന്നാലെ വലിയ ഒരു സംഘം വന്നു. ഇന്നലെ പിടിച്ച പാമ്പുകള്‍ എവിടെ എന്നായിരുന്നു ആദ്യ ചോദ്യം. അതിലൊരു പന്തികേട് തോന്നി. പാമ്പുകളെ പിടിച്ച് ഇവിടെ സൂക്ഷിക്കുന്നതായി പരാതി കിട്ടിയെന്നും റെയ്ഡിനു വന്നതാണെന്നും അവര്‍ അറിയിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. പിന്നെ വീട് അരിച്ചുപെറുക്കി പരിശോധനയായി. ജീവിതത്തില്‍ ആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചൊക്കെയാണ് പരാതി. വെള്ളിമൂങ്ങയെ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നു, നാഗമാണിക്യത്തിന്റെ കച്ചവടമുണ്ട്, മാനിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്നിങ്ങനെ. അതിന്റെ പേരില്‍ വീടുകയറി പരിശോധന, അപമാനം. കഴിഞ്ഞ ദിവസം വനംവകുപ്പിനുവേണ്ടി അവര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നു വന്നവരോടു വിശദീകരിച്ചു, മൊബൈല്‍ ഫോണില്‍ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കാണിച്ചുകൊടുത്തു. പരിചയപ്പെടുകയും പാമ്പുകളെ കൈമാറുകയും ചെയ്ത ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹവും കയറിവന്നു. പക്ഷേ, പരിചയമുള്ള ഭാവമേയില്ല. പാമ്പിനെ പിടിച്ചോ, എവിടെയാണ് വച്ചിരിക്കുന്നത് എന്ന മട്ടില്‍ ചോദ്യം ചെയ്യലും തുടങ്ങി. ''പാമ്പുപിടിക്കാന്‍ നിങ്ങള്‍ അയച്ച പ്രതീഷിന്റെ കൂടെ വന്നു സാറിന്റെ കൈയിലല്ലേ കൊണ്ടുത്തന്നത്. എനിക്ക് സ്വന്തമായി പാമ്പുപിടുത്തമൊന്നുമില്ലല്ലോ'' എന്നു മറുപടി നല്‍കി. പരാതിയെത്തുടര്‍ന്നു പരിശോധന നടത്തിയതും ഒന്നും കിട്ടാതിരുന്നതും വ്യക്തമാക്കി പ്രസ്താവന എഴുതി അവര്‍ ആത്മാനന്ദനോട് ഒപ്പിട്ടു വാങ്ങി. എങ്കിലും ഇനിയൊരിക്കല്‍ക്കൂടി വരേണ്ടിവന്നാല്‍ ഈയൊരു സൗജന്യം പ്രതീക്ഷിക്കേണ്ട എന്നു പോകുന്ന പോക്കില്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ പറഞ്ഞു. അതൊരു വല്ലാത്ത പ്രതികരണമായാണ് ആത്മാനന്ദന് അനുഭവപ്പെട്ടത്. ''എന്തു സൗജന്യത്തിന്റെ കാര്യമാണ് പറയുന്നത്, ഞാനെന്തു തെറ്റു ചെയ്തു?'' എന്നു തിരിച്ചു ചോദിച്ചു. സങ്കടവും അപമാനവും കൊണ്ട് ശ്വാസം മുട്ടി നില്‍ക്കുകയായിരുന്നു. ഫ്‌ലാറ്റിനു താഴെ ആള്‍ക്കൂട്ടം; എന്തോ വലിയ കുറ്റവാളിയുടെ വീട് പരിശോധിക്കുന്ന രീതി. കയറിവന്നവര്‍ ഭാര്യയോടു പോലും ചോദിച്ചു, നിങ്ങളാരാണ് എന്ന്. ''മനസ്സറിയാത്ത തെറ്റിന്റെ പേരില്‍ എന്റെ വീട്ടില്‍ കയറിവന്നവര്‍ എന്റെ ഭാര്യയോട് നിങ്ങളാരാ എന്നു ചോദിക്കുന്ന അവസ്ഥ'' ആ സന്ദര്‍ഭത്തിന്റെ വേട്ടയാടുന്ന ഓര്‍മ്മയില്‍ ആത്മാനന്ദന്‍ പറയുന്നു. 
വ്യാജ വിവരം നല്‍കിയത് ആരാണെന്ന് അതിനിടയില്‍ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ആത്മാനന്ദന്റെ പരാതിയില്‍ പൊലീസ് താക്കീതു ചെയ്ത അയല്‍ക്കാരന്‍. കാര്യങ്ങള്‍ വ്യക്തമായി. പക തീര്‍ക്കാന്‍ അയാള്‍ കള്ളപ്പരാതി നല്‍കിയതാണ്. പക്ഷേ, അത് കണ്ണുമടച്ചു വിശ്വസിക്കുന്നതിനു മുന്‍പ് ദിവസങ്ങള്‍ക്കു മുന്‍പ് താന്‍ ചെയ്ത സേവനം അവര്‍ക്കൊന്ന് ഓര്‍ക്കാമായിരുന്നല്ലോ എന്നാണ് ആത്മാനന്ദന്റെ വിഷമം. വനംവകുപ്പിന്റെ റെയ്ഡ് കഴിഞ്ഞ പിന്നാലെ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെത്തി അന്വേഷിച്ചു, എന്താണ് സംഭവമെന്ന്. ''രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചതും പാമ്പുകളെ എത്തിക്കാന്‍ സഹായിച്ചതുമൊന്നും ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല. എങ്കിലും അങ്ങനെയൊരാളുടെ വീട് റെയ്ഡ് ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടും മുന്‍പ് വസ്തുത മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്താമായിരുന്നല്ലോ.'' ഈ ചോദ്യം വാര്‍ത്താസമ്മേളനം നടത്തി ചോദിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരനു പരിമിതിയുണ്ട്. പക്ഷേ, ഉണ്ടായ അപമാനത്തിനു പരിഹാരം വേണംതാനും. അങ്ങനെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുത്തത്. ഡി.എഫ്.ഒയ്ക്കും പകര്‍പ്പ് കൊടുത്തു. മുഖ്യമന്ത്രി ചികില്‍സ കഴിഞ്ഞ് വന്നാലുടന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് കാര്യങ്ങള്‍ പറയാനും പരാതി കൊടുക്കാനുമാണ് തീരുമാനം. ധീരമായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ബിഗ് സല്യൂട്ട് നല്‍കുന്നതായി അറിയിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ മനസ്സിലുണ്ട്. അദ്ദേഹം തന്നെ മനസ്സിലാക്കുമെന്നും അകാരണമായി അപമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആത്മാനന്ദന്‍ പ്രതീക്ഷിക്കുന്നു. ''മഹാപ്രളയം വന്നപ്പോള്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും എന്ന് ആലോചിച്ചാണ് ഞാന്‍ എന്റേതായ രീതിയില്‍ ചെറിയ കാര്യങ്ങളെങ്കിലും ചെയ്തത്. നിരവധി ആളുകളുടെ വലിയ ത്യാഗങ്ങളാണ് ഈ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. അതുവച്ചു നോക്കുമ്പോള്‍ ഞാന്‍ ചെയ്തത് ഒന്നുമല്ല. പക്ഷേ, കള്ളപ്പരാതിക്കാരനും അതു വിശ്വസിച്ച് മാനസികമായി എന്നെയും കുടുംബത്തേയും പീഡിപ്പിച്ചവരും മറുപടി പറയുകതന്നെ വേണം. അവര്‍ക്കെതിരെ നടപടി വേണം.'' പരാതിയില്‍ പറഞ്ഞിരിക്കുന്നതും അതുതന്നെയാണ്. നിയമപരമായി ഏതറ്റം വരെയും പോകാനുമുള്ള തീരുമാനത്തിലാണ്. ബുദ്ധിമുട്ടിച്ചതൊന്നും പോരാതെ വാടക ഫ്‌ലാറ്റില്‍നിന്ന് ഒഴിപ്പിക്കാനും പരാതിക്കാരനും മറ്റും ശ്രമിക്കുകയാണ്. ഡിസംബര്‍ ഒടുവില്‍ താമസം മാറിക്കൊടുക്കാന്‍ ഫ്‌ലാറ്റുടമ പറഞ്ഞിരിക്കുന്നു.
ആത്മാനന്ദന്‍ സ്വദേശമായ പത്തനാപുരത്തിനടുത്തു പട്ടാഴിയിലെ സഹകരണ ബാങ്കില്‍നിന്നു പത്തു വര്‍ഷം മുന്‍പ് വായ്പയെടുത്ത ഒരു ലക്ഷം രൂപ പലിശയും പലിശയ്ക്കു മുകളില്‍ പലിശയുമായി വലിയ തുകയായി മാറിയിരുന്നു. 1,36,000 രൂപ അടച്ചു. ഇനിയും 1,46,000 രൂപ കൂടി അടയ്ക്കണം. അതിന്റെ പേരില്‍ ജപ്തി നോട്ടീസ് വന്നിരിക്കുന്നു. അതൊന്നും വകവയ്ക്കാതെയാണ് പശുക്കളെ വിറ്റുകിട്ടിയ പണംകൊണ്ട് വാന്‍ വാങ്ങി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. അതില്‍ ഇപ്പോഴുമില്ല പശ്ചാത്താപം. ചെയ്യേണ്ടതു തന്നെയാണ് ചെയ്തത്. 
പി.എച്ച്ഡി പ്രബന്ധത്തിന്റെ ഒന്നാം പേജില്‍ 'സമര്‍പ്പണം: സഖാവ് വി.എസ്. അച്യുതാനന്ദന്' എന്നെഴുതിയ കമ്യൂണിസ്റ്റുകാരിയാണ് ഡോ. ലീന. ആത്മാനന്ദന്റെ ശരികളില്‍ അവരും ഒപ്പംതന്നെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com