മുല്ലപ്പള്ളിക്ക് സ്വന്തം ഗ്രൂപ്പില്ല: ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും?

മുല്ലപ്പള്ളിക്ക് സ്വന്തം ഗ്രൂപ്പില്ലെന്നതുകൊണ്ട് ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ എളുപ്പമാണെന്ന്  രണ്ടു ഗ്രൂപ്പുകളും കരുതുന്നു 
മുല്ലപ്പള്ളിക്ക് സ്വന്തം ഗ്രൂപ്പില്ല: ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും?

കേരളത്തിലെ കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഗ്രൂപ്പുകള്‍ പോര് മാറ്റിവച്ച് ഒന്നാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അവര്‍ക്ക് ഇഷ്ടമില്ലാത്ത കെ.പി.സി.സി അധ്യക്ഷനെ മാറ്റാനാണ് അതിലൊന്ന്. വി.എം. സുധീരനെ മാറ്റാനും എം.എം. ഹസന്റെ അധ്യക്ഷപദവി സ്ഥിരപ്പെടുത്താതിരിക്കാനും ഇരുഗ്രൂപ്പുകളും ഒന്നിച്ചത് അങ്ങനെയാണ്. കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നു മുല്ലപ്പള്ളി രാമചന്ദ്രനെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മാറ്റാനാണ് ഇരുഗ്രൂപ്പുകളുടെയും പുതിയ നീക്കം.
 

സുധീരനും ഹസനും മാറിയപ്പോള്‍ പകരം വരുന്നത് തങ്ങളുടെ വരുതിക്കു നില്‍ക്കുന്ന കെ.പി.സി.സി അധ്യക്ഷനായിരിക്കുമെന്നായിരുന്നു ഇരുഗ്രൂപ്പുകളുടെയും പ്രതീക്ഷ.. എന്നാല്‍, സംഭവിച്ചത് മറ്റൊന്നാണ്. ജനമഹായാത്രയും ബൂത്ത് കമ്മിറ്റികളുടെ പുനസ്സംഘടനയും ലോക്സഭാ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ  പാര്‍ട്ടിയില്‍ മുല്ലപ്പള്ളിയുടെ  കാലം തെളിഞ്ഞു. കെ.പി.സി.സി പുനസ്സംഘടന നീട്ടിക്കൊണ്ടുപോവുകയും പരസ്യമായി എതിരഭിപ്രായം പറയുകയും തുടങ്ങി പല പ്രകോപനങ്ങളും ഇതിന്റെ ഭാഗമായുണ്ടായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയെ ഇവര്‍ ഭയപ്പെടുന്നു. 
സ്വാഭാവികമായും രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എങ്കിലും ഉമ്മന്‍ ചാണ്ടി ഒരു ശ്രമം നടത്തിക്കൂടായ്കയില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം, ഘടകകക്ഷികളിലുള്ള സ്വീകാര്യത, സമുദായ ഘടകം എന്നിവ മുല്ലപ്പള്ളിക്ക് അനുകൂലമാകുമെന്നാണ് സംശയം. ആര്‍. ശങ്കറിനു ശേഷം കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഈഴവ (തീയ്യ) സമുദായത്തില്‍നിന്ന് മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എന്നാല്‍, സി.പി.എം വി.എസ്സിനേയും പിണറായി വിജയനേയും മുഖ്യമന്ത്രിയാക്കി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിലും വലിയ അധ്വാനമില്ലാതെ വിജയിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ . എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റേയും ഒരു വിഭാഗം വോട്ടുകള്‍ യു.ഡി.എഫിനു ലഭിക്കും എന്ന പ്രതീക്ഷയാണ് അതിനു പ്രധാന കാരണം. 2021-ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കുക, 2026-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ലഭിക്കുന്ന വിധം സി.പി.എമ്മിനെ ദുര്‍ബ്ബലപ്പെടുത്തുക എന്നതാണ് സംഘപരിവാര്‍ അജന്‍ഡ എന്ന് കോണ്‍ഗ്രസ്സുകാര്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നു.

 ആറ് മണ്ഡലങ്ങളില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. അതില്‍ അരൂര്‍ ഒഴികെ അഞ്ചിലും 2016-ല്‍ ജയിച്ചത് യു.ഡി.എഫാണ്. വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം എന്നിവ കോണ്‍ഗ്രസ്സിന്റേയും  പാലാ കേരള കോണ്‍ഗ്രസ്സ് എമ്മിന്റേയും മഞ്ചേശ്വരം ലീഗിന്റേയും സീറ്റുകളാണ്. ഉപതെരഞ്ഞെടുപ്പു ഫലം തങ്ങള്‍ക്ക് അനുകൂലമായാല്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ്സും മുസ്ലിംലീഗും തമ്മിലുള്ള നിയമസഭാ പ്രാതിനിധ്യ വ്യത്യാസം വളരെ നേര്‍ത്തതാകുമെന്ന സി.പി.എം കണക്കുകൂട്ടുന്നു. നിലവില്‍ കോണ്‍ഗ്രസ്സിനു 19-ഉം ലീഗിനു 17-ഉം എം.എ.ല്‍എമാരാണുള്ളത്. എം.പിമാരായപ്പോള്‍ കെ. മുരളീധരനും അടൂര്‍ പ്രകാശിനും ഹൈബി ഈഡനും രാജിവയ്ക്കും മുന്‍പ് കോണ്‍ഗ്രസ്സ് സീറ്റുനില 22 ആയിരുന്നു. ആ സീറ്റുകള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ ലീഗ് തൊട്ടടുത്തെത്തും. അന്തരിച്ച പി.ബി. അബ്ദുല്‍ റസാഖ് പ്രതിനിധീകരിച്ച മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിലനിര്‍ത്തിയാല്‍ ലീഗിന്റെ സീറ്റുകള്‍ 18 ആവുകയും ചെയ്യും. പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികളുടെ സീറ്റ് ബലാബലം കുറഞ്ഞാലും കൂടിയാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. പക്ഷേ, രാഷ്ട്രീയമായി അത് കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും എന്നതാണ് സി.പി.എം കണക്കുകൂട്ടുന്നത്. 

2016-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും അവര്‍ ഇത്തവണ മുന്നിലെത്തുക കൂടി ചെയ്താല്‍ അതും കോണ്‍ഗ്രസ്സിനേയും യു.ഡി.എഫിനെയുമാണ് ബാധിക്കുക. സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടും എന്നതു മാത്രമല്ല കാര്യം. വടകരയില്‍ മുരളീധരനെ ജയിപ്പിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ സഹായിക്കാം എന്ന് കോണ്‍ഗ്രസ്സ് ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിരുന്നു എന്ന ആരോപണം ശക്തിപ്പെടും. 

മാറാന്‍ മടിച്ചു നേതാക്കള്‍ 
പുനഃസംഘടന പൂര്‍ത്തിയാക്കാനുള്ള മുല്ലപ്പള്ളിയുടെ ശ്രമവും അതിനു കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി നല്‍കിയ അനുമതിയും നടപ്പിലാകുമെന്ന് ഉറപ്പില്ല. കൂറ്റന്‍ കെ.പി.സി.സി ചെറുതാക്കാനുള്ള നീക്കം, ഒരാള്‍ക്ക് ഒരു പദവി മാത്രം എന്നത് നിര്‍ബന്ധമാക്കല്‍ എന്നീ കാര്യങ്ങളില്‍ മുറുമുറുക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. ഏതെങ്കിലും പോഷക സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നു മാറേണ്ടി വന്നവര്‍ക്ക് മറ്റൊരു സംഘടനയിലോ തലത്തിലോ പദവി കൊടുത്തില്ലെങ്കില്‍ അവര്‍ ഫലത്തില്‍ പുറത്തു നില്‍ക്കേണ്ട സ്ഥിതിയാണ് അവരെയൊക്കെ നിലനിര്‍ത്തണമെന്നാണ് പലരുടെയും അഭിപ്രായം. മുന്‍ ഡി.സി.സി പ്രസിഡന്റുമാര്‍, കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസ്സിലും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചവര്‍, നിലവിലെ കെ.പി.സി.സി സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും ഇങ്ങനെയുണ്ട്. ഒരു പദവിയുമില്ലാത്തവര്‍. ഇവര്‍ക്കൊക്കെ പുറമേയാണ് ഏതെങ്കിലും നേതാവിന്റെ നോമിനിയായി വന്ന് 'രക്ഷപ്പെട്ടവര്‍.' ഇവരില്‍ ആരെ തഴയും ആരെ ഉള്‍ക്കൊള്ളിക്കും എന്നത് പ്രശ്‌നമാണ്. 

നിലവില്‍ ആകെ ഭാരവാഹികള്‍ 63. നാല് വൈസ് പ്രസിഡന്റുമാര്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥാനത്ത് പിന്നീട് മൂന്നു വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചു. അവരില്‍ എം.ഐ. ഷാനവാസിന്റെ വിയോഗത്തിനുശേഷം കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍ എന്നിവരാണ് ഇപ്പോഴുള്ളത്. വൈസ് പ്രസിഡന്റുമാര്‍ നാല്: ലാലി വിന്‍സെന്റ്, എ.കെ. മണി, വി.ഡി. സതീശന്‍, ഭാരതീപുരം ശശി. ജനറല്‍ സെക്രട്ടറിമാര്‍ 21, സെക്രട്ടറിമാര്‍ 35, ഇവരില്‍ രണ്ടു പേര്‍ മരിച്ചു. ഇതില്‍നിന്നു വെട്ടിക്കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. വനിതാ പ്രാതിനിധ്യം നിര്‍ബ്ബന്ധമാക്കിയതുകൊണ്ടാണ് ലാലി വിന്‍സെന്റിനെ വൈസ് പ്രസിഡന്റാക്കിയത്. പത്മജാ വേണുഗോപാല്‍, ലതികാ സുഭാഷ്, സുമ ബാലകൃഷ്ണന്‍, വല്‍സല പ്രസന്നകുമാര്‍ എന്നീ നാലു പേരെ ജനറല്‍ സെക്രട്ടറിയുമാക്കി. അതില്‍ ലതികാ സുഭാഷ് പിന്നീട് വനിതാ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷയായി. മറിയാമ്മ ചെറിയാന്‍, പ്രൊഫ. വിജയലക്ഷ്മി എന്നിവരാണു സെക്രട്ടറിമാര്‍. മുന്‍പ് ജനറല്‍ സെക്രട്ടറിയായിരുന്ന വിജയലക്ഷ്മിയെയാണ് പിന്നീട് സെക്രട്ടറിയാക്കിയത് എന്നതാണ് വിചിത്രമായ കാര്യം. കെ.പി.സി.സി നിര്‍വ്വാഹക സമിതി രണ്ടാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടുന്നതും വിശാലമായ മറ്റൊന്നും. വിശാല നിര്‍വ്വാഹക സമിതി വല്ലപ്പോഴുമാണ് വിളിക്കുന്നത്. 

ഈ പാര്‍ട്ടിയില്‍ പദവിയില്ലെങ്കില്‍ അംഗീകാരമില്ല, അവര്‍ പ്രവര്‍ത്തിക്കുകയുമില്ല എന്ന സുപ്രധാന വെളിപ്പെടുത്തല്‍ പല മുതിര്‍ന്ന നേതാക്കളും പല രൂപത്തില്‍ നടത്തുന്നു. കേരളത്തില്‍ സംഘടനാ വലിപ്പത്തില്‍ കോണ്‍ഗ്രസ്സിനു തൊട്ടു മുകളിലുള്ള സി.പി.എമ്മും അത്രയൊന്നും വലുതല്ലാത്ത സി.പി.ഐയും നിയമസഭയിലേക്ക് അയച്ചവരുടെ എണ്ണവും കോണ്‍ഗ്രസ്സ് അയച്ചവരുടെ എണ്ണവും പരിശോധിച്ചാല്‍ വലിയ വ്യത്യാസമാണുള്ളത്. ഇത് കോണ്‍ഗ്രസ്സില്‍ പദവിക്കു വേണ്ടി നിലകൊള്ളുന്നവര്‍ എപ്പോഴും പറയുന്ന കാര്യമാണ്. സി.പി.എം പുതിയ ആളുകളെ പരിഗണിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ്സില്‍ അങ്ങനെ പരിഗണിക്കപ്പെടുന്നവരുടെ എണ്ണം കുറവ്. പ്രാദേശിക നേതാക്കളേയും പ്രാദേശിക പ്രവര്‍ത്തകരേയും വരെ ഇടതുപാര്‍ട്ടികള്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും മത്സരിപ്പിക്കുന്നു. കോണ്‍ഗ്രസ്സ് അങ്ങനെ അവസരം കൊടുക്കുന്നില്ല. ഒരേ ആളുകള്‍ തുടരുന്നതിനു നിരവധി ഉദാഹരണളുണ്ടു താനും. 2011-ലെ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഡി.സി.സി വൈസ് പ്രസിഡന്റ് പി.എ. മാധവനെ സ്ഥാനാര്‍ത്ഥിയാക്കിയതു മാത്രമാണ് സമീപകാലത്തെ മാറ്റം. ജയിച്ച് എം.എല്‍.എ ആയ മാധവനെ 2016-ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയുമില്ല. അങ്ങനെയായിരിക്കെ പാര്‍ട്ടിയിലെങ്കിലും സ്ഥാനങ്ങള്‍ കിട്ടുന്നത് അടഞ്ഞാല്‍ ആളുകള്‍ എവിടെപ്പോകും എന്നാണ് ചോദ്യം. 

ലക്ഷ്യമിടുന്നത്
അധ്യക്ഷന്റെ വീഴ്ച 

തിളങ്ങി നില്‍ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനു നേരെ ഒരു ഏറ് കൊടുക്കുക എന്ന കൃത്യമായ ലക്ഷ്യം നടപ്പാക്കിയതിനെക്കുറിച്ചാണ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ സംസാരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.എം. സുധീരന്റെ നോമിനിയായാണ് പഴയ എ ഗ്രൂപ്പുകാരന്‍ അനില്‍ അക്കരെയ്ക്കു വടക്കാഞ്ചേരി സീറ്റ് കിട്ടിയത്. അനില്‍ അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നവര്‍ ഇന്നും ഒരിക്കല്‍പ്പോലും എം.എല്‍.എയോ എം.പിയോ ആകാതെ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എം.പിയായ ടി.എന്‍. പ്രതാപനു പകരം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നത് അനില്‍ അക്കരെയല്ല. അതുകൊണ്ട് നിയമനം വൈകുന്നതല്ല പ്രശ്‌നം. അവിടെ ഡി.സി.സി പ്രസിഡന്റ് ഇല്ലാത്തതുകൊണ്ട് നടക്കാതെ പോയ വലിയ സംഘടനാ പ്രവര്‍ത്തനമൊന്നുമില്ലതാനും. അതു മനസ്സിലാകുമ്പോഴാണ് മുല്ലപ്പള്ളിയെ ഉന്നം വയ്ക്കാന്‍ അനില്‍ കരുവാകുകയാണ് എന്നു വ്യക്തമാകുന്നത്. രമ്യയുടെ കാറും മുല്ലപ്പള്ളിയുടെ പ്രതികരണവും ഒരു കാരണം മാത്രം. 

യഥാര്‍ത്ഥത്തില്‍ എം.എല്‍.എ കെ.പി.സി.സി അധ്യക്ഷനെതിരെ ഇത്ര രൂക്ഷമായി പ്രതികരിക്കേണ്ടത്ര കടുത്ത പരാമര്‍ശമൊന്നും മുല്ലപ്പള്ളി നടത്തിയിരുന്നുമില്ല. കിട്ടിയ അവസരത്തില്‍ ഒരു വെടി പൊട്ടിച്ചു എന്നതിലാണ് കാര്യം; അത് നിസ്സാരമാക്കി തള്ളാനുള്ള രമേശിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും വ്യഗ്രതയുമായി കൂട്ടിച്ചേര്‍ത്താണ് കോണ്‍ഗ്രസ്സിലെ പല നേതാക്കളും കാണുന്നത്. മുന്‍പ് സി.വി. പത്മരാജന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ വി.എം. സുധീരനെക്കൊണ്ട് പരസ്യമായി വെല്ലുവിളിപ്പിച്ച ഓര്‍മ്മ പല മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. അവര്‍ അതുമായി ഇതിനെ താരതമ്യം ചെയ്യുന്നു. പത്മരാജന്‍ തിളങ്ങിനിന്ന കാലത്താണ് അദ്ദേഹത്തെ വെല്ലുവിളിച്ചത്. അത് അദ്ദേഹത്തിന്റെ മാറ്റത്തിലാണ് അവസാനിച്ചത്. 

കാര്യമില്ലാത്ത കാര്യത്തില്‍ സുധീരന്റെ ഏറുകൊണ്ട സി.വി. പത്മരാജന്റെ അതേ നിലയില്‍ മുല്ലപ്പള്ളിയും അസ്വസ്ഥനാണ്. രണ്ടായി പിരിഞ്ഞ കോണ്‍ഗ്രസ്സ് ലയിച്ച ശേഷമുള്ള ഐക്യ അന്തരീക്ഷത്തിലേയ്ക്കായിരുന്നു സുധീരന്റെ കല്ലു ചെന്നു വീണത്. ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം വലിയ കോലാഹലങ്ങളില്ലാതെ നില്‍ക്കുമ്പോഴാണ് അനില്‍ അക്കരയുടെ ഏറ്. രണ്ടിനും ലക്ഷ്യം ഒന്നുതന്നെ. അധ്യക്ഷനെ അലോസരപ്പെടുത്തുക; മാറ്റത്തിനു കളമൊരുക്കുക; ചിലരുടെ സ്ഥാനങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്ക നീക്കുക. 
മുല്ലപ്പള്ളിക്ക് സ്വന്തം ഗ്രൂപ്പില്ല എന്നതുകൊണ്ട് ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ എളുപ്പമാണ് എന്ന് രണ്ടു ഗ്രൂപ്പുകളും കരുതുന്നു. പക്ഷേ, 1984-ല്‍ രാജീവ് ഗാന്ധി എ.ഐ.സി.സി അധ്യക്ഷനായപ്പോള്‍ എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ച മുല്ലപ്പള്ളിക്ക് അന്നു മുതല്‍ ഇന്നു വരെ രാജീവിന്റെ കുടുംബവുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തിന്റെ കരുത്താണ്. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കിയ സംഘടനാ തെരഞ്ഞെടുപ്പു പ്രക്രിയയുടെ ചുക്കാന്‍ പിടിച്ചതും മുല്ലപ്പള്ളി തന്നെ. ആ സ്ഥാനത്തുനിന്നാണ് കെ.പി.സി.സി അധ്യക്ഷനായി അയച്ചത്. പക്ഷേ, രാഹുല്‍ ഗാന്ധി രാജിവയ്ക്കുകയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം പതറിനില്‍ക്കുകയും ചെയ്യുന്ന സമയം മുല്ലപ്പള്ളിയെ ദുര്‍ബ്ബലനാക്കാനുള്ള സമയവും കൂടിയായി ഗ്രൂപ്പ് നേതാക്കള്‍ കണ്ടെത്തുകയായിരുന്നു. 

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മുല്ലപ്പള്ളിയുടെ ജനപ്രീതിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്ഥാനത്തിനും ഇടിവുണ്ടാക്കുകയാണ് ഉന്നം. മുല്ലപ്പള്ളിയെ മുന്നില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പു നേരിട്ടാല്‍ ജയിക്കില്ലെന്നു വരുത്തുക. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശരത് ലാലിന്റെ കുടുംബത്തിന്റെ അലമുറ സഹിക്കാതെ ഒപ്പം കരഞ്ഞുപോയ മുല്ലപ്പള്ളി ഒറ്റയടിക്കു നേടിയ ഇടം തന്നെ ചില നേതാക്കളെ അലോസരപ്പെടുത്തിയിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റാലും ഇഷ്ടമില്ലാത്ത അധ്യക്ഷന്റെ വീഴ്ച കണ്ടാല്‍ മതി എന്ന് ആഗ്രഹിക്കുന്നവരുണ്ട്. 

'കഥ' ഇതുവരെ  

പുനസ്സംഘടിപ്പിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അധ്യക്ഷനായല്ല മുല്ലപ്പള്ളി ചുമതലയേറ്റത്. പ്രസിഡന്റ് ഒഴികെ ബാക്കി എല്ലാവരും പഴയ കമ്മിറ്റിയുടെ തുടര്‍ച്ച. പല ഭാരവാഹികളുടേയും മുഖമുദ്രതന്നെ പ്രവര്‍ത്തിക്കാതിരിക്കുക എന്നതായിരുന്നു. ഇത് നിര്‍വ്വാഹകസമിതി യോഗങ്ങളില്‍ വിമര്‍ശനവുമായി. ഈ കമ്മിറ്റിയെ വച്ചുകൊണ്ട് മുന്നോട്ടു സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് മുല്ലപ്പള്ളിക്കു വ്യക്തമായി. പക്ഷേ, പുനഃസംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അത് അത്ര പെട്ടെന്നു സാധിക്കില്ല എന്നു ബോധ്യമായത്. കമ്മിറ്റിയുടെ വലിപ്പംതന്നെയാണ് പ്രധാന കാരണം. ബഹുഭൂരിപക്ഷവും ഗ്രൂപ്പടിസ്ഥാനത്തില്‍ കടന്നുവന്നവര്‍. രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും ഗ്രൂപ്പുകള്‍ക്കു പുറമേ വി.എം. സുധീരനും കുറേ ആളുകളെ വച്ചിരുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതനായാണ് സുധീരനെ കേന്ദ്രനേതൃത്വം കെ.പി.സി.സി പ്രസിഡന്റാക്കിയത്. പക്ഷേ, രമേശും ഉമ്മന്‍ ചാണ്ടിയും വീതം വയ്ക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ സുധീരനു കഴിഞ്ഞില്ല. അങ്ങനെകൂടിയാണ് ഇത്ര വലിയ കമ്മിറ്റിയുണ്ടായത്. അങ്ങനെ വന്നവര്‍ക്ക് നേതാക്കളോട് വ്യക്തിപരമായിരുന്നു പ്രതിബദ്ധത. പാര്‍ട്ടിയോടായിരുന്നില്ല. ഇത്രയും വലിയ കമ്മിറ്റിയായിട്ടും കാര്യമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുമില്ല. അതാണ് മുല്ലപ്പള്ളി അനുഭവിച്ച പ്രശ്‌നം. കെ.പി.സി.സി ആസ്ഥാനത്തുപോലും പ്രസിഡന്റിനോട് പ്രതിബദ്ധതയുള്ളവര്‍ ഇല്ലാത്ത സ്ഥിതി. ഫലപ്രദമായ കമ്മിറ്റിയില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതി മുല്ലപ്പള്ളി കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് പുനസ്സംഘടന നടത്താന്‍ അനുമതി ലഭിച്ചത്. 

ഗ്രൂപ്പു നേതാക്കള്‍ സ്വന്തം ഗ്രൂപ്പില്‍പ്പെട്ട ആരെയും ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കാന്‍ തയ്യാറായില്ല. താഴേത്തട്ടില്‍നിന്നു പുനസ്സംഘടന എന്നായിരുന്നു മുല്ലപ്പള്ളിയുടെ തീരുമാനം. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരില്‍ നടപ്പാക്കിയ ബൂത്ത് കമ്മിറ്റി പുനസ്സംഘടന അതിന്റെ തുടക്കമായിരുന്നു. എല്ലാ നേതാക്കളും സ്വന്തം ബൂത്തില്‍ ഭാരവാഹികളെ കണ്ടെത്താന്‍ വേണ്ട പിന്തുണ നല്‍കാന്‍ ധാരണയായി. എ.കെ. ആന്റണിയുടേയും എം.എം. ഹസന്റേയും ഉള്‍പ്പെടെ നിരവധി നേതാക്കളുടെ വീടുകളില്‍ അത്തരം ബൂത്ത് യോഗങ്ങള്‍ നടന്നു. വലിയ വിജയമായിരുന്നു അത്. എല്ലാ ബൂത്തിലേയും വൈസ് പ്രസിഡന്റ് സ്ത്രീ ആയിരിക്കണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കി. 25,000 ബൂത്തുകളില്‍ സ്ത്രീ ഭാരവാഹികള്‍ വന്നു. അവരുടെ യോഗം കൊച്ചി മറൈന്‍ഡ്രൈവില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചു നടത്തി.

ഇതേ മാതൃകയില്‍ മുകളിലേക്കുള്ള കമ്മിറ്റികളും പുനസ്സംഘടിപ്പിക്കാനായിരുന്നു തീരുമാനം. അവ കൂടി നടന്നാല്‍ സുസംഘടിതമായ പാര്‍ട്ടി ഘടന കേരളത്തില്‍ ഉണ്ടാകും എന്ന് കെ.പി.സി.സി പ്രസിഡന്റുള്‍പ്പെടെ പലരും പ്രതീക്ഷിക്കുകയും സ്വപ്നം കാണുകയും ചെയ്തു. അതിന്റെ മുന്നോടിയായിക്കൂടിയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ 'ജനമഹായാത്ര' നടത്തിയത്. പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുകയും പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളേയും പ്രാദേശിക നേതാക്കളേയും പ്രവര്‍ത്തകരേയും നേരിട്ട് അറിയുകയുമാണ് അതിലൂടെ ലക്ഷ്യമിട്ടത്. യാത്ര എറണാകുളത്ത് എത്തിയപ്പോഴാണ് പെരിയ ഇരട്ടക്കൊല ഉണ്ടായത്. സി.പി.എം അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എന്ന ആരോപണം മുഖ്യ പ്രചാരണമാക്കിയിരുന്ന കോണ്‍ഗ്രസ്സിന് അത് സ്ഥാപിക്കാന്‍ കിട്ടിയ അവസരമായി പെരിയ മാറി. 

20-ല്‍ 19-ഉം നേടിയ ശേഷവും പാര്‍ട്ടി പുനസ്സംഘടന എന്നത് കീറാമുട്ടിയായി തുടര്‍ന്നു. നിലവിലെ ഭാരവാഹികളാരും തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മാര്‍ത്ഥത കാണിക്കുന്നില്ല എന്ന വികാരം നീറിനിന്നു. പുനസ്സംഘടനയില്‍ പദവി പോകും എന്ന ആശങ്കയില്‍ ഭാരവാഹികള്‍ തീരെ പ്രവര്‍ത്തിക്കാതെയുമായി. കെ.പി.സി.സി ഒരു വണ്‍മാന്‍ ഷോ ആയി മാറി. ഇങ്ങനെ പോകാന്‍ പറ്റില്ല എന്നു രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് മുല്ലപ്പള്ളി തുറന്നു പറഞ്ഞു. പുതിയ കമ്മിറ്റി വേണം. ജംബോ കമ്മിറ്റിക്കു പകരം ചെറിയ കമ്മിറ്റിക്കാണ് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്ന പ്രസിഡന്റിന്റെ വാദം സമിതി അംഗീകരിച്ചു. വലിപ്പം കുറയ്ക്കണം എന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്തു. രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടായ തീരുമാനമാണ് ജൂലൈ 31-നു മുന്‍പ് പുനസ്സംഘടന എന്നത്. മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു, രാഷ്ട്രീയകാര്യ സമിതിയിലെ ഓരോ അംഗവുമായും മുല്ലപ്പള്ളി ഒറ്റയ്ക്കൊറ്റയ്ക്കു സംസാരിച്ചു. കമ്മിറ്റിയുടെ വലിപ്പം കുറയ്ക്കുന്ന കാര്യത്തില്‍ മാത്രമല്ല, ഒരാള്‍ക്ക് ഒരു പദവി എന്നതിലും എല്ലാ നേതാക്കളും തുടക്കത്തില്‍ അനുകൂലമായിരുന്നു. എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും നിയമസഭയിലേയും പാര്‍ലമെന്റിലേയും സ്വന്തം നിയോജക മണ്ഡലത്തിലേയും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെങ്കില്‍ പാര്‍ട്ടി ഭാരവാഹിത്വം ഇല്ലാത്തതാണ് നല്ലത് എന്ന വാദത്തിന് അംഗീകാരവും കിട്ടി. 

പിന്നെയാണ് സ്ഥിതി മാറിയത്. പാര്‍ട്ടി പദവിയുള്ള എം.എല്‍.എമാരും എം.പിമാരും അത് ഒഴിയാന്‍ വിസമ്മതിച്ചു. അവര്‍ പദവി നിലനിര്‍ത്തിക്കിട്ടാന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി. മാത്രമല്ല, ഭാരവാഹികളല്ലാത്ത പല എം.പിമാരും എം.എല്‍.എമാരും ഭാരവാഹികളാകാനും ഇടി തുടങ്ങി. തുടക്കത്തില്‍ ഒരാള്‍ക്ക് ഒരു പദവിക്കുവേണ്ടി ശക്തമായി നിലകൊണ്ട ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം ഗ്രൂപ്പിലെ എം.പിമാരുടേയും എം.എല്‍.എമാരുടേയും സമ്മര്‍ദ്ദം നേരിടേണ്ടി വന്നു. രമേശിന്റെ 'കൂടെ നില്‍ക്കുന്ന' വലിയൊരു വിഭാഗത്തിനും കെ.പി.സി.സിക്കുള്ളില്‍ കയറിയേ പറ്റുകയുള്ളു. അവരോട് പറ്റില്ല എന്നു പറയാന്‍ രണ്ടു നേതാക്കള്‍ക്കും കഴിയുന്നില്ല. അവിടെ നില്‍ക്കുകയാണ് കാര്യങ്ങള്‍. 
 

വേണ്ടത് രാഷ്ട്രീയവ്യക്തതയുള്ള നേതൃത്വം

കെ.പി.സി.സി പുനസ്സംഘടനയ്ക്കു എന്താണു സംഭവിച്ചത്? 
നിലവിലെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചെറിയ കമ്മിറ്റിക്ക് രൂപം നല്‍കാനും രാഷ്ട്രീയകാര്യ സമിതി അനുമതി തന്നു. ജംബോ കമ്മിറ്റിക്കു പകരം കാര്യക്ഷമമായും അര്‍ത്ഥപൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന ചെറിയ കമ്മിറ്റി രൂപീകരിക്കുക എന്ന നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. ഒരാള്‍ക്ക് ഒരു തസ്തിക എന്ന മാനദണ്ഡവും പ്രധാനമാണ്. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സ്വന്തം നിയോജകമണ്ഡലത്തില്‍ത്തന്നെ പിടിപ്പതു ജോലിയുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ എം.പിമാര്‍ ഡല്‍ഹിയില്‍ത്തന്നെ ഉണ്ടാകണം, മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. സമ്മേളനം കഴിഞ്ഞാല്‍ പാര്‍ലമെന്ററി സമിതികളുടെ യാത്രകളും മറ്റുമായി അവര്‍ തിരക്കിലായിരിക്കും. അതുകഴിഞ്ഞാണ് മണ്ഡലത്തിലെ കാര്യം. അതിനിടയില്‍ പാര്‍ട്ടി പദവികളില്‍ ഫലപ്രദമായി ശോഭിക്കാന്‍ കഴിയണമെന്നില്ല. ഏഴുവട്ടം എം.പിയായിരുന്ന ആള്‍ എന്ന നിലയില്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇത് പറയുന്നത്. ഏറെക്കുറെ സമാനമാണ് എം.എല്‍.എമാരുടേയും സ്ഥിതി. കാര്യശേഷിയുള്ള നേതാക്കള്‍ അവരുടെ കൂട്ടത്തില്‍ ഇല്ല എന്നല്ല, പക്ഷേ, പാര്‍ട്ടി ഇപ്പോള്‍ ദുര്‍ബ്ബലാവസ്ഥയില്‍നിന്നു വീണ്ടും കെട്ടിപ്പടുക്കുന്ന പ്രക്രിയയിലാണ്. കാരണം, രണ്ട് പ്രധാന രാഷ്ട്രീയശക്തികളോടാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സി.പി.എമ്മിന്റെ സംഘടനാശേഷിയെ തള്ളിക്കളയാന്‍ സാധ്യമല്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പി കേരളത്തില്‍ അതിശക്തമാണ് എന്നു പറയാന്‍ കഴിയില്ലെങ്കിലും അവര്‍ക്കു വേണ്ട ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആര്‍.എസ്.എസ്സുണ്ട്. കേരളം തങ്ങളുടെ ലക്ഷ്യമാണ് എന്ന് മോദിയും അമിത് ഷായും പറഞ്ഞിട്ടുണ്ട്. ധാരാളം പണവും ആ പാര്‍ട്ടിയുടെ കയ്യിലുണ്ട്. ഈ രണ്ടു ശക്തികളോടുമാണ് കോണ്‍ഗ്രസ്സ് പൊരുതേണ്ടത്. അതിനൊത്ത വിധം സംഘടനാശേഷി മെച്ചപ്പെടുത്തിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. യുവാക്കള്‍, സ്ത്രീകള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം കൊടുത്തുകൊണ്ടുള്ള സന്തുലിതമായ പുനസ്സംഘടനയാണ് ലക്ഷ്യം. പലപ്പോഴും പരിഗണിക്കപ്പെടാറില്ലാത്ത ചില സാമുദായിക വിഭാഗങ്ങളുണ്ട്. അവരേയും മുഖ്യധാരയിലേക്കു കൊണ്ടുവരും.

ദേശീയ നേതൃത്വത്തിലെ ആശയക്കുഴപ്പം കേരളഘടകത്തെ എങ്ങനെ ബാധിക്കും? 
ദേശീയ രാഷ്ട്രീയത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ വിജയത്തിന്റെ അതേ സ്ഥിതി മുന്നോട്ടു കൊണ്ടുപോവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ദൗത്യമാണ്. അത് ഞാന്‍ അംഗീകരിക്കുന്നു, ആ യാഥാര്‍ത്ഥ്യം മറ്റാരെക്കാളും തിരിച്ചറിയുന്നു. അതുകൊണ്ട് ദേശീയ രാഷ്ട്രീയം എന്തുമാകട്ടെ, മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഭദ്രമല്ലാത്ത നിലയോ ശോചനീയാവസ്ഥയോ ഒന്നും പ്രശ്‌നമല്ലാത്ത വിധത്തില്‍ ജനപക്ഷത്തു നിന്നുകൊണ്ട് കേരളത്തില്‍ മാതൃകാപരമായ മതേതര ജനാധിപത്യ രീതി സ്വീകരിച്ച് എങ്ങനെ മുന്നോട്ടു പോകണമെന്നും ജനങ്ങളുടെ വികാരത്തിനനുസരിച്ച് എങ്ങനെ മുന്നോട്ടു പോകണമെന്നുമാണ് നോക്കുന്നത്. അതിനുവേണ്ടവിധമുള്ള രാഷ്ട്രീയ വ്യക്തതയുള്ള നേതൃത്വം വേണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വെറുതേ ആരെയെങ്കിലുമൊക്കെ വച്ചുകൊണ്ട് ഒരു പോരാട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. വരാന്‍പോകുന്ന കാലഘട്ടത്തില്‍ ആരാണ് നേതാവ്, ആരൊക്കെയാണ് നേതാക്കള്‍ അവരെക്കൂടി നോക്കിക്കൊണ്ടാണ് ജനം മുന്നോട്ടു പോവുക. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ വ്യക്തിത്വമുള്ള നേതൃത്വം പ്രധാനപ്പെട്ട ഒരു ഘടകമാണ്. നേതാവിനെ നോക്കും ആളുകള്‍. ഇയാളെന്താണ്, ഇയാളുടെ ഇന്റഗ്രിറ്റി എന്താണ്, ഇയാളുടെ കാഴ്ചപ്പാട് എന്താണ്. അതു വളരെ വളരെ പ്രധാനമാണ്. ഐഡിയോളജി വേണ്ട എന്നല്ല. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമൊക്കെയാണ് കോണ്‍ഗ്രസ്സിന്റെ ഐഡിയോളജി. ഇതൊക്കെ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, ഇന്ത്യയുടെ ഭാഗമാണ്. 

ദേശീയ പ്രസിഡന്റ് ഇല്ലാത്ത പാര്‍ട്ടി എന്ന പരിഹാസം കോണ്‍ഗ്രസ്സ് കേള്‍ക്കേണ്ടി വരുന്നുണ്ടല്ലോ. പാര്‍ട്ടിക്ക് അകത്തും വിമര്‍ശനങ്ങള്‍ ഉയരുന്നു? 
രാഹുല്‍ ഗാന്ധിയുടെ രാജിക്കുശേഷം കോണ്‍ഗ്രസ്സില്‍ ഉണ്ടായിരിക്കുന്ന ഒരു മാന്ദ്യമുണ്ടല്ലോ. ആ മാന്ദ്യത്തിന്റെ കാറ്റ് ഇവിടെ ഉണ്ടാകാന്‍ പാടില്ല എന്ന് എനിക്കു നിര്‍ബന്ധമുണ്ട്, ഞങ്ങള്‍ക്കെല്ലാം നിര്‍ബ്ബന്ധമുണ്ട്. കേരളത്തില്‍ പാര്‍ട്ടിയെ എങ്ങനെ ഭദ്രമായും ശക്തമായും നിലനിര്‍ത്താന്‍ സാധിക്കും എന്ന ഒരു തീരുമാനമെടുത്താണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ ഐക്യം പൊട്ടിപ്പോകാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. പൂര്‍ണ്ണമായും ഇവിടുത്തെ പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങള്‍ ഉള്‍ക്കൊണ്ട് ആ സന്തുലിതാവസ്ഥ നിലനിര്‍ത്തിയാണ് ഞാന്‍ ഇതുവരെ മുന്നോട്ടു പോയത്. ഇവിടെ യുദ്ധം ജയിക്കുന്നതിനു മുന്നില്‍ ഒരു യോദ്ധാവല്ല, കൂട്ടായ നേതൃത്വമാണ് വേണ്ടത്. കൂട്ടായ അച്ചടക്കമാണ്. ആ അച്ചടക്കത്തിന്റെ കണ്ണി ഇതുവരെ പൊട്ടാതെ കൊണ്ടുപോകാന്‍ സാധിച്ചു. അതിന് എല്ലാ ഭാഗത്തുനിന്നും നിര്‍ലോഭമായ സഹകരണം കിട്ടി. 

കെ.പി.സി.സി പ്രസിഡന്റിനെതിരെ പരസ്യ വിമര്‍ശനം നടത്തുന്നത് ഫോണില്‍ക്കൂടി പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന ഒരു അച്ചടക്കലംഘനം മാത്രമാണോ? 
ആ സംഭവത്തിന് ഒരു പശ്ചാത്തലമുണ്ട്. ജൂലൈ 20-ന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം വടകര റെയില്‍വേ സ്റ്റേഷനിലേക്ക് ധൃതിപിടിച്ചു പോവുകയായിരുന്നു ഞാന്‍. പിറ്റേന്നു രാവിലെ കോട്ടയത്ത് പരിപാടിയുണ്ട്. ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ അനുശോചന പ്രതികരണം ചോദിച്ച് മാധ്യമപ്രവര്‍ത്തകര്‍ വന്നു. ഷീലാ ദീക്ഷിതും ഞാനുമായി ദീര്‍ഘകാലത്തെ ബന്ധമാണ് ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ ഞങ്ങള്‍ അയല്‍ക്കാരായി ജീവിച്ചവരാണ്. നല്ല സൗഹൃദം. അതുകൊണ്ടാണ് മാധ്യമങ്ങള്‍ പ്രത്യേക താല്പര്യമെടുത്തത്. അതു പറഞ്ഞുകഴിഞ്ഞപ്പോഴാണ് ആലത്തൂര്‍ എം.പിക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പിരിവെടുത്തു കാര്‍ വാങ്ങാന്‍ പോകുന്നു എന്ന് അവരിലൊരാള്‍ പറഞ്ഞത്. ശരിയാണോ എന്നു ചോദിച്ചു, അതെ, രസീതൊക്കെയുണ്ട് എന്ന് അവര്‍ അറിയിച്ചു. അറിഞ്ഞില്ലല്ലോ, അതു വേണ്ടിയിരുന്നില്ല എന്നു ഞാന്‍ മറുപടി പറയുകയും ചെയ്തു. എം.പിമാര്‍ക്ക് ഇപ്പോള്‍ സാമ്പത്തികമായി സൗകര്യമുണ്ട്. ഒരു കാറൊക്കെ വാങ്ങണമെങ്കില്‍ വായ്പ കിട്ടും. അതുകൊണ്ടാണ് അത് വേണ്ടിയിരുന്നില്ല എന്നു പറഞ്ഞത്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ എന്നും പറഞ്ഞിരുന്നു. ചാനലിനു ബൈറ്റ് കൊടുക്കുന്ന രീതിയില്‍ പറഞ്ഞതല്ല. വാര്‍ത്തയാക്കാന്‍ വേണ്ടി പറഞ്ഞതുമല്ല. അതാണ് മുല്ലപ്പള്ളിക്ക് വിയോജിപ്പ് എന്ന വാര്‍ത്തയായി വന്നത്. വിയോജിപ്പ് എന്നു പറഞ്ഞ് ഒരു വിവാദമുണ്ടാക്കാനോ തലക്കെട്ടു പിടിക്കാനോ ആഗ്രഹിക്കുന്ന ആളല്ല. 


സാറിനെതിരെ ഭയങ്കര സൈബര്‍ ആക്രമണം നടക്കുന്നു എന്നു രാത്രി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആരോ പറഞ്ഞു. നോക്കുമ്പോള്‍ സംഘടിതമായ കടന്നാക്രമണമാണ്. വളരെ വളരെ മോശമായാണ് ചിലര്‍ പ്രതികരിക്കുന്നത്. അത് കാര്യമായെടുക്കാതെ കിടന്നുറങ്ങി. പിറ്റേന്ന് കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കു വരുമ്പോള്‍ അറിഞ്ഞത് വളരെ രൂക്ഷമായി ആക്രമണം തുടരുന്നു എന്നാണ്. എങ്കില്‍ ആ വിവാദം തുടരേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. ഞാനായിട്ട് മാധ്യമങ്ങളോടു പറഞ്ഞതാണ് എന്നു തോന്നേണ്ട എന്നു കരുതി ഭംഗിയായി ഒരു ഫേസ്ബുക് പോസ്റ്റു കൊടുത്തു. വളരെ മാന്യമായാണ് കൊടുത്തത്. ഒരു ജ്യേഷ്ഠസഹോദരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം മാനിച്ച് പിരിവെടുത്തു വാങ്ങുന്ന കാര്‍ വേണ്ട എന്നു തീരുമാനിച്ച സഹോദരി രമ്യയെ അഭിനന്ദിക്കുന്നു എന്ന് അതില്‍ പറഞ്ഞിരുന്നു. ഉപഹാരങ്ങളോ ദാനമോ സ്വീകരിക്കാന്‍ പാടില്ല എന്ന് എം.പിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് അത് പെരുമാറ്റച്ചട്ടത്തിന് എതിരാണ് എന്ന രൂപത്തിലും പറഞ്ഞു. സ്വന്തം സഹപ്രവര്‍ത്തകയ്ക്കു കാര്‍ വാങ്ങിക്കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തീരുമാനിച്ചതിനു പിന്നിലെ ഉദ്ദേശ്യശുദ്ധിയെ ആദരിക്കുന്നു. രണ്ട് ഉദ്ദേശ്യത്തോടെയാണ് ആ പോസ്റ്റ് ഇട്ടത്. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമായി പറഞ്ഞു. പിന്നെ, അത്തരമൊരു വിവാദം അവസാനിപ്പിക്കുകയും വേണം. 

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അത് അനിലുമായി ഫോണില്‍ സംസാരിച്ചു എന്നു പറയുന്നു. അങ്ങനെ തീര്‍ക്കാന്‍ കഴിയുന്ന കാര്യമാണോ അത്. അവര്‍ ശക്തമായി അതിനോട് പ്രതികരിക്കുകയല്ലേ വേണ്ടിയിരുന്നത്? 
എനിക്കെതിരായി വന്ന അത്തരമൊരു വിമര്‍ശനത്തിനു ഞാനല്ലല്ലോ മറുപടി പറയേണ്ടത്. ഞാനത് ദുരുപയോഗം ചെയ്തിട്ടില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണം എന്ന് എനിക്ക് നന്നായിട്ടറിയാം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജാഗ്രത എത്രയാണോ അത് വിട്ടുകൊണ്ട് ഞാന്‍ പോയിട്ടില്ല. തികഞ്ഞ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. പാര്‍ട്ടിയിലെ അച്ചടക്കത്തിന്റെ സീമകള്‍ ഒരുകാലത്തും ഞാന്‍ ലംഘിച്ചിട്ടുമില്ല, ലംഘിക്കുകയുമില്ല. പക്ഷേ, എല്ലാക്കാലത്തും ഞാന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നാളെയും പറയും. പാര്‍ട്ടി ഫോറത്തില്‍ പറയേണ്ടതു പറയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com