ആര്‍ക്കു വേണ്ടിയാണ് വിഴിഞ്ഞം കമ്മിഷന്‍?

വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ അദാനിയെന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയെ വഴിവിട്ട് സഹായിച്ച മുന്‍സര്‍ക്കാരിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം നടപടികള്‍ വൈകിപ്പിക്കാനാണോ ശ്രമിക്കുന്നതെന്ന ചോദ്യം
ആര്‍ക്കു വേണ്ടിയാണ് വിഴിഞ്ഞം കമ്മിഷന്‍?

യിരം ദിവസം പിന്നിട്ടു കഴിഞ്ഞു. പറഞ്ഞ വാക്ക് പാലിക്കാന്‍ അദാനി ഗ്രൂപ്പിനായില്ല. 1,425 ദിവസം കൊണ്ടു പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. ഇതനുസരിച്ച് 2019 ഡിസംബര്‍ 19ന് തുറമുഖം പ്രവര്‍ത്തനസജ്ജമാകണം. എന്നാല്‍, ഈ കാലയളവിനുള്ളില്‍ അതുണ്ടാകില്ലെന്നുറപ്പ്. തുറമുഖ നിര്‍മാണം നടപ്പായാലും ഇല്ലെങ്കിലും വികസനസ്വപ്നമായി അവതരിപ്പിക്കപ്പെട്ട ഈ പദ്ധതിയാവും ക്രോണി ക്യാപിറ്റലിസത്തിന്റെ കേരളമാതൃകയുടെ ഉത്തമ ഉദാഹരണമായി നിലനില്‍ക്കുക. ഇടതും വലതുമടങ്ങുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ 'വികസന താല്‍പ്പര്യങ്ങള്‍' അദാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നു വ്യക്തമാക്കുന്നതായിരുന്നു. കരാറിലെ അവ്യക്തതകള്‍ മുതല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സിറ്റിങ്ങില്‍ വരെ അതിനുള്ള പ്രത്യക്ഷ തെളിവുകളുണ്ട്. 

അദാനിയുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പരിശോധിച്ച സി.എ.ജി ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. മുടക്കുമുതല്‍ പെരുപ്പിച്ചു കാണിച്ചതു മുതല്‍ നഷ്ടക്കണക്കുകള്‍ വരെ ആ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അധികാരമേറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2017 ജൂലൈ പതിനെട്ടിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ആറുമാസത്തേക്കായി ചുമതലപ്പെടുത്തിയ കമ്മീഷന്‍ നാലുമാസം പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. യാതൊരു അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയതുമില്ല. ഒടുവില്‍, ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് വിമര്‍ശനമുണ്ടായപ്പോഴാണ് കമ്മീഷന്‍ സിറ്റിങ് ആരംഭിച്ചത്. ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷനായ കമ്മീഷനില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. മോഹന്‍ദാസ്, പി.ജെ. മാത്യു എന്നിവരായിരുന്നു അംഗങ്ങള്‍. സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുള്ള ന്യൂനതകളും ക്രമക്കേടുകളും പരിശോധിച്ച് ക്രമക്കേടുകളുടെ ഉത്തരവാദികളാരാണെന്നു കണ്ടെത്തുകയും അവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ഉള്‍പ്പെടെ ആറു പരിഗണനാ വിഷയങ്ങളായിരുന്നു കമ്മീഷനുണ്ടായിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോള്‍. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും സമീപം
മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോള്‍. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും സമീപം

എന്നാല്‍, പിന്നീട് നടന്നത് വിചിത്രമായ സംഭവങ്ങളായിരുന്നു. പരാതി നല്‍കിയവരാരും കമ്മീഷനുമുന്നില്‍ എത്തിയില്ല. വിളിച്ചുവരുത്താന്‍ കമ്മീഷനും തയ്യാറായില്ല. ആരോപണം ഉന്നയിച്ച ഉന്നതനേതാക്കളുടെയും രാഷ്ട്രീയകക്ഷികളുടെയും പിന്‍മാറ്റമാണ് മറ്റൊരു നിര്‍ണായകമാറ്റം. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാറില്‍ 6,000 കോടിയുടെ അഴിമതിയായിരുന്നു അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആരോപിച്ചത്. പിണറായി മാത്രമല്ല കോടിയേരി ബാലകൃഷ്ണനും വി.എസ്. അച്യുതാനന്ദനും കാനം രാജേന്ദ്രനും വി.എം. സുധീരനുമടക്കമുള്ളവര്‍ കരാറില്‍ സംശയം പ്രകടിപ്പിച്ചവരാണ്. ഇവരില്‍ പലരും കരാറില്‍ പാളിച്ചകളുണ്ടെന്ന് പ്രത്യക്ഷത്തില്‍ ആരോപിച്ചവരുമാണ്. എന്നാല്‍, ഈ നേതാക്കളാരും ഒരിക്കല്‍പ്പോലും കമ്മീഷനു മുന്നിലെത്തിയില്ല. ഇവരുടെ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും ആരും കമ്മീഷനു മുന്നില്‍ ഹാജരായില്ലെന്നതാണു വസ്തുത.


തിരുവനന്തപുരത്തും കൊച്ചിയിലുമായി ആകെ 26 സിറ്റിങ്ങുകളാണ് നടന്നത്. 2018 ഓഗസ്റ്റ് 14നു കാലാവധി അവസാനിക്കുന്ന കമ്മീഷന്റെ അവസാന സിറ്റിങ് ജൂലൈ 26നായിരുന്നു. പിന്നീടും രേഖാമൂലം കാര്യം സമര്‍പ്പിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയെങ്കിലും ഭരണ-പ്രതിപക്ഷ മുന്നണിയിലുള്ള ഈ നേതാക്കളാരെങ്കിലും അത്തരമൊരു ഇടപെടല്‍ നടത്തിയില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി കെ.ബാബുവിനും വേണ്ടി ഹാജരായത് അഭിഭാഷകരാണ്. പി.സി. ജോര്‍ജിനു വേണ്ടിയെത്തിയത് മകന്‍ ഷോണ്‍ ജോര്‍ജും. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വയം വാദിച്ചു. പദ്ധതി കരാറിനെ മൊഴിനല്‍കിയതും വാദിച്ചതും എ.ജെ. വിജയനും ജോസഫ് മാത്യുവും സി.ആര്‍. നീലകണ്ഠനുമായിരുന്നു. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി വാദിക്കുന്ന ഏലിയാസ് ജോണ്‍ തിരുവനന്തപുരത്ത് സിറ്റിങ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് നടന്ന സിറ്റിങ്ങില്‍ പോലും ആരും പങ്കെടുത്തില്ല. 

ഈ കമ്മിഷന്‍ 2017 ജൂലൈയില്‍ രൂപീകരിച്ച ശേഷം അതിന്റെ സിറ്റിംഗ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം 2017 ഒക്ടോബര്‍ 31-ന് മാത്രമായിരുന്നു. താല്‍പ്പര്യമുള്ള എല്ലാ വ്യക്തികള്‍, രാഷ്ട്രീയ കക്ഷികള്‍, സംഘടനകള്‍ എന്നിവര്‍ക്കെല്ലാം ഈ കമ്മിഷന്‍ മുമ്പാകെ തെളിവുകളും രേഖകളും സത്യവാങ്മൂലങ്ങളും സമര്‍പ്പിക്കാവുന്നതാണെന്ന് ആ ഉത്തരവില്‍ പറഞ്ഞിരുന്നു. സി.എ.ജി. റിപ്പോര്‍ട്ട് ഇറങ്ങിയപ്പോള്‍ തന്നെ, ഈ കരാര്‍ സംബന്ധിച്ച് മുന്‍പ് എല്‍.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായാണ് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ പ്രസ്താവിച്ചത്. എന്നാല്‍, ഏറ്റവും രസകരമായ കാര്യം ജൂഡീഷ്യല്‍ കമ്മിഷന്‍ സിറ്റിംഗ് ആരോപിച്ച ശേഷം, എല്‍.ഡി.എഫിലെ ഒരു കക്ഷിയും കമ്മിഷന്‍ മുമ്പാകെ ഹാജരാകുകയോ കക്ഷി ചേരുകയോ ചെയ്തില്ലെന്നതാണ്.  രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ കക്ഷി ചേര്‍ന്നത് ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി സംസ്ഥാന അദ്ധ്യക്ഷനായ സി.ആര്‍. നീലകണ്ഠന്‍ മാത്രമാണ്- എ.ജെ. വിജയന്‍ പറയുന്നു. 

സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നു കരാര്‍ എന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നു പറഞ്ഞ കമ്മീഷന്‍ നടപടിക്രമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണു കരാര്‍ നല്‍കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയതോടെ കാര്യങ്ങള്‍ വ്യക്തത കൈവരിക്കുകയായിരുന്നു. കരാറിനെക്കുറിച്ച് എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് അന്വേഷിക്കണമെന്ന എ.ജെ. വിജയന്റെ ഹര്‍ജി കുട്ടയിലെറിയുകയാണ് വേണ്ടതെന്നായിരുന്നു കമ്മിഷന്‍ വാദത്തിനിടയിലെ പരാമര്‍ശം. തുടര്‍ന്ന്, സി.എ.ജി. കണ്ടെത്തല്‍ പരിശോധിക്കാന്‍ അധികാരം വേണമെന്ന കമ്മീഷന്റെ ആവശ്യം പരിഗണിച്ചു പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ, ഇത് ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായി ആരോപിക്കപ്പെട്ടു. സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കേണ്ടത് നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റിയാണ്. നിയമസഭാസമിതിയുടെ അവകാശങ്ങളില്‍ കൈകടത്താന്‍ ജുഡീഷ്യല്‍ കമ്മീഷനെ അനുവദിക്കുന്നത് ശരിയാണോ എന്നതും നിയമപ്രശ്‌നമായി. 
ഇതിനകം, കമ്മീഷന്റെ പഴയ പരിഗണനാവിഷയങ്ങള്‍(ടേംസ് ഓഫ് റഫറന്‍സ്) സര്‍ക്കാര്‍ മാറ്റി പുതിയത് കൊണ്ടുവന്നിരുന്നു. എന്നാല്‍, പുതിയ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച വാദത്തിന് കമ്മീഷന്‍ സമയം അനുവദിച്ചില്ല. അതായത് പുതിയ പരിഗണനാ വിഷയം സംബന്ധിച്ച് വാദം കേള്‍ക്കാതെയാണ് വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 

നിലവിലുള്ള നിയമമനുസരിച്ച് സംസ്ഥാന നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിംഗ്‌സ് കമ്മിറ്റിയാണ് ഈ സി.എ.ജി റിപ്പോര്‍ട്ട് കണക്കിലെടുത്ത് എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യേണ്ടത്. എന്നാല്‍, സംസ്ഥാന മന്ത്രിസഭ അതിനു പകരം പ്രസ്തുത ''റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ക്രമപരമല്ലാത്ത കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍'' ജൂഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ചെയ്തത്. സി.എ.ജി. റിപ്പോര്‍ട്ടിന്മേല്‍ ഒരു അന്വേഷണ കമ്മിഷനെ നിയമിക്കുന്നത് നിയമപരമായി ശരിയാണോ എന്ന ചോദ്യങ്ങള്‍ അന്നും ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ചാണ്  മുഖ്യമന്ത്രി കമ്മിഷന്‍ നിയമനത്തെ ന്യായീകരിച്ചത്. വിജ്ഞാപന പ്രകാരം കമ്മിഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഒന്നാമത്തേത് ''സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യത്തിന് വിരുദ്ധമായും പൊതു ഖജനാവിന് സാമ്പത്തിക നഷ്ടം വരുത്തുന്നതുമായ തീരുമാനം ടി പദ്ധതിയുടെ കരാര്‍ നല്‍കുന്ന കാര്യത്തില്‍ എടുത്തത് ആരൊക്കെയാണെന്നും അങ്ങനെ തീരുമാനം എടുത്തതിന് ഉത്തരാവാദികള്‍ ആരെന്നും'' കമ്മിഷന്‍ കണ്ടെത്തണമെന്നതായിരുന്നു. രണ്ടാമത്തേത്, ''മേല്‍പ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നതിന് ഉണ്ടായ ബാഹ്യ ഘടകങ്ങള്‍, പ്രേരണകള്‍, സ്വകാര്യ താല്‍പ്പര്യങ്ങള്‍, അനര്‍ഹമായ പരിഗണനകള്‍ എന്നിവ എന്തൊക്കെയാണ്'' എന്നും കമ്മിഷന്‍ കണ്ടെത്തണം എന്നതാണ്. ഇതു കൂടാതെ, കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് അനര്‍ഹമായ സാമ്പത്തിക ലാഭം ഉണ്ടാകുന്നതിന് ഉത്തരവാദികളായ പൊതു സേവകര്‍ക്ക് അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ, ഉത്തരവാദികളായ പൊതുസേവകര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികള്‍ എന്തായിരിക്കണം, പൊതുഖജനാവിനുണ്ടായ നഷ്ടം ഈടാക്കുന്നിന് കൈക്കൊള്ളേണ്ടതായ നിയമ നടപടികള്‍ എന്നിവയും കമ്മിഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിലെ നിഗമനങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് നോക്കാന്‍ ഈ ജൂഡീഷ്യല്‍ കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ്. ഭരണഘടനാപരമായി തെറ്റായതിനാല്‍ അങ്ങനെ ആവശ്യപ്പെടാനും കഴിയില്ലായിരുന്നു-എ.ജെ. വിജയന്‍ പറയുന്നു.

പുതിയ വിഷയം
വാദം പഴയത് തന്നെ

''അന്വേഷണ കമ്മിഷന്‍ നിയമംപോലെ ദുരുപയോഗിക്കപ്പെടുന്ന മറ്റൊരു നിയമം ഉണ്ടോ എന്നറിയില്ല. ഭരണപരമായ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തിയാണു പലപ്പോഴും ജുഡീഷ്യല്‍ കമ്മിഷനുകള്‍ നിയമിക്കപ്പെടുന്നത്. എന്നാല്‍, കമ്മിഷനുകളെ നിയമിച്ചുകഴിയുന്നതോടെ, പിന്നീടതിന്റെ പ്രസക്തി ഇല്ലാതാകുന്നു എന്നു പറഞ്ഞാലും തെറ്റില്ല. കാലാവധി പൂര്‍ത്തിയാക്കി അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കിയാല്‍ത്തന്നെ അതു പരിഗണിച്ചു നടപടിയെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ശുഷ്‌കാന്തി കാണിക്കാറില്ല'' - ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖരദാസിന്റെ ഈ പരാമര്‍ശത്തേക്കാള്‍ ഗൗരവമാര്‍ന്ന ചില നടപടികളാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിലുണ്ടായത്. (മനോരമ, 2017 ജൂണ്‍ 02)

പുതുക്കിയ പരിഗണനാവിഷയപ്രകാരം വാദം കേള്‍ക്കാന്‍ പോലും അനുവദിക്കാതെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കമ്മീഷനു കാലാവധി ആറു മാസം കൂടി കൂട്ടി നല്‍കിയെങ്കിലും ഇനി വാദം കേള്‍ക്കുന്നില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചു. സി.എ.ജിയുടെ കണ്ടെത്തല്‍ പ്രകാരമുള്ള ഉത്തരവാദികളെ കണ്ടെത്തണമെന്നതായിരുന്നു കമ്മീഷന്‍ രൂപീകരണത്തിന്റെ ടേംസ് ഓഫ് റഫന്‍സിലെ ആദ്യ ലക്ഷ്യം. എന്നാല്‍ പിന്നീട് ഈ പരിഗണനാവിഷയം ഭേദഗതി ചെയ്ത് സി.എ.ജി റിപ്പോര്‍ട്ടിനെ കുറ്റപ്പെടുത്തുകയാണ് കമ്മീഷന്‍ ചെയ്തതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം കമ്മീഷനു മുന്നിലും അവര്‍ ആവര്‍ത്തിച്ചിരുന്നു. അന്വേഷണദിശ തന്നെ മാറ്റുന്ന ഈ ഭേദഗതിയോടെ ഫലത്തില്‍ കമ്മീഷനെ നിയമിച്ച നടപടി തന്നെ അപ്രസക്തമായി. ആറ് പരിഗണനാവിഷയങ്ങളാണ് ഭേദഗതി ചെയ്തത്.  അതില്‍ ആദ്യത്തേത് ഇങ്ങനെ...

ആദ്യ ടേംസ് ഓഫ് റഫറന്‍സ്
ഖജനാവിനുണ്ടായ നഷ്ടത്തിനും സംസ്ഥാന താല്‍പ്പര്യത്തിനും വിരുദ്ധമായ തീരുമാനം എടുത്തതിനും ഉത്തരവാദികളായവരെ കണ്ടെത്തുക
ഭേഗഗതി ചെയ്തത് ഇങ്ങനെ
സി.എ.ജിയുടെ കണ്ടെത്തല്‍ അടിസ്ഥാനപ്പെടുത്തിയും കമ്മീഷന് പ്രസക്തമെന്നു തോന്നുന്ന മറ്റ് സാഹചര്യ തെളിവ് പരിഗണിച്ചും കരാര്‍ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നോ പൊതുഖജനാവിനു നഷ്ടം സംഭവിച്ചോയെന്നും അങ്ങനെയെങ്കില്‍ ആ തീരുമാനം എടുത്തതിന് ഉത്തരവാദികള്‍ ആരെയുന്നും കണ്ടുപിടിക്കുക.

നാലാമത്തേത് പരിണന വിഷയം മാറ്റിയെഴുതിയത് ഇങ്ങനെ- അഴിമതിയോ ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്തിയാല്‍ എടുക്കേണ്ട നിയമനടപടി ശുപാര്‍ശ ചെയ്യുക എന്നാക്കി മാറ്റി. കരാറില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന മുന്‍വിധിയോടെ അന്വേഷണത്തെ സമീപിക്കുന്ന കമ്മീഷന്‍ കുറ്റക്കാരെ കണ്ടെത്തുന്നതെങ്ങനെയാണ്? വിഴിഞ്ഞം കരാര്‍ ഒരു പ്രത്യേക വ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കുന്നതിനായി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തെങ്കിലും താല്‍പര്യം കാണിച്ചതായി തോന്നുന്നില്ലെന്ന് കമ്മീഷന്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ദേശീയ ഹരിത ടൈബ്ര്യൂണലില്‍ നടന്ന വാദത്തിലാണ് കമ്മീഷന്‍ നേരത്തേ വിധി പ്രഖ്യാപിച്ചത്. അത്തരം വാദത്തില്‍ കഴമ്പില്ലെന്നും സംസ്ഥാന താല്‍പ്പര്യങ്ങള്‍ എന്തെങ്കിലും ബലികഴിക്കപ്പെട്ടിട്ടുണ്ടോ എന്നതു മാത്രമാണ് പരിശോധിക്കേണ്ടതെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖരദാസ് പറഞ്ഞതു പോലെ കമ്മിഷനുകളെ നിയമിച്ചുകഴിയുന്നതോടെ, പിന്നീടതിന്റെ പ്രസക്തി ഇല്ലാതാകുകയായിരുന്നു. ആരോപണം ഉന്നയിച്ചവര്‍ക്കും ആരോപണം നേരിട്ടവര്‍ക്കും രക്ഷപെടാനുള്ള വഴിയായി മാറി കമ്മീഷന്റെ  നിയമനം.

മൂന്നുദശാബ്ദം നീണ്ട കയറ്റിറക്കങ്ങള്‍ 
 

1991-ലാണ് വിഴിഞ്ഞത്ത് തുറമുഖം സ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആദ്യം ശ്രമം തുടങ്ങുന്നത്. എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം തുറമുഖവും താപവൈദ്യുത നിലയവും സ്ഥാപിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ബി.ഒ.ടി. കരാര്‍ ഒപ്പിട്ടു. കരാര്‍ ഒപ്പിട്ടെങ്കിലും പദ്ധതി നടപ്പായില്ല. പിന്നീട്, 2004-06-ല്‍ സൂം ഡെവലപ്പേഴ്സ് എന്ന കമ്പനി മാത്രം രംഗത്തെത്തി. എന്നാല്‍, ഇവര്‍ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി കിട്ടിയില്ല. കണ്‍സോര്‍ഷ്യത്തില്‍ ചൈനീസ് കമ്പനിയും പങ്കാളിയാണ് എന്നതായിരുന്നു കാരണം. 2008-ലാണ് ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിക്ക് പി.പി.പി. മാതൃകയില്‍ കരാര്‍ നല്‍കിയത്. നിയമക്കുരുക്കുകളിലകപ്പെട്ടതോടെ ലാന്‍കോയും പിന്മാറി. 

സ്വീകാര്യത കുറവാണെന്നതിന്റെ പേരില്‍ പൊതു സ്വകാര്യ മാതൃക ഉപേക്ഷിച്ച് 2010-12ല്‍ 'ഭൂവുടമ' മാതൃകയിലേക്ക് മാറി. തുറമുഖത്തിന്റെ നിര്‍മാണവും ഉടമസ്ഥതയും സര്‍ക്കാരിനും നടത്തിപ്പ് സ്വകാര്യപങ്കാളിക്കും. അതായിരുന്നു കരാര്‍. അദാനി പോര്‍ട്സിന്റെ ആദ്യരൂപമായ മുന്ദ്ര പോര്‍ട്സ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചു. ശേഷിച്ച വെല്‍സ്പണ്‍ കമ്പനി കൂടുതല്‍ ഗ്രാന്‍ഡ് ആവശ്യപ്പെട്ടതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ചതുമില്ല.  

2013ലാണ് ഇപ്പോഴത്തെ മാതൃക സ്വീകരിച്ചത്. ഇതില്‍ സ്വകാര്യപങ്കാളിത്തം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ നിര്‍മിക്കേണ്ട ബ്രേക്ക് വാട്ടറും മത്സ്യബന്ധന തുറമുഖവും സ്വകാര്യകമ്പനി നിര്‍മിക്കും. ഇതിനവര്‍ക്ക് സര്‍ക്കാര്‍ നിശ്ചിതതുക നല്‍കും. ഡ്രഡ്ജിങ്, കടല്‍നികത്തല്‍, ബെര്‍ത്ത്, കണ്ടെയ്നര്‍ തുറമുഖം എന്നിവയുടെ നിര്‍മാണവും യന്ത്രസാമഗ്രികളുമെല്ലാം കമ്പനിയുടെ ചുമതലയാണ്. വര്‍ഷംതോറുമുള്ള ഡ്രഡ്ജിങ്ങും. കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ വേഗത്തിലായി. കേന്ദ്രത്തില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടായി (വി.ജി.എഫ്.) സ്വകാര്യപങ്കാളി ചെലവാക്കേണ്ട തുകയുടെ 40 ശതമാനം നല്‍കാമെന്ന ഉറപ്പുകിട്ടി.  ഇതില്‍ സംസ്ഥാനം 20 ശതമാനം നല്‍കണം. 

സിംഗപ്പൂര്‍, കൊളംബോ, ദുബായ് എന്നിവയുമായി കിടപിടിക്കുന്ന രീതിയില്‍ പദ്ധതിയുടെ രൂപരേഖ പരിഷ്‌കരിച്ചു. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മാതൃകാ കണ്‍സന്‍ഷന്‍ കരാര്‍ പ്രകാരം കരട് കണ്‍സന്‍ഷന്‍ കരാറും അംഗീകരിച്ചു. അദാനി പോര്‍ട്സ് ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അംഗീകാരം നേടിയെങ്കിലും ആദ്യഘട്ടത്തില്‍ ആരും വന്നില്ല. ഇതോടെ പദ്ധതി അട്ടിമറിക്കുകയാണെന്ന വാദമുയര്‍ന്നു. അദാനി പോര്‍ട്സ് ഉടമ ഗൗതം അദാനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ചനടത്തി. അദ്ദേഹം ആവശ്യപ്പെട്ട കബോട്ടാഷ് ഇളവിനുവേണ്ടി പ്രധാനമന്ത്രിയുമായും. എങ്ങനെയും അദാനിയെ ക്ഷണിച്ച് പദ്ധതി ഏറ്റെടുപ്പിക്കാനായിരുന്നു സര്‍ക്കാര്‍ശ്രമം. ഈ ശ്രമങ്ങളെത്തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ അദാനിമാത്രം ടെന്‍ഡര്‍ നല്‍കി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മൂലധനോപരിയായ സഹായം മുഴുവന്‍ അദാനി ആവശ്യപ്പെട്ടു. ആരും മത്സരിക്കാനില്ലാത്തതിനാലും പദ്ധതിയില്‍ മറ്റാരും താത്പര്യം പ്രകടിപ്പിക്കാത്തതിനാലും അദാനിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഈ കരാറാണ് സംസ്ഥാനത്തിനു നഷ്ടമാണെന്നു സി.എ.ജി. കണ്ടെത്തിയത്.


7525 കോടി
ആകെ ചെലവ്
2280 കോടി
കേരളം മുടക്കുന്നത്
2015 ഡിസംബര്‍ 5
തറക്കല്ലിട്ടത് ഡിസംബര്‍ അഞ്ചിന്. 1,000 ദിവസത്തിനകം കപ്പലടിപ്പിക്കുമെന്ന് പ്രഖ്യാപനം. കൗണ്ട് ഡൗണിനായി ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചു
600 മീറ്റര്‍
മൂന്നുകിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കാനുദ്ദേശിച്ച പുലിമുട്ടില്‍ പൂര്‍ത്തിയായത് 600 മീറ്റര്‍ മാത്രം. ഇതും തിരയെടുത്തു
18 കെട്ടിടങ്ങള്‍
അഡ്മിനിസ്‌ട്രേറ്റീവ്, കസ്റ്റംസ് , ഇലക്ട്രിക്കല്‍ സെക്ഷനുകളടക്കം 18 കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല
377
വാര്‍ഫ് പൈലിങ്ങിന് 650 പൈലിങ്ങുകളില്‍ പൂര്‍ത്തിയായത് 377 എണ്ണം
80 ലക്ഷം
ഇനി വേണ്ടത് 80 ലക്ഷം ടണ്‍ പാറ
50 ഹെക്ടര്‍
കടല്‍ നികത്തിയെടുക്കേണ്ടത് 50 ഹെക്ടറാണ്. നികത്തിയത് 35 ഹെക്ടര്‍ മാത്രം
20,000 ടണ്‍
ഓരോ ദിവസവും 20,000 ടണ്‍ കരിങ്കല്ല് എത്തിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളില്‍ നിന്നാണ് കല്ല് എത്തുക. 

സി.എ.ജി. കണ്ടെത്തിയത്
 
കേരള സര്‍ക്കാരും അദാനിയും 2015 ആഗസ്റ്റ് 17-ന്  ഒപ്പുവച്ച വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ പരിശോധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (C&AG) റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭ മുന്‍പാകെ 2017 മെയ് 23-ന് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ താഴെ ചേര്‍ക്കുന്നു.

പ്രധാന കണ്ടെത്തലുകള്‍
അദാനിയുടെ മുടക്കുമുതല്‍ പെരുപ്പിച്ചു കാണിച്ചിരിക്കുന്നു: അദാനി ചെലവിടേണ്ടതായി കണക്കാക്കിയിരിക്കുന്ന യന്ത്രസാമഗ്രികളുടെ തുകകളില്‍ വന്‍ കൃത്രിമങ്ങള്‍ ഉണ്ടെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്.  ഇതില്‍ പ്രധാനപ്പെട്ടത്  കണ്ടെയ്‌നര്‍ തൂക്കി മാറ്റാനുള്ള വലിയ ക്രെയിനുകള്‍ക്കായുള്ള ചെലവാണ്. ഇവയുടെ വിലകള്‍ പെരുപ്പിച്ചും തെറ്റായും കണക്കാക്കിയിരിക്കുന്നു. ഉദാഹരണത്തിന് എട്ട് ക്രെയിന്‍ യൂണിറ്റുകള്‍ ഓരോന്നിനും 75.44 കോടി രൂപാ വീതം ആകെ 603.5 കോടി രൂപാ ചെലവ് വരുമെന്നാണ് മുതല്‍ മുടക്കിന്റെ കണക്കില്‍ പറയുന്നത്. എന്നാല്‍, ഇതേ ക്രെയിനിന്റെ യഥാര്‍ത്ഥ വില 37.34 കോടി രൂപാ മാത്രമായിരിക്കെ, ആകെ 300 കോടി രൂപ മാത്രമാണ് അദാനിക്ക് ചെലവ് വരുന്നത് .  ഒരു റീച്ച് സ്റ്റാക്കറുടെ യഥാര്‍ത്ഥ വില 2.3 കോടി രൂപ ആണെങ്കില്‍ അദാനി 3.3 കോടി രൂപ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതുപോലെ മറ്റു യന്ത്രസാമഗ്രികളുടെ കാര്യത്തിലും 130 കോടി രൂപ അധികമായി അദാനി ചെലവ് കണക്കാക്കിയിട്ടുണ്ട്. ഇങ്ങനെ സ്വന്തം മുതല്‍ മുടക്ക് അന്യായമായി പെരുപ്പിച്ച് കാണിക്കുന്നതിലൂടെ മറ്റൊരു വിധത്തില്‍ കൂടി അദാനിക്ക് നേട്ടമുണ്ടാകുന്നതായി സി.ഏ.ജി ചൂണ്ടിക്കാണിക്കുന്നു. മുടക്കുമുതലിന്റെ 40 ശതമാനം ഗ്രാന്റായി ലഭിക്കുമ്പോള്‍ ക്രെയിനുകളുടെ കാര്യത്തില്‍ മാത്രം അതിലൂടെ 242 കോടി രൂപയാണ് അദാനിക്ക് സൗജന്യമായി ലഭിക്കാന്‍ പോകുന്നത്. മറ്റെല്ലാ ഉപകരണങ്ങളുടെ കാര്യത്തിലും വില പെരുപ്പിച്ചു കാണിക്കുന്നതിലൂടെ, അദാനിയുടെ യന്ത്രസാമഗ്രികള്‍ക്കായുള്ള ആകെ മുടക്കുമുതല്‍ കണക്കില്‍ കാണിച്ചിരിക്കുന്നതിന്റെ പകുതിയില്‍ താഴെ തുക മാത്രമേ ചെലവ് വരൂ. ഇതോടൊപ്പം, ഡ്രഡ്ജിംഗിന്റെയും കടല്‍ നികത്തലിന്റെയും ചെലവ് തുകയിലെ അമിതമായ കണക്കാക്കലുകള്‍ കൂടി കണക്കിലെടുത്താല്‍ അദാനിക്ക് കൈയില്‍ നിന്നും പണച്ചെലവ് തീരെ ഇല്ലെന്നു തന്നെ പറയാം. 
പുലിമുട്ട് നിര്‍മ്മാണം ടെണ്ടര്‍ കൂടാതെ അദാനിക്ക് നല്‍കിയത്: വയബിലിറ്റി ഗ്യാപ് ഫണ്ടിംഗില്‍ ഉള്‍പ്പെടുത്താതെ ഫണ്ടഡ് വര്‍ക്ക് എന്ന നിലയില്‍ പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പണം മുടക്കിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒരു പ്രധാന ഘടകമായ പുലിമുട്ട് അഥവാ ബ്രേക്ക്വാട്ടര്‍ നിര്‍മ്മാണം നടത്തേണ്ടത്. പദ്ധതിയുടെ ബിഡ് നടപടികള്‍ ആരംഭിച്ച ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓപ്പണ്‍ ടെണ്ടറിലൂടെ ഇത് നിര്‍മ്മിക്കുമെന്നും തുറമുഖ നടത്തിപ്പുകാര്‍ക്കായുള്ള ബിഡ്ഡില്‍ ഇത്  ഉള്‍പ്പെടുകയില്ലെന്നും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ പുലിമുട്ട് നിര്‍മ്മാണം ടെണ്ടര്‍ കൂടാതെ തങ്ങളെ ഏല്‍പ്പിക്കണമെന്ന അദാനിയുടെ പിടിവാശി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തത്. പദ്ധതിയുടെ ആദ്യ പ്രോജക്ട് റിപ്പോര്‍ട്ടനുസരിച്ച് പുലിമുട്ടിന്റെ ആദ്യ അടങ്കല്‍ 767 കോടി രൂപാ ആയിരുന്നു. എന്നാല്‍ 2014-ല്‍ ഇത് 1210 കോടി രൂപാ ആയി കൂട്ടുകയും ഒടുവില്‍ അദാനിയുമായി കരാറുണ്ടാക്കിയപ്പോള്‍ 1463 കോടിയായി നിശ്ചയിക്കുകയും ചെയ്തു. പാറയുടെ വില നിശ്ചയിച്ചതില്‍ വന്‍ ക്രമക്കേട് ഉണ്ടായെന്ന് സി.എ.ജി പറയുന്നു. പുലിമുട്ട് നിര്‍മ്മാണത്തിലൂടെ മാത്രം അദാനിക്ക് 700 കോടിയോളം രൂപയുടെ അധിക നേട്ടവും കേരള സര്‍ക്കാരിന് അത്രയും അധിക ബാധ്യതയും ഉണ്ടാക്കിയിരിക്കുന്നു.
ക്രമക്കേടുകളുടെ ആകെത്തുക: തുറമുഖം നടത്തിപ്പിന് കരാറുകാരന് ക്രമവിരുദ്ധമായി കാലയളവ് നീട്ടി നല്‍കിയതുള്‍പ്പെടെ എല്ലാ ക്രമക്കേടുകളും നോക്കുമ്പോള്‍, ഫീസിബിലിറ്റി റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, 2054 വര്‍ഷമാകുമ്പോള്‍, അന്നത്തെ രൂപായുടെ മൂല്യമനുസരിച്ച് 61,095 കോടി രൂപായുടെ അധിക വരുമാനം അദാനിക്കും, അത്ര തന്നെ നഷ്ടം സംസ്ഥാനത്തിനും ഉണ്ടാകുമെന്നാണ് സി.എ.ജി കണക്കാക്കിയിരിക്കുന്നത്. 

നിയമപരമായ പ്രത്യാഘാതങ്ങള്‍
എ.ജെ. വിജയന്‍

കമ്മിഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും, കക്ഷികളായ ഉമ്മന്‍ ചാണ്ടിയും ജെയിംസ് വര്‍ഗീസും ആദ്യം മുതല്‍ രേഖാമൂലവും അല്ലാതെയും സി.എ.ജി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെറ്റെന്ന് വാദിക്കാനും, സി.എ.ജി. പക്ഷപാതപരമായും ചട്ടങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിച്ചെന്ന് ആരോപിക്കാനും ശ്രമിച്ചിരുന്നു. പലപ്പോഴും ഇത്തരം ആരോപണങ്ങളില്‍ കമ്മിഷന്‍ ചെയര്‍മാന്‍ നടത്തിയ ചില അനുകൂല പരാമര്‍ശങ്ങള്‍  വാര്‍ത്തയാവുകയും ചെയ്തിരുന്നു. കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ട ''കുറ്റക്കാരെ കണ്ടെത്തണ''മെന്നത് സാധ്യമാകാന്‍ കമ്മിഷന്റെ അധികാരം ഉപയോഗിച്ചുള്ള ചില നടപടികള്‍ വേണമായിരുന്നു. അന്ന് ഭരണച്ചുമതല ഉണ്ടായിരുന്ന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാനിക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയതിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം കമ്മിഷന്റെ സിറ്റിംഗുകളിലൂടെ മാത്രം കണ്ടെത്താന്‍ കഴിയില്ലായിരുന്നു. 1952-ലെ അന്വേഷണ കമ്മിഷന്‍ ആക്ട് വകുപ്പ് 5 എ പ്രകാരം ''സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഏത് ഉദ്യോഗസ്ഥനെയും അല്ലെങ്കില്‍ ഏജന്‍സിയെയും അന്വേഷണം നടത്തുന്നതിന് ചുമതലപ്പെടുത്താന്‍'' കമ്മിഷന് അധികാരമുണ്ട്. വിഴിഞ്ഞം കമ്മിഷനാകട്ടെ ഇക്കാര്യത്തില്‍ ആദ്യം മുതല്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. എസ്.പി. റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും ആരോപണം നേരിടുന്നവരെ കമ്മിഷന്‍ മുമ്പാകെ വിസ്തരിക്കണമെന്ന ആവശ്യവും കമ്മിഷന്‍ തള്ളുകയാണ് ചെയ്തത്. ആര്‍ക്കു വേണമെങ്കിലും കമ്മിഷന്‍ മുമ്പാകെ വരാമെന്നും ആരെയും വിളിച്ചു വരുത്തുകയില്ലെന്നും കമ്മിഷന്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. വിഴിഞ്ഞം ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്ന അദാനിയെ കൂടാതെയുള്ള രണ്ട് കമ്പനികള്‍ക്ക് കമ്മിഷന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നതാണ്. എന്നാല്‍, അവര്‍ മറുപടി നല്‍കാതിരുന്നപ്പോള്‍ കമ്മിഷന്റെ അധികാരമുപയോഗിച്ച് അവര്‍ക്ക് സമന്‍സ് അയച്ച് വിളിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കമ്മിഷന്‍ അതിനും തയ്യാറായില്ല. 

സി.എ.ജി. റിപ്പോര്‍ട്ടിലെ നിഗമനങ്ങളുടെ തെറ്റുകള്‍ പരിശോധിക്കാന്‍ കമ്മിഷന്‍ തയ്യാറാകണമെന്ന് അന്ന് തുറമുഖ വകുപ്പ് സെക്രട്ടറി ആയിരുന്ന ജെയിംസ് വര്‍ഗീസും ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ തയ്യാറായ കമ്മിഷന്‍ ഇതിനായി പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കമ്മിഷന്റെ നിഗമനങ്ങളിലെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ കഴിയില്ലെങ്കില്‍ കമ്മിഷന്‍ എന്തിനെന്ന ചോദ്യം പോലും ചെയര്‍മാന്‍ വാക്കാല്‍ ഉന്നയിക്കുകയും അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത് ഏറെക്കാലം സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോവുകയാണ് ചെയ്തത്. പക്ഷേ, പരിഗണനാ വിഷയങ്ങളില്‍ ഭേദഗതി ഉണ്ടാകുമെന്ന മുന്‍വിധിയോടെ സി.എ.ജി. റിപ്പോര്‍ട്ടിനെതിരായി രേഖാമൂലവും അല്ലാതെയുമുള്ള വാദങ്ങള്‍  തുടരാന്‍ കമ്മിഷന്‍ കക്ഷികളെ അനുവദിക്കുകയും ചെയ്തു. 

ഇതിനിടെ 2018 ജൂലായ് മാസം കമ്മിഷന്റെ സിറ്റിംഗുകള്‍ നടക്കവേ, 24-ന് നടത്തുന്ന സിറ്റിംഗ് അവസാനത്തേതായിരിക്കുമെന്ന് കമ്മിഷന്‍ പ്രഖ്യാപിച്ചു. അന്നേ ദിവസം മുന്‍ തുറമുഖ വകുപ്പ് സെക്രട്ടറിക്കാണ് അന്തിമ വാദങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയത്. കമ്മിഷന്റെ കാലാവധി അപ്പോള്‍ നിയമപരമായി അവസാനിക്കാറായിരുന്നു. അപ്പോഴും പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയതായുള്ള ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം കമ്മിഷന് മുമ്പാകെ എത്തിയിരുന്നില്ല. പരിഗണനാ വിഷയങ്ങള്‍ പുതുക്കുന്ന ഗസറ്റ് വിജ്ഞാപനം ഇറങ്ങുമ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ രേഖാമൂലവും അല്ലാതെയും വാദങ്ങള്‍ കമ്മിഷന്‍ മുമ്പാകെ നടത്താന്‍ അവസരം നല്‍കണമെന്ന കക്ഷികളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് രേഖാമൂലം മാത്രം അതിന് ആഗസ്റ്റ് 14 വരെ അവസരം ഉണ്ടായിരിക്കുമെന്ന് കമ്മിഷന്‍ പ്രഖ്യാപിച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ട് ഒക്ടോബര്‍ മാസത്തോടെ സര്‍ക്കാരിന് നല്‍കുമെന്നും പ്രസ്താവിക്കപ്പെട്ടു.
ഇതിനിടെ കമ്മിഷന്‍ കാലാവധി നീട്ടിയും പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തുമുള്ള ഗസറ്റ് വിജ്ഞാപനം 2018 ജൂലായ് 20 തീയതി വച്ച് അച്ചടിച്ചിരുന്നു. എന്നാല്‍ അത് ഒരു പത്രമാധ്യമങ്ങള്‍ക്കും പ്രസിദ്ധീകരിക്കാന്‍ നല്‍കാതെ രഹസ്യമായി വയ്ക്കുകയാണ് ചെയ്തത്. 2018 ആഗസ്റ്റ് 14 വരെയോ അതിനു ശേഷമോ  ജൂഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പോലും ഈ വിജ്ഞാപനം വന്നിട്ടില്ല. പരിഗണനാ വിഷയങ്ങളില്‍ വലിയ ഭേദഗതിയാണ് സര്‍ക്കാര്‍ വരുത്തിയത്. ഒന്നാമത്തേതിലാണ് കാതലായ മാറ്റം. അദാനിയുമായി ഒപ്പിട്ട കരാര്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണോ എന്ന് കണ്ടെത്താനും, അത് പൊതു ഖജനാവിന് നഷ്ടം വരുത്താന്‍ ഇടയാക്കുമോ എന്നും, അങ്ങനെയെങ്കില്‍ അതിന് കാരണക്കാരായവരെ കണ്ടെത്താനുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, ഇതിനായി കമ്മിഷന് പ്രസക്തമെന്ന് തോന്നുന്ന മറ്റ് സാഹചര്യങ്ങളും തെളിവുകളും പരിശോധിക്കാമെന്നും പറയുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ടത്, നേരത്തേ കരാര്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളാരെന്ന് കണ്ടെത്താനായിരുന്നു കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ സി.എ.ജിയുടെ ആ കണ്ടെത്തലുകള്‍ ഫലത്തില്‍ പുനഃപരിശോധിക്കാന്‍ ജൂഡീഷ്യല്‍ കമ്മിഷന് കഴിയുമെന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. വേണമെങ്കില്‍ സി.എ.ജിയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും വരെ പറയാന്‍ കഴിയും. ഈ വലിയ അട്ടിമറി പരിഗണനാ വിഷയങ്ങളില്‍ വരുത്തിയ ശേഷം കമ്മിഷന്റെ യാതൊരു സിറ്റിംഗുകളും ഉണ്ടായിരിക്കില്ല എന്നതാണ് വിചിത്രമായ മറ്റൊരു സാഹചര്യം. 

എന്നുവച്ചാല്‍, സി.എ.ജിയുടെ കണ്ടെത്തലുകളെയും, നടപടിക്രമങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് കുറ്റാരോപിതരുടെ പട്ടികയില്‍ വരാവുന്നവര്‍ രേഖാമൂലവും അല്ലാതെയും നേരത്തേ നല്‍കിയ എല്ലാ വാദങ്ങളും പരിഗണനാവിഷയങ്ങളില്‍ ഈ ഭേദഗതി വന്നതോടെ കമ്മിഷന് കണക്കിലെടുക്കാന്‍ കഴിയുമെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സി. എ.ജിയെ കമ്മിഷന്‍ വിളിക്കുകയോ അവര്‍ക്കെതിരായ ആരോപണങ്ങള്‍ക്കും വാദങ്ങള്‍ക്കും മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടുമില്ല. ഇതിന് ഒരുപക്ഷേ, കമ്മിഷന്‍ നല്‍കുന്ന ന്യായീകരണം ''ആരെയും ഞങ്ങള്‍ വിളിക്കില്ല, ആര്‍ക്കു വേണമെങ്കിലും കമ്മിഷന്‍ മുമ്പാകെ വരാം'' എന്നായിരിക്കാം. ഫലത്തില്‍ കമ്മിഷന്‍ ഏകപക്ഷീയമായി സി.എ.ജിയുടെ കണ്ടെത്തലുകളില്‍ എതിര്‍വാദങ്ങള്‍ മാത്രം കണക്കിലെടുത്ത് റിപ്പോര്‍ട്ട് നല്‍കുമെന്നതാണ് സംഭവിക്കാന്‍ പോകുന്നത്.

ഇത് നിയമപരമായും നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. ഉന്നത ഭരണഘടനാ പദവിയുള്ള സി.എ.ജിയുടെ റിപ്പോര്‍ട്ട് പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന നിയമപ്രശ്‌നം വീണ്ടും ഉടലെടുത്തേക്കാം. മാത്രമല്ല, ഒരു വന്‍കിട കോര്‍പ്പറേറ്റിനെ വഴിവിട്ട് സഹായിച്ച മുന്‍ ഗവണ്‍മെന്റിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം നടപടികള്‍ വൈകിപ്പിക്കാനാണോ ഇപ്പോഴത്തെ ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന ചോദ്യവും കൂടുതല്‍ പ്രസക്തമാവുകയാണ്. ഭരണഘടനാപരമായി നിയമസഭയുടെ അവകാശങ്ങളില്‍ കൈകടത്തുന്ന നടപടിയായും ജൂഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് മാറിയേക്കാം. ഇതിനെല്ലാം നാം ആ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.

പഴയ ചില പ്രസ്താവനകള്‍
മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളില്‍നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചയുടെ ഭാഗമാണ്- പിണറായി വിജയന്‍ (ഫെയ്‌സ്ബുക്ക് പോസ്റ്റ്)

ഗഡ്കരി നിര്‍ദേശിക്കുന്നപ്രകാരം കാര്യങ്ങള്‍ പോയില്ലെങ്കില്‍ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളികൂട്ടുകയാണ് ഇതിലൂടെ. വികസന താല്‍പ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ നടപ്പാക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നില്‍. നെടുമ്പാശേരി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി നാം ഫലപ്രദമായി നടപ്പാക്കിയ കേരള മാതൃക ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോര്‍പറേറ്റുവല്‍ക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്- കോടിയേരി ബാലകൃഷ്ണന്‍(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

 വിഴിഞ്ഞം പദ്ധതി ആരുടെയും ശ്രമഫലമായി ഉണ്ടായതല്ല. പ്രകൃതിദത്തമായിതന്നെ അടിസ്ഥാന സൗകര്യം ഏറെ ഉണ്ടെന്നിരിക്കെ, അത് കയ്യടക്കി കൊള്ളലാഭം കൊയ്യാന്‍ അദാനി ഗ്രൂപ്പെന്ന ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് എന്തിനാണ് വിട്ടു നല്‍കുന്നത് ?- കാനം രാജേന്ദ്രന്‍

അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും? ഇതിനെക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്‍ തയ്യാറാണോ എന്ന് എന്തുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന് ചോദിക്കാന്‍ കഴിയാത്തത്?ഈ ചോദ്യങ്ങള്‍ക്കുത്തരമില്ലാതാകുമ്പോഴാണ് അവിഹിതമായ ഏര്‍പ്പാടുകള്‍ ഈ കരാറിനു പിന്നിലുണ്ട് എന്നു വിശ്വസിക്കേണ്ടി വരുന്നത്- തോമസ് ഐസക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com