വിവാദങ്ങള്‍ രചിക്കുന്ന സാഹിത്യ അക്കാദമി: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം

കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അരങ്ങുതകര്‍ത്ത കാലം പിന്നിട്ട് ഇടതുപക്ഷ ഭരണസമിതി സാഹിത്യ അക്കാദമിയില്‍ നിലവില്‍ വന്നിട്ടും കാര്യങ്ങള്‍ പഴയപടി തുടരുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു അന്വേഷണം
വിവാദങ്ങള്‍ രചിക്കുന്ന സാഹിത്യ അക്കാദമി: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം

ച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇടതുപക്ഷക്കാരായ ഒരുകൂട്ടം എഴുത്തുകാര്‍ അദ്ദേഹത്തെ സമീപിച്ചു. സാഹിത്യ അക്കാദമിയില്‍ കുറേക്കാലമായി ചില ആളുകള്‍ അംഗങ്ങളായി ഇരിക്കുന്നുവെന്നായിരുന്നു എന്നത്രേ അവരുടെ ആക്ഷേപം. രാഷ്ട്രീയാനുഭാവികളായ പുതിയ ആളുകള്‍ വരണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍, ആരൊക്കെയാണ് സ്ഥിരമായി ഇരിക്കുന്ന ഈ അംഗങ്ങള്‍ എന്ന് ആരാഞ്ഞ അദ്ദേഹം അവര്‍ ആരൊക്കെയാണ് എന്നറിഞ്ഞപ്പോള്‍ ആ ആവശ്യം നിരസിക്കുകയായിരുന്നുവത്രേ. കാരണം അത് വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയും എസ്.കെ. പെറ്റെക്കാട്ടിനെപ്പോലെയും ഉള്ളവരായിരുന്നു. കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ഈ സ്ഥാപനത്തിന്റെ വലിപ്പമറിഞ്ഞ് അതിനനുസരിച്ച് തീരുമാനമെടുത്തയാളായിരുന്നു അച്യുതമേനോന്‍. 

സമൂഹഗാത്രത്തെ ബാധിക്കുന്ന എല്ലാ ജീര്‍ണ്ണതകളും നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങളേയും ബാധിച്ചിട്ടുണ്ട്. ഈ ജീര്‍ണ്ണതകളെ അകറ്റിനിര്‍ത്തണമെങ്കില്‍ അച്യുതമേനോനെപ്പോലുള്ളവര്‍ കാണിച്ച ജാഗ്രത അനിവാര്യമാണ്. അധികാരം കയ്യാളുന്നവര്‍ എല്ലായ്പോഴും അവയെ നശിപ്പിക്കുന്നതിനു കൂട്ടുനില്‍ക്കുന്നുവെന്നു പറയാനാകില്ല. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ ഇവയെ രക്ഷിക്കാന്‍ നടക്കാറുമുണ്ട്. എന്നാലും കാലാകാലങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള ആരോപണങ്ങള്‍ മുന്‍നിര്‍ത്തി പൊതുവേ ഭരിച്ചു നശിപ്പിക്കലാണ് നടക്കുന്നത് എന്നുവേണം പറയാന്‍. ശുദ്ധമായ പാല്‍ കെട്ടുപോയാലെന്നപോലെ അതു നമ്മുടെ സാംസ്‌കാരിക പരിസരത്ത് പടര്‍ത്തുന്ന നാറ്റം ദുസ്സഹമാണ്. 

സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണങ്ങളാണ് മുകളിലിത്രയും കുറിക്കാന്‍ പ്രേരിപ്പിക്കുന്നത്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന ഭരണസമിതികള്‍ കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും സാഹിത്യബാഹ്യമായ താല്പര്യങ്ങള്‍ നിറവേറ്റുന്നത് ലക്ഷ്യമിട്ടും സ്വജനപക്ഷപാതപരമായും തീരുമാനങ്ങളെടുക്കുന്നപക്ഷം അതു ബാധിക്കുന്നത് ആ മഹത്തായ സാംസ്‌കാരികസ്ഥാപനത്തെ തന്നെയാണ്. 

മലയാള സാഹിത്യചരിത്രത്തെക്കുറിച്ചു കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തെ സംബന്ധിച്ച വിവാദമാണ് പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച ഭരണസമിതിയെ പിന്തുടരുന്നത്. 

ചരിത്രബോധമില്ലാത്ത
സാഹിത്യചരിത്ര രചന 

യു.ഡി.എഫ് കാലത്തെ ഭരണസമിതിയാണ്  മലയാള സാഹിത്യചരിത്രം വിവരിക്കുന്ന ഒരു പുസ്തകം പുറത്തിറക്കാന്‍ തീരുമാനിക്കുന്നത്. പെരുമ്പടവം ശ്രീധരന്‍ പ്രസിഡന്റും ആര്‍. ഗോപാലകൃഷ്ണന്‍ സെക്രട്ടറിയുമായിരുന്നു അന്ന്. 80 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ജനറല്‍ എഡിറ്ററായി ഡോ. എന്‍. സാം എന്നയാളെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഓരോ വോള്യത്തിനും ഓരോ എഡിറ്റര്‍മാരും. ഒന്‍പതു വോള്യങ്ങളായിട്ട് ഇറക്കാനായിരുന്നു പദ്ധതി. അതില്‍ ആറു വോള്യവും ഇറങ്ങി. ഇതിനായി കഷ്ടിച്ച് 50 ലക്ഷം ചെലവിട്ടുകഴിഞ്ഞു എന്നാണറിയുന്നത്. ഇതിലുമധികം ചെലവ് ഇത്രയുമിറങ്ങിയതിനു കണക്കാക്കാം. കാരണം ഇതിനുവേണ്ടി എഴുത്തുജോലികളും മറ്റും നിര്‍വ്വഹിച്ച നിരവധി പേര്‍ക്ക് ഇനിയും പ്രതിഫലം നല്‍കാനുണ്ട്. ''ഇപ്പോള്‍ ഇത് തര്‍ക്കത്തില്‍പ്പെട്ടതുകൊണ്ട് യഥാര്‍ത്ഥത്തില്‍ നീതി നിഷേധിക്കപ്പെട്ട ഒരു കൂട്ടര്‍ ഇങ്ങനെ പ്രതിഫലം ലഭിക്കാത്തവരാണ്. ഇത് തര്‍ക്കത്തില്‍പ്പെട്ടതിന് അവര്‍ ഉത്തരവാദികളല്ലല്ലോ. അവര്‍ പണിയെടുത്തു. അവര്‍ക്ക് അതിനുള്ള പണം കിട്ടുകതന്നെ വേണം. അവരെന്തു പിഴച്ചു? ഇതിനെന്നല്ല, അക്കാദമി പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍ എഴുതിയ പലര്‍ക്കും റോയല്‍റ്റി കൊടുക്കാറില്ല. പുസ്തകങ്ങള്‍ക്കൊരു ഗോഡൗണ്‍ ഇല്ല. സ്റ്റോക്കിനു മേല്‍നോട്ടക്കാരോ ഉത്തരവാദികളോ ഇല്ല. സ്റ്റോക്കെടുപ്പില്ല. സ്റ്റോക്കെടുക്കാതെ റോയല്‍റ്റി കണക്കാക്കാന്‍ പറ്റുമോ? പലരും റോയല്‍റ്റി ആവശ്യപ്പെട്ട് കത്തുകളയച്ചാലും സെക്രട്ടറി മറുപടിപോലും നല്‍കാറില്ല എന്നാണ് അറിവ്.'' അക്കാദമി മുന്‍ സെക്രട്ടറി കൂടിയായ ആനന്ദന്‍ പിള്ള പറയുന്നു.

പ്രസിദ്ധീകരിച്ചുവരുമ്പോള്‍ ഏതായാലും പ്രതീക്ഷിച്ചതിലധികം ചെലവുവരുമെന്ന് ഉറപ്പാണ്. കാരണം ഇത്രയും വോള്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ ഭാഗമായി ഇനിയും കുറേപ്പേര്‍ക്ക് പ്രതിഫലം കൊടുക്കാനുണ്ടെന്നുള്ളത് അതാണ് കാണിക്കുന്നത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്പനയും നിര്‍ത്തിവയ്ക്കാന്‍ കാരണം ഇതു സംബന്ധിച്ച ക്രമക്കേടുകള്‍ പൊതുജനമധ്യത്തില്‍ ഉയര്‍ത്തിയ പലരുടേയും ഇടപെടല്‍ നിമിത്തമായി. പുതിയ ഭരണസമിതി വന്നതിനുശേഷമാണ് പുസ്തകം പുറത്തിറക്കേണ്ട എന്നു തീരുമാനിക്കുന്നത്. കഥയ്ക്കും കവിതയ്ക്കും ഭാഷയ്ക്കുമൊക്കെയായിട്ട് ഒന്‍പതു വോള്യങ്ങള്‍ ആണ് നിശ്ചയിച്ചിരുന്നത്. ഇറങ്ങിയ വോള്യങ്ങളെല്ലാം ഒട്ടും നിലവാരമില്ലാത്തവയാണ് എന്നതാണ് മുഖ്യമായ ആരോപണങ്ങളിലൊന്ന്. ഒരു കാരണവശാലും വെളിച്ചം കാണാന്‍ പാടില്ലാത്തതാണെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

''എത്ര നഷ്ടമുണ്ടായാലും അതു പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന വലിയ ലാഭം വരുംതലമുറ വലിയ തെറ്റിദ്ധാരണകളില്‍നിന്നു രക്ഷപ്പെടുമെന്നുള്ളതാണ്. സി.വി. ശ്രീരാമന്‍ ഒരു മികച്ച എഴുത്തുകാരനാണ്. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനയെക്കുറിച്ചും പ്രസിദ്ധീകരിച്ച വോള്യത്തിലുള്ളത് ഒന്നര പേജാണ്. അതേസമയം അത്രയൊന്നും സംഭാവനകള്‍ നല്‍കിയിട്ടില്ലാത്ത ഒരു എഴുത്തുകാരനെക്കുറിച്ചുള്ളത് 12 പേജാണ്. മലയാള സാഹിത്യത്തെക്കുറിച്ച് വലിയ ജ്ഞാനമൊന്നുമില്ലാത്ത ഇളംതലമുറകള്‍ക്ക് ഇത്തരം പരിചരണങ്ങള്‍ ഉണ്ടാക്കാവുന്ന തെറ്റിദ്ധാരണകള്‍ ഏറെ വലുതാണ്. തീര്‍ച്ചയായും മൂല്യനിര്‍ണ്ണയം എന്നത് ആപേക്ഷികമാണ്. പക്ഷേ, ഉറൂബില്‍നിന്നാണോ തകഴിയില്‍നിന്നാണോ മലയാള സാഹിത്യത്തിനു കൂടുതല്‍ സംഭാവന ഉണ്ടായത് എന്നു ചോദിച്ചാല്‍ ആശയക്കുഴപ്പം ഉണ്ടായേക്കാം. അതേസമയം ഇന്നത്തെ ഏതെങ്കിലും താരതമ്യേന ചെറിയ എഴുത്തുകാരനാണോ ഉറൂബാണോ എന്നു ചോദിച്ചാല്‍ തീരുമാനമെടുക്കാന്‍ പ്രയാസമില്ല'' -ആനന്ദന്‍പിള്ള ചൂണ്ടിക്കാട്ടുന്നു.

സാഹിത്യ അക്കാദമിയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റപ്പോള്‍. സെക്രട്ടറി കെപി മോഹനന്‍, പ്രസിഡന്റ് വൈശാഖന്‍, മുന്‍ സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍
സാഹിത്യ അക്കാദമിയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റപ്പോള്‍. സെക്രട്ടറി കെപി മോഹനന്‍, പ്രസിഡന്റ് വൈശാഖന്‍, മുന്‍ സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍

എതിര്‍പ്പുകള്‍ ഏറെ വന്നതിനെ തുടര്‍ന്നാണ് പുതിയ ഭരണസമിതി മൂന്നുവര്‍ഷം മുന്‍പ് മലയാള സാഹിത്യചരിത്രത്തിന്റെ പ്രസിദ്ധീകരണം നിറുത്തിവെയ്ക്കുന്നത്. തുടര്‍ന്ന് ഇതു സംബന്ധിച്ചു കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനു വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ആറുപേരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഡോ. എം.എം. ബഷീര്‍, ഡോ. ലീലാവതി, ഡോ. വേണുഗോപാലപ്പണിക്കര്‍, ഡോ. എം.ആര്‍. രാഘവവാര്യര്‍, ഡോ. സി.ആര്‍. പ്രസന്നന്‍ തുടങ്ങിയവരുള്‍പ്പെടുന്നതായിരുന്നു ഈ കമ്മിറ്റി. അവരത് പരിശോധിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, സെക്രട്ടറി അതു പുറത്തുവിടാതെ വെച്ചിരിക്കുകയാണ്. വിവരാവകാശ രേഖയനുസരിച്ച് ഇതിന്റെ സ്ഥിതിയെന്ത് എന്ന് അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി അത് ഔദ്യോഗിക രേഖയായിട്ടില്ല എന്നതാണ്. തപാല്‍ വഴിയാണ് അതു ലഭിച്ചതെങ്കില്‍ അതിന് അവിടെ രേഖയുണ്ടാകും. അതല്ല, സെക്രട്ടറി നേരിട്ടു വാങ്ങുകയാണ് ഉണ്ടായതെന്നിരിക്കട്ടെ. ഈ സമിതി അംഗങ്ങളെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡോ. ലീലാവതിയടക്കം പലരും ഇതിനെതിരെ ആഞ്ഞടിച്ചുവെന്നാണ് അറിവ്. റിപ്പോര്‍ട്ട് കൊടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സമിതി അംഗങ്ങള്‍ക്കു യാത്രപ്പടിയും മറ്റുമായി 30,000 രൂപ ചെലവ് കൊടുക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. അതൊരു രേഖയാണ്. എന്നിട്ടും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ നിലവിലുള്ള ഭരണസമിതിയുടെ കാലത്തല്ല, മറിച്ച് ഇവരുടെ രാഷ്ട്രീയ എതിരാളികളായ ഗവണ്‍മെന്റ് നിയോഗിച്ച ഭരണസമിതിയുടെ കാലത്താണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഈ പുസ്തകം ഒരുകാലത്തും പ്രസിദ്ധീകരിക്കരുത്. നിലവാരമില്ലാത്തതു മാത്രമല്ല പ്രശ്‌നം. തെറ്റിദ്ധാരണയുണ്ടാക്കുന്നതു കൂടിയാണ് അത്. കടലാസ് വിലയ്ക്കു തൂക്കിവില്‍ക്കാന്‍ കഴിയുമോ എന്നാണ് നോക്കേണ്ടത്. അത്രയും ലാഭമുണ്ടാകും. ഏതായാലും ഇതില്‍ ഒരു വോള്യത്തിന്റെ എഡിറ്ററായിരുന്ന ആള്‍ പ്രതിഫലം തിരിച്ചുകൊടുത്തിട്ടുണ്ട്. വത്സലന്‍ വാതുശ്ശേരി. അദ്ദേഹം പ്രതിഫലമായി കിട്ടിയ 50,000 രൂപ തിരിച്ചുകൊടുത്തു.

എന്നാല്‍, സാഹിത്യ അക്കാദമി സെക്രട്ടറിയായ കെ.പി. മോഹനന്‍ ഇതു സംബന്ധിച്ച് അക്കാദമിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം നിഷേധിക്കുന്നു. ''റിപ്പോര്‍ട്ട് തീര്‍ച്ചയായും കിട്ടിയിട്ടുണ്ട്. എന്നാല്‍, അത് ഒഫിഷ്യലായിട്ടില്ല എന്നു പറഞ്ഞത് അങ്ങനെ ചോദിച്ച സന്ദര്‍ഭത്തില്‍ അത് ഒഫിഷ്യലായിരുന്നില്ല എന്നതുകൊണ്ടാണ്. രണ്ടുതരത്തിലുള്ള ക്രമക്കേടുകളാണ് മലയാള സാഹിത്യചരിത്രം എന്ന പുസ്തകത്തില്‍ നടന്നിട്ടുള്ളത്. ഒന്ന് അതിന്റെ ഉള്ളടക്കം സംബന്ധിച്ചാണ്. അതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയോഗിച്ച സമിതി തന്നിട്ടുണ്ട്. എന്നാല്‍, സാമ്പത്തികമായ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം മറ്റൊരു തലത്തിലാണ് നടക്കുന്നത്. അതുകൂടി കിട്ടിയാലേ അക്കാദമിക്ക് എന്തെങ്കിലുമൊരു നടപടിയിലേക്ക് കടക്കാനാകൂ...'' കെ.പി. മോഹനന്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് കൊട്ടിഘോഷിച്ചുനടന്ന ഒരു സാംസ്‌കാരിക പരിപാടിയുടെ നടത്തിപ്പു കഴിഞ്ഞു ബാക്കിവന്നത് മലയാള സാഹിത്യചരിത്രം തയ്യാറാക്കാനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇതു നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാകാതെ വരികയും മൂന്നുകോടി രൂപയുടെ പ്ലാന്‍ ഫണ്ടില്‍നിന്ന് ഇതിനായി ചെലവാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇത്രയും പണം ചെലവിട്ട് ഇങ്ങനെയൊരു ഉദ്യമം നടത്തുന്നത് കാര്യമായ പ്രയോജനമൊന്നും സമൂഹത്തിനില്ലാതെ വരുന്ന അവസ്ഥയായിരുന്നു. കാരണം നേരത്തെ ഇതു സംബന്ധിച്ച് ലീലാവതി ടീച്ചറും എം.എം. ബഷീറുമൊക്കെ വേറെ വേറെ സാഹിത്യശാഖകളില്‍ നടത്തിയ പരിശ്രമങ്ങളുടെ നിലവാരത്തിലേക്ക് ഉയരാന്‍ അതിനു കഴിഞ്ഞില്ല എന്നതായിരുന്നു ഏറ്റവും പ്രകടമായ കാരണങ്ങളിലൊന്ന്. 

അക്കാദമിയുടെ ചരിത്രമെഴുത്തും
വിവാദച്ചെളിയില്‍ 

സാഹിത്യ അക്കാദമിയുടെ ചരിത്രമെഴുതാന്‍ നടത്തിയ ശ്രമമാണ് ക്രമക്കേടിന്റെ മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, എസ്.സി.ആര്‍.ടി.ഇയില്‍ ഉദ്യോഗസ്ഥയായ ഒരു വനിതയെ റിസര്‍ച്ച് സ്‌കോളര്‍ എന്ന നിലയില്‍ ഇതിനായി നിയോഗിക്കുകയും ചെയ്തു. അക്കാദമിയില്‍ സബ് എഡിറ്ററായ ഡോക്ടറേറ്റില്ലാത്ത ഒരാളെയാണ് ഇതിനായി ഗൈഡായി നിയമിക്കുന്നത്. ഡോക്ടറേറ്റില്ലാത്ത ഒരാള്‍ ഗൈഡാകുന്നത് തന്നെ അടിസ്ഥാനപരമായ തകരാറായിരുന്നു. ''ഇത്തരമൊരു ജോലിക്കു നിയോഗിക്കേണ്ടത് ശരിക്കും പറഞ്ഞാല്‍ അക്കാദമിയുമായും അതിന്റെ പ്രവര്‍ത്തനങ്ങളുമായും നല്ല പരിചയവും അനുഭവസമ്പത്തുമുള്ള ആളുകളെയാണ്. അതിനും പുറമേ സാഹിത്യ അക്കാദമി സാമൂഹ്യക്ഷേമവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്നതുപോലുള്ള അബദ്ധങ്ങള്‍ അതിലുണ്ട്.'' സാഹിത്യ അക്കാദമിയുമായി ദീര്‍ഘകാലം ബന്ധം സൂക്ഷിച്ചിരുന്ന ഒരാള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പുസ്തകത്തിനെതിരെ പരാതി വന്നപ്പോള്‍ വില്‍പ്പന നിര്‍ത്തിവച്ചു. ഇതു പരിശോധിക്കാന്‍ എം.എം. നാരായണനെ ചുമതലപ്പെടുത്തി. എന്നാല്‍, ഇതുവരെയായി യാതൊന്നും നടന്നിട്ടില്ലെന്നാണ് ആരോപണം. എന്നാല്‍, ഇത്തരമൊരു ആരോപണത്തെക്കുറിച്ചു തനിക്കറിയില്ലെന്നും തന്നെ അക്കാദമി അതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് എം.എം. നാരായണന്റെ പ്രതികരണം. ''എന്നെ ചുമതലപ്പെടുത്തിയത് കേരള സാഹിത്യചരിത്രം എന്ന പുസ്തകം സംബന്ധിച്ച ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനാണ്. അതുമായി ബന്ധപ്പെട്ട് ഞാന്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. പിന്നീടാണ് ലീലാവതി ടീച്ചറും മറ്റും ഉള്‍പ്പെട്ട പാനലിനെ നിയോഗിക്കുന്നത്. അവരുടെ അടുത്തുനിന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അതിലെ സാമ്പത്തിക അഴിമതി സംബന്ധിച്ചു സാംസ്‌കാരികവകുപ്പ് അന്വേഷിക്കുന്നുണ്ട്. അതുകൂടി കിട്ടിക്കഴിഞ്ഞാലേ എന്തെങ്കിലും നടപടിയിലേക്ക് കടക്കാനാകൂ...'' എം.എം. നാരായണന്‍ പറഞ്ഞു. 

ആര്‍ ഗോപാലകൃഷ്ണന്‍
ആര്‍ ഗോപാലകൃഷ്ണന്‍

''ഈ സംഭവം നമ്മുടെ ഭരണസമിതിയുടെ കാലത്ത് നടന്നതല്ല. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭരണസമിതി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.'' കെ.പി. മോഹനന്‍ കൂട്ടിച്ചേര്‍ക്കുന്നു. ''ഈ പുസ്തകം തയ്യാറാക്കിയ ആള്‍ പറയുന്നത് അവര്‍ രേഖാമൂലം സമര്‍പ്പിച്ച ഒന്നല്ല കൃതിയായി പുറത്തുവന്നത് എന്നാണ്. എന്തായാലും ഇക്കാര്യത്തിലും സാഹിത്യഅക്കാദമിയുടെ ഇപ്പോഴത്തെ ഭരണസമിതിക്ക് ഒരു പങ്കുമില്ല'' -കെ.പി മോഹനന്‍ പറഞ്ഞു. 

സികെ ആനന്ദന്‍പിള്ള
സികെ ആനന്ദന്‍പിള്ള

നമ്മുടെ സാഹിത്യ അക്കാദമിക്ക് ഒരു ഭരണഘടനയും ചട്ടങ്ങളും ഉണ്ട്. ആ ബൈലോ തൊട്ടുനോക്കാതെയാണ് സാഹിത്യ അക്കാദമിയേയും അതിന്റെ പ്രവര്‍ത്തനങ്ങളേയും സംബന്ധിച്ച തീരുമാനങ്ങള്‍ നമ്മുടെ അധികാരകേന്ദ്രങ്ങള്‍ കൈക്കൊള്ളുന്നതെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു ആരോപണം. സാഹിത്യ അക്കാദമിയെ സംബന്ധിച്ച് നമ്മുടെ ഭരണകര്‍ത്താക്കളുടെ സങ്കല്പം തന്നെ പിഴവുള്ളതാണ്. പവനന്‍ സെക്രട്ടറിയായിരുന്ന കാലത്തെ സാഹിത്യ അക്കാദമിയുടെ ജനകീയ കാലം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സാഹിത്യ അക്കാദമിയും സാഹിത്യവും ജനകീയമാകേണ്ടതുണ്ടോ എന്നു സംബന്ധിച്ച് ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഇടയില്‍ ഒരുകാലത്തും അഭിപ്രായ ഐക്യമുണ്ടായിരുന്നിട്ടില്ല എന്നതു വാസ്തവമാണ്. സാഹിത്യകാരന്മാരും അവരുടെ സ്ഥാപനവും ദന്തഗോപുരത്തില്‍ കഴിയട്ടേ എന്നു വാദിക്കുന്നവരുമുണ്ട്. എന്തായാലും സാഹിത്യ അക്കാദമി എന്നത് ഉന്നതമായ ഒരു സ്ഥാപനമാണ് എന്ന ധാരണ പണ്ടേ നമ്മുടെ മനസ്സിലുണ്ട്. സാഹിത്യത്തിലെ അതിശ്രേഷ്ഠരായ വ്യക്തികളാണ് അതിനെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു ധാരണ പരന്നത്. എന്നാല്‍, അവിടെ നടക്കുന്നതെന്താണെന്നു പരിശോധിക്കുമ്പോള്‍ സാഹിത്യത്തേയും സംസ്‌കാരത്തേയും സ്‌നേഹിക്കുന്നവര്‍ക്കു നിരാശയുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ എപ്പോഴുമുണ്ടായിട്ടുണ്ട്.

പവനന്‍
പവനന്‍

സാഹിത്യ അക്കാദമിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം അവാര്‍ഡ് നിശ്ചയിക്കലാണ്. ഗുണനിലവാരം പുലര്‍ത്തുന്ന രചനകളെ കണ്ടെത്തുകയും അതിന്റെ സൃഷ്ടി നിര്‍വ്വഹിക്കുന്ന എഴുത്തുകാരെ പുരസ്‌കരിക്കുകയും ചെയ്യുക എന്നതാണ്. പ്രോത്സാഹിപ്പിക്കുക എന്നൊന്നും പറഞ്ഞുകൂടാ. അതിന് ഇവിടെ വേറെ സ്ഥാപനങ്ങളുണ്ട്. ഇതിനു പുറമേ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, സാഹിത്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതൊക്കെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടും. പ്രധാന ദൗത്യം ഗുണനിലവാരം പുലര്‍ത്തുന്ന രചനകളേയും എഴുത്തുകാരേയും കണ്ടെത്തുകയും പുരസ്‌കരിക്കുകയും ചെയ്യുക എന്നതുതന്നെ. സാഹിത്യത്തിലെ അതിവിശിഷ്ടരായ ആളുകള്‍ ഒത്തുചേരുന്ന ഒരു സ്ഥലമാകണം സാഹിത്യ അക്കാദമി. സാഹിത്യലോകത്തെ ഏറ്റവും താഴെക്കിടയിലുള്ള ആളുകളാണ് മിക്കപ്പോഴും അതിന്റെ തലപ്പത്തു വരാറുള്ളത്. ഇത് അക്കാദമിയുടെ ബൈലോയ്ക്കു തന്നെ വിരുദ്ധമാണ്. സാഹിത്യ അക്കാദമിയില്‍ വെറും എഴുത്തുകാരെ അംഗമാക്കണമെന്നല്ല, മറിച്ച് എമിനന്റ് മെന്‍ ഒഫ് ലെറ്റേഴ്‌സിനെ, പ്രശസ്തരായ എഴുത്തുകാരെ അംഗമാക്കണമെന്നാണ്.  ഇക്കാലത്ത് അക്കാദമി അംഗങ്ങളാകുന്നവരില്‍ ഒരാളും ആ പദവിക്കു ചേര്‍ന്നവരല്ല എന്ന ആരോപണത്തിനു സാധുത നല്‍കുന്നത് അവരാരും എഴുത്തുകാരല്ല, കഴിവില്ലാത്തവരല്ല എന്നതുകൊണ്ടല്ല, മറിച്ച് അതിവിശിഷ്ടരായ സാഹിത്യകാരന്മാരാകണം അംഗങ്ങള്‍ എന്നു  നിഷ്‌കര്‍ഷിക്കപ്പെടുന്നതുകൊണ്ടാണ്. 

''അക്കാദമിയുടെ ജനകീയവല്‍ക്കരണം നടന്നുവെന്നു വിശേഷിപ്പിക്കപ്പെടുന്ന പവനന്റെ കാലത്താണ് ഒരു ഓഡിറ്റോറിയം ഉണ്ടാക്കുന്നത്. അതു വാടകയ്ക്കു കൊടുക്കാന്‍ തുടങ്ങി. ആദ്യകാലത്ത് സാഹിത്യ, സാംസ്‌കാരിക സംബന്ധിയായ പരിപാടികള്‍ക്കായിട്ടു കൊടുത്തിട്ടായിരുന്നു തുടക്കം. പിന്നീടത് രാഷ്ട്രീയക്കാര്‍ക്കും പള്ളിക്കാര്‍ക്കും അമ്പലക്കാര്‍ക്കുമൊക്കെ കൊടുത്തുതുടങ്ങി.  വാടകയ്ക്കു കൊടുക്കുന്നതില്‍ തുടങ്ങി അഴിമതിയുടെ ആരംഭം. വാടകയ്ക്കു കൊടുക്കുമ്പോള്‍ ഒരു കെയര്‍ടേക്കറുണ്ടാകും. ആവശ്യക്കാര്‍ക്ക് കൂടുതല്‍ ചില സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യും. കെയര്‍ടേക്കര്‍ അതിനു പ്രതിഫലവും പറ്റും.'' തൃശൂരിലെ ഒരു പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു.

അവാര്‍ഡ് നിര്‍ണ്ണയവും അതു കൊടുക്കലുമാണ് സ്വജനപക്ഷപാതിത്വത്തിന്റെ മറ്റൊരു രംഗം. സെക്രട്ടറിക്കും പ്രസിഡന്റിനുമൊക്കെ താല്പര്യമുള്ള ഒരു എഴുത്തുകാരന് അവാര്‍ഡ് കിട്ടാന്‍ അയാള്‍ക്ക് കൂടുതല്‍ മാര്‍ക്കിടാന്‍ കഴിയുന്ന വിധികര്‍ത്താക്കളെയാണ് പാനലില്‍ ഉള്‍പ്പെടുത്തുക. അവര്‍ മാര്‍ക്കിട്ടുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഈ താല്പര്യമുള്ള എഴുത്തുകാരനായിരിക്കും. സാഹിത്യ അക്കാദമി പുസ്തകങ്ങള്‍ പ്രസാധനം ചെയ്യുന്നുണ്ട്. അതിനൊരു ഉദ്ദേശ്യമുണ്ട്. വില്പനസാധ്യത ഇല്ലാത്തതും ഭാഷയ്ക്കും സാഹിത്യത്തിനും ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയാത്തതുമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നത്. ലീലാതിലകം, തൊല്‍ക്കാപ്പിയം തുടങ്ങിയവ പോലുള്ളവ. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് ജീവിച്ചിരിക്കുന്ന ചെറുകിട എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കലാണ്. അതായത് സാഹിത്യ അക്കാദമിയെ അതതു കാലങ്ങളില്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കു താല്പര്യമുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംവിധാനമായി അതുമാറി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് പബ്ലിക്കേഷന്‍ ഡിവിഷനിലാണ് എന്നാണ് മറ്റൊരു വിമര്‍ശനം. 

നഷ്ടമാകുന്ന സ്വാഭിമാനവും
സ്വയംഭരണവും 

സാഹിത്യ അക്കാദമി അടക്കം സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും സ്വയംഭരണസംവിധാനം നിലവിലുള്ളവയായിരുന്നു. പില്‍ക്കാലത്താണ് അതിന്റെ സ്വയംഭരണസംവിധാനം നഷ്ടപ്പെടുത്തി സര്‍ക്കാര്‍ സാഹിത്യ അക്കാദമിയുടെ മുകളില്‍ പിടിമുറുക്കുന്നത്. എഴുത്തുകാരന്റെ മുന്‍പില്‍ മന്ത്രിപോലും ഇരിക്കാത്ത കാലമുണ്ടായിരുന്നു. പി.സി. കുട്ടിക്കൃഷ്ണന്‍ അക്കാദമിയുടെ സാരഥ്യം വഹിച്ചിരുന്ന കാലത്ത് മന്ത്രിമാര്‍പോലും അദ്ദേഹത്തിനു മുന്‍പില്‍ ഇരിക്കില്ലായിരുന്നുവത്രേ. പണ്ട് സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് പ്രസിഡന്റാണ്. ഇന്ന് അക്കാര്യം നിര്‍വ്വഹിക്കുന്നത് മന്ത്രിയാണ്. ഏതു പത്രവും ഒന്നാംപേജില്‍ വലിയ പ്രാധാന്യത്തോടെയാണ് അതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. 

''അക്കാദമിക്ക് എന്തിനാണ് ഇത്രയധികം വാഹനങ്ങള്‍? പ്രസിഡന്റിനും സെക്രട്ടറിക്കുമൊക്കെ ഇന്നോവ ആണ്. പ്രസിഡന്റിനും സെക്രട്ടറിക്കുമൊക്കെ കാറുണ്ടായിരുന്നില്ല. പവനന്റെ കാലത്ത് കാറൊന്നും ഉണ്ടായിരുന്നില്ല. അന്ന് ഇതിലധികം പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്തിനാണ് പ്രസിഡന്റിനും സെക്രട്ടറിക്കുമൊക്കെ ഔദ്യോഗിക വാഹനങ്ങള്‍? അതിന്റെ കാര്യമില്ല. നിത്യോപയോഗം വരുന്ന കാലത്തേ അതിന്റെയൊക്കെ ആവശ്യമുള്ളൂ. പെരുമ്പടവം ശ്രീധരന്റെ കാലത്താണ് പ്രസിഡന്റിന് കാര്‍ എന്ന സങ്കല്പമുണ്ടാക്കുന്നത്. അദ്ദേഹം തിരുവനന്തപുരത്തുനിന്നു മാസത്തിലൊരിക്കല്‍ തൃശൂരു വരും. അതിനാണ് കാര്‍. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു കാര്‍ കിടന്നിരുന്നത്. പ്രസിഡന്റ് കെ.എം. തരകനൊക്കെ സ്വന്തം കാറിലായിരുന്നു ഇവിടെ വന്നിരുന്നത്.'' ആനന്ദന്‍ പിള്ള ആരോപിക്കുന്നു. 

ശമ്പളമാണ് മറ്റൊരു കാര്യം. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷന്‍ ഓഫിസര്‍ക്ക് 80,000 രൂപയാണ് ശമ്പളം. പ്ലാനിംഗ് ബോര്‍ഡിലെ ഒരു പബ്ലിക്കേഷന്‍ ഓഫീസറുടെ ശമ്പളം ചൂണ്ടിക്കാണിച്ചിട്ട് ഇതാണ് ഒരു പബ്ലിക്കേഷന്‍ ഓഫീസര്‍ക്ക് കിട്ടുന്ന ശമ്പളം എന്നു പറഞ്ഞിട്ടാണ് ഈ തുക ശമ്പളമായി സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍ക്കും ലഭ്യമാക്കുന്നത്. ജനറല്‍ കാറ്റഗറിയില്‍പ്പെടുന്ന ക്ലാര്‍ക്കിനും സൂപ്രണ്ടിനുമൊക്കെ ഇവിടെയും സംസ്ഥാനത്തെ എവിടെയും ഒരേ ശമ്പളമാണ്. അങ്ങനെയൊരു വിഭാഗത്തില്‍പ്പെടുന്നതല്ല അക്കാദമിയിലെ പബ്ലിക്കേഷന്‍ ഓഫിസര്‍ എന്ന തസ്തിക. ഇങ്ങനെ ശമ്പളം നല്‍കുന്നത് ഈ സ്ഥാപനത്തിലെ തസ്തികകള്‍ തമ്മിലുള്ള ശ്രേണീബന്ധത്തെ പരിഗണിക്കാതെയാകുമോ എന്നൊന്നും ഒട്ടും സംശയിക്കാതെയാണ് ധനകാര്യവകുപ്പ് ഇതിനൊക്കെ അനുമതി നല്‍കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച ആരോപണങ്ങള്‍ സാഹിത്യ അക്കാദമി സെക്രട്ടറി തള്ളിക്കളയുന്നു. ''ഈ ശമ്പളം സംബന്ധിച്ച് ആര്‍ക്കുവേണമെങ്കിലും ഒരു പരിശോധന നടത്താവുന്നതാണ്. നിരവധി കാലമായി പബ്ലിക്കേഷന്‍ ഓഫീസറുടെ ശമ്പളത്തില്‍ റിവിഷന്‍ ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച കേസ് കോടതി പരിഗണനയിലാണ്. ഇപ്പോള്‍ കൂട്ടിക്കിട്ടേണ്ടതുണ്ടെന്നു പറയുന്ന ശമ്പളം നല്‍കാന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞിട്ടുണ്ട്. അതുപ്രകാരമാണ് ശമ്പളം കൊടുക്കുന്നത്. കോടതി വിധി എതിരാകുന്ന പക്ഷം അതു തിരിച്ചുപിടിക്കാനും അനുമതിയുണ്ട്...'' അദ്ദേഹം വിശദീകരിക്കുന്നു.

കേരള സാഹിത്യ അക്കാദമി ലൈബ്രേറിയന്റെ ശമ്പളമാണ് വിവേചനത്തിന്റേയും വിവരമില്ലായ്മയുടേയും മറ്റൊരു ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ''സാഹിത്യ അക്കാദമിയിലെ ലൈബ്രറി ഒരു ഇഷ്യൂയിംഗ് ലൈബ്രറി അല്ല, റഫറന്‍സ് ലൈബ്രറി ആണ്. ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയന്റെ ശമ്പളം കിട്ടാന്‍ ആദ്യം ചെയ്ത പണി ഇവിടുത്തെ ലൈബ്രറി ഫസ്റ്റ് ഗ്രേഡ് ആക്കണമെന്ന് ആവശ്യപ്പെടുകയാണ്. അത് ഫസ്റ്റ് ഗ്രേഡ് ലൈബ്രറി ആയപ്പോള്‍ തേര്‍ഡ് ഗ്രേഡ് ലൈബ്രേറിയനായ തനിക്ക് ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയന്റെ ശമ്പളം കിട്ടണമെന്നായി ആവശ്യം. അതു സാധിച്ചെടുക്കുകയും ചെയ്തു. അതേസമയം അയാളേക്കാള്‍ താഴ്ന്ന ഫോര്‍ത്ത് ഗ്രേഡ് ലൈബ്രേറിയനെ അതിനനുസരിച്ച് ഉയര്‍ത്തിയതുമില്ല. ചുരുക്കത്തില്‍ വിവേചനത്തിന്റേയും സ്വജനപക്ഷപാതത്തിന്റേയും കൂത്തരങ്ങായി അക്കാദമി മാറുന്നുവെന്നതിന് ഒരു വലിയ തെളിവായി ഈ നടപടി.'' ആനന്ദന്‍ പിള്ള ആരോപിക്കുന്നു. കഴിഞ്ഞ കമ്മിറ്റിയുടെ കാലത്താണ് ഇതൊക്കെ നടക്കുന്നത്. 

സാഹിത്യ അക്കാദമിക്ക് ജീവനക്കാരെ സംബന്ധിച്ച് ഒരു നയമില്ല. നിയമനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ഒരു ചട്ടവുമില്ല. ഓരോ വിഭാഗത്തിലും എത്രയാളുകള്‍ വേണം എന്നതിനെക്കുറിച്ച് ഒരു കണക്കും തിട്ടവുമില്ല അധികാരികള്‍ക്ക്. ഇഷ്ടമുള്ള ആരെ വേണമെങ്കിലും അതതു കാലങ്ങളില്‍ അധികാരത്തില്‍ വരുന്നവര്‍ക്ക് നിയമിക്കാം എന്നതാണ് അവസ്ഥ. മാറ്റിയെഴുതിയ ബൈലോ പ്രകാരം ഒരു എല്‍.ഡി ക്ലാര്‍ക്കിന് യു.ഡി ക്ലാര്‍ക്ക് ആകണമെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് എഴുതി പാസ്സാകണമെന്നതാണ് വ്യവസ്ഥ. ഇവിടെ പാസ്സാവാത്തവനും പാസ്സായവനും പ്രമോഷന്‍ കൊടുത്തിട്ടുണ്ടെന്നതാണ് അനുഭവമെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഓഡിറ്റിംഗില്‍ ചിലരുടെ കാര്യത്തിലൊക്കെ കുഴപ്പം ചൂണ്ടിക്കാണിക്കും. അവര്‍ക്കു താല്പര്യമുള്ളവരെ സംബന്ധിച്ച് കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുകയുമില്ല. 

കേരള സാഹിത്യ അക്കാദമിയിലെ പുസ്തകങ്ങള്‍ പുറത്തുനല്‍കിയതാണ് മറ്റൊരു ക്രമക്കേട്. ആയിരക്കണക്കിനു പുസ്തകങ്ങള്‍ പുറത്തായിരുന്നു. ഇതു സംബന്ധിച്ചു വിവാദമുണ്ടായ പശ്ചാത്തലത്തില്‍ അവ തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഫലമായിട്ട് കുറേ പുസ്തകങ്ങള്‍ തിരിച്ചുകിട്ടിയെന്നാണ് അറിവ്. എന്നാല്‍, ഒരാളിന്റെ പേരില്‍ ഇപ്പോഴും 92 പുസ്തകങ്ങള്‍ തിരിച്ചുകിട്ടാനായിട്ടുണ്ട്. അതു പബ്ലിക്കേഷന്‍ ഓഫിസറുടേതാണ്. അത് ഇതുവരേയും തിരിച്ചുകിട്ടിയിട്ടില്ല. 

2005-ലാണ് ഡിജിറ്റൈസേഷന്‍ എന്ന ഏര്‍പ്പാട് തുടങ്ങുന്നത്. പ്രിന്റിലില്ലാത്ത പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനാണ് തുടങ്ങിയത്. ഇപ്പോള്‍ പ്രിന്റിലുള്ളതും അങ്ങനെ ചെയ്യുന്നുണ്ട്. മുന്‍പേ കുറേ പേരുണ്ടായിരുന്നു. ഇപ്പോള്‍ ഏഴുപേരാണ് അതു ചെയ്യുന്നത്. ഇതിനും ഒരു കണക്കെടുപ്പില്ല. സി.ഡിറ്റിന്റെ സ്റ്റാഫാണ് ഇത് ചെയ്യുന്നതെങ്കിലും ശമ്പളം കൊടുക്കുന്നത് അക്കാദമിയാണ്. അക്കാദമിയുടെ കെടുകാര്യസ്ഥതയുടെ മറ്റൊരുദാഹരണമായി ഡിജിറ്റൈസേഷന്‍ പ്രക്രിയയെ വിമര്‍ശകര്‍ എടുത്തുകാട്ടുന്നു.

''ഡിജിറ്റൈസേഷന്‍ എന്നെങ്കിലും അവസാനിക്കുന്ന ഒരു പ്രക്രിയ അല്ല. അച്ചടിച്ച പുസ്തകങ്ങള്‍ ഇറങ്ങുന്ന കാലം ഇല്ലാതാകുന്ന അത് തുടരേണ്ടിവരും. പ്രിന്റിലില്ലാത്ത പുസ്തകങ്ങളല്ല, കോപ്പിലെഫ്റ്റ് ആയ പുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്യപ്പെടുന്നത്. പ്രിന്റിലുള്ളതും ഇല്ലാത്തതുമൊക്കെ പെടും. അവിടെ ഒരു കെടുകാര്യസ്ഥതയുമില്ല.'' എന്നാണ് ഡോ. കെ.പി. മോഹനന്‍ വിശദീകരിക്കുന്നത്.

ഗ്രന്ഥസൂചിയെ സംബന്ധിച്ചാണ് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരാക്ഷേപം. 2000 വരെ ഇറക്കിയിട്ടുണ്ട്. 2001 മുതല്‍ 2006 വരെയുള്ള മാറ്റര്‍ ഡോ. എന്‍. സാം തയ്യാറാക്കിക്കൊടുത്തിട്ടുണ്ട്. ഇതില്‍ കുഴപ്പമുണ്ടെന്ന് കണ്ടിട്ട് ലളിതാ ലെനിന്‍, എസ്.കെ. വസന്തന്‍, നാഗരാജന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒരു സമിതിയെ ഇതു പരിശോധിക്കാന്‍ നിയോഗിച്ചു. ഇതുവരെ ഒന്നും നടന്നിട്ടില്ല. നാഗരാജന് 18,000 രൂപയായിരുന്നു പ്രതിഫലം. ലളിതാ ലെനിനും വസന്തനും 15000 രൂപ വീതവും. കഴിഞ്ഞമാസം നാഗരാജന് നല്‍കിയത് 23565-ലധികം രൂപയാണ്. ഒന്നും നടക്കുന്നില്ല. 

''നാഗരാജന്‍ ഈ പാനലില്‍ അംഗമല്ല. അദ്ദേഹം അക്കാദമിയുടെ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. ഡോ. സാം തയ്യാറാക്കിയ പുസ്തകത്തില്‍ തെറ്റുകളുണ്ടായിരുന്നു എന്നത് ശരിയാണ്. 2010-നു ശേഷമുള്ള ഗ്രന്ഥസൂചി തയ്യാറാക്കാനാണ് എസ്.കെ. വസന്തനേയും ലളിതാ ലെനിനേയും ചുമതലപ്പെടുത്തിയിട്ടുള്ളത്. അത് അവര്‍ നിര്‍വ്വഹിക്കുന്നുമുണ്ട്.'' 
ഗ്രന്ഥസൂചി തയ്യാറാക്കാനുള്ള ചുമതല തന്നെ ഏല്പിച്ചിട്ടുണ്ടെന്ന് എസ്.കെ. വസന്തനും സമ്മതിക്കുന്നു. അതു തയ്യാറാക്കി സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്നും  അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com