പോരാട്ടങ്ങളുടെ കുരിശുമാര്‍ഗം 

കന്യാസ്ത്രീകളുടെ സമരത്തോടൊപ്പം ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സ്റ്റീഫന്‍. ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നിരാഹാര സമരം നയിച്ചിരുന്ന സ്റ്റീഫന്‍ നടത്തിയ ജീവിതസമരങ്ങളും അനുഭവസാക്ഷ്യങ്ങളും.  
സ്റ്റീഫന്‍ നിരാഹാര സമരത്തില്‍
സ്റ്റീഫന്‍ നിരാഹാര സമരത്തില്‍

ഴവൂര്‍ അരീക്കര വെള്ളാംതടത്തില്‍ അന്നമ്മയുടേയും പരേതനായ മാത്യുവിന്റേയും പത്തുമക്കളില്‍ എട്ടാമനു വയസ്സിപ്പോള്‍ 48. ഈ വയസ്സിന്റെ നേര്‍പകുതിയില്‍വച്ചുമാത്രം തന്നെക്കുറിച്ചും മറ്റു മനുഷ്യരെക്കുറിച്ചും പുതിയ തിരിച്ചറിവുകള്‍ നേടിയ സ്റ്റീഫന്‍ മാത്യുവിന്റെ കാര്യമാണ് പറയുന്നത്. ആ അറിവുകൊണ്ട് ജീവിതത്തെ പുതുക്കിപ്പണിതതാണ് ഈ സാധാരണ മനുഷ്യന്‍ അസാധാരണമായി ചെയ്ത കാര്യം. കൊച്ചിയില്‍ നടന്ന വലിയൊരു സമരത്തിന്റെ ജീവനാഡികളിലൊന്നായി മാറിയത് അതിന്റെ തുടര്‍ച്ച. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍ നടന്ന 14 ദിവസത്തെ നിരാഹാര സമരത്തില്‍ മുഴുവന്‍ ദിവസങ്ങളും നിരാഹാരത്തിലായിരുന്ന ഒരേയൊരാള്‍. സമരപ്പന്തലിലും പിന്നീട് ആശുപത്രിയിലും ഒരേ നില; ഫ്രാങ്കോയുടെ അറസ്റ്റ് സ്ഥിരീകരിക്കുന്നതു വരെ.

കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും ഇടയിലെ പുതുവേലിയില്‍ പച്ചപ്പുമാത്രം നിറഞ്ഞ പുരയിടത്തില്‍ ഒറ്റമുറി വീട്ടിലാണ് സ്റ്റീഫന്റെ താല്‍ക്കാലിക വാസം. അടുത്തുതന്നെ സഹോദരങ്ങളുള്‍പ്പെടെ അടുത്ത ബന്ധുക്കളുണ്ട്. ക്രൈസ്തവസഭയുടെ നവീകരണത്തിനു പല തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായ ജീവിതം. വിവാഹിതനല്ല. അതെടുത്തു പറയാന്‍ കാരണമുണ്ട്. വിവാഹം ചെയ്താലോ എന്ന് ഇടയ്‌ക്കൊരു ആലോചന വന്നിരുന്നു. പക്ഷേ, നാട്ടുനടപ്പനുസരിച്ച് പെണ്ണന്വേഷിക്കുകയോ പ്രണയിക്കുകയോ അല്ല ചെയ്തത്. നേരേ എറണാകുളത്തു ചെന്നു പത്രസമ്മേളനം നടത്തി, ''കന്യാസ്ത്രീമഠത്തിലെ ജീവിതം മടുത്തു തിരിച്ചുവന്ന സ്ത്രീയെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന സത്യക്രിസ്ത്യാനിയാണ് ഞാന്‍'' എന്ന് അറിയിച്ചു. ആരും മുന്നോട്ടു വരാത്തതുകൊണ്ട് കന്യാസ്ത്രീകളെല്ലാം ഭദ്രവും സംതൃപ്തവുമായ ജീവിതമാണ് നയിക്കുന്നതെന്ന് ആശ്വസിച്ച് വീട്ടിലിരുന്നില്ല. അതുകൊണ്ടാണ് ബിഷപ്പിന്റെ പീനത്തിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ദുരവസ്ഥ പെട്ടെന്നു തിരിച്ചറിഞ്ഞത്; അവര്‍ക്കു നീതിതേടി സമരം തുടങ്ങിയതും. 

എട്ടു വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്ത സ്റ്റീഫന് അവിടെ അറസ്റ്റും മര്‍ദ്ദനവും ജയില്‍ ജീവിതവുമുണ്ടായി; തിരിച്ചു വിമാനം കയറ്റിവിട്ടു. ഖുര്‍ആന്റെ മലയാളം പരിഭാഷ വായിച്ചു മനസ്സിലാക്കിയ സത്യങ്ങളില്‍നിന്നു പ്രവാചകന്റെ നാടും സര്‍ക്കാരും വളരെ ദൂരെയാണെന്നു നോട്ടീസ് അടിച്ചു വിതരണം ചെയ്തതായിരുന്നു കുറ്റം. വല്ല കാര്യവുമുണ്ടായിരുന്നോ എന്ന ചോദ്യം ഇതിനകം പലവട്ടം കേട്ടുകഴിഞ്ഞതാണ്. അതിനു വിശദമായ മറുപടി ഇങ്ങനെ- ''മനസ്സാക്ഷിയുടെ തള്ളിച്ചയില്‍നിന്നു പിന്നോട്ടു പോകാന്‍ എനിക്കു കഴിയില്ല.'' അതേ മനസ്സാക്ഷിയുടെ തള്ളിച്ചയില്‍ ഒരു രാത്രി മുഴുവന്‍ കോട്ടയം നഗരത്തിലൂടെ നടന്ന് സിസ്റ്റര്‍ അഭയയ്ക്കുവേണ്ടി കോട്ടയം രൂപതയ്ക്കെതിരെ പോസ്റ്ററൊട്ടിച്ചിട്ടുണ്ട്; ഉഴവൂര്‍ ഫൊറോനാ പള്ളിയിലെ പെരുന്നാളിന് ഒറ്റയാള്‍ പദയാത്ര നടത്തിയിട്ടുണ്ട്, പല സമരങ്ങളിലും ഇടപെട്ടിട്ടുണ്ട്. കന്യാസ്ത്രീയുടെ ബന്ധുക്കളെ കാത്തുനില്‍ക്കാതെ കൊച്ചിയിലെ സമരത്തിലേക്കിറങ്ങാന്‍ സ്റ്റീഫനോട് പറഞ്ഞ അമ്മയായും ഒറ്റയാള്‍ സമരങ്ങളില്‍നിന്നു സംഘടനയുടെ കുടക്കീഴിലേക്ക് വഴിതിരിച്ചുവിട്ട സുഹൃത്ത് ജോര്‍ജ് ജോസഫായുമൊക്കെ ആ മനസ്സാക്ഷി വേഷംമാറി വരുമെന്നു മാത്രം. 

വൈകിത്തുടങ്ങിയ 
വേവലാതി

''2008-ല്‍ രണ്ട് വൈദികന്മാരേയും കന്യാസ്ത്രീയേയും സി.ബി.ഐ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പേതന്നെ എന്റെ മനസ്സിലെ വലിയ കനലായിരുന്നു അഭയയുടെ മരണം. പക്ഷേ, അഭയ മരിക്കുന്ന കാലത്ത്, 1992-ല്‍ പത്രത്തില്‍ വായിച്ചുവെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിരുന്നില്ല. ശരിക്കും പറഞ്ഞാല്‍ ഒരു ധാര്‍മ്മികരോഷം എന്റെ മനസ്സില്‍ ഉണ്ടായിട്ടില്ല. അന്ന് ഇതിലും വലിയ പ്രശ്‌നങ്ങളില്‍ എന്റെ കുടുംബം നില്‍ക്കുകയായിരുന്നു. ആ കാലത്തുതന്നെയാണ് എന്റെ അപ്പനും മരിക്കുന്നത്. പിന്നീട് 1994-ല്‍ ഗള്‍ഫില്‍ പോയശേഷമാണ് പലതും ചിന്തിക്കാന്‍ തുടങ്ങിയത്. എല്ലാവരും ഗള്‍ഫില്‍ പോയാല്‍ കഷ്ടപ്പെടുന്ന കാര്യമാണ് പറയുന്നതെങ്കിലും ഞാന്‍ അവിടെ പോയിക്കഴിഞ്ഞാണ് ശരിക്കും സ്വസ്ഥമായത്. നാട്ടിലും വീട്ടിലും എപ്പോഴും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളില്‍ പ്രയാസത്തിലായിരിക്കും. അവിടെ ഭക്ഷണവും താമസവുമൊക്കെ കിട്ടുന്നു, യാത്രയ്ക്കുവണ്ടി കിട്ടുന്നു. സൗദിയിലെ എട്ടു വര്‍ഷത്തില്‍ ഏറെയും എനിക്ക് സുഖമായിരുന്നു. റിഫൈനറിയില്‍ പൈപ്പിംഗ് ഫാബ്രിക്കേഷന്‍ ജോലിയായിരുന്നു. കൊച്ചി അമ്പലമുകളില്‍ ജോലി ചെയ്യുമ്പോഴാണ് സൗദിയില്‍ കിട്ടുന്നത്.

ലോകത്തെക്കുറിച്ചു ചിന്തിക്കാന്‍ ആദ്യമായി അവസരം കിട്ടുന്നത് അവിടെ വച്ചാണ്. ബൈബിള്‍ പഠിക്കാന്‍ വേണ്ടി വായിക്കുന്നതും അവിടെവച്ചുതന്നെ. അപ്പോഴെനിക്ക് ഭയങ്കര കൗതുകം തോന്നി. പിന്നെ ഖുര്‍ആനിന്റെ മലയാളം വായിക്കാന്‍ തുടങ്ങി. അതോടെ ആകാംക്ഷ വര്‍ദ്ധിച്ചു. മതങ്ങള്‍ എന്റെ മനസ്സില്‍ കുട്ടിക്കാലം മുതല്‍ പ്രത്യേകമായൊരു സ്ഥാനത്തായിരുന്നു. പിന്നീടു സഭാ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമൊക്കെയായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പരിചയപ്പെട്ടപ്പോള്‍ അവരില്‍ വലിയൊരു വിഭാഗം മിക്കവാറും മധ്യവയസ്സ് വരെ പള്ളിയുടെ ഭക്തരും പള്ളിക്കുവേണ്ടി ജീവിച്ചവരും പിന്നീടൊരു തിരിച്ചറിവ് വന്നവരുമാണ്. ഞാന്‍ 15, 16 വയസ്സില്‍ത്തന്നെ, പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ മാറിച്ചിന്തിക്കാന്‍ ശ്രമിച്ചിരുന്നു. പ്രാര്‍ത്ഥന എന്താണ് പ്രവൃത്തി എന്താണ്, ബൈബിളില്‍ പറയുന്നതാണോ ക്രിസ്ത്യാനികളുടെ ജീവിതം എന്ന ഒരു തലത്തിലേക്ക് എന്റെ ചിന്ത എങ്ങനെയോ ഉടക്കി. എങ്ങനെയോ എന്നേ പറയാന്‍ പറ്റു; എനിക്കറിയില്ല എങ്ങനെയാണെന്ന്. ആ പ്രായം സണ്‍ഡേ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കൂടി കാലഘട്ടമാണ്, പുറത്തേക്കൊന്നും കടക്കാനോ ചിന്തിക്കാനോ അവസരമില്ല. അമ്മയും അച്ഛനും ഞങ്ങള്‍ പത്തു മക്കളും വിശ്വാസികളായിരുന്നു, ഇപ്പോഴുമതെ. ഇപ്പോഴും അമ്മയുണ്ട്. ഒരു ദിവസം ഞാന്‍ വീട്ടില്‍ത്തന്നെ ചോദിച്ചു: ബൈബിളില്‍ പറയുന്നതിനു നേരെ വിപരീതമാണല്ലോ പള്ളികളിലും വീടുകളിലും ആചരിക്കുന്നത് എന്ന്. ഒരു തിരിച്ചറിവു കിട്ടിയപ്പോള്‍ ഉന്നയിച്ചുപോയ സംശയമായിരുന്നു. സ്വാഭാവികമായിട്ടും വഴക്കാണു കിട്ടിയത്. കുട്ടികള്‍ മുതിര്‍ന്നവരെ ചോദ്യം ചെയ്യാറായോ, സഭയുടെ വിശ്വാസത്തെ ചോദ്യം ചെയ്യാറായോ എന്ന മട്ടിലായിരുന്നു പ്രതികരണം. അതുകൊണ്ടുതന്നെ ഞാനങ്ങു നിശ്ശബ്ദനുമായി. ഒരു സംശയം പിന്നെയും മനസ്സില്‍ കിടന്നെന്നു മാത്രമേയുള്ളൂ.
സൗദിയിലെ ഇടവേളകളില്‍ ബൈബിള്‍ വായിച്ചപ്പോഴാണ് ഒരുപാടു സത്യങ്ങള്‍, ഞെട്ടിക്കുന്ന സത്യങ്ങള്‍ മനസ്സിലായത്. ബൈബിളില്‍ പറയുന്നതിനു നേര്‍വിപരീതമായാണ് സഭ പഠിപ്പിക്കുന്നത്. സത്യത്തില്‍ ആ ചെയ്യുന്നതു വിശ്വാസവഞ്ചനയാണല്ലോ എന്നും തോന്നി. വേറൊരു മതത്തെക്കൂടി പഠിക്കാനാണ് ഖുര്‍ആന്‍ വായിച്ചത്. അതും ഇതുതന്നെ. ഖുര്‍ആനിലെ പരമസത്യങ്ങള്‍ അവഗണിക്കപ്പെടുന്നു. മതത്തില്‍ ദൈവത്തിനല്ല ഒന്നാം സ്ഥാനം, അതാതുകാലത്തെ ഭരണാധികാരിക്കോ നേതാവിനോ പോപ്പിനോ, ഇടവകയാണെങ്കില്‍ വികാരിക്കോ ഒക്കെയാണ്. ഈ ഇടവകയില്‍ യേശു കയറിച്ചെന്നാല്‍ ഒരു വിലയുമില്ല. തിരിച്ചറിവുകള്‍ ചെറിയ കുറിപ്പായി എഴുതിത്തുടങ്ങി. എഴുതിവന്നപ്പോള്‍ നൂറ്റമ്പതോളം പേജുകളുള്ള പുസ്തകമായി. പൗരോഹിത്യ ഈശ്വരവാദത്തിന് എതിരെ യഥാര്‍ത്ഥ ഈശ്വരവാദത്തേക്കുറിച്ചാണ് കൂടുതലായും എഴുതിയത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പൗരോഹിത്യ ഈശ്വരവാദത്തിന്റെ യുക്തിയില്ലായ്മ മനസ്സിലാക്കുന്നവരൊക്കെ നേരെ നിരീശ്വരവാദത്തിലേക്കാണ് പോകുന്നത്. പുരോഹിതന്റെ അസംബന്ധം കേട്ടിട്ട് ദൈവത്തെ തള്ളിപ്പറയുന്ന പ്രവണതയുണ്ട് മനുഷ്യന്. 

ആ പുസ്തകം എഴുതാന്‍ എനിക്ക് ഇഷ്ടംപോലെ സമയം കിട്ടി. ഗള്‍ഫില്‍ കഴിയുന്നവരൊക്കെ കഴിയുന്നത്ര ഓവര്‍ടൈം ജോലി ചെയ്യുന്നവരാണ്. പക്ഷേ, ഞാന്‍ നേരേ വിപരീതമായിരുന്നു. കരാറില്‍ പറയുന്ന എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്തു. പണം വേണ്ടേ, പണമുണ്ടാക്കാനല്ലേ വന്നിരിക്കുന്നത് എന്നു പലരും ചോദിച്ചു. ഞാനിവിടെ വന്നത് പണത്തിനാണെന്നു നിങ്ങളോടാരാ പറഞ്ഞത് എന്നു തിരിച്ചു ചോദിക്കുകയാണ് ചെയ്തത്. ആ എട്ടു വര്‍ഷവും ഞാനൊരു ബാങ്ക് അക്കൗണ്ട് പോലും തുറന്നിരുന്നില്ല. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പരിചയപ്പെടുന്ന ആര്‍ക്കാണെങ്കിലും പണം അത്യാവശ്യമുള്ളവര്‍ക്ക് കൊടുക്കും. ചിലര്‍ തിരിച്ചുതരും, ചിലര്‍ തരില്ല. അന്നും ഇന്നും പണത്തിന് അമിത പ്രാധാന്യമില്ല ജീവിതത്തില്‍. സൗദിയില്‍നിന്നു തിരിച്ചുവന്നപ്പോഴേയ്ക്കും ജീവിതമൊന്നു സംസ്‌കരിക്കപ്പെട്ടിരുന്നു എന്നു പറയാം. മനുഷ്യന്റെ സ്വാതന്ത്ര്യം, അവകാശം, നീതിബോധം ഇത്രയും കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലോകത്തെവിടെയായാലും ഞാന്‍ ജീവിക്കുക. അതിന്റെ ഭാഗമായി അവിടെ പലതിനോടും പ്രതികരിക്കേണ്ടിവന്നു. അവിടെ ജോലി ചെയ്യുന്നതിന്റെ ആദ്യ കരാര്‍ തീര്‍ന്നപ്പോഴത്തെ അനുഭവം ഒരു ഉദാഹരണമാണ്. കരാര്‍ തീര്‍ന്നതുകൊണ്ട് ഞാന്‍ ജോലിക്കു പോകാതെ മുറിയില്‍ കഴിഞ്ഞു. സൂപ്പര്‍വൈസറോടു നേരത്തേ ഞാന്‍ പറഞ്ഞിരുന്നു എന്റെ കരാര്‍ കാലാവധി കഴിയുന്ന കാര്യം. പുതുക്കാത്തതിന്റെ പേരില്‍ ജോലിക്കെത്താത്തത് ചോദ്യം ചെയ്യപ്പെട്ടു; ഞാന്‍ എന്റെ നിലപാട് അറിയിച്ചു. കരാര്‍ പുതുക്കാതെ ജോലി ചെയ്യാന്‍ പറ്റില്ല. അതൊരു ഗുരുതരമായ അച്ചടക്ക ലംഘനമായാണ് കമ്പനി കണ്ടത്. നിങ്ങളാണ് നിയമലംഘനം നടത്തുന്നതെന്നു ഞാന്‍ കമ്പനി അധികൃതരോട് പറഞ്ഞു. കരാര്‍ പുതുക്കാതെ ജോലിയില്‍ തുടരുന്നത് ഗവണ്‍മെന്റ് കണ്ടെത്തിയാല്‍ പല നിയമപ്രശ്‌നങ്ങളുമുണ്ടാകാം. ഒരു അപകടമുണ്ടായാല്‍പോലും പ്രശ്‌നമാകും. ഏതായാലും കരാര്‍ പുതുക്കിത്തന്നു.

നീയാരാണ്? 
സൗദിയില്‍ അറസ്റ്റിലായത് ഞാന്‍ തീരുമാനിച്ചു ചെയ്ത ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. ഖുര്‍ആന്‍ വായിച്ചിട്ട് 1996-ല്‍ ആദ്യമായി നാട്ടില്‍ വരുമ്പോള്‍ത്തന്നെ ഈ പറഞ്ഞ രീതിയിലൊരു മനപ്പരിവര്‍ത്തനം വന്നിരുന്നു. ഖുര്‍ആനെ അടിസ്ഥാനമാക്കി ഞാനൊരു കുറിപ്പ് തയ്യാറാക്കി. അതിന്റെ അറബി പരിഭാഷ ചെയ്തു കിട്ടാന്‍ കുറേപ്പേരെ സമീപിച്ചു. ഒടുവില്‍ പ്രൊഫ. സി. ഉമ്മറാണ് ചെയ്തു തന്നത്. പലപ്പോഴായി കുറേശ്ശേ പകര്‍പ്പുകളെടുത്തിട്ട് 2001 ഡിസംബറില്‍ പെരുന്നാളിനു ഈദ്ഗാഹിലൊക്കെ എത്തിയവര്‍ക്കു വിതരണം ചെയ്തു. 'ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം യഥാസ്ഥാനപ്പെടുത്തുക' എന്നായിരുന്നു മലയാളത്തില്‍ അതിന്റെ തുടക്കം. അതാണ് മുഹമ്മദ് നബി ചെയ്തത്. ഇന്നു വീണ്ടുമൊരിക്കല്‍ക്കൂടി നബി അവിടെ വന്നാല്‍ അദ്ദേഹം സ്ഥാപിച്ചതൊന്നും അവിടെ ഇല്ലെന്നു മാത്രമല്ല അതിനു കടകവിരുദ്ധമായിട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നും മനസ്സിലാകും എന്നു ഞാന്‍ കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. ''രാജഭരണം ഇസ്ലാമിനെതിരാണ്, അല്ലാഹുവിനു പുറമേ അമേരിക്കയെപ്പോലുള്ള അക്രമികളെക്കൂടി നിങ്ങള്‍ രക്ഷകരായി സ്വീകരിച്ചിരിക്കുന്നു, ദൈവമല്ലാതെ ആരാധ്യനില്ല എന്ന സത്യവാചകം സ്വീകരിച്ച ദൈവത്തിന്റെ അടിമകളെ അക്രമികള്‍ കൊന്നപ്പോള്‍ നിങ്ങള്‍ കൂട്ടുനിന്നു'' തുടങ്ങിയ വിമര്‍ശനങ്ങളാണ് രണ്ടു പേജോളം വരുന്ന ആ കുറിപ്പില്‍ ഉണ്ടായിരുന്നത്.

സ്റ്റീഫന്‍ മാത്യു
സ്റ്റീഫന്‍ മാത്യു

പലരും എന്നെ നിരുല്‍സാഹപ്പെടുത്തി; സൗദിയില്‍ അത് വിതരണം ചെയ്താല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ചെറുതായിരിക്കില്ല എന്നു താക്കീത് ചെയ്തു. എറണാകുളം മഹാരാജാസ് കോളജിലെ അന്നത്തെ അറബി വകുപ്പ് മേധാവി എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, താങ്കളിതും കൊണ്ട് അങ്ങോട്ടു പോകരുത് എന്ന്. ഇത് കേരളത്തിലിരുന്നു പരിഭാഷപ്പെടുത്തിത്തരാന്‍പോലും പേടി തോന്നുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ഒരാള്‍ക്കും സംശയമില്ലായിരുന്നു. പക്ഷേ, അത് സൗദിയില്‍ പോയി പറഞ്ഞാല്‍ ഉണ്ടാകുന്ന കുഴപ്പത്തേക്കുറിച്ചാണ് പേടിച്ചത്. സത്യം പറയാന്‍ പേടിക്കേണ്ട എന്നായിരുന്നു എന്റെ തീരുമാനം. ഒടുവിലാണ് ഉമ്മര്‍ സാറിന്റെ അടുത്തെത്തിയത്. അദ്ദേഹം വിലക്കിയില്ല. അതു തിരിച്ചു സൗദിയിലേക്കു കൊണ്ടുപോയതുതന്നെ വലിയ റിസ്‌കായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയില്‍ എന്റെ മുന്നില്‍നിന്ന ആളുടെ കൈയിലെ കത്ത് വരെ പൊട്ടിച്ചു പരിശോധിച്ചിരുന്നു. ഞാനൊരു സുഹൃത്തിന്റെ വിലാസം കവറിലെഴുതി അതിലിട്ട് അയാള്‍ക്കു കൊടുക്കാന്‍ കൊണ്ടുപോകുന്ന കത്താണെന്ന മട്ടിലാണ് കൊണ്ടുപോയത്. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച രണ്ട് മൂന്ന് ഇസ്ലാമിക പുസ്തകങ്ങളും കൈയില്‍ കരുതിയിരുന്നു. അതിലൊന്നിന്റെ അകത്താണ് കവര്‍ വച്ചത്. പുസ്തകം മറിച്ചുനോക്കി സംശയം തോന്നാതിരുന്നതുകൊണ്ട് കവര്‍ തുറന്നു നോക്കിയില്ല. 

ആ കാലത്ത് വീട്ടില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതുകൊണ്ട് വിതരണം ചെയ്യാന്‍ വൈകി. അതു വായിച്ച ഒരു അറബി പെട്ടെന്നു രക്ഷപ്പെട്ടോളാന്‍ എന്നോടു പറഞ്ഞു. ഉറപ്പായും പൊലീസ് പിടിക്കും, അതിനു മുന്‍പ് രക്ഷപ്പെട്ടോളൂ എന്ന്. അയാള്‍ക്ക് എന്നോട് അനുഭാവമായിരുന്നു എന്നു തോന്നുന്നു; അല്ലെങ്കിലും സാധാരണക്കാര്‍ എപ്പോഴും സത്യത്തിന് അനുകൂലമായിരിക്കുമല്ലോ. പക്ഷേ, ഞാന്‍ അവിടെത്തന്നെ നിന്നു. പത്തു മിനിറ്റിനുള്ളില്‍ പൊലീസ് വന്നു കൊണ്ടുപോയി. അര മണിക്കൂറോളം മാത്രമാണ് സ്റ്റേഷനില്‍ ഇരുത്തിയത്. അതുകഴിഞ്ഞ് ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറി. എട്ടുപത്ത് ദിവസത്തോളം അവരുടെ കസ്റ്റഡിയിലായിരുന്നു. ആദ്യത്തെ രണ്ടു ദിവസം ഭയങ്കരമായി തല്ലി. ഏതോ തീവ്രവാദി ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഈ കുറിപ്പെന്നും അതു വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ഒരു കണ്ണി മാത്രമാണ് ഞാനെന്നുമായിരുന്നു അവരുടെ സംശയം. പിന്നില്‍ ആരാണെന്നു കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ആരും ഇല്ലെന്നു പറഞ്ഞപ്പോഴായിരുന്നു മര്‍ദ്ദനം. രണ്ടു ദിവസം തല്ലിയപ്പോള്‍ നിരാഹാരം കിടന്നു. അവിടെയാണ് ആദ്യമായി നിരാഹാരം കിടന്നത്. ഏതായാലും തല്ലു നിന്നു. പിന്നെ നാലു ദിവസം ഞാന്‍ താമസിച്ചിരുന്ന ലേബര്‍ ക്യാമ്പില്‍ സ്വതന്ത്രനാക്കി വിട്ടു. ആ സമയത്ത് 'കാസര്‍ഗോഡ് എംബസി'യുടെ ആളുകള്‍ വരെ സമീപിച്ച് രക്ഷപ്പെടാന്‍ സഹായം വാഗ്ദാനം ചെയ്തു. അത് സ്വീകരിക്കാതിരുന്നതിനു രണ്ട് കാരണങ്ങളുണ്ടായിരുന്നു.

''ഒന്നാമതായി അവര്‍ നിരീക്ഷിക്കുന്നുണ്ടാകുമെന്ന് ഉറപ്പ്. പിന്നെ, ഞാന്‍ ഓടി രക്ഷപ്പെടാനായിരുന്നെങ്കില്‍ ഇതൊന്നും ചെയ്യേണ്ട കാര്യമില്ലായിരുന്നല്ലോ.'' പൊലീസ് വീണ്ടും കസ്റ്റഡിയിലേക്ക് മാറ്റുകയും മലയാളിയായ സഹപ്രവര്‍ത്തകന്‍ ഷംസുദ്ദീനെ പരിഭാഷകനാക്കി ചോദ്യം ചെയ്യല്‍ തുടരുകയും ചെയ്തു. കുറിപ്പിലെ ഓരോ കാര്യങ്ങളും വായിക്കുക, അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ചോദിക്കുക എന്ന രീതിയിലായിരുന്നു ചോദ്യം ചെയ്യല്‍. എല്ലാ ദിവസവും ഷംസുദ്ദീന്‍ വരും. അവര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കും. ഉദാഹരണത്തിന്, മുഹമ്മദ് നബിയെക്കുറിച്ച് നിങ്ങള്‍ക്ക് എവിടുന്നു വിവരം കിട്ടി എന്ന് ഒരു ചോദ്യം. ഖുര്‍ആനില്‍നിന്ന് എന്നു മറുപടി. എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഖുര്‍ആന്‍ ഉദ്ധരിച്ചാണ് മറുപടി നല്‍കിയത്. ഒമ്പതാം ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും തീര്‍ന്നപ്പോള്‍ അവരുടെ മേധാവി എന്റെ കൈയില്‍ പിടിച്ച് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍പ്പിച്ചു. ''ഖുര്‍ആന്‍ മനസ്സിലാക്കി ജീവിക്കുന്നയാള്‍ ദൈവം കല്‍പ്പിച്ച നമസ്‌കാരവും നിര്‍വഹിക്കണം, താങ്കളതൊന്നു ചെയ്യൂ'' എന്ന് ആവശ്യപ്പെട്ടു. അതിനും മറുപടി ഖുര്‍ആന്‍ തന്നെയായിരുന്നു: ''മതകാര്യങ്ങളില്‍ ബലപ്രയോഗം പാടില്ല.'' പിന്നീട് ചോദ്യങ്ങളൊന്നുമുണ്ടായില്ല. മൂന്നു മാസത്തോളം തടവ്. അതിനിടയില്‍ ഒരു ദിവസം പോലും കോടതിയില്‍ ഹാജരാക്കിയില്ല. തല മൊട്ടയടിച്ചു. പല ആംഗിളില്‍ നിരവധി ഫോട്ടോകളെടുക്കുകയും പല രേഖകളില്‍ വിരലടയാളം പതിപ്പിക്കുകയുമൊക്കെ ചെയ്തു. ഇടയ്ക്കൊരു ദിവസം അവര്‍ പറഞ്ഞു, മാപ്പെഴുതി കൊടുത്താല്‍ വിട്ടയയ്ക്കാം. എന്റെ തെറ്റെന്താണെന്ന് ഞാന്‍; ചെയ്തതു മുഴുവന്‍ തെറ്റാണെന്ന് സൗദി പൊലീസ്.

സൗദിയിലെ നിയമവ്യവസ്ഥയനുസരിച്ചുള്ള ശിക്ഷ സ്വീകരിക്കാനുള്ള സന്നദ്ധതയും ഞാനവരെ അറിയിച്ചു. പക്ഷേ, ഒരു അഭ്യര്‍ത്ഥനയുണ്ട്. എന്റെ പേരില്‍ സഹപ്രവര്‍ത്തകരേയോ ജീവിക്കാന്‍ ഇവിടെ വന്നിരിക്കുന്ന മറ്റു മലയാളികളെയോ ബുദ്ധിമുട്ടിക്കരുത്. പിന്നെ അവര്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ അഡ്മിനിസ്ട്രേറ്റര്‍ രഘുവിനെ കൊണ്ടുവന്നു. അയാളെക്കൊണ്ട് പരമാവധി പറയിച്ചു. അവര്‍ക്കൊരു മാപ്പപേക്ഷ മതി. ഈ കേസ് അവസാനിപ്പിക്കാനാണ്. എനിക്കു പിന്നില്‍ മറ്റാരുമില്ലെന്നും തീവ്രവാദ ലക്ഷ്യങ്ങളില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞിരുന്നു. രഘു എന്നോടു കുറേ തട്ടിക്കയറി. ''നീയെന്തിനാണിവിടെ വന്നത്, ജോലിക്കല്ലേ, ജോലി ചെയ്യാന്‍ വന്നവന്‍ ജോലി ചെയ്യണം, ഞങ്ങളെല്ലാവരും ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ നീ അറബികളെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ'' എന്നിങ്ങനെ. ഞാന്‍ ചെയ്തതെല്ലാം തെറ്റാണെന്നു സാറിനു തോന്നുന്നെങ്കില്‍ ഇവിടുത്തെ ഗവണ്‍മെന്റിന്റെ ശിക്ഷയുടെ കൂടെ കമ്പനിയുടെ ശിക്ഷ കൂടി തന്നേക്കു എന്നാണ് എല്ലാം കേട്ടിട്ട് പ്രതികരിച്ചത്. രഘു അപ്പോള്‍ മനസ്സു തുറന്നു. ''നിന്റെ ഈ അവസ്ഥയിലുള്ള സങ്കടംകൊണ്ടാണ് പറയുന്നത്. ഞങ്ങള്‍ക്കിതു കണ്ടിരിക്കാന്‍ വയ്യ.'' പിന്നെയും ആഴ്ചകള്‍ കഴിഞ്ഞ് ഒരു ദിവസം ജയില്‍ അധികൃതര്‍ പറഞ്ഞു, നാളെ നിന്നെ നാട്ടിലേക്ക് അയയ്ക്കുകയാണ്. ലേബര്‍ ക്യാമ്പില്‍നിന്നു ബാഗും സാധനങ്ങളും അന്ന് എത്തിച്ചു. പിറ്റേന്നു രാവിലെ പൊലീസ് വണ്ടിയില്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ എത്തിച്ച് നേരേ വിമാനത്തില്‍ കയറ്റി. 2002 മാര്‍ച്ചിലായിരുന്നു അത്. സൗദി ജീവിതത്തിന് അന്ത്യം.

അഭയയുടെ സഹപാഠി
ചെയ്തതിനോടൊന്നും സ്വാഭാവികമായും വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. സൗദിയിലായിരുന്ന ഒരു ചേട്ടന്‍ നാട്ടില്‍വന്ന സമയം നോക്കിയാണ് നോട്ടീസ് വിതരണം ചെയ്തത്. ബന്ധത്തിന്റെ പേരില്‍ ചേട്ടനെക്കൂടി പൊലീസ് പിടിച്ചാലോ എന്നു ഭയന്നതുകൊണ്ട് തല്‍ക്കാലം തിരിച്ചു വരേണ്ട എന്ന് അറിയിച്ചിരുന്നു. ചേട്ടന്‍ പിന്നീട് ഷാര്‍ജയില്‍ ജോലി കിട്ടി പോയി. ഇപ്പോള്‍ താമസിക്കുന്നതിന്റെ അടുത്തുതന്നെ മറ്റൊരു ചേട്ടന്റെ വീടുണ്ട്. അവിടെയാണ് അമ്മ. ഒരു വര്‍ഷം മുന്‍പു വരെ ഞാന്‍ അമ്മയുടെ കൂടെ കുടുംബ വീട്ടിലായിരുന്നു. ഇടയ്ക്കു കുറച്ചുകാലം സൗദിയില്‍നിന്ന് അവധിയെടുത്തു നാട്ടില്‍ വന്നുനിന്നതും അമ്മയെ നോക്കാന്‍ ആരുമില്ലാതെ വന്നപ്പോഴാണ്. 

ഈ പറമ്പ് ഞാനും ജോര്‍ജ് ജോസഫും ഒരു പെങ്ങളും ചേര്‍ന്നു വാങ്ങിയതാണ്. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച ജോര്‍ജ് ജോസഫുമായുള്ള സൗഹൃദത്തിനു വലിയ മതിപ്പാണ് നല്‍കുന്നത്. തിരുമാറാടിയില്‍ കുറച്ചു പാടവും വാങ്ങി. പറമ്പില്‍നിന്നും പാടത്തുനിന്നും നേരിട്ടു വരുമാനമില്ല. സ്വന്തം പറമ്പില്‍ ചെയ്യേണ്ടതൊക്കെ ചെയ്യും; മറ്റുള്ളവരുടെ പറമ്പില്‍ പണിക്കു വിളിച്ചാല്‍ പോവുകയും ചെയ്യും. ഇടയ്ക്കു കുറച്ചുകാലം ഇടുക്കി നെടുങ്കണ്ടത്ത് ഏലം ഗവേഷണ കേന്ദ്രത്തില്‍ സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തു. പാറമടയില്‍ പണിക്കുപോയി. നല്ല തെങ്ങുകയറ്റക്കാരനാണ്, ഒരു തെങ്ങില്‍ കയറുന്നതിനു നാല്‍പ്പതും അമ്പതും രൂപയൊക്കെ കിട്ടും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ ചെയ്യേണ്ട ജോലികള്‍ക്കു പോകുന്നത് നിര്‍ത്തിയത് അമ്മയ്ക്കു സുഖമില്ലാതായപ്പോഴാണ്. 'പാര്‍ട്ട് ടൈം' ജോലിക്കു പോയാല്‍ ജീവിക്കാനുള്ള കാശും കിട്ടും അമ്മയെയും നോക്കാം. അങ്ങനെ പലപല ഉപജീവന മാര്‍ഗ്ഗങ്ങള്‍. ജോലി ചെയ്തുതന്നെയാണ് ജീവിക്കുന്നത്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയും സൗദി ഓര്‍മ്മകളെ അതിന്റെ വഴിക്കുവിട്ടും ജീവിക്കുന്നതിനിടയിലാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ട് അച്ചന്മാരേയും കന്യാസ്ത്രീയേയും സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. കോട്ടയത്തു പോയപ്പോള്‍ 'സി.ബി.ഐയെ ഞങ്ങള്‍ നേരിടും' എന്നൊരു പോസ്റ്റര്‍ കണ്ടു. കെ.സി.വൈ.എമ്മുകാര്‍ (കാത്തലിക് യൂത്ത് മൂവ്മെന്റ്) ചെയ്തതാണെന്നും സഭയിലെ കുറേ ചെറുപ്പക്കാരുടെ വികൃതിയാണെന്നും മനസ്സിലായി. ഇവിടുത്തെ നിയമസംഹിതയെ പണ്ടേ അംഗീകരിക്കാത്തവരാണ് ഇവരെന്ന് അറിയാം. ഇതുംകൂടി കണ്ടപ്പോള്‍ എനിക്ക് രോഷം അണപൊട്ടി. തിരിച്ചൊരു പോസ്റ്റര്‍ എഴുതി പ്രചരിപ്പിച്ചുകൊണ്ടാണ് രോഷം തീര്‍ത്തത്: 'അഭയ വധം; കൊലയാളികളെ പുറത്താക്കി കോട്ടയം രൂപതയെ രക്ഷിക്കുക.' എന്നെഴുതിയ പത്തുമുന്നൂറ്റന്‍പതു പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ ഒരു സുഹൃത്തിന്റെ ബൈക്കില്‍ കെ.കെ. റോഡില്‍ മണര്‍കാട് എത്തി. കോട്ടയം പട്ടണത്തീന്ന് അഞ്ചാറ് കിലോമീറ്റര്‍ ദൂരമുണ്ട്. സുഹൃത്തിനെ തിരിച്ചയച്ചിട്ട് രാത്രി ഒന്‍പതര മുതല്‍ നടന്ന് ഒട്ടിച്ചു. രാവിലെ ആറരയ്ക്ക് എം.സി. റോഡില്‍ കോട്ടയം പട്ടണത്തില്‍നിന്നു നാലഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള എസ്.എച്ച് മൗണ്ടില്‍ എത്തിയപ്പോഴാണ് തീര്‍ന്നത്. അതുകൊണ്ടു നിര്‍ത്തിയില്ല. 'കൊലയും കൂദാശയും' എന്ന തലക്കെട്ടില്‍ മൂവായിരം നോട്ടീസ് അച്ചടിപ്പിച്ചു വച്ചിരുന്നു. പോസ്റ്റര്‍ ഒട്ടിച്ചു വീട്ടില്‍ തിരിച്ചെത്തിയിട്ട് ഉറങ്ങാന്‍ കിടന്നില്ല. നോട്ടീസുമെടുത്ത് കോട്ടയത്തു പോയി. നാഗമ്പടം മൈതാനത്ത് ബി.എസ്.പി സംസ്ഥാന സമ്മേളനം നടക്കുകയായിരുന്നു. അതിനു വന്ന കുറേയാളുകള്‍ക്ക് കൊടുത്തു. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവര്‍ ഉണ്ടാകുമെന്നതുകൊണ്ട് അവരിലൂടെ കോട്ടയത്തിനു പുറത്തും എത്തിക്കാനാണ് ഉദ്ദേശിച്ചത്. സി.എസ്.ഐ വൈദികര്‍ ഉള്‍പ്പെടെ സമ്മേളനത്തിന് എത്തിയ പലരും കൂടുതല്‍ നോട്ടീസ് ചോദിച്ചുവാങ്ങി കൊണ്ടുപോയി. മാധ്യമങ്ങള്‍ ഈ പോസ്റ്ററും നോട്ടീസ് വിതരണവും വാര്‍ത്തയാക്കി. ചില പത്രങ്ങളില്‍ എന്റെ പടവും വന്നു. അതൊരു പ്രോത്സാഹനമായി, ഇത്രയും ചെയ്യാന്‍ പറ്റിയപ്പോള്‍. 

ആ ആവേശത്തില്‍ കുറച്ചു പോസ്റ്റര്‍കൂടി അച്ചടിപ്പിച്ചു. ഉഴവൂര്‍ ഫൊറോനാ പള്ളിയിലെ പെരുന്നാള്‍ അടുത്തു വരികയായിരുന്നു. പുറത്തുള്ള ഉഴവൂരുകാരൊക്കെ നാട്ടിലെത്തുന്നത് ഈ പെരുന്നാളിനാണ്. പാതിരാത്രിയില്‍ ആരും കാണാതെ ചെയ്തില്ലെങ്കില്‍ 'അവര്' വെച്ചേക്കില്ലെന്ന പേടിയുണ്ടായിരുന്നു. അതുകൊണ്ട് രാത്രിപ്പെരുന്നാള്‍ കഴിഞ്ഞു ജനമൊഴിഞ്ഞ നേരത്താണ് ഒട്ടിച്ചത്. ഉഴവൂര്‍ പള്ളിയുടെ കീഴിലുള്ള അഞ്ച് ഇടവകകളില്‍ക്കൂടി അന്നു രാത്രിതന്നെ നടന്നു പോസ്റ്ററൊട്ടിച്ചു. പ്രതികളുടെ അറസ്റ്റിനെ എതിര്‍ത്തവരുടെ പോസ്റ്റര്‍ അതിരൂപതാ ജാഗ്രതാ സമിതിയുടെ പേരിലായിരുന്നു, എന്റെ പോസ്റ്റര്‍ വിശ്വാസി ജാഗ്രതാ സമിതിയുടെ പേരിലും. അക്രമം ഭയന്നു പോസ്റ്റര്‍ ഒട്ടിച്ചത് രാത്രിയിലാണെങ്കിലും സഭയുടെ സംഘടിത ശക്തിയുടെ മുന്നില്‍ വിറങ്ങലിച്ചു മറഞ്ഞുനില്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ട് മുഴുവന്‍ പോസ്റ്ററുകളിലും എന്റെ പേരും സ്ഥലപ്പേരും ഫോണ്‍ നമ്പറും കൊടുത്തിരുന്നു. ഒരു പടികൂടി കടന്ന് അഭയ കേസിലെ സഭയുടെ നിലപാടിനെതിരെ പ്ലക്കാര്‍ഡ് എഴുതിപ്പിടിച്ച് പിറ്റേന്നു പെരുന്നാള്‍ പ്രദക്ഷിണം ഇറങ്ങി വരുന്ന വഴിയില്‍നിന്നു. ഉഴവൂര്‍ പള്ളി എസ്തപ്പാനോസ് പുണ്യവാളന്റെ പള്ളിയാണ്. അതുകൊണ്ട് ''വിശുദ്ധ എസ്തപ്പാനോസേ, കൊലയാളികളെ പുറത്താക്കി കോട്ടയം രൂപതയെ രക്ഷിക്കണേ'' എന്നായിരുന്നു പ്ലക്കാര്‍ഡ്. അതുപിടിച്ച് അഞ്ച് ഇടവകയില്‍ക്കൂടിയും ഒറ്റയ്ക്കു പദയാത്ര നടത്തിയശേഷമായിരുന്നു ആ നില്‍പ്പ്. ചിലരൊക്കെ പദയാത്രയില്‍ കൂടെ ചേര്‍ന്നെങ്കിലും കുറച്ചുദൂരം ചെന്നിട്ട് പിന്മാറി. പോയവഴിക്ക് പലരും അനുകൂലിച്ചും എതിര്‍ത്തും കമന്റുകളൊക്കെ വന്നു. ഏതായാലും ഉഴവൂര്‍ക്കല്ലേ പോണെ, എന്തേലും കിട്ടാതിരിക്കില്ല എന്ന് അര്‍ത്ഥം വച്ചു പറഞ്ഞവരുമുണ്ട്. അതൊരു സാഹസം തന്നെയായിരുന്നു. വൈകുന്നേരം അഞ്ചര വരെ പ്ലക്കാര്‍ഡും പിടിച്ച് ഒരേ നില്‍പ്പ്. ഒരാളും ഒന്നും ചെയ്തില്ല. ചിലരൊക്കെ അടുത്തെത്തി ഐക്യദാര്‍ഢ്യം ചെവിയില്‍ പറഞ്ഞിട്ടു പോവുകയും ചെയ്തു. എന്നെ കൊന്നാലും വേണ്ടുകേല എന്നങ്ങ് തീരുമാനിച്ചായിരുന്നു നില്‍പ്പ്. അഭയ എന്റെയൊരു സഹപാഠിയും കൂടിയായിരുന്നു. അരീക്കര സെന്റ് റോക്കീസ് യു.പി സ്‌കൂളിലാണ് ഞാനും ആ കുട്ടിയും പഠിച്ചത്. ഒരു ക്ലാസ്സിലല്ല, സ്‌കൂളില്‍. ഞങ്ങള്‍ താമസിച്ചിരുന്നത് മേലരീക്കരയിലും അവര് താഴത്തെ അരീക്കരയിലുമായിരുന്നു. ഞങ്ങള്‍ ഒരേ പ്രായമാണ്. പരിചയപ്പെട്ടിട്ടില്ലെങ്കിലും ഒരേ കാലത്ത് ഒരേ സ്‌കൂളിലാണ് പഠിച്ചത് എന്നതില്‍ സംശയമില്ല. ഒരേ ഡിവിഷനിലായിരുന്നോ എന്നു മാത്രമേ വ്യക്തമല്ലാതുള്ളൂ. അല്ലെങ്കില്‍ത്തന്നെ ഞങ്ങള്‍ ആമ്പിള്ളേരും പെമ്പിള്ളേരും തമ്മില്‍ വലിയ സംസാരമോ കൂട്ടോ ഒക്കെ കുറവായിരുന്നു. ഞാനാണെങ്കില്‍ ഒരു പെങ്കൊച്ചിനോടും സംസാരിക്കുകേമില്ലായിരുന്നു.

പെരുന്നാളിലെ പോസ്റ്ററും കൂടി ശ്രദ്ധിക്കപ്പെട്ടതോടെ ഉഴവൂര്‍ കേന്ദ്രീകരിച്ച് കത്തോലിക്കാ സഭയില്‍ വിഭാഗീയത എന്ന തലക്കെട്ടില്‍ പത്രത്തില്‍ വാര്‍ത്ത വന്നതോര്‍ത്ത് പൊട്ടിച്ചിരിക്കാനാ തോന്നുന്നത്. എവിടെ വിഭാഗീയത? ഒരാള്, ഒരൊറ്റയാള്‍ ചെയ്ത പരിപാടിയാ അതു മുഴുവന്‍. പക്ഷേ, ഭൂരിപക്ഷം വിശ്വാസികളുടേയും ഉള്ളില്‍ ബോധമുണ്ടെന്നും പലവിധ കാരണങ്ങളാല്‍ പുറത്തേയ്ക്കു വരാന്‍ മടിക്കുകയാണെന്നും അന്നു മനസ്സിലായി. നോട്ടീസൊന്നും ഇല്ലാതെ തന്നെ ആളുകള്‍ക്ക് കാര്യങ്ങളൊക്കെ അറിയാം. നീ ചെയ്തതു നന്നായീന്നാണ് ആളുകളുടെ മനസ്സില്‍. അതുകൊണ്ടാണ് ആരും ഒന്നും ചെയ്യാതിരുന്നത് എന്നു പിന്നീട് പലരും പറഞ്ഞു. എന്നോട് കഴിഞ്ഞ ദിവസം ഈ കൂത്താട്ടുകുളത്തുള്ള ഒരാള് പറഞ്ഞു, ഫ്രാങ്കോയെ പാലാ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ കൂവാന്‍ വേണ്ടിത്തന്നെ ഞാനും പോയാരുന്നൂന്ന്. പുറത്തുനിന്നാരുമല്ല, വിശ്വാസി തന്നെ. പാലായില്‍ ഫ്രാങ്കോയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ വിശ്വാസികളുടെ മനസ്സ് സഭയില്‍നിന്ന് എന്തുമാത്രം അകന്നിരിക്കുന്നു എന്ന് ആലോചിച്ചാല്‍ മതിയല്ലോ. അഭയ കേസില്‍ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സഭയുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന കെ.സി.ആര്‍.എമ്മിനെക്കുറിച്ച് (കേരള കാത്തലിക് ക്രിസ്ത്യന്‍ റിഫോര്‍മേഷന്‍ മൂവ്മെന്റ്) അറിയുന്നത് അക്കാലത്താണ്. പത്രത്തില്‍ വന്ന അവരുടെയൊരു വാര്‍ത്തയ്ക്കു പിന്നാലെ പോയി സംഘടനയുടെ സെക്രട്ടറി ജോര്‍ജ് മൂലച്ചാലിനെ പരിചയപ്പെടുകയായിരുന്നു, 2009-ല്‍ ആയിരുന്നു അത്. പിന്നെ അതിന്റെ ഭാഗമായി മാറി. സംഘടനയ്ക്ക് ഇപ്പോള്‍ മുന്‍പത്തെക്കാള്‍ കൂടുതല്‍ പിന്തുണയുണ്ട്. സത്യജ്വാല എന്ന മാസിക പ്രസിദ്ധീകരിക്കുന്നു. തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫ. ടി.ജെ. ജോസഫിനെ ചോദ്യപേപ്പര്‍ വിവാദത്തില്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടതിനെതിരെ നടത്തിയ പ്രകടനമാണ് കെ.സി.ആര്‍.എം നടത്തിയ ഏറ്റവും ശ്രദ്ധേയമായ സമരങ്ങളിലൊന്ന്. 
കുറവിലങ്ങാട്ടെ ഒരു കന്യാസ്ത്രീയോ ഒരു അഭയയോ അല്ല, കന്യാസ്ത്രീ സമൂഹത്തിന്റെ മുഴുവന്‍ മോചനമാണ് ലക്ഷ്യം. ഈയൊരു ചിന്തയിലേക്ക് ക്രൈസ്തവര്‍ എത്താന്‍ ഇടയാക്കിയത് മുഖ്യമായും അഭയ കേസാണ് എന്നത് വസ്തുതയുമാണ്. വേറെ നിരവധി കന്യാസ്ത്രീകള്‍ മരിച്ചിട്ടുണ്ടെങ്കിലും കൊച്ചിയിലെ സമരപ്പന്തലിലേയും പ്ലക്കാര്‍ഡ് അഭയയുടേതായിരുന്നു. അഭയ ഒരു പ്രതീകമാണല്ലോ. കേരളത്തിലെ 70 ശതമാനത്തോളം കന്യാസ്ത്രീകള്‍ക്കു വിഷാദരോഗമുണ്ടെന്നും മധ്യവയസ്സിനുശേഷം ഒറ്റപ്പെടലും ആത്മഹത്യാപ്രവണതയും ഉണ്ടെന്നും കണ്ടെത്തിയ സര്‍വ്വേയുണ്ട്. കന്യാസ്ത്രീകളുടേയും അച്ചന്മാരുടേയും ഇടയിലുള്ള പരിഷ്‌കരണ കൂട്ടായ്മയായ സി.പി.സി.ഐ (കാത്തലിക് പ്രീസ്റ്റ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ആണ് സര്‍വ്വേ നടത്തിയത്. കാര്‍ന്നോമ്മാരും കൂടി മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ കന്യാസ്ത്രീകളുടെ ജീവിതം ഇരുട്ടിലാണ്. മഠങ്ങളില്‍ പീഡനമുണ്ടെന്നതു വസ്തുതയാണ്. കുറേപ്പേര് അതിനോട് പൊരുത്തപ്പെടുന്നു, കുറേപ്പേര് എതിര്‍ക്കുന്നു. സ്വത്ത് കൊടുക്കേണ്ടിവന്നാലോ എന്നോര്‍ത്ത് മിക്ക കുടുംബങ്ങളിലും സഹോദരങ്ങളും ഇവരെ അടുപ്പിക്കില്ല. പിന്നെ അവര്‍ക്ക് മനസ്സ് തുറക്കാന്‍ സ്ഥലമില്ല. അപ്പോള്‍ നിരാശയാകും. അതു ചെന്നെത്തുന്നത് ആത്മഹത്യയിലോ അല്ലെങ്കില്‍ അക്രമാസക്തമായ പ്രതികരണങ്ങളിലോ ആയിരിക്കും. അവര്‍ എങ്ങനെ മരിച്ചാലും അതു ദുരന്തമാണ്. അതിനുത്തരവാദി സഭയും. കന്യാസ്ത്രീകളെ പുനരധിവസിപ്പിക്കാന്‍ സഭയ്ക്ക് ഒരു സംവിധാനവുമില്ല. അനുസരിക്കുന്നില്ലെന്നു കണ്ടാല്‍പ്പിന്നെ നോട്ടപ്പുള്ളിയാക്കുക, പീഡിപ്പിക്കുക, മാനസികരോഗിയാക്കി മരുന്നുകൊടുക്കുക, ഒതുക്കുക എന്നതാണ് രീതി. നല്ല സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍നിന്നു കന്യാസ്ത്രീകളാകാന്‍ കൊടുക്കുന്നില്ലല്ലോ. പാവപ്പെട്ട കുടുംബങ്ങളില്‍ പ്രാരാബ്ധം ഒഴിവാക്കാന്‍ കാര്‍ന്നോമ്മാര് കണ്ടുപിടിക്കുന്ന ഒരു മാര്‍ഗ്ഗവും കൂടിയായി മാറാറുണ്ട്, പലപ്പോഴും ഇത്. പക്ഷേ, ഉള്ള് നീറുകയാണ്. മഠത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ വളരെ അപൂര്‍വ്വം പേര്‍ക്കല്ലാതെ ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമൊന്നും അവസരം കിട്ടാറില്ല. കിട്ടിയാല്‍ത്തന്നെ സ്ഥിതി ഭദ്രമാകണമെന്നില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണല്ലോ സിസ്റ്റര്‍ ജെസ്മി. കോളേജ് പ്രിന്‍സിപ്പലായിരുന്നവരാണ്. എന്നിട്ടുപോലും പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. പിന്നെയാണോ പശുവിനെ തീറ്റുകയും പച്ചക്കറി നടുകയും ചെയ്യുന്നവരുടെ കാര്യം. അതുങ്ങളുടെ യൗവ്വനം കഴിയുന്നതോടെ വിഷാദരോഗികളായി, ക്രമേണ എരിഞ്ഞടങ്ങുകയേ ഉള്ളൂ വഴി. അതിനു മാറ്റം വേണം. അഭയയ്ക്കുശേഷം എത്രയോ കന്യാസ്ത്രീകള്‍ ദുരൂഹമായി മരിച്ചു. പുറത്തു വരുന്നതിനെക്കാള്‍ കൂടുതല്‍ വരാത്ത സംഭവങ്ങളുണ്ടാകാം. മാനസിക രോഗാശുപത്രികളില്‍ നിരവധി പേരുണ്ട്. മൂന്നു കന്യാസ്ത്രീകളെ കെ.സി.ആര്‍.എം തന്നെ മഠങ്ങളില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. 

കൊച്ചി സമരത്തിലേക്ക് 
കെ.സി.ആര്‍.എം നേതാക്കളായ ജോര്‍ജ് ജോസഫും അതിരമ്പുഴ സ്വദേശി കെ.കെ. മാത്യുവും കൂടിയാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ കൊച്ചി സമരം തുടങ്ങുന്നതിനു മുന്‍പ് കുറവിലങ്ങാട് പോയി ആദ്യം കണ്ടത്. അവര്‍ പറയുന്നത് സത്യമാണെന്ന ശക്തമായ ബോധ്യം ഇരുവര്‍ക്കും ഉണ്ടായി. വീണ്ടും ഒന്നുകൂടി ജോര്‍ജ് ജോസഫ് മാത്രമായി പോയി. പരാതി ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നതിനു സഹായിക്കാന്‍ ആരുമില്ലാതെ കരഞ്ഞാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്ന് അവര്‍ പറഞ്ഞു. സഹായം ലഭിച്ചാല്‍ ഉപകാരമായിരിക്കുമെന്നും പറഞ്ഞു. മാധ്യമങ്ങളില്‍ വന്നതുപോലുമല്ല സത്യം, അതിനുമപ്പുറത്താണ്. അങ്ങനെയാണ് ജോര്‍ജ് കോടതിയെ സമീപിച്ചത്. തട്ടിക്കൂട്ടിയ ആഭ്യന്തര പരാതി സമിതി (ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി-ഐ.സി.സി) 2017 മെയ് അഞ്ചിന് കന്യാസ്ത്രീയുടെ വസ്ത്രം അഴിച്ച് പരിശോധിക്കുകയും ആകെ തകര്‍ന്ന അവര്‍ ആ മാസം 26-നു മഠത്തില്‍നിന്നു പോകാന്‍ അപേക്ഷ കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷേ, 30-ന് ഈ അപേക്ഷ പിന്‍വലിച്ചു. പിറ്റേന്നുതന്നെ അവരെ വീണ്ടും മഠത്തില്‍ ഉള്‍പ്പെടുത്തി കത്തും കൊടുത്തു. അതുകഴിഞ്ഞാണ് മാര്‍ ആലഞ്ചേരിയുടെ അടുത്തു പരാതിയുമായി അവര്‍ പോയത്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു നിയമപരമായ പരാതി സമിതി (ഐ.സി.സി) അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെയൊന്നു വേണം എന്നതായിരുന്നു ജോര്‍ജ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. വീണ്ടും വീണ്ടും അവരെ ചോദ്യം ചെയ്യുന്നത് ശരിയല്ല, അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകണം, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും പ്രലോഭിപ്പിക്കുന്നതും നിര്‍ത്തണം എന്നിവയായിരുന്നു ആ സ്വകാര്യ അന്യായത്തിലെ മറ്റ് ആവശ്യങ്ങള്‍. പിന്നീട് കെ.സി.ആര്‍.എം തുടര്‍ നടപടികള്‍ ആലോചിക്കാന്‍ യോഗം ചേര്‍ന്നപ്പോഴാണ് ആദ്യം പരാതി കിട്ടിയ മാര്‍ ആലഞ്ചേരി, പാലാ ബിഷപ്പ്, കുറവിലങ്ങാട് വികാരി എന്നിവരെക്കൂടി എതിര്‍ കക്ഷികളാക്കി പൊതുതാല്‍പ്പര്യ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചത്. ഇവരൊക്കെ പരാതി ഒരു വര്‍ഷത്തിലേറെയായി മൂടിവയ്ക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ അവരെ കൂട്ടുപ്രതികളാക്കണം. കോടതിയില്‍ പോകുന്നതിനു മുന്‍പ് അന്വേഷണോദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിക്ക് പരാതി കൊടുത്തു. അതുകഴിഞ്ഞ് ഓഗസ്റ്റ് ആറിനാണ് പൊതുതാല്‍പ്പര്യ ഹര്‍ജി കൊടുത്തത്. വക്കീലീനെ മറിക്കുക എന്നത് സഭയുടെ സ്ഥിരം രീതിയാണ്. അവര്‍ പണവും മറ്റൊരുപാട് പ്രലോഭനങ്ങളും മുന്നോട്ടു വയ്ക്കും. അങ്ങനെയല്ലാത്ത ഒരാളെ കിട്ടിയത് ഉപകാരമായി. മഠം വിട്ട് സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന സിസ്റ്റര്‍ കൊച്ചുറാണിയാണ് അഡ്വ. സന്ധ്യാരാജിനെ കിട്ടാന്‍ സഹായിച്ചത്. സിസ്റ്റര്‍ കൊച്ചുറാണി സമര രംഗത്ത് സജീവമായിരുന്നു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി ഹര്‍ജി തള്ളി. അന്വേഷണം മുറയ്ക്കാണ് നടക്കുന്നതെന്നും കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു നിരീക്ഷണം. ഒരുപക്ഷേ, ഇന്നോ നാളെയോ അറസ്റ്റുണ്ടാകും എന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. കാര്യങ്ങള്‍ സഭയുടെ വഴിക്കാണ് പോകുന്നതെന്നു തോന്നിയ ആ സന്ദര്‍ഭത്തിലാണ് കൊച്ചിയിലെ സമരത്തിലേക്ക് ആലോചന വഴിമാറിയത്. കേസ് വന്നതോടെ ചാനല്‍ ചര്‍ച്ചയൊക്കെ നടക്കുന്നുണ്ടെങ്കിലും പുറത്ത് ഒരൊറ്റയാളുടെപോലും പ്രതികരണങ്ങളുണ്ടായിരുന്നില്ല അപ്പോള്‍. ബിഷപ്പിനെതിരെ തെളിവുകളുണ്ടെന്നു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നിട്ടും അറസ്റ്റു ചെയ്യാതിരിക്കുന്നത് ചോദ്യം ചെയ്തു സമരം ചെയ്യാന്‍ ആരും മുന്നോട്ടു വന്നില്ല.

ഇനി ജോര്‍ജ് ജോസഫ് പറയട്ടെ
നിരാഹാര സമരം എന്ന നിര്‍ണ്ണായക തീരുമാനത്തിലേയ്ക്ക് എത്തിച്ചതില്‍ സ്റ്റീഫന്റെ പങ്ക് പ്രധാനമായി എന്നു പറയുന്നത് സ്റ്റീഫനല്ല ജോര്‍ജ് ജോസഫാണ്. ''അവരിറക്കുന്നതുപോലെ പണമിറക്കാനോ അവരുടെകൂടെയുള്ളത്ര ആളുകളോ നമുക്കില്ല. അതുകൊണ്ട് സാറേ, നമുക്ക് ഗാന്ധിയന്‍ സമരത്തിലേക്ക് പോയാലോ? നിരാഹാര സത്യാഗ്രഹമിരുന്നാലോ'' എന്ന് ജോര്‍ജിനോട് സ്റ്റീഫന്‍ ചോദിച്ചു. ആ നിമിഷത്തിലാണ് ചരിത്രസമരം പിറവിയെടുത്തത്. കന്യാസ്ത്രീകളുടെ വീട്ടുകാര്‍ ആരെങ്കിലും കൂടി തയ്യാറായാല്‍ നിരാഹാര സമരത്തിനു താന്‍ തയ്യാറാണെന്നും സ്റ്റീഫന്‍ പറഞ്ഞു. കന്യാസ്ത്രീയുടെ സഹോദരന്‍ ഡാര്‍വിനെ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോള്‍ സമയമായില്ലെന്നായിരുന്നു മറുപടി. സമരത്തിനു തയ്യാറാണെങ്കിലും ഉടനെ അറസ്റ്റുണ്ടാകും എന്ന വിവരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു കുടുംബം. അതൊരു സന്ദിഗ്ധാവസ്ഥയായിരുന്നു. കേസുമില്ല, സമരവുമില്ല, അറസ്റ്റുമില്ലാത്ത സ്ഥിതി. അപ്പീല്‍ കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് ജലന്തറില്‍ പൊലീസ് പോയതും പ്രശ്‌നങ്ങളൊക്കെ ഉണ്ടായതും. അതോടെ പുതിയ വിവരങ്ങള്‍ കൂടി ചേര്‍ത്തു പുതിയ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ സാധ്യതയേക്കുറിച്ച് അഡ്വ. സന്ധ്യാ രാജ് പറഞ്ഞു. അതു കൊടുത്തുകഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന ചിന്തയാണ് ഇനി സമരത്തിനു വൈകേണ്ട എന്നത്. നിയമപരമായ നീക്കങ്ങള്‍ക്കു സമാന്തരമായി പുറത്തു പ്രക്ഷോഭം നടക്കണം. പക്ഷേ, ആളെണ്ണം വേണ്ടേ. അടുത്ത ദിവസം തൊടുപുഴയില്‍നിന്ന് ജോര്‍ജിന്റെ സുഹൃത്തും കെ.സി.ആര്‍.എമ്മുമായി സഹകരിക്കുന്ന വന്ദ്യവയോധികനുമായ ജോസ് സാര്‍ ജോര്‍ജിനെ ഫോണില്‍ വിളിച്ചിട്ടു പറഞ്ഞു, സമരം തുടങ്ങണം. ഞാന്‍ നിരാഹാരം കിടക്കാം. 83 വയസ്സുള്ള അദ്ദേഹം അങ്ങനെ പറഞ്ഞതോടെ മറ്റാര്‍ക്കും സംശയങ്ങളില്ലാതെയായി. സേവ് ഔവര്‍ സിസ്റ്റേഴ്സ് എന്ന മുദ്രാവാക്യമുയര്‍ത്തി ഫേസ്ബുക്കില്‍ ജോര്‍ജ് ഒരു പോസ്റ്റും ഇട്ടു. ഫ്രാങ്കോയുടെ അറസ്റ്റിനു വേണ്ടി പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ പതിമൂന്നു പേര്‍ സെപ്റ്റംബര്‍ അഞ്ചിനു സത്യാഗ്രഹം തുടങ്ങുന്നു എന്ന അറിയിപ്പായിരുന്നു അത്. പ്രതികരണം പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. ആളുകള്‍ വീര്‍പ്പുമുട്ടി നിന്നതുപോലെ. സഹകരിക്കാന്‍ തയ്യാറായ പലരുടേയും സൗകര്യം പരിഗണിച്ച് അഞ്ചില്‍നിന്നു മാറ്റി. പക്ഷേ, പിന്നെ എട്ടിനേ വേദി കിട്ടുകയുള്ളൂ. ഒരു ദിവസം, എട്ടാം തീയതി മാത്രം സത്യഗ്രഹം എന്നായിരുന്നു തീരുമാനം. സ്റ്റീഫന്‍ സത്യാഗ്രഹം ഇരുന്നാല്‍ എഴുന്നേറ്റു വരാന്‍ മടിക്കും, അതുകൊണ്ട് ഇരുത്താന്‍ തനിക്കു നല്ല പേടിയുണ്ടായിരുന്നുവെന്ന് ജോര്‍ജ് പറയുന്നു: ''ഇങ്ങേര്‍ക്കു ചില പിടിവാശികളുണ്ട്, പിടിച്ചാല്‍ കൊണ്ടേ പോരുകയുള്ളു. പക്ഷേ, ഞാനുമുണ്ടെന്നു സമരത്തലേന്ന് സ്റ്റീഫന്‍ പറഞ്ഞപ്പോള്‍ പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു. സമരപ്പന്തലിലും ആശുപത്രിയിലും പിന്നെയും സമരപ്പന്തലിലും നിരാഹാരം. ഫ്രാങ്കോയെ അറസ്റ്റു ചെയ്തിട്ടാണ് അത് അവസാനിപ്പിച്ചത്.'' എട്ടിനു രാവിലെ സമരം തുടങ്ങിയപ്പോള്‍ ജോസ് സാറും സ്റ്റീഫനും മാത്രമാണ് നിരാഹാരത്തിനുണ്ടായിരുന്നത്. സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ കന്യാസ്ത്രീയുടെ സുഹൃത്തുക്കളായ അഞ്ച് കന്യാസ്ത്രീകളും വന്നു. ''കന്യാസ്ത്രീയുടെ വീട്ടുകാര്‍ ഇല്ലെങ്കിലും സമരം തുടങ്ങണമെന്ന് എന്നെ നിര്‍ബന്ധിച്ചത് അമ്മയാണ്'' സ്റ്റീഫന്‍ പറയുന്നു. ആദ്യം സെപ്റ്റംബര്‍ അഞ്ചിനു സമരം നടത്താന്‍ ആലോചിച്ചപ്പോള്‍ത്തന്നെ സിസ്റ്റര്‍ അനുപമയെ വിളിച്ച് ജോര്‍ജ് ജോസഫ് കാര്യം പറയുകയും പിന്തുണ തേടുകയും ചെയ്തിരുന്നു. ആലോചിച്ചിട്ടു പറയാമെന്ന് അവര്‍ മറുപടിയും നല്‍കി. എട്ടിലേക്കു തീയതി മാറ്റിയപ്പോള്‍ അതും വിളിച്ചു പറഞ്ഞു. അവര്‍ തീരുമാനമെടുത്തിരുന്നില്ല. ഏഴിന് ഉച്ചയ്ക്കാണ് സിസ്റ്റര്‍ അനുപമ തിരിച്ചുവിളിച്ച് തീരുമാനം അറിയിച്ചത്. നന്ദി പറയാന്‍ വാക്കുകളില്ലെന്നു പറഞ്ഞപ്പോള്‍ ഇപ്പോഴേ നന്ദി പറയണ്ട, ഞങ്ങള്‍ വന്നിട്ടു നന്ദി പറഞ്ഞാല്‍ മതി എന്നായിരുന്നു പ്രതികരണം. മഠത്തില്‍ അപ്പോഴും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് അതില്‍നിന്നു വ്യക്തമായിരുന്നു. സമരം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ അവരെത്തി. അവിടെയായിരുന്നു വഴിത്തിരിവ്. ജനം ഇളകി, മാധ്യമങ്ങള്‍ അത് ആഘോഷിച്ചു. ജസ്റ്റിസ് കെമാല്‍ പാഷയും ഫാ. പോള്‍ തേലക്കാട്ടുമൊക്കെ വന്നതോടെ സമരത്തിന്റെ ആക്കം കൂടി.
എട്ടിനു വൈകുന്നേരമായപ്പോള്‍ സമരം തുടരണോ വേണ്ടയോ എന്ന ആലോചനയും സമരം നിര്‍ത്താന്‍ സമ്മര്‍ദ്ദവുമുണ്ടായിരുന്നു. പക്ഷേ, എല്ലാവരും പോയാലും താനിവിടെ ഇരിക്കുമെന്ന് ജോസ് സാര്‍ നയം വ്യക്തമാക്കിയതോടെ ആര്‍ക്കും ഒന്നും പറയാനില്ലാതായി. കന്യാസ്ത്രീകള്‍ വൈകുന്നേരം കുറവിലങ്ങാട്ടേക്ക് മടങ്ങിയിരുന്നു. സമരം തുടര്‍ന്നു. പിറ്റേന്നു രാവിലെ മുതല്‍ അഞ്ചു ദിവസത്തേയ്ക്കു കൂടി വേദിയും ബുക്ക് ചെയ്തു. ഗണേശോത്സവവുമായി ബന്ധപ്പെട്ട് 15, 16, 17 തീയതികളിലേക്ക് ശിവസേന അതിനിടെ അവിടം ബുക്ക് ചെയ്തിരുന്നു. അവരോട് അഭ്യര്‍ത്ഥിച്ച് അതു മാറ്റി. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന സി.പി.ഐയുടെ പരിപാടിയും അതേ വേദിയില്‍ വച്ചിരുന്നു. അവരോട് പറഞ്ഞപ്പോഴേ വേദി മാറ്റി. സി.ആര്‍. നീലകണ്ഠനും പി. ഗീതയും ഉള്‍പ്പെടെ പിന്നീട് അതിന്റെ ഭാഗമായവരും നിരാഹാരം കിടന്നവരുമൊക്കെ കേട്ടറിഞ്ഞു വന്നവരായിരുന്നു. 

സ്റ്റീഫന്‍ മാത്യു സുഹൃത്ത് ജോര്‍ജ് ജോസഫിനൊപ്പം
സ്റ്റീഫന്‍ മാത്യു സുഹൃത്ത് ജോര്‍ജ് ജോസഫിനൊപ്പം

തുടങ്ങിയതു മുതല്‍ തീരുന്നതുവരെ നിരാഹാരം കിടന്നത് സ്റ്റീഫന്‍ മാത്രമായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഒമ്പതാം ദിവസം ആശുപത്രിയിലേക്ക് മാറ്റി. അവിടേയും നിരാഹാരം തുടരാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. പക്ഷേ, സ്റ്റീഫന്‍ നിലപാട് മാറ്റിയുമില്ല. നിരാഹാരം പിന്‍വലിക്കാന്‍ സഹപ്രവര്‍ത്തകരും സമര നേതാക്കളും ആശുപത്രിയിലെത്തി നിര്‍ബ്ബന്ധിച്ചു. തുടങ്ങിയ സ്ഥിതിക്ക് അവസാനം കാണാതെ നിര്‍ത്തില്ലെന്നാണ് അവരോട് പറഞ്ഞത്. നിരാഹാരം കിടന്നവരെയൊക്കെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ കിടത്തി ഡ്രിപ്പ് നല്‍കിയിട്ട് തിരിച്ചയയ്ക്കുകയാണ് ചെയ്തിരുന്നത്. അതുപോലെയാണ് സ്റ്റീഫനേയും അത്യാഹിതവിഭാഗത്തില്‍ കിടത്തിയത്. പക്ഷേ, മൂന്നു ദിവസം വാര്‍ഡിലേക്ക് മാറ്റിയില്ല. നാലാം ദിവസം സ്റ്റീഫന്‍ നിര്‍ബ്ബന്ധിച്ചപ്പോഴാണ് അഡ്മിറ്റ് ചെയ്ത് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മറ്റൊരിടത്തും കിടക്ക ഒഴിവില്ലാത്തതുകൊണ്ട് സ്റ്റീഫന്‍ വച്ച നിര്‍ദ്ദേശം അവര്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിക്കുകയായിരുന്നു. പക്ഷേ, പിറ്റേന്നു തന്നെ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. 

ഫ്രാങ്കോയുടെ ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസം ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്ന് ടി.വി ചാനലുകളിലൊക്കെ വാര്‍ത്ത വന്നെങ്കിലും പിന്നെയും അനിശ്ചിതാവസ്ഥ നീണ്ടു. അതിനിടെ സമരപ്പന്തലിലെത്തി നിരാഹാരം അവസാനിപ്പിക്കുന്നതിനു സ്റ്റീഫനെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി ഒരു ആംബുലന്‍സുമായി ഏതാനും പേരെ ആശുപത്രിയിലേക്ക് അയച്ചു. കുറച്ചു സമയത്തേയ്ക്ക് സമരപ്പന്തലിലേക്ക് പോകുന്നതിന് അനുവാദം ചോദിച്ചപ്പോള്‍ സ്വമനസ്സാലെ പോകുന്നതായി എഴുതിവയ്പിച്ച് ഡോക്ടര്‍ അനുമതി നല്‍കി. പക്ഷേ, സമരം തീരുമ്പോള്‍ രാത്രി ഒന്‍പതായി. അതുവരെ സ്റ്റേജിലെ കട്ടിലില്‍ തളര്‍ന്നു കിടക്കുകയായിരുന്നു. സമരം പിന്‍വലിക്കുമ്പോള്‍ സ്റ്റീഫനും അഞ്ചു സ്ത്രീകളുമാണ് നിരാഹാരത്തിലുണ്ടായിരുന്നത്. 
കന്യാസ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പീഡാനുഭവങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുന്നതിനും സ്റ്റീഫനും മറ്റും ഒരു സമഗ്ര രൂപരേഖ തയ്യാറാക്കുകയാണ്. അതു പൂര്‍ത്തിയായാല്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടും. സിസ്റ്റര്‍ അനുപമയുമായും മറ്റും ഇക്കാര്യം സംസാരിക്കും. മുഴുവന്‍ കന്യാസ്ത്രീകളുടേയും സുരക്ഷിത ജീവിതത്തിനുവേണ്ടിയുള്ള തുടര്‍ സമരങ്ങളിലേക്ക് അവരെ ക്ഷണിക്കും. അവര്‍ വരുമെന്നാണ് പ്രതീക്ഷ; വന്നാല്‍ അത് പുതിയ പോരാട്ടങ്ങളുടെ തുടക്കമാകും. വന്നില്ലെങ്കിലും സമരങ്ങള്‍ തുടരാതിരിക്കില്ല. 

''എഴുത്തുകാരും പ്രസംഗകരും സമരക്കാരുമൊക്ക നമുക്ക് ധാരാളമുണ്ട്. പുതിയ സമരക്കാരെ ഉണ്ടാക്കിയെടുക്കലോ പുതിയ സമരനായകരോ അല്ല നമ്മുടെ ലക്ഷ്യം. ജീവിച്ചിരിക്കുന്ന കാലത്ത് സമൂഹത്തിനും സഹജീവികള്‍ക്കും വേണ്ടി നിലകൊള്ളുകയാണ് ലക്ഷ്യം. അവരുടെ ദുരിതം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നത് അര്‍ത്ഥമില്ലാത്ത ജീവിതമാണ്. അതാണ് ഇവിടം വരെ എത്തിച്ചത്. ഒരുപാടു ചെയ്‌തെങ്കിലും പലതും പാഴായിപ്പോയി. ഇപ്പോഴെന്തുകൊണ്ടോ, ആ കന്യാസ്ത്രീകളുടെ നേരുകൊണ്ടോ സമരം ചെയ്തവരുടെ ഇച്ഛാശക്തികൊണ്ടോ എന്തോ മാധ്യമങ്ങളുണര്‍ന്നു, സമൂഹം ഉണര്‍ന്നു. സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിന്മ അവസാനിക്കാന്‍ പോവുകയാണ്. അതിനുവേണ്ടി സഹജീവികളെന്ന നിലയ്ക്കും സഭയിലെ അംഗങ്ങളെന്ന നിലയ്ക്കും ഞങ്ങള്‍ക്കു ചെയ്യാവുന്നതിന്റെ പരമാവധിയാണ് അടുത്ത ഘട്ടത്തിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്'' -സ്റ്റീഫന്‍ മാത്യു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com