'ഓരോരുത്തരായി ഓഫീസ് മുറിയില്‍ വന്ന് അപേക്ഷ തന്നാല്‍ മാര്‍ക്ക് കൂട്ടിത്തരാം'; അധ്യാപകന്റെ വിവേചനം തുറന്നു പറഞ്ഞ് വിദ്യാർത്ഥികൾ

കേരള സര്‍വ്വകലാശാല മനശ്ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനെതിരെ ഗുരുതര പരാതികളുമായി വിദ്യാര്‍ത്ഥികള്‍
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

കേരള സര്‍വ്വകലാശാല മനശ്ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനെതിരെ ഗുരുതര പരാതികളുമായി വിദ്യാര്‍ത്ഥികള്‍. കാര്യവട്ടം കാമ്പസിലെ അസിസ്റ്റന്റ് പ്രൊഫ. ആര്‍. ജോണ്‍സനെതിരെയാണ് പരാതി. ഒന്നാം വര്‍ഷ എം.എസ്സി അപ്ലൈഡ് സൈക്കോളജി ബാച്ചിലെ 26 കുട്ടികളില്‍ 20-ഉം പെണ്‍കുട്ടികളാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും ഒപ്പിട്ട പരാതിയാണ് വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ലഭിച്ചത്. ഇന്റേണല്‍ പരീക്ഷയുടെ പേപ്പറുകള്‍ നോക്കാതെ കുറഞ്ഞ മാര്‍ക്കു നല്‍കിയതു മുതല്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നവിധത്തില്‍ പെരുമാറുന്നതുവരെ നീളുന്ന പരാതികള്‍ അന്വേഷിക്കാന്‍ സര്‍വ്വകലാശാല അഞ്ചംഗ സമിതിയെ നിയോഗിച്ചു. അവര്‍ കുട്ടികളുടേയും ഡോ. ജോണ്‍സന്റേയും മറ്റ് അധ്യാപകരുടേയും മൊഴിയെടുത്തു മടങ്ങി. ഈയാഴ്ച സിന്‍ഡിക്കേറ്റ് യോഗം സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചേക്കും. പരാതിക്ക് ഇടയാക്കിയ വിഷയങ്ങള്‍ മിക്കതും അതേവിധം നിലനില്‍ക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. മോശം പെരുമാറ്റത്തിന്റെ പേരില്‍ വകുപ്പുമേധാവിയുടെ പരാതിയില്‍ ഡോ. ജോണ്‍സനെ മുന്‍പ് രണ്ടുവട്ടം സസ്പെന്റ് ചെയ്യുകയും നിയമനം ക്രമപ്രകാരമല്ല എന്ന പരാതിയില്‍ ഒരു തവണ പിരിച്ചുവിടുകയും ചെയ്തിരുന്നു. കോടതിയെ സമീപിച്ചാണ് തിരിച്ചുകയറിയത്. ഡോ. ജോണ്‍സണ്‍ സര്‍വ്വകലാശാല അധ്യാപകനായി ചേര്‍ന്നത് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഇന്റര്‍വ്യൂ ഉള്‍പ്പെടെ ഒരു നടപടിക്രമങ്ങളിലൂടെയുമല്ല എന്ന വാദം തള്ളിയാണ് പിരിച്ചുവിടല്‍ കോടതി റദ്ദാക്കിയത്. അതേസമയം, നേരത്തെ മറ്റൊരു ജോലിക്കു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിനു പി.എസ്.സിയുടെ ആയുഷ്‌കാല വിലക്കും നേരിടുകയാണ് ജോണ്‍സണ്‍. അതിനിടെയാണ് ഇപ്പോഴത്തെ വിവാദം. ഐ.ഐ.ടിയില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥി പീഡനത്തിന് അധ്യാപകര്‍ പ്രതികളാകുന്ന സംഭവങ്ങള്‍ രാജ്യവ്യാപക ചര്‍ച്ചയായിരിക്കെ രക്ഷിതാക്കളും കാര്യവട്ടത്തെ പരാതിയില്‍ ആശങ്ക പങ്കുവയ്ക്കുന്നു. 

പൊട്ടിക്കരഞ്ഞ് കുട്ടികള്‍ 

''ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങളുടെ ക്ലാസ്സില്‍ നടന്ന അപ്രതീക്ഷിത സംഭവങ്ങളിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു'' എന്നാണ് നവംബര്‍ ഏഴിനു വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി തുടങ്ങുന്നത്. ഒക്ടോബര്‍ 22-ന് സൈക്കോ പതോളജി മിഡ് സെമസ്റ്റര്‍ പരീക്ഷ നടന്നെങ്കിലും ഉത്തരക്കടലാസ് അതുവരെ മുല്യനിര്‍ണ്ണയം നടത്തുകയോ ഇന്റേണല്‍ മാര്‍ക്ക് പ്രദര്‍ശിപ്പിക്കുകയോ ചെയ്തിരുന്നില്ല. മറ്റെല്ലാ വിഭാഗങ്ങളുടേയും മാര്‍ക്ക് കിട്ടിയിരുന്നു. ഇതേക്കുറിച്ച് കുട്ടികള്‍ ഡോ. ജോണ്‍സണോട് അന്വേഷിച്ചു. അടുത്ത ദിവസം മാര്‍ക്ക് കാണിച്ചപ്പോള്‍ ബഹുഭൂരിപക്ഷം കുട്ടികളും തോറ്റതായാണ് കണ്ടത്. ഉത്തരക്കടലാസ് നല്‍കിയുമില്ല. 40 മാര്‍ക്കില്‍ 20 മാര്‍ക്ക് പരീക്ഷയുടേയും പത്ത് മാര്‍ക്ക് അസൈന്‍മെന്റിന്റേയും പത്ത് മാര്‍ക്ക് ക്ലാസ്സെടുക്കുന്നതിന്റേയുമാണ്. എല്ലാത്തിനും കുറഞ്ഞ മാര്‍ക്ക് കണ്ടതോടെ ഉത്തരക്കടലാസ് കാണണമെന്നു കുട്ടികള്‍ ആവശ്യപ്പെട്ടു. ഓരോരുത്തരായി തന്റെ ഓഫീസ് മുറിയില്‍ വന്ന് അപേക്ഷ തന്നാല്‍ മാര്‍ക്ക് കൂട്ടിത്തരാം എന്നായിരുന്നു മറുപടി. അപേക്ഷ തരുന്നതിനു മുന്‍പ് ഉത്തരക്കടലാസ് കാണട്ടെ എന്നു പറഞ്ഞപ്പോഴും ഒറ്റയ്ക്കൊറ്റയ്ക്ക് പോയി കാണണം എന്നുതന്നെ ആവശ്യപ്പെട്ടു. കുട്ടികളെല്ലാം കൂടി മുറിയില്‍ പോയപ്പോള്‍ ഇറക്കിവിട്ടു. കാല് വയ്യാത്ത കുട്ടിയുള്‍പ്പെടെ പുറത്തിറങ്ങി വരാന്തയില്‍ത്തന്നെ നിന്നു. കാത്തുനില്‍പ്പ് നീണ്ടപ്പോള്‍ ജോണ്‍സണ്‍ ഉത്തരക്കടലാസുകളുമായി ക്ലാസ്സിലെത്തി. പിറകെ കുട്ടികളും. 

ഉത്തരക്കടലാസ് കണ്ടപ്പോഴാണ് അവര്‍ ഞെട്ടിയത്. ഒരാളുടെ ഉത്തരക്കടലാസ് പോലും നോക്കിയിട്ടില്ല. നോക്കാതെയാണ് കുറഞ്ഞ മാര്‍ക്കിട്ടതും കൂട്ടിക്കിട്ടുന്നതിനു വെവ്വേറെ പോയി അപേക്ഷ നല്‍കാന്‍ പറഞ്ഞതും. ചിലരുടെ പേപ്പറുകളില്‍ ചില ഭാഗങ്ങളില്‍ പെന്‍സില്‍ കൊണ്ടുള്ള ചില അടയാളപ്പെടുത്തലുകള്‍ മാത്രമാണ് അദ്ദേഹം അതു നോക്കിയതെന്നു തോന്നിപ്പിക്കുന്ന ഒരേയൊരു കാര്യം. ഇതെന്താണിങ്ങനെ എന്നു ചോദിച്ചപ്പോള്‍ താനിങ്ങനെയാണെന്നും തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നുമായിരുന്നു പ്രതികരണം. എന്നിട്ട് ഓരോരുത്തരെയായി അടുത്തു വിളിച്ചിരുത്തി കുട്ടികള്‍ തന്നെ ഉത്തരങ്ങള്‍ അടയാളപ്പെടുത്തിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ശരിയായ ഉത്തരങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം മറ്റൊരു ഉത്തരമാണ് പറയുക. പുസ്തകമെടുത്ത് ശരിയായ ഉത്തരം കുട്ടികള്‍ കാണിച്ചുകൊടുത്തപ്പോഴും അംഗീകരിച്ചില്ല. വിവരം അറിഞ്ഞ് മനശ്ശാസ്ത്ര വിഭാഗം മേധാവി ഡോ. ജെ. ജസീര്‍ എത്തുകയും കുട്ടികളെ മാനസികമായി പീഡിപ്പിക്കാതെ അര്‍ഹമായ മാര്‍ക്ക് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കൊടുത്തോളാം എന്നു പറഞ്ഞെങ്കിലും അദ്ദേഹം പോയ ശേഷവും പഴയ നടപടി തുടര്‍ന്നു. 

തങ്ങളുടെ സത്യസന്ധതയേയും ധാര്‍മികതയേയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെല്‍ എന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിസിക്കു പരാതി കൊടുക്കുന്നതിനു മുന്‍പ് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയനെ സമീപിച്ചു. യൂണിയന്‍ ഇടപെട്ട് ജോണ്‍സണുമായി സംസാരിച്ചപ്പോള്‍ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഡോ. ജസീറിനു കൈമാറാന്‍ തയ്യാറായി. പക്ഷേ, വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ്മുറിയില്‍ പൊട്ടിക്കരയുന്ന സ്ഥിതിയിലേയ്ക്ക് ഈ അധിക്ഷേപങ്ങള്‍ എത്തി. അടുത്ത ദിവസം പ്രാക്ടിക്കല്‍ വൈവ ആണെന്നു പറഞ്ഞിട്ടും വിട്ടുവീഴ്ചയ്ക്ക് ജോണ്‍സണ്‍ തയ്യാറായുമില്ല.
 
സൈക്കോ പതോളജിയുടെ സെമസ്റ്റര്‍ പരീക്ഷയ്ക്ക് ജോണ്‍സണ്‍ തന്നെയായിരുന്നു ഇന്‍വിജിലേറ്റര്‍. അദ്ദേഹം അന്ന് അസാധാരണമായ ഒരു കാര്യം ചെയ്തു. ഓരോ കുട്ടിയുടേയും അടുത്തു ചെന്ന് അവരുടെ പേരും രജിസ്റ്റര്‍ നമ്പറും ഉത്തരക്കടലാസിലെ കോഡും ഡയറിയില്‍ എഴുതിയെടുത്തു. അങ്ങനെ കുട്ടികളുടെ പേരും രജിസ്റ്റര്‍ നമ്പറും ലഭിക്കുന്നതോടെ ഓരോ രജിസ്റ്റര്‍ നമ്പറിലും പരീക്ഷ എഴുതിയത് ആരാണെന്നു സ്വാഭാവികമായും തിരിച്ചറിയാന്‍ കഴിയും. പേരിനു പകരം രജിസ്റ്റര്‍ നമ്പര്‍ നല്‍കുകയും പരീക്ഷാര്‍ത്ഥി ആരാണെന്നതു രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നതിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്ന നടപടിയായിരുന്നു അത്. പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ കുട്ടികള്‍ അത് വകുപ്പു മേധാവിയെ അറിയിച്ചു. പേടിക്കേണ്ടെന്നും താന്‍ നോക്കിക്കൊള്ളാമെന്നും അദ്ദേഹം ആശ്വസിപ്പിച്ചെങ്കിലും ഭീതി നിലനിന്നു. അതിന്റെ തുടര്‍ച്ചയായാണ് അടുത്ത ദിവസം വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും വകുപ്പുമേധാവിക്കും പരാതി നല്‍കിയത്. 

''ഞങ്ങള്‍ പ്രവേശന പരീക്ഷ എഴുതി വന്നവരാണ്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കൊന്നും യോഗ്യതയില്ല എന്നു പറഞ്ഞ് അദ്ദേഹം പരിഹസിക്കും. പക്ഷേ, ഞങ്ങളുടെ അക്കാദമികമായ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാറുമില്ല. തരുന്ന ഉത്തരം തെറ്റാണെന്നു മനസ്സിലായാലും പ്രതികരിച്ചാല്‍ അവഹേളിക്കും. ക്ലാസ്സെടുക്കുന്നതിലും സമയം പാലിക്കാറില്ല. കുട്ടികള്‍ സെമിനാര്‍ നടത്തി ക്ലാസ്സുകള്‍ എടുക്കുന്നതുകൊണ്ടും സര്‍വ്വകലാശാലകളില്‍ ഇതു സാധാരണ രീതിയായതുകൊണ്ടും തുടക്കത്തില്‍ പരാതി ഉന്നയിച്ചില്ല. പക്ഷേ, അതിനൊപ്പം തന്നെ അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട പിന്തുണയും സഹായവും തുടര്‍ച്ചയായി കിട്ടാതെ വന്നു.'' പരാതിയില്‍ ഒപ്പുവച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ പറയുന്നു. 

ഇന്റേണല്‍ പരീക്ഷയ്ക്കിടെ അദ്ദേഹം കുട്ടികളെക്കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി. കടലാസിന്റെ പകുതിയില്‍ തുടങ്ങിയാണ് ഒപ്പിടുവിച്ചത്. എന്തിനാണെന്നു ചോദിച്ചിട്ട് കൃത്യമായ മറുപടി നല്‍കിയില്ല. അധ്യാപകനെ എതിര്‍ക്കാന്‍ ശക്തിയില്ലാത്തതുകൊണ്ട് എല്ലാവരും ഒപ്പിട്ടു നല്‍കി. പരീക്ഷ കഴിഞ്ഞ് വകുപ്പുമേധാവിയെ കണ്ട് ഇത് അറിയിച്ചു. ചെയ്തത് മണ്ടത്തരമായിപ്പോയി എന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കുട്ടികള്‍ അറിയാതെ പരാതികളോ മറ്റും എഴുതിച്ചേര്‍ത്ത് അത് ദുരുപയോഗം ചെയ്തതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടി അറിഞ്ഞതോടെ കുട്ടികള്‍ പരിഭ്രാന്തിയിലായി. അതിനുശേഷമാണ് ഇന്റേണല്‍ മാര്‍ക്ക് വിഷയമുണ്ടായതും പ്രശ്‌നം രൂക്ഷമായതും. ''ഇവിടെ ചേര്‍ന്നതു മുതല്‍ കൊടിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണ്. ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ എന്‍ഡ് സെമസ്റ്റര്‍ ടെസ്റ്റിന്റെ ഉത്തരക്കടലാസ് അദ്ദേഹം തന്നെയാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്. പ്രതികാര മനോഭാവത്തോടെ എന്തുതരം നടപടിക്കും അദ്ദേഹം മുതിരുമെന്നതുകൊണ്ട് ജീവനിലും തുടര്‍പഠനത്തിലും ആശങ്കയുണ്ട്'' എന്ന ഗുരുതര ആശങ്കയുമുണ്ട് കുട്ടികളുടെ പരാതിയില്‍. അതോടെ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളും രണ്ട് പ്രൊഫസര്‍മാരും ഉള്‍പ്പെടുന്ന സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍വ്വകലാശാല തീരുമാനിക്കുകയായിരുന്നു. 

വിദ്യാര്‍ത്ഥികള്‍ വിസിക്കു നല്‍കിയ പരാതി
വിദ്യാര്‍ത്ഥികള്‍ വിസിക്കു നല്‍കിയ പരാതി

വ്യാജരേഖയും യോഗ്യതാ വിവാദവും  

2007-ലാണ് ജോണ്‍സണ്‍ ജോലിയില്‍ പ്രവേശിച്ചത്. സര്‍വ്വകലാശാല ജോണ്‍സണെ ഇന്റര്‍വ്യൂ ചെയ്യുകയോ സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ട് പ്രകാരമുള്ള പ്രൊഫഷണല്‍ സമിതി അദ്ദേഹത്തിന്റെ യോഗ്യത ശരിവച്ച് ശുപാര്‍ശ നല്‍കുകയോ ചെയ്തിട്ടില്ല എന്ന ആക്ഷേപം അന്നുമിന്നുമുണ്ട്. അതു സര്‍വ്വകലാശാലയ്ക്കും സര്‍ക്കാരിനു മുന്നില്‍ എത്തിയപ്പോഴാണ് 2009-ല്‍ പിരിച്ചുവിട്ടത്. ''ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതെ ജോലി നേടിയ ആളാണ് അദ്ദേഹം. ഇതു വ്യക്തമാക്കി വിവരാവകാശ നിയമപ്രകാരം സര്‍വ്വകലാശാല തന്നെ നല്‍കിയ മറുപടിയുണ്ട്. പഠിപ്പിക്കാന്‍ യോഗ്യത ഇല്ലാത്ത ഒരാള്‍ പഠിപ്പിക്കുമ്പോള്‍ സ്വാഭാവികമായും കുട്ടികള്‍ക്കു ശരിയായി പഠിക്കാന്‍ കഴിയില്ല. അത് അവര്‍ ചോദ്യം ചെയ്യുകയും ചെയ്യും'' ഡോ. ജസീര്‍ പറയുന്നു. ഇതിനു പുറമേയാണ് കുട്ടികളോട് അപമര്യാദയായി പെരുമാറുന്നതും ഉത്തരവാദപ്പെട്ടവരെ ചീത്ത വിളിക്കുന്നതെന്നും മറ്റുമുള്ള ആരോപണങ്ങള്‍. ആദ്യം സസ്പെന്റ് ചെയ്തത് അന്നത്തെ വകുപ്പു മേധാവിയോട് മോശമായി പെരുമാറിയതിനും രണ്ടാമത്തെ സസ്പെന്‍ഷന്‍ ഇപ്പോഴത്തെ വകുപ്പു മേധാവിയെ വ്യക്തിപരമായി അവഹേളിച്ചതിനുമായിരുന്നു. കാഴ്ചയ്ക്കു ചെറിയ പരിമിതിയുള്ള ഡോ. ജസീറിനെ അതു പറഞ്ഞാണ് ആക്ഷേപിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്ത നിയമനത്തിന്റെ പേരില്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ.എം. ഏബ്രഹാമിന്റെ ഉത്തരവു പ്രകാരമാണ് പിരിച്ചുവിട്ടത്. എന്നാല്‍, ഇന്റര്‍വ്യൂ നടന്നതായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഉന്നതങ്ങളിലെ ഉത്തരവാദപ്പെട്ട ചിലര്‍ കൂട്ടുനിന്നു എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. കുട്ടികളോടുള്ള പെരുമാറ്റമോ ക്ലാസ്സെടുക്കുന്നതിലെ വൈകല്യങ്ങളോ ഇതുവരെ സര്‍വ്വകലാശാല ശരിയായി പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടുമില്ല. 
 
പി.എസ്.സി 2003 നവംബര്‍ 10-നു പുറപ്പെടുവിച്ച ഉത്തരവിലാണ് ജോണ്‍സനു വിലക്ക് ഏര്‍പ്പെടുത്തിയത്. ആരോഗ്യവകുപ്പിന്റെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിനു വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നായിരുന്നു കണ്ടെത്തല്‍. മനശ്ശാസ്ത്രത്തില്‍ എം.എയും അംഗീകൃത സര്‍വ്വകലാശാലയില്‍നിന്ന് എം.ഫില്‍ അല്ലെങ്കില്‍ മെഡിക്കല്‍ ആന്റ് സോഷ്യല്‍ സൈക്കോളജിയില്‍ ഡിപ്ലോമയുമായിരുന്നു ആവശ്യപ്പെട്ടിരുന്ന യോഗ്യതകള്‍. 2001 ജൂലൈ ഏഴിനും ആഗസ്റ്റ് എട്ടിനും ജോണ്‍സണ്‍ ഓരോ അപേക്ഷകള്‍ സമര്‍പ്പിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ എം.എ സൈക്കോളജി സര്‍ട്ടിഫിക്കറ്റ്, കേരള സര്‍വ്വകലാശാലയുടെ എം.ഫില്‍ സൈക്കോളജി സര്‍ട്ടിഫിക്കറ്റ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനില്‍ നിന്നുള്ള എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി പ്രൊവിഷണല്‍ പാസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കിയത്. നിര്‍ദ്ദിഷ്ട യോഗ്യതകളുണ്ട് എന്ന് ഈ രേഖകളില്‍ നിന്നു വ്യക്തമായതിനെത്തുടര്‍ന്ന് 2003 ഫെബ്രുവരി ഏഴിന് അദ്ദേഹത്തെ ഇന്റര്‍വ്യൂവിനു വിളിച്ചു. അന്ന് ഹാജരാക്കിയ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് പി.എസ്.സിക്കു സംശയം തോന്നി. എങ്കിലും ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കണമെന്ന് അപേക്ഷ നല്‍കാന്‍ പി.എസ്.സി നിര്‍ദ്ദേശിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ 15 ദിവസത്തെ സമയം നല്‍കുകയും ചെയ്തു. പക്ഷേ, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതെ ജോണ്‍സണ്‍ തിരിച്ചു പോയി. ഇതേത്തുടര്‍ന്ന് ജോണ്‍സണ്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ തേടി മണിപ്പാല്‍ ഹയര്‍ എജുക്കേഷന്‍ അക്കാദമി പരീക്ഷാ കണ്‍ട്രോളര്‍ക്ക് പി.എസ്.സി കത്ത് അയച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ സര്‍ട്ടിഫിക്കറ്റ് ജോണ്‍സണു നല്‍കിയിട്ടില്ല എന്നായിരുന്നു മറുപടി. ജോണ്‍സണോട് വിശദീകരണം ചോദിച്ച് കത്ത് അയച്ചെങ്കിലും പ്രതികരിച്ചില്ല. നിയമനം ലഭിക്കാന്‍ വ്യാജരേഖയുണ്ടാക്കി എന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഏതെങ്കിലും തസ്തികയിലേക്ക് പി.എസ്.സി മുഖേന അപേക്ഷിക്കുന്നതില്‍നിന്നു സ്ഥിരമായി വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഒരോ വര്‍ഷവും നിരവധി കുട്ടികളാണ് ഡോ. ജോണ്‍സനെക്കുറിച്ച് വിവിധ തരത്തിലുള്ള പരാതികള്‍ ഉന്നയിച്ചിട്ടുള്ളത് എന്ന് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയനും വ്യക്തമാക്കുന്നു. നേരിട്ട് ഇടപെട്ടതിനു പുറമേ, സൈക്കോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്കു നീതിവേണം എന്നു ചൂണ്ടിക്കാട്ടുകയും ഡോ. ജോണ്‍സനെ എത്രയും പെട്ടെന്നു സസ്പെന്റ് ചെയ്യുകയും അന്വേഷണം നടത്തി സര്‍വ്വീസില്‍നിന്നും പുറത്താക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു: ''സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ അദ്ധ്യാപകനായ ഡോ. ജോണ്‍സണെ സംബന്ധിക്കുന്ന നിരവധി പരാതികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ്.എഫ്.ഐക്കും യൂണിയനുകള്‍ക്കും ലഭിച്ചിട്ടുള്ളത്. ഏറ്റവും അവസാനമായി ലഭിച്ച പരാതി അതീവ ഗൗരവമുള്ളതാണ്. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ കാണിച്ചിട്ടുള്ള വിവേചനങ്ങള്‍ വിദ്യാര്‍ത്ഥി പീഡനം തന്നെയാണ്. തനിക്കെതിരെ സംസാരിക്കുന്ന കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും മാര്‍ക്ക് കുറച്ച് തോല്‍പ്പിക്കുകയും ചെയ്യുന്നത് ഡോ. ജോണ്‍സന്റെ പതിവ് രീതിയാണ്. പരീക്ഷ നടത്തിയതിനു ശേഷം പേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്താതെ തനിക്കു തോന്നുംപടി വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ക്കു നല്‍കിയ ഡോ. ജോണ്‍സന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ല. 

കുട്ടികളെ പഠിപ്പിക്കാനുള്ള പ്രാഥമിക അറിവുപോലുമില്ലാത്ത ഈ അദ്ധ്യാപകന്‍ ഇനിയും സര്‍വ്വീസില്‍ തുടര്‍ന്നാല്‍ അത് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത അനീതിയാകും. വിദ്യാര്‍ത്ഥികളുടെ പ്രാഥമിക അവകാശമാണ് മികച്ച അദ്ധ്യാപകരെ ലഭിക്കുക എന്നത്. സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികളുടെ ന്യായമായ ആവശ്യം അവര്‍ക്കു മികച്ച പഠനാന്തരീക്ഷം വേണമെന്നുള്ളതാണ്. അത് ഉറപ്പാക്കും വരെ ഞങ്ങള്‍ പ്രക്ഷോഭരംഗത്തുണ്ടാകും.'' വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാന്‍, ഡോ. എസ്. നസീബ് എന്നിവര്‍ക്കും എസ്.എഫ്.ഐയും യൂണിയനുകളും പരാതി നല്‍കിയിട്ടുണ്ട്. നടപടിയുണ്ടാകുന്നതുവരെ വിദ്യാര്‍ത്ഥികളുടെ സമരത്തിനു മുന്നില്‍ ഉണ്ടാകുമെന്നും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു.


ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല
ഡോ. ജോണ്‍സണ്‍  

ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും പരാതികളുടെ പകര്‍പ്പ് കിട്ടിയില്ലെന്നുമാണ് ഡോ. ആര്‍. ജോണ്‍സണ്‍ പ്രതികരിച്ചത്. ''ചിലയാളുകള്‍ എന്നെ നാണംകെടുത്താന്‍ ഓരോ സിന്‍ഡിക്കേറ്റിനും പരാതി കൊടുക്കുകയും വാര്‍ത്തയാക്കുകയും ചെയ്യുകയാണ്. ഇവിടെനിന്നു വിരമിച്ച ഒരു പ്രൊഫസറും മറ്റു ചില അധ്യാപകരുമാണ് ഇതിനു പിന്നില്‍.'' അങ്ങനെയാരും വിളിച്ചിട്ടില്ലെന്നും കുട്ടികളാണ് മലയാളം വാരികയെ സമീപിച്ചതെന്നും പറഞ്ഞപ്പോള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതാണ് എന്നായിരുന്നു മറുപടി. 

''ഒന്നിനും അടിസ്ഥാനമില്ല. പിരിച്ചുവിട്ടപ്പോള്‍ തിരിച്ചെടുത്തത് ഹൈക്കോടതിയാണ്. കോടതി പരിശോധിച്ചതാണ് ഈ കാര്യങ്ങള്‍. പിരിച്ചുവിട്ടതിനെതിരെ കോടതിവിധി വന്നിട്ടും തിരിച്ചെടുക്കാന്‍ മടിച്ചു. പിന്നീട് കോടതി അലക്ഷ്യക്കേസായപ്പോഴാണ്  തിരിച്ചെടുത്തത്. ഇന്റര്‍വ്യൂ നടത്തിയിട്ടാണ് നിയമിച്ചത് എന്നാണ് അന്നു സര്‍വ്വകലാശാലയുടെ സ്റ്റാന്റിംഗ് കോണ്‍സല്‍ കോടതിയെ അറിയിച്ചത്. അതു പച്ചക്കള്ളമാണ് എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. 

വ്യക്തിപരമായ വിരോധമുണ്ടാകാന്‍ കാരണമുണ്ട്. ഇവിടുത്തെ അനധികൃതമായ ചില കാര്യങ്ങള്‍ എനിക്കറിയാം. അഴിമതിയും അക്കാദമികമായ വീഴ്ചകളുമൊക്കെയുണ്ട്. മീറ്റിംഗുകളിലും മറ്റും ഞാന്‍ അതു ചൂണ്ടിക്കാണിക്കാറുണ്ട്. അതുകൊണ്ട് ഞാനിവിടെ നിന്നുകഴിഞ്ഞാല്‍ അവര്‍ക്ക് തോന്നുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് അക്കാദമികമായ ജോലികളൊന്നും തരാതിരിക്കുക, കള്ളം പറയുക, കുട്ടികളോട് എന്റെ ക്ലാസ്സില്‍ കയറണ്ട എന്നു പറയുക അങ്ങനെ പലതും ചെയ്യുന്നു. 
ഞാന്‍ ഉത്തരക്കടലാസ് നോക്കി മാര്‍ക്ക് കൊടുക്കുകയും മറ്റു ചിലര്‍ ഉത്തരക്കടലാസ് നോക്കാതെ മുഴുവന്‍ മാര്‍ക്ക് നല്‍കുകയും ചെയ്യുന്നു. അവര്‍ കൊടുക്കുന്നതുപോലെ മാര്‍ക്ക് കൊടുക്കണമെന്ന് എന്നോടും പറയും. അതെങ്ങനെ സാധിക്കും. ഞാന്‍ ചെയ്യില്ല. കടലാസ് നോക്കി ഉള്ള മാര്‍ക്കല്ലേ കൊടുക്കാന്‍ പറ്റൂ. ഞാന്‍ കുറവു മാര്‍ക്ക് കൊടുത്ത അതേ ഉത്തരക്കടലാസില്‍ കൂടിയ മാര്‍ക്ക് വേറെ അധ്യാപകന്‍ കൊടുക്കുന്നു. അതില്‍നിന്നുതന്നെ മനസ്സിലാകുമല്ലോ ശരിയായ മൂല്യനിര്‍ണ്ണയമല്ല നടന്നത് എന്ന്. കാഴ്ചയ്ക്കു വൈകല്യമുള്ളയാളാണ് വകുപ്പുമേധാവി. അദ്ദേഹം കുട്ടികളെക്കൊണ്ടാണ് എല്ലാം ചെയ്യിക്കുന്നത്. അവരുമായാണ് എല്ലാ കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്നത്.

സര്‍വ്വകലാശാല അധ്യാപകന്റെ ജോലി അധ്യാപനവും ഗവേഷണവുമാണ്. പത്തു വര്‍ഷമായിട്ടും എനിക്ക് ഗൈഡ്ഷിപ്പുപോലും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഗൈഡ്ഷിപ്പ് തന്നു. ചിലര്‍ ചാന്‍സലര്‍ക്ക് തെറ്റായ പരാതി കൊടുത്തപ്പോള്‍ അത് റദ്ദാക്കി. എന്നോട് ചോദിക്കാതെ, ഞാന്‍ പോലും അറിയാതെയാണ് റദ്ദാക്കിയത്. ഇതിനു സര്‍വ്വകലാശാലയിലെ ഒരു വിഭാഗം കൂട്ടുനില്‍ക്കുകയാണ്'' -ഡോ. ആര്‍. ജോണ്‍സണ്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com