വെറുക്കപ്പെടുന്ന സര്‍വ്വതന്ത്ര സ്വതന്ത്രന്‍

വെറുക്കപ്പെടുന്ന സര്‍വ്വതന്ത്ര സ്വതന്ത്രന്‍

പ്രളയാനന്തര കേരളം എങ്ങനെയാകണമെന്നതില്‍ അഭിപ്രായങ്ങള്‍ സമാഹരിക്കാന്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ് നടത്തുന്ന മുഖാമുഖ പരമ്പരയില്‍ പി.സി. ജോര്‍ജ് പങ്കെടുത്തത് ബിഷപ്പിനെതിരെ ബലാത്സംഗ പരാതി കൊടുത്ത കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന്റെ അഞ്ചാം ദിവസമാണ്. അതേക്കുറിച്ചും കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നത് സ്വാഭാവികം. കുറവിലങ്ങാട് പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടുകൊണ്ടാണ് ജോര്‍ജ് നേരിട്ടത്. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ താന്‍ പറയുന്ന കാര്യങ്ങള്‍ ശരിവയ്ക്കുന്ന വിവരങ്ങള്‍ അതിലുണ്ട് എന്നായിരുന്നു വാദം. ''ഇതിവിടെ വച്ചേച്ചു പോകുവാ. വായിച്ചു മനസ്സിലാക്കുമ്പത്തീരും നിങ്ങടെ സൂക്കേട്'' എന്നു മാധ്യമ പ്രവര്‍ത്തകരോട് പറയുകയും ചെയ്തു.  പറഞ്ഞു പറഞ്ഞു വന്ന് മാധ്യമപ്രവര്‍ത്തകരുടെ മാന്യതയെക്കുറിച്ചായി ജോര്‍ജിന്റെ സംശയം. 
''താങ്കളുടെ മാന്യതയെക്കുറിച്ച് എപ്പോഴെങ്കിലും സ്വയം മൂല്യനിര്‍ണ്ണയം നടത്തിയിട്ടുണ്ടോ''എന്ന ചോദ്യം ജോര്‍ജിനു തിരിച്ചുകിട്ടി.

നടത്തിയതുകൊണ്ടാണല്ലോ കന്യാസ്ത്രീയെക്കുറിച്ചു പറഞ്ഞതില്‍ ഒരു വാക്ക് പിന്‍വലിച്ചത് എന്ന് ജോര്‍ജ്; ബാക്കിയൊക്കെ അതേപടി തന്നെ നിലനില്‍ക്കുകയാണെന്നും ആവര്‍ത്തിച്ചു. ഇരയായ കന്യാസ്ത്രീ 'സോകോള്‍ഡ് കന്യാസ്ത്രീ' മാത്രമാണെന്നും ഓര്‍ത്തഡോക്‌സ് അച്ചന്മാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ് കൊടുത്ത വീട്ടമ്മ ഹോട്ടല്‍മുറിയുടെ വാടക കൊടുത്ത് അച്ചനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞുകൊണ്ടിരുന്നു. താങ്കളുടെ ഭാര്യ ഇതൊക്കെ കേള്‍ക്കുമ്പോഴെന്താ പറയാറ്? അവരുമൊരു സ്ത്രീയല്ലേ എന്ന ചോദ്യം കേട്ട് ജോര്‍ജ് ഒന്നിളകി. പിന്നെ പറഞ്ഞു: ''ഞാന്‍ ഭാര്യയോട് രാഷ്ട്രീയം ചര്‍ച്ച ചെയ്യാറില്ല.'' ''ഇത് രാഷ്ട്രീയമല്ലല്ലോ തോന്ന്യാസമല്ലേ?'' എന്ന മറുപടി ജോര്‍ജ് കേട്ടതും ഇതാദ്യം. 

ഇനി ജോര്‍ജ് നേരിടാനിരിക്കുന്നത് നിയമസഭാ സ്പീക്കര്‍ക്ക് സംസ്ഥാന വനിതാ കമ്മിഷന്‍ കൊടുത്ത പരാതിയിലെ തുടര്‍ നടപടികളാണ്. അതും കന്യാസ്ത്രീയെക്കുറിച്ചു പറഞ്ഞ മോശം വാക്കുകളുടെ പേരില്‍ത്തന്നെ. പരാതി സ്പീക്കര്‍ നിയമസഭയുടെ എത്തിക്‌സ് -പ്രിവിലേജസ് സമിതിക്ക് വിട്ടിരിക്കുന്നു. ആ സമിതിയില്‍ ജോര്‍ജും അംഗമാണ്. തന്നെക്കുറിച്ചുള്ള പരാതി പരിഗണിക്കുന്ന സമിതിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് ഔചിത്യമനുസരിച്ച് തീരുമാനിക്കേണ്ടത് ജോര്‍ജ് തന്നെയാണെന്നാണ് സ്പീക്കറുടെ നിലപാട്. അത് അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. ഞാനെന്തിനാ പങ്കെടുക്കാതിരിക്കുന്നതെന്നാണ് ജോര്‍ജിന്റെ ചോദ്യം. ആരോപണവിധേയനൊപ്പമിരുന്ന് അതേ വിഷയം പരിഗണിക്കണോ എന്നു മറ്റ് അംഗങ്ങള്‍ക്കു തീരുമാനിക്കാം; അതും അവരുടെ ഔചിത്യത്തിന്റെ കാര്യംതന്നെ. സി.പി.എം എം.എല്‍.എ എ. പ്രദീപ്കുമാറാണ് സമിതി അധ്യക്ഷന്‍. പി.സി. ജോര്‍ജിനു പുറമേ ജോര്‍ജ് എം. തോമസ്, ജോര്‍ജ് ഫെര്‍ണാണ്ടസ്, വി.കെ.സി. മമ്മത് കോയ, മോന്‍സ് ജോസഫ്, ഡി.കെ. മുരളി, വി.എസ്. ശിവകുമാര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ സമിതിയിലുണ്ട്. 

വന്ദ്യവയോധികയായ കെ.ആര്‍. ഗൗരിയമ്മയ്ക്കെതിരെ ജോര്‍ജ് നടത്തിയ മ്ലേച്ഛമായ വാക്കുകളുടെ പേരില്‍ ഇതിനു തൊട്ടുമുന്‍പത്തെ നിയമസഭയുടെ കെ. മുരളീധരന്‍ അധ്യക്ഷനായിരുന്ന എത്തിക്‌സ്-പ്രിവിലേജസ് കമ്മിറ്റിക്കു ഗുരുതര പരാതി ലഭിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു പരാതിക്കാരന്‍. സഭയില്‍നിന്നു സസ്പെന്റ് ചെയ്യണം എന്ന അതിലെ ആവശ്യം സമിതി അംഗീകരിച്ചില്ല. ജോര്‍ജിനെ സ്പീക്കര്‍ താക്കീതു ചെയ്യണം എന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ജോര്‍ജിനെ വിളിച്ചു വിശദീകരണം ചോദിക്കുകയും ലഭിച്ച മറുപടി തൃപ്തികരമല്ലെന്നു വിലയിരുത്തുകയും ചെയ്ത ശേഷമായിരുന്നു ഇത്. എന്നാല്‍, അതു പോരെന്നും സസ്പെന്‍ഷന്‍തന്നെ വേണമെന്നും സമിതി അംഗങ്ങളായിരുന്ന ജി. സുധാകരന്‍, മാത്യു ടി. തോമസ്, സാജു പോള്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അവരുടെ ഈ വിയോജനക്കുറിപ്പ് പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശുപാര്‍ശ കണക്കിലെടുത്ത് സ്പീക്കര്‍ എന്‍. ശക്തന്‍ ജോര്‍ജിനെ ശാസിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയാണ് സ്പീക്കര്‍ സഭയില്‍ വായിച്ചത്. നടപടി വിനയത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. ജോര്‍ജിന്റേതായി റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേഷണം ചെയ്ത ശബ്ദരേഖയാണ് കത്തിപ്പടര്‍ന്നു താക്കീതില്‍ എത്തിച്ചത്. 31 വര്‍ഷം മുന്‍പ് ഒരു സ്ത്രീയും ആണ്‍കുട്ടിയും സെക്രട്ടേറിയറ്റില്‍ വന്നു തന്നെ കണ്ടെന്നും ആ കുട്ടി പി.സി. ജോര്‍ജിന്റേതാണെന്നു പറഞ്ഞുവെന്നും കെ.ആര്‍. ഗൗരിയമ്മ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതിനോടുള്ള പ്രതികരണമായിരുന്നു ജോര്‍ജിന്റേത്. താന്‍ ആ സ്ത്രീക്ക് 2000 രൂപ കൊടുത്തുവിട്ടെന്നും ഗൗരിയമ്മ വെളിപ്പെടുത്തി. പ്രായമായപ്പോള്‍ ഗൗരിയമ്മയ്ക്ക മറവിയാണെന്നും സ്ത്രീയും മകനും ചെന്നത് ടി.വി. തോമസിനെ അന്വേഷിച്ചായിരിക്കും എന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം. മാത്രമല്ല, ഗൗരിയമ്മയെ കേട്ടാലറയ്ക്കുന്ന പച്ചത്തെറിയും വിളിച്ചു. സ്വകാര്യ സംഭാഷണത്തിലെ ഈ ഭാഗമാണ് റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ടത്. നിയമസഭ കോടിയേരിയുടെ പരാതി പരിഗണിച്ചപ്പോള്‍ ഇതു വിശദമായി പരിശോധിച്ചു. സഭാരേഖകളുടെ ഭാഗവുമായി. 

അയോഗ്യനായ ചരിത്രം
കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ സഭയില്‍നിന്ന് അയോഗ്യനാക്കിയ ചരിത്രമുണ്ട്. 2015 നവംബര്‍ 13-ന് സ്പീക്കര്‍ എന്‍. ശക്തന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇതറിയിച്ചത്. അയോഗ്യത കല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ തലേന്ന് പി.സി. ജോര്‍ജ് രാജിക്കത്ത് നല്‍കിയെങ്കിലും സ്പീക്കര്‍ അതു തള്ളി. ചീഫ് വിപ്പ് പദവിയില്‍ ജോര്‍ജിന്റെ പിന്‍ഗാമിയായ തോമസ് ഉണ്ണിയാടനായിരുന്നു പരാതിക്കാരന്‍. ഭരണഘടനയുടെ അനുച്ഛേദം 191 (2), പത്താം പട്ടിക ഖണ്ഡിക 2(1) പ്രകാരം എം.എല്‍.എ സ്ഥാനത്തിന് അയോഗ്യനായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് കണ്ടെത്തിയത്. അതുകൊണ്ട് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി.സി. ജോര്‍ജിനു നിയമസഭാംഗമായി തുടരുന്നതിനു 2015 ജൂണ്‍ മൂന്നു മുതല്‍ അയോഗ്യത കല്‍പ്പിക്കുന്നു എന്ന് 2015 നവംബര്‍ 30-നു സ്പീക്കര്‍ സഭയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, തന്നെ അയോഗ്യനാക്കിയതിന് എതിരെ പി.സി. ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യത സംബന്ധിച്ച സ്പീക്കറുടെ നടപടി കോടതി റദ്ദാക്കുകയും ജോര്‍ജിന്റെ രാജി പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 


ഉണ്ണിയാടന്റെ പരാതി പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പി.സി. ജോര്‍ജിനെ അയോഗ്യനാക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിതന്നെ  എം.എല്‍.എയുടെ കൂറുമാറ്റക്കേസില്‍ പരസ്യനിലപാടെടുക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ കെ.എം. മാണിക്കും എതിരെ പരസ്യപ്രസ്താവനകള്‍ തുടര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ 2015 ഏപ്രില്‍ ഏഴിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. അതിനു തുടര്‍ച്ചയായാണ് കാര്യങ്ങള്‍ ജോര്‍ജിന്റെ അയോഗ്യതയില്‍ എത്തിയത്. കേരള കോണ്‍ഗ്രസ്സും മറ്റു ഘടകകക്ഷികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. യു.ഡി.എഫ് ഏകോപനസമിതി യോഗത്തില്‍ മാണി ഗ്രൂപ്പ് പ്രതിനിധിയായി പങ്കെടുക്കുന്നതില്‍നിന്നു കെ.എം. മാണി വിലക്കിയെങ്കിലും വൈസ് ചെയര്‍മാനായ ജോര്‍ജിനെ മാണി ഗ്രൂപ്പില്‍നിന്നു പുറത്താക്കിയില്ല. സ്വയം പുറത്തുപോകാന്‍ ജോര്‍ജും തയ്യാറായില്ല. പാര്‍ട്ടിക്കാരനായിരുന്നുകൊണ്ട് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പുറത്തേയ്ക്കുള്ള വഴി ചോദിച്ചുവാങ്ങുകയായിരുന്നു ജോര്‍ജ്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടു മാണിക്കെതിരായ പരസ്യ വിമര്‍ശനം തുടര്‍ന്നുകൊണ്ടുമിരുന്നു. മാണിയെ സംരക്ഷിച്ചതാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിയാന്‍ കാരണം. മാണിഗ്രൂപ്പില്‍നിന്നു പുറത്താക്കിയാല്‍ പഴയ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ് (സെക്കുലര്‍) പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫ് ഘടകകക്ഷിയാകാം എന്ന മോഹവും നടന്നില്ല. പിന്നീട് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചെങ്കിലും അതിന്റെ നേതാവായിരുന്ന ടി.എസ്. ജോണ്‍ പാര്‍ട്ടി തട്ടിയെടുത്ത് ജോര്‍ജിനെ പുറത്താക്കി. പിന്നീടാണ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി 'ജനപക്ഷ'മായത്.

വെറുക്കപ്പെടുന്ന 
സര്‍വ്വതന്ത്ര സ്വതന്ത്രന്‍

 ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്നു 2015 ജൂണില്‍ അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഴിമതിവിരുദ്ധ ജനകീയ മുന്നണി എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത് പി.സി. ജോര്‍ജ് കൂടിച്ചേര്‍ന്നായിരുന്നു. വി.എസ്.ഡി.പി, എസ്.ഡി.പി.ഐ എന്നിവയും കൂടെയുണ്ടെന്നും വലിയ തോതില്‍ വോട്ടുപിടിക്കുമെന്നും കരുതിയെങ്കിലും 240 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. യു.ഡി.എഫ് കൈവിട്ടപ്പോള്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായി 2016-ല്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കാമെന്നാണ് ജോര്‍ജ് പ്രതീക്ഷിച്ചത്. ആ ദിശയില്‍ ചര്‍ച്ചകള്‍ മുന്നോട്ടു പോവുകയും ജോര്‍ജ് പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിതന്നെ എന്ന മട്ടിലേയ്ക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പിണറായി വിജയന്‍ ഇതിനെതിരെ കര്‍ക്കശ നിലപാടെടുത്തു. മാണി ഗ്രൂപ്പില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുറത്തുവന്നവര്‍ രൂപീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനു കൊടുത്ത നാല് സീറ്റുകളിലൊന്ന് പൂഞ്ഞാറായിരുന്നു. ഇടതുമുന്നണിയുടെ സീറ്റ് വീതംവയ്പില്‍ വലിയ കച്ചവടം നടന്നുവെന്ന് ആരോപിച്ചാണ് പി.സി. ജോര്‍ജ് നിരാശ പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലം മുതലേ ജോര്‍ജിന്റെ സുഹൃത്തായിരുന്ന പി.സി. ജോസഫ് പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി. സ്വതന്ത്രനായി മത്സരിച്ച പി.സി. ജോര്‍ജിനു പ്രാദേശികമായി എസ്.ഡി.പി.ഐയും മുസ്ലിംലീഗിലേയും സി.പി.എമ്മിലേയും കോണ്‍ഗ്രസ്സിലേയും ചിലരും മറ്റും പിന്തുണ നല്‍കി. മികച്ച വിജയം നേടുകയും ചെയ്തു. 14-ാം നിയമസഭയിലെ ഏക സ്വതന്ത്രനല്ല ജോര്‍ജ്; ഇടതു സ്വതന്ത്രരായി ജയിച്ചവരുണ്ട്. പക്ഷേ, സര്‍വ്വതന്ത്ര സ്വതന്ത്രര്‍ വേറെയില്ല. ഇത് പി.സി. ജോര്‍ജിലെ അഹങ്കാരിക്ക് ഒരു ലഹരിയായി മാറിയെന്നാണ് പിന്നീട് വാക്കിലും നോക്കിലും ചെയ്തികളിലും തെളിയിച്ചത്. എസ്.എന്‍.ഡി.പിക്കാരെ വളരെ മോശം പരാമര്‍ശത്തിലൂടെ അപമാനിച്ചത് വലിയ വിവാദമായി. എസ്.ഡി.പി.ഐയുടെ 'സ്വന്തം എം.എല്‍.എ' ആയി അവര്‍ കൊണ്ടുനടന്നെങ്കിലും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അവര്‍ ആരോപണവിധേയരായപ്പോള്‍ ജോര്‍ജ് പരസ്യമായി തള്ളിപ്പറഞ്ഞു. ഇത്രയ്ക്കും വലിയ വര്‍ഗ്ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് പറഞ്ഞത്. എങ്കിലും എസ്.ഡി.പി.ഐ ജോര്‍ജിനെതിരെ തിരിയാതിരുന്നത് പരസ്യവിമര്‍ശനം പരസ്പരധാരണയുടെ അടിസ്ഥാനത്തിലായതുകൊണ്ടാണ് എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. മണ്ഡലത്തില്‍ എസ്.ഡി.പി.ഐയും ജോര്‍ജും തമ്മില്‍ മുന്‍പത്തെപ്പോലെതന്നെ നല്ല സഹകരണത്തിലാണ്.

2017 ഫെബ്രുവരി 17-നു രാത്രി കൊച്ചിയില്‍ കാറിനുള്ളില്‍വച്ച് പീഡിപ്പിക്കപ്പെട്ട നടിയെക്കുറിച്ച് പി.സി. ജോര്‍ജ് നടത്തിയ നീചമായ പരാമര്‍ശങ്ങളുടെ പേരില്‍ സാധ്യമായ നടപടിയുണ്ടാകുമെന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ 2017 ഓഗസ്റ്റ് 17-നു തിരുവനന്തപുരത്ത് പറഞ്ഞത്. പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതം എന്നാണ് സ്പീക്കര്‍ പറഞ്ഞത്. നടി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പൊലീസിനും പരാതി നല്‍കി. കേസുമുണ്ട്. പക്ഷേ, കാര്യമില്ലെന്നു മാത്രം. നടിയെ അപകീര്‍ത്തിപ്പെടുത്തിയ പി.സി. ജോര്‍ജിനെതിരെ പ്രതികരിച്ച സംസ്ഥാന വനിതാ കമ്മിഷന് തൊട്ടടുത്ത ദിവസം തപാലില്‍ കിട്ടിയത് തെറിക്കത്തുകളും മനുഷ്യവിസര്‍ജ്യവും. അതിന്റെ പേരില്‍ കമ്മിഷനും പൊലീസിനു പരാതി കൊടുത്തു. പക്ഷേ, ജോര്‍ജ് കൂടുതല്‍ സ്ത്രീകളെ വാക്കുകള്‍കൊണ്ട് ബലാത്സംഗം ചെയ്യുന്നത് തുടരുന്നു; സഭാംഗമായിരിക്കുകയും ചെയ്യുന്നു. 

പി.സി. ജോര്‍ജിന്റെ ഏറ്റവും വലിയ ശത്രു അദ്ദേഹത്തിന്റെ നാക്കാണ് എന്നു പറഞ്ഞത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. എനിക്കെതിരെ ആളുകള്‍ പ്രതിഷേധിച്ചാലും വീട്ടിലേയ്ക്കു പ്രകടനം നടത്തിയാലുമൊക്കെ അതു നേട്ടം തന്നെയാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞതായി കോട്ടയത്തെ മുതിര്‍ന്ന കേരള കോണ്‍ഗ്രസ്സ് നേതാക്കളിലൊരാള്‍ വെളിപ്പെടുത്തുന്നു. ജോര്‍ജിന്റെ നാക്കിനെ പേടിച്ചു പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് അദ്ദേഹം സംസാരിച്ചത്. സത്യമായും ജോര്‍ജ് ആരെക്കുറിച്ച് എന്തുപറയുമെന്നു പറയാമ്പറ്റില്ലെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം മറ്റൊന്നുകൂടി പറഞ്ഞു: ''ആരൊക്കെ എന്തൊക്കെ തന്നെക്കുറിച്ചു പറഞ്ഞാലും അതൊക്കെ തന്റെ രാഷ്ട്രീയ അക്കൗണ്ടില്‍ ഡെപ്പോസിറ്റാണ് എന്ന സിദ്ധാന്തമാ ജോര്‍ജിന്റേത്. നെഗറ്റീവ് പബ്ലിസിറ്റിയും പബ്ലിസിറ്റി തന്നെ എന്നതാണ് നയം.''
കേരള നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം 140. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ സാമാജികരില്‍ത്തന്നെ പ്രത്യേക പദവികളുള്ളവര്‍ 23. അംഗങ്ങളുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് ഇങ്ങനെ: എല്‍.ഡി.എഫ്: 91. സ്വതന്ത്രര്‍ ഉള്‍പ്പെടെ സി.പി.എം 63, സി.പി.ഐ 19, ജനതദാള്‍ എസ് മൂന്ന്, എന്‍.സി.പി രണ്ട്, കോണ്‍ഗ്രസ്സ് എസ് ഒന്ന്, സി.എം.പി ഒന്ന്, കേരള കോണ്‍ഗ്രസ്സ് ബി ഒന്ന്, സെക്കുലര്‍ കോണ്‍ഫ്രന്‍സ് ഒന്ന്.

യു.ഡി.എഫ്: 47. കോണ്‍ഗ്രസ്സ് 22, മുസ്ലിം ലീഗ് 18, കേരള കോണ്‍ഗ്രസ്സ് എം 6, കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഒന്ന്. ബി.ജെ.പിയുടെ ഒന്നുകൂടി കൂട്ടുമ്പോള്‍ 139. 140 തികയണമെങ്കില്‍ ഒന്നുകൂടി വേണം. ആ ഒന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലോ ഐക്യജനാധിപത്യ മുന്നണിയിലോ ബി.ജെ.പിയിലോ പെടാത്ത പി.സി. ജോര്‍ജാണ്; ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ചോദ്യം ചെയ്ത് ജനമനസ്സില്‍ ഇടംപിടിക്കാന്‍ ലഭിച്ച അപൂര്‍വ്വ അവസരത്തില്‍ രണ്ട് വര്‍ഷത്തിലധികം പാഴാക്കിക്കഴിഞ്ഞു. വെറുക്കപ്പെടുന്ന സ്വതന്ത്രനാണ് ഇപ്പോള്‍ ജോര്‍ജ്.


പി.സി. ജോര്‍ജ് എന്ന 'ദേശീയ പ്രശ്‌നം'

2018 സെപ്റ്റംബര്‍ 9: ജോര്‍ജിനെതിരായ നടപടി പാഠമാകണമെന്ന് രേഖാ ശര്‍മ്മ
''നിയമസഭാ സാമാജികനായ ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് ഞെട്ടിക്കുന്നു. സ്ത്രീകളെ സഹായിക്കാന്‍ ബാധ്യതയുള്ളയാളാണ് അദ്ദേഹം. ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇരയായ കന്യാസ്ത്രീക്കും മറ്റു കന്യാസ്ത്രീകള്‍ക്കുമെതിരെ പി.സി. ജോര്‍ജ് പറഞ്ഞത്. ഇക്കാര്യത്തില്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോര്‍ജിനെ വിളിച്ചുവരുത്തുകയും ചെയ്യും. മറുപടി പറഞ്ഞേ പറ്റൂ. ഇത്തരം ആളുകള്‍ക്കെതിരെ നടപടി വേണം. ആലോചിക്കാതെ വാ തുറന്ന് എന്തും പറയാം എന്നു വിചാരിക്കുന്ന ജനപ്രതിനിധികള്‍ക്ക് ഒരു പാഠമാകണം. അവര്‍ മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ടവരാണ്.''

ദേശീയ വനിതാ കമ്മിഷന്‍ മുന്‍പാകെ നേരിട്ടു ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കമ്മിഷന്‍ പി.സി. ജോര്‍ജിനു സമന്‍സ് അയച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ വരാന്‍ യാത്രാബത്ത വേണമെന്നും അല്ലെങ്കില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ കേരളത്തില്‍ വരട്ടെയെന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം. ഡല്‍ഹിക്കു വരാന്‍ പണമില്ലെങ്കില്‍ അത് കമ്മിഷന്‍ നല്‍കാന്‍ തയ്യാറാണെന്നും യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നല്‍കിയാല്‍ മാത്രം മതിയെന്നും രേഖാ ശര്‍മ്മ തിരിച്ചടിച്ചു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിട്ടെ എന്നും വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ലെന്നും ജോര്‍ജ്. ''അവരെന്താ എന്റെ മൂക്ക് ചെത്തുമോ?'' ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു രേഖാ ശര്‍മ്മയുടെ മറുപടി. കമ്മിഷന്‍ നിലപാട് ശക്തമാക്കിയ പിന്നാലെയാണ് ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ചത്. ഒപ്പം, നേരത്തെ പറഞ്ഞ മറ്റു കാര്യങ്ങള്‍ ആവര്‍ത്തിച്ചു.

2018 സെപ്റ്റംബര്‍ 9: അസഹ്യം, പി.സി. ജോര്‍ജിനെ മാറ്റൂ എന്ന് ബര്‍ഖാ ദത്ത്
''ആദ്യം ഇരയെ അപമാനിക്കല്‍, ഒരിക്കലൊരു സ്ത്രീ ലൈംഗികതയ്ക്കു വഴങ്ങിയാല്‍പ്പിന്നെ അത് എല്ലാക്കാലത്തേയ്ക്കുമുള്ള അനുമതിയാണെന്ന് അനുമാനിക്കല്‍. അസഹ്യമാണിത്. ഇതുമതി ഒരു എം.എല്‍.എയെ അയോഗ്യനാക്കാനും അപമാനത്തിനും അധിക്ഷേപത്തിനും കേസെടുത്ത് ജയിലിലാക്കാനും.'' റിമൂവ് പി.സി. ജോര്‍ജ് എന്ന ഹാഷ് ടാഗില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് ട്വീറ്റ് ചെയ്തു. 


2018 സെപ്റ്റംബര്‍ 11: താങ്കളെക്കുറിച്ച് ലജ്ജിക്കുന്നു, ജോര്‍ജ്: നടി റിച്ചാ ഛദ്ദ
''ഒരു നിയമസഭാ സാമാജികന്‍ ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വ്യക്തിത്വത്തെക്കുറിച്ചു മോശമായി സംസാരിച്ചിരിക്കുന്നു. ജനം താങ്കളെ വെറുക്കുന്നു, താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നു'' -റിച്ചാ ഛദ്ദ ട്വീറ്റ് ചെയ്തു.

2018 സെപ്റ്റംബര്‍ 10: 
പി.സി. ജോര്‍ജിന്റെ വായടപ്പിക്കാന്‍ ടേപ്പുകള്‍ അയച്ചുകൊടുക്കുന്ന സമൂഹമാധ്യമക്യാംപെയിന്‍ തുടങ്ങി.


ജോര്‍ജിന്റെ 'സുവിശേഷങ്ങള്‍'

കന്യാസ്ത്രീക്കെതിരെ
സെപ്റ്റംബര്‍ ഒന്‍പതിനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതരേ പരാതി കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. പിന്നാലെ, മാധ്യമങ്ങളെ കാണാനുള്ള തീരുമാനം കന്യാസ്ത്രീ പിന്‍വലിക്കുകയും ചെയ്തു. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി അവര്‍ വ്യക്തമാക്കുകയും ചെയ്തു. ബിഷപ്പ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായിട്ട് 13-ാം തവണ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. 

ടോള്‍ പ്ലാസയിലെ പരാക്രമം
കാത്തുകിടക്കേണ്ടിവന്നതിനെത്തുടര്‍ന്ന് തൃശൂരിലെ ടോള്‍ പ്ലാസയുടെ ബാരിക്കേഡ് തകര്‍ത്തത് ജൂലൈ 17ന്. കാറില്‍നിന്ന് ഇറങ്ങിയ ജോര്‍ജ് ഓട്ടോമാറ്റിക് ബാരിക്കേഡ് തകര്‍ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നു. ''ട്രെയിന്‍ പോകുന്നതിനു മുന്‍പ് എത്താന്‍ തിരക്കിട്ടു വരികയായിരുന്നു ഞാന്‍. എന്റെ കാറിലെ എം.എല്‍.എ സ്റ്റിക്കര്‍ ടോള്‍ പ്ലാസ ജീവനക്കാരന്‍ കണ്ടതുമാണ്. എന്നിട്ടും നിര്‍ത്തിച്ചു. ഞങ്ങള്‍ കാത്തുകിടന്നിട്ടും അയാള്‍ വന്നില്ല. പിറകേയുള്ളവര്‍ ഹോണടിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം ഞങ്ങള്‍ കാത്തു. പിന്നെ അങ്ങനെ ചെയ്യുകയല്ലാതെ വെറെ നിര്‍വ്വാഹമില്ലായിരുന്നു'' -ഇങ്ങനെയായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

കൈയേറ്റം കാന്റീന്‍ ജീവനക്കാരനു നേരെ 
എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരന്‍ മനുവിനെ തല്ലിയെന്നതാണ് മറ്റൊരു വിവാദം. ഉച്ചഭക്ഷണം ലഭിക്കാന്‍ വൈകിയെന്നതായിരുന്നു മര്‍ദ്ദനത്തിനു കാരണം. പരാതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞെങ്കിലും കേസ് നിലനില്‍ക്കുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമെന്നോണം അപകീര്‍ത്തിക്കേസിനു മുന്നോടിയായി മനുവിന് പി.സി. ജോര്‍ജ് നോട്ടീസ് അയച്ചു. എം.എല്‍.എ മര്‍ദ്ദിച്ചുവെന്നു നുണ പറഞ്ഞു തനിക്കു മാനഹാനിയുണ്ടാക്കി എന്നായിരുന്നു ജോര്‍ജിന്റെ ആരോപണം. 

ഗൂഡാലോചന സഭയ്‌ക്കെതിരെ
''ലോകമെമ്പാടും ക്രൈസ്തവ സഭയ്‌ക്കെതിരെ വലിയ ഗൂഢാലോചനകള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായി കോടികള്‍ ചെലവഴിക്കുന്ന ബ്ലാക് മാസ് ടീമിന്റെ ഭാഗമായി ഈ കന്യാസ്ത്രീയും പെട്ടുപോയോ എന്നു ഞാന്‍ സംശയിക്കുന്നു. കന്യാസ്ത്രീയുടെ സഹോദരന്‍ കോടനാട്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കിയ സമ്പാദ്യം ഞാന്‍ പോയി നേരിട്ടു കണ്ടതാണ്. അതെവിടുന്നു വന്നു?'' കന്യാസ്ത്രീയുടെ പരാതി സഭയ്‌ക്കെതിരേയുള്ളതാണെന്ന വാദഗതി ജോര്‍ജ് ഉയര്‍ത്തിയത് സെപ്റ്റംബര്‍ 14നാണ്

തോക്കെടുത്ത് വീശിയ ജോര്‍ജ്
കഴിഞ്ഞ വര്‍ഷം ജൂണ്‍ 29ന് മുണ്ടക്കയത്തെ തോട്ടം തൊഴിലാളി സമരത്തിലേക്കാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് വന്ന ജോര്‍ജ് സമരം ചെയ്ത തൊഴിലാളികള്‍ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത് വിവാദമായി. ''എനിക്ക് തോക്ക് ലൈസന്‍സുണ്ട്. നിരപരാധികളായ ആളുകളെ രക്ഷിക്കാനാണ് ഞാന്‍ അതുപയോഗിക്കുന്നത്'' -പി.സി. ജോര്‍ജിന്റെ മറുപടി. തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെയാണ് നേരിട്ടത്. അവരെ ജോര്‍ജ് വിളിച്ചത് ഗുണ്ടകളെന്നാണ്. ''രാത്രിയിലെത്തി മോശമായി ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ ആസിഡ് മുഖത്തൊഴിച്ചേക്കണം എന്നു ഞാന്‍ അവിടുത്തെ സ്ത്രീകളോടു പറഞ്ഞപ്പോള്‍ ഗുണ്ടകള്‍ എന്നോട് മോശമായി സംസാരിച്ചു. അവരെന്നെ ചുണയുണ്ടെങ്കില്‍ തോക്കെടുക്കാന്‍ വെല്ലുവിളിച്ചു. എന്റെ കൈയിലുണ്ടായിരുന്ന ചെക് നിര്‍മ്മിത പിസ്റ്റളെടുത്ത് കാണിച്ചുകൊടുത്തു. അത്രേയുണ്ടായുള്ളൂ. അതിനാ ഞാന്‍ തോക്കു ചൂണ്ടീന്നൊക്കെ ഇവമ്മാര് പറഞ്ഞുണ്ടാക്കുന്നത്'' എന്ന് ജോര്‍ജ്. 

അക്രമിക്കപ്പെട്ട  നടിക്കെതിരേയുള്ള പരാമര്‍ശം
അക്രമിക്കപ്പെട്ട നടിക്കെതിരെ 2017 ജൂലൈ 31ന് ജോര്‍ജ് നടത്തിയ മോശം പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് പല മേഖലകളില്‍ നിന്നുമുണ്ടായത്. ഇത്രേം വലിയ പീഡനത്തിന് ഇരയായ കുട്ടി നേരെ പോയി സിനിമാ അഭിനയിക്കുന്നതെങ്ങനെയാണെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം. 

നമ്പി നാരായണന്റെ നഷ്ടപരിഹാരം 
നമ്പിനാരായണനുള്ള കേരള സര്‍ക്കാരിന്റെ നഷ്ടപരിഹാരമായ 10 ലക്ഷം രൂപ വീട്ടില്‍ കൊണ്ടുകൊടുത്തത് താനാണെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം. 2017 സെപ്റ്റംബര്‍ രണ്ടിന് ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ വാസ്തവം മറ്റൊന്നായിരുന്നു. നടിയെ ജോര്‍ജ് അധിക്ഷേപിച്ചു സംസാരിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചാനല്‍ പി.സി. ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ഇതു പുനഃസംപ്രേഷണം ചെയ്തു. നമ്പി നാരായണനോട് ഫോണില്‍ പ്രതികരണം തേടി. നമ്പി നാരായണന്റെ വാക്കുകള്‍: ''ഈ പറയുന്നതില്‍ പലതും വാസ്തവമല്ല. ഞാന്‍ ജയിലില്‍ കിടന്നത് 50 ദിവസമാണ്. നവംബര്‍ 30 മുതല്‍ ജനുവരി 19 വരെ. സുപ്രീംകോടതി ഒരു കോടിയൊന്നും വിധിച്ചിട്ടില്ല. ഞാനുള്‍പ്പെടെ ആറുപേര്‍ക്കും കൂടി കോടതിച്ചെലവിന് ഒരു ലക്ഷം രൂപ തരാനാണ് വിധിച്ചത്. അതു നഷ്ടപരിഹാരമല്ല. ഒരു കോടതി നഷ്ടപരിഹാരത്തിനു ഞാന്‍ തിരുവനന്തപുരം സബ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എനിക്ക് 10 ലക്ഷം രൂപ അടിയന്തര ഇടക്കാലാശ്വാസമായി നല്‍കാന്‍ വിധിച്ചു. 2001 മാര്‍ച്ചില്‍. അന്ന് അത് ഗവണ്‍മെന്റ് തരാതെ സ്റ്റേ വാങ്ങി. പിന്നെ എന്റെ അഭിഭാഷകന്‍ ഉണ്ണിക്കൃഷ്ണന്റെ അധ്വാനം കൊണ്ട് 11 വര്‍ഷം കഴിഞ്ഞിട്ട് 2012-ല്‍ ആ 10 ലക്ഷം എനിക്കു കിട്ടി. ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ച് 10 ലക്ഷം വാങ്ങിക്കൊടുത്തുവെന്ന വാദം അതോടെ പൊളിഞ്ഞു. 

കേസെടുത്താല്‍ തപാലില്‍ വിസര്‍ജ്ജ്യം
''നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനു പി.സി. ജോര്‍ജിനെതിരെ കേസെടുത്തതിനു തുടര്‍ച്ചയായി തനിക്ക് വളരെ മോശം ഭാഷയിലുള്ള കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. രണ്ടുവട്ടം മനുഷ്യവിസര്‍ജ്യം തപാലില്‍ ലഭിച്ചു. ഓണത്തിനു തൊട്ടുമുന്‍പായിരുന്നു രണ്ടാമത്തേത്. ചിലരുടെ മനോഭാവം പ്രകടമാക്കുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു.

ജെസ്നയയുടെ തിരോധാനത്തില്‍ അച്ഛനെതിരെ
കാണാതായ ജെസ്‌നയുടെ കുടുംബമാണ് ജോര്‍ജിന്റെ അധിക്ഷേപത്തിനിരയായി. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് അവര്‍ക്ക് അഭ്യര്‍ത്ഥിക്കേണ്ടിവന്നു. ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാന്‍ പിതാവിനെയും സഹോദരങ്ങളെയും ചോദ്യം ചെയ്യണമെന്നും പിതാവിന്റെ വഴിവിട്ട ജീവിതവുമായി ജെസ്നയെ കാണാതായതിന് ബന്ധമുണ്ടെന്നുമായിരുന്നു ജോര്‍ജ് ആരോപിച്ചിരുന്നത്. തുടര്‍ന്ന് ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും ജസ്നയുടെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവേ, ഹൈക്കോടതി താക്കീതും നല്‍കി.


രാത്രി പരാമര്‍ശം
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോടുള്ള പി.സി. ജോര്‍ജിന്റെ മറുപടി ഇങ്ങനെ-മാന്യതയുള്ള പെണ്‍കുട്ടികള്‍ക്ക് രാത്രി പുറത്തിറങ്ങേണ്ടിവരില്ല


ചാനലിലെ അധിക്ഷേപം
മാതൃഭൂമി ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ ബിജു രമേശിനെതിരെയായിരുന്നു ജോര്‍ജിന്റെ പടപ്പുറപ്പാട്. അച്ഛന്റെ മൂല്യമറിയാവുന്നവര്‍ മറ്റുള്ളവരുടെ അച്ഛനു വിളിക്കില്ലെന്നു ബിജു രമേശ് പറഞ്ഞതിനു ജോര്‍ജ് നല്‍കിയ മറുപടി അത്യന്തം മോശമായ വാക്കുകളായിരുന്നു. 

ഗണേഷിന്റെ തല്ലുകേസുകളില്‍
യു.ഡി.എഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പി.സി. ജോര്‍ജ് 2013 മാര്‍ച്ച് 3 ന്വാര്‍ത്തയിലെത്തിയത്. ഗണേഷ് കുമാറിനെ 'കാമുകിയുടെ ഭര്‍ത്താവ്' വീട്ടില്‍ കയറി തല്ലി. ആ വിവരം പുറത്തുവിട്ടുകൊണ്ടായിരുന്നു ജോര്‍ജിന്റെ രംഗപ്രവേശം. ''ഫെബ്രുവരി 22-നാണ് സംഭവം. ഒരു പത്രം ഇന്ന് അതിനെക്കുറിച്ചു വിശദമായി എഴുതി. പക്ഷേ, മന്ത്രിയുടെ പേര് പറഞ്ഞിട്ടില്ല. ആ മന്ത്രി ഗണേഷ് കുമാറാണ്. മറ്റു 19 മന്ത്രിമാരേയും പുകമറയില്‍ നിര്‍ത്താതിരിക്കാനാണ് ഞാന്‍ ഈ പേരു വെളിപ്പെടുത്തുന്നത്'' എന്ന് ജോര്‍ജ്. ഗണേഷ് കുമാറിന്റെ രാജിയിലും വിവാഹമോചനത്തിലുമാണ് ആ വിവാദം അവസാനിച്ചത്. 
പക്ഷേ, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഗണേഷ് കുമാര്‍ മറ്റൊരു തല്ലുകേസില്‍ പെട്ടപ്പോള്‍ പിന്തുണയുമായാണ് ജോര്‍ജ് എത്തിയത്. സ്വന്തം മണ്ഡലമായ പത്തനാപുരത്തു വച്ചു കാറിനു സൈഡ് കൊടുക്കാതിരുന്ന തര്‍ക്കത്തിനിടെ ഗണേഷ് മകനെ അടിക്കുകയും തന്നോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ പരാതി. ആ വിഷയത്തില്‍ ജോര്‍ജ് സംസാരിച്ചത് ഗണേഷ് കുമാറിന്റെ പക്ഷത്തുനിന്നുകൊണ്ടാണ്. പിന്നീട് ഈ കേസ് ഒത്തുതീര്‍ത്ത് ഗണേഷ് ഖേദം പ്രകടിപ്പിച്ചു. ജോര്‍ജിനു മിണ്ടാട്ടം മുട്ടി. 

എസ്.എന്‍.ഡി.പിക്ക് എതിരെ
 എസ്.എന്‍.ഡി.പി നേതാക്കളെ അധിക്ഷേപിച്ചതും പട്ടികജാതിക്കാരെ അവഹേളിച്ചതും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പി.സി. ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലേക്ക് എസ്.എന്‍.ഡി.പി യോഗവും ദളിത് സംഘടനകളും മാര്‍ച്ച് നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com